വിദ്യാലയങ്ങളും മതചിഹ്നങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഏപ്രിൽ 01, 1444 റമദാൻ 10

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 20)

ഹിജാബ് കേസിൽ കർണാടകക്ക് വേണ്ടി ഹാജരായ കേന്ദ്ര സോളിസിറ്റർ ജനറൽ, കർണാടക അഡ്വക്കേറ്റ് ജനറൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ തുങ്ങിയവർ വാദങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് ഉഡുപ്പി കോളേജിലെ ഒരു അധ്യാപകന്റെ അഭിഭാഷകനായി സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ മുമ്പിൽ വാദങ്ങൾ സമർപ്പിക്കാൻ രംഗത്തുവന്നത്. 2022 സെപ്റ്റംബറിൽ വാദം നടക്കുമ്പോൾ അദ്ദേഹം അറ്റോർണി ജനറൽ ആയിരുന്നില്ല. കെ.കെ.വേണുഗോപാൽ വിരമിച്ചപ്പോൾ ഒക്ടോബർ 22നാണ് വെങ്കിട്ടരമണി അറ്റോർണി ജനറലായി സ്ഥാനമേറ്റത്.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വെങ്കിട്ടരമണിക്ക് പറയാനുണ്ടായിരുന്നത്. മതസ്വാതന്ത്ര്യം (Freedom of religion), അഭിപ്രായ സ്വാതന്ത്ര്യം (Freedom of expression) എന്നിവ തമ്മിലുള്ള ബന്ധവും ബന്ധവിച്ഛേദവും അവതരിപ്പിച്ച് വളരെ വിരസമായ വാദങ്ങളിലൂടെയാണ് അദ്ദേഹം സംസാരം തുടങ്ങിയത്. മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും തമ്മിലുള്ള വിഭജനരേഖ നേർത്തതായിരിക്കാമെങ്കിലും അവ രണ്ടും രണ്ടാണെന്നും ഒന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രാരംഭ സംസാരത്തിൽ കേട്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിൽ മതസ്വാതന്ത്ര്യം ഉൾപ്പെടുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് മറുവിഭാഗം അഭിപ്രായസ്വാതന്ത്ര്യത്തെ പ്രത്യേകമായി ഉദ്ധരിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചപ്പോൾ വാദങ്ങൾ കുറച്ചുകൂടി ലളിതമാക്കാൻ ജസ്റ്റിസ് ധൂലിയ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തുടർന്ന് അരങ്ങേറിയത് ജസ്റ്റിസ് ധൂലിയയും വെങ്കിട്ടരമണിയും തമ്മിലുള്ള ശക്തമായ വാദപ്രതിവാദമാണ്.

ജസ്റ്റിസ് ധൂലിയ /വെങ്കിട്ടരമണി സംവാദം

വെങ്കിട്ടരമണി: ‘ഞാനിവിടെ സന്നിഹിതനായത് ഒരു അധ്യാപകനു വേണ്ടിയാണ്. വിദ്യാലയങ്ങളിൽ അധ്യാപകനും വിദ്യാർഥിക്കും ഇടയിൽ മതിലുകളില്ലാതെ അറിവിന്റെ കൈമാറ്റം സംഭവിക്കണം. വിദ്യാലയം സവിശേഷമായ പൊതു ഇടമാണ്. അനുച്ഛേദം 19ൽ മൗലികാവകാശങ്ങളുടെ നിയന്ത്രണമായി പറയുന്ന Public Order എന്ന ആശയത്തിന് വിദ്യാലയങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ അർഥമാണുള്ളത്.’

ജസ്റ്റിസ് ധൂലിയ: ‘മൗലികാവകാശങ്ങളിൽപെട്ട അഭിപ്രായസ്വാതന്ത്ര്യം വിദ്യാലയങ്ങൾക്ക് പുറത്ത് മാത്രമാണ് ലഭിക്കുക എന്നും വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ അത് ചുരുങ്ങും എന്നുമാണോ താങ്കൾ പറഞ്ഞുവരുന്നത്? എന്താണ് താങ്കളുടെ അധ്യാപകന്റെ പോയിന്റ്? ശിരോവസ്ത്രം വിദ്യാർഥികൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കുന്നു എന്നാണോ?’

വെങ്കട്ടരമണി: ‘അഭിപ്രായസ്വാതന്ത്ര്യം വിദ്യാലയങ്ങളിൽ ചുരുങ്ങുമെന്ന് മാത്രമല്ല, അതിന് മറ്റൊരു രൂപമാണ് വിദ്യാലയങ്ങളിൽ കൈവരിക. മത അടയാളങ്ങളുടെ പേരിൽ വേർതിരിവില്ലാത്ത, അവയുടെ ശല്യമില്ലാത്ത ഒരു അന്തരീക്ഷം വിദ്യാലയങ്ങളിൽ ഉണ്ടായിരിക്കണം എന്നതാണ് അധ്യാപകൻ ഉയർത്തുന്ന പോയിന്റ്.’

ജസ്റ്റിസ് ധൂലിയ: ‘അത് അധ്യാപകന്റെ കാഴ്ചപ്പാടിനനുസരിച്ച് മാറില്ലേ? രാജ്യത്തിന്റെ മതവൈവിധ്യത്തെ കുറിച്ച് പറഞ്ഞുകൊടുക്കാനുള്ള അവസരമായി ഇതിനെ മറ്റൊരു അധ്യാപകന് കാണാൻ സാധിക്കുമല്ലോ? ഇങ്ങനെയാണ് നമ്മുടെ രാജ്യം, വിവിധ മതങ്ങൾ, വിവിധ വേഷങ്ങൾ എന്നിങ്ങനെയുള്ള മതവൈവിധ്യത്തെ കുറിച്ചല്ലേ അധ്യാപകൻ പറഞ്ഞുകൊടുക്കേണ്ടത്?’

വെങ്കിട്ടരമണി: ‘മതസ്വത്വങ്ങളുടെ സാന്നിധ്യത്തിൽ എങ്ങനെയാണ് ഒരു വിദ്യാലയത്തിൽ മൂല്യങ്ങൾ വളർത്തിയെടുക്കാൻ സാധിക്കുക? ഒരു വിഭാഗത്തിന് അവകാശം നൽകുമ്പോൾ കൂടുതൽ കൂടുതൽ അവകാശവാദങ്ങൾ വിദ്യാലയ പരിസരങ്ങളിൽ കടന്നുവരില്ലേ? എവിടെ നമുക്ക് നിയന്ത്രണരേഖ വരക്കാൻ സാധിക്കും?’

ജസ്റ്റിസ് ധൂലിയ: ‘താങ്കളുടെ വീക്ഷണപ്രകാരം വിദ്യാർഥികളിൽ എങ്ങനെയാണ് കാഴ്ചപ്പാടുകൾ വളർത്തിയെടുക്കാൻ സാധിക്കുക? വിദ്യാലയങ്ങളിൽനിന്ന് അവർ പുറത്തുവരുമ്പോൾ, അവർ ലോകത്തെ അഭിമുഖീകരിക്കാൻ തുടങ്ങുമ്പോൾ, വ്യത്യസ്ത സംസ്‌കാരങ്ങളെയും മതങ്ങളെയും ഉൾക്കൊള്ളാൻ അവർക്കെങ്ങനെ സാധിക്കും? സംസ്‌കാരം, വസ്ത്രം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാമുള്ള വൈവിധ്യങ്ങളെ പരിശീലിപ്പിക്കാൻ വിദ്യാലയങ്ങളിൽ വിവിധ സാംസ്‌കാരിക രീതികൾ ഉണ്ടാവുന്നതല്ലേ നല്ലത്? അതൊരു നല്ല അവസരമായിട്ടല്ലേ കാണേണ്ടത്? അങ്ങനെയും ഒരു കാഴ്ചപ്പാട് അധ്യാപകർക്ക് ഉണ്ടായിക്കൂടേ?’

വെങ്കിട്ടരമണി: ‘മതസ്വത്വ അടയാളങ്ങളുടെ അഭാവമാണ് വൈവിധ്യത്തെക്കുറിച്ചുള്ള മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ ഉതകുന്ന ഏറ്റവും നല്ല അന്തരീക്ഷം എന്നാണ് എനിക്ക് പറയാനുള്ളത്.’

ജസ്റ്റിസ് ധൂലിയ: ‘ഇവിടെ ഒരു മതവിഭാഗവും മതസ്വാതന്ത്ര്യം അനുഭവിക്കുന്നതിന്റെ പേരിൽ അധീശത്വം (Superiortiy) അവകാശപ്പെടുന്നില്ല.’

വെങ്കിട്ടരമണി: ‘മത അടയാളങ്ങൾ അനുവദിച്ചുകൊടുത്താൽ അവർ അധീശത്വം അവകാശപ്പെട്ടു തുടങ്ങും.’

ജസ്റ്റിസ് ധൂലിയ: ‘അപ്പോൾ മതവേഷങ്ങൾ താങ്കൾ പ്രതിനിധാനം ചെയ്യുന്ന അധ്യാപകന് ശല്യമാവുന്നു എന്നത് മാത്രമാണ് താങ്കളുടെ പോയിന്റ് എന്ന് മനസ്സിലായി.’

സത്യത്തിൽ ജസ്റ്റിസ് ധൂലിയയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ വെങ്കിട്ടരമണിക്ക് പിടിച്ചുനിൽക്കാനായില്ല. മതേതര സങ്കൽപങ്ങളെ കുറിച്ചും മതവൈവിധ്യങ്ങളെ കുറിച്ചും വിദ്യാലയങ്ങളിൽ പഠിപ്പിക്കുവാനും എല്ലാ മതവിഭാഗങ്ങളെയും അവരുടെ സാംസ്‌കാരികരീതികളെയും ബഹുമാനിക്കുവാനുമാണ് വിദ്യാലയങ്ങളിൽ പഠിപ്പിക്കേണ്ടത് എന്ന ജസ്റ്റിസ് ധൂലിയയുടെ പരാമർശം നിലവിലെ അറ്റോർണി ജനറലിന് ഒരു വലിയ പ്രഹരമായിരുന്നു.

മനസ്സാക്ഷി സ്വാതന്ത്ര്യവും ശിരോവസ്ത്രവും

വിദ്യാലയങ്ങളിലെ വസ്ത്രരീതികളിൽ ഏകസ്വഭാവം വേണമെന്ന അദ്ദേഹത്തിന്റെ വാദത്തെ കോടതി മുഖവിലക്കെടുക്കുന്നില്ല എന്നുകണ്ടപ്പോൾ അദ്ദേഹം ‘മനസ്സാക്ഷി സ്വാതന്ത്ര്യ’ത്തിലേക്ക് (Freedom of conscience) പ്രവേശിച്ചു. മനസ്സാക്ഷി സ്വാതന്ത്ര്യത്തിന് മതവുമായി ബന്ധമില്ലെന്നും ദേശീയഗാനവുമായി ബന്ധപ്പെട്ട ബിജോയ് ഇമ്മാനുവൽ കേസിൽ കോടതി ദേശീയഗാനം ചൊല്ലേണ്ടതില്ല എന്ന വിധി നൽകിയത് മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അതിൽ മതപരമായി യാതൊന്നുമില്ലെന്നുമാണ് വെങ്കിട്ടരമണിയുടെ കണ്ടുപിടുത്തം. ഓരോ വ്യക്തിയുടെയും ധാർമിക ബോധ്യത്തെ (Ethical disposition) മാത്രമെ മനസ്സാക്ഷിയായി കരുതാൻ സാധിക്കൂ. ശിരോവസ്ത്ര വിഷയത്തിൽ വ്യക്തിപരമായി സ്വീകരിക്കുന്ന ധാർമിക ബോധ്യമല്ല, മറിച്ച് മതത്തിന്റെ നിർദേശം മാത്രമാണ് പ്രവർത്തിക്കുന്നത്. ക്വുർആനിക വചനങ്ങൾ മാത്രമാണ് അവർ ഉദ്ധരിക്കുന്നത്. അതിൽ മനസ്സാക്ഷിയുമായി ബന്ധപ്പെട്ട യാതൊരു ഘടകവുമില്ല എന്നിങ്ങനെയായിരുന്നു വെങ്കിട്ടരമണിയുടെ വാദങ്ങൾ.

‘ഇമ്മാനുവൽ കേസി’നെ തെറ്റിദ്ധരിപ്പിക്കുന്നു

രാജ്യത്തിന്റെ അറ്റോർണി ജനറൽ സ്ഥാനത്തിരിക്കുന്ന പ്രമുഖനായ നിയമവിദഗ്ധൻ എത്ര വിദഗ്ധമായാണ് ഭരണഘടനയെയും മുൻ സുപ്രീം കോടതി വിധികളെയും തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് നോക്കുക. പ്രസിദ്ധമായ ബിജോയ് ഇമ്മാനുവൽ കേസ് ഇന്ന് ഇന്ത്യയിലെ ഏതൊരു വിദ്യാർഥിക്ക് പോലും മനഃപാഠമാണ്. ദേശീയഗാനത്തിൽ തങ്ങളുടെ മതവിശ്വാസത്തിന് നിരക്കാത്ത ഭാഗങ്ങളുണ്ട് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യഹോവാസാക്ഷി വിഭാഗത്തിൽപെട്ട വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ദേശീയഗാനം ചൊല്ലാത്തതിന്റെ പേരിൽ വിദ്യാർഥികളെ പുറത്താക്കിയ നടപടി ഭരണഘടനയുടെ 19(1)എ 25(1) എന്നീ രണ്ടു അനുച്ഛേദങ്ങളുടെ ലംഘനമാണ് എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഇതിൽ 25(1) അനുച്ഛേദത്തിൽ പറയുന്നത് ഇങ്ങനെ വായിക്കാം: ‘പൊതുസമാധാനത്തിനും സാന്മാർഗികതക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി, എല്ലാ ആളുകളും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും ‘സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ‘ഉള്ള സ്വാതന്ത്ര്യത്തിനും ഒരുപോലെ അവകാശമുള്ളവരാകുന്നു.’

കേവലം മനസ്സാക്ഷിയെ ആധാരമാക്കിയാണ് യഹോവ സാക്ഷികൾക്ക് അനുകൂലമായ വിധി സുപ്രീംകോടതി നൽകിയത് എന്ന വെങ്കിട്ടരമണിയുടെ വാദം ഇവിടെ പൊളിയുകയാണ്. മനസ്സാക്ഷി മാത്രമല്ല മതത്തിന്റെ പേരിലുള്ള വിശ്വാസ്വം, ആചാരം, പ്രചാരണം തുടങ്ങിയ മൗലികാവകാശങ്ങൾ കൂടി അംഗീകരിച്ചുകൊണ്ടാണ് കോടതി വിധിപ്രസ്താവിച്ചിട്ടുളളത്. ശിരോവസ്ത്ര വിഷയത്തിൽ വിദ്യാർഥിനികൾ ക്വുർആനിക വചനങ്ങളുടെ അടിസ്ഥാനത്തിലാണ് വാദം കൊണ്ടുവരുന്നത് എന്നും എന്നാൽ ദേശീയഗാന വിഷയത്തിൽ യഹോവ സാക്ഷികൾ മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വാദിച്ചത് എന്നും പറയുന്നത് ശുദ്ധ തട്ടിപ്പാണ്. സുപ്രീംകോടതിയിൽ യഹോവ സാക്ഷികൾ സമർപ്പിച്ച വാദങ്ങളിൽ ഇങ്ങനെ കാണാം: “Jehovah’s Witnesses are an association ... who regard the literal interpretation of the Bible as Fundamental to proper religious beliefs.” (ബൈബിളിന്റെ അക്ഷരീയ വ്യാഖ്യാനം ശരിയായ മതവിശ്വാസങ്ങൾക്ക് അടിസ്ഥാനമാണെന്ന് കരുതുന്ന കൂട്ടായ്മയാണ് യഹോവ സാക്ഷികൾ). അവർ മനസ്സാക്ഷിയെയല്ല, മറിച്ച് ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയാണ് വാദങ്ങൾ സമർപ്പിച്ചത് എന്ന് ഇതിൽനിന്നും വ്യക്തമാണ്. ബൈബിളാണ് അവരുടെ മനസ്സാക്ഷിക്ക് ബോധ്യമായത്. ശിരോവസ്ത്ര വിഷയത്തിൽ ക്വുർആനാണ് മുസ്‌ലിം വിദ്യാർഥിനികളുടെ മനസ്സാക്ഷിക്ക് ബോധ്യമായത് എന്ന വ്യത്യാസം മാത്രമേയുള്ളൂ.

‘ബിജോയ് കേസ്’ നൽകിയ സന്ദേശം

എല്ലാ മതവിശ്വാസത്തെയും സംസ്‌കാരത്തെയും അംഗീകരിക്കണം എന്ന സന്ദേശമാണ് ബിജോയ് ഇമ്മാനുവൽ കേസ് വിധി നൽകുന്ന സന്ദേശം. വിധിയുടെ അവസാന വാചകങ്ങൾ ഇങ്ങനെയാണ് “We only wish to add: Our tradition teaches tolerance; our philosophy preaches tolerance; our constitution practices tolerance; let us not dilute it.’ (ഒരു കാര്യം മാത്രം കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: നമ്മുടെ പാരമ്പര്യം സഹിഷ്ണുതയാണ് പഠിപ്പിക്കുന്നത്; നമ്മുടെ തത്ത്വശാസ്ത്രം സഹിഷ്ണുതയെയാണ് ഉപദേശിക്കുന്നത്; നമ്മുടെ ഭരണഘടന സഹിഷ്ണുതയാണ് പ്രയോഗവത്കരിക്കുന്നത്; നാം അതിനെ ഒരിക്കലും നേർപ്പിക്കാൻ പാടില്ല.’

(അടുത്ത ലക്കത്തിൽ: സർക്കാർ അഭിഭാഷകർക്ക് നിയമ വിദഗ്ധരുടെ മറുപടി)