നരകത്തിൽനിന്ന് രക്ഷയാകുന്ന ചില കാര്യങ്ങൾ

അബ്ദുൽ ജബ്ബാർ അബ്ദുല്ല

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

ഒരു വിശ്വാസിക്ക് നരകത്തിൽനിന്ന് അല്ലാഹുവിന്റെ ഔദാര്യത്താൽ രക്ഷയാകുന്ന ധാരാളം കാര്യങ്ങൾ പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. അവയിൽ പെട്ട ഏതാനും കാര്യങ്ങൾ മനസ്സിലാക്കാം.

അല്ലാഹുവിന്റെ സ്‌നേഹം നേടൽ

അല്ലാഹുവിന്റെ സ്‌നേഹം നേടിയെടുക്കാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “...അല്ലാഹുവാണേ സത്യം, അല്ലാഹു തന്റെ ‘ഹബീബി’നെ ഒരിക്കലും നരകത്തിൽ എറിയുകയില്ല’’ (അഹ്‌മദ്)

‘ലാഇലാഹ ഇല്ലല്ലാഹ്’ ചൊല്ലൽ

ഇത്ബാൻ(റ)വിൽനിന്നും നിവേദനം; അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിക്കുകയും ചെയ്തവരെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു, തീർച്ച’’ (ബുഖാരി, മുസ്‌ലിം).

നിർബന്ധ നമസ്‌കാരങ്ങൾ യഥാവിധം നിർവഹിക്കൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ആരെങ്കിലും അഞ്ചു നമസ്‌കാരങ്ങൾ, അഥവാ അവയുടെ റുകൂഉകളും സുജൂദുകളും സമയങ്ങളും സൂക്ഷിച്ച് യഥാവിധം നിർവഹിക്കുകയും അവ അല്ലാഹുവിൽ നിന്നുള്ള ബാധ്യതകളാണെന്ന് അറിയുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു.’’ അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: “അവന് സ്വർഗം നിർബന്ധമായി.’’ അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: “അവൻ നരകത്തിന് നിഷിദ്ധമായി’’ (അഹ്‌മദ്).

നോമ്പെടുക്കൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിൽ ഒരാൾ ഒരുദിനം നോമ്പനു ഷ്ഠിച്ചാൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽനിന്ന് എഴുപതു വർഷത്തെ ദൂരത്തേക്ക് അകറ്റും’’ (ബുഖാരി).

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിൽ ഒരാൾ ഒരുദിനം നോമ്പെടു ത്താൽ അല്ലാഹു അവന്റെയും നരകത്തിന്റേയും ഇടയിൽ ആകാശത്തിനും ഭൂമിക്കുമിടയിലെ ദൂരം കണക്ക് ഒരു കിടങ്ങുതീർക്കും’’ (തിർമിദി).

ദാനധർമം ചെയ്യൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നിങ്ങളിൽ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരി ക്കാതെ. അവനും അല്ലാഹുവിനുമിടയിൽ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാൾ തന്റെ വലതുഭാഗത്തേക്ക് നോക്കും, താൻ കാലേക്കൂട്ടി ചെയ്തതല്ലാതെ അയാൾ യാതൊന്നും കാണില്ല. അയാൾ തന്റെ ഇടതുഭാഗത്തേക്ക് നോക്കും അപ്പോഴും താൻ തനിക്ക് മുൻകൂട്ടി ചെയ്തതല്ലാതെ യാതൊന്നും കാണില്ല. അപ്പോൾ അയാൾ തന്റെ മുന്നിലേക്ക് നോക്കും, തന്റെ മുന്നിൽ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാൽ ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നിങ്ങൾ നരകത്തെകാക്കുക’’ (ബുഖാരി).

മൃദുലമായി പെരുമാറൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നരകത്തെ ആർക്ക് നിഷിദ്ധമാകുമെന്നും ആര് നരകത്തിന് നിഷിദ്ധമാകുമെന്നും ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടയോ? ജനങ്ങളോട് അടുത്തും സ്‌നേഹത്തോടും മൃദുലമായും പെരുമാറുന്നവൻ’’ (തിർമിദി).

തനിക്കിഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും ഇഷ്ടപ്പെടൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുവാനും സ്വർഗത്തിൽ പ്രവേശിക്കപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവനായിരിക്കെ അവനെ തേടി മരണം വരട്ടെ, തന്നിലേക്ക് വന്നെത്തിപ്പെടുവാൻ താൻ ആഗ്രഹിക്കുന്നതുമായി അവൻ ജനങ്ങളിലേക്ക് ചെല്ലുകയും ചെയ്യട്ടെ...’’(മുസ്‌ലിം).

ദിക്‌റുകൾ വർധിപ്പിക്കൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ആരെങ്കിലും നേരം പുലരുമ്പോൾ, അല്ലെങ്കിൽ വൈകുന്നേരമാകുമ്പോൾ ഇങ്ങനെ പറഞ്ഞാൽ; ‘അല്ലാഹുവേ, ഞാൻ പ്രഭാതത്തിൽ പ്രവേശിച്ചു, ഞാൻ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ അർശിന്റെ വാഹകരെയും നിന്റെ മലക്കുകളെയും നിന്റെ സകല സൃഷ്ടികളെയും ഞാൻ സാക്ഷിയാക്കുന്നു. നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാർഥ ആരാധനക്കർഹനായി നീ മാത്രം. നിശ്ചയം, മുഹമ്മദ് നബി ﷺ നിന്റെ ദാസനും നിന്റെ ദൂതനുമാകുന്നു.’ (ഇതോടെ) അല്ലാഹു ആ ദിനം അവന്റെ നാലിൽ ഒരു ഭാഗം നരകത്തിൽനിന്ന് മോചിപ്പിക്കും. ഒരാൾ ഇത് രണ്ടുതവണ പറഞ്ഞാൽ അവന്റെ പകുതി നരകത്തിൽനിന്ന് മോചിപ്പിക്കും. ഒരാൾ ഇത് മൂന്നുതവണ പറഞ്ഞാൽ അവന്റെ നാലിൽ മൂന്നുഭാഗം നരകത്തിൽനിന്ന് മോചിപ്പിക്കും. ഇനി ഒരാൾ അത് നാലുതവണ പറഞ്ഞാൽ ആ ദിനം അല്ലാഹു അവനെ നരകത്തിൽനിന്ന് മോചിപ്പിക്കും’’ (തിർമുദി).

അബൂഹുറയ്‌റ(റ), അബൂസഈദ്(റ) എന്നിവരിൽനിന്നും നിവേദനം: അവർ രണ്ടുപേരും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതിന് സാക്ഷികളായി: “ഒരു അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ’ എന്ന് പറഞ്ഞാൽ അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ അക്ബർ (വലിയവൻ) ആകുന്നു.’ അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു’ എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ ഏകനാണ്.’ അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു, ലാ ശരീകലഹു’ എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല; എനിക്ക് യാതൊരു പങ്കുകാരും ഇല്ല.’ (അടിമ) ‘ലാഇലാഹ ഇല്ലല്ലാഹു ലഹുൽമുൽകു വലഹുൽഹംദു’ എന്ന് പറഞ്ഞാൽ അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല; എനിക്കുമാത്രമാണ് രാജാധിപത്യവും സർവസ്തുതികളും.’ (അടിമ) ‘ലാഇലാഹ ഇല്ലല്ലാഹു, വലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന് പറഞ്ഞാൽ അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല; ഒരു കഴിവും ചലനശക്തിയും എന്നെക്കൊണ്ടെല്ലാതെ ഇല്ല.’’ അദ്ദേഹം പറയുമായിരുന്നു: ‘ആരെങ്കിലും തന്റെ രോഗാവസ്ഥയിൽ ഇത് പറയുകയും പിന്നീട് മരണപ്പെടുകയും ചെയ്താൽ അയാളെ തീ തിന്നുകയില്ല’’ (ഇബ്‌നു മാജ).

മറ്റൊരു റിപ്പോട്ടിൽ “ആർക്കെങ്കിലും തന്റെ മരണ സന്ദർഭത്തിൽ (ചൊല്ലുവാൻ) ഇവ പ്രദാനം ചെയ്യപ്പെട്ടാൽ അയാളെ നരകം സ്പർശിക്കുകയില്ല’’ എന്നു കാണാം (മുസ്‌ലിം)

അല്ലാഹുവിനെ ഭയന്ന് കരയൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “അല്ലാഹുവിനെ ഭയന്ന് കരയുന്ന ഒരാൾ, (കറന്നെടുത്ത) പാൽ അകിട്ടിൽ തിരിച്ചു പ്രവേശിക്കുന്നതുവരെ നരകത്തിൽ പ്രവേശിക്കില്ല. അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുമ്പോൾ മേൽപറ്റിയ പൊടിപടലങ്ങളും നരകത്തിലെ പുകയും ഒരുമിച്ച് കൂടുകയില്ല’’ (തിർമുദി).

അല്ലാഹുവിന്റെ റസുൽ ﷺ പറഞ്ഞു: “മൂന്നുകൂട്ടർ, അവരുടെ കണ്ണുകൾ നരകം കാണില്ല. ഒരു കണ്ണ് അല്ലാഹുവിന്റെ മാർഗത്തിൽ കാവൽനിന്നു, ഒരുകണ്ണ് അല്ലാഹുവിനെ ഭയന്ന് കരഞ്ഞു, ഒരുകണ്ണ് അല്ലാഹു നിഷിദ്ധമാക്കിയവയിൽനിന്ന് തടഞ്ഞു’’ (ത്വബറാനി).

അന്യരുടെ അഭിമാനം കാക്കൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തുനിന്നും നരകത്തെ തടുക്കും’’ (തിർമുദി).

ദ്വുഹ്‌റിന്റെ സുന്നത്ത് നമസ്‌കാരങ്ങൾ നിലനിർത്തൽ

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ആരെങ്കിലും ദ്വുഹ്‌റിന് മുമ്പ് നാല് റക്അത്തുകളും ശേഷം നാല് റക്അത്തുകളും നിത്യമായി നിർവഹിക്കുകയാണെങ്കിൽ അല്ലാഹു അയാൾക്ക് നരകം നിഷിദ്ധമാക്കും’’ (തിർമുദി).

നരകത്തിൽനിന്ന് രക്ഷതേടൽ

പരമകാരുണികനായ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ പ്രാർഥനയായി അല്ലാഹു പറയുന്നു: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീർച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാർപ്പിടവും തന്നെയാകുന്നു’’ ( ക്വുർആൻ 25: 65, 66).

അല്ലാഹുവിന്റെ റസുൽ ﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹുവിന് വഴികളിൽ ചുറ്റിസഞ്ചരിക്കുന്ന മലക്കുകളുണ്ട്. അവർ ദിക്ർ എടുക്കുന്നവരെ അന്വേഷിക്കും. ദിക്ർ എടുക്കുന്ന ഒരു വിഭാഗത്തെ കണ്ടാൽ അവർ പരസ്പരം വിളിച്ചുകൊണ്ട് പറയും: ‘നിങ്ങളുടെ ആവശ്യത്തിലേക്ക് വന്നാലും.’ (പ്രവാചകൻ) പറഞ്ഞു: ‘അവർ (മലക്കുകൾ) ഭൗമാന്തരീക്ഷത്തോട് അടുത്ത ആകാശംവരെ ഇവരെ തങ്ങളുടെ ചിറകുകൾ കൊണ്ട് പൊതിഞ്ഞുനിൽക്കും.’ (പ്രവാചകൻ) പറയുന്നു: ‘അപ്പോൾ അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും (അവന് അവരെക്കുറിച്ച് നന്നായി അറിയാം): ‘എന്റെ ദാസന്മാർ എന്താണ് പറയുന്നത്?’ .....അല്ലാഹു ചോദിക്കും: ‘അവർ ഏതൊന്നിൽനിന്നാണ് അഭയം തേടുന്നത്?’ അവർ പറയും: ‘നരകത്തിൽ നിന്ന്.’ അല്ലാഹു പറയും: ‘അവർ അത് (നരകം) കണ്ടിട്ടുണ്ടോ?’ അവർ പറയും: ‘അല്ലാഹുവാണെ സത്യം, രക്ഷിതാവേ, ഇല്ല. അവർ കണ്ടിട്ടില്ല.’ അല്ലാഹു പറയും: ‘അവർ അത് (നരകം) കണ്ടിരുന്നുവെങ്കിൽ എങ്ങനെയായിരിക്കും?’ അവർ പറയും: ‘അവർ അത് കണ്ടിരുന്നുവെങ്കിൽ അതിൽനിന്ന് അവർ കൂടുതൽ ഓടിയകലുമായിരുന്നു, വല്ലാതെ അതിനെ ഭയക്കുമായിരുന്നു.’ അല്ലാഹു പറയും: ‘മലക്കുകളേ, നിങ്ങളെ ഞാൻ സാക്ഷിയാക്കുന്നു. ഞാൻ അവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു’’ (മുസ്‌ലിം).

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ഒരാൾ അല്ലാഹുവിനോട് മൂന്നു തവണ സ്വർഗം ചോദിച്ചാൽ, സ്വർഗം പറയും: ‘അല്ലാഹുവേ, ഇയാളെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ.’ ഒരാൾ അല്ലാഹുവിനോട് മൂന്നുതവണ നരകത്തിൽനിന്ന് രക്ഷതേടിയാൽ നരകം പറയും: ‘അല്ലാഹുവേ, ഇയാൾക്ക് നീ നരകത്തിൽനിന്ന് രക്ഷനൽകേണമേ’’ (തിർമുദി).

അല്ലാഹുവിന്റെ റസൂൽ ﷺ സദാ പ്രാർഥിക്കാറുള്ളതായി ഹദീഥുകളിൽ ഇപ്രകാരം വന്നിരിക്കുന്നു: “അല്ലാഹുവേ, ക്വബ്ർ ശിക്ഷയിൽനിന്നും നരകശിക്ഷയിൽനിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽനിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണ കെടുതിക ളിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു’’(ബുഖാരി)