കപ്പൽ സഞ്ചാരത്തിലെ ദൈവിക ദൃഷ്ടാന്തങ്ങൾ

ഡോ. ടി. കെ യൂസുഫ്

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

ഭൂമിയിൽ ആദ്യമായി കപ്പൽ നിർമിച്ചത് നൂഹ് നബി(അ)യാണ് എന്നാണ് ക്വുർആനിൽ നിന്നും ഗ്രഹിക്കാൻ കഴിയുന്നത്. അല്ലാഹുവിന്റെ ദിവ്യവെളിപാടിലൂടെയാണ് അദ്ദേഹത്തിന് അത് നിർമിക്കാനുള്ള വൈദഗ്ധ്യം ലഭിച്ചത്. അല്ലാഹു പറയുന്നു: ‘നമ്മുടെ മേൽനോട്ടത്തിലും, നമ്മുടെ നിർദേശപ്രകാരവും നീ കപ്പൽ നിർമിക്കുക’ (ഹൂദ്: 37).

മരപ്പലകകൾ ആണികൾ കൊണ്ട് ബന്ധിപ്പിച്ച് അവയ്ക്കിടയിലൂടെ വെളളം കയറുന്നത് തടയുന്ന വല്ല വസ്തുക്കളും തേച്ചുപിടിപ്പിച്ചായിരിക്കും നൂഹ് നബി(അ) അന്ന് കപ്പൽ നിർമിച്ചിരിക്കുക. ഇക്കാര്യവും ക്വുർആൻ സൂചിപ്പിക്കുന്നുണ്ട്. ‘പലകകളും ആണികളുമുള്ള ഒരു കപ്പലിൽ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു’ (ക്വമർ:13).

കപ്പൽ എന്തുകൊണ്ടാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്? സമുദ്രജലത്തെക്കാൾ സാന്ദ്രതയുള്ളലോഹങ്ങൾ കൊണ്ട് നിർമിച്ചതും ഭീമാകാരവുമായ കപ്പൽ എന്തുകൊണ്ടാണ് വെള്ളത്തിൽ താണുപോകാത്തത്? വസ്തുക്കളെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ അനിവാര്യമായ ആർക്കിമിഡീസ് തത്ത്വം തന്നെയാണ് ഇവിടെയും പ്രയോഗവത്കരിക്കപ്പെടുന്നത്. വെളളത്തിന്റെ സാന്ദ്രതയും സമ്മർദവും അതോടൊപ്പം പൊങ്ങിക്കിടക്കുന്ന വസ്തുവിന്റെ വലിപ്പവും ഇവിടെ പരിഗണനീയമാണ്. അതുകൊണ്ട്തന്നെ കപ്പലുകൾ നല്ല വലിപ്പത്തിലാണ് നിർമിക്കപ്പെടാറുളളത്. ക്വുർആൻ കപ്പലുകളെ വലിയ പർവതങ്ങളോടാണ് ഉപമിക്കുന്നത്. ‘കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ’ (ശൂറാ: 32).

കപ്പലുകളെ പർവതങ്ങളോട് ഉപമിച്ചതിൽ മറ്റൊരു ദൃഷ്ടാന്തംകൂടി ഉൾകൊള്ളുന്നുണ്ട്. കപ്പലുകളുടെ അടിയിലെ കുറെഭാഗം കടലിൽ താഴ്ന്ന് നിൽക്കുന്നത്‌പോലെ പർവതങ്ങൾക്കും വേരുകൾ പോലെ മണ്ണിൽ ആണ്ടുകിടക്കുന്ന ഭാഗമുണ്ട്. സമുദ്രജലത്തിലെ സാന്ദ്രതയാണ് കപ്പലുകളെ പൊങ്ങിനിൽക്കാൻ സഹായിക്കുന്ന മറ്റൊരു പ്രതിഭാസം. ഇക്കാര്യം ആർക്കിമിഡീസും ഊന്നിപ്പറയുന്നുണ്ട്. സമുദ്രത്തിൽ ഉപ്പിന്റെ അളവ് വർധിക്കുന്നതിനനുസരിച്ച് അതിലെ സാന്ദ്രതയും വർധിക്കുന്നുണ്ട്. ചാവുകടലിൽ ആളുകൾക്ക് അനായാസം പൊങ്ങിക്കിടക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.

സമുദ്രജലത്തിനെ അപേക്ഷിച്ച് പുഴകളിലെ വെളളം സാന്ദ്രത കുറവുളളതാണെങ്കിലും നല്ല ആഴവും പരപ്പുമുണ്ടെങ്കിൽ അതിലൂടെയും കപ്പലോടിക്കാൻ കഴിയും. സമുദ്രങ്ങളെ നിങ്ങൾക്ക് സഞ്ചരിക്കാൻ ഒരുക്കിത്തന്നു എന്ന് പറഞ്ഞതിനനുബന്ധമായി നദികളെയും നിങ്ങൾക്ക് ഒരുക്കിത്തന്നു എന്ന് ക്വുർആൻ പറയുന്നുണ്ട്. ‘അൻഹാർ’ എന്ന പദം അധികം ആഴവും ധാരാളം വെള്ളവുമുള്ള നദികൾക്ക് മാത്രമാണ് അറബി ഭാഷയിൽ പ്രയോഗിക്കാറുളളത്.

കപ്പൽ പൊങ്ങിക്കിടക്കുന്നത് ആർക്കിമിഡീസ് തത്ത്വമനുസരിച്ചാണെന്ന പോലെ അവ സഞ്ചരിക്കുന്നത് ന്യൂട്ടന്റെ ഒന്നാം സിദ്ധാന്ത പ്രകാരമാണ്. അതായത് ഒരു നിശ്ചലമായ വസ്തു ബാഹ്യശക്തിയുടെ ഇടപെടലില്ലെങ്കിൽ നിശ്ചലമായിത്തന്നെ നിലനിൽക്കും. പുരാതന പായക്കപ്പലുകൾ കാറ്റിന്റെ ശക്തിയനുസരിച്ചാണ് സഞ്ചരിച്ചിരുന്നത്. ഇക്കാര്യം ക്വുർആൻ വ്യക്തമാക്കുന്നതായി കാണാം: ‘കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അവൻ ഉദ്ദേശിക്കുന്നപക്ഷം അവൻ കാറ്റിനെ അടക്കിനിർത്തും. അപ്പോൾ അവ കടൽപരപ്പിൽ നിശ്ചലമായി നിന്നുപോകും. തീർച്ചയായും അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും ദൃഷ്ടാന്തങ്ങളുണ്ട്’ (ശൂറാ: 32,33).

പുരാതനകാലത്ത് കപ്പൽ നിർമിക്കാൻ ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കൾ, അതിന്റെ സഞ്ചാരത്തിന് ഒരു ചാലകശക്തിയുടെ ആവശ്യകത, പർവതങ്ങൾക്ക് സമാനമായ അവയുടെ വലിപ്പവും ഘടനയും, അടിഭാഗം കടലിലേക്ക് താഴ്ന്നുനിന്നുള്ള അതിന്റെ സഞ്ചാരം, അതിനെ വഹിക്കുന്ന സമുദ്രജലത്തിന്റെ സമ്മർദം, സാന്ദ്രത... ഇങ്ങനെ കപ്പലുകളെക്കുറിച്ചുള്ള ക്വുർആൻ പരാമർശങ്ങളെല്ലാം വളരെ കൃത്യവും സൂക്ഷ്മവും ശാസ്ത്രീയവുമാണെന്ന് നമുക്ക് കാണാൻ കഴിയും.