സ്വർഗത്തെക്കാൾ ശ്രേഷ്ഠമായ അനുഗ്രഹം! 2

ആസിഫ് അൽ ഹികമി, ഈരാറ്റുപേട്ട

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

ഭാഗം: 02

രക്ഷിതാവിന്റെ പ്രീതി

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: അതിനെക്കാൾ (ആ ഇഹലോക സുഖങ്ങളെക്കാൾ) നിങ്ങൾക്ക് ഗുണകരമായിട്ടുള്ളത് ഞാൻ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവർക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകളുണ്ട്. അവർ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവർക്കുണ്ടായിരിക്കും). കൂടാതെ അല്ലാഹുവിന്റെ പ്രീതിയും’’ (3:15).

ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്‌നു കസീർ(റഹ്) പറയുന്നു: “...അതായത്, അവരുടെ മേൽ അല്ലാഹുവിന്റെ തൃപ്തി ഇറങ്ങും. അതിനുശേഷം അല്ലാഹു അവരോട് കോപിക്കുകയില്ല.’’

അല്ലാഹു പറയുന്നു: “സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവർ അതിൽ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളിൽ വിശിഷ്ടമായ പാർപ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു). എന്നാൽ അല്ലാഹുവിങ്കൽനിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം’’ (9:72).

സഈദ് ബ്ൻ ജൂബൈറി(റ)ൽനിന്നും ഉദ്ധരിക്കുന്നു: “...അതായത്, അല്ലാഹു അവരിൽ തൃപ്തനാണെന്ന് അറിയിക്കപ്പെട്ടാൽ അതാണ് അവർക്ക് ലഭിച്ച നന്മയെക്കാളും ഉത്തമമായത്.’’

അല്ലാഹുവിന്റെ സ്‌നേഹം, സാമീപ്യം പോലുള്ള; അവന്റെ പ്രവർത്തനമായുള്ള വിശേഷണമാണ് തൃപ്തി. ഇത് ക്വുർആൻകൊണ്ടും സുന്നത്തുകൊണ്ടും സ്ഥിരപ്പെട്ടതാണ്. ഈ വിശേഷണത്തെയാണ് (അല്ലാഹുവിന്റെ തൃപ്തിയെ) ഓരോ വിശ്വാസിയും തങ്ങളുടെ ആരാധനകളിലൂടെയും അനുസരണയിലൂടെയും ലക്ഷ്യമാക്കുന്നത്. കാരണം സ്വർഗത്തിൽ വിശ്വാസികളോടുള്ള അവന്റെ തൃപ്തിയും സ്‌നേഹവുമാണ് വമ്പിച്ച നേട്ടം, അതിനപ്പുറം മറ്റൊരു നേട്ടമില്ല.

അബൂസഈദുൽ ഖുദ്‌രിയ്യ്(റ) നിവേദനം; നബിﷺ പറഞ്ഞിരിക്കുന്നു: “തീർച്ചയായും സ്വർഗക്കാരോട് അല്ലാഹു പറയും: ‘അല്ലയോ സ്വർഗക്കാരേ.’ അവർ പറയും: ‘ഞങ്ങളുടെ രക്ഷിതാവേ, നിനക്ക് ഞങ്ങൾ മറുപടി നൽകിയിരിക്കുന്നു, എല്ലാ നന്മയും നിന്റെ കൈയിലാണ്.’ അല്ലാഹു ചോദിക്കും: ‘നിങ്ങൾ തൃപ്തിപ്പെട്ടോ?’ അവർ പറയും: ‘എങ്ങനെ ഞങ്ങൾ തൃപ്തിപ്പെടാതിരിക്കും റബ്ബേ! നിന്റെ സൃഷ്ടികൾക്ക് ഒരാൾക്കും കൊടുക്കാത്തത് നീ ഞങ്ങൾക്ക് തന്നിരിക്കുന്നുവല്ലോ.’ അല്ലാഹു പറയും: ‘അതിനെക്കാൾ ശ്രേഷ്ഠമായത് നിങ്ങൾക്ക് ഞാൻ നൽകട്ടെയോ?’ സ്വർഗവാസികൾ ചോദിക്കും: ‘റബ്ബേ, ഇതിനെക്കാൾ ശ്രേഷ്ഠമായത് ഏതാണ്?’ അല്ലാഹു പറയും: ‘നിങ്ങൾക്ക് ഞാൻ തൃപ്തിയെ നൽകുന്നു. ഇതിനുശേഷം ഒരിക്കലും നിങ്ങൾക്കുമേൽ എന്റെ കോപമില്ല.’’ അല്ലാഹുവിന്റെ തൃപ്തിയുടെ മഹത്ത്വം ഇതിൽനിന്നെല്ലാം വ്യക്തമാണ്.

ഹാഫിദ്വ് അബ്ദുൽ ഗനിയ്യ് അൽമക്വ‌്ദസി(റഹ്) പറയുന്നു: “ഒരു അടിമ തന്റെ റബ്ബിനോട് ചോദിക്കുന്നതിൽ ഏറ്റവും ശ്രേഷ്ഠമായത് മൂന്ന് കാര്യങ്ങളാണ്:

1) ഉന്നതനും മഹാനുമായ അല്ലാഹുവിന്റെ തൃപ്തി. 2) ഉദാരമായ അവന്റെ മുഖത്തേക്കുള്ള ദർശനം. 3) ഏറ്റവും ഉന്നതമായ ഫിർദൗസ്’’ (അദ്ദയ്‌ലു അലാ ത്വബക്വാത്തിൽ ഹനാബില).

ഇമാം ഇബ്‌നുൽ ക്വയ്യിം(റഹ്) പറയുന്നു: “ഒരു അടിമയെ അല്ലാഹു തൃപ്തിപ്പെടുക എന്നത് തനിക്ക് ലഭിക്കുന്ന സ്വർഗത്തെക്കാളും അതിലുള്ളതിനെക്കാളും വലുതാ

ണ്. കാരണം, തൃപ്തി എന്നത് അവന്റെ വിശേഷണമാണ്, സ്വർഗം അവന്റെ സൃഷ്ടിയുമാണ്. അല്ലാഹു പറയുന്നു: ‘വ റിദ്വ്‌വാനുമ്മില്ലാഹി അക്ബർ...’’ (മദാരിജുസ്സാലികീൻ).