മതവും മനുഷ്യനും

അബ്ദുറഊഫ്അൽഹികമി

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

ലോകത്ത് വിവിധ മതങ്ങളും ദർശനങ്ങളും പ്രസ്ഥാനങ്ങളുമുണ്ട്. ചിലത് കാലക്രമേണ നശിക്കുകയും മറ്റുചിലത് പുതുതായി രൂപംകൊള്ളുകയും ചെയ്യുന്നു. ലോകത്തിലെ പ്രധാന മതങ്ങൾ വളരുമ്പോൾ തന്നെ, മറുവശത്ത് മതമാണ് മനുഷ്യനെ വർഗീയവാദിയും തീവ്രവാദിയുമാക്കുന്നതെന്ന പ്രചാരണത്തിലൂടെ നിരീശ്വരവാദവും വളരാൻ ശ്രമിക്കുന്നുണ്ട്. വാസ്തവത്തിൽ മതമാണോ നിരീശ്വരവാദമാണോ മനുഷ്യനെ മനുഷ്യനായി നിലനിർത്താൻ സഹായിക്കുന്നത്?

ഇസ്‌ലാമിന്റെ കാര്യമെടുത്താൽ, അതിന്റെ നിയമങ്ങളും നിർദേശങ്ങളും വിധികളും വിലക്കുകളുമെല്ലാം മനുഷ്യനെ യഥാർഥ മനുഷ്യനായി നിലനിർത്തുന്നു എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.

‘ദീൻ’ എന്ന അറബി പദത്തെയാണ് ‘മതം’ എന്ന അർഥത്തിൽ നാം ഉപയോഗിക്കുന്നത്. ‘ദീൻ’ എന്ന പദത്തിന്റെ ഭാഷാർഥം ‘നിയമം,’ ‘പ്രതിഫലം’ എന്നൊക്കെയാണ്. ഒരു മനുഷ്യൻ എന്തെല്ലാം കാര്യങ്ങളിൽ വിശ്വസിക്കണം, എങ്ങനെ ജീവിക്കണം, സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടുമൊക്കെ അവനുള്ള ബാധ്യതകൾ എന്തൊക്കെയാണ് എന്നിങ്ങനെ തുടങ്ങി രഹസ്യ-പരസ്യ ജീവിതത്തിൽ വിശുദ്ധി പാലിക്കാനുതകുന്നതും, ഒരു മനുഷ്യനെ യഥാർഥ മനുഷ്യനായി പരിവർത്തിപ്പിക്കാൻ സഹായിക്കുന്നതും, മരണശേഷം മനുഷ്യന് അത്യന്തിക രക്ഷ നേടിക്കൊടുക്കുന്നതുമായ മാർഗനിർദേശങ്ങളുടെ ആകെത്തുകയാണ് ഇസ്‌ലാം.

‘ഇസ്‌ലാം’ എന്ന പദത്തിന്റെ ‘അർഥം,’ ‘സമാധാനം,’ ‘അനുസരണം,’ ‘സമർപ്പണം’ എന്നൊക്കെയാണ്. മറ്റേതൊരു മതവും അത് ഉത്ഭവിച്ച സമുദായത്തിന്റെയോ ഗോത്രത്തിന്റെയോ അതിന്റെ സ്ഥാപകന്റെയോ പ്രബോധകന്റെയോ നാമത്തിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇസ്‌ലാം അങ്ങനെയല്ല. അത് മുന്നോട്ടു വെക്കുന്ന ആദർശം ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിന് സർവതും സമർപ്പിക്കുകയെന്നതാണ്. ഏതെങ്കിലും സൃഷ്ടിയോടുള്ള ആരാധനയിലേക്കും അടിമത്തത്തിലേക്കുമല്ല ഇസ്‌ലാം മാനവരാശിയെ ക്ഷണിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തുള്ള സർവ മനുഷ്യർക്കും സങ്കുചിത ചിന്തകളില്ലാതെ ഉൾക്കൊള്ളാൻ കഴിയുന്ന മതമാണ് ഇസ്‌ലാം.

“...ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്്’’ (ക്വുർആൻ 20:50).

ഭൗതികമായ ഏതൊരു സംവിധാനത്തിനും അതിന്റെതായ നിയമവ്യവസ്ഥകളുണ്ട്. അപ്രകാരം ഇസ്‌ലാം എന്ന ആദർശത്തിന് അതിന്റെതായ നിയമവ്യവസ്ഥകൾ ലോക സ്രഷ്ടാവ് നിശ്ചയിച്ചിട്ടുണ്ട്.

സ്മാർട്ട് ഫോൺ, ടിവി, ക്യാമറ പോലുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ അതിന്റെ ഉപയോഗ രീതികൾ പഠിപ്പിക്കുന്ന ഒരു ‘യൂസർ മാന്വുൽ’ എന്ന ചെറുപുസ്തകം അത് നിർമിച്ച കമ്പനി നൽകാറുണ്ട്. കാരണം ആ ഉൽപന്നത്തിന്റെ ശരിയായ പ്രവർത്തനരീതി അറിയുക അത് ഉണ്ടാക്കിയ കമ്പനിക്കാണ്. അതിലെ നിർദേശങ്ങൾ മനസ്സിലാക്കാതെയാണ് ഒരു ഉപഭോക്താവ് അത് ഉപയോഗിക്കുന്നതെങ്കിൽ തകരാറുകൾ സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ അതനുസരിച്ച് പ്രവർത്തിച്ചാൽ ശരിയായ രൂപത്തിൽ ഉപയോഗിക്കാൻ കഴിയും.

ഇതുപോലെ, സർവ ചരാചരങ്ങളെയും സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമാണ് ഓരോ സൃഷ്ടിയെയും കുറിച്ച് സൂക്ഷ്മമായി അറിയുക. മനുഷ്യർക്ക് ഇഹപര വിജയം ലഭിക്കുവാനാവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന് അവനാണ് നിശ്ചയിച്ചിട്ടുള്ളത്. അവ എന്തൊക്കെയെന്ന് പറഞ്ഞു തരേണ്ടത് ആ സ്രഷ്ടാവു തന്നെയാണ്. ആ കാര്യങ്ങളുടെ സംഹിതയാണ് ഇസ്‌ലാം. ഇസ്‌ലാമാകുന്ന പ്രകൃതി മതത്തെ അവൻ വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും നൽകിപ്പോന്നു. മാനവരാശിക്കാകമാനമായി നിയോഗിച്ച അന്തിമ ദൂതനായ മുഹമ്മദ് നബിﷺയിലൂടെ അല്ലാഹു ഇസ്‌ലാം മതത്തെ പൂർത്തിയാക്കി നൽകി.

“നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയിക്കൊണ്ടുതന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരി

ൽ അധികപേരും അറിയുന്നില്ല’’ (34:28).

ആ പ്രവാചകനെ പിൻപറ്റുക എന്നതാണ് നന്മയും നേർമാർഗവുമായി ക്വുർആൻ പരിചയപ്പെടു ത്തിയത്: “പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ. നിങ്ങൾ നേർമാർഗം പ്രാപിക്കാം’’ (7:158).

ആ പ്രവാചകനിലൂടെ സമാനതകളില്ലാത്ത നിയമസംഹിതകൾ ലോകർക്ക് പകർന്നു നൽകിയത് ദൈവിക വചനങ്ങൾ തന്നെയാണ്.

“ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് അവരിൽനിന്നു തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ടുവരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ). എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗദർശനവും കാരുണ്യവും കീഴ്‌പ്പെട്ടു ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്’’’ (16:89).

“മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു’’ (4:174).

1400 വർഷങ്ങൾക്കിപ്പുറവും ക്വുർആനിന്റെ ഒരു അധ്യായത്തിനോ ഒരു ആയത്തിനോ വാചക ഘടനയ്ക്കുപോലുമോ മാറ്റം വരുത്തേണ്ടതില്ലാത്ത രൂപത്തിൽ സുരക്ഷിതമായി നിലനിൽക്കുന്നുവെന്നത് തന്നെ ക്വുർആനിന്റെ ദൈവികതയ്ക്ക് തെളിവാണ്.

ലോകാവസാനംവരെ ഈ വിശുദ്ധ ഗ്രന്ഥത്തെ അല്ലാഹുതന്നെ സംരക്ഷിക്കുമെന്നും ക്വുർആൻ നമ്മെ ഉണർത്തുന്നുണ്ട്: “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’(15:9).

സകല പ്രവാചകന്മാരും പ്രബോധനം ചെയ്ത ഇസ്‌ലാം (സ്രഷ്ടാവിനുള്ള സമ്പൂർണ സമർപ്പണം) മനുഷ്യന്റെ ഇഹപര നന്മയ്ക്കുള്ളതാണ്. അതിനാൽ അവ മാറ്റത്തിരുത്തലുകൾക്കോ കൂട്ടിച്ചേർക്കലുകൾക്കോ വിധേയമാകാത്ത രൂപത്തിൽ സുരക്ഷിതമായി നിലകൊള്ളുകയും ജനങ്ങൾ അത് പ്രയോഗവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്.

“ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല’’ (30:30).

ക്വുർആൻ എന്ന മാർഗദർശനം അനുസരിച്ച് ആ പ്രവാചകനെ പിൻപറ്റി ജീവിതത്തെ ക്രമപ്പെടുത്തിയാൽ ഏതു കാലഘട്ടത്തിലും ഏതു സാഹചര്യത്തിലും സമാധാനചിത്തനായും അഭിമാനത്തോടെയും ജീവിച്ചു മുന്നേറാൻ സാധ്യമാണ്, അവൻ ബലവത്തായ കയറിലാണ് പിടിച്ചിരിക്കുന്നത്.

“വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറിൽ തന്നെയാണ് അവൻ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി’’(31:22).

മനുഷ്യനെ ധാർമികതയിൽ നിലനിർത്തുന്നതും മൂല്യമുള്ള മനുഷ്യരായി പരിവർത്തിപ്പിക്കുന്നതും മതത്തിന്റെ അതിർവരമ്പുകൾ മാത്രമാണെന്ന തിരിച്ചറിവും അതിനനുസൃതമായ കർമവുമാണ് ജീവിത വിജയത്തിന് നിദാനം.