ഖാദിയാനി പ്രവാചകന്റെ 99 നാമങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

ഖാദിയാനി പ്രവാചകന്റെ വഹ്‌യുകളിലെ അല്ലാഹുവിനെയും മലക്കുകളെയും നാം പരിചയപ്പെട്ടുവല്ലോ. ഈ ‘അല്ലാഹു’ തന്റെ പ്രവാചകനെ എന്തൊക്കെ പേരിലാണ് അഭിസംബോധന ചെയ്തതെന്ന് പരിശോധിക്കുന്നതും കൗതുകകരമാണ്.

“ഞാൻ കണ്ടു, അല്ലാഹുവിന്റെ കോടതിയിൽ എന്റെ കേസ് വിളിക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. അപ്പോൾ ‘മിർസാ, അൽപം ക്ഷമിക്കൂ, ഞാനൊന്ന് ഒഴിവാകട്ടെ’ എന്ന് പറയുന്നത് കേട്ടു. പിന്നീട് കോടതിയിൽ ജഡ്ജിയുടെ കസേരയിൽ അല്ലാഹു ഇരിക്കുകയാണ്. ഒരു ശിരസ്തദാർ തന്റെ കൈയിലുള്ള കേസ് ഫയൽ സമർപ്പിച്ചു. അതുനോക്കി ‘മിർസ ഹാജറുണ്ടോ’ എന്ന് ജഡ്ജ് ചോദിച്ചു. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അല്ലാഹുവിന്റെ അടുത്തുതന്നെ ഒരു കസേര ഒഴിഞ്ഞുകിടക്കുന്നത് കണ്ടു. എന്നോട് അവിടെ ഇരിക്കാൻ ആംഗ്യം കാണിച്ചു. പിന്നെ ഞാൻ ഉണർന്നു’’ (പേജ് 102).

പ്രവാചകന്റെ ബാക്കി പേര് മറ്റൊരു വഹ്‌യിലാണ്. അല്ലാഹു വിളിച്ചുവത്രെ: ‘അല്ലയോ ഗുലാം അഹ്\മദ്, ഇതാ ഒരു സന്തോഷവാർത്ത!’ (പേജ് 423).

ഇതൊരു വിളിച്ചുണർത്തൽ മാത്രമായിരുന്നു. പിന്നെ ഒന്നും ഉരിയാടിയില്ല. വർഷങ്ങളുടെ വ്യത്യാസമുണ്ടെങ്കിലും ഈ രണ്ടു വഹ്‌യുകളിലൂടെ മിർസാ ഖാദിയാനിയുടെ പേര് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു, മിർസാ ഗുലാം അഹ്‌മദ് എന്ന്. എന്നാൽ നിയോഗകാലം ഒപ്പിക്കാനായി അല്ലാഹു വിളിച്ച പേര് ഒഴിവാക്കി നാടിന്റെ പേര് കൂട്ടിച്ചേർത്തത് നാം കണ്ടുവല്ലോ. മനസ്സിലാക്കുക, അതാണ് ഖാദിയാനി പ്രവാചകന്റെ മിടുക്ക്!

തദ്കിറയിലെ ഏതാണ്ട് എല്ലാ ദീർഘ സൂക്താവലിയുടെയും ആദ്യസൂക്തത്തിൽ അഹ്‌മദ് എന്ന് മാത്രമാണ് സംബോധന ചെയ്തിട്ടുള്ളത്. ‘അല്ലയോ അഹ്‌മദ്, അല്ലാഹു നിന്നെ അനുഗ്രഹിച്ചിരിക്കുന്നു’ (പേജ് 35).

ഹജറുൽ അസ്‌വദ്

എന്നാൽ തദ്കിറയിലെ ആദ്യ സംബോധന ‘ബൈതുല്ലാഹ്’ എന്നാണ്. അതെ, ‘ദൈവിക ഭവനം’ എന്ന് തന്നെ: ‘അല്ലാഹു ഇൽഹാമുകളിൽ എന്നെ ബൈതുല്ലാഹ് എന്ന് സംബോധന ചെയ്തിരിക്കുന്നു. എതിരാളികൾ അതിനെ തകർക്കാൻ എത്രതന്നെ ശ്രമിച്ചാലും നടക്കില്ല.’

1881ൽ അവതരിച്ച ഇൽഹാം ഇങ്ങനെ: ‘ഒരാൾ എന്റെ കാലു കളെ ചുംബിച്ചു. ഞാൻ അവനോട് പറഞ്ഞു: ഞാൻ ഹജറുൽ അസ്‌വദ് ആകുന്നു’ (പേജ് 29). ഈ പേർഷ്യൻ വഹ്‌യ് ചില്ലറ മാറ്റത്തോടെയാണ് 1900ൽ രചിച്ച അർബഈനിൽ കൊടുത്തിട്ടുള്ളത്. (വാല്യം 4, പേജ് 15). പള്ളി എന്നും ഹജറുൽ അസ്‌വദ് എന്നുമൊക്കെയാണ് ‘അല്ലാഹു’ മിർസാക്ക് പേരിട്ടിരിക്കുന്നത്. ഉറക്കത്തിൽ ആരോ കാലിൽ ചുംബിച്ചപ്പോഴാവാം രണ്ടാമത്തെ പേര് മനസ്സിലുദിച്ചത്.

മർയം, ഇബ്‌നു മർയം

“ഈസാ ജനിച്ചപ്പോൾ മർയം വളരെ ദുർബലയായി. അല്ലാഹു എന്നെയും മർയമേ എന്ന് വിളിച്ചു. എനിക്കും വഹ്‌യ് തന്നു: നീ ഈത്തപ്പന പിടിച്ചു കുലുക്കുക. പഴുത്തു പാകമായ ഈത്തപ്പഴം നിനക്ക് വീഴ്ത്തിത്തരും.’’

“തുടർന്ന് അല്ലാഹു എന്നോട് പറഞ്ഞു: അല്ലയോ ഈസാ, നാം നിനക്ക് പൂർണമായ പ്രതിഫലം നൽകും. എന്നിലേക്ക് ഉയർത്തുകയും ചെയ്യും’’ (പേജ് 81). ‘അങ്ങനെ ഞാൻ ഇബ്‌നു മർയം ആയി അറിയപ്പെട്ടു.’

“എന്നോടും മർയമിനോടും അല്ലാഹു പറഞ്ഞത് ‘നീ പിടിച്ചു കുലുക്കുക’ എന്നായിരുന്നു. ഞങ്ങൾ തമ്മിലുള്ള വ്യത്യാസം, മറിയം ശാരീരികമായി ദുർബലയായിരുന്നെങ്കിൽ ഞാൻ സാമ്പത്തിക ക്ലേശത്തിൽ അകപ്പെട്ടിരുന്നു എന്നതത്രെ’’(പേജ് 32,33).

ഈ വഹ്‌യുകളിലൂടെ മർയമെന്നും ഇബ്‌നുമർയമെന്നും സംബോധന ചെയ്തത് നാം കണ്ടു. തുടർന്ന് പറയുന്നു: “ഈ ഇൽഹാമിലൂടെ അല്ലാഹു എന്നെ ക്വുർആൻ പഠിപ്പിക്കുകയും ആദ്യവിശ്വാസി എന്ന് വിളിക്കുകയും ചെയ്തു: പറയുക ഞാൻ അല്ലാഹുവിനാൽ നിയുക്തനാകുന്നു. ഏറ്റവുമാദ്യം വിശ്വസിച്ചവനും ഞാനാകുന്നു. എന്നിൽ സത്യത്തിന്റെയും ജ്ഞാനത്തിന്റെയും സമുദ്രം നിറയ്ക്കുകയും നൂറ്റാണ്ടിന്റെ മുജദ്ദിദായി എന്നെ നിയോഗിക്കുകയും ചെയ്തു’’ (പേജ് 35, ഹാശിയ).

“നിനക്ക് അന്തസ്സുറ്റ സഹായം ഞാൻ ചെയ്തു. സത്യത്തോടുകൂടി ജീവിപ്പിച്ചു. അല്ലയോ സിദ്ദീക്വ്, ഞാൻ നിന്നെ വീണ്ടും സഹായിക്കും’’ (പേജ് 53).

‘അവ്വലുൽ മുഅ്മിനീൻ’ എന്നും ‘അതീവ സത്യസന്ധൻ’ എന്നും തന്നെ അഭിസംബോധന ചെയ്തിരിക്കുന്നു എന്നതാണ് ഖാദിയാനി പ്രവാചകന്റെ വാദം.

പുനർജനി

“അല്ലയോ ആദം, നീയും നിന്റെ ഇണയും സ്വർഗത്തിൽ വസിച്ചുകൊള്ളുക. ഹേ മർയം, നീയും നിന്റെ ഇണയും... ഇവിടെ ഈ സംബോധനകൾ കൊണ്ട് ഉദ്ദേശിച്ചത് ഈ വിനീതൻ തന്നെയാണ്. പലപ്പോഴും മൂസാ, ഈസാ, ദാവൂദ്, യഹ്‌യാ എന്നൊക്കെ വിളിച്ചപ്പോഴും ഉദ്ദേശിച്ചത് എന്നെത്തന്നെയാകുന്നു’’ (പേജ് 55, ഹാശിയ).

താൻ മുൻ പ്രവാചകന്മാരുടെയൊക്കെ അവതാരവും രണ്ടാം നിയോഗവും ആണെന്നും മിർസാ ഖാദിയാനി വാദിക്കുന്നു: “അപ്രകാരം നാം യൂസുഫിന് ഉപകാരം ചെയ്തു. അവനെ തിന്മയിൽനിന്നും ദുഷ്പ്രവർത്തികളിൽ നിന്നും തടഞ്ഞു നിർത്തി.’ ഇവിടെ യൂസുഫ് എന്ന് പറഞ്ഞത് ഈ വിനീതനെയാകുന്നു. ആത്മീയതയാണ് പാരസ്പര്യത്തിന് നിദാനം.’’

പിന്നെ പറഞ്ഞു: “അല്ലയോ ദാവൂദ്, അല്ലാഹുവിന്റെ പടപ്പുകളോട് ഗുണകാംക്ഷയോടെയും മൃദുലമായും പെരുമാറുക’’ (പേജ് 82). അടുത്ത സൂക്തം ഇങ്ങനെ: “ഇബ്‌റാഹീം, നിന്റെ മേൽ രക്ഷയുണ്ടാകട്ടെ. ഇന്നേ ദിവസം നീ നമുക്ക് വലിയ പദവിയിലുള്ള വിശ്വസ്തനും ബുദ്ധിമാനുമായ എന്റെ സുഹൃത്തും ആണ്’’ (പേജ് 82).

മറ്റൊരു ഇൽഹാം ഇങ്ങനെ: “എന്നെ വിടൂ, ഞാൻ മൂസയെ കൊല്ലട്ടെ!’ ഇവിടെ മൂസ എന്നതിന്റെ വിവക്ഷ ഈ വിനീതൻ തന്നെയാകുന്നു. രാത്രി 3മണിക്ക് 20 മിനിറ്റുള്ളപ്പോഴാണ് ഈ സ്വപ്നം. രാവിലെ ബുധനാഴ്ചയായിരുന്നു. അതിന് അല്ലാഹുവിനെ സ്തുതിക്കുന്നു’’ (പേജ് 169).

എന്താണ് അല്ലാഹുവിനെ സ്തുതിക്കാൻ മാത്രം ബുധനാഴ്ചയുടെ പ്രത്യേകത? ആ!

മറ്റൊരു ദർശനം: ‘നൈൽ നദിക്കരയിൽ ബനീ ഇസ്രാഈല്യരോടൊപ്പം നിൽക്കുകയാണ്. ഞാൻ സ്വയം മൂസയാണെന്ന് മനസ്സിലാക്കുന്നു. ഫറോവ സൈന്യസമേതം പിൻതുടരുന്നത് ഞാൻ കണ്ടു. കുതിരപ്പുറത്തും വണ്ടികളിലുമായി ഒരുപാട് സാധനസാമഗ്രികളുമുണ്ട്. ഇതാ അവർ നമ്മുടെ അടുത്തെത്തുകയാണ്. ഇസ്രായേൽ സന്തതികൾ പരിഭ്രാന്തരായി. അവർ ഉറക്കെ നിലവിളിച്ചു: ‘മൂസാ, ഞങ്ങൾ പിടിക്കപ്പെട്ടു കഴിഞ്ഞു!’

“അപ്പോൾ ഒരു ഇൽഹാം എന്റെ നാവിൽ തത്തിക്കളിച്ചു: ‘എന്റെ രക്ഷിതാവ് കൂടെയുണ്ട്. അവൻ എനിക്ക് വഴി കാണിക്കും.’ ഞാൻ ഉണർന്നുപോയി’’ (പേജ് 373).

ഈ ഒരു ‘വഹ്‌യ്’ മാത്രം മതി ഖാദിയാനികളുടെ പ്രവാചകന് വഹ്‌യ് നൽകുന്നത്, മുഹമ്മദ് നബി ﷺ ക്ക് വിശുദ്ധ ക്വുർആൻ അവതരിപ്പിച്ച അല്ലാഹു അല്ല, മിർസയുടെ പ്രൈവറ്റ് റബ്ബായ ‘യലാശ്’ ആണെന്ന് മനസ്സിലാക്കാൻ.

മൂസാ നബി(അ) ഇസ്രാഈല്യരെ ഫിർഔനിൽ നിന്ന് മോചിപ്പിച്ച് സീനാ മരുഭൂമിയിലേക്ക് പലായനം ചെയ്യുകയും അവരെ ഫിർഔനും കൂട്ടരും പിന്തുടരുകയും ചെയ്തു. അവർ ചെങ്കടലിനടുത്തെത്തി. മുമ്പിൽ സമുദ്രവും പിന്നിൽ ആർത്തലച്ചു വരുന്ന സൈന്യവും! നിർണായകമായ സമയത്ത് തന്റെ വടികൊണ്ട് സമുദ്രത്തിൽ അടിക്കാൻ അല്ലാഹു കൽപിക്കുകയും കടൽ പിളർന്ന് വഴിയുണ്ടാവുകയും അതിലൂടെ മൂസാ(അ)യും ഇസ്രാഈൽ സന്തതികളും രക്ഷപ്പെടുകയും ചെയ്തു എന്നാണ് വിശുദ്ധ ക്വുർആന്റെ പാഠം.

ഇവിടെ പക്ഷേ, ഖാദിയാനികളുടെ പ്രവാചകനെ, ഒരു കശ്ഫിൽ മൂസയാക്കിയപ്പോൾ അയാൾ ഇസ്രാഈല്യർക്കൊപ്പം നിൽക്കുന്നത് ഈജിപ്തിലെ നൈൽ നദീതീരത്താണ്! മൂസാ നബി(അ)യുടെ ചരിത്രം അയാൾ മനസ്സിലാക്കുന്നത് ബൈബിളിൽനിന്നാണ്. പക്ഷേ, അയാൾ മനസ്സിലാക്കിയ പോലെ ഇല്ലാത്ത ഒരു സംഭവം അല്ലാഹു വഹയ് നൽകുമോ? രണ്ടും ഒരേ അല്ലാഹുവിൽനിന്നുള്ള വചനമാണെങ്കിൽ ഇത്ര വലിയ വൈരുധ്യം കാണാനാകുമോ? ഖാദിയാനികളുടെ പ്രവാചകൻ കള്ളവാദിയാണെന്നതിന് ഒരു തെളിവുകൂടിയാണിത്.

“അല്ലയോ യഹ്‌യാ, ഈ പുസ്ത കം മുറുകെപ്പിടിക്കുക. ഭയപ്പെടാതെ നീ ഇത് പിടിച്ചുകൊള്ളുക. 1884 ഫെബ്രുവരിയിലാണ് ഈ വഹ്‌യ് അവതരിച്ചത്’ (പേജ് 96).

മുഹമ്മദ് നബി ﷺ ക്ക് മുമ്പ് വന്ന പ്രവാചകന്മാരാണ് ഇവരൊക്കെയും. പക്ഷേ, വിശുദ്ധ ക്വുർആനിൽ ഒരിടത്തുപോലും അവരിൽ ആരുടെയും പേരുകൾ കൊണ്ട് മുഹമ്മദ് നബിയെ സംബോധന ചെയ്തിട്ടില്ല. പുനർജന്മവും അവതാരവും കൂടുവിട്ടു കൂടുമാറലുമൊക്കെ ഇസ്‌ലാമിന് അന്യമായതുകൊണ്ടായിരിക്കാം അത്.

അവതാരം

1906ൽ അവതരിച്ച വഹ്‌യ് ഇങ്ങനെയാണ്: “ദൈവം പ്രത്യക്ഷപ്പെടാൻ പോവുകയാണ്. നീ എനിക്ക് എന്റെ അവതാരം പോലെയാകുന്നു. അഥവാ നിന്റെ പ്രത്യക്ഷഭാവം ഞാൻ അവതരിക്കുന്നത് പോലെ തന്നെയായിരിക്കും എന്നർഥം’’ (പേജ് 516). അല്ലാഹു സ്വയം ഖാദിയാനിൽ താനായി അവതരിച്ചതാണെന്ന് മിർസാ ഖാദിയാനി വാദിക്കുന്നു!

മീകാഈൽ

“ചില പ്രവാചകന്മാർ എന്നെ മലക്ക് എന്ന് പരാമർശിച്ചിട്ടുണ്ട്. ദാനിയേൽ പ്രവാചകന്റെ ഗ്രന്ഥത്തിൽ എന്നെ മീകാഈൽ എന്നാണ് പറഞ്ഞത്. ഹിബ്രു ഭാഷയിൽ ഈ പദത്തിന് ‘ദൈവത്തെപ്പോലെ’ എന്നാണ് അർഥം’’ (പേജ് 351).

സുദീർഘമായ ഒരു സൂക്താവലിയുടെ മുപ്പത്തിനാലാം വാക്യം ഇങ്ങനെ: ‘അല്ലയോ അബ്ദുൽഖാദിർ, ഞാൻ നിന്റെ കൂടെയുണ്ട്. ഞാൻ കേൾക്കുന്നുണ്ട്, കാണുന്നുമുണ്ട്’ (പേജ് 72),

സേനാനായകൻ

“ഒരിക്കൽ ജാഗ്രദ് ദർശനത്തിൽ ഒരു ശബ്ദം കേട്ടു: ‘വിജയത്തിന്റെ പെരുമ്പറ മുഴങ്ങട്ടെ.’ തുടർന്ന് ഇൽഹാം അവതരിച്ചു: ‘നോക്കൂ, നിന്റെ ഈ ഫോട്ടോ കണ്ടില്ലേ? എന്തുപറയുന്നു? അല്ലാഹുവിന്റെ സിംഹമാണ്. ഞാൻ നോക്കിയപ്പോൾ കണ്ടത് ഈ വിനീതന്റെ തന്നെ ഫോട്ടോയാണ്. ആയുധ വിഭൂഷിതനും വിജയശ്രീലാളിതനുമായ സേനാനായകൻ! വീണ്ടും ഇൽഹാം: ‘ഹൂജ്ജത്തുല്ലാ ഖാദിർ സുൽത്താൻ അഹ്‌മദ് മുഖ്താർ’’ (പേജ് 116,117).

ഗവർണർ ജനറൽ

അടുത്ത ഇൽഹാമിൽ സേനാനായകനെ ഗവർണർ ജനറൽ ആയി വാഴിക്കുകയാണ് യലാശ്!

“സുവിശേഷകൻ ഒരിക്കലും അധഃപതിക്കയില്ല. ഗവർണർ ജനറലിന്റെ പ്രവചനങ്ങൾ പുലരാൻ സമയമായിരിക്കുന്നു’’ (പേജ് 285).

അടിക്കുറിപ്പിൽ പറയുന്നു: ‘നീതിമാനായ ഭരണാധികാരി എന്നാണല്ലോ നമ്മെപ്പറ്റി പറഞ്ഞിട്ടുള്ളത്. അതിന്റെ ഇംഗ്ലീഷ് ഭാഷാന്തരമാണ് ഗവർണർ ജനറൽ.’

നീതിമാനായ ഭരണാധികാരി എന്ന ഈസാ നബി(അ)യെക്കുറിച്ചുള്ള ഹദീസിലെ പരാമർശത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. നമുക്കൊക്കെ അറിയാവുന്ന പോലെ ഒരു ‘വത്തിക്കാന്റെ’ പോലും ഭരണാധികാരിയാവാൻ മിർസക്ക് സാധിച്ചിട്ടില്ല. സ്വന്തം ആഗ്രഹങ്ങളാണ്, അല്ലാഹുവിന്റെ വഹ് യുകൾ എന്ന നിലക്ക് അദ്ദേഹം സമർപ്പിക്കുന്നത്. അല്ലാഹു ഗവർണർ ജനറലിനോട് വിളിച്ചു പറഞ്ഞെങ്കിലും പ്രവചനങ്ങൾ പുലരാൻ ഒരിക്കലും സമയം ആയിട്ടില്ല എന്നാണ് ചരിത്രത്തിന്റെ പാഠം.

അലി മുർതസ

1892 ഡിസംബർ 7: ‘ഞാൻ സ്വയം അലി മുർതസയായി കണ്ടു. സ്വപ്നത്തിൽ മറ്റൊരാളെ ഞാനായി മനസ്സിലാക്കുകയാണ്. സംഭവം ഇതാണ്: ഖവാരിജുകൾ എന്റെ ഖിലാഫത്തിനെ മറിച്ചിടാനായി ഉപജാപങ്ങൾ മെനയുകയാണ്. അപ്പോൾ അങ്ങേയറ്റം വാത്സല്യത്തോടെ മുഹമ്മദ് നബി ﷺ എന്നോട് പറഞ്ഞു: ‘അല്ലയോ അലി, അവരെയും അവരുടെ സഹായികളെയും അവരുടെ കൃഷിയേയും നീ വിട്ടുകളയുക.’ പിന്നെയും ഞാൻ നബി ﷺ പറയുന്നതായി കേട്ടു: ‘നീ സത്യത്തിൽ തന്നെയാണ്. മറ്റുള്ളവരുമായി തർക്കിക്കാതിരിക്കുന്നതാണ് നല്ലത്.’

‘ഇവിടെ കൃഷികൊണ്ട് ഉദ്ദേശിച്ചത് മൗലവിമാരുടെയും പീറുമാരുടെയും സംഘമാണ്’’ (പേജ് 169).

വിശദീകരണം കാടുകയറുന്നു. നേരത്തെ പേറ്റുനോവിന്റെ സമയത്ത് മൗലവിമാരെ ഈത്തപ്പന എന്നാണ് വഹ്‌യിൽ പറഞ്ഞത്. മറ്റൊരിടത്ത് ദാബ്ബത്തുൽ അർദാണ് മൗലാനമാർ! ഇതൊക്കെ സമന്വയിക്കാനാവുമോ അനുയായികൾക്ക്? സ്വപ്നങ്ങളിലും ദർശനങ്ങളിലും മാത്രമുള്ള ഖിലാഫത്തും സുൽത്താൻ പട്ടവും എങ്ങനെയാണ് മറ്റുള്ളവർക്ക് തകർക്കാൻ ആവുക? മറ്റൊരിക്കൽ അല്ലാഹു മിർസ യെ വിളിച്ചത് ‘അലി ബാസിൽ’ എന്നായിരുന്നു. അതിന്റെ അർഥം ധീരനായ അലി എന്നാണത്രെ! (പേജ് 423).

പേനയും വാളും

‘അല്ലാഹു ഈ വിനീതന് ‘സുൽത്താനുൽ ഖലം’ എന്ന പേരു വച്ചു; എന്റെ പേനക്ക് ‘ദുൽഫുഖാർ അലി’ എന്നും’(പേജ് 333). പേനയുടെ ചക്രവർത്തി എന്നർഥം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഇത്രയും മഹത്തായ കാര്യങ്ങൾ എഴുതാൻ കഴിയുന്ന മഹാനായ എഴുത്തുകാരൻ എന്ന്!

“വലിയ്യിന്റെ പുസ്തകം അലിയു ടെ വാൾ പോലെയാണ്.’ അതായത് ശത്രുക്കളെ നാമാവശേഷമാക്കുന്നത്. തീഷ്ണമായ യുദ്ധങ്ങളിൽ അലിയുടെ വാൾ ശത്രുക്കളെ അരിഞ്ഞുവീഴ്ത്തിയത് പോലെ എന്റെ ഈ ഗ്രന്ഥവും മഹത്തായ വിസ്മയങ്ങൾ തീർക്കും. ബറാഹീനെ അഹ്‌മദിയ്യയുടെ മഹത്തായ സ്വാധീനവും അത്ഭുതകരമായ സ്വീകാര്യതയുമാണ് ഇത് തെളിയിക്കുന്നത്’’ (പേജ് 58).

‘അലിയുടെ ദുൽഫുഖാർ എന്നതുകൊണ്ട് ഈ വിനീതനെയാണ് ഉദ്ദേശിച്ചത്. അതേപോലെ പലപ്പോഴും എന്നെ ഗാസി എന്നും അഭിസംബോധന ചെയ്തിട്ടുണ്ട്’ (പേജ് 58, അടിക്കുറിപ്പ്).

ആദ്യം പറഞ്ഞത് ദുൽഫുഖാർ അലി എന്നത് തന്റെ പേനയുടെ പേരാണ് എന്നായിരുന്നു. ഇപ്പോൾ തന്റെ പേരാണെന്ന് മാറ്റിപ്പറയുന്നു. എല്ലാം ‘യലാശിന്റെ വചനങ്ങൾ’ തന്നെ!

(തുടരും)