വിധിയും സ്വാതന്ത്ര്യവും

ഷാഹുൽ പാലക്കാട്‌

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

(ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു?  10)

E58. രക്തസാക്ഷികളെ കുറിച്ചുള്ള പ്രവചനം

അനസ്(റ) നിവേദനം: സൈദ്(റ), ജഅ്ഫർ(റ), ഇബ്‌നു റവാഹ(റ) എന്നിവരുടെ (യുദ്ധത്തിലുള്ള) മരണവാർത്ത പ്രവാചകൻﷺ ജനങ്ങളെ അറിയിച്ചു. ആ വാർത്ത വന്നെത്തും മുമ്പുതന്നെ കണ്ണുകൾ നനഞ്ഞുകൊണ്ട് പ്രവാചകൻﷺ രക്തസാക്ഷികളായവരുടെ പേരുകൾ പറഞ്ഞു. ശേഷം ഖാലിദ് ഇബ്‌നു വലീദ്(റ) നേതൃത്വം ഏറ്റെടുക്കുകയും വിജയിക്കുകയും ചെയ്തു എന്നും പ്രവാചകൻ പറഞ്ഞു. (ബുഖാരി).

യുദ്ധഭൂമിയിൽനിന്നും ഒരുപാട് അകലെയുള്ള മദീനയിലേക്ക് യുദ്ധത്തെ സംബന്ധിച്ച വിവരമെത്താൻ ഏറെ സമയമെടുക്കും. എന്നാൽ അറിയിപ്പുമായി ആരെങ്കിലും എത്തും മുമ്പുതന്നെ വന്നെത്താൻ പോകുന്ന വാർത്ത ജനങ്ങൾക്ക് പ്രവാചകൻﷺ അറിയിച്ചുകൊടുത്തു എന്നാണ് ഈ നിവേദനത്തിൽ പറയുന്നത്. പ്രവാചകനെ നേരിൽ അനുഭവിച്ച മനുഷ്യർക്ക് അദ്ദേഹത്തിന്റെ പ്രവാചകത്വം ബോധ്യപ്പെടുന്ന നിരവധി സമാന സന്ദർഭങ്ങൾ കാണാം. അദ്ദേഹം ദൈവദൂതനാണെങ്കിൽ മാത്രം അദ്ദേഹത്തിൽനിന്നും പ്രകടമാകേണ്ട കാര്യങ്ങൾ കാണപ്പെട്ടു എന്നത് പ്രവാചകത്വത്തെ തെളിയിക്കുന്നുണ്ട്.

E59. അമ്മാറിന്റെ രക്തസാക്ഷ്യം

ഇക്‌രിമ(റ) നിവേദനം: “മദീനാ പള്ളിയുടെ നിർമാണ വേളയിൽ ഞങ്ങൾ കല്ലുകൾ ചുമക്കുകയാണ്. ഓരോ തവണയും ഓരോ കല്ലുവീതം ചുമന്ന് കൊണ്ടുവരും. എന്നാൽ അമ്മാറാകട്ടെ രണ്ടു കല്ലുകൾ വീതമാണ് ചുമക്കുന്നത്. ആ നേരം പ്രവാചകൻﷺ അതുവഴി കടന്നുവന്നു. അമ്മാറിന്റെ തലയിൽ നിന്നും മണ്ണ് തട്ടിക്കളഞ്ഞുകൊണ്ടു പ്രവാചകൻﷺ പറഞ്ഞു: ‘അമ്മാർ! അല്ലാഹുവിന്റെ കാരുണ്യം താങ്കൾക്ക് ഉണ്ടാകട്ടെ. ഒരു കൂട്ടം കലാപകാരികളുടെ കൈകളാൽ താങ്കൾ കൊല്ലപ്പെടും’’ (ബുഖാരി).

നാലാം ഖലീഫ അലിയ്യുബ്‌നു അബീതാലിബി(റ)ന് എതിരെ കലാപം നയിച്ച ഒരുകൂട്ടം കലാപകാരികളുമായി ഹിജ്‌റ വർഷം 25ന് (എഡി 657) നടന്ന സിഫ്ഫ്വീൻ യുദ്ധത്തിൽവച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിർപക്ഷക്കാരായ കലാപകാരികൾ വധിക്കുകയുണ്ടായി. നബിﷺയുടെ പ്രമുഖ അനുയായികളിൽ ഒരാളായിരുന്നു അമ്മാർ. (https://en.m.wikipedia.org/wiki/Ammar ibn_Yasir).

E60. ഹസൻ ഇബ്‌നു അലി(റ)യെ കുറിച്ച്

പ്രവാചകൻﷺ ഒരിക്കൽ തന്റെ പ്രസംഗ പീഠത്തിനരികിൽനിന്നും തന്റെ പേരക്കുട്ടിയായ ഹസൻ ഇബ്‌നു അലിയെ കൈയിലെടുത്ത് ഉയർത്തി  അനുയായികളോട് പറഞ്ഞു: ‘എന്റെയീ കുഞ്ഞ് ഒരു നേതാവാണ്! അല്ലാഹു അവന്റെ കരങ്ങളിലൂടെ മുസ്‌ലിംകളുടെ രണ്ടു സംഘങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കുന്നതാണ്’ (ബുഖാരി).

ക്രിസ്താബ്ദം 661ൽ ഹസൻ(റ) തനിക്കു ലഭിച്ച ഖിലാഫത്ത് ജനങ്ങളുടെ സമാധാനം കാംക്ഷിച്ച് മുആവിയക്ക് വിട്ടുകൊടുത്തതോടെ മുസ്‌ലിംകളിലെ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് താൽക്കാലികമായ വിരാമമുണ്ടായി!

E61. ഈജിപ്ത് കീഴടക്കൽ

അബൂദർറുൽ ഗിഫ്ഫാരി(റ)യിൽനിന്നും നിവേദനം; പ്രവാചകൻﷺ പറഞ്ഞിരിക്കുന്നു: “നിശ്ചയമായും നിങ്ങൾ ഈജിപ്ത് ജയിച്ചടക്കും. നിങ്ങൾ ഈജിപ്ത് ജയിച്ചടക്കുമ്പോൾ തദ്ദേശവാസികളോട് നല്ല രീതിയിൽ സഹവസിക്കണം. കാരണം അവരുമായി കരാറും കുടുംബബന്ധവും ഉണ്ട്/അല്ലെങ്കിൽ കരാറും വിവാഹബന്ധവുമുണ്ട്. ഒരു ഇഷ്ടികയുടെ സ്ഥാനത്തിനുവേണ്ടി അവിടെ രണ്ടു പേർ തർക്കിക്കുന്നത് കണ്ടാൽ താങ്കൾ അവിടെനിന്നും പുറത്ത് പോകണം.’’ അബൂദർറ്(റ) പറയുന്നു: “അബ്ദുർറഹ്‌മാൻ ഇബ്‌നു ഹസനയും അദ്ദേഹത്തിന്റെ സഹോദരൻ റബീഅയും ഒരു ഇഷ്ടികയുടെ സ്ഥാനത്തിന്റെ പേരിൽ തർക്കിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ  ഞാൻ അവിടെനിന്നും പുറത്തുപോയി’’ (മുസ്‌ലിം).

എഡി 642ൽ രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത് സൈന്യാധിപൻ അംറുബ്‌നുൽ ആസ്വി(റ)ന്റെ നേതൃത്വത്തിൽ മുസ്‌ലിംകൾ ഈജിപ്ത് ജയിച്ചടക്കുന്നു. ഈജിപ്ത് കീഴടക്കുമ്പോൾ ഹദീസ് റിപ്പോർട്ട് ചെയ്യുന്ന അബൂദർറ്(റ) ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം പ്രവാചകന്റെ പ്രവചനം നിറവേറുന്നതായും പ്രവാചകൻﷺ പറഞ്ഞതുപോലെ രണ്ടാളുകൾ ഒരു ഇഷ്ടികയുടെ കാര്യത്തിൽ തർക്കിക്കുന്നതായും കാണുന്നു. അദ്ദേഹം പ്രവാചക കൽപനയെ അക്ഷരംപ്രതി അനുസരിച്ച് അവിടെനിന്നും പുറത്തു പോകുന്നു. https://en.m.wikipedia.org/wiki/Muslim_conquest_of_Egypt

E65. ഖിലാഫത്തിന്റെ അവസാനവും തിരിച്ചുവരവും

“അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനുശേഷം എന്റെ പ്രവാചകത്വത്തെ പിൻപറ്റുന്ന, ആ മാതൃക അതേപടി പിന്തുടരുന്ന ഖിലാഫത്ത് നിലവിൽ വരും. അതിനുശേഷം രാജഭരണമാകും ഉണ്ടാവുക. അതിനുശേഷം ലോകത്ത് ധിക്കാരികളുടെ ദുർഭരണമാകും ഉണ്ടാവുക. അതിനുശേഷം എന്റെ പ്രവാചകത്വത്തെ പിന്തുടർന്ന അതേ ഖിലാഫത്ത് വീണ്ടും വരും’’ (അഹ്‌മദ്).

ഹിജ്‌റ വർഷം 10ൽ (എഡി 632) നബിﷺ മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു. അതിനുശേഷം മുപ്പതു വർഷത്തോളം നബിﷺയുടെ മാതൃക പിൻപറ്റുന്ന ഖിലാഫത്ത് ലോകം കണ്ടു. അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരും അവർക്കുശേഷം വളരെ ചുരുങ്ങിയ കാലം അലി(റ)യുടെ മകൻ ഹസനും പ്രവാചകമാതൃയിൽ ഭരിച്ചു.https://en.m.wikipedia.org/wiki /Caliphate

അതിനുശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസീ ഭരണം എന്നിങ്ങനെ രാജഭരണം നിലവിൽ വരികയുണ്ടായി. പിൽക്കാലത്ത് യുറോപ്യൻ അധിനിവേശങ്ങൾ ആരംഭിച്ചു. പിന്നെ ആ ധിക്കാരികളുടെ തേർവാഴ്ച ലോകം കണ്ടു. https://en.m.wikipedia.org/wiki/Imperialism. വീണ്ടും ഒരു ഖിലാഫത്ത് വരും എന്നത് കൂടി ഈ പ്രവചനത്തിൽ പുലരാൻ ബാക്കിയുണ്ട്.

E66. വിധിയും സ്വാതന്ത്ര്യവും

കേവല യുക്തികൊണ്ട് മാത്രം ചിന്തിച്ചാൽ വൈരുധ്യമെന്ന് തോന്നാവുന്ന ഒന്നാണ് വിധിയും സ്വാതന്ത്ര്യവും. സർവ പ്രത്യയശാസ്ത്രങ്ങളിലും ഭൗതിക വാദത്തിലും ഈ പ്രതിസന്ധിയുണ്ട്. ബാഹ്യകാരണങ്ങളാണ് നിങ്ങളുടെ തീരുമാനങ്ങളെ നിശ്ചയിക്കുന്നത് എങ്കിൽ നിങ്ങൾക്ക് സ്വതന്ത്രമായ തീരുമാന ശക്തിയുണ്ടെന്ന് എങ്ങനെ പറയാനാകും? മസ്തിഷ്‌കത്തിന്റെ അകത്ത് നടക്കുന്ന ന്യൂറോ കെമിക്കൽ പ്രവർത്തനങ്ങളാണ് നിങ്ങൾ മറ്റൊരാളെ കൊല്ലാൻ കാരണമായത് എങ്കിൽ നിങ്ങളെ അതിനു കുറ്റം പറയാനാകുമോ? ഇടമുറിയാത്ത കാര്യ-കാരണങ്ങളുടെ ശൃംഖല മാത്രമാണ് പ്രപഞ്ചമെങ്കിൽ ബില്യൺ വർഷങ്ങൾക്ക് മുമ്പുതന്നെ നിങ്ങൾ മറ്റൊരാളെ കൊല്ലാനുള്ള വിധി പ്രപഞ്ചത്തിൽ ഉണ്ടെന്നാകുന്നു. ഈ പ്രതിസന്ധിയെ തുറന്ന് സമ്മതിക്കുന്നതാണ് നാസ്തികനും ന്യൂറോ സയന്റിസ്റ്റുമായ സാം ഹാരിസ് രചിച്ച ‘ഫ്രീ വിൽ’ എന്ന കൃതി. അതിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം:

“ഒരു താൽപര്യം ജനിക്കുന്നതുവരെ എന്ത് താൽപര്യപ്പെടണം എന്നു നിർണയിക്കുന്നത് പോലും നാമല്ല. ഇത് മനസ്സിലാക്കിയാൽ നമ്മുടെ ചിന്തകളുടെ രചയിതാക്കൾ നാമല്ല എന്ന് മനസ്സിലാകും. നമ്മുടെ പ്രവൃത്തികൾക്ക് ഉത്തരവാദി നാമല്ല എന്ന് തിരിച്ചറിയാം. സാധാരണ, ജനങ്ങൾ മനസ്സിലാക്കുന്ന പോലെയല്ല ഇതൊന്നും’’ (Sam Harris, Free Will).

മനുഷ്യന് ശാസ്ത്രീയമായി സ്വതന്ത്ര ഇച്ഛാശക്തിയില്ലെങ്കിൽ പിന്നെ എങ്ങനെ ചെയ്യുന്ന കർമങ്ങൾക്ക് മനുഷ്യൻ ഉത്തരവാദിയാകും? ഈ പ്രതിസന്ധിക്ക് ആധുനിക ലോകം കാണുന്ന മറുപടി തത്ത്വചിന്തയിൽ Compatibilism എന്ന് അറിയപ്പെടുന്നു. അഥവാ മനുഷ്യൻ സ്വന്തം കർമങ്ങളെ സംബന്ധിച്ച് ബോധവാനായി അവൻ താൽപര്യപ്പെടുന്നത് ചെയ്യുന്നു. അതിന് മനുഷ്യ നിയന്ത്രിതമല്ലാത്ത ബാഹ്യകാരണം ഉണ്ടെന്നത് അവന്റെ ഇച്ഛാശക്തിക്ക് വിരുദ്ധമല്ല. അതിനാൽ മനുഷ്യന് ഇച്ഛാശക്തിയുണ്ടെന്നും അതേസമയം അവന്റെ കർമങ്ങൾ മുൻ നിശ്ചയിക്കപ്പെട്ടതാണെന്നും നാം തീർപ്പാക്കുന്നു. ചുരുക്കത്തിൽ വിധിയും സ്വാതന്ത്ര്യവും ഒരുപോലെ നിലനിൽക്കുന്നു. കേവല യുക്തിയാൽ വൈരുധ്യമെന്ന് തോന്നാമെങ്കിലും ഇവ രണ്ടും നിഷേധിക്കാൻ മനുഷ്യനാവില്ല എന്നിടത്ത് ആധുനിക ബുദ്ധിജീവികൾ ചെന്ന്‌നിൽക്കുന്നു. എന്നാൽ ഇതേ ആശയംതന്നെ നൂറ്റാണ്ടുകൾക്ക് മുന്നേ പറഞ്ഞുവെക്കാൻ കഴിഞ്ഞ ഒരേയൊരു ദർശനം ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാം കൃത്യമായും മുൻനിശ്ചയ സ്വഭാവം മനുഷ്യനും പ്രപഞ്ചത്തിനുമെല്ലാം ഉണ്ടെന്ന് പ്രഖ്യാപിക്കുന്നു:

“സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്റെ). വ്യവസ്ഥ നിർണയിച്ചു മാർഗദർശനം നൽകിയവനും’’ (87:2,3).

“തീർച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു...’’ (54:49).

അതേസമയം മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമുണ്ടെന്നും അവന്റെ തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യമുണ്ടെന്നും ക്വുർആൻ പറയുന്നത് കാണാം.

“പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ’’ (18:29).

“അവർ ആ പറഞ്ഞതും അവർ പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തിവെക്കുന്നതാണ്. കത്തിയെരിയുന്ന നരകശിക്ഷ ആസ്വദിച്ചുകൊള്ളുക എന്ന് നാം (അവരോട്) പറയുകയും ചെയ്യും. നിങ്ങളുടെ കൈകൾ മുൻകൂട്ടി ചെയ്തുവെച്ചതുകൊണ്ടും അല്ലാഹു അടിമകളോട് അനീതി കാണിക്കുന്നവനല്ല എന്നതുകൊണ്ടുമാണ് അത്’’ (3:182).

“തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’ (76:3).

“നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത്. തീർച്ചയായും ധർമനിഷ്ഠ പാലിക്കുന്നവർ സ്വർഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും’’ (52:16,17).

അഥവാ വിധിയും സ്വാതന്ത്ര്യവും ഇസ്‌ലാമിലുണ്ട്. മനുഷ്യന്റെ തിരഞ്ഞെടുപ്പുകൾക്ക് അനുസരിച്ചാണ് അവന്റെ പരലോകമിരിക്കുന്നത്. എന്നാൽ കേവല യുക്തികൊണ്ട് മുൻനിശ്ചയത്വത്തെ പ്രകൃതിയിൽ മനുഷ്യൻ അറിയുന്നില്ല. അറിഞ്ഞെങ്കിൽ തന്നെ അത് സ്വതന്ത്ര ഇച്ഛയുമായി വൈരുധ്യത്തിലാകുന്നതായി മനുഷ്യൻ കരുതുന്നു. എന്നാൽ കേവല യുക്തിയുടെ പരിമിതിക്ക് അപ്പുറം ഇവയെ സംബന്ധിച്ച് സംസാരിക്കാൻ ഇസ്‌ലാമിന് കഴിയുന്നു എന്നതുതന്നെ ഇസ്‌ലാമിന്റെ ദൈവികതക്കുള്ള തെളിവാണ്. ഇസ്‌ലാം വിധിയെ സംബന്ധിച്ചും തിരഞ്ഞെടുക്കാനുള്ള മനുഷ്യസ്വാതന്ത്ര്യത്തെ കുറിച്ചും ഒരുപോലെ സംസാരിക്കുന്നു. തത്ത്വചിന്തയിൽ compatibilists ചെയ്യുന്നത് ഇതുതന്നെയാണ്. വിധിയെയും സ്വാതന്ത്ര്യത്തെയും ഒരുപോലെ അംഗീകരിക്കുന്നു.

മനുഷ്യയുക്തിക്ക് ഇത് കേവലമായി ഉൾക്കൊള്ളാൻ കഴിയില്ല എന്ന പരിമിതിയെ കുറിച്ച് കൂടി ഇസ്‌ലാം സാരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മനുഷ്യന് ഉൾക്കൊള്ളാൻ കഴിവില്ലാത്ത ഒന്നിനെ അത് സത്യമല്ലെങ്കിൽ പ്രവാചകൻﷺ എന്തിന് പരിചയപ്പെടുത്തണം?

പ്രവാചകൻ പറയുന്നത് നോക്കുക: “ഇതിനാലാണ്(വിധി) ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്. ഇതിനാലാണ് (വിധി) ഞാൻ അയക്കപ്പെട്ടത്. ഈ വിഷയം സംസാരിച്ച് നിങ്ങൾക്ക് മുമ്പുള്ള ജനം നാശമടഞിരിക്കുന്നു. ഇതിന്മേൽ നിങ്ങൾ തർക്കിക്കരുത് എന്ന് ഞാൻ വിധിക്കപ്പെട്ടിരിക്കുന്നു’’ (തിർമിദി).

കേവല ചർച്ചകളിൽ വിധിവിശ്വാസം തർക്കവിഷയമാകുന്നത് ഇസ്‌ലാം വിലക്കുന്നു. സങ്കീർണമായ വിധിയെയും ഇച്ഛാസ്വാതന്ത്ര്യത്തെയും ഒരുപോലെ ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. compatibilism എന്ന ആധുനിക തത്ത്വചിന്തയിലെ ആശയം നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകന് പറയാൻ കഴിഞ്ഞത് എങ്ങനെയാകും?

സത്യമല്ലെങ്കിൽ മനുഷ്യന് ഉൾക്കൊള്ളാൻ പരിമിതിയുണ്ടെന്നറിഞ്ഞിട്ടും വിധിവിശ്വാസത്തെ സംബന്ധിച്ച് ആവർത്തിച്ച് പറയാൻ ക്വുർആനിന് കഴിഞ്ഞത് എങ്ങനെയാണ്? ലോകം ഈ ക്വുർആൻ വിവരണങ്ങളുമായി കൃത്യമായും ഒത്തുപോകുന്നത് എന്തുകൊണ്ടായിരിക്കും? അത് ദൈവികമാണ് എന്നതല്ലാതെ ഈ സമസ്യകൾക്ക് ഉത്തരമാകുന്നില്ല.