ഭൂമിയിൽ ജൂതരാഷ്ട്രം സ്ഥാപിതമാകില്ലെന്ന് ഖാദിയാനി ‘നബി’യുടെ പ്രവചനം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 നവംബർ 18 , 1445 ജു.ഊലാ 04

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 40)

ലോകാവസാനംവരെ ഭൂമുഖത്ത് ജൂതരാഷ്ട്രം സ്ഥാപിക്കപ്പെടുകയില്ലെന്നും യഹൂദർ എന്നും മറ്റു രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരിക്കുമെന്നും മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി ‘ഹമാമത്തുൽ ബുഷ്‌റ’ എന്ന ഗ്രന്ഥത്തിൽ ഒരു പ്രവചനമായി എഴുതിവെച്ചിട്ടുണ്ട്.

“ദജ്ജാൽ യഹൂദരിൽനിന്നായിരിക്കുമെന്ന ചില പണ്ഡിതന്മാരുടെ വചനം ആദ്യം പറഞ്ഞതിനെക്കാൾ അതിശയകരമാണ്. അവരുടെ മേൽ അപമാനവും ദൈന്യതയും അടിച്ചേൽപിച്ചിരിക്കുന്നു എന്ന ഒരു വാക്യം അവർ ക്വുർആനിൽ വായിക്കുന്നില്ലേ? ഉയിർത്തെഴുന്നേൽപിന്റെ നാൾവരെ അല്ലാഹു അവരുടെമേൽ ചുമത്തിയിരിക്കുന്നതെല്ലാം അപമാനകരമായിരിക്കും. യഹൂദന്മാർ എപ്പോഴും മറ്റു രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരിക്കുമെന്ന് അവൻ തന്റെ സമ്പൂർണവും കൃത്യവുമായ ഗ്രന്ഥത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അവർ അഹങ്കാരികളും അടിച്ചമർത്തപ്പെട്ടവരുമാണ്. അവർക്ക് ഒരു രാജ്യം ഉണ്ടാകില്ല. ദജ്ജാൽ അവരിൽനിന്ന് ഉയർന്നുവന്ന് ഭൂമി മുഴുവൻ കൈവശമാക്കുമോ? ദൈവത്തിന്റെ വചനങ്ങൾ സത്യവും മാറ്റമില്ലാത്തതുമാണ്. പക്ഷേ, ആളുകൾക്ക് ഹദീസുകളുടെ അർഥം അറിയില്ല, അല്ലെങ്കിൽ അവ മനസ്സിലാക്കാൻ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. ദൈവം തന്റെ ദാസൻമാരിൽനിന്ന് ഇഷ്ടമുള്ളവർക്ക് അനുഗ്രഹം നൽകുന്നു’’ (പേജ് 16).

1893ലെ ലോകസാഹചര്യത്തിൽ ലോകത്ത് ജൂതരാഷ്ട്രം സ്ഥാപിതമാവാനുള്ള സാധ്യത ഊഹിക്കാൻ പറ്റുമായിരുന്നില്ല. ‘അല്ലാഹു’വിൽ നിന്ന് ലഭിച്ച അറിവ് അനുസരിച്ചാണത്രെ ഇങ്ങനെ ഒരു പ്രവചനം നടത്താൻ അദ്ദേഹം മുതിർന്നത്. അദ്ദേഹത്തിന്റെ മരണശേഷം നാലു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ജൂതരാഷ്ട്രം യാഥാർഥ്യമാവുകയും പ്രവാചകത്വവാദം വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

ദജ്ജാലിന്റെ നേതൃത്വത്തിൽ ജൂത സൈന്യവുമായി ഈസാ(അ)യും മുസ്‌ലിം സൈന്യവും യുദ്ധം നടത്തുകയും ബാബു ലുദ്ദിൽവെച്ച് ദജ്ജാലിനെ വധിക്കുകയും ചെയ്യുമെന്ന് സ്വഹീഹായ ഹദീസുകളിലൂടെ നബിﷺ പഠിപ്പിക്കുന്നു. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിനടുത്ത് ലിധിയ (ലുദ്ദിന്റെ ഹിബ്രു രൂപം) എന്ന സ്ഥലത്താണ് ബെൻഗൂരിയൻ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. സ്വാഭാവികമായും എയർപോർട്ടിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ദജ്ജാൽ വധിക്കപ്പെടും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈസാ നബിയുടെ കപടവേഷവുമായി വന്ന മിർസാ ഖാദിയാനി ആരാണ് ദജ്ജാൽ എന്നുപോലും മനസ്സിലാക്കാനാകാതെ, ചിലപ്പോൾ ക്രിസ്ത്യൻ പാതിരിമാരും മറ്റു ചിലപ്പോൾ മുസ്‌ലിം പണ്ഡിതന്മാരും ആണെന്ന് വിവക്ഷിക്കുകയും അവരെ ‘സംവാദങ്ങളുടെ കവാടം’ എന്ന ബാബു ലുദ്ദിൽ വച്ച് തോൽപിക്കുകയും ചെയ്തു എന്നാണ് അവകാശവാദം! ദജ്ജാലിന്റെ 70 മുഴം നീളമുള്ള കഴുതകൊണ്ടുദ്ദേശിക്കുന്നത് തീവണ്ടിയാണെന്നും അദ്ദേഹം സ്വന്തം ചിന്തയനുസരിച്ച് വിശദീകരിച്ചിട്ടുണ്ട്.

ആകാശയാത്ര പുരാണങ്ങളിലും സ്വപ്‌നങ്ങളിലും മാത്രം ഒതുങ്ങിയിരുന്ന 19ാം നൂറ്റാണ്ടിന്റെ അവസാനം, 1891ൽ രചിച്ച ‘ഇസാലയേ ഔഹാം’ എന്ന ഗ്രന്ഥത്തിൽ മനുഷ്യന് തന്റെ മണ്ണിന്റെ ശരീരവും പേറി ചന്ദ്രനിലോ സൂര്യനിലോ പോകാൻ സാധിക്കില്ലെന്ന് എഴുതിവച്ചിരുന്നു. 1906ൽ വിമാനം കണ്ടുപിടിക്കപ്പെടുകയും തുടർന്ന് ബഹിരാകാശത്തേക്കുള്ള മനുഷ്യന്റെ കുതിപ്പ് റോക്കറ്റിന്റെ വേഗതയിൽ മുന്നേറുകയും ചെയ്തു. 1969ൽ അവൻ ചന്ദ്രനിൽ കാലുകുത്തി. ഇപ്പോൾ വർഷങ്ങളോളം മനുഷ്യൻ ബഹിരാകാശത്ത് വസിക്കുന്നു!

തനിക്ക് നിരന്തരമായി വഹ്‌യ് ലഭിക്കുന്നു എന്നവകാശപ്പെടുന്ന ഖാദിയാനി പ്രവാചകൻ എന്ത് എഴുതിയാലും അബദ്ധവും തന്റെ പ്രവാചകത്വവാദത്തിന് തടസ്സവുമായി മാറുന്നു എന്നതാണ് ഖാദിയാനി പ്രസ്ഥാനത്തിന്റെ ദുരന്തം.

യഥാർഥ മസീഹിന്റെ സദൃശനോ?

തന്റെ എല്ലാ പ്രാർഥനകളും അല്ലാഹു സ്വീകരിക്കുമെന്നും ഉദ്ദേശിച്ചതൊക്കെ അവൻ നിവർത്തിച്ചു തരുമെന്നുമാണ് ഖാദിയാനി പ്രവാചകനായ മിർസാ ഗുലാം അഹ്‌മദിന്റെ അവകാശവാദം.

1887ൽ അറബിയിലും ഉർദുവിലും അവതരിച്ചതായി അവകാശപ്പെടുന്ന ഒരു ‘വഹ്‌യ്’ ‘തദ്കിറ’യിൽ വായിക്കാം: “ഞാൻ നിന്റെ എല്ലാ പ്രാർഥനകളും സ്വീകരിക്കും; നിന്റെ പങ്കാളികളുടേത് ഒഴികെ’’(പേജ് 21).

ഈ വാഗ്ദാനപ്രകാരം പലതവണ തന്റെയും തന്നെ വിശ്വസിച്ചവരുടെയും ഒരുവേള, ശത്രുക്കളുടെയും മാരകമായ രോഗങ്ങൾ ഉടനെ സുഖപ്പെട്ടു എന്നതാണ് സമാഹാരത്തിലെ നിരവധി ‘വഹ്‌യുകളുടെ’ ഇതിവൃത്തം. യഥാർഥ മസീഹായ ഈസാ നബി(അ)യുടെ പ്രധാനപ്പെട്ട ഒരു മുഅ്ജിസത്തായിരുന്നുവല്ലോ രോഗികളെ സുഖപ്പെടുത്തൽ.

ഇൽഹാമിയോപ്പതി

മൂന്ന് പേജുകളിലായി വിശദമായി രേഖപ്പെടുത്തിയ ഒരു ‘അമാനുഷികത’യുടെ ചുരുക്കം ഇങ്ങനെ: “മലദ്വാരത്തിലൂടെ രക്തം പോകുന്ന അസുഖംമൂലം ഞാൻ ആകെ പരിക്ഷീണിതനായി. കക്കൂസിൽ ഇരിക്കുമ്പോൾ രക്തം ചീറ്റിയൊഴുകി. എന്നെ കാണാൻ വന്ന ചിലർ ഇതേ അസുഖം മൂലം മരണപ്പെട്ട ചിലരെപ്പറ്റി പറഞ്ഞതോടെ എന്റെ ആധി ഇരട്ടിച്ചു. ചിലർ ചുമരിനു പിന്നിൽനിന്ന് കരയാനും യാസീൻ ഓതാനും തുടങ്ങി. ഇതേ രോഗം ബാധിച്ച ഒരാൾ എട്ടാംദിവസം മരിച്ചതോടെ പലരും കരുതി ഇന്ന് സന്ധ്യയോടെ സംഗതി അവസാനിക്കുമെന്ന്.’’

“പതിനാറ് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഇൽഹാമിലൂടെ ഒരു ചികിത്സ നിർദേശിക്കപ്പെട്ടു; അല്ലാഹുവിനെ സ്തുതിച്ചും മുഹമ്മദ് നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലിയും പുഴയിലെ പൂഴി എടുത്ത് ശരീരം പൊതിയുക. അത് ചെയ്തപ്പോൾ എന്റെ രോമകൂപത്തിൽനിന്ന് തീപാറുന്ന സ്ഥിതി മാറി. രാത്രി ഞാൻ നന്നായി ഉറങ്ങി. നേരം പുലർന്നതോടെ ഇൽഹാം അവതരിച്ചു: ‘നിങ്ങൾക്ക് ഈ അടയാളത്തെക്കുറിച്ച് സംശയം ഉണ്ടോ? എങ്കിൽ നമ്മുടെ ദാസന് നാം ഇറക്കിയ ചികിത്സക്ക് തുല്യമായ മറ്റൊരു ചികിത്സ കൊണ്ടുവരിക’’ (പേജ് 25-26).

നമുക്ക് അറിയാവുന്നപോലെ, വിശുദ്ധ ക്വുർആൻ ദൈവികമല്ലെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള ശത്രുക്കളുടെ ആക്ഷേപത്തിന് മറുപടിയായി, ‘നമ്മുടെ ദാസന് അവതരിച്ച ഈ ക്വുർആനിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഇതുപോലുള്ള ഒരു സൂറത്ത് കൊണ്ടുവരിക. അല്ലാഹുവിനെ ഒഴികെ മറ്റാരെ വേണമെങ്കിലും സഹായത്തിന് കൂട്ടിക്കൊള്ളുക’ എന്ന് ലോകാവസാനം വരെയുള്ള നിഷേധികളെ വെല്ലുവിളിച്ചുകൊണ്ട് അവതരിച്ച ആയത്തിലെ ഒരു പദമായ ‘സൂറത്ത്’ എന്നതിനു പകരം ‘ശിഫാഅ്’ എന്നു ചേർത്ത്, തന്റെ മലദ്വാരത്തിലൂടെ ചോര പോകുന്ന രോഗത്തിനുള്ള ചികിത്സയുടെ ദൈവികതയും അപ്രമാദിത്വവും തെളിയിക്കാനായി വെല്ലുവിളിച്ചിരിക്കുകയാണ് അഭിനവ പ്രവാചകൻ!

ഈ ചികിത്സയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു ചികിത്സയും ഇല്ലെന്നാണോ ഖാദിയാനികൾ കരുതുന്നത്? അവരിപ്പോഴും പ്രവാചകന്റെ ഇൽഹാമിയോപ്പതി തന്നെയാണോ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്? ഏതായാലും വിശുദ്ധ ക്വുർആനെ അപമാനിക്കുന്ന പിശാചിൽനിന്നുള്ള ഒരു ‘വഹ്‌യാ’ണ് ഇവിടെ ഗുലാം അഹ്‌മദ് ഖാദിയാനി അവതരിപ്പിച്ചിട്ടുള്ളത് എന്ന കാര്യത്തിൽ പക്ഷാന്തരമില്ല.

(തുടരും)