ഗോവധ നിരോധനവും ഹിജാബ് നിരോധനവും ഒരുപോലെ?!

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഫെബ്രുവരി 18, 1444 റജബ് 27

വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 15

മതപ്രമാണങ്ങളിൽനിന്നും ഒരാൾ മനസ്സിലാക്കിയ ഒരു ആചാരം നിർബന്ധമായും അനുഷ്ഠിക്കാൻ ഒരാൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഭരണഘടന അയാൾക്ക് സംരക്ഷണം നൽകുന്നുണ്ട് എന്നാണ് ശിരൂർ മഠം കേസ് വിധിയിൽ പറയുന്നത്. ഇതിൽനിന്നും രക്ഷപ്പെടാൻ ശിരൂർ മഠം വിധിക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകാനാണ് കർണാടക എ.ജി. ശ്രമിച്ചത്. മതാചാരങ്ങളെ എസെൻഷ്യൽ എന്നും നോൺഎസെൻഷ്യൽ എന്നുമെല്ലാം വേർതിരിക്കാൻ സർക്കാറിന്റെ വിവേചാനാധികാരം ഉപയോഗിക്കാമെന്ന മട്ടിലാണ് ‘എസെൻഷ്യൽ’ ആശയത്തിന് നവ നിർവചനങ്ങൾ ചമച്ചുകൊണ്ട് അഡ്വക്കേറ്റ് ജനറൽ സംസാരിച്ചത്.

എസെൻഷ്യൽ അല്ലാത്ത കാര്യങ്ങൾ നിരോധിക്കാനും നിയന്ത്രിക്കാനും ഭരണകൂടങ്ങൾക്ക് അവകാശമുണ്ട് എന്ന് തെളിയിക്കാൻ അഡ്വക്കേറ്റ് ജനറൽ ഉദ്ധരിച്ചത് ഗോവധനിരോധനവുമായി ബന്ധപ്പെട്ട കോടതിവിധിയാണ്. 1958ലെ മുഹമ്മദ് ഹനീഫ ഖുറേഷി സ്‌റ്റേറ്റ് ഓഫ് ബീഹാർ വിധിയിലേക്കാണ് എ.ജി കടന്നത്. പ്രസ്തുത വിധിയിൽ ‘ബക്രീദിനോട് അനുബന്ധിച്ച് പശുവിനെ ബലിയറുക്കൽ എസെൻഷ്യൽ അല്ല’ എന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട് എന്നാണ് എ.ജിയുടെ കണ്ടുപിടുത്തം. ബക്രീദിന് പശുവിനെ അറുക്കൽ നിർബന്ധമാണെന്ന് ക്വുർആൻ പറഞ്ഞിട്ടില്ലെന്നും ചാൾസ് ഹാമിൽട്ടൺ പരിഭാഷപ്പെടുത്തിയ ‘ഹിദായ’യിൽ പശു എഷെൻഷ്യൽ അല്ല, പകരം ആടിനെ ബലിയർപ്പിച്ചാൽ മതിയെന്ന് വ്യക്തമാക്കുന്നുണ്ടെന്നും എ.ജി വലിയ കാര്യംപോലെ കോടതിക്ക് മുമ്പിൽ അവതരിപ്പിച്ചു. ചാൾസ് ഹാമിൽട്ടന്റെ നിരീക്ഷണത്തെ ജസ്റ്റിസ് ഗുപ്ത ശരിവെക്കുകയും ചെയ്തു. പശുവിനെ അറുക്കൽ നിർബന്ധമല്ലെന്നും പകരം ആടിനെ അറുത്താൽ മതിയെന്നും ഖുറേഷി വിധിയിൽ വ്യക്തമായി പറയുന്നതായി അദ്ദേഹം പറഞ്ഞു. ക്വുർആൻ ഒരു കാര്യം പറഞ്ഞതുകൊണ്ട് മാത്രം അത് നിർബന്ധമായി ചെയ്യണമെന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും അതുകൊണ്ടുതന്നെ ക്വുർആനിൽ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കാര്യം വന്നിട്ടുണ്ടെങ്കിൽ തന്നെ അത് നിർബന്ധമാവുന്നില്ല എന്നും എ.ജി പറഞ്ഞു.

വിശദീകരണം

ഗോവധത്തെ ശിരോവസ്ത്രവുമായി സമീകരിക്കാനാണ് എ.ജിയുടെ ശ്രമം. ഗോവധത്തെ സംബന്ധിച്ച് ഇപ്പോഴും ഇന്ത്യയിൽ സമഗ്രമായ ഒരു നിയമവുമില്ല. ചില സംസ്ഥാനങ്ങളിൽ നിരോധനമുണ്ട്. ചിലയിടങ്ങളിൽ നിയന്ത്രണമുണ്ട്. ചിലയിടങ്ങളിൽ നിയന്ത്രണമോ നിരോധനമോ ഇല്ല. ഗോവധ നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ മുറവിളികളുടെ ചരിത്രം ഏവർക്കുമറിയാം. ഒരു വിഭാഗം വിശ്വാസികളുടെ ആരാധ്യജീവിയാണ് പശു എന്നതാണ് കാരണം. അതിന്റെ യുക്തിയും യുക്തിയില്ലായ്മയും അവിടെ നിൽക്കട്ടെ. ഏതെങ്കിലും വിഭാഗങ്ങൾക്ക് അതിൽ പരാതിയുണ്ടെങ്കിൽ പശുവിനെ അറുക്കുന്നത് നിർത്തിവെക്കുകയും അതിന് പകരം ആടിനെയോ പോത്തിനെയോ അറുക്കാവുന്നതുമാണ് എന്ന നിരീക്ഷണം മാത്രമാണ് ഖുറേഷി കേസിന്റെ വിധിയിൽ പ്രസ്താവിച്ചിട്ടുള്ളത്. എന്നാൽ ഒരാൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് മറ്റൊരു മതവിഭാഗത്തിൽ പെട്ട ഒരാളുടെയും മനസ്സിന് പ്രയാസം ഉണ്ടാവേണ്ടതില്ല; ഉണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ ശിരോവസ്ത്ര നിരോധനത്തെ ഗോവധനിരോധനവുമായി തുലനം ചെയ്യുന്നതിൽ യാതൊരു സാംഗത്യവുമില്ല. ഖുറേഷി കേസിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി രാജ്യത്തുടനീളം ഗോവധം നിരോധിച്ചു എന്ന് പറയുന്നതിലും സത്യമില്ല. അങ്ങനെ കോടതിക്ക് പറയാൻ കഴിയില്ല. കാരണം ഇത്തരം കാര്യങ്ങൾ സംസ്ഥാനങ്ങളുടെ വിഷയങ്ങളാണ്. അതുകൊണ്ടാണ് പ്രസ്തുത വിഷയത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലപാടുകൾ രൂപം കൊണ്ടത്.

എ.ജിയുടെ ഈ പരാമർശത്തിൽ ജസ്റ്റിസ് ഗുപ്ത ഇടപെട്ടുകൊണ്ട് പറഞ്ഞു: ‘നേരത്തെ അഡ്വ. പാഷ ഇവിടെ പറഞ്ഞത് ഇസ്‌ലാമിൽ അഞ്ചു കാര്യങ്ങൾ നിർബന്ധമാണ് എന്നാണ്. അവ തൗഹീദ് എന്ന തലക്കെട്ടിന്റെ അനുബന്ധമായിട്ടാണ് വരുന്നത്. ശിരോവസ്ത്രം അതിൽ പെട്ടതാണ് എന്നാണ് അവരുടെ അഭിപ്രായം. തൗഹീദ് എന്ന് പറയുന്നത് എത്രമാത്രം എസെൻഷ്യൽ ആകുന്നു എന്നാണ് അറിയാൻ ആഗ്രഹിക്കുന്നത്.’ (ഇസ്‌ലാം എന്ന തലക്കെട്ട് തൗഹീദ് എന്നായി ജഡ്ജി തെറ്റായി മനസ്സിലാക്കുകയോ അല്ലെങ്കിൽ നാക്കുപിഴയായി വന്നതോ ആകാം).

ശിരോവസ്ത്രവും ചില മുസ്‌ലിം സ്ത്രീകളും

എ.ജി: ‘ക്വുർആനിന്റെ ടെക്സ്റ്റ് വായിച്ചാൽ ശിരോവസ്ത്രം നിർബന്ധമാണെന്ന് മനസ്സിലാവില്ല. അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് നിരവധി മുസ്‌ലിം മാതാക്കളും സഹോദരിമാരും ശിരോവസ്ത്രം ധരിച്ചുവരാത്തത്. തുർക്കി പോലുള്ള രാജ്യങ്ങളിൽ പോലും ശിരോവസ്ത്രം നിരോധിച്ചിട്ടുണ്ട്. ശിരോവസ്ത്രം ധരിക്കാത്ത ഒരു മുസ്‌ലിം സ്ത്രീ ഒരു ‘കുറഞ്ഞ മുസ്‌ലിം’ ആണെന്ന് പറയാൻ സാധിക്കില്ല. എത്രയോ കോസ്‌മോപൊളിറ്റൻ നഗരങ്ങളിൽ ഞാൻ ജീവിച്ചിട്ടുണ്ട്. അവിടങ്ങളിലുള്ള മുസ്‌ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’

ഇതുകേട്ടപ്പോൾ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞു: ‘ഞാനൊരു അനുഭവം പങ്കുവെക്കാം. പാകിസ്ഥാനിലെ ലാഹോർ ഹൈക്കോടതിയിലെ ഒരു ജഡ്ജി ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെൺമക്കളും തല മറച്ചിരുന്നില്ല. ഇതിന് ഞാൻ സാക്ഷിയാണ്. പഞ്ചാബ്, യു.പി, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിലും ഞാൻ പല മുസ്‌ലിം വനിതകളെയും ശിരോവസ്ത്രം ധരിക്കാതെ കണ്ടിട്ടുണ്ട്.’

വിശദീകരണം

ചില മുസ്‌ലിം സ്ത്രീകൾ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ല എന്നത് ശിരോവസ്ത്രം നിർബന്ധമല്ല എന്നാണ് തെളിയിക്കുന്നത് എന്ന എ.ജിയുടെയും ജസ്റ്റിസ് ഗുപ്തയുടെയും പ്രസ്താവനകൾ അതിശയോക്തിപരമാണ്. രാജ്യത്ത് ജനിച്ചുവീഴുന്ന ഏതൊരു വ്യക്തിയും ഓരോ മതത്തിന്റെ പേരിൽ അറിയപ്പെടുന്നു എന്നത് ശരിയാണ്. പക്ഷേ, അതുകൊണ്ടുമാത്രം വിശ്വാസപരമായോ ആചാരപരമായോ അവർ പ്രസ്തുത മതത്തിൽ ഉൾപ്പെട്ടവർ ആകണമെന്നില്ല. മതനിയമങ്ങളെ കുറിച്ചുള്ള അജ്ഞതകൊണ്ടും ചിലർ ചില ആചാരങ്ങൾ ആചരിച്ചുവരുന്നുണ്ടാവില്ല. എന്നാൽ മതമനുസരിച്ചു തന്നെ ജീവിക്കണം എന്ന് നിർബന്ധമുള്ള ഭൂരിപക്ഷം മതവിശ്വാസികൾക്കും ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന നൽകുന്നുണ്ട് എന്ന വസ്തുത മൂടിവെക്കപ്പെടാൻ പാടില്ല. ശബരിമല കേസിൽ ഈ കാര്യം വ്യക്തമായതാണ്. ആചാര രീതികളനുസരിച്ച് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം പാടില്ല എന്നാണ്. അത് അവരുടെ വിശ്വാസപരമോ ആചാരപരമോ ആയ കാര്യമാണ്. പുരോഗമനത്തിന്റെയോ മറ്റോ പേരിൽ അതിൽ കോടതികൾക്കോ സർക്കാരുകൾക്കോ ഇടപെടാൻ സാധിക്കില്ല. പുരോഗമനത്തിന്റെ പേരിൽ ആരെങ്കിലും ശിരോവസ്ത്രം ഉപേക്ഷിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം കാര്യമാണ്. അത് മറ്റുള്ളവരുടെ മതപരമായ അവകാശങ്ങളെ ബാധിക്കാൻ പാടില്ല.

തുർക്കിയും ശിരോവസ്ത്രവും

ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ തുർക്കിയിൽ വളരെക്കാലം ശിരോവസ്ത്ര നിരോധനം ഉണ്ടായിരുന്നു എന്നത് ശരിതന്നെയാണ്. അത്താതുർക്കിന്റെ കാലത്തുണ്ടാക്കിയ ഭരണഘടനയുടെ പ്രശ്‌നമായിരുന്നു അത്. ഭൂരിപക്ഷം വരുന്ന തുർക്കിഷ് ജനതയുടെ ഹിതത്തിന് വിരുദ്ധമായി അവരുടെ മേൽ അത്താതുർക്ക് അടിച്ചേൽപിച്ച നിയമമായിരുന്നു അത്. ഏകാധിപത്യ പ്രവണതയുടെ ഭാഗമായിരുന്നു അത്. അത്താതുർക്കിന് ഹിജാബ് അടക്കമുള്ള ഇസ്‌ലാമിന്റെ നിരവധി അടയാളങ്ങളോട് എതിർപ്പുണ്ടായിരുന്നു. എന്നാൽ ഭൂരിപക്ഷം തുർക്കി ജനതയും ഇസ്‌ലാമിക വിശ്വാസമനുസരിച്ചുള്ള ഹിജാബ് അണിയാൻ ആഗ്രഹിക്കുന്നവരാണ്. ഈ പ്രശ്‌നത്തിൽ തുർക്കി 2010ൽ ഭരണഘടനാ ഭേദഗതി വരുത്തി അതിന് പരിഹാരം കണ്ടിട്ടുണ്ട്. ഒരു ജനതയുടെയും അഭീഷ്ടങ്ങളെ അധികകാലം മൂടിവെക്കാൻ കഴിയില്ല. ഇപ്പോൾ സൈന്യത്തിലടക്കം തുർക്കിയിൽ എല്ലാ മേഖലയിലും സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിച്ചുകൊണ്ട് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ട്.

തുർക്കിയെ ആവേശത്തോടെ ഉദ്ധരിക്കുന്നവർ സുപ്രീംകോടതിയിൽ നിരവധി അഭിഭാഷകർ വെളിപ്പെടുത്തിയ കാനഡ, യു.എസ്, ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ശിരോവസ്ത്രം അവകാശമായി പ്രഖ്യാപിച്ച കോടതിവിധികൾക്ക് മേൽ കണ്ണടക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യ ഏകാധിപത്യ തുർക്കിയല്ല

ഏകാധിപത്യ തുർക്കിയിൽ നിലനിന്നിരുന്ന ഒരു നിയമത്തെ എങ്ങനെയാണ് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ നിയമവുമായി താരതമ്യം ചെയ്യുന്നത്? ഇന്ത്യയിൽ നിലനിൽക്കുന്നത് ജനാധിപത്യമാണ്. അതായത് എല്ലാ ജനവിഭാഗത്തിനും ആധ്യപത്യമുണ്ട് എന്നാണ് അതിന്റെ അർഥം. ഭൂരിപക്ഷവിഭാഗത്തിന്റെ ആധിപത്യമെന്നല്ല ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിവക്ഷ. ഏറ്റവും ചെറിയ ന്യൂനാൽ ന്യൂനപക്ഷമാണെങ്കിലും അവർക്കും ഇന്ത്യയിൽ ആധിപത്യമുണ്ട് എന്നാണ് അത് അർഥമാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ മുസ്‌ലിംകൾ അവരുടെ ആചാരമായി നൂറ്റാണ്ടുകളായി സ്വീകരിച്ചുവരുന്ന ആചാരമായ ശിരോവസ്ത്രത്തിന് ഭരണഘടനയുടെ സംരക്ഷണമുണ്ട് എന്ന കാര്യത്തിൽ യാതൊരു തർക്കത്തിനും അവകാശമില്ല.

(തുടരും)

അടുത്ത ലക്കത്തിൽ: മുത്ത്വലാക്വും ബഹുഭാര്യത്വവും ശിരോവസ്ത്രവും