കർണാടക എ.ജിയുടെ ‘എസെൻഷ്യൽ’ വാദങ്ങൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഫെബ്രുവരി 11, 1444 റജബ് 19

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 14)

കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത വാദങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടംഗ ബെഞ്ചിന് മുമ്പാകെ ഹാജരായത് കർണാടക സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ. നവദ്ഗി ആയിരുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമായി കർണാടക സർക്കാർ എടുത്ത തീരുമാനത്തെ അപ്പടി ന്യായീകരിച്ചും ന്യൂനപക്ഷ താല്പര്യങ്ങളെ പൂർണമായും അവഗണിച്ചുമായിരുന്നു സോളിസിറ്റർ ജനറൽ സംസാരിച്ചതെങ്കിൽ അദ്ദേഹം സമർപ്പിച്ച വാദങ്ങൾക്ക് തെറ്റായ വ്യാഖ്യാനങ്ങൾ നൽകി കർണാടക എടുത്ത തെറ്റായ തീരുമാനത്തെ വാദിച്ച് വെളുപ്പിക്കുക എന്നതായിരുന്നു നവദ്ഗി ഏൽപിക്കപ്പെട്ട ദൗത്യം.

മതപരമായ അവകാശങ്ങളിലും ആചാരങ്ങളിലും കോടതികൾക്ക് ഇടപെടാനുള്ള അധികാരമില്ല എന്ന് പ്രമുഖരായ അഭിഭാഷകർ നേരത്തെ രണ്ടംഗ ബെഞ്ചിന് മുമ്പാകെ സമർഥിച്ചിരുന്നു. ശിരൂർ മഠം, അജ്മീർ ദർഗ തുടങ്ങിയ കേസുകളിലെ സുപ്രീം കോടതി വിധികളും നിരീക്ഷണങ്ങളുമാണ് ഇതിന് ഉപോൽബലകമായി അവർ ഉദ്ധരിച്ചിരുന്നത്. അത് രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാർ ഏറെക്കുറെ ഒരേപോലെ ശരിവെക്കുകയും ചെയ്തിരുന്നു. ഇത് സർക്കാർ വക്കീലന്മാർക്ക് വലിയ തലവേദനയാവുകയും ചെയ്തു. അത് മറികടക്കാനായിരുന്നു കർണാടക അഡ്വക്കേറ്റ് ജനറലിന്റെ ആദ്യശ്രമം.

ശിരൂർ മഠം കേസിന് ദുർവ്യാഖ്യാനം

ശിരൂർ മഠം കേസ് വിധിയുമായി ഒരുനിലയ്ക്കും കർണാടകയുടെ പുതിയ തീരുമാനം വിയോജിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു എ.ജിയുടെ തുടക്കം. കോടതികൾക്ക് മതാചാര വിഷയങ്ങളിലേക്ക് പ്രവേശിക്കാൻ പാടില്ല എന്ന് ശിരൂർ മഠം കേസ് വിധി പറയുന്നില്ലെന്നും പണസംബന്ധമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് പ്രസ്തുത വിധി പ്രസ്താവിക്കുന്നതെന്നുമായിരുന്നു എ.ജിയുടെ ദുർവ്യാഖ്യാനം. മതാചാരങ്ങളിലെ അടിസ്ഥാന കാര്യങ്ങളും അവയുമായി ബന്ധപ്പെട്ട സാമൂഹിക, സാമ്പത്തിക വിഷയങ്ങളും വേറെവേറെയായി കാണണം എന്നും ആരാധന, ആചാരങ്ങൾ തുടങ്ങിയവ ഏതുവിധത്തിലുള്ളതാണ് എന്ന് പറയേണ്ടത് അതാത് മതങ്ങൾ ആണെന്ന് സമ്മതിക്കുന്നതോടൊപ്പം അവ നിയന്ത്രിക്കേണ്ടത് എങ്ങനെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം ഭരണകൂടങ്ങൾക്കുണ്ടെന്ന് കൂടി സമ്മതിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം.

എ.ജി.തുടരുന്നു: “ശിരൂർ മഠം കേസിന്റെ വിധി എല്ലാ തരത്തിലുമുള്ള മതാചാരങ്ങളെയും സംരക്ഷിക്കുന്നു എന്ന ഒരു നിഗമനം ബഹുമാനപ്പെട്ട കോടതിയെ സ്വാധീനിച്ചിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. എന്നാൽ സൂക്ഷ്മമായി പ്രസ്തുത വിധി വായിച്ചാൽ എല്ലാ ആചാരങ്ങളെയും സംരക്ഷിക്കുന്നില്ല, മറിച്ച് നിർബന്ധമായ മതാചാരം (Essential Religious Practice) മാത്രമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കാണാൻ കഴിയുക. ‘എസെൻഷ്യൽ’ എന്ന ആശയം പോലും ഉത്ഭവിച്ചിരിക്കുന്നത് ശിരൂർ മഠം കേസിലാണെന്നും അതുതന്നെയാണ് അജ്മീർ ദർഗ കേസിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നത് എന്നും മനസ്സിലാക്കാം.’’

നവദ്ഗിയുടെ ഈ വിവരണം ജസ്റ്റിസ് ഗുപ്ത അംഗീകരിച്ചില്ല. ‘മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എസെൻഷ്യൽ ആയിക്കൊള്ളണമെന്നില്ല’ എന്ന അറ്റോർണി ജനറലിന്റെ വാദം കോടതി തള്ളുകയാണുണ്ടായത് എന്ന കാര്യം ജസ്റ്റിസ് ഗുപ്ത എ.ജിയെ ഓർമിപ്പിച്ചു. ഇതിന് മറുപടിയായി എ.ജി പറഞ്ഞത് ഏതൊരു മതത്തിന്റെയും എസെൻഷ്യൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അതാത് മതത്തിന്റെ പ്രമാണങ്ങൾ ആണെന്നും എന്നാൽ ശിരോവസ്ത്ര കാര്യത്തിൽ അത് എസെൻഷ്യൽ ആണെന്ന് തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ല എന്നുമായിരുന്നു. മതവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണം വേണമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എ.ജി പറഞ്ഞു. ‘എസെൻഷ്യൽ’ എന്ന ആശയം ഉടലെടുത്തതുതന്നെ എല്ലാം എസെൻഷ്യൽ അല്ല എന്ന കരണത്താലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശദീകരണം

ശിരോവസ്ത്ര വിഷയത്തിൽ കർണാടകയുടെ ഒളിയജണ്ടകൾ കൃത്യമായി വെളിപ്പെടുത്തുന്ന വിധത്തിലാണ് അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങൾ വരുന്നത്. ശിരൂർ മഠം കേസിന്റെ പശ്ചാത്തലവും കേസിലെ സുപ്രീംകോടതിയുടെ പരാമർശങ്ങളിലെ പ്രസക്തഭാഗങ്ങളും മൂടിവെച്ചുകൊണ്ട് വായകൊണ്ടുള്ള അഭ്യാസം നടത്തുകയായിരുന്നു എ.ജി.

യഥാർഥത്തിൽ ശിരൂർ മഠം കേസ് എന്താണ്? മഠത്തിന്റെ വരുമാനം കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ചുള്ള തർക്കമായിരുന്നു അത്. മഠത്തിന്റെ ഭരണം സർക്കാർ ‘കമ്മീഷണർ’ ഏറ്റെടുക്കുകയും മഠത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കമ്മീഷണർ കൈകാര്യം ചെയ്യുകയുമുണ്ടായപ്പോൾ മഠം സ്വാമിയാർ കോടതിയെ സമീപിക്കുകയായിരുന്നു. അനുച്ഛേദം 26 ആ പ്രകാരം ‘മതപരമായ പ്രവർത്തനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശം’ right to manage its own affairs in matters of religion) എന്നതിൽ പണവും ഉൾപ്പെടുമോ എന്ന് കോടതി പരിശോധിച്ചു. മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആ മതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നാണ് സ്വാമിയാർ വാദിച്ചത്. എന്നാൽ മതവുമായി ബന്ധപ്പെട്ട എല്ലാം മതത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആവണമെന്നില്ല എന്ന് അറ്റോർണി വാദിച്ചുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ‘ഒരു മതത്തിന്റെ തത്ത്വസംഹിതകൾ മാത്രം ആധാരമാക്കിയാണ് പരാമർശവിധേയമായ ആചാരമോ രീതിയോ ആ മതത്തിന്റെ അനിവാര്യമായ (essential) ഭാഗമാണോ എന്ന് കണ്ടെത്തേണ്ടത്’ എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.

ശിരൂർ മഠം കേസിൽ അന്ന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ശിരോവസ്ത്ര വിഷയത്തിലും അഡ്വക്കേറ്റ് ജനറൽ സുപ്രീം കോടതിയിൽ ചെയ്തിട്ടുള്ളത്. പ്രസ്തുത വിഷയത്തിൽ ഏവർക്കും മനസ്സിലാവുന്ന വിശദീകരണം വിദ്യാർഥിനികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ നടത്തിയത് മുമ്പ് ഇവിടെ നൽകിയിട്ടുണ്ട്.

എസെൻഷ്യലും എ.ജിയുടെ ദുർബല വാദങ്ങളും

എ.ജി തുടരുന്നു: “എസെൻഷ്യൽ വിഷയത്തിലേക്ക് സർക്കാറോ കോടതിയോ പ്രവേശിക്കേണ്ടതില്ല എന്ന രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം പ്രസക്തമാണ്. എന്നാൽ അതിലേക്ക് ഞങ്ങൾ സ്വന്തം താൽ പര്യമനുസരിച്ച് പ്രവേശിച്ചതല്ല; മറിച്ച് പരാതിക്കാർ ഇത്തരമൊരു വിഷയം ഉന്നയിച്ചു കോടതിയെ സമീപിച്ചതുകൊണ്ട് മാത്രമാണ് കോടതിയിൽ ഈ വിഷയം ഞങ്ങൾ സംസാരിക്കുന്നത്.’’

ജസ്റ്റിസ് ഗുപ്ത: “ശിരോവസ്ത്രം ഒരു എസെൻഷ്യൽ ആചാരമല്ല എന്ന് നാം അനുമാനിക്കുകയാണെങ്കിൽ, പിന്നെ ഏതു തരത്തിലുള്ള ആചാരമാണ് എന്നാണ് താങ്കൾ പറയുന്നത്?’’

എ.ജി: “ഇത് സംബന്ധമായി എനിക്ക് അൽപം ചില കാര്യങ്ങൾ വിശദീകരിക്കാനുണ്ട്. ക്വുർആനിൽ പരാമർശിക്കപ്പെട്ട ഒരു കാര്യമെന്ന നിലക്ക് ശിരോവസ്ത്രത്തെ മതപരമായ ആചാരം എന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ ക്വുർആനിൽ പറഞ്ഞു എന്ന കാരണത്താൽ ഓരോ സാധാരണ ആചാരത്തിനും എസെൻഷ്യൽ എന്ന് പറയാൻ സാധിക്കില്ല. ഞാൻ ക്വുർആനിക വിഷയങ്ങളിൽ വിദഗ്ധനല്ല. ക്വുർആനിൽ പറയുന്ന എല്ലാ കാര്യങ്ങളും മതപരമാണ് എന്ന് പറയാൻ സാധിക്കുമെങ്കിലും അതെല്ലാം അത്യന്താപേക്ഷിതം (essential) ആണെന്ന് പറയാൻ സാധിക്കില്ല.’’

വിശദീകരണം

മതപരമായ ഒരു ആചാരം ഇന്ത്യൻ ഭരണഘടന നിശ്ചയിച്ചിട്ടുള്ള ഉപാധികൾക്ക് വിധേയമായി നിർവഹിക്കാമോ എന്നതാണ് കാതലായ വിഷയം. മതപരമായ ഒരു ആചാരം നിർബന്ധമാണോ അല്ലയോ തുടങ്ങിയ ചർച്ചകൾക്ക് കോടതികളിൽ പ്രസക്തിയില്ല. പൊതു ക്രമസമാധാനത്തിനും ധാർമികതക്കും ആരോഗ്യത്തിനും ഭംഗം വരാത്ത വിധത്തിൽ ഏത് മതാചാരവും ഇന്ത്യൻ ബഹുസ്വര സമൂഹത്തിൽ നിർവഹിക്കുന്നതിന് കുഴപ്പമില്ല എന്നാണ് ഭരണഘടനയുടെ ഭാഷ്യം. എസെൻഷ്യൽ ആണെങ്കിൽ അനുവദിക്കാം, ഇല്ലെങ്കിൽ പറ്റില്ല എന്ന ഒരു ആശയം ഭരണഘടനയുടേതല്ല. എസെൻഷ്യൽ അല്ലെങ്കിൽ പോലും മതപ്രമാണങ്ങളിൽ പറയപ്പെട്ടിട്ടുള്ള ഒരു കാര്യം ആചരിക്കാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. ഭരണഘടന നിശ്ചയിച്ച ഉപാധികൾക്കപ്പുറം അത് നിയന്ത്രിക്കാൻ കോടതികൾക്കോ ഭരണകൂടങ്ങൾക്കോ അധികാരമില്ല.

ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ച് ശിരോവസ്ത്രം എസെൻഷ്യൽ അല്ല എന്ന് സ്ഥാപിക്കുകയും എസെൻഷ്യൽ അല്ല എന്ന കാരണത്താൽ ശിരോവസ്ത്രം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ചെയ്യുക എന്ന കുതന്ത്രമാണ് എ.ജി ഇവിടെ പ്രയോഗിക്കുന്നത്. എന്നാൽ നിർബന്ധമായതും അല്ലാത്തതുമായ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കുവാൻ ഒരു വ്യക്തി മുമ്പോട്ടുവരികയാണെങ്കിൽ അത് ആ വ്യക്തിക്ക് ‘എസെൻഷ്യൽ’ ആയി മാറുമെന്നാണ് ശിരൂർ മഠം, അജ്മീർ കേസ് വിധികൾ നൽകുന്ന സന്ദേശം. ഇത് മറച്ചുവെച്ച് മതം നിർബന്ധമാണെന്ന് പറയാത്ത എല്ലാ കാര്യങ്ങളെയും നിരോധിക്കാമെന്ന ദുർവ്യാഖ്യാനത്തിലേക്കാണ് എ.ജി. പ്രഭുലിംഗ് കെ നവദ്ഗി പ്രവേശിച്ചത്.

അടുത്ത ലക്കത്തിൽ:

ശിരോവസ്ത്ര നിരോധനം ഗോവധ നിരോധനം പോലെയോ?