പശ്ചാത്താപത്തിന്റെ അനിവാര്യത

അബൂഫായിദ

2023 ഏപ്രിൽ 15, 1444 റമദാൻ 24

ശരീരത്തിൽ മണ്ണ് പുരളുന്നതും മനസ്സിൽ പാപത്തിന്റെ മാലിന്യം പുരളുന്നതും മനുഷ്യജീവിതത്തിൽ സ്വാഭാവികമാണ്. സംശുദ്ധരായി ജീവിക്കുവാൻ കൽപിക്കപ്പെട്ടവരാണ് സത്യവിശ്വാസികൾ. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമിൽ നിന്നും അവൻ ഉൾക്കൊണ്ട വിശ്വാസം, ആരാധനകൾ, സ്വഭാവങ്ങൾ, പെരുമാറ്റങ്ങൾ, നിലപാടുകൾ, സഹവർത്തിത്വ മര്യാദകൾ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടുകൂടാ എന്ന നിഷ്‌കർഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാൻ സത്യവിശ്വാസിക്ക് സാധ്യമാവുക.

ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാൻ ഇസ്‌ലാം ആവശ്യപ്പെടുന്നു. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. മനസ്സിലെ മാലിന്യം വൃത്തിയാക്കേണ്ടത് തെറ്റുകുറ്റങ്ങൾ വർജിച്ചുകൊണ്ടും പശ്ചാത്താപിച്ചുകൊണ്ടുമാണ്. അല്ലാഹു പറയുന്നു:

“തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (2:222).

പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. നബി ﷺ പറഞ്ഞു: “ആദമിന്റെ പുത്രന്മാർ എല്ലാവരും തെറ്റുചെയ്യുന്നവരാണ്. തെറ്റുചെയ്യുന്നവരിൽ ഉത്തമന്മാർ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്’’ (തിർമിദി, ഇബ്‌നുമാജ, അഹ്‌മദ്).

വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തിൽ...’’ (ക്വുർആൻ 66:8).

വിശ്വാസിയായ ദാസന്റെ പശ്ചാത്താപത്തിൽ അല്ലാഹു അത്യധികം സന്തോഷിക്കുന്നു എന്നറിയിക്കുന്ന നബിവചനം പ്രസിദ്ധമാണ്. വിജനമായ മരുഭൂമിയിൽ വെച്ച് കാണാതായ യാത്രാമൃഗത്തെ തിരിച്ചുകിട്ടുമ്പോൾ യാത്രക്കാരനുണ്ടാകുന്ന സന്തോഷത്തെക്കാൾ വലിയ സന്തോഷം! തെറ്റുകൾ ബോധ്യപ്പെട്ടും അവയിൽ ആത്മാർഥമായി ഖേദിച്ചും കണ്ണുനീർപൊഴിച്ചും പശ്ചാത്തപിച്ചു പ്രാർഥിക്കുമ്പോൾ സത്യവിശ്വാസിയിൽ നിറഞ്ഞുകവിയുന്നത് ഈമാനാണ്. അവന്ന് അല്ലാഹുവിനെ അറിയാം. അവന്റെ കാരുണ്യത്തെപ്പറ്റി അറിയാം. പശ്ചാത്താപത്തിന്റെ മഹിമയറിയാം. പശ്ചാത്തപിക്കുന്നവർക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന പദവികളെപ്പറ്റിയുമറിയാം. പാപപങ്കിലമായ മനസ്സുമായി പടച്ചവനെ കണ്ടുമുട്ടേണ്ടിവന്നാലുണ്ടാകുന്ന ദുരന്തവും ദുരിതവും അവന്നറിയാം. ഇത്തരം സ്വഭാവമുള്ള സത്യവിശ്വാസികളെപ്പറ്റി അല്ലാഹു പറഞ്ഞു:

“വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർ.-പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്?-ചെയ്തു പോയ (ദുഷ്)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ’’ (ക്വുർആൻ 3:135).

അബദ്ധങ്ങളും തെറ്റുകളും ആരിലും എപ്പോഴും സംഭവിച്ചേക്കാം; പ്രവാചകൻമാരല്ലാത്ത ഏത് വിശുദ്ധന്റെ ജീവിതത്തിലും. സംഭവിച്ചാൽ, തെറ്റാണെന്ന് ബോധ്യമായാൽ ഉടൻ ഖേദിച്ചുമടങ്ങണം. അല്ലാഹുവിലേക്ക് ആത്മാർഥമായി പശ്ചാത്തപിച്ചുമടങ്ങി പരിശുദ്ധിനേടുവാൻ ശ്രമിക്കണം. അല്ലാഹുവിന്ന് അത്തരം വിശുദ്ധന്മാരെ ഇഷ്ടമാണ്. ഒരു ക്വുദ്‌സിയായ ഹദീസ് കാണുക:

അനസ്(റ) നിവേദനം, നബി ﷺ പറയുന്നതായി ഞാൻ കേട്ടു: “അല്ലാഹു പറഞ്ഞു: ‘ആദം സന്താനമേ, നീയെന്നോട് പ്രതീക്ഷാപൂർവം പ്രാർഥിക്കുമ്പോഴൊക്കെ നിന്നിൽനിന്നുണ്ടായ പാപങ്ങളെ ഞാൻ പൊറുത്തു തരുന്നതാണ്. ആകാശത്തിലെ കാർമേഘങ്ങൾ കണക്കെയുള്ള പാപങ്ങളുമായി നീയെന്നോട് മാപ്പിരന്നാലും ശരി, ഞാൻ നിനക്കായി മാപ്പേകുന്നതാണ്. ഭൂമിയോളം പാപവുമായി, ശിർക്ക് ചെയ്യാത്തവിധം നീയെന്നെ കണ്ടുമുട്ടുന്നുവെങ്കിൽ അത്രത്തോളംതന്നെ മാപ്പുമായി നിന്നിലേക്ക് ഞാൻ വന്നെത്തുന്നതാണ്.’’

പശ്ചാത്താപം തീർത്തും അടിമയും അല്ലാഹുവുമായി ബന്ധപ്പെട്ടതാണ്. മാപ്പിരക്കുന്നത് അടിമയാണ്; മാപ്പ് നൽകുന്നത് അല്ലാഹുവും. വാക്കുകളിലോ കർമങ്ങളിലോ വീക്ഷണങ്ങളിലോ സ്വഭാവത്തിലോ തെറ്റുകൾ സംഭവിച്ചിരിക്കുന്നൂ എന്ന് മനസ്സിലാക്കുന്നതോടെ അവ ശരിയാക്കാൻ ശ്രമിക്കുന്നു എന്നതാണ് പശ്ചാത്താപ മനഃസ്ഥിതിയുള്ളവന്റെ ഗുണം. തെറ്റുകൾ അംഗീകരിച്ചാൽ, അവ തിരുത്തിയാൽ, അല്ലാഹുവിനോട് ഖേദിച്ചാൽ സമൂഹം എന്തു പറയുമെന്ന ചിന്ത അവന്നുണ്ടാകില്ല. അങ്ങനെയൊന്നും ചെയ്യാതിരുന്നാൽ തന്റെ പര്യവസാനം എന്തായിത്തീരുമെന്ന ആധിയേ അവന്നുണ്ടാകൂ. എങ്കിൽ, അവൻ വിനീതനാണ്. അല്ലാഹുവിൽനിന്നുള്ള കാരുണ്യദാഹിയാണ്. ഒരു പ്രവാചകമൊഴി കാണുക:

ഇബ്‌നു അബ്ബാസ് നിവേദനം, അല്ലാഹുവിന്റെ ദുതൻ ﷺ അരുളി: “തെറ്റുകളിൽ ഖേദിക്കുന്നവന്ന് ദൈവകാരുണ്യം പ്രതീക്ഷിക്കാം. തന്റെ ചെയ്തികളിൽ അഹങ്കരിക്കുന്നവന്ന് ദൈവകോപമാണ് പ്രതീക്ഷിക്കാനുള്ളത്. ഓരോ വ്യക്തിയും മരണത്തോടെ തന്റെ പ്രവർത്തനങ്ങളുടെ ഫലങ്ങളിലേക്ക് പോകേണ്ടതാണ്. കർമങ്ങളുടെ സൗന്ദര്യം അതിന്റെ പര്യവസാന ഗുണത്തിലാണ്. രാവും പകലും രണ്ടു വാഹനങ്ങളാണ്; പരലോകത്തിലേക്ക് എത്താവുന്ന നിലയിൽ നിങ്ങളവയിൽ സഞ്ചരിക്കുക.പശ്ചാത്താപം പിന്നീടാകാം എന്ന നിലപാടിനെ നീ സൂക്ഷിക്കുക. അല്ലാഹു നിന്നോട് ദയകാണിച്ചുകൊണ്ടിരിക്കുന്നൂ എന്നതിൽ നീ വഞ്ചിതനാകരുത്. അറിയുക: സ്വർഗവും നരകവും ഒരാളുടെ ചെരുപ്പിൻ വാറിനെക്കാൾ അവനോട് അടുത്തതാണ്.’’ തുടർന്ന് നബി ﷺ ഈ ആയത്തുകൾ ഓതി: ‘ആർ ഒരു അണുത്തൂക്കം നൻമ ചെയ്തിരുന്നുവോ അവനത് കാണും. ആർ ഒരു അണുത്തൂക്കം തിൻമ ചെയ്തിരുന്നുവോ അവൻ അതും കാണും’’ (അസ്സൽസല: 7,8) (ബൈഹക്വി).

സത്യവിശ്വാസി ഉൾക്കൊണ്ട തൗഹീദിന്റെ താൽപര്യമാണ് പാപമോചനത്തിനു വേണ്ടി അല്ലാഹുവിനോട് നടത്തുന്ന അവന്റെ പ്രാർഥന. പ്രവാചകന്മാരെ അല്ലാഹു ശീലിപ്പിച്ച സമ്പ്രദായമാണത്. ക്വുർആനത് പഠിപ്പിക്കുന്നുണ്ട്: “ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപമോചനം തേടുക)’’ (ക്വുർആൻ 47:19).

തനിക്കു വേണ്ടി മാത്രമല്ല, തന്നെപ്പോലെ പശ്ചാത്താപം ആവശ്യമായ എല്ലാ മുസ്‌ലിം സഹോദരങ്ങൾക്കു വേണ്ടിയും പ്രാർഥിക്കാനാണ് ക്വുർആനിക നിർദേശിക്കുന്നുണ്ട്. ഈ സദ്ഗുണം ഓരോ മുസ്‌ലിമിന്റെയും ജീവിതത്തിലുണ്ടാകണം.

അന്യരുടെ പാപങ്ങളും വീഴ്ചകളുമൊക്കെ ചികഞ്ഞെടുക്കുകയും അവ പർവതീകരിച്ച് സമൂഹമധ്യെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. അത്തരക്കാർ പാപിക്ക് പശ്ചാത്തപിക്കാൻ സമയം നൽകാറില്ല. വീഴ്ച പറ്റിയവന്റെ പശ്ചാത്താപത്തെ മാനിക്കാനും തയ്യാറല്ല. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞ് തൗബ ചെയ്ത സഹോദരന്റെ തൗബയെപ്പോലും കളിയാക്കുന്നവരും സമൂഹത്തിലുണ്ട്! യഥാർഥ വിശ്വാസിയുടെ സ്വഭാവമല്ല ഇതൊന്നും.

ജീവിതത്തിൽനിന്ന് രാപകലുകൾ യാത്രയായിക്കൊണ്ടിരിക്കുന്നു. പ്രഭാതത്തിൽ ഉണരാനാകുന്നതും രാത്രിയാകുവോളം ജീവിക്കാനാകുന്നതും അല്ലാഹുവിന്റെ ഔദാര്യമാണ് എന്ന് തിരിച്ചറിയുക. ഒരുദിവ സത്തിലെ ജീവിത കർമങ്ങളിൽ അരുതാത്തവയൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയാൻ നമുക്കുറപ്പില്ല. എങ്കിൽ, മാപ്പിരന്നുകൊണ്ടാകണം നമ്മുടെ ഉണർച്ചയും ഉറക്കവും. “സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ എന്ന ക്വുർആൻ വചനം (അന്നൂർ:31) നാം മറക്കാതിരിക്കുക.

അല്ലാഹു പറഞ്ഞു: “നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവർക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കി വെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക് വേണ്ടി. പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ. അത്തരക്കാർക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുമാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു’’ (ക്വുർആൻ 3:133-136).

റമദാനിന്റെ അവശേഷിക്കുന്ന ദിനരാത്രങ്ങളിൽ കണ്ണുനീരൊഴുക്കി നാം ഖേദിച്ചുമടങ്ങുക. നിർബന്ധ കർമങ്ങൾ കൂടാതെ സാധിക്കുന്നത്ര ഐഛിക കർമങ്ങൾ ചെയ്യാൻ മനസ്സ് കാണിക്കുക. അങ്ങനെ കൂടുതൽ കൂടുതൽ സ്രഷ്ടാവിനോട് അടുക്കാനും അവന്റെ പ്രീതി കരസ്ഥമാക്കുവാനും ശ്രമിക്കുക. തെറ്റുകളിലേക്ക് മടങ്ങില്ലെന്ന് പ്രതിജ്ഞയെടുക്കുക.