തദ്കിറയിലെ പ്രവചനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 23)

തദ്കിറ’യിലെ ഒട്ടു മിക്ക ‘വഹ്‌യു’കളും ദർശനങ്ങളും ഏതെങ്കിലുമൊരു പ്രവചനവുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. ഒരു സംഭവത്തെക്കുറിച്ച് അല്ലാഹുവിൽനിന്ന് വിവരം ലഭിക്കുകയും അക്കാര്യം ബന്ധപ്പെട്ടവരെയും വിശ്വാസികളെയും എതിരാളികളെയുമൊക്കെ മുൻകൂട്ടി അറിയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക, തുടർന്ന് അത് സ്വാഭാവികമായി ആർക്കും നോക്കിക്കാണാനാവും വിധം അനുഭവവേദ്യമാവുക, ഇതാണ് ഒരു പ്രവചനത്തിന്റെ സാക്ഷാത്കാരം എന്ന് പറയുന്നത്. ഇത്തരം സംഭവങ്ങളിൽ മുൻകൂട്ടി പറയുന്ന ആൾ അല്ലാഹുവിൽനിന്ന് അദൃശ്യകാര്യങ്ങൾ അറിയിക്കപ്പെടുന്ന പ്രവാചകൻ ആണെന്ന് വിശ്വസിക്കാം. ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അറിയുന്നത് അല്ലാഹുവിന് മാത്രമാണ്, പ്രവാചകന്മാർക്ക് പോലും അതറിയില്ലായെന്നത് ഇസ്‌ലാമിന്റെ മൗലിക വിശ്വാസകാര്യമാണല്ലോ.

ഈയടിസ്ഥാനത്തിൽ മിർസാ ഖാദിയാനിയുടെ വഹ്‌യുകളും അവയിലെ പ്രവചനങ്ങളുടെ സാക്ഷാത്കാരവും പരിശോധിക്കുന്നത് അദ്ദേഹം പ്രവാചകനാണോ എന്ന് തിരിച്ചറിയാൻ അനിവാര്യമാണ്.

മകന്റെ മൂത്താപ്പയുടെ മരണം

1883ൽ മാസമോ തീയതിയോ വെക്കാത്ത ഒരു പേർഷ്യൻ ‘ഇൽഹാം’ ഇങ്ങനെ വായിക്കാം: “മൂത്താപ്പാ, നീ നിന്റെ ജീവൻകൊണ്ട് കളിച്ചുവല്ലോ. എന്നെ വല്ലാതെ ദുഃഖിപ്പിക്കുകയും ചെയ്തു.’ ഇത് ജ്യേഷ്ഠൻ മിർസാ ഗുലാം ഖാദിറിന്റെ മരണത്തെ സംബന്ധിച്ച പ്രവചനമാകുന്നു. എന്റെ മകന്റെ ഭാഗത്തുനിന്ന് ‘മറ്റൊരാളുടെ സംസാരം പോലെ’ വന്ന ഇൽഹാം. ഞാനിത് സംഭവത്തിന് മുമ്പായി ശരംപത് ആര്യനെ കേൾപ്പിച്ചിരുന്നു; എന്റെ സഹോദരന്റെ അപ്രതീക്ഷിതമായ അകാലമരണമാണ് ഇൽഹാമിന്റെ ആശയം. പിന്നെയാണ് എനിക്ക് വിവരം അറിയിക്കപ്പെട്ടത്. അപ്രകാരം രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി മരണം സംഭവിച്ചു! എന്റെ മകനെ അതേറെ ദുഃഖിതനാക്കി. ജ്യേഷ്ഠന്റെ മരണത്തിന് ഒരു ദിവസം മുമ്പുണ്ടായ മറ്റൊരു ഇൽഹാം ‘ജനാസ’ എന്നായിരുന്നു. ഞാനിത് പലരെയും അറിയിച്ചു. പിറ്റേന്ന് സഹോദരൻ മരിച്ചു’’(പേജ് 90).

ഇങ്ങനെ ജ്യേഷ്ഠന്റെ മരണം മുൻകൂട്ടി പ്രവചിച്ചത് തന്റെ പ്രവാചകത്വത്തിന്റെ തെളിവായാണ് സമർപ്പിച്ചിട്ടുള്ളത്. ഈ കാര്യത്തിന് ഒരു ആര്യനും പേര് പറയാത്ത മറ്റു ചിലരും സാക്ഷിയുമാണ്. ഇതൊക്കെ മനസ്സിലാക്കി മിർസ നബിയാണെന്ന് നാം വിശ്വസിക്കണം എന്ന് സാരം!

1883ലാണ് അയാൾ മരിച്ചതെന്ന് അടിക്കുറിപ്പിൽ പറയുന്നു. സമർപ്പിക്കപ്പെട്ട വചനങ്ങളിൽ ആളുടെ പേരില്ല. എന്തിനധികം സംഭവിക്കാൻ പോകുന്നത് മരണമാണെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. ‘മൃതദേഹം’ എന്ന് അർഥമുള്ള ‘ജനാസ’ എന്ന പദമാണ് വഹ്‌യ് ആണെന്ന് പറഞ്ഞ് സമർപ്പിച്ചത്. ഈ വഹ് യും ജ്യേഷ്ഠന്റെ മരണമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അവകാശപ്പെടുന്നത് 1907ൽ പ്രസിദ്ധീകരിച്ച ‘ഹഖീഖതുൽ വഹ്‌യി’ൽ ആണ്. മരിക്കും മുമ്പ് മുഖപത്രത്തിലോ മറ്റെവിടെയോ ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു അടയാളമാകുമ്പോൾ എല്ലാവർക്കും കാണാവുന്നതാവണം. പ്രവചനമാണെങ്കിലോ വ്യക്തതയും കൃത്യമായ രേഖയും വേണം. ഇത് എല്ലാ പ്രവചനങ്ങൾക്കും ബാധകമാണ്.

യാത്രയിലെ നഷ്ടം

1887ലെ ഒരു ഇൽഹാമും അതി ന്റെ സാക്ഷാത്കാരവുമാണ് ഇനി പറയുന്നത്:

“ഒരിക്കൽ ശൈഖ് ഹാമിദ് അലി, ഗുലാംനബി എന്നിവരോടൊപ്പം ഗുരുദാസ്പൂർ ജില്ലയിലെ കുൻജുറാനിൽ പോകേണ്ട ആവശ്യം നേരിട്ടു. രാവിലെ പോകാൻ ഉദ്ദേശിച്ചപ്പോൾതന്നെ ഇൽഹാം അവതരിച്ചു: ‘ഈ യാത്രയിൽ നിനക്കും നിന്റെ കൂട്ടുകാരനും എന്തെങ്കിലും നഷ്ടം സംഭവിക്കും. അങ്ങനെ യാത്രയിൽ....’ നിങ്ങൾ എന്താണ് വിചാരിച്ചത്? പേഴ്‌സ് പോക്കറ്റടിച്ചുവെന്നോ, ബാഗ് അടിച്ചുപോയെന്നോ, വല്ല അപകടത്തിലും പെട്ടുവെന്നോ ആയിരിക്കും. അതൊന്നുമല്ല സംഭവം! ശൈഖ് ഹാമിദ് അലിയുടെ തട്ടവും എന്റെ ഒരു ടൗവലും നഷ്ടപ്പെട്ടു. അന്നേരം ആ ഒരു തട്ടം മാത്രമെ ഹാമിദ് അലിക്ക് ഉണ്ടായിരുന്നുള്ളൂ’’ (പേജ് 118-119).

ഇതൊക്കെ തന്നെയല്ലേ പ്രവാചകന്മാർക്ക് വഹ് യായി നൽകേണ്ട ഭാവികാല വിവരം! ഇതുപോലെ സാക്ഷാത്കരിക്കപ്പെട്ട പ്രവചനങ്ങളും മറ്റും വായിച്ച് മനസ്സിലാക്കിയിട്ട് വേണം ലോകാവസാനം വരെയുള്ള മനുഷ്യർ ഈ പ്രവാചകനിൽ വിശ്വസിച്ചു സ്വർഗം നേടാൻ, വിശ്വസിക്കാത്തവർ ശാശ്വതമായ നരക ശിക്ഷ അനുഭവിക്കാൻ. വല്ലാത്തൊരു ദുരവസ്ഥ തന്നെ!

നഷ്ടം വീണ്ടും

1888ലും ഇതേപോലെ ഒരു യാത്രാരംഭത്തിൽ നഷ്ടവും ദുഃഖവും ഉണ്ടാകുമെന്ന് ഇൽഹാം അവതരിച്ചു. ടൗവലിൽ കെട്ടി കോട്ടിന്റെ കീശയിൽ വച്ചിരുന്ന പണം വുദൂഅ് ചെയ്യാൻ വേണ്ടി അഴിച്ചുവച്ചപ്പോൾ നഷ്ടപ്പെടുകയും ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. പിന്നെ ട്രെയിനിൽവച്ച് ഏതോ ഒരു ഇംഗ്ലീഷുകാരൻ പറഞ്ഞതുകേട്ട് ലുധിയാന റെയിൽവേ സ്റ്റേഷൻ ആണെന്ന് കരുതി കാട്ടിലുള്ള ദോറാഹ സ്റ്റേഷനിൽ ഇറങ്ങുകയും ഒത്തിരി പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്തു എന്ന് തുടർന്ന് പറയുന്നു. (പേജ് 121)

ഇത്തരം അബദ്ധങ്ങൾ ഇൽഹാം ലഭിക്കാത്തവർക്കും പലപ്പോഴും സംഭവിക്കാറുള്ളതാണ്. ആ വിവരം തനിക്ക് നേരത്തെ ദൈവത്തിൽനിന്നു ലഭിച്ചിരുന്നു എന്ന അവകാശവാദമാണ് ലോകാവസാനം വരെയുള്ള പ്രബോധിതർക്കായി സമർപ്പിക്കാനുള്ളത്. ഇതൊക്കെ വായിച്ചിട്ടാവുമോ ഈ സാധുക്കൾ ഖാദിയാനി മതം സ്വീകരിച്ചിക്കുക!

മിനുട്ടുകൾക്കകം സാക്ഷാത്കാരം

“ഒരു ജാഗ്രദ് ദർശനത്തിൽ എന്റെ നാലാമത്തെ മകൻ മുബാറക് അഹ്‌മദ് കട്ടിലിൽനിന്ന് വീണതായി ഞാൻ കണ്ടു. നന്നായി മുറിവ് പറ്റുകയും വസ്ത്രം രക്തത്തിൽ കുതിരുകയും ചെയ്തിട്ടുണ്ട്. മൂന്നു മിനുട്ടുപോലും കഴിഞ്ഞിരുന്നില്ല, ഞാൻ ഇടനാഴിയിൽനിന്ന് പുറത്തുവന്നപ്പോൾ രണ്ടേകാൽ വയസ്സ് മാത്രം പ്രായമുള്ള മകൻ മുബാറക് അഹ്‌മദ് കട്ടിലിനടുത്തുനിൽക്കുന്നു. കുട്ടികളുടെ ചേഷ്ടകൾ കാണിക്കവേ വഴുതിവീണു. ഉടുപ്പ് ചോരയിൽ കുതിർന്നു. കശ്ഫിൽ കണ്ടപോലെ തന്നെ വെളിപ്പെട്ടു’’ (പേജ് 336).

വീണ്ടും തഥൈവ!

1899ലെ ഒരു പ്രവചനം: “ദുഹ്‌ർ നമസ്‌കരിക്കാൻ നേരത്ത് ഒരു ഇൽഹാം; ‘നീ വേദനിക്കുന്ന ഒരു തുട കാണും.’ ഞാൻ ഇത് അവനെ (ശൈഖ് ഹാമിദ് അലി) കേൾപ്പിച്ചു. പിന്നെ ഒട്ടും വൈകാതെ ഞാൻ നമസ്‌കരിക്കാനായി പള്ളിയിലേക്ക് പുറപ്പെട്ടു. അയാളും എന്നോടൊപ്പം കോണിയിറങ്ങി. അപ്പോൾ രണ്ടു കുട്ടികൾ കുതിരപ്പുറത്ത് വരുന്നത് കണ്ടു. ഇരുപത് വയസ്സ് കാണും. ഒരാൾ ചെറുതും മറ്റെയാൾ വലുതുമാണ്. നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഒരാൾ എന്നോട് പറഞ്ഞു: ‘ഇവൻ എന്റെ സഹോദരനാണ്. അവന്റെ തുടയിൽ വല്ലാത്ത വേദനയുണ്ട്. അതിനുള്ള ചികിത്സ അന്വേഷിച്ചാണ് വന്നത്.’ ഞാൻ ഹാമിദ് അലിയോട് പറഞ്ഞു: ‘നീ സാക്ഷിയാവുക; രണ്ടോ മൂന്നോ മിനിട്ടുകൾക്കകം പ്രവചനം പുലർന്നതിന്’’ (പേജ് 339). ഇതൊക്കെ പോരേ ഒരു പ്രവാചകന് ആവശ്യമായ തെളിവുകൾ!

നേരത്തെ ഈ പ്രവചന സാക്ഷാത്കാരം രേഖപ്പെടുത്തിയത് ഖാദിയാനി പ്രവാചകന്റെ ഗ്രന്ഥങ്ങളിൽ ഒന്നായ ‘തിരിയാഖുൽ ക്വുലൂബ്’ (ഹൃദയങ്ങൾക്ക് ഒരു ഔഷധം) എന്ന കൃതിയിലാണ്. അതിന്റെ നിലവാരം കൂടി മനസ്സിലാക്കാനാണ് ഇവിടെ പരാമർശിച്ചത്.

ആധുനികകാലത്ത് കോടാനുകോടി ജനങ്ങളിലേക്ക് സത്യസന്ദേശവുമായി നിയുക്തനായ ഒരു പ്രവാചകൻ എന്ന് ഇവർ അവകാശപ്പെടുന്നയാൾക്ക് അവതരിച്ച വഹ്‌യുകളാണത്രെ ഇവ. എന്ത് സന്ദേശമാണ് ഇവ നൽകുന്നത്?

ഒന്നുകിൽ വിജയം, അല്ലെങ്കിൽ മഴ

“1899 സെപ്തംബർ 14ന് ഇൽഹാം അവതരിച്ചു: ‘അന്തസ്സുറ്റ ഒരു അഭിസംബോധന!’ രണ്ടുതവണ ഉർദുവിലും ഒരു പ്രാവശ്യം അറബിയിലും പറഞ്ഞശേഷം അതോടൊപ്പം ഒരു വലിയ അടയാളം കാണുമെന്നും അറിയിച്ചു. 18ന് തിങ്കളാഴ്ച രാത്രി മഴ പെയ്യുന്നതായി സ്വപ്‌നവും കണ്ടു. ഞാൻ മഴക്ക് വേണ്ടി പ്രാർഥിക്കാൻ വിചാരിച്ചപ്പോഴാണ് മഴ പെയ്തത്. ഇൽഹാം പ്രകാരം ഒന്നുകിൽ മഴപെയ്യും, അല്ലെങ്കിൽ അല്ലാഹുവിന്റെ അപാരമായ കാരുണ്യവും സഹായവും വിജയവും മഴപോലെ എന്റെ ജമാഅത്തിൽ വർഷിക്കും. അതുമല്ലെങ്കിൽ രണ്ടും സംഭവിക്കാം. നമ്മുടെ സ്വപ്‌നം സത്യമാണ്. അത് പുലരുകതന്നെ ചെയ്യും. രണ്ടിലൊന്ന് ഏതായാലും ഉണ്ടാവും എന്നത് തീർച്ചയാണ്. ഒന്നുകിൽ മഴ, അല്ലെങ്കിൽ അസാധാരണമായ അടയാളമായി ആത്മീയവിജയവും സഹായവും. ഏതായാലും സാധാരണ കാര്യമാവില്ല’’ (പേജ് 347).

എന്താണ് സംഭവിച്ചത് എന്ന് പറയുന്നില്ല. മഴ പെയ്തിരുന്നെങ്കിൽ അതിന് കുറെ സാക്ഷികളുടെ പേര് പറയുമായിരുന്നു. ആത്മീയവിജയം ആണെങ്കിൽ അത് കാണാൻ സാധിക്കുന്നതുമല്ലല്ലോ.

‘അന്തസ്സുറ്റ അഭിസംബോധന’ എന്താണെന്ന് മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ആം പത്രത്തിന്റെ എഡിറ്റർക്ക് അയാൾ കത്തെഴുതിയിരുന്നു.

“അന്തസ്സുറ്റ അഭിസംബോധന’ എന്ന് ആവർത്തിച്ച് ഇൽഹാം എനിക്ക് അവതരിച്ചിരുന്നു. പ്രത്യേകമായ പദവി നൽകുന്നതിനായി അല്ലാഹു എനിക്ക് നബി എന്ന പേര് വച്ചിരിക്കുന്നു’’ (പേജ് 347, അടിക്കുറിപ്പ്).

വഹ്‌യ് വന്ന് ഒമ്പതു വർഷങ്ങൾക്കു ശേഷം, മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് അല്ലാഹു, ‘നബിയേ’ എന്ന് വിളിച്ചതാണ് ‘അന്തസ്സുള്ള അഭിസംബോധന’ എന്നു പ്രവാചകന് മനസ്സിലായത്. അതി മഹത്തായ ഒരു പദവിയിലേക്ക് തന്നെ നിയോഗിക്കുന്നതും ചറപറ മഴ പെയ്യുന്നതും ഒരേ പോലെയാണ് ഈ പ്രവാചകന് അനുഭവവേദ്യമാകുന്നത്! അത്രയേ ഉള്ളൂ പ്രവാചകത്വത്തിന്റെ മഹത്ത്വം.

അളിയന്റെ കല്യാണം

ഒരു ദിവ്യസ്വപ്‌നം ഭംഗിയായി പുലർന്നത് ഇങ്ങനെയായിരുന്നു: “1906 ഫെബ്രുവരി 5 തിങ്കളാഴ്ച ബലിപെരുന്നാൾ ദിവസം ഹസ്രത്ത് മസീഹ് ഒരു സ്വപ്‌നം കണ്ടതായി പറഞ്ഞു: ‘മീർ നാസിർ നവാബിന്റെ മകൻ മിയാൻ മുഹമ്മദ് ഇസ്ഹാഖും മൻസൂർ മുഹമ്മദിന്റെ മകൾ സ്വാലിഹയും തമ്മിലുള്ള വിവാഹത്തിന് തയ്യാറെടുപ്പുകൾ നടക്കുന്നു’’ (പേജ് 588).

“അന്നുതന്നെ മസ്ജിദുൽ അഖ്‌സയിൽ വച്ച് ഹുസൂറിന്റെ സാന്നിധ്യത്തിൽ ഹകീം നൂറുദ്ദീൻ ഈ വിവാഹത്തിന്റെ പ്രഖ്യാപനം നടത്തി’’ (അടിക്കുറിപ്പ്).

ഇത്രയും ഝടുതിയിൽ ഒരു സ്വപ്‌നദർശനം പുലരണമെങ്കിൽ അയാൾ പ്രവാചകൻ തന്നെയായിരിക്കണം!

പ്രവാചകന്റെ അളിയനാണ് ഈ പുതിയാപ്പിള എന്നുകൂടി അറിയുമ്പോഴാണ് ഈ പ്രവചനത്തിന്റെ ഗാംഭീര്യവും മഹത്ത്വവും മനസ്സിലാവുക.

ലാഹോറിൽ ഒരു കുട്ടിയുടെ മരണം

‘ലാഹോറിൽനിന്ന് ഒരു ദുഃഖവാർത്ത വന്നു’ എന്ന് ഒരു ഇൽഹാം അവതരിച്ചു. 1907ലാണ് സംഭവം. ‘നമ്മുടെ സുഹൃത്തുക്കളുടെ സ്ഥിതി അന്വേഷിക്കാനായി ഞാൻ ഒരാളെ ലാഹോറിലേക്കയച്ചു. പക്ഷേ, അവിടെ ഒരു പ്രശ്‌നവും ഇല്ലായിരുന്നു’’ (പേജ് 718).

ഈ ഇൽഹാം പ്രസിദ്ധീകരിച്ച ‘ബദർ’ വാരികയുടെ എഡിറ്റർ എഴുതിച്ചേർത്തത് കാണുക: ‘അൽപ ദിവസങ്ങൾക്ക് ശേഷം ഒരു വിവരം വന്നു. രോഗിയായ ഒരു കൊച്ചുകുട്ടി ലാഹോറിൽ മരണപ്പെട്ടിരിക്കുന്നു’(അടിക്കുറിപ്പ്).

ലാഹോർ വലിയൊരു നഗരമാണ് അന്നും. അവിടെ ഒരു കുട്ടി മരിച്ചു എന്നതാണ് പ്രവചനത്തിന്റെ സാക്ഷാത്കാരം. ‘ദുഃഖകരമായ വാർത്ത’ എന്ന ഇൽഹാമിന്റെ വിശദീകരണത്തിൽ ആ കുട്ടിയുടെ ഊരോ പേരോ എന്തിനധികം കുട്ടിയുടെ മരണമാണെന്ന് പോലുമോ സൂചനയില്ല. സുഹൃത്തുക്കളുടെ സ്ഥിതി അന്വേഷിക്കാൻ ആളെ അയച്ചിട്ടും എന്താണ് ദുഃഖ വാർത്ത എന്ന് മനസ്സിലാക്കാൻ പ്രവാചകന് സാധിച്ചില്ല. ഇങ്ങനെയുള്ള അനുയായികൾ ഉണ്ടെങ്കിൽ പിന്നെ പുലരാത്ത പ്രവചനങ്ങൾ ഒന്ന് പോലും ഉണ്ടാവില്ല. ഏതു കുട്ടിയാണ് മരിച്ചത് എന്ന് പിന്നീടും പത്രാധിപർക്ക് പറയാൻ കഴിഞ്ഞിട്ടില്ല.

തലയിലെഴുത്ത് വായിച്ചിട്ടും...

1897 ഡിസംബറിലെ ഒരു വഹ്‌യ്: “ഇന്നലെ ഹസ്രത്ത് മസീഹിന് നാലഞ്ച് അനുയായികളുടെ വിധികൾ (തലയിലെഴുത്ത്) അല്ലാഹു കാണിച്ചുകൊടുത്തു. അതിൽ ഒരാളുടെ ആയുസ്സിൽ നാലു വർഷമേ ബാക്കിയുള്ളൂ എന്ന് മനസ്സിലായെങ്കിലും അദ്ദേഹം കൂടുതൽ വിശദീകരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു’’ (പേജ് 771).

ആ പറഞ്ഞത് വളരെ ശരിയാണ്. അല്ലാഹു ഒരാളുടെ ആയുസ്സ് അറിയിച്ചുകൊടുത്താലും അത് അയാളോടോ മറ്റുള്ളവരോടോ പറയുന്നത് ഏതായാലും ശരിയല്ല. പക്ഷേ, ഇവിടെ പ്രശ്‌നം പ്രവചനമാണ് എന്നതത്രെ. അപ്പോൾ വ്യക്തതയില്ലാതെ പറയാൻ പറ്റുമോ? ആരു മരിച്ചാലും മുൻകൂട്ടി പറഞ്ഞിരുന്നു എന്ന ഒരു അവകാശവാദം ഉന്നയിക്കാമല്ലോ എന്നതാണ് മനസ്സിലിരിപ്പ്. എത്ര അനുയായികളുടെ തലവിധിയാണ് അറിയിച്ചു കൊടുത്തത് എന്നതിലും ഇല്ല കൃത്യത!

സുഹൃത്തുക്കളുടെ മരണം

അടുത്ത പ്രവചനം കാണുക: കപൂർത്തലക്കാരൻ മുൻഷി സഫർ അഹ്‌മദ് എഴുതുന്നു: ‘ഒരു ദിവസം ഹൂസൂർ പറഞ്ഞു: ‘ഈ കൊല്ലം നമ്മുടെ മൂന്നോ നാലോ സുഹൃത്തുക്കൾ വേർപാടിന്റെ വേദന നൽകും.’

ഞാൻ ചോദിച്ചു: ‘അവർ ഖാദിയാൻ സ്വദേശികൾ അല്ലല്ലോ?

‘അല്ല.’

‘അവർ കപൂർത്തലവാസികൾ ആരെങ്കിലുമാണോ?’

‘കപൂർത്തല ഖാദിയാനിൽ പെടുന്ന മഹല്ല് ആണല്ലോ’ (പേജ് 688).

എത്ര വ്യക്തമാണ് പ്രവചനം എന്ന് നോക്കുക! മൂന്നോ നാലോ സ്വഹാബിമാർ ഒരു കൊല്ലത്തിനകം മരിക്കും. അവർ എവിടെയുള്ളവരുമാകാം എന്നാണ് ‘മഹത്തായ’ പ്രവചനം. ഇത് ഭംഗിയായി പുലർന്നു എന്ന് മനസ്സിലാക്കിയവർക്ക് ഈ പ്രവാചകനിൽ വിശ്വസിക്കാം.

നീയും രക്ഷയില്ല

1897ലെ വാർഷിക സമ്മേളനറിപ്പോർട്ടിൽ ഒരു ജാഗ്രദ് ദർശനം വിവരിക്കുന്നു: “അടുത്തവർഷം ചില കൂട്ടുകാർ ഭൂമുഖത്ത് ഉണ്ടാവില്ലെന്ന് ഒരു കശ്ഫിൽ എന്നെ അറിയിച്ചിരിക്കുന്നു. അതിന്റെ സാക്ഷാത്ക്കാരം ആരാണെന്ന് പറയാനാവില്ല. അതുകൊണ്ട് എല്ലാവരും സ്വയം പരലോക യാത്രക്ക് സജ്ജമായിരിക്കുക’’ (പേജ് 259).

ആദ്യത്തെ വഹ്‌യിൽ പേര് പറഞ്ഞില്ലെങ്കിലും ഒരാളുടെ തലവിധിയായിരുന്നു അറിയിച്ചത്. പിന്നെ മൂന്നോ നാലോ എന്നെങ്കിലും പറഞ്ഞു. ഇവിടെ പക്ഷേ, ചിലരെപ്പറ്റിയാണ് പരാമർശം. ആരുമാകാം എത്രയുമാകാം!

അല്ലാഹുവിന്റെ ദിവസം മരിക്കും

“1902 ഡിസംബർ 5, വെള്ളിയാഴ്ച, ഞാൻ രോഗിയായിരിക്കെ ഒരു ഇൽഹാം അവതരിച്ചു: ‘എന്റെ ഈ ദിവസം മരിക്കും.’ വെള്ളിയാഴ്ചയാണ് ‘ദിവസം’ എന്നതിന്റെ താൽപര്യം. അത് ‘അല്ലാഹുവിന്റെ ദിവസ’മാണല്ലോ.’’ (പേജ് 362).

സ്വന്തം മരണത്തെപ്പറ്റി മിർസാ ഖാദിയാനിക്ക് അല്ലാഹു വഹ്‌യ് നൽകിയതാണെന്ന് കരുതിയോ? അടുത്ത നമ്പറിൽ എഴുതിയത് കാണാം: ‘മൗലവി റസൽ ബാബാ അമൃതസരി പ്ലേഗ് ബാധിച്ച് അടുത്ത വെള്ളിയാഴ്ചക്ക് മുമ്പേ മരിച്ചു. അതിനെപ്പറ്റിയാണ് ഈ മുന്നറിയിപ്പും താക്കീതും.’’

ഊരും പേരും പറയാത്ത വിചിത്രമായ പ്രവചനം! അഞ്ചുവർഷം കഴിഞ്ഞ്, 1907ൽ എഴുതിയ ഗ്രന്ഥത്തിലാണ് എന്താണ് പ്രവചനത്തിന്റെ സാക്ഷാത്കാരം എന്ന് പറയുന്നത്. മരിച്ചത് വെള്ളിയാഴ്ചയല്ല; തിങ്കളാഴ്ചയാണ്. എന്നാൽ ‘അല്ലാഹുവിന്റെ ദിവസ’മായ രണ്ട് വെള്ളിയാഴ്ചകൾക്കിടയിലാണ് എന്നതായിരിക്കും അതിന്റെ പവിത്രത! മഹത്തായ പ്രവചനം! അതിമഹത്തായ സാക്ഷാത്ക്കാരവും!

സുവിശേഷവും താക്കീതും

അടുത്ത പ്രവചനം കാണുക: “ഭഗത് റാമിന്റെ മകൻ ബൈജാ നാഥ് ബ്രാഹ്‌മണനുമായി ബന്ധപ്പെട്ടു കശ്ഫിയായ നിലയിൽ ഒരു വിവരം അറിയിക്കപ്പെട്ടു: ‘ഒരു വർഷത്തിനുള്ളിൽ ഒരു ദുര്യോഗം ഉണ്ടാവാൻ പോകുന്നു, ഒപ്പം സന്തോഷകരമായ ഒരു ആഘോഷവും.’ ഈ പ്രവചനത്തിൽ അയാളുടെ ഒപ്പിടുവിച്ചു, ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. സംഭവിച്ചതിതാണ്, ഒരുവർഷം കഴിഞ്ഞില്ല അയാളുടെ പിതാവ് യുവത്വത്തിൽ തന്നെ മരണപ്പെട്ടു. അന്നുതന്നെയായിരുന്നു ആരുടെയോ വിവാഹവും’’(പേജ് 154).

1887ലെ ഒരു ‘ദൈവിക’ വെളിപാടാണത്രെ ഇത്. എന്താണ് വരാൻ പോകുന്ന വിഷമകരവും സന്തോഷകരമായ കാര്യങ്ങൾ എന്ന് വ്യക്തമാക്കാതെ കാടടച്ചുള്ള വെടിയാണ് പൊട്ടിച്ചത്. ദുരന്തം മരണമാണെന്നോ പങ്കെടുക്കേണ്ട കല്യാണം ആരുടേതാണെന്നോ പറയാൻ കഴിഞ്ഞിട്ടില്ല. ഇതാണ് ഒപ്പിടുവിച്ചു സൂക്ഷിച്ചുവെച്ച പ്രമാണം!