ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 5

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 38)

ശബരിമല കേസും ശിരോവസ്ത്രവും

ശിരോവസ്ത്ര സ്വാതന്ത്ര്യത്തിനായി പൊരുതുന്ന വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകർ ഉയർത്തിപ്പിടിച്ച വാദങ്ങളെ സംഗ്രഹം ചെയ്ത ജസ്റ്റിസ് ഹേമന്ദ് ഗുപ്ത തുടർന്ന് അഭിഭാഷകരുടെ വാദങ്ങളെ ഒന്നൊന്നായി ഖണ്ഡിക്കാനാണ് ശ്രമിച്ചത്. വാദങ്ങളെ 11 ഇനങ്ങളായി തരം തിരിച്ച് ഓരോന്നും പ്രത്യേകമായി ചർച്ച ചെയ്തുകൊണ്ടുള്ള ശൈലിയാണ് അദ്ദേഹം വിധിന്യായത്തിൽ സ്വീകരിച്ചത്. ശബരിമല വിഷയത്തിലുള്ള കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. അതോടൊപ്പം ശിരോവസ്ത്ര കേസും കൂടി പരിഗണിക്കണമെന്ന അഭിഭാഷകരുടെ ആവശ്യത്തിന്മേലാണ് ആദ്യമായി ഗുപ്ത അഭിപ്രായപ്രകടനം നടത്തിയത്.

ഭരണഘടനാ ബെഞ്ചും 145(3)ാം അനുച്ഛേദവും

നിയമത്തിന്റെ വ്യഖ്യാനം ആവശ്യമായിവരുന്ന കേസുകളിൽ തീരുമാനമെടുക്കുന്നതിനോ ഭരണഘടനയുടെ 143ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതി ഒരു വിഷയത്തിൽ നടത്തിയിട്ടുള്ള പരാമർശം കേൾക്കുന്നതിനോ കുറഞ്ഞത് അഞ്ച് ജഡ്ജിമാരെങ്കിലും അടങ്ങുന്ന സുപ്രീംകോടതിയുടെ ബെഞ്ചുകൾക്കാണ് ഭരണഘടനാ ബെഞ്ച് എന്ന് പറയുന്നത്. ഭരണഘടനയുടെ 145(3) അനുച്ഛേദമാണ് ഇങ്ങനെയുള്ള ബെഞ്ചുകൾക്ക് നിയമസാധുത നൽകിയിട്ടുള്ളത്. ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന ഭരണഘടനാ ഭേദഗതികളിൽ വരുന്ന കേസുകളും സുപ്രീംകോടതി ഇതേ ബെഞ്ചുകൾക്കാണ് വിടാറുള്ളത്. ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനും കേസുകൾ അതിലേക്ക് റെഫർ ചെയ്യാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള നടപടികൾ ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാർ കേരള ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് 2018ൽ വിധി പുറപ്പെടുവിക്കുകയുണ്ടായി. ബെഞ്ചിലെ ഒരംഗം മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനം പാടില്ല എന്ന വിധി ശരിവെച്ചത്. ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ 19 റിവ്യൂ പെറ്റിഷനുകൾ വന്നു. മതത്തിന്റെ അവിഭാജ്യഘടങ്ങങ്ങളായ ആചാരങ്ങൾ (Essential Religious Practice) അതാത് മതങ്ങളാണ് തീരുമാനിക്കേണ്ടത് എന്നാണ് റിവ്യൂ പെറ്റിഷനുകളിലെ പ്രധാന പോയന്റ്. മറ്റൊരു പ്രശ്‌നമായി അഭിഭാഷകർ ചൂണ്ടിക്കാട്ടിയത് ശിരോവസ്ത്ര കേസിൽ നിയമത്തിന്റെ വ്യഖ്യാനങ്ങൾ അനിവാര്യമായി വന്നിരിക്കുന്നതുകൊണ്ട് 145(3) അനുസരിച്ച് ഇത് ഭരണഘടനാബെഞ്ചിന് വിടണം എന്നതാണ്. എന്നാൽ ഏതെങ്കിലും ഒരു കേസ് ഭരണഘടനാ ബെഞ്ചിന് വിടാൻ സുപ്രീംകോടതി തീരുമാനിച്ചാൽ അതുപോലുള്ള എല്ലാം അങ്ങനെ ചെയ്യണം എന്ന വാദം പരിഗണിക്കാൻ കഴിയില്ല എന്നാണ് ജസ്റ്റിസ് ഗുപ്ത പറയുന്നത്. ‘ശബരിമല കേസ് പരിഗണിക്കാം; എന്നാൽ ശിരോവസ്ത്ര കേസ് പരിഗണിക്കാൻ കഴിയില്ല’ എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.

ശബരിമല കേസിൽ സുപ്രീം കോടതി നടത്തിയ വിധി ജുഡീഷ്യൽ അധികാരത്തിന്റെ ലംഘനമാണ് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് വിശാലാബെഞ്ചിന് വിട്ടത്. എന്നാൽ ഇവിടെ ശിരോവസ്ത്ര വിഷയത്തിൽ അങ്ങനെയൊരു വാദമില്ല. ഒരു മതേതര പരിസരത്ത് ശിരോവസ്ത്രം നിയന്ത്രിക്കാമോ എന്നത് മാത്രമാണ് ഇവിടെയുള്ള വിഷയം. അതുകൊണ്ട് ശിരോവസ്ത്ര വിഷയത്തെ ശബരിമല വിഷയം പോലെ കാണാൻ കഴിയില്ലെന്നും ശബരിമല റിവ്യൂ പരിഗണിക്കുന്ന കൂട്ടത്തിൽ ഭരണഘടനാ ബെഞ്ച് ശിരോവസ്ത്ര കേസും പരിഗണിക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഗുപ്തയുടെ പക്ഷം.

ഗുപ്ത കാണാതെപോയ ജുഡീഷ്യൽ ലംഘനം

കർണാടക ഹൈക്കോടതി വിധിയിൽ ജുഡീഷ്യൽ അധികാരത്തിലുള്ള ലംഘനമുണ്ട് എന്ന കാര്യം ജസ്റ്റിസ് ഗുപ്ത കാണാതെ പോകുന്നു. ഭരണഘടന മൗലികാവകാശമായി പ്രഖ്യാപിച്ച ഒരു കാര്യത്തിൽ മതേതര പരിസരങ്ങളിൽ അത് പാടില്ലെന്ന് പറയാൻ കോടതിക്ക് അധികാരമില്ല എന്ന വസ്തുതയാണ് അഭിഭാഷകർ നേരത്തെ ചൂണ്ടിക്കാണിച്ചത്. ക്രമസമാധാനത്തെയോ ധാർമികതയെയോ ആരോഗ്യത്തെയോ ഒരു നിലക്കും ബാധിക്കാത്ത വിധത്തിൽ ഒരു പെൺകുട്ടി തലയിൽ ഒരു തുണി ധരിക്കുന്നതിനെ തടയാൻ ഒരാൾക്കും അധികാരമില്ല. കർണാടക ഭരണകൂടം ചെയ്ത ഈ മൗലികാവകാശ ലംഘനത്തിന്റെ കാര്യത്തിൽ അവർക്കനുകൂലമായി കർണാടക ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ജുഡീഷ്യൽ അധികാരത്തിന്റെ ലംഘനമാണെന്ന് പ്രത്യക്ഷത്തിൽതന്നെ ബോധ്യപ്പെടുന്ന കാര്യമാണ്. ഈ ജുഡീഷ്യൽ ലംഘനത്തെ എന്തുകൊണ്ട് ജസ്റ്റിസ് ഗുപ്ത കാണാതെ പോകുന്നു എന്നതാണ് ഇവിടെ ഉയർന്നുവരുന്ന പ്രധാന ചോദ്യം.

യൂണിഫോമും മാനേജ്‌മെന്റ് അധികാരങ്ങളും

ഗുപ്ത സംഗ്രഹിച്ചതിലെ രണ്ടാമത്തെ വിഷയം യൂണിഫോമുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കുന്നതിന് സ്‌കൂൾ മാനേജ്‌മെന്റിനെ ഉത്തരവാദപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടോ എന്ന വിഷയമാണ്. പ്രസ്തുത വിഷയത്തിൽ അഭിഭാഷകർ ഉയർത്തിപ്പിടിച്ച വാദങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1) സ്‌കൂളുകളിലെ ക്രമസമാധാനപാലനത്തിന് വേണ്ടിയാണ് വികസനസമിതികളും മാനേജ്‌മെന്റ് കമ്മിറ്റികളും രൂപീകരിച്ചിരിക്കുന്നത് എന്ന വാദം തെറ്റാണ്. കാരണം സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്തം സർക്കാറിനാണ്. സർക്കാറിന്റെ അധികാരം ഇത്തരം സമിതികൾക്ക് നൽകുന്നത് ഭരണഘടനാവിരുദ്ധമാണ്.

2) പ്രത്യക്ഷത്തിൽ സർക്കാർ ഉത്തരവ് മതനിരപേക്ഷമാണെന്ന് തോന്നുമെങ്കിലും അത് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് വളരെ വ്യക്തമാണ്.

3) പൗരന്റെ മൗലികാവകാശങ്ങളെ നിയന്ത്രിക്കാൻതക്ക അധികാരമുള്ള ഒരു സ്റ്റാറ്റിയുട്ടറി ബോഡിയല്ല സ്‌കൂൾ വികസനസമിതിയും മാനേജ്‌മെന്റ് കമ്മിറ്റിയും.

മർമത്തിൽ തൊടാത്ത വിധിന്യായം

അഭിഭാഷകർ ചൂണ്ടിക്കാട്ടിയ വളരെ പ്രസക്തമായ കാര്യങ്ങളെക്കുറിച്ച് ‘ഹർജിക്കാർ ഉന്നയിക്കുന്ന വാദങ്ങളിൽ ഞാൻ ഒരു കഴമ്പും കാണുന്നില്ല’ എന്ന് മാത്രം പറഞ്ഞ് ഒറ്റവാക്കിൽ അവസാനിപ്പിക്കുകയാണ് ഗുപ്ത ചെയ്തിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അക്കാദമിക നിലവാരം ഉറപ്പുവരുത്തൽ, ഗ്രാന്റുകൾ യഥാവിധി വിനിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കാൻ പ്രസ്തുത സമിതികൾക്ക് അധികാരമുണ്ട് എന്നതിന്റെ ചുവടുപിടിച്ചാണ് സ്ഥാപനങ്ങൾ ഇച്ഛിക്കുന്നവിധം യൂണിഫോം നടപ്പാക്കാൻ അധികാരമുണ്ട് എന്നതിലേക്ക് ജസ്റ്റിസ് ഗുപ്ത പറഞ്ഞൊപ്പിക്കുന്നത്. തോന്നിയപോലെ നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരമില്ലാത്ത ഒരു സമിതി ഏതെങ്കിലും സമുദായത്തെയോ സമൂഹത്തെയോ പ്രത്യേകമായി ബാധിക്കുന്ന വിധത്തിൽ നിയമങ്ങൾ ഉണ്ടാക്കുന്നത് ഭരണഘടനയുടെ പാർട്ട് മൂന്നിലെ വിവിധ അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണ് എന്ന അഭിഭാഷകർ ചൂണ്ടിക്കാണിച്ച വിഷയത്തെ ഖണ്ഡിക്കാൻ പര്യാപ്തമായിരുന്നില്ല ജസ്റ്റിസ് ഗുപ്തയുടെ വിശദീകരണം. വിദ്യാലയങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുവദിക്കപ്പെട്ട അളവിൽ ചില ചട്ടങ്ങളുണ്ടാക്കാൻ മാനേജ്‌മെന്റ് സമിതികൾക്കും പി.ടി.എ പോലുള്ള സംവിധാനങ്ങൾക്കും അധികാരമുണ്ടാവാമെങ്കിലും മൗലികാവകാശങ്ങൾ ഹനിക്കുന്ന, ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെ ഉന്മൂലനം ചെയ്യുന്ന വിധത്തിലുള്ള നിയമനിർമാണം നടത്താൻ അവയ്ക്ക് അധികാരമില്ല എന്ന കാര്യം തുറന്നുപറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്നത് ഖേദകരമാണ്.

റാം ജാവായ കേസും മൗലികാവകാശ നിയന്ത്രണവും

സംസ്ഥാന സർക്കാരിന് മൗലികാവകാശങ്ങൾ നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാമെന്നാണ് ജസ്റ്റിസ് ഗുപ്ത പറയുന്നത്. അതിനായി അദ്ദേഹം ഉദ്ധരിച്ച സുപ്രീം കോടതി വിധിന്യായം 1955ലെ റാം ജാവായ കപൂർ-സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസാണ്. ഈ കേസിന്റെ വസ്തുത പരിശോധിക്കുമ്പോൾ ജസ്റ്റിസ് ഗുപ്ത പറയുന്ന വാദങ്ങൾ നിലനിൽക്കില്ല എന്ന് ബോധ്യമാകും. പഞ്ചാബിലെ സ്‌കൂളുകളിൽ പഠിപ്പിക്കപ്പെടുന്ന ടെക്സ്റ്റ് ബുക്കുകൾ പ്രസിദ്ധീകരിച്ചിരുന്നത് ‘ഉത്തർ കപൂർ & സൺസ്’ എന്ന പ്രസിദ്ധീകരണാലയമായിരുന്നു. സ്വന്തമായി ബിസിനസ് നടത്തുന്നതിന് ഭരണഘടന നൽകുന്ന അവകാശത്തിന്റെ പിൻബലത്തോടെയായിരുന്നു അവർ പ്രസിദ്ധീകരണം നടത്തിവന്നിരുന്നത്. എന്നാൽ പഞ്ചാബ് വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തങ്ങളുടെ പ്രസിദ്ധീകരണം ദേശസാൽക്കരിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവന്നു. എന്നാൽ വിദ്യാഭ്യാസവകുപ്പിന്റെ ഈ നടപടി സ്വതന്ത്രമായി ബിസിനസ് നടത്താനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയുടെ 19(1)(ജി) എന്ന അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകി. എന്നാൽ സുപ്രീംകോടതി അവരുടെ അപ്പീൽ തള്ളി. ഒരു വിദ്യാർഥി എന്താണ് പഠിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് പ്രസിദ്ധീകരണാലയമല്ല, മറിച്ച് വിദ്യാഭ്യാസ വകുപ്പും സ്‌കൂളുകളുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇ കേസിനെ ശിരോവസ്ത്ര കേസുമായി ബന്ധപ്പെടുത്തുന്നത് ഒട്ടും ന്യായമല്ല എന്ന് പ്രത്യക്ഷത്തിൽ തന്നെ ബോധ്യമാകും. ഒരു സ്ഥാപനത്തിന്റെയോ വകുപ്പിന്റെയോ മൗലികാവകാശമാണ് ഇവിടെ കോടതി അംഗീകരിച്ചിട്ടുള്ളത്. അത്തരം അവകാശങ്ങൾക്കുമേൽ ഒരു ബിസിനസ് സ്ഥാപനത്തിന്റെ മൗലികാവകാശം നിലനിൽക്കില്ല എന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. അതുപോലെതന്നെ ഒരു കുട്ടിയുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ വ്യക്തികളുടെ മൗലികാവകാശത്തിനാണ് ഒരു സ്ഥാപനത്തിന്റെ മൗലികാവകാശത്തെക്കാൾ പ്രാമുഖ്യം നൽകേണ്ടത് എന്നുകൂടി ഇതിൽനിന്നും വായിച്ചെടുക്കാവുന്നതാണ്. കുട്ടികൾ ഏതുതരത്തിലുള്ള വസ്ത്രം കുട്ടികൾ ധരിക്കണമെന്ന നിയമം ഉണ്ടാക്കാനാണുള്ള അധികാരം അടിസ്ഥാനപരമായി സ്ഥാപനങ്ങൾക്കില്ല. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നുകൊണ്ട് ഉണ്ടാക്കുന്ന സമവായങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് യൂണിഫോം നിയമങ്ങൾ രൂപപ്പെടുന്നത്. വസ്ത്രനിയമങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന തരത്തിലുള്ള മൗലികാവകാശങ്ങൾ സ്ഥാപനങ്ങൾക്ക് ഭരണഘടന നൽകിയതായി കാണാൻ സാധിക്കില്ല.

(അടുത്ത ലക്കത്തിൽ: മൗലികാവകാശങ്ങളിൽ നിയന്ത്രണങ്ങളോ?)