ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും പരിഹാസ്യരാകുന്ന വിമർശകരും

മൂസ സ്വലാഹി കാര

2023 ഏപ്രിൽ 01, 1444 റമദാൻ 10

ഭാഗം 2

ഇസ്‌ലാമിക ശരീഅത്തിലും അതിന്റെ പ്രമാണങ്ങളിലും അഗാധജ്ഞാനമുള്ള പണ്ഡിതന്മാരുടെ മഹത്ത്വത്തെയും വൈദഗ്ധ്യത്തെയും അംഗീകരിക്കുക എന്നത് മതബോധമുള്ളവരുടെ സ്വഭാവമാണ്. ഓരോ കാലഘട്ടത്തിലും അന്ധവിശ്വാസങ്ങൾക്ക് കീഴ്‌പ്പെട്ടവർ അന്യായമായി പണ്ഡിതന്മാരെ ഉപദ്രവിക്കുന്നതിൽ നന്നായി ഉത്സാഹിച്ചിട്ടുണ്ട്. സത്യത്തോടും നവോത്ഥാന മുന്നേറ്റത്തോടും വിരോധമുള്ള സമസ്തയുടെ പുരോഹിതന്മാർ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യോട് തീരാത്ത അരിശം വച്ചുപുലർത്തുന്നവരാണ്. 2023 ജനുവരി ലക്കം സുന്നിവോയ്‌സിൽ അദ്ദേഹത്തെ സംബന്ധിച്ച് എഴുതിയത് കാണുക:

‘വിഷലിപ്തവും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധവുമായ മേൽ വാദങ്ങൾക്കു പുറമെ ലോക പണ്ഡിതരുടെ ഉറച്ച തീരുമാനങ്ങൾക്കു വിരുദ്ധമായ നിരവധി ആശയങ്ങളുടെ പിതാവാണിദ്ദേഹം. ഹി. 661 ൽ ജനിച്ച ഇദ്ദേഹം ലോക മുസ്‌ലിംകളുടെ ഇജ്മാഇന് എതിരായ നിരവധി ഫത്‌വകൾ നൽകുകയും ചെയ്ത കാരണത്താൽ സമൂഹത്തിൽ ഒറ്റപ്പെടുകയും സമകാലിക പണ്ഡിതന്മാർ അദ്ദേഹത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി ഗ്രന്ഥങ്ങളെഴുതുകയും ചെയ്തിട്ടുണ്ട്’ (പേജ് 9).

പഴി പറഞ്ഞ് കാര്യം നേടുക എന്ന പുരോഹിത വർഗത്തിന്റെ സ്ഥിരം പണിയാണ് ഇവിടെയും ആവർത്തിച്ചത്. തെളിവുകളെ മുൻനിർത്തി ഇബ്‌നു തൈമിയ്യ(റഹി) തന്റെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയ വിഷയങ്ങളെയും ചർച്ചകളെയുമാണ് ‘വിഷലിപ്തം,’ ‘പൊള്ളത്തരങ്ങൾ’ എന്നൊക്കെ മുസ്‌ലിയാർ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമാണങ്ങളിൽ അവഗാഹവും പണ്ഡിതലോകത്ത് ഉന്നതസ്ഥാനവുമുള്ള വ്യക്തിത്വത്തെ ഇങ്ങനെ അവഹേളിക്കുന്നത് അദ്ദേഹം പ്രമാണബദ്ധമായി മതം പഠിപ്പിച്ചു എന്ന കാരണത്താൽ മാത്രമാണ്. വ്യർഥവാദങ്ങൾക്ക് രൂപഭാവം നൽകപ്പെട്ട ഗ്രന്ഥങ്ങൾ മാത്രം ചുമന്ന് നടക്കുന്നവർക്ക് അകക്കാമ്പുള്ള ഗ്രന്ഥങ്ങളോട് വെറുപ്പുതോന്നുക സ്വാഭാവികം.

ഇബ്‌നു തൈമിയ്യയുടെ അറിവിനും കഴിവിനും ആദരവും അംഗീകാരവും കൊടുത്ത എൺപതിലധികം പണ്ഡിതന്മാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ശൈഖുൽ ഇസ്‌ലാം’ എന്നാണ്. മുസ്‌ലിയാരുടെ കുബുദ്ധിയിൽനിന്നുണ്ടായ ആക്ഷേപ കാരണം വസ്തുതാപരമല്ലെന്നതിന് അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങൾ തന്നെ മതിയായ മറുപടികളാണ്.

ഹിജ്‌റ 773ൽ മരണപ്പെട്ട സുബ്കി(റഹി) പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! വിവരമില്ലാത്തവനോ, തന്നിഷ്ടക്കാരനോ അല്ലാത്തവരാരും ഇബ്‌നു തൈമിയ്യയോട് ദേഷ്യം വച്ചുപുലർത്തുകയില്ല.’’

‘വിവരമില്ലാത്തവൻ താനെന്താണ് പറയുന്നതെന്നറിയാത്തവനാണ്. തന്നിഷ്ടക്കാരനാകട്ടെ, സത്യം മനസ്സിലായതിനു ശേഷം തന്റെ ഇഷ്ടം അത് സ്വീകരിക്കുന്നതിൽനിന്ന് അയാളെ തടയുകയും ചെയ്യും’ (അർറദ്ദുൽവാഫിർ/ഇബ്‌നു മൻസൂർ).

ഹിജ്‌റ 852ൽ മരണപ്പെട്ട ഇബ്‌നുഹജർ അസ്‌ക്വലാനി (റഹി) പറയുന്നു: ‘അദ്ദേഹം സുനനു അബീ ദാവൂദ് വായിക്കുകയും അത് സ്വന്തം കൈപ്പടയിൽ പകർത്തുകയും ചെയ്തു. അജ്‌സാഉകൾ (നിശ്ചിത ഭാഗം ഹദീസുകൾ അടങ്ങിയ ഗ്രന്ഥങ്ങളുടെ സനദുകൾ) കരഗതമാക്കി. ഹദീസുകൾ ഉദ്ധരിച്ച ആളുകളെക്കുറിച്ചും ഹദീസുകളുടെ ന്യുനതകളെക്കുറിച്ചും ഗവേഷണ പഠനങ്ങൾ നടത്തി. കർമശാസ്ത്രത്തിൽ അവഗാഹംനേടി. (പല വിഷയങ്ങളിലും) നിപുണത നേടി. പലരിൽനിന്നും വ്യതിരിക്തത നേടി. (പലരെക്കാളും) മുൻകടന്നു. (ഗ്രന്ഥങ്ങൾ) രചിച്ചു. ദർസ് നടത്തി. (ആളുകളുടെ മതപരമായ സംശയങ്ങൾക്ക് മറുപടിയായി) ഫത്‌വകൾ നൽകി. സമകാലീനരായ ആളുകളെക്കാൾ മുൻകടന്നു. പെട്ടെന്ന് പ്രമാണങ്ങൾ മനസ്സിൽ കൊണ്ടുവരുന്നതിലും ഹൃദയ ശക്തിയിലും ഉദ്ധരണികളിലെയും ബൗദ്ധിക വിജ്ഞാന ശാസ്ത്രത്തിലെയും വിശാലതയിലും മുൻഗാമികളുടെയും പിൻഗാമകളുടെയും വീക്ഷണങ്ങൾ ദീർഘമായി എടുത്തുദ്ധരിക്കുന്നതിലും ഒരു അത്ഭുതമായി അദ്ദേഹം മാറി’(അദ്ദുററുൽ കാമിൻ).

ഹിജ്‌റ 711ൽ മരണപ്പെട്ട ഇമാദുദ്ദീൻ അൽവാസിത്വി(റഹി) പറയുന്നു: ‘അല്ലാഹുവാണേ സത്യം! വീണ്ടും, അല്ലാഹുവാണേ സത്യം! ആകാശത്തിനു താഴെ നിങ്ങളുടെ ശൈഖ് ഇബ്‌നു തൈമിയ്യയെ പോലെ അറിവും പ്രവർത്തനവും നല്ല അവസ്ഥയും സൽസ്വഭാവവും പ്രവാചകനെ പിൻപറ്റലും ഔദാര്യവും വിവേകവും അല്ലാഹുവിനോടുള്ള ബാധ്യതകൾ ലംഘിക്കപ്പെടുമ്പോൾ അവ നടപ്പിലാക്കുന്നതുമായ മറ്റൊരു വ്യക്തിയെ കാണാൻ സാധിക്കുകയില്ല. ജനങ്ങളുടെ കൂട്ടത്തിൽ കരാർ പൂർത്തീകരിക്കുന്നതിൽ ഏറ്റവും സത്യസന്ധനും, ഏറ്റവും ശരിയായ അറിവും തീരുമാനവുമുള്ളവനും, ജനങ്ങളിൽ ഏറ്റവും കൂടുതൽ ധർമത്തെ സഹായിക്കുകയും അതിനോട് പ്രതിബദ്ധത പുലർത്തുകയും, ഏറ്റവും നല്ല രൂപത്തിൽ ഔദാര്യം കാണിക്കുകയും, മുഹമ്മദ് നബി ﷺ യുടെ സുന്നത്തിനെ പൂർണമായ രൂപത്തിൽ പിൻപറ്റുകയും ചെയ്യുന്ന വ്യക്തിയാകുന്നു അദ്ദേഹം. നമ്മുടെ ഈ കാലഘട്ടത്തിൽ പ്രവാചകന്റെ ചര്യകളും വാക്കുകളും പ്രവർത്തനങ്ങളും ഈ വ്യക്തിയിലൂടെയല്ലാതെ തെളിഞ്ഞുകാണുന്നില്ല എന്നത് ശരിയായ ഹൃദയമുള്ളവന് മനസ്സിലാക്കാൻ സാധിക്കും. തീർച്ചയായും ഇതാകുന്നു യഥാർഥ അനുധാവനം’ (അൽഉകൂദുദ്ദരിയ്യ).

അടിസ്ഥാന വിഷയങ്ങളിൽ അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാരുടെ എകോപനത്തിന് ഇമാം എതിരായിട്ടില്ലെന്നതിന് ഇതിലധികം തെളിവുകളുടെ ആവശ്യമില്ല.

മുസ്‌ലിയാർ എഴുതുന്നു: ‘ഹാഫിള് ഇബ്‌നു ഹജർ അസ്ഖലാനി(റ) ഉദ്ധരിക്കുന്നു: സ്വഹാബീ പ്രമുഖരായ അബൂബക്കർ സിദ്ദീഖ്(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരെയൊക്കെ ഇബ്‌നു തൈമിയ്യ ആക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന് കാല്, മുഖം തുടങ്ങിയ ശരീഭാഗങ്ങളുണ്ടെന്ന് വാദിച്ച ഇദ്ദേഹം മുജസ്സിമാ (അല്ലാഹുവിന് അവയവങ്ങളുണ്ടെന്ന് പറയുന്ന നവീനവാദി)ണെന്ന് സമകാലിക പണ്ഡിതർ സമർഥിച്ചിരിക്കുന്നു’ (പേജ് 9).

ഇബ്‌നു തൈമിയ്യ(റഹി)യെ എതിർത്തവരും അദ്ദേഹത്തോട് ഇടഞ്ഞുനിന്നവരും നുണ, കളവ് കെട്ടിച്ചക്കൽ, കക്ഷിത്വം എന്നിവ കാരണമായി ഇമാമിനെതിരെ പറഞ്ഞ വിമർശനങ്ങളെ ഇബ്‌നു ഹജർ അസ്ഖലാനി(റഹി) തന്റെ അദ്ദുററുൽ കാമിന എന്ന ഗ്രന്ഥത്തിൽ എടുത്തുദ്ധരിച്ചതിനെയാണ് മുസ്‌ലിയാർ ഇവിടെ ദുരുപയോഗം ചെയ്തത്. പൊള്ളത്തരം പ്രചരിപ്പിക്കുന്നവർക്ക് ഇതൊരു നേരം പോക്കാണെങ്കിലും വിശ്വാസി സമൂഹത്തിനിത് വലിയ മുറിവുതന്നെയാണ്. ഇബ്‌നു ഹജർ അംഗീകരിക്കാത്ത കാര്യം അദ്ദേഹത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്നത് കടുത്ത അന്യായമല്ലേ മുസ്‌ലിയാരേ? അദ്ദേഹം ചരിത്ര യാത്രികനായ മുഹമ്മദുബ്‌നു അഹ്‌മദുബ്‌നു അമീനുബ്‌നു മുആദിൽനിന്ന് ഉദ്ധരിച്ചതിനെ ഇമാമിന്റെ പേരിലേക്ക് ചേർത്തിപ്പറഞ്ഞ് കബളിപ്പിക്കൽ നടത്തുകയാണ് മുസ്‌ലിയാർ ചെയ്തിരിക്കുന്നത്. മിൻഹാജുസ്സുന്ന, മജ്മൂഉൽ ഫതാവ, ലാമിയ്യ, ഹുക്വൂക്വു ആലിബൈത്ത് ബൈനസ്സുന്ന വൽബിദ്അ തുടങ്ങി ഇബ്‌നു തൈമിയ്യക്ക് സ്വഹാബികളിലുള്ള വിശ്വാസവും അവരോടുള്ള സ്‌നേഹവും ബോധ്യപ്പെടുത്തുന്ന കനപ്പെട്ട ഗ്രന്ഥങ്ങളിൽനിന്ന് അവരെ എതിർക്കുന്ന ഒരു മുറി എടുത്തുകാണിക്കാൻ മുസ്‌ലിയാർക്ക് കഴിഞ്ഞോ?

സ്വഹാബികളെ സംബന്ധിച്ച് ഇമാമിന്റെ നിലപാടിലെ വ്യക്തത കാണുക: “പൂർവികരും പ്രവാചകന്മാർക്ക് ശേഷം ഈ സമൂഹത്തിൽ ഏറ്റവും ഉത്തമരുമായവരെ ആരാണോ പിൻപറ്റുന്നത് അവൻ അവരിൽ ഉൾപ്പെടും. നബി ﷺ പറഞ്ഞു: ‘ഞാൻ നിയോഗിക്കപ്പെട്ട തലമുറയാണ് ഉത്തമ തലമുറ. പിന്നെ അവരെ പിൻപറ്റിയവർ. ശേഷം അവരെ തുടർന്നവർ.’ അതുകൊണ്ടുതന്നെ തഫ്‌സീർ, ദീനിന്റെ അടിസ്ഥാന നിയമങ്ങൾ, മതപരമായ മറ്റു അറിവുകൾ, ഭൗതിക വിരക്തി, ആരാധന, സ്വഭാവശുദ്ധീകരണം, ജിഹാദ് എന്നീ മതവിഷയങ്ങളിൽ അവരുടെ വാക്കുകളും പ്രവർത്തനങ്ങളും അറിഞ്ഞിരിക്കൽ പിൽകാലക്കാരുടെ വാക്കുകളെയും പ്രവർത്തനങ്ങളെയും അറിയുന്നതിനെക്കാൾ ശ്രേഷ്ഠവും പ്രയോജനപ്രദവുമായതാണ്. കാരണം ക്വുർആനും സുന്നത്തും അറിയിക്കുന്നതുപോലെ ആദ്യകാലക്കാരാണ് ശേഷക്കാരെക്കാൾ ശ്രേഷ്ഠർ. അതുകൊണ്ടുതന്നെ അവരെ പിൻപറ്റലും, ദീനിലും അറിവിലും അവർ ഏകോപിച്ചതും അഭിപ്രായഭിന്നത ഉണ്ടായതുമായ കാര്യങ്ങളെ മനസ്സിലാക്കൽ പിന്നീടുണ്ടായ ഏകോപനത്തെയും ഭിന്നതത്തയെയും അറിയുന്നതിനെക്കാൾ നല്ലതാണ്’ (മജ്മൂഉൽഫതാവാ).

സമസ്തക്ക് സ്വഹാബികളോടുള്ള ആദരവിന്റെ രൂപം കൂടി നമുക്ക് വായിക്കാം: ‘സ്വഹാബത്ത് മുജ്തഹിദുകളായിരുന്നുവെങ്കിലും മദ്ഹബിന്റെ ഇമാമുകളോട് എതിരായാൽ മദ്ഹബിന്റെ ഇമാമുകളെയാണ് സ്വീകരിക്കേണ്ടത്’(ഹിക്മത്ത് മാസിക).

പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരെ കുറിച്ചെഴുതിയത് കാണുക: ‘സലഫുസ്സ്വാലിഹീങ്ങളെ ഫാസിഖും മുബ്തദിഉമാക്കാൻ മതഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനം നടത്തിയ വിഘടിത മുഫ്തിയുടെ ജഹാലത്ത് എത്ര ആഴമുള്ളതാണെന്ന് വായനക്കാർ മനസ്സിലാക്കിയില്ലേ? വിവരക്കേടിനു അവാർഡ് പ്രഖ്യാപിക്കുമെങ്കിൽ ഈ പേര് പരിഗണിക്കാം’ (മതഗ്രന്ഥങ്ങളിലെ വിഘടിത തട്ടിപ്പുകൾ/പേജ് 9).

അല്ലാഹുവിന്റെ വിശേഷണങ്ങളുടെ വിഷയത്തിൽ മുജസ്സിമത്തിന്റെ വാദം ഇമാം പഠിപ്പിച്ചു എന്നതാണ് മറ്റൊരു ആരോപണം. പ്രമാണങ്ങൾ പഠിപ്പിച്ച വിശേഷണങ്ങളെല്ലാം അവന്റെ മഹത്ത്വത്തിന് യോജിക്കും വിധമാണെന്ന വിശ്വാസമാണ് അഹ്‌ലുസ്സുന്ന വൽജമാഅയുടെത്. അല്ലാഹുവിന് രൂപഭാവം നൽകി, വിശേഷണങ്ങൾക്ക് വിരോധിക്കപ്പെട്ട വ്യാഖ്യാനങ്ങൾ നൽകിയവരാണ് മുജസ്സിമിയാക്കൾ. എന്നാൽ ഈ വിഷയത്തിൽ ശൈഖുൽ ഇസ്‌ലാമിന്റെ വിശ്വാസവും നിലപാടും വായിച്ച് പഠിക്കാത്തതിന്റെ കുറവാണ് മുസ്‌ലിയാർ ഇവിടെയും കാണിച്ചത്. ജവാബുസ്സ്വഹീഹ്, അർരിസാലത്തു തദമുരിയ്യ, ദർഉത്തഹാറുളിൽ അഖ്‌ലി വന്നഖ്‌ലി, മിൻഹാജുസ്സുന്ന, ജാമിഉൽ മസാഇൽ, അഖീദത്തുൽ വാസ്വിത്വിയ്യ, മജ്മൂഉൽ ഫതാവ എന്നിങ്ങനെ ഈ വിഷയം ചർച്ച ചെയ്യുന്ന ഇമാമിന്റെ ഗ്രന്ഥങ്ങളിൽനിന്ന് ഈ ആരോപണം തെളിയിക്കുന്ന എന്തെങ്കിലും ചൂണ്ടിക്കാണിക്കാൻ മുസ്‌ലിയാർക്ക് സാധിച്ചിട്ടില്ല.

ഇബ്‌നു തൈമിയ്യ(റഹി)യുടെ ശത്രുക്കൾക്ക് അദ്ദേഹത്തിന്റെ പ്രാമാണിക നിലപാടുകളെ മറികടക്കാൻ കഴിയാതായപ്പോൾ പറഞ്ഞുപരത്തിയ വ്യാജ ആരോപണങ്ങളാണിതെല്ലാം. ഇമാമിന് അല്ലാഹുവിന്റെ വിശേഷണങ്ങളുടെ വിഷയത്തിലുള്ള നിലപാട് നമുക്ക് വായിക്കാം: ‘അല്ലാഹുവിലും അവന്റെ മലക്കുകളിലും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും അന്ത്യനാളിലും ഗുണവും ദോഷവും അവനിൽ നിന്നാണ് എന്നുമുള്ള വിശ്വാസമാണ് അന്ത്യനാൾവരെയുള്ള വിജയിച്ച കക്ഷിക്ക് അഥവാ അഹ്‌ലുസ്സുന്നത്തി വൽജമാഅക്കുള്ളത്. അല്ലാഹുവിനുള്ളതായി അവൻ പറഞ്ഞതും നബി ﷺ പഠിപ്പിച്ചതുമായ വിശേഷണങ്ങളെ ഉപമിക്കലും ഉദാഹരിക്കലും, നിഷേധവും വ്യാഖ്യാനവുമില്ലാതെ വിശ്വസിക്കലും അല്ലാഹുവിലുള്ള വിശ്വാസത്തിൽപെട്ടതാണ്. നിശ്ചയം അല്ലാഹു: അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാകുന്നു എന്നുതന്നെ വിശ്വസിക്കണം. അതിനെ നിഷേധിക്കാനോ, സ്ഥാനം തെറ്റിച്ച് പ്രയോഗിക്കാനോ, കൃത്രിമം കാണിക്കാനോ സൃഷ്ടികളുടെ വിശേഷണങ്ങളോട് ഉപമിക്കാനോ, ഉദാഹരിക്കാനോ പാടില്ല. അവൻ പരിശുദ്ധനാണ്. അവന് പേരൊത്തവരോ സമമായവരോ തുല്യരോ ഇല്ല. അവന്റെ സൃഷ്ടികളോട് അവനെ തുലനം ചെയ്യാനും പാടില്ല’ (മജ്മൂഉൽ ഫതാവാ).

പുരോഹിതന്മാർ ഏറ്റവും കൂടുതലായി ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന വിഷയമാണ് അല്ലാഹുവിന്റെ സ്വിഫത്തുകൾ. പ്രമാണങ്ങൾ എടുത്തു പറഞ്ഞ അല്ലാഹുവിന്റെ കൈ, കണ്ണ്, ഇറക്കം, അവൻ ഉപരിലോകത്താണ്... ഇതെല്ലാം കേൾക്കുന്നതുതന്നെ ഇവർക്ക് വെറുപ്പാണ്.

ഒരു മുസ്‌ലിയാർ എഴുതിയത് കാണുക: ‘അവരുടെ വിശ്വാസത്തിൽ അല്ലാഹു ഒരു വിഗ്രഹം പോലെയാണ്. കണ്ണും കയ്യും കാലും തുടങ്ങി അവയവങ്ങളുള്ളവനും ഭാഗങ്ങൾ ഉള്ളവനുമാണെന്ന് അവർ വിശ്വസിക്കുന്നു. അർശ് എന്ന സിംഹാസനത്തിൽ ഉപവിഷ്ടനാണ് അവനെന്നും അർദ്ധരാത്രിക്ക് ശേഷം ഒന്നാനാകാശത്തേക്ക് ഇറങ്ങുകയും ശേഷം കയറിപ്പോവുകയും ചെയ്യുമെന്നുമൊക്കെയാണ് ഇവരുടെ വാദം’ (എസ്.വൈ.എസ് അറുപതാം വാർഷികോപഹാരം/പേജ് 48, 49).

ഈ കാര്യങ്ങളിൽ ഇവർക്ക് വേണ്ടിടത്തെല്ലാം ഇതേ അർഥം നൽകി ഇരട്ടമുഖം സ്വീകരിക്കാനും ഇക്കൂട്ടർക്ക് മടിയില്ല.

മുസ്‌ലിയാർ പറയുന്നു: ‘മുഹമ്മദ് നബി(സ), ഇബ്‌റാഹീം(അ) അടക്കമുള്ളവരുടെ ക്വബ്റുകൾസിയാറത്ത് ചെയ്യാനായി യാത്ര പോകൽ ഹറാം, ആ യാത്രയിൽ നിസ്‌കാരം ഖസ്‌റാക്കൽ കുറ്റകരം, നരകം നശിച്ചു പോകും, ലോകം അനാദിയാണ്, നബി(സ)യുടെ ശരീരം ജീർണിച്ചു നശിച്ചിട്ടുണ്ട്, മൂന്നു ത്വലാഖ് ചൊല്ലിയാൽ ഒന്നേ പോകൂ, പ്രവാചകന്മാർ പാപസുരക്ഷിതരല്ല, നിസ്‌കാരം ബോധപൂർവം ഉപേക്ഷിച്ചാൽ ഖളാഅ് വീട്ടേണ്ടതില്ല, ആർത്തവകാരിക്ക് ത്വവാഫ് നടത്താം തുടങ്ങി നിരവധി അബദ്ധ ദർശനങ്ങൾ ഇബ്‌നു തൈമിയ്യ വെച്ചുപുലർത്തിയിരുന്നു’ (പേജ് 9,10).

ഇബ്‌നു തൈമിയ്യ(റഹി)യെ പുത്തൻവാദിയായി മുദ്രകുത്തിയ സുബുകി അടക്കമുള്ളവർ അദ്ദേഹത്തിനെതിരെ ഉന്നയിച്ച പഴകിപ്പുളിച്ച ‘കുറ്റപത്ര’ത്തിൽപെട്ടതാണിതെല്ലാം. അഹ്‌ലുസ്സുന്നയിൽ നിന്ന് അകന്ന സുബുകിയുടെ അനുയായികൾക്ക് അദ്ദേഹത്തിന്റെ കൃതികളിൽ തന്നെയാണല്ലോ അഭയം! പ്രാമാണികരും വിശ്വാസയോഗ്യരുമായ പണ്ഡിതന്മാർ ഈ നിലക്ക് ഇമാമിനെ കുറ്റപ്പെടുത്തിയതായി എവിടെയെങ്കിലുമുണ്ടോ?അർഹിക്കുന്ന അവഗണനയാണ് പണ്ഡിതന്മാർ ഇതിന് നൽകിയിട്ടുള്ളത്. ഉസ്മാൻ(റ)വിനെ ഖിലാഫത്തിൽനിന്നിറക്കാൻ അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂൽ എന്ന കപടൻ പ്രചരിപ്പിച്ച ആക്ഷേപങ്ങൾക്ക് സമമാണിത്.

ഇമാമിന്റെ മേൽ മുസ്‌ലിയാർ ആരോപിച്ചതെല്ലാം കളവിനാൽ സ്ഥാപിക്കപ്പെട്ടവയാണ്. അല്ലാഹുവിന്റെ കോപത്തിനും അതൃപ്തിക്കും കാരണമാകുന്ന പൈശാചിക പ്രവർത്തനങ്ങൾ ഒട്ടും നിലനിൽക്കുകയില്ല. അല്ലാഹു പറയുന്നു: ‘പരലോകത്തിൽ വിശ്വസിക്കാത്തതാരോ അവർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവർ വിഹരിച്ചു. അവരത്രെ കഠിനശിക്ഷയുള്ളവർ. പരലോകത്താകട്ടെ അവർതന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവർ’ (27:4,5).