സഹനത്തിന്റെ പവിത്രമാസം

മെഹബൂബ് മദനി, ഒറ്റപ്പാലം

2023 മാർച്ച് 25, 1444 റമദാൻ 2

വ്രതമാസം വിശ്വാസികളെയെല്ലാം സന്തോഷിപ്പിക്കുന്നു എന്നതിൽ സംശയമില്ല. പരലോക വിജയം ആഗ്രഹിക്കുന്നവർക്ക് ജീവിതത്തെ വിമലീകരിക്കാനും ചിട്ടപ്പെടുത്താനുമുള്ള സുവർണാവസരങ്ങളാണ് റമദാൻ നൽകുന്നത്. എന്നാൽ പലരും റമദാനിന്റെ ആത്മചൈതന്യമറിയാതെ വ്രതത്തെ വെറുമൊരു പട്ടിണിയാക്കി മാറ്റുന്നുവെന്നത് ഏറെ ഖേദകരമാണ്. വിശുദ്ധ മാസത്തിലെ ഉദയാസ്തമയങ്ങൾക്കിടയിൽ അല്ലാഹുവിന്റെ സംപ്രീതിക്കായി അന്നപാനീയങ്ങളും ലൈംഗിക വികാരങ്ങളും അടക്കിനിർത്തിയാണ് വിശ്വാസികൾ വ്രതമാചരിക്കാൻ കൽപിക്കപ്പെട്ടിട്ടുള്ളത്. മറ്റു സമയങ്ങളിൽ അനുവദനീയമായതും അത്യന്താപേക്ഷിതമായതും നിർണിത സമയത്തേക്ക് റബ്ബിന്റെ കൽപന പ്രകാരം വിശ്വാസികൾ വേണ്ടെന്ന് വെക്കുന്നു. അതിലൂടെ റബ്ബിന്റെ സ്‌നേഹവും ജീവിത വിശുദ്ധിയും നേടാൻ അസുലഭമായ അവസരമൊരുങ്ങുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരിക്കുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കാൻ വേണ്ടിയത്രെ അത്’’(2:183).

റമദാനിലൂടെ ഉണ്ടാക്കിയെടുക്കണമെന്ന് റബ്ബ് നമ്മോട് ആവശ്യപ്പെട്ട ‘തക്വ്‌വ’ അഥവാ സൂക്ഷ്മത വ്രതമാസത്തിൽ സ്വീകരിച്ച് ഈദുൽ ഫിത്വ്‌റിൽ മൊഴിചൊല്ലി പറഞ്ഞയക്കേണ്ട ഒന്നല്ല. വിശ്വാസികളുടെ ജീവിതത്തിന്റെ വഴിവെളിച്ചമാണ് തക്വ്‌വ. വ്രതമാസത്തിന്റെ ദിനരാത്രങ്ങളിലൂടെ ഈ സൂക്ഷ്മതാ ബോധത്തെ സ്ഫുടംചെയ്‌തെടുക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. തിന്മയിലേക്കെത്തിപ്പെടാൻ വെമ്പൽകൊള്ളുന്ന മനുഷ്യമനസ്സിനെ നന്മയുടെ കൂടാരത്തിൽ തളച്ചിടുകയാണ് റമദാൻ ചെയ്യുന്നത്. അന്നപാനീയങ്ങളും ലൈംഗിക വികാരങ്ങളും ഒഴിവാക്കുന്നതിലൂടെ ആത്മസംസ്‌കരണം സാധ്യമാകുന്നില്ലെങ്കിൽ അത്തരം നോമ്പുകാർക്ക് വലിയ പാകപ്പിഴവുകൾ സംഭവിച്ചിരിക്കുന്നുവെന്നത് തിരിച്ചറിയേണ്ടതുണ്ട്. എല്ലാ പുണ്യകർമങ്ങളുടെയും സ്വീകാര്യത ഉദ്ദേശ ശുദ്ധിയും പ്രതിഫലേഛയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പൊതുതത്ത്വത്തിൽ നിന്ന് നോമ്പ് ഒഴിവല്ലെന്നത് നാം മനസ്സിലാക്കണം.

സമൂഹധാരയിൽ ലയിച്ചുകൊണ്ട് ഒരു കേവല പട്ടിണിയല്ല വ്രതത്തിലൂടെ ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഈ കർമംകൊണ്ട് എന്നെ സൃഷ്ടിച്ച നാഥൻ എനിക്ക് പ്രതിഫലം തരണമെന്ന നിഷ്‌കളങ്ക ബോധമാണ് വ്രതത്തെ വിജയത്തിലേക്കെത്തിക്കുക. ഈ ബോധം മനസ്സിൽ സന്നിവേശിപ്പിക്കാൻ കഴിഞ്ഞാൽ സ്വാഭാവികമായും അവൻ വ്രതത്തിന്റെ മറ്റു വിധിവിലക്കുകൾ പാലിക്കാൻ തയ്യാറാകും. പുണ്യപ്രവാചകൻ ﷺ വ്രതത്തിലുണ്ടാവേണ്ട അടിസ്ഥാന ഘടകമായാണ് ഇഖ്‌ലാസിനെ(ആത്മാർഥതയെ) പഠിപ്പിച്ചത്. ‘ആരെങ്കിലും റമദാനിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നോമ്പനുഷ്ഠിച്ചാൽ അവന്റെ മുൻപാപങ്ങൾ (ചെറിയ തെറ്റുകൾ) പൊറുക്കപ്പെടും’ എന്ന തിരുവചനം ഏറെ സുവിദിതമാണല്ലോ.

ജീവിതവിശുദ്ധിയുടെ പാരമ്യതയിലേക്കെത്താൻ വ്രതദിനങ്ങളിലൂടെ വിശ്വാസികൾക്ക് സാധിക്കണം. പാപക്കറ പുരളാത്ത പരിശുദ്ധ ജീവിതമാണ് നബി ﷺ നമുക്ക് കാണിച്ചുതന്നത്. അതിനെ മാതൃകയാക്കേണ്ടവരാണ് വിശ്വാസികളെല്ലാവരും. ചെറുതും വലുതുമായ മുഴുവൻ തിന്മകളെയും ഗൗരവത്തോടെ നോക്കിക്കണ്ടാൽ മാത്രമെ അതിന് നമുക്ക് സാധിക്കുകയുള്ളൂ. വ്രതത്തിലൂടെ ഇതിനുള്ള പരിശീലനം നേടുന്ന വിശ്വാസികൾ മരണംവരെ ആ ജീവിതവിശുദ്ധി നിലനിർത്തേണ്ടതുണ്ട്. ഇതിനൊന്നും ശ്രമിക്കാതിരുന്നാൽ അവന്റെ നോമ്പ് കേവലമൊരു ചടങ്ങായി മാറും. ‘ആരെങ്കിലും ചീത്തവാക്കും പ്രവൃത്തിയും ഒഴിവാക്കുന്നില്ലെങ്കിൽ അവന്റെ നോമ്പുകൊണ്ട് അല്ലാഹുവിന് യാതൊരാവാശ്യവുമില്ലെ’ന്ന തിരുവചനം ഇത്തരുണത്തിൽ സ്മരണീയമാണ്.

വിശുദ്ധ ദിനരാത്രങ്ങളിലൂടെ വിശ്വാസി വളർത്തിയെടുക്കേണ്ട മറ്റു രണ്ട് ഗുണങ്ങളാണ് സഹനവും സ്വഭാവ മഹിമയും. അല്ലാഹുവിന്റെ അടുക്കൽ ഉന്നതമായ പ്രതിഫലം ഈ ഗുണങ്ങൾ ഉൾക്കൊണ്ടവർക്കുണ്ടെന്ന് തിരുനബി ﷺ പഠിപ്പിച്ചിട്ടുണ്ട്. സഹനവും സ്വഭാവ മഹിമയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സഹനമില്ലാത്തവനൊരിക്കലും നല്ല പെരുമാറ്റമുള്ളവനായി മാറാനാവില്ല. എന്നാൽ ഒരുത്തൻ ക്ഷമയുള്ളവനായാലോ ശത്രുവിനെപ്പോലും ആ ആയുധം കൊണ്ട് മിത്രമാക്കാമെന്ന് റബ്ബ് പഠിപ്പിച്ചിട്ടുണ്ട്.

“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധുവെന്നോണം ആയിത്തീരുന്നു. ക്ഷമ (സഹനം) കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുളള അനുഗ്രഹം നൽകപ്പെടുകയില്ല’’ (41:33,34).

‘ആരെങ്കിലും നോമ്പുകാരനോട് ചീത്ത പറയാനോ കലഹിക്കാനോ വന്നാൽ അവൻ, ഞാൻ നോമ്പുകാരനാണ് എന്ന് പറഞ്ഞുകൊള്ളട്ടെ’യെന്ന പ്രവാചകാധ്യാപനം നോമ്പിലൂടെ നേടേണ്ടുന്ന ഈ ഗുണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. തന്നോടുള്ള ആളുകളുടെ പെരുമാറ്റത്തിന് അതേ നാണയത്തിൽ തിരിച്ചടിക്കുകയല്ല വിശ്വാസികളുടെ സംസ്‌കാരമെന്ന വലിയ പാഠമാണ് ഇതിൽനിന്ന് നാം ഉൾക്കൊള്ളേണ്ടത്. സ്‌നേഹവും കാരുണ്യവും ഹൃദയവിശാലതയും ദയയുമെല്ലാം വിശ്വാസികളുടെ ജീവിതത്തിൽ നിഴലിച്ചു കാണുന്ന സ്വഭാവങ്ങളായി മാറേണ്ടതാണ.്

അകന്നുകിടക്കുന്ന മനുഷ്യമനസ്സുകളെ തമ്മിലടുപ്പിക്കാൻ റമദാൻ കാരണമാവണം. ഒരൽപം പോലും താഴ്ന്നുകൊടുക്കാൻ എനിക്കാവില്ലെന്ന മനോഭാവത്തോടെ നാം ഉണ്ടാക്കിയെടുത്ത ബന്ധനങ്ങളെ തകർത്തെറിയാൻ നോമ്പുകൊണ്ട് സാധിക്കണം. കുടുംബ രംഗത്തും സുഹൃദ്‌വലയങ്ങളിലുമെല്ലാമുള്ള പിണക്കങ്ങൾ നമ്മുടെ ജീവിതത്തിലെ സ്വാസ്ഥ്യം കെടുത്തുമെന്നു മാത്രമല്ല, നമ്മുടെ കർമങ്ങൾ റബ്ബ് സ്വീകരിക്കാൻവരെ അത് തടസ്സമാകുമെന്ന വസ്തുതയും നാം തിരിച്ചറിയേണ്ടതുണ്ട്. ബന്ധങ്ങൾ ഇണക്കിച്ചേർക്കുന്നതുകൊണ്ട് പരലോകത്തും ഇഹലോകത്തും ഗുണങ്ങളുണ്ടെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. ‘ആരെങ്കിലും ദീർഘായുസ്സും ഉപജീവനത്തിലെ വിശാലതയും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ചേർക്കട്ടെ’ എന്നാണ് പ്രവാചകാധ്യാപനം.

വ്രതവിശുദ്ധിയിൽ അലിഞ്ഞ മനസ്സുകൾ എളുപ്പത്തിൽ ഇണങ്ങിച്ചേരും. എത്രയെത്ര കുടുംബങ്ങളും സുഹൃത്തുക്കളുമാണ് നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ അകന്നു കഴിയുന്നത്! ഒരാളും അൽപമൊന്ന് താഴാൻ തയ്യാറല്ല. ചിന്തിക്കുക! ഈ വിദ്വേഷംകൊണ്ട് നമുക്കെന്ത് നേട്ടം? മരണത്തിനപ്പുറമുള്ള ജീവിതത്തിൽ ഇത് നമുക്ക് എന്താണ് നേടിത്തരുക?

കുടുംബബന്ധം മുറിച്ചവൻ സ്വർഗപ്രവേശനത്തിനർഹനല്ലെന്ന് നബി ﷺ പഠിപ്പിച്ചു. അതിനാൽ മുറിഞ്ഞുപോയ ബന്ധങ്ങളെ വിളക്കിച്ചേർക്കുക. നാം താഴ്ന്നുകൊടുക്കുക. ക്ഷമിക്കുവാൻ സന്മനസ്സു കാണിക്കുക. എങ്കിൽ അല്ലാഹു നമ്മെ ഇഷ്ടപ്പെടും. “...തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’’ (2:153).

പാപക്കറകളെല്ലാം കഴുകിക്കളഞ്ഞ് ശുദ്ധമായ മനസ്സിനുടമകളാകാനുള്ള അവസരവും ഈ ദിനരാത്രങ്ങൾ നമുക്ക് നൽകുന്നുണ്ട്. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുന്ന സന്ദർഭങ്ങളിലുള്ള നമ്മുടെ പാപമോചന പ്രാർഥനക്ക് ഏറെ പ്രാധാന്യമുണ്ട്. തെറ്റുകളേറെ സംഭവിച്ചെങ്കിലും ആത്മാർഥമായ തൗബക്ക് നാം തയ്യാറാണെങ്കിൽ റബ്ബ് ഏറെ പൊറുക്കുന്നവനാണ്. അല്ലാഹു പറയുന്നു. “പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിലേക്ക് താഴ്മയോടെ മടങ്ങുകയും അവന് കീഴ്‌പ്പെടുകയും ചെയ്യുവിൻ. പിന്നെ (അത് വന്നതിനു ശേഷം) നിങ്ങൾ സഹായിക്കപ്പെടുന്നതല്ല’’ (39:53,54).

വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിന് നാന്ദികുറിച്ച മാസമാണല്ലോ റമദാൻ. അതുകൊണ്ട് ഈ മാസത്തിൽ ക്വുർആൻ പാരായണത്തിനും പഠനത്തിനും കൂടുതൽ സമയം നാം കണ്ടെത്തണം. ഒരു വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ രാവും ഈ മാസത്തിലാണെന്നത് വിശ്വാസികൾക്ക് ഏറെ ആനന്ദം പകരുന്നതാണ്. ക്വുർആനിനെയും പവിത്ര രാവിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആ സുവിശേഷ വാർത്ത നമുക്കിപ്രകാരം വായിക്കാം:

“തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ’’ (97:1-5).