തുല്യവസ്ത്രത്തെക്കാൾ പ്രധാനം സഹിഷ്ണുതാബോധം

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 33)

വസ്ത്രങ്ങൾ അടിച്ചേൽപിക്കുന്നതിന് പകരം വിദ്യാലയങ്ങളിൽ മതനിരപേക്ഷതയുടെ പാഠങ്ങൾ പഠിപ്പിക്കുവാനും കരിക്കുലങ്ങളിൽ വിവിധ മതങ്ങളിലെ വസ്ത്രരീതികൾ അടക്കമുള്ള വൈവിധ്യങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തുവാനുമാണ് ശ്രമിക്കേണ്ടത് എന്നാണ് ജസ്റ്റിസ് ധൂലിയ തന്റെ വിധിന്യായത്തിൽ ഇതുവരെ വിശദീകരിച്ചത്. അരുണ റോയ്, നവതേജ് സിംഗ് ജോഹർ, സെന്റ് സ്റ്റീഫൻ തുടങ്ങി വിവിധ കേസുകളിലെ വിധിന്യായങ്ങളിൽ മതേതരത്വ പഠനങ്ങൾ വിദ്യാലയങ്ങളിൽ നടപ്പാക്കണമെന്ന് പരാമർശിച്ചത് അനുബന്ധമായി അദ്ദേഹം ഉദ്ധരിച്ചു.

രാജ്യത്തെ വിവിധ ന്യായാധിപന്മാരും ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചിന്തകരും രാജ്യത്തിന് പകർന്നുനൽകിയ ഉത്തമ സന്ദേശങ്ങൾ ഇതായിരിക്കെ എങ്ങനെയാണ് ഒരു പ്രബല ന്യൂനപക്ഷം അവരുടെ മതപരമോ സാംസ്‌കാരികമോ ആയി സ്വീകരിച്ചിട്ടുള്ള ശിരോവസ്ത്രത്തിന് നേരെ കണ്ണടക്കുകയും ഭൂരിപക്ഷത്തിന്റെ വേഷവിധാനം സ്വീകരിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നത് എന്ന പ്രസക്തമായ ചോദ്യമാണ് അദ്ദേഹം ചോദിക്കുന്നത്. ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക രീതികളെ ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക രീതികളിൽ ലയിപ്പിക്കുന്നതിലൂടെ ഇല്ലാതാവുന്നത് ഭരണഘടന ഉയർത്തിപ്പിടിച്ച മതനിരപേക്ഷ തത്ത്വങ്ങളാണ്. ഭരണഘടനയുടെ പൗരധർമം വിശദീകരിക്കുന്ന പാർട്ട് IVൽ 51A അനുച്ഛേദത്തിലെ f ഖണ്ഡികയിൽ പറയുന്നത് ‘നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണ്’ എന്നാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കർണാടക വിദ്യാഭ്യാസ നിയമവും ബഹുസ്വരതയും

ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പ്രശ്‌നത്തിലെ അടിസ്ഥാന നിയമം 1983ലെ കർണാടക വിദ്യാഭ്യാസ നിയമമാകുന്നു. 05/02/2022ലെ സർക്കാർ ഉത്തരവും ആധാരമാക്കിയിരിക്കുന്നത് പ്രസ്തുത നിയമത്തെയാണ്. എന്നാൽ പ്രസ്തുത നിയമം വിവിധ സാംസ്‌കാരിക രീതികളെ പരസ്പരം ബഹുമാനിക്കാനും ഉൾക്കൊള്ളാനുമാണ് ഉദ്‌ബോധിപ്പിക്കുന്നത്. ധാർമികത, നൈതികത എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കരിക്കുലം വിദ്യാലയങ്ങളിൽ ആവശ്യമാണെന്ന് നിയമത്തിന്റെ ഏഴാം ഖണ്ഡികയിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. സ്ത്രീകളുടെ അന്തസ്സിനു കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള നടപടികൾ വിദ്യാലയങ്ങളിൽ പാടില്ലെന്നും മതപരമോ ഭാഷാപരമോ പ്രാദേശികമോ വിഭാഗീയമോ ആയ വൈവിധ്യങ്ങൾക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഇടയിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുക എന്നതും വിദ്യാലയങ്ങളുടെ ഉത്തരവാദിത്തത്തിൽ പെട്ടതാണെന്നും നിയമം വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ നേർക്കെല്ലാം കണ്ണടച്ചുപിടിച്ച്, മുസ്‌ലിം പെൺകുട്ടികളുടെ അന്തസ്സിന് ഒരു വിലയും നൽകാതെ വിദ്യാലയങ്ങളിൽ ഒരേ സാംസ്‌കാരിക രീതി നടപ്പാക്കാനാണ് കർണാടക ശ്രമിക്കുന്നതെന്നും ജസ്റ്റിസ് ധൂലിയ കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആമുഖം എല്ലാ പൗരന്മാർക്കും ചിന്തയുടെയും ആവിഷ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ആരാധനയുടെയും സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെന്നും ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുനൽകുന്ന സാഹോദര്യം എന്ന ആശയമാണ് വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിക്കേണ്ടത് എന്നും ധൂലിയ ഓർമിപ്പിച്ചു.

അംബേദ്കർ ഉയർത്തിപ്പിടിച്ച ആശയങ്ങൾ

ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള പരാമർശ വിധേയമായ സർക്കാർ ഉത്തരവ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സാഹോദര്യം (Fraternity), അന്തസ്സ് (Dignity) എന്നീ മൂല്യങ്ങൾക്ക് എതിരാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി ഉയർന്നുവന്ന സ്വാതന്ത്ര്യം (Liberty), സമത്വം (Equality), സാഹോദര്യം (Fraternity) എന്നിവ നമ്മുടെ ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗം കൂടിയാണ് എന്ന് മറന്നുപോകരുത്. സ്വാതന്ത്ര്യം, സമത്വം എന്നീ സങ്കൽപങ്ങൾക്ക് നമ്മുടെ രാഷ്ട്രീയ, നിയമ മേഖലകളിൽ കൂടുതൽ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ചില കാരണങ്ങളാൽ സാഹോദര്യം എന്ന ആശയം ‘വേഷപ്രച്ഛന്ന’മായി തുടരുകയാണ് എന്നതാണ് യാഥാർഥ്യം. അത് വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോവുകയോ അല്ലെങ്കിൽ അതിനെ ദുർവ്യാഖ്യാനിക്കുകയോ അവഗണിക്കുകയോ ചെയ്യുക എന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ ഭരണഘടനാ ശിൽപിയായ ഡോ.ബി.ആർ.അംബേദ്കറുടെ ‘സാഹോദര്യം’ എന്ന ആശയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പ്രസക്തമാവുന്നത് ഇവിടെയാണ്. അദ്ദേഹം പറഞ്ഞു: “സമൂഹത്തെ കുറിച്ചുള്ള എന്റെ ചിന്തകൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളിന്മേൽ ആണെന്ന് പറയാം. അത് ഫ്രഞ്ച് വിപ്ലവത്തിൽനിന്ന് കടമെടുത്തതാണെന്ന് ആരും വ്യാഖ്യാനിക്കേണ്ട. എന്റെ തത്ത്വചിന്തക്ക് രാഷ്ട്രീയ ശാസ്ത്രവുമായി ബന്ധമില്ല; അതിന് മതത്തിന്റെ വേരുകളാണുള്ളത്. എന്റെ ആത്മീയഗുരുവായ ശ്രീബുദ്ധനിൽനിന്നാണ് അവ ഞാൻ സ്വാംശീകരിച്ചിട്ടുള്ളത്.’’

അംബേദ്കർ സാഹോദര്യത്തിനായിരുന്നു പരമോന്നത സ്ഥാനം നൽകിയത്. സ്വാതന്ത്ര്യവും സമത്വവും എല്ലാവരിലും താനേ വളർന്നുവരുമെങ്കിലും സാഹോദര്യം അപരനെ ഉൾക്കൊള്ളുന്നതിലൂടെ മാത്രമെ സാധ്യമാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അംബേദ്കർ പറയുന്നു: “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അടങ്ങിയ ആശയങ്ങളെ പരസ്പരം വേർപ്പെടുത്താൻ സാധിക്കില്ല. അവ മൂന്നും ഒത്തുചേരുമ്പോൾ മാത്രമെ അതിന് ശരിയായ ആശയങ്ങൾ ഉണ്ടാവുകയുള്ളൂ. അവയെ വേർപെടുത്തുമ്പോൾ ജനാധിപത്യത്തിന്റെ ലക്ഷ്യത്തെയാണ് ഇല്ലാതാക്കുന്നത്. സഹോദര്യത്തെ കുറിച്ച് മനസ്സിലാക്കാതെയുള്ള സ്വാതന്ത്ര്യവും സമത്വവും മേൽക്കോയ്മകളെ വളർത്തുകയായിരിക്കും ചെയ്യുക’’ (25/11/1949ന് ഭരണഘടനാ നിർമാണ സഭയിൽ നടത്തിയ അംബേദ്കറുടെ പ്രസംഗത്തിൽ നിന്ന്).

സഹിഷ്ണുതയാണ് രാജ്യത്തിന്റെ സൗന്ദര്യം

നമ്മുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്ന ഫ്രറ്റേർണിറ്റി ആവശ്യപ്പെടുന്നത് സഹിഷ്ണുതയാണ്. മറ്റുള്ളവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ എന്നാണ് ഫ്രറ്റേർണിറ്റി എന്ന പദത്തിന് ചില നിയമവിശാരദന്മാർ നൽകിയിട്ടുള്ള വിശദീകരണം. ബിജോയ് ഇമ്മാനുവൽ കേസിൽ ജസ്റ്റിസ് ഒ.ചിന്നപ്പ റെഡ്ഡി നൽകിയ പ്രസിദ്ധമായ വാചകം ഈ വിഷയത്തിലേക്ക് വെളിച്ചം നൽകുന്നുണ്ട്. അതിങ്ങനെയാണ്: “നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുടെ തത്ത്വശാസ്ത്രം നമ്മെ ഉപദേശിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുടെ ഭരണഘടന പ്രയോഗവത്കരിക്കുന്നത് സഹിഷ്ണുതയാണ്. അതിനെ നേർപ്പിക്കാൻ നാം ശ്രമിക്കരുത്.’’

ശിരോവസ്ത്ര നിരോധനവും പ്രത്യാഘാതങ്ങളും

‘നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ശിരോവസ്ത്രം ധരിക്കുന്നത് ഒരു വ്യക്തിയുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെ കാര്യം മാത്രമാണ്. മുസ്‌ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അത് മതത്തിന്റെ അനിവാര്യമായ കാര്യമാവുകയോ കാര്യമല്ലാതാവുകയോ ചെയ്യട്ടെ. അതിവിടെ വിഷയമല്ല. പക്ഷേ, അത് മനസ്സാക്ഷിയുടെയും വിശ്വാസത്തിന്റെയും പ്രകടനത്തിന്റെയും കാര്യമാണ്. അവൾ ശിരോവസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ക്ലാസ് മുറിക്കുള്ളിലാണെങ്കിൽ പോലും, ഭരണഘടന പ്രകാരം അവളെ തടയാൻ കഴിയില്ല. യാഥാസ്ഥിതികരായ ചില കുടുംബങ്ങൾ അവളെ സ്‌കൂളിലേക്ക് അയക്കുന്നത് പോലും ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതിന്റെ പേരിലാണ്. ഇത്തരം സാഹചര്യങ്ങളിൽ ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അവളുടെ വിദ്യാഭ്യാസത്തിലേക്കുള്ള ഒരു ടിക്കറ്റാണ് എന്ന കാര്യം കൂടി നാം ഓർക്കേണ്ടതുണ്ട്.’

‘ശിരോവസ്ത്രം നിരോധിച്ചതിലൂടെ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസമാണ് നിഷേധിക്കുന്നത്. വളരെ ദൗർഭാഗ്യകരമായ കാര്യമാണത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം എന്ന വീക്ഷണകോണിലൂടെ പ്രശ്‌നത്തെ കാണേണ്ടതുണ്ട്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കുകവഴി അവളുടെ ഭാവി ജീവിതം കൂടുതൽ പ്രയാസങ്ങളിലേക്ക് പോകുന്നു എന്നതാണ് ഈ കോടതി കാണുന്ന സുപ്രധാന വിഷയം.’

നീതിയാണ് പ്രഥമ പുണ്യം

നമ്മുടെ ഭരണഘടന ഒരു സമൂഹത്തിന്റെ നീതിപൂർവകമായ അവസ്ഥയെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൗരന്മാർക്ക് നൽകപ്പെടുന്ന പ്രഥമ പുണ്യമാണ് ‘നീതി.’ അത് നമ്മുടെ ഭരണഘടനയുടെ ആമുഖ വാഗ്ദാനങ്ങളിൽ ഒന്നാമത്തെതാണ്. ജോൺ റോൾസ് തന്റെ ‘എ തിയറി ഓഫ് ജസ്റ്റിസ്’ എന്ന ഗ്രന്ഥത്തിൽ എഴുതുന്നത് ഇങ്ങനെയാണ്: “...സാമൂഹിക സ്ഥാപനങ്ങളുടെ പ്രഥമ ധർമം നീതിയാണ്. അവയുടെ ചിന്തകളുടെ വ്യവസ്ഥ നിർണയിക്കുന്നത് സത്യസന്ധതയാണ്... ഒരു വ്യക്തിക്ക് ലഭിക്കേണ്ട നീതി രാഷ്ട്രീയ വിലപേശലുകൾക്കോ മറ്റു താൽപര്യങ്ങൾക്കോ വിധേയമായിരിക്കാൻ പാടില്ല.’’

സ്‌കൂൾ കവാടത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് പെൺകുട്ടികളോട് ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെടുന്നത് ആദ്യം അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും പിന്നീട് അത് അവരുടെ അന്തസ്സിനുമേലുള്ള കടന്നാക്രമണവുമാണ്, മാത്രമല്ല, അത് ആത്യന്തികമായി അവർക്ക് മതേതര വിദ്യാഭ്യാസം നിഷേധിക്കലാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 25(1) എന്നിവയുടെ ലംഘനമാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല.

ധൂലിയ വിധി പ്രഖ്യാപിക്കുന്നു

അതുകൊണ്ടുതന്നെ, എല്ലാ അപ്പീലുകളും റിട്ട് പെറ്റീഷനുകളും താഴെ പറയുന്ന പരിധികളിൽ അനുവദിക്കുന്നു:

a) 2022 മാർച്ച് 15ലെ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ഇതിനാൽ റദ്ദാക്കുന്നു.

b) 2022 ഫെബ്രുവരി 5ലെ G.O. ഇതിനാൽ റദ്ദാക്കുന്നു.

c) കർണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതിന് ഒരു നിയന്ത്രണവും ഉണ്ടാകില്ല.

(അവസാനിച്ചില്ല).