ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം ചില സമകാലിക ചിന്തകൾ - 3

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

ഫെബ്രുവരി 12 ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട്ടു വച്ച് ഒരു കോൺഫറൻസ് നടത്താൻ തീരുമാനിച്ചിരിക്കുകയാണല്ലോ. എന്താണ് അതിന്റെ ലക്ഷ്യം? കെഎൻഎമ്മിന്റെയും സമസ്തയുടെയും സമ്മേളനങ്ങൾ കഴിഞ്ഞ് താമസിയാതെ തന്നെ വലിയൊരു സമ്മേളനം നടത്താൻ തീരുമാനിച്ചത് മൽസരബുദ്ധി കാണിക്കലാണ് എന്ന വിമർശനം സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്നുണ്ട്? ഇവരോട് എന്താണ് പറയാനുള്ളത്?

! ഒരു സംഘടനയുടെ ആശയാദർശങ്ങളും നയനിലപാടുകളും പൊതുജനങ്ങളെ അറിയിക്കുവാൻ എക്കാലത്തും ഏറെ ഫലപ്രദമായ മാർഗമാണ് ഇത്തരത്തിലുള്ള ഒരുമിച്ചുകൂടലുകൾ. ഈ ലക്ഷ്യം വച്ചുകൊണ്ട് ‘മതം സുരക്ഷയാണ്’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടനാരൂപം പ്രാപിക്കും മുമ്പ് ‘ദഅ്‌വ സമിതി’ എന്ന ബാനറിൽ ബൃഹത്തായ ഒരു സമ്മേളനം കോഴിക്കോട്ടുവച്ച് നടത്തിയിട്ടുണ്ട്. അതിനു ശേഷം കോഴിക്കോട് സ്വപ്ന നഗരിയിൽവച്ച് വിപുലമായ രീതിയിൽ അന്താരാഷ്ട്ര ക്വുർആൻ കോൺഫറൻസ് നടത്തിയിട്ടുണ്ട്. എന്നാൽ അതിനു ശേഷം വർഷങ്ങളായി അതു പോലൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. കോവിഡിന്റെ കടന്നുവരവോടുകൂടി ഒത്തുചേരാനുള്ള സാഹചര്യം അടഞ്ഞതാണ് കാരണം.

ഇപ്പോൾ ആ തടസ്സം നീങ്ങിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഒരു കൂടിച്ചേരലിനു പറ്റിയ അന്തരീക്ഷം തെളിഞ്ഞു വന്നപ്പോൾ സമ്മേളനം തീരുമാനിച്ചു എന്നു മാത്രം. സമ്മേളനത്തിനു വേണ്ടി ഒരു സമ്മേളനം, മറ്റുള്ളവരുടെ സമ്മേളനം കാണുമ്പോൾ ബദലായി ഒരു സമ്മേളനം എന്നത് നമ്മുടെ നയമല്ല.

മനുഷ്യത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, മൃഗങ്ങളും മനുഷ്യരും തമ്മിൽ വേർതിരിയുന്ന അതിർവരമ്പുകൾ പോലും ലംഘിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുന്നു. ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും മനുഷ്യനും മൃഗങ്ങളും തമ്മിലും, എന്തിനേറെ രക്തബന്ധമുള്ള അടുത്ത ബന്ധുക്കൾ തമ്മിൽ പോലും ലൈംഗിക ബന്ധം ആവാമെന്ന അവസ്ഥയാണുള്ളത്!

അങ്ങനെ മാനുഷിക ഗുണമായ ലജ്ജയും സംസ്‌കാരവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ബോധപൂർവമായ ശ്രമങ്ങൾ അതിനു പിന്നിലുണ്ട്. ചില വിദ്യാർഥി സംഘടനകളും എൻജിഒകളും അതിന്റെ പ്രചാരകരായി വർത്തിക്കുന്നു. ഭരണവ്യവസ്ഥയുടെ പിന്തുണയും അതിന് ലഭിക്കുന്നു. അങ്ങനെ സാമൂഹിക ക്രമത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമം നടക്കുന്ന സാഹചര്യം നിലനിൽക്കുന്നു. ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യർ പെരുകിക്കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ആത്മീയ ചൂഷണ കേന്ദ്രങ്ങളുടെ വലയിൽ അവർ അകപ്പെടുന്നു.

മാത്രമല്ല, മുസ്‌ലിം സമുദായം ഗുതരമായ ചില പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫാസിസം അധികാരം കൈയാളുന്നു. സർവ മേഖലകളിലേക്കും പടർന്നുകയറുന്നു. അധികാരം ഉപയോഗിച്ചുകൊണ്ട് മുസ്‌ലിം പൈതൃകങ്ങളെ തുടച്ചുനീക്കാൻ ശ്രമിക്കുന്നു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾ പോലും മാറ്റിക്കൊണ്ടിരിക്കുന്നു. പല മുസ്‌ലിം പള്ളികൾക്കുമേലും അവകാശവാദമുന്നയിക്കുന്നു. പൗരത്വവിഷയത്തിൽ മുസ്‌ലിംകളോട് അനീതി കാണിക്കുന്നു. ഏക സിവിൽകോഡ് നടപ്പിലാക്കാനായി നിയമ നിർമാണ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഫാസിസത്തിന്റെ ഭീഷണികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അതിനെ പ്രതിരോധിക്കാൻ ഞങ്ങളേയുള്ളൂ, നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കേ കഴിയൂ എന്നു വരുത്തിത്തീർത്ത് പുതുതലമുറയെ ലിബറലിസത്തിലേക്കും മതനിരാസത്തിലേക്കും കൊണ്ടുപോകാനുള്ള ചിലരുടെ ശ്രമങ്ങൾ മറുവശത്ത്.

ഇത്തരം ഭീഷണികളെ നേരിടേണ്ട മതനിരപേക്ഷ കക്ഷികൾക്കിടയിൽ ഐക്യം കാണപ്പെടുന്നില്ല. മുസ്‌ലിംകളാകട്ടെ ഫാസിസത്തെ എങ്ങനെ നേരിടുമെന്ന വിഷയത്തിൽ പോലും ഭിന്നതയിലാണ്. ഇങ്ങനെയുള്ള ഒരു ഘട്ടത്തിൽ മുസ്‌ലിം സമുദായത്തിന് ശരിയായ വഴിയും വെളിച്ചവും പകർന്നുനൽകുക ഒരു ഇസ്‌ലാമിക സംഘടനയുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത്.

? ഈയൊരു ഘട്ടത്തിൽ തന്നെയാണല്ലോ മുജാഹിദ് സമ്മേളനം നടന്നത്. ശേഷം സമസ്തയും വലിയൊരു സമ്മേളനം സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളുടെ പേരിൽ തർക്കവിതർക്കങ്ങൾ നടന്നുകൊണ്ടിക്കുകയാണ്. ഈയൊരു സാഹചര്യം വിസ്ഡം മനസ്സിലാക്കുന്നില്ലേ?

! വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനെ സംബന്ധിച്ചിടത്തോളം അതിന്റെ അജണ്ട നിശ്ചയിക്കുന്നത് അതിന്റെ പണ്ഡിതന്മാരും അതിന്റെ സംസ്ഥാന കൂടിയാലോചനാ സമിതിയും ചേർന്ന് കൊണ്ടാണ്. മറ്റുള്ള സംഘടനകളും ആളുകളും പുറത്തിടുന്ന അജണ്ടകൾ ഏറ്റെടുത്ത് അവരുടെ പിന്നിൽ കൂടുക എന്നത് വിസ്ഡത്തിന്റെ ശൈലിയുമല്ല. അത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യവുമല്ല.

ചില സംഘടനകളും നേതാക്കളും പ്രഭാഷകരും സ്വന്തം നിലനിൽപിനു വേണ്ടിയും അവർ ആഭ്യന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് മറപിടിക്കാനുമൊക്കെയായി മറ്റുള്ളവർക്കെതിരെ ആരോപണത്തിന്റെ പൊയ്‌വെടികൾ ഉതിർക്കുമ്പോൾ അതിന്റെ പിന്നിൽ കൂടി സ്വന്തം അജണ്ട മറന്ന് മുന്നോട്ടു പോയിക്കൂടാ. ആ ജാഗ്രത വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനുണ്ട്.

പ്രവാചകൻമാരഖിലവും പ്രബോധനം ചെയ്ത ഏകദൈവാദർശത്തിലേക്കും അന്തിമദൂതന്റെ ചര്യയിലേക്കുമുള്ള ക്ഷണമാണ് വിസ്ഡം നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം സമുദായത്തിൽ നിലവിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിപാടനം ചെയ്യുവാനുള്ള തീവ്രശ്രമമാണ് വിസ്ഡം നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുവാൻ സംഘടന സാധിക്കുന്നത്ര ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ഇസ്‌ലാമും മുസ്‌ലിംകളും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ ധൈര്യസമേതം അഡ്രസ്സ് ചെയ്യുകയും സമൂഹത്തിന് കൃത്യമായ ദിശാബോധം നൽകുകയും ചെയ്യുക എന്നതും ഈ സംഘടനയുടെ ഉദ്ദേശ്യമാണ്

ഈ ലക്ഷ്യങ്ങളിൽനിന്ന് തെറ്റാതെ മൂന്നോട്ടു പോകുന്ന ഈ പ്രസ്ഥാനത്തെയും അതിന്റെ ആശയാദർശങ്ങളെയും ആരെങ്കിലും തെറ്റുധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്നുവെങ്കിൽ തെറ്റുധാരണ തിരുത്താനാവശ്യമായ വിശദീകരണം നൽകുകയും തെറ്റിദ്ധരിപ്പിക്കുന്നവർക്കും ആരോപകർക്കും മറുപടി പറയേണ്ടതുണ്ടെങ്കിൽ മറുപടി പറഞ്ഞുകൊണ്ടും വിശദീകരിക്കേണ്ടത് വിശദീകരിച്ചുകൊണ്ടും മുന്നോട്ട് പോവുക എന്നതും ഇതിന്റെ ഭാഗമായിരിക്കും. അത് കണ്ടില്ലെന്ന് നടിക്കുകയോ ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാതെ പോവുകയോ ചെയ്യുന്ന ശൈലിയില്ല. ഗുണകാംക്ഷയോടുകൂടി ആ ഉത്തരവാദിത്തം ഇതിന്റെ കൂടെ നിർവഹിക്കും.

അതല്ലാതെ ഏതെങ്കിലും ഒരു സമ്മേളനത്തിന് മറുപടിയായോ അല്ലെങ്കിൽ അതിനോട് മത്സരിക്കുകയോ ചെയ്യുക എന്ന ഒരു ശൈലി, അല്ലെങ്കിൽ അങ്ങനെയൊരു നയം പ്രസ്ഥാനത്തിനില്ല.

? സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ഒരു പെൺകുട്ടി നടത്തിയ മോണോ ആക്ട് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമാണ്. അതിൽ ആ കുട്ടി ‘എനിക്ക് പറയാനുള്ളത് മതം തലയ്ക്കു പിടിച്ച മദയാനകളോടാണ്. ഭക്ഷണത്തിൽ, ഉടുപ്പിൽ, കലയിൽ, കല്യാണത്തിൽ ഒക്കെ നിങ്ങൾ മതം കലർത്തി വിറളി പൂണ്ട് അലറുമ്പോൾ ഒരിക്കൽ കൂടി ഞാൻ പറയുന്നു ഇത് കേരളമാണ്’ എന്ന് പറയുന്നത് കാണാം. ഇതിനെക്കുറിച്ച് എന്തു പറയുന്നു?

! ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരിൽ നാടിനെ വെട്ടിമുറിക്കാനും പരസ്പരം വൈരമുണ്ടാക്കാനും ഫാസിസ്റ്റുകൾ മതത്തെ ദുരുപയോഗം ചെയ്യുന്നതിനെയാണ് ഇങ്ങനെ വിമർശിക്കുന്നതെങ്കിൽ നമുക്ക് അംഗീകരിക്കാം. കാരണം അവരാണ് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയുമൊക്കെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും കുഴപ്പമുണ്ടാക്കാനും ശ്രമിക്കുന്നവർ.

എന്നാൽ ഈ മോണോ ആക്ട് ആകെ പരിശോധിച്ചാൽ മതം പ്രാകൃതമാണെന്നും അതിന്റെ നിയമങ്ങൾ ആധുനികതക്ക് ചേർന്നതല്ല എന്നുമുള്ള ചിന്ത പുതുതലമുറയിൽ ബോധപൂർവം വരുത്താനാണ് ശ്രമിക്കുന്നത് എന്ന് മനസ്സിലാകും. ഒരു ലിബറൽ സമൂഹസൃഷ്ടിയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അതിൽ ഇസ്‌ലാമിനെയാണ് നല്ലൊരു സമയം കടന്നാക്രമിക്കുന്നതും. തൂക്കമൊപ്പിക്കാനായി മറ്റു മതങ്ങളെയും പരാമർശിക്കുന്നുണ്ട് എന്ന് മാത്രം.

ഇസ്‌ലാമിക പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ഒരു ആദർശവും ആചാരവും പ്രാകൃതമാണെന്ന് ആർക്കും ഇന്നുവരെ തെളിയിക്കാൻ ആയിട്ടില്ല. ഇസ്‌ലാമിന്റെ പേരിൽ പൗരോഹിത്യം കടത്തിക്കൂട്ടിയ പുത്തൻ ആചാരങ്ങളെയോ ഇസ്‌ലാമിക നിലപാടുകൾ അവതരിപ്പിക്കുന്നതിലുള്ള ചിലരുടെ അവധാനത ഇല്ലായ്മയോ ചൂണ്ടിക്കാണിച്ച് ഇസ്‌ലാമിനെ പഴി പറയുന്നത് അർഥശൂന്യതയാണ്.

‘മതം എന്നാൽ നിങ്ങളുടെ അടിവസ്ത്രം പോലെയാണ്. അത് എല്ലാവരുടെ മുമ്പിലും ഇടക്കിടക്ക് ആരും ഉയർത്തിക്കാണിക്കാറില്ലല്ലോ’ എന്ന് ഒരിക്കൽ ആരോ എഴുതിയതായി സോഷ്യൽ മീഡിയയിൽ കണ്ടതായി ഓർക്കുന്നു. ഈ ആശയത്തിന്റെ വകഭേദമാണ് ഇപ്പോൾ കുട്ടികളെ ഉപയോഗിച്ച് കലോത്സവ വേദികളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതത്തെ സ്വകാര്യജീവിതത്തിൽ ഒതുക്കി നിർത്തണമെന്നും അതിനെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാൻ പാടില്ലെന്നുമുള്ള ആശയമാണത്.

മതം ആരും കാണാതെ ഒളിച്ചുവയ്‌ക്കേണ്ട ഒന്നാണോ? ഒരിക്കലുമല്ല! അത് അഭിമാനത്തോടെ പ്രഖ്യാപിക്കണം എന്നാണ് സ്രഷ്ടാവിന്റെ കൽപന. എന്തിനാണ് അത് മൂടിവയ്ക്കുന്നത്? എന്തെങ്കിലും വൈകൃതമുണ്ടെങ്കിലല്ലേ അത് മൂടിവയ്‌ക്കേണ്ടതുള്ളൂ. ഇസ്‌ലാമിന്റെ ഓരോ ആശയവും സുവ്യക്തമാണ്. അതിന്റെ അടിത്തറ ഏകദൈവാരാധനയാണ്. അത് വർഗീയതയും വിഭാഗീയതയും ഒട്ടും തൊട്ടു തീണ്ടാത്തതാണ്. ‘നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച സ്രഷ്ടാവിനെ മാത്രം’ ആരാധിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഇസ്‌ലാം വിലക്കിയ ഏതെങ്കിലും കാര്യം നന്മയാണ്, അത് അനുവദിക്കേണ്ടതാണ് എന്ന് ഒരാൾക്കും തെളിയിക്കാൻ സാധ്യമല്ല. ലഹരി, പലിശ, വ്യഭിചാരം, രക്തം ചിന്തൽ... ഇതെല്ലാം ഇസ്‌ലാം വിലക്കിയ തിന്മകളാണ്. ഇതിൽ ഏതിലാണ് നന്മയുള്ളത്? ഇസ്‌ലാം അനുവദിച്ച ഒരു കാര്യവും വിലക്കേണ്ടതാണ് എന്നും പറയാൻ സാധ്യമല്ല.

? ഭക്ഷണത്തിലും വസ്ത്രത്തിലുമടക്കം ഭൗതിക രംഗത്തെ വ്യവഹാരങ്ങളിലൊന്നും മതം പാടില്ല എന്നാണെങ്കിൽ പിന്നെ എവിടെയാണ് മതം പ്രകടമാക്കേണ്ടത് എന്ന ചോദ്യം പ്രസക്തമല്ലേ?

മതം വീട്ടിനുള്ളിൽ മാത്രം ഒതുക്കി വയ്‌ക്കേണ്ടതാണ് എന്ന കാഴ്ചപ്പാട് ശരിയല്ല. ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രാവർത്തികമാക്കാനുള്ളതാണ് മതം എന്നാണ് ഇസ്‌ലാമം പറയുന്നത്. എല്ലാ രംഗത്തും ഒരു വിശ്വാസി മതമനുസരിച്ചാണ് ജീവിക്കേണ്ടത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നതുവരെയും, ജനനം മുതൽ മരണം വരെയും മതമനുസരിച്ച് ജീവിക്കാൻ നിർദേശിക്കപ്പെട്ടവനാണ് മുസ്‌ലിം.

ഭക്ഷണത്തിൽ മതമുണ്ട്. അനുവദനീയവും വിശുദ്ധവുമാകണം ഭക്ഷണം. ശവം, രക്തം, പന്നിമാംസം പോലുള്ളവ നിഷിദ്ധമാണ്. അമിതമായി ഭക്ഷിക്കാൻ പാടില്ല. വലതുകൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യേണ്ടത്. മുമ്പും ശേഷവും കൈ കഴുകണം. ഇരുന്ന് കഴിക്കണം. ഭക്ഷണത്തിൽ ഊതരുത്. ഭക്ഷണം വേസ്റ്റ് ആക്കരുത്. ചാരിയിരുന്ന് ഭക്ഷിക്കരുത്. കമിഴ്ന്നു കിടന്ന് ഭക്ഷിക്കരുത്...

സ്വർണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളിൽ തിന്നുവാനും കുടിക്കുവാനും പാടില്ല. അല്ലാഹുവിന്റെ നാമത്തിലാണ് തുടങ്ങേണ്ടത്. ഭക്ഷണശേഷം അല്ലാഹുവിനെ സ്തുതിക്കണം. ഭക്ഷണം തന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം. ഭക്ഷണം നിലത്ത് വീണാൽ പെറുക്കിയെടുത്ത് കഴുകി കഴിക്കണം. ഭക്ഷണത്തെ കുറ്റപ്പെടുത്തരുത്. മദ്യം വിളമ്പുന്ന സദസ്സിൽ പോലും ഇരിക്കരുത്... ഇങ്ങനെ ഭക്ഷണ കാര്യത്തിൽ പാലിക്കേണ്ട മതപരമായ കൽപനകൾ ഒട്ടേറെയുണ്ട്. ഭക്ഷണത്തിൽ മതമുണ്ട് എന്നർഥം.

? മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണ രീതി എന്നും ആക്ഷേപിക്കപ്പെടുന്ന ഒന്നാണ്. കർണാടകയിൽ കലാലയങ്ങൾക്കകത്ത് തലമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി മുസ്‌ലിം വിദ്യാർഥിനികൾ നിയപോരാട്ടത്തിലാണ്. തല മറയ്ക്കൽ മതത്തിന്റെ അവിഭാജ്യ ഘടകമല്ല എന്നാണ് കർണാടക ഹൈക്കോടതിയുടെ കണ്ടെത്തൽ. കേരളത്തിലാകട്ടെ വസ്ത്രത്തിൽ മതമില്ല എന്ന കാഴ്ചപ്പാടാണ് ലിബറലിസ്റ്റുകൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്. എല്ലാവരും ലക്ഷ്യമിടുന്നത് ഇസ്‌ലാമിലെ വസ്ത്രധാരണ രീതിയെയാണ് എന്നത് വ്യക്തമല്ലേ?

! ഉടുപ്പിൽ മതമുണ്ട്. കാരണം ആണും പെണ്ണും പുറത്തിറങ്ങുമ്പോൾ ഏതൊക്കെ ഭാഗം മറയ്ക്കണമെന്ന് ഇസ്‌ലാം നർദേശിക്കുന്നുണ്ട്. നഗ്‌നത മറക്കൽ നിർബന്ധമാണ്. എന്നാൽ വസ്ത്രത്തിലും ധൂർത്ത് പാടില്ല. വിനയം കാണിക്കണം. സ്ത്രീ പുരുഷന്റെയും പുരുഷൻ സ്ത്രീയുടെയും വസ്ത്രധാരണ രീതി സ്വീകരിച്ചുകൂടാ. പട്ടുവസ്ത്രം സ്ത്രീക്ക് അനുവദനീയമാണ്. പുരുഷന് നിഷിദ്ധമാണ്. ഇങ്ങനെ വസ്ത്രത്തിന്റെ വിഷയത്തിലും ഏറെ നിയമങ്ങളും നിർദേശങ്ങളും ഇസ്‌ലാം നൽകുന്നുണ്ട്. പിന്നെ എങ്ങനെ വസ്ത്രത്തിൽ മതമില്ല ഇന്ന് മുസ്‌ലിമിന് പറയാൻ കഴിയും? മുസ്‌ലിംകൾ ഈ നിയമങ്ങൾ പാലിക്കുന്നതുകൊണ്ട് മറ്റുള്ളവർക്ക് എന്തു ബുദ്ധിമുട്ടാണുള്ളളത്?

കലയിൽ മതമുണ്ട്. ഒരു മുസ്‌ലിമിന് കലയിലാണെങ്കിലും മതത്തിന്റെ അതിരുകൾ പാലിക്കണം. കല്യാണത്തിൽ മതമുണ്ട്. വധു വരനല്ല, വരൻ വധുവിനാണ് വിവാഹ സമയത്ത് ധനമോ സ്വർണമോ പോലുള്ള എന്തെങ്കിലും വിവാഹ മൂല്യമായി നൽകേണ്ടത്. അതിനാണ് മഹ്ർ എന്നു പറയുന്നത്. വധുവിന്റെ വീട്ടുകാരിൽനിന്ന് കണക്കു പറഞ്ഞ് ലക്ഷങ്ങളും കാറും സ്വർണവുമൊക്കെ സ്ത്രീധനമായി വാങ്ങുന്നത് നിഷിദ്ധമാണ്. വിവാഹത്തിലൂടെ മാത്രമെ ഒരാണിനും പെണ്ണിനും ഒന്നിച്ചു ജീവിക്കാൻ ഇസ്‌ലാം അനുവാദം നൽകുന്നുള്ളൂ. കച്ചവടത്തിലും മതമുണ്ട്. കച്ചവടം അനുവദനീയമാണ്. മായം ചേർക്കലും പൂഴ്ത്തിവയ്പും കരിഞ്ചന്തയും അളവിലും തൂക്കത്തതിലും കുറവുവരുത്തലും കുറ്റകരമാണ്. പലിശ നിഷിദ്ധമാണ്.

ഇപ്പറഞ്ഞതെല്ലാം കേരളത്തിലെ എല്ലാ മതവിശ്വാസികളും നിർബന്ധമായും പാലിക്കണമെന്ന് ആരെങ്കിലും ശഠിച്ചാൽ ‘ഇത് കേരളമാണ് കേട്ടോ’ എന്ന് ഉച്ചത്തിൽ പറയുന്നതിൽ ന്യായമുണ്ട്. അല്ലാത്തപക്ഷം, ഒരാൾക്കും മറ്റൊരാളുടെ മതവിശ്വാസത്തിൽ ഇടപെടാൻ അവകാശമില്ല. ഇന്ത്യാ രാജ്യം പൗരന് നൽകുന്ന സ്വാതന്ത്ര്യമാണത്.

(അവസാനിച്ചില്ല)