25ാം അനുച്ഛേദവും പുതിയ പാഠങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 27)

എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ് എന്ന വിഷയത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ച ശേഷം ജസ്റ്റിസ് സുധാൻഷു ധൂലിയ ഭരണഘടനയുടെ 25ാം അനുച്ഛേദത്തിലേക്കാണ് പ്രവേശിച്ചത്. മതാചാരങ്ങളെ എസെൻഷ്യൽ എന്നും നോൺ എസെൻഷ്യൽ എന്നും വേർതിരിക്കാൻ ഒരു ഭരണകൂടത്തിനോ നീതിന്യായവ്യവസ്ഥക്കോ സാധിക്കില്ല. അനുച്ഛേദം 25 ചൂണ്ടിക്കാണിക്കുന്നപോലെ റിലീജിയസ് പ്രാക്ടീസ് ആയ ഏതൊരു കാര്യവും അതാത് മതവിഭാഗത്തിൽ പെട്ട വ്യക്തികൾക്ക് അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ വ്യക്തിപരമായ അവകാശമായിട്ട് മാത്രമെ ശിരോവസ്ത്ര സ്വാതന്ത്ര്യത്തെ കാണാനാവൂ. ഒരു സ്ഥാപനം, വിഭാഗം എന്ന നിലയിൽ ഭരണഘടന നൽകിയിട്ടുള്ള അവകാശമാണ് അനുച്ഛേദം 26 പറയുന്നത്. എന്നാൽ ഓരോ വ്യക്തിക്കും അയാളുടെ ഇച്ഛയനുസരിച്ച് നിർവഹിക്കാൻ സ്വാതന്ത്ര്യം നൽകുന്ന അനുച്ഛേദമാണ് 25(1). അവ രണ്ടും വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

മതസ്വാതന്ത്ര്യം: വ്യക്തിപരം, സാമൂഹികം

അനുച്ഛേദം 25(1): മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചാരണത്തിനും മതപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം. പൊതുസമാധാനത്തിനും സാന്മാർഗികതക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ‘എല്ലാ വ്യക്തികൾക്കും’ തുല്യമായ അവകാശമുണ്ട്.

അനുച്ഛേദം 26: മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള അധികാരം: പൊതുസമാധാനത്തിനും സാന്മാർഗികതക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി ‘ഓരോ മതവിഭാഗത്തിനും’ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തിനും മതപരവും ധർമപരവുമായ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിനും മതപരമായ വിഷയങ്ങളിൽ അതിന്റെതായ കാര്യങ്ങൾ നടത്തുന്നതിനും സ്ഥാവര ജംഗമ വസ്തുക്കൾ ഉടമസ്ഥതയിൽ വയ്ക്കുന്നതിനും അങ്ങനെയുള്ള വസ്തുക്കളുടെ നിയമപരമായ ഭരണം നടത്തുന്നതിനും അവകാശമുണ്ട്.

അനുച്ഛേദം 25 വ്യക്തിപരമായ അവകാശത്തെയും 26 സാമൂഹിക, സ്ഥാപന അവകാശങ്ങളെയുമാണ് വ്യക്തമാക്കുന്നത്.

ശിരോവസ്ത്ര വിഷയം വ്യക്തിപരമാണ്

ജസ്റ്റിസ് ധൂലിയ ശിരോവസ്ത്ര വിഷയത്തെ മത, സാമൂഹിക വിഷയമായി കോടതിയിൽ കൊണ്ടുവരുന്നതിനോട് വിയോജിക്കുന്നു. കാരണം ഒരു വ്യക്തിയുടെ മതവേഷം അനുച്ഛേദം 25 നൽകുന്ന വ്യക്തിപരമായ അവകാശങ്ങളിൽ പെട്ടതാണ് എന്നാണ് അദ്ദേഹം പറയുന്ന പ്രധാന ന്യായം. മതപരമായ ചിഹ്നങ്ങളും ആചാരങ്ങളും ഓരോ വ്യക്തിയും സ്വീകരിക്കുന്നതും അവ മറ്റുള്ളവർക്ക് കാണുന്നവിധത്തിൽ പ്രദർശിപ്പിക്കുന്നതുമെല്ലാം അനുച്ഛേദം 25 നൽകിയിട്ടുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ വിധത്തിലാണ് ശിരോവസ്ത്ര വിഷയത്തെ കോടതിയിൽ കൊണ്ടുവരേണ്ടതെന്നും അതിന് പകരം മതത്തിലെ അത്യന്താപേക്ഷിത ആചാരം (ERP) എന്ന നിലയ്ക്ക് അതിനെ കൊണ്ടുവരുന്നത് ഒട്ടും ശരിയല്ല എന്നുമാണ് അദ്ദേഹത്തിന്റെ വിധിന്യായത്തിൽ പറയുന്ന വളരെ പ്രസക്തമായ കാര്യം.

മുത്ത്വലാക്വ് കേസിലെ വിധി നോക്കുക: മേൽപറഞ്ഞ പരിശോധനകളിൽനിന്ന് മനസ്സിലാകുന്നത്, മുത്ത്വലാക്വ് എന്നത് കേവലം അനുവദനീയമായ ഒരു ത്വലാക്വ് മാത്രമാണ് എന്നാണ്. അതേസമയം, ഹനഫി മദ്ഹബ് അത് അനുവദിക്കുന്നുണ്ടെങ്കിലും അത് പാപമാണെന്ന് പ്രസ്താവിക്കുന്നു. രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട ജാവേദ് കേസിന്റെ വിധിയിലും താണ്ഡവ നൃത്തവുമായി ബന്ധപ്പെട്ട ആനന്ദ മാർഗി കേസിന്റെ വിധിയിലും ഇത്തരം ആചാരങ്ങളൊന്നും അനിവാര്യമായ മതാചാരമാകില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നവർക്കായി ഹരിയാന സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ ജാവേദ് എന്ന വ്യക്തി സമർപ്പിച്ച കേസാണ് ജാവേദ് കേസ് എന്നറിയപ്പെടുന്നത്. രണ്ട് കുട്ടികളിലധികം ഉള്ളവർക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാടില്ലെന്നായിരുന്നു നിയമം. രണ്ടിലധികം കുട്ടികൾ ഉണ്ടാവുക എന്നത് മതപരമായ അവകാശം കൂടിയാണ് എന്നായിരുന്നു ജാവേദിന്റെ വാദം. എന്നാൽ അതൊരു ‘അനിവാര്യമായ മതാചാരമല്ല’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീഭക്തർക്ക് ശബരിമല അയ്യപ്പക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാശമുണ്ടോ എന്നതായിരുന്നു ശബരിമല കേസിൽ ഭരണഘടനാ ബെഞ്ചിന്റെ മുന്നിലുള്ള ചോദ്യം. ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ക്ഷേത്ര അധികാരികൾ സ്ത്രീകളുടെ അവകാശം നിഷേധിച്ചിരുന്നത്. സുപ്രീംകോടതി 4:1 ഭൂരിപക്ഷത്തിൽ സ്ത്രീഭക്തർക്ക് അനുകൂലമായി വിധിച്ചപ്പോൾ കോടതി പറഞ്ഞത് ക്ഷേത്രത്തിന്റെ നടപടി ഭരണഘടന പ്രകാരമുള്ള സ്ത്രീഭക്തരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു.

മുകളിൽ ഉദ്ധരിച്ച രണ്ട് കേസുകളിലും കോടതിയുടെ മുമ്പാകെയുള്ള പ്രധാന പ്രശ്‌നം മതവും മതാനുഷ്ഠാനവും ആയിരുന്നു. അനുച്ഛേദം 19(1)(എ) പ്രകാരം ഒരു പൗരന് നൽകിയിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യമായിരുന്നില്ല വിഷയം. എന്നാൽ ശിരോവസ്ത്ര വിഷയത്തിൽ മതവും മതാനുഷ്ഠാനവുമല്ല പ്രധാന വിഷയം. അത് പ്രധാനമായും ബന്ധപ്പെടുന്നത് 25(1) അനുച്ഛേദവുമായി മാത്രമാണ്. അതിന് 26, 25(2) എന്നിവയുമായി ബന്ധമില്ല. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 19(1) ഒരു വ്യക്തിക്ക് നൽകുന്ന മൗലികാവകാശത്തെ മനഃസാക്ഷി, മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന അനുച്ഛേദം 25(1)മായി ബന്ധപ്പെടുത്തി ചർച്ച ചെയ്യാവുന്നതാണ്.

അനുച്ഛേദം 25 ഒരു പൗരന് ‘മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും മതവിശ്വാസ, ആചാര പ്രചാരണ സ്വാതന്ത്ര്യവും’ ഉറപ്പ് നൽകുന്നു. അത് എസെൻഷ്യൽ വിഷയവുമായി ബന്ധപ്പെടുന്നില്ല. അനുച്ഛേദം 25(2), അനുച്ഛേദം 26 എന്നിവയുമായി ഇടപെടുമ്പോൾ മാത്രമാണ് എസെൻഷ്യൽ ആശയം കടന്നുവരുന്നത്.

പെൺകുട്ടികളുടെ അപേക്ഷ ഭരണഘടനാനുസൃതം

ഞങ്ങളുടെ മുമ്പിലുള്ളത് ശിരോവസ്ത്രം ധരിച്ച് തങ്ങളുടെ വ്യക്തിത്വം ഉറപ്പിക്കുകയും ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദങ്ങൾ 19, 25 എന്നിവ പ്രകാരം സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുന്ന രണ്ട് കുട്ടികളാണ്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിൽ അത്യന്താപേക്ഷിത മതാചാരമാണോ അല്ലയോ എന്നത് ഈ വിഷയത്തിന്റെ വിധിതീർപ്പിന് അനിവാര്യമല്ല. ക്ലാസ് മുറിയിൽ ഒരു വിദ്യാർഥി ശിരോവസ്ത്രം ധരിക്കുന്നത് ആത്മാർഥമായ വിശ്വാസത്തിന്റെ ഭാഗമാണെങ്കിൽ, അത് മറ്റാരെയും ദ്രോഹിക്കുന്നില്ലെങ്കിൽ, അത് നിരോധിക്കുന്നതിന് ന്യായമായ യാതൊരു കാരണവും പറയാനില്ല.

കർണാടക ഹൈക്കോടതിക്ക് പറ്റിയ തെറ്റ്

എന്നാൽ എന്താണ് ഇ.ആർ.പി എന്നും ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ ഇ.ആർ.പിയുടെ ഭാഗമാണോ എന്നും കർണാടക ഹൈക്കോടതി വിശദമായ പഠനം നടത്തുകയാണ് ചെയ്തത്. വിശുദ്ധ ക്വുർആനിലെ സൂറത്തുകളും വചനങ്ങളും അതിനായി പരാമർശിക്കുകയും വിശദീകരിക്കുകയും ചെയ്തു, എന്നിട്ട്, വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിന്റെ സഹായത്തോടെ, ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമിൽ അത്യന്താപേക്ഷിതമായ ഒരു മതാചാരമല്ലെന്ന് നിഗമനം ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ, ശിരോവസ്ത്രം ‘എസെൻഷ്യൽ’ അല്ല എന്ന കാരണം പറഞ്ഞുകൊണ്ട് വിദ്യാർഥികളുടെ ആവശ്യം തള്ളുകയും ചെയ്തു.

ദൈവശാസ്ത്ര വിഷയങ്ങളും കോടതികളും

തർക്കവിഷയത്തിന്റെ വിധിതീർപ്പിന് ഇ.ആർ.പി പരിശോധന അനിവാര്യമല്ല എന്ന മർമപ്രധാനമായ വിഷയത്തിന് പുറമെ മറ്റൊരു പ്രധാനമായ വശംകൂടി ഈ വിഷയത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ദൈവശാസ്ത്രപരമായ വിഷയങ്ങൾ പരിഹരിക്കാനുള്ള വേദിയല്ല കോടതികൾ. അവ ചർച്ചചെയ്തു തീരുമാനിക്കാൻ വിവിധ കാരണങ്ങളാൽ കോടതികൾ സജ്ജമല്ല എന്നതാണ് യാഥാർഥ്യം. മതവിഷയങ്ങളിൽ ഒന്നിലധികം വീക്ഷണങ്ങൾ ഉണ്ടായിരിക്കുക സ്വാഭാവികമാണ്. അവയിൽ ഏതെങ്കിലും ഒന്നാണ് ശരി എന്ന് തീരുമാനിക്കുക കോടതികളുടെ ജോലിയല്ല. അതിന് കോടതിക്ക് അധികാരവുമില്ല. എന്നിരുന്നാലും, ഭരണഘടന നിശ്ചയിച്ചിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ അതിരുകൾ ലംഘിക്കപ്പെടുകയോ മതസ്വാതന്ത്ര്യത്തിൽ ഭരണകൂടം അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുമ്പോൾ ഇടപെടാൻ കോടതികൾക്ക് അവകാശമുണ്ട്.

മതവിഷയങ്ങളിലെ വിവിധാഭിപ്രായങ്ങൾ

ദൈവശാസ്ത്ര മേഖലകളിലേക്ക് കടക്കരുതെന്ന് സുപ്രീംകോടതി രാമജന്മഭൂമി കേസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു മതത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കാം. അവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നത് ശരിയായിരിക്കില്ല. മതഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നതിൽനിന്ന് കോടതികൾ മാറിനിൽക്കണം.

രാമജന്മഭൂമി കേസിൽ ഹിന്ദുത്വ വിഭാഗത്തിന്റെ അഭിഭാഷകനായ പി.എൻ.മിശ്ര നമസ്‌കരിക്കാൻ പള്ളികൾ നിർബന്ധമില്ല എന്ന് ചില ഇസ്‌ലാമിക ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് സംസാരിച്ചപ്പോൾ സുപ്രീം കോടതി നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

‘ആരാധനാലയ വിഷയത്തിൽ പി.എൻ.മിശ്ര ഇവിടെ ചിത്രീകരിക്കാൻ ശ്രമിച്ച കാര്യങ്ങൾ ഇസ്‌ലാമിലെ ഏക വ്യാഖ്യാനമായി അംഗീകരിക്കാൻ കഴിയില്ല. നിരവധി വ്യാഖ്യാനങ്ങളിൽ ഒന്ന് മാത്രമാണത്. അതുകൊണ്ട് തന്നെ ദൈവശാസ്ത്ര മേഖലയിലേക്ക് പ്രവേശിച്ച് ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിക്കാനോ പ്രവാചക വചനങ്ങളുടെ വ്യാഖ്യാനം നടത്താനോ ഈ കോടതി മുതിരുന്നത് അനുചിതമാണ്. വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മുസൽമാന്മാർക്ക് അവർ പ്രാർഥന നിർവഹിക്കുന്ന സ്ഥലങ്ങളിൽ അഥവാ പള്ളികളിൽ പ്രാർഥന നിർവഹിച്ചാൽ ഫലമുണ്ടാവും എന്ന് അവർക്ക് വിശ്വാസമുണ്ടെങ്കിൽ അത് പരിശോധിക്കുക മാത്രമാണ് ഈ കോടതിക്ക് നിർവഹിക്കാൻ സാധിക്കുക. മുസ്‌ലിം പള്ളി എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് നമസ്‌കരിക്കണമെന്ന വിശ്വാസത്തെ ഈ കോടതിക്ക് വെല്ലുവിളിക്കാനാവില്ല. പി.എൻ.മിശ്ര അദ്ദേഹത്തിന് യോജിച്ച കാര്യമെന്ന നിലയ്ക്ക് തിരഞ്ഞെടുത്ത കടുത്ത വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ഒരു യഥാർഥ മുസ്‌ലിം പ്രാർഥന നടത്തുന്ന സ്ഥലത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത് അപലപനീയമാണ് എന്ന് ഈ കോടതി വിശ്വസിക്കുന്നു. ഭരണഘടനയുടെ കീഴിൽ സ്ഥാപിതമായ ഒരു മതേതര സ്ഥാപനമെന്ന നിലയിൽ ഈ കോടതിക്ക് ദൈവശാസ്ത്ര സിദ്ധാന്തത്തിന്റെ സാധ്യമായ നിരവധി വ്യാഖ്യാനങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനേ കഴിയുകയുള്ളൂ. ഒരു വിശ്വാസിക്ക് അയാളുടെ വിശ്വാസത്തെയും ആരാധനയെയും സംരക്ഷിക്കുവാനുള്ള ബാധ്യത നിറവേറ്റുക എന്നതാണ് കോടതിക്ക് നിർവഹിക്കാൻ കഴിയുക.’ (രാമജന്മഭൂമി കേസ് വിധി, ഖണ്ഡിക 90).

തീവ്ര വ്യാഖ്യാനം ബഹുസ്വരതക്ക് ചേർന്നതല്ല

‘എല്ലാറ്റിനുമുപരിയായി, മതാചാരങ്ങൾ സാമൂഹിക സാഹചര്യങ്ങൾക്കും സാംസ്‌കാരിക വൈവിധ്യങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെടും. ഇസ്‌ലാം മതം അതിൽനിന്നും ഒഴിവല്ല. അതാണ് നമ്മുടെ ബഹുസ്വര സമൂഹത്തിന്റെ ശക്തി. മതം ആചരിക്കുന്ന രീതിയെ രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണ് സാംസ്‌കാരിക സ്വാംശീകരണം. സാംസ്‌കാരിക വൈവിധ്യവും ബഹുസ്വരതയും ഒരു രാജ്യത്തിന്റെ യഥാർഥ സ്വഭാവത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. വൈവിധ്യമാർന്ന മതവിശ്വാസങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുകയും സഹിഷ്ണുത പുലർത്തുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. മതസിദ്ധാന്തങ്ങളെ കേവലവും തീവ്രവുമായ രൂപത്തിൽ വ്യാഖ്യാനിക്കാനും ആരാധകരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനും കോടതിക്ക് കഴിയില്ല. അത്തരത്തിലുള്ള ഏതൊരു ശ്രമത്തെയും തള്ളിക്കളയാൻ ഈ കോടതിക്ക് യാതൊരു സങ്കോചവുമില്ല. ഭരണഘടനയുടെ അനുച്ഛേദം 25-ന് അടിവരയിടുന്ന മൂല്യങ്ങൾക്ക് വിനാശകരമായ മറ്റൊന്നും ഈ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല’ (ഖണ്ഡിക 91).

ശബരിമല റിവ്യൂ പെറ്റിഷൻ കേസിൽ (കണ്ടരു രാജീവരുടെ ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ കേസ്) സുപ്രീംകോടതിയുടെ നിരീക്ഷണം ഇങ്ങനെയാണ്: ‘ഒരു അനിവാര്യമായ മതാചാരം (ERP)) എന്താണെന്നത്, അതിന്റെ സാഹചര്യങ്ങളും സങ്കീർണതകളും എന്തുതന്നെയായാലും, ഈ കോടതിയുടെ ഒമ്പത് ജഡ്ജിമാർ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള ഒരു വിഷയമാണ്. അതിൽ കൂടുതൽ മുമ്പോട്ടുപോകുന്നത് ഒട്ടും ഉചിതമല്ല.’

(അടുത്ത ലക്കത്തിൽ: യഹോവ സാക്ഷികളുടെ കേസും ശിരോവസ്ത്ര വിധിയും)