ഇസ്‌ലാമോഫോബിയ വിരുദ്ധദിനം; നാം ഓർക്കേണ്ട ചില വസ്തുതകൾ

ടി.കെ അശ്‌റഫ്

2023 മാർച്ച് 25, 1444 റമദാൻ 2

ലോകത്ത് ഇസ്‌ലാമിനെ പ്രതിക്കൂട്ടിൽ നിർത്തി ചില സ്ഥാപിത താൽപര്യക്കാർ വിദ്വേഷം വ്യാപിപ്പിക്കുന്നതിനിടെ, ഇതിനെതിരായി അന്താരാഷ്ട്രദിനം ആചരിക്കണമെന്ന പ്രമേയത്തിന് യു.എൻ പൊതുസഭയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആരോപണത്തിൽ മുക്കിക്കൊല്ലാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ഈ പ്രഖ്യാപനം ഏറെ പ്രസക്തമാണ്. മാർച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരെയുള്ള ആഗോളദിനമായി ലോകം മുഴുവൻ ആചരിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിലൂടെ ലോകരാജ്യങ്ങളിലെല്ലാം ഔദ്യോഗിക സഭകളിലും സ്ഥാപനങ്ങളിലും മാധ്യമങ്ങളിലും പൊതുസമൂഹത്തിലാകമാനവും ഇസ്‌ലാം പോസിറ്റീവായി ചർച്ച ചെയ്യപ്പെടാൻ വേദിയൊരുങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഈയിടെയായി ഇസ്‌ലാമിനെ ഉന്നംവച്ച് നടക്കുന്ന വിദ്വേഷപ്രചരണങ്ങളുടെ ആധിക്യം തന്നെയാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് ഐക്യരാഷ്ട്രസഭയെ നയിച്ചിട്ടുള്ളത്.

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്‌ലിം പള്ളികളിലായി ഒരു തീവ്ര വലതുപക്ഷ തോക്കുധാരി നടത്തിയ വെടിവയ്പിൽ 51 പേർ കൊല്ലപ്പെട്ട സംഭവമുണ്ടായത് 2019 മാർച്ച് 15ന് ആയതിനാലാണ് ഈ ദിവസത്തെ ദിനാചരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. വെടിവയ്പുണ്ടായ ശേഷം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആന്റോൺ മുസ്‌ലിം പണ്ഡിതന്മാരെ പാർലമെന്റ് ഹാളിലേക്ക് ക്ഷണിച്ചുകൊണ്ട് ഇസ്‌ലാമിന്റെ സമാധാന സന്ദേശം ലോകത്തോട് പ്രഖ്യാപിക്കാൻ അവസരമൊരുക്കിയത് അന്ന് നാം കണ്ടതാണ്. അന്ന് ആ രാജ്യത്തെ ഔദ്യോഗിക റേഡിയോയിൽ ബാങ്ക് വിളിക്കാൻ ഉത്തരവ് നൽകിയതിലൂടെ ശഹാദത്ത് കലിമയുടെ ശബ്ദം രാജ്യത്തെ മുഴുവൻ വീടുകളിലും എത്തുകയുണ്ടായി. ലക്ഷങ്ങൾ പങ്കെടുത്ത പൊതുവേദികളിൽ ഇസ്‌ലാമിക സന്ദേശങ്ങളെ ബഹുമാനപൂർവം അവതരിപ്പിക്കാൻ സർക്കാർ തന്നെ അവസരം നൽകിയതും നാം ഓർക്കണം. ഈ സംഭവങ്ങളെയെല്ലാം മുൻനിർത്തിയാണ് ലോകത്തുള്ള മുഴുവൻ രാജ്യങ്ങളിലും ഇസ്‌ലാം ചർച്ചയാകുംവിധമുള്ള ഒരു പ്രഖ്യാപനം ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

ഒരു പ്രവാചക പ്രവചനം ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടതുണ്ട്. അത് ഇപ്രകാരമാണ്: “രാവും പകലും എത്തുന്നിടത്തെല്ലാം ഈ കാര്യം-അഥവാ ഇസ്‌ലാം-തീർച്ചയായും എത്തിച്ചേരും. കുടിലോ കൊട്ടാരമോ ഈ മതം കടന്നുചെല്ലാതെ അല്ലാഹു വിട്ടുകളയുകയില്ല. പ്രതാപശാലിയുടെ പ്രതാപത്തെ അവലംബമാക്കിയോ (ശതുവിനെ) നിന്ദ്യനാക്കിക്കൊണ്ടോ, ഇസ്‌ലാമിന് ഔന്നത്യംകൊണ്ട് കരുത്ത് പകർന്നോ ശത്രുവിന്ന് നിന്ദ്യത നൽകിക്കൊണ്ടോ ആയിരിക്കുമത്.’’

എല്ലാവരും ഇസ്‌ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല. എന്നാൽ ഇസ്‌ലാമിനെ ഞാനറിഞ്ഞില്ല എന്ന് പറയാൻ ഒരാൾക്കും സാധ്യമാകാത്ത വിധം ഇസ്‌ലാം എല്ലായിടത്തും എത്തുമെന്ന കാര്യം ഉറപ്പാണ്. മൂസാ നബി(അ)യെ പരാജയപ്പെടുത്താൻ ഫിർഔനും സംഘവും ഒരുക്കിയ ജാലവിദ്യ പ്രകടനത്തിൽ ആദ്യം മൂസാനബി ഒറ്റപ്പെട്ടെങ്കിലും അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഒരുങ്ങിവന്ന ജാലവിദ്യക്കാർ അദ്ദേഹത്തിൽ വിശ്വസിക്കുന്ന വിസ്മയകരമായ കാഴ്ചയാണ് പിന്നീട് കണ്ടത്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ സമുദായത്തിന് ഈ ചരിത്രത്തിൽ ഏറെ പാഠങ്ങളുണ്ട്. ഫിർഔനിന്റെ ചെലവിൽ മൂസാനബി(അ) വിജയിച്ചെങ്കിൽ ഇസ്‌ലാംവിരുദ്ധ ശക്തികളുടെ വിദ്വേഷ പ്രചാരണം അവർക്ക് പരാജയവും ഇസ്‌ലാമിന് വിജയവുമായിരിക്കും പ്രദാനം ചെയ്യുക.

ഇസ്‌ലാം മതം സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണെ് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് പ്രസ്താവിക്കുകയുണ്ടായി. “ബഹുദൈവവിശ്വാസികളിൽ വല്ലവനും നിന്റെ അടുക്കൽ അഭയംതേടി വന്നാൽ അല്ലാഹുവിന്റെ വചനം അവൻ കേട്ടു ഗ്രഹിക്കാൻ വേണ്ടി അവന്ന് അഭയം നൽകുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവർ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്’’ (ക്വുർആൻ 9:6).

ഈ പ്രസ്താവനയിലെ മാനവികത ലോകം തിരിച്ചറിയേണ്ടതുണ്ട്. യുഎൻ പ്രഖ്യാപിക്കുന്ന പല ദിനാചരണങ്ങളെയും വൻ പ്രാധാന്യത്തോടെ വാർത്തയാക്കാറുള്ള പത്രങ്ങളും ചാനലുകളും പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഈ ദിനം അറിയാതെ പോയത് ഏത് ഫോബിയ മൂലമാണന്ന് നാം ചിന്തിക്കേണ്ടതുണ്ട്.