പ്രാർഥന; നാം അറിയേണ്ട ചില കാര്യങ്ങൾ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

തെറ്റ് മനുഷ്യസഹജമാണ്. തിന്മകൾ സംഭവിച്ചുപോയാൽ ഉടനെ പശ്ചാത്തപിക്കുകയും അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നതാണ് യഥാർഥ വിശ്വാസിയുടെ ഗുണമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുള്ളത്. ഐഹികവും പാരത്രികവുമായ ഗുണത്തിനുവേണ്ടി അവൻ പ്രാർഥിക്കുക അല്ലാഹുവിനോട് മാത്രമാണ്. സ്വർഗം കൊതിക്കുന്നവർ അല്ലാഹുവിനോടല്ലാതെ പ്രാർഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയർത്തുകയില്ല. സ്വർഗത്തിൽ പ്രവേശിച്ചവരുടെ സംഭാഷണം ക്വുർആനിൽ എടുത്തു പറയുന്നത് കാണുക:

“പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരിൽ ചിലർ ചിലരെ അഭിമുഖീകരിക്കും. അവർ പറയും: തീർച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോൾ ഭയഭക്തിയുള്ളവരായിരുന്നു. അതിനാൽ അല്ലാഹു നമുക്ക് അനുഗ്രഹം നൽകുകയും രോമകൂപങ്ങളിൽ തുളച്ചുകയറുന്ന നരകാഗ്‌നിയുടെ ശിക്ഷയിൽനിന്ന് അവൻ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. തീർച്ചയായും നാം മുമ്പേ അവനോട് പ്രാർഥിക്കുന്നവരായിരുന്നു. തീർച്ചയായും അവൻ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും’’ (ക്വുർആൻ 52: 25-28).

ഒരിക്കലും മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിനോട് മാത്രമെ ഇവർ പ്രാർഥിക്കുകയുള്ളൂ. അല്ലാഹു ഇവരെക്കുറിച്ച് പറയുന്നു:

“ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല’’ (ക്വുർആൻ 32:16-17).

പ്രാർഥന ഇന്ന സമയത്ത്, ഇന്ന സ്ഥലത്തുവച്ചേ ആകാവൂ എന്നില്ല. എന്നാൽ ചില സ്ഥലങ്ങളിലും സമയങ്ങളിലും നടത്തുന്ന പ്രാർഥനക്കും ചിലയാളുകളുടെ പ്രാർഥനക്കും ഉത്തരം ലഭിക്കുവാൻ കൂടുതൽ സാധ്യതയുള്ളതായി നബി ﷺ അറിയിച്ചുതന്നിട്ടുണ്ട്.

1. അറഫയിലെ പ്രാർഥന: അംറുബ്‌നു ശുഎൈബ്(റ) തന്റെ പിതാവിൽനിന്ന്; നബി ﷺ പറഞ്ഞു: “പ്രാർഥനകളിൽ ഉന്നതമായത് അറഫാദിനത്തിലെ പ്രാർഥനയാണ്. ഞാനും എന്റെ മുമ്പ് വന്നിട്ടുള്ള പ്രവാചകന്മാരും പറഞ്ഞ വാക്യത്തിൽ ഏറ്റവും നല്ല വാക്യം ‘അല്ലാഹുവല്ലാതെ യഥാർഥത്തിൽ ആരാധനക്കർഹനായി ആരും തന്നെയില്ല. അവന്നാണ് ആധിപത്യം. അവന്നാണ് സർവസ്തുതിയും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു എന്നതാണ്’’ (തിർമിദി. അൽബാനി ഈ ഹദീസ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

2. അയ്യാമുത്തശ്‌രീക്വിൽ ജംറത്തുൽ സുഗ്‌റാ, വുസ്ത്വാ എന്നിവയിൽ എറിഞ്ഞശേഷമുള്ള പ്രാർഥന: സുഹ്‌രി(റ) നിവേദനം: “മിനായിലെ പള്ളിയോട് അടുത്ത് നിൽക്കുന്ന ജംറയിൽ നബി ﷺ ഏഴ് കല്ലുകൾ എറിയുകയും ഓരോ ഏറിനോടൊപ്പം തക്ബീർ ചൊല്ലുകയും ചെയ്തിരുന്നു. എന്നിട്ട് അൽപം മുന്നോട്ട് നീങ്ങി ക്വിബ്‌ലക്ക് അഭിമുഖമായി തന്റെ രണ്ട് കൈകളും ഉയർത്തി പ്രാർഥിക്കുമായിരുന്നു. ആ നിറുത്തം ദീർഘിപ്പിക്കുമായിരുന്നു. പിന്നെ രണ്ടാമത്തെ ജംറയിൽ വന്ന് തക്ബീറോട് കൂടി ഏഴ് കല്ലുകൾ എറിയുകയും പിന്നീട് ഇടത് ഭാഗത്തുള്ള വാദിയിലേക്ക് മാറി ക്വിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈകൾ ഉയർത്തി പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് അടുത്ത ജംറയിൽ വന്ന് തക്ബീറോട് കൂടി ഏഴ് കല്ലുകൾ എറിഞ്ഞ് അവിടെ നിൽക്കാതെ വിരമിക്കുമായിരുന്നു’’ (ബുഖാരി).

3. കഅ്ബയുടെ ഉൾഭാഗത്ത്‌വച്ചുള്ള പ്രാർഥന: ഉസാമതുബ്‌നുസൈദ്(റ) നിവേദനം: “നബി ﷺ കഅ്ബയിൽ പ്രവേശിച്ചപ്പോൾ അതിന്റെ എല്ലാ ഭാഗത്ത്‌വച്ചും പ്രാർഥിക്കുകയുണ്ടായി’’ (മുസ്‌ലിം).

5. സ്വഫ, മർവയിലുള്ള പ്രാർഥന: ജാബിറി(റ)ൽനിന്ന് നിവേദനം; നബി ﷺ യുടെ അവസാന ഹജ്ജിനെ സംബന്ധിച്ച നീണ്ട ഹദീാിൽ നിന്ന്: “....പിന്നീട് സ്വഫയിലേക്ക് നബി ﷺ പുറപ്പെട്ടു. സ്വഫയോട് അടുത്തപ്പോൾ അദ്ദേഹം ഇത് പാരായണം ചെയ്തു: ‘തീർച്ചയായും സഫായും മർവയും മതചിഹ്‌നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു’ (അൽബക്വറ:158). ‘അല്ലാഹു തുടങ്ങിയത് കൊണ്ട് ഞാൻ തുടങ്ങുന്നു’-സ്വഫയിൽ നിന്ന് അദ്ദേഹം തുടർന്നു. അതിന്റെ മുകളിലേക്ക് കയറി കഅ്ബയെ കാണുന്ന രൂപത്തിൽ ക്വിബ്‌ലക്ക് അഭിമുഖമായി നിന്നു. എന്നിട്ട് അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തി, തക്ബീർ ചൊല്ലി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും മഹാനാണ്. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ല. അവൻ ഏകൻ. അവന്ന് യാതൊരു പങ്കുകാരനുമില്ല. രാജാധിപത്യവും സർവസ്തുതിയും അവന്നുള്ളത് തന്നെ. അവൻ സർവശക്തനാണ്. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അവൻ ഏകൻ മാത്രം. തന്റെ വാഗ്ദത്തം അവൻ നിറവേറ്റി. തന്റെ അടിമയെ സഹായിച്ചു. ശത്രുസേനകളെ അവൻ ഒറ്റക്ക് പരാജയപ്പെടുത്തി.’ ഈ രൂപത്തിൽ മൂന്ന് പ്രാവശ്യം പ്രാർഥിച്ചു...(സ്വഫയിൽ പ്രവർത്തിച്ചത് പോലെ മർവയിലും ചെയ്തു)’’ (മുസ്‌ലിം).

പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന വിഭാഗങ്ങൾ

ചിലയാളുകൾ പ്രാർഥിക്കുകയാണെങ്കിൽ അല്ലാഹു ആ പ്രാർഥനക്ക് പെട്ടെന്ന് ഉത്തരം നൽകുന്നതാണ്. അവരുടെ പ്രാർഥന തടയപ്പെടുകയില്ല.

1. കഷ്ടപ്പെടുന്നവന്റെ പ്രാർഥന: കഷ്ടപ്പെട്ടവൻ വിളിച്ച് പ്രാർഥിച്ചാൽ അവന്ന് അല്ലാഹു ഉത്തരം നൽകുകയും വിഷമം നീക്കിക്കൊടുക്കുകയും ചെയ്യും.

അല്ലാഹു പറയുന്നു: “അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ അവന്നു ഉത്തരം നൽകുകയും വിഷമം നീക്കികൊടുക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (അന്നംല് 62).

2. അക്രമിക്കപ്പെട്ടവന്റെ പ്രാർഥന: അബൂഹുറയ്‌റ(റ)യിൽനിന്ന്: നബി ﷺ പറഞ്ഞു: “മൂന്ന് വിഭാഗമാളുകൾ; അവരുടെ പ്രാർഥനകൾ തടയപ്പെടുകയില്ല: അക്രമിക്കപ്പെട്ടവന്റെ പ്രാർഥന, യാത്ര ക്കാരന്റെ പ്രാർഥന, മക്കൾക്ക് വേണ്ടി മാതാപിതാക്കളുടെ പ്രാർഥന’’ (തിർമിദി, അൽബാനി ഈ ഹദീസ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

3. നോമ്പുകാരന്റെയും യാത്രക്കാരന്റെയും പിതാവിന്റെയും പ്രാർഥന: നബി ﷺ പറഞ്ഞു: “മൂന്ന് പ്രാർഥനകൾക്ക് ഉത്തരം ലഭിക്കും: നോമ്പുകാരന്റെ പ്രാർഥന, അക്രമിക്കപ്പെട്ടവന്റെ പ്രാർഥന, യാത്രക്കാരന്റെ പ്രാർഥന.’’

4. വിശ്വാസി തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തിൽ നടത്തുന്ന പ്രാർഥന: നബി ﷺ പറഞ്ഞു: “മുസ്‌ലിമായ ഒരു വ്യക്തി, തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തിൽ പ്രാർഥിക്കുന്നത് സ്വീകരിക്കപ്പെടുന്നതാണ്. അവന്റെ തലയുടെ ഭാഗത്ത് (കാര്യങ്ങൾ) ഏൽപിക്കപ്പെട്ട ഒരു മലക്കുണ്ട്. തന്റെ സഹോദരന് നന്മക്ക് വേണ്ടിയുള്ള ഓരോ പ്രാർഥനാവേളയിലും മലക്ക് പറയും: ‘ആമീൻ, നിനക്കും അതുപോലെയുണ്ടാവട്ടെ’’ (മുസ്‌ലിം).

5. ഐശ്വര്യസമയത്തും ബുദ്ധിമുട്ടുള്ള സമയത്തുമുള്ള പ്രാർഥന: അബൂഹുറയ്‌റ(റ)യിൽനിന്ന്: പ്രവാകൻ ﷺ പറഞ്ഞു: “ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉള്ളപ്പോൾ ആർക്കെങ്കിലും പ്രാർഥനക്ക് ഉത്തരം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഐശ്വര്യമുള്ളപ്പോൾ അവൻ പ്രാർഥന അധികരിപ്പിക്കട്ടെ’’ (തിർമിദി. ഈ ഹദീസ് ഹസനാണെന്ന് അൽബാനി വ്യക്തമാക്കിയിട്ടുണ്ട്).

6. അല്ലാഹുവിനെ ധാരാളം സ്മരിക്കുന്നവന്റെയും അക്രമിക്കപ്പെട്ടവന്റെയും നീതിമാനായ ഇമാമിന്റെയും പ്രാർഥന. അബൂഹുറയ്‌റ(റ) നിവേദനം; പ്രവാചകൻ ﷺ പറഞ്ഞു: “മൂന്ന് വിഭാഗമാളുകൾ, അവരുടെ പ്രാർഥനകൾ തടയപ്പെടുകയില്ല. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവർ, അക്രമിക്കപ്പെട്ടവന്റെ പ്രാർഥന, നീതിമാനായ ഭരണാധികാരിയുടെ പ്രാർഥന’’ (ബൈഹക്വി, ഈ ഹദീഥ് ഹസനാണെന്ന് അൽബാനി വ്യക്തമാക്കിയിട്ടുണ്ട്).

നിഷിദ്ധമായ പ്രാർഥനകൾ

പ്രാർഥന സൃഷ്ടികർത്താവിനോട് മാത്രമെ പാടുള്ളൂ. സൃഷ്ടികളോട് പ്രാർഥിക്കുന്നത് ഏറ്റവും വലിയ അക്രമമാണ്. അല്ലാഹു അത് ഒരിക്കലും പൊറുക്കുകയില്ല. സത്യവിശ്വാസി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില പ്രാർഥനകളുണ്ട്. അവ താഴെ കൊടുക്കുന്നു:

1. അല്ലാഹുവല്ലാത്തവരോടുള്ള പ്രാർഥന: “അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പ ക്ഷം തീർച്ചയായും നീ അക്രമകാരികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റുവാൻ ആരുമില്ല. തന്റെ ദാസന്മാരിൽനിന്ന് താൻ ഇഛിക്കുന്നവർക്ക് അത് (അനുഗ്രഹം) അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (യൂനുസ്: 106-107).

പ്രവാചകൻ ﷺ പറഞ്ഞു: “പ്രാർഥന അത് ആരാധന തന്നെയാകുന്നു.’’ ആയതിനാൽ ആരാധനയായ പ്രാർഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ. കാരണം ആരാധനയായ പ്രാർഥന മറ്റുള്ളവരോടായാൽ അത് മറ്റുള്ളവർക്കുള്ള ആരാധനയാകും. അത് ശിർക്കും ഇസ്‌ലാമിൽനിന്ന് തന്നെ പുറത്ത് പോകുന്നതുമായ കാര്യമാണ്.

2. സ്വന്തത്തിനെതിനെതിരായി മരണത്തിനോ, നാശത്തിനോ വേണ്ടിയുള്ള പ്രാർഥന: പ്രവാചകൻ ﷺ പറഞ്ഞു: “നിങ്ങൾക്ക് ബാധിച്ച ഒരു ബുദ്ധിമുട്ട് കാരണം നിങ്ങൾ മരണത്തെ ആഗ്രഹിക്കരുത്. ഇനി അങ്ങനെ ആഗ്രഹിക്കൽ നിർബന്ധമാണെങ്കിൽ അവൻ ഇങ്ങനെ പറയട്ടെ: ‘അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ. അതല്ല, എനിക്ക് മരണമാണ് ഉത്തമമെങ്കിൽ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ’’ (ബുഖാരി, മുസ്‌ലിം).

3. സന്താനങ്ങൾ, സമ്പത്ത് എന്നിവക്കെതിരെയുള്ള പ്രാർഥന: പ്രവാചകൻ ﷺ പറഞ്ഞു: “നിങ്ങൾ സ്വന്തത്തിനെതിരിൽ പ്രാർഥിക്കരുത്. നിങ്ങളുടെ സന്താനങ്ങൾക്കെതിരിൽ പ്രാർഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരിലും നിങ്ങൾ പ്രാർഥിക്കരുത്. അല്ലാഹുവിന്റെ അടുത്ത് ഒരു സമയമുണ്ട്. ആ സമയത്ത് നിങ്ങൾ എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ അല്ലാഹു നിങ്ങൾക്കത് നൽകാതിരിക്കില്ല’’ (മുസ്‌ലിം).

4. യുദ്ധമുണ്ടാവാനും ശത്രുവിനെ കണ്ടുമുട്ടാനുമുള്ള പ്രാർഥന: പ്രവാചകൻ ﷺ പറഞ്ഞു: “നിങ്ങൾ ശത്രുവിനെ കണ്ടുമുട്ടുവാൻ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് ആരോഗ്യം ചോദിക്കുക. നിങ്ങൾ അവരെ കണ്ടുമുട്ടിയാൽ നിങ്ങൾ ക്ഷമിക്കുക...’’ (മുസ്‌ലിം).

5. തെറ്റുകളും പാപങ്ങളും ചെയ്യുവാനുള്ള പ്രാർഥന: അബീസഈദി(റ)ൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘പാപവും കുടുംബ ബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യത്തിൽ ഒരു മുസ്‌ലിം പ്രാർഥിച്ചാൽ മൂന്നിൽ ഒരു കാര്യം അല്ലാഹു അവന് നൽകുന്നതാണ്. ഒന്നുകിൽ അവൻ പ്രാർഥിച്ച കാര്യം പെട്ടെന്ന് നൽകുന്നു, അല്ലെങ്കിൽ പരലോകത്തേക്ക് നീട്ടിവെക്കുന്നു, അതുമല്ലെങ്കിൽ അത്‌പോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു.’ സ്വഹാബികൾ ചോദിച്ചു: ‘അപ്പോൾ ഞങ്ങൾ പ്രാർഥന അധികരിപ്പിക്കുകയോ?’ പ്രവാചകൻ ﷺ അരുളി: ‘അല്ലാഹു തന്നെയാണെ സത്യം, അധികരിപ്പിക്കൂ’’ (ഇമാം അഹ്‌മദ്).

6. അതിരുവിട്ട പ്രാർഥന: അബൂനുഹാമ(റ)യിൽനിന്ന്; അബ്ദുല്ലാഹിബ്‌നു മുഗഫൽ(റ) തന്റെ മകൻ (ഇങ്ങനെ) പ്രാർഥിക്കുന്നതായി കേട്ടു: ‘ഞാൻ സ്വർഗത്തിൽ പ്രവേശിക്കുകയാണെങ്കിൽ സ്വർഗത്തിന്റെ വലതുഭാഗത്ത് നീ എനിക്ക് തൂവെള്ള കോട്ടാരം നൽകുക.’ അപ്പോൾ മകനോട് അദ്ദേഹം പറയുകയുണ്ടായി: ‘കുഞ്ഞുമകനേ, അല്ലാഹുവിനോട് നീ സ്വർഗം ചോദിക്കുക. നരകത്തിൽ നിന്ന് രക്ഷയും ചോദിക്കുക. കാരണം ഞാൻ നബി ﷺ യിൽ നിന്ന് (ഇപ്രകാരം) കേൾക്കുകയുണ്ടായി: ‘ഈ സമുദായത്തിൽ പ്രാർഥനയിലും ശുദ്ധിവരുത്തുന്നതിലും അതിരുകടക്കുന്ന ഒരു വിഭാഗം ഉണ്ടാവുക തന്നെ ചെയ്യുന്നതാണ്’ (അബൂദാവൂദ്. ഈ ഹദീസിനെ അൽബാനി സ്വഹീഹ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

പ്രാർഥനക്ക് ഉത്തരം ലഭിക്കാതിരിക്കുവാനുള്ള കാരണം

അല്ലാഹുവിനോട് ഞാൻ കുറെ പ്രാർഥിച്ചു. പക്ഷേ, എനിക്ക് ഇതുവരെ ഉത്തരം ലഭിച്ചില്ല എന്ന് ചിലയാളുകൾ പറയുന്നതായി നാം കേൾക്കാറുണ്ട്. എന്നാൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്കാണ് പ്രാർഥനക്ക് ഉടനടി ഉത്തരം നൽകുക. പ്രാർഥനക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിൽ ആത്മവിചാരണ ചെയ്ത് കൊണ്ട് തന്നിൽനിന്നും വന്നുപോകുന്ന, വന്നുപോയിട്ടുള്ള തെറ്റുകളിൽ പശ്ചാത്തപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുക. നബി ﷺ യോട് തനിക്ക് പ്രാർഥനക്ക് ഉത്തരം ലഭിക്കുന്നില്ലായെന്ന് പരാതിപ്പെട്ട വ്യക്തിയോട് അവിടുന്ന് പറഞ്ഞത് ‘നീ നിന്റെ ഭക്ഷണം നല്ലതാക്കുക’ എന്നാണ്.

മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: “ഒരാളും തന്നെ ഉത്തരം നൽകപ്പെടാതെ അല്ലാഹുവിനോട് യാതൊന്നും പ്രാർഥിക്കുന്നില്ല. ഒന്നുകളിൽ അത് ഇഹലോകത്ത് പെട്ടെന്ന് നൽകുന്നു. അല്ലെങ്കിൽ പരലോകത്തേക്ക് അത് നിക്ഷേപിച്ച് വെക്കുന്നു. അതുമല്ലെങ്കിൽ പ്രാർഥിക്കുന്നതിന്റെ തോതനുസരിച്ച് അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നു. പ്രാർഥനയിൽ തെറ്റ് ചെയ്യുവാനോ, കുടുംബ ബന്ധം മുറിക്കുവാനോ, ധൃതികൂട്ടുകയോ ചെയ്യാത്തിടത്തോളം അവന് ഉത്തരം ലഭിക്കും.’’

പ്രാർഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് പ്രാർഥന ഉപേക്ഷിക്കാതിരിക്കുക. പ്രാർഥന നമുക്ക് നന്മയല്ലാതെ വരുത്തുകയില്ല. പ്രാർഥനകൊണ്ട് നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടും. അല്ലെങ്കിൽ ആ പ്രാർഥന നമുക്ക് ഗുണകരമായിത്തീരും. ആയതിനാൽ കൂടുതൽ കൂടുതൽ പ്രാർഥിക്കുവാൻ തയ്യാറാവുക. അല്ലാഹുവിനോട് ആരാണോ കൂടുതൽ ചോദിക്കുന്നത് അവനോടാണ് അല്ലാഹുവിന് കൂടുതൽ ഇഷ്ടമുണ്ടാവുക.

സ്വർഗം ലക്ഷ്യമാക്കി ജീവിക്കുന്ന നമ്മൾ ഒരിക്കലും പ്രാർഥനയെ നിസ്സാരമായി കാണരുത്. തന്റെ ദുർബലതയും ഇല്ലായ്മയും വിനയവുമെല്ലാം സർവശക്തന്റെ മുമ്പിൽ പ്രകടമാക്കുന്ന, തുറന്നു പറയുന്ന ഭവ്യതയുടെ പ്രകടരൂപമാണ് പ്രാർഥന. പ്രാർഥനയില്ലായെങ്കിൽ അല്ലാഹു നമ്മെ പരിഗണിക്കുകയേയില്ല എന്ന് ക്വുർആൻ അറിയിക്കുന്നത് നാം ഗൗരവത്തിൽ കാണുകതന്നെ വേണം.