മലക്കുകളും വിചിത്ര വ്യാഖ്യാനങ്ങളും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 12)

സഹോദരന്റെ വേഷത്തിൽ

‘മരിച്ചുപോയ ജ്യേഷ്ഠൻ ഗുലാം ഖാദിറിനെപ്പോലെ ഒരാൾ കയറി വന്നു. എനിക്ക് ഉടനെ മനസ്സിലായി ഒരു മലക്കാണെന്ന്! എവിടെ നിന്നാണ് വരുന്നത് എന്ന ചോദ്യത്തിന് അല്ലാഹുവിന്റെ അടുത്തുനിന്ന് എന്ന് മറുപടി ലഭിച്ചു. ജനങ്ങൾക്ക് നിന്നോടുള്ള ശത്രുത കൂടുകയാണെന്നും അവർ നിന്നെ വിട്ടു പോകുമെന്നും അറിയിക്കാനാണ് വന്നത് എന്നും പറഞ്ഞു’ (പേജ്: 151).

‘1906 ഒക്ടോബർ 9. എന്റെ ജ്യേഷ്ഠ സഹോദരൻ കരുത്തുറ്റ ഒരു കുതിരപ്പുറത്ത് സവാരി ചെയ്യുന്നത് ഞാൻ കണ്ടു. അതൊരു മലക്കാണെന്ന് മനസ്സിലാക്കി ഞാൻ ഓടി അതിനെ പിന്നിലാക്കി. നഗരത്തിൽ എത്തിയപ്പോൾ അയാൾ താഴെ ഇറങ്ങി. ഒരു പട്ടാളക്കാരൻ കൈയിൽ വലിയൊരു ചാട്ടയുമായി നിൽക്കുന്നു. ആ പട്ടണത്തിൽ മലക്കുകൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന എന്തോ വളരെ വലിയ ദൗത്യം ഉണ്ടെന്ന് മനസ്സിലാക്കി ഞാൻ അവിടേക്ക് കുതിച്ചു’ (പേജ്: 572).

മലക്കുകൾ പലപ്പോഴും ജ്യേഷ്ഠന്റെ വേഷത്തിൽ അവതരിച്ചെങ്കിലും അദ്ദേഹവുമായി നല്ല സ്വരച്ചേർച്ചയിലായിരുന്നില്ല മിർസാ ഖാദിയാനി.

ഒമ്പത് മാസം നോമ്പ്!

‘സ്വഹാബിമാരുടെ’ രിവായാത്ത് രജിസ്റ്ററിൽ നിന്ന് ഇമാമുദ്ദീൻ സീഖാനി വിവരിക്കുന്നു: നേരത്തെ പ്രസിദ്ധീകരിക്കാത്ത ഒരു ദർശനം കാണുക: ‘മസീഹ് ഒമ്പത് മാസം നോമ്പെടുത്തു. അതുമായി ബന്ധപ്പെട്ട് ഒരിക്കൽ ഹുസൂർ പറഞ്ഞു: മൂന്നു മാസത്തോടടുത്തപ്പോൾ വളരെ നീണ്ട, തടിച്ച, ചുവന്ന നിറമുള്ള ഒരാൾ എന്റെ മുമ്പിൽ വന്നു പറഞ്ഞുകൊണ്ടിരുന്നു: ‘ഖറത’ (പേജ്: 643).

‘നിന്നെ പരിഗണിക്കുന്നവനാക്കി’ എന്ന് അടിക്കുറിപ്പിൽ അതിന് അർഥം നൽകിയിട്ടുണ്ട്.

അന്തം കമ്മി!

ദർശനങ്ങൾ തുടരുകയാണ്: “ഒരു വലിയ ആൾക്കൂട്ടം എന്നോടൊപ്പം നിൽക്കുന്നുണ്ട്. ഒരു ഉയർന്ന ഉദ്യോഗസ്ഥൻ അവിടേക്കു വന്ന് എന്താണ് ഈ ആൾക്കൂട്ടത്തെ പിരിച്ചുവിടാത്തത് എന്ന് ചോദിച്ചു. ‘ഇവർ ശത്രുക്കളല്ല. വിദ്യനേടാൻ വന്ന നല്ല മനുഷ്യരാണ്’-ഞാൻ പറഞ്ഞു.’’

‘അതൊരു മലക്കായിരുന്നു. ആകാശത്തേക്ക് നോക്കി ഒന്നുരണ്ടു വാക്കുകൾ പറഞ്ഞെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. പിന്നെ സലാം പറഞ്ഞു എങ്ങോട്ടോപോയി’ (പേജ്: 508).

ആൾക്കൂട്ടത്തെ കണ്ടപ്പോൾ എന്തോ കുഴപ്പം മണത്താണ് പുള്ളി ഇറങ്ങിവന്നത്. പക്ഷേ, അവർ ശത്രുക്കളോ മിത്രങ്ങളോ എന്ന് തിരിച്ചറിയാത്ത ‘അന്തംകമ്മി’ ആയിപ്പോയി. മേലോട്ടു നോക്കി പറഞ്ഞത്, നമ്മൾ വിചാരിച്ചപോലെ കുഴപ്പക്കാരല്ല എന്നായിരിക്കാം!

‘1895 ഏപ്രിൽ 13ന് ഉന്നതനായ ഒരു മലക്ക് ഇറങ്ങി വന്നു. സമുദായം തീർച്ചയായും എന്നെ കൊല്ലും. അഥവാ കൊല്ലാൻ വിചാരിക്കും. പക്ഷേ, വളരെ ദൂരെയുള്ള ഒരിടത്തുനിന്ന് അവർക്ക് എങ്ങനെയാണ് പിടിക്കാൻ സാധിക്കുക എന്ന് ചോദിച്ചു’ (പേജ്: 657).

‘ഗുരുദാസ്പൂരിൽവച്ച് ഒരിക്കൽ ഞാൻ മൗലവി അബ്ദുല്ല ഗസ്‌നവിയെ സ്വപ്നത്തിൽ കണ്ടു. ഒരു കട്ടിലിൽ ഇരിക്കുന്ന അദ്ദേഹത്തെ താഴേക്ക് തള്ളിയിടാനായി എനിക്ക് നിർദേശം ലഭിച്ചു. ഞാൻ പതുക്കെ തള്ളിക്കൊണ്ടിരിക്കെ മൂന്ന് മലക്കുകൾ ഇറങ്ങിവന്നു. അപ്പോഴേക്കും നിലത്ത് ഇറങ്ങിയിരുന്ന അബ്ദുല്ലക്കൊപ്പം അവരും ഇരിപ്പായി. ഒരു മലക്കിന്റെ പേര് ഖൈറാതി എന്നായിരുന്നു. തുടർന്ന് ഞാൻ ദുആ ചെയ്തു. അബ്ദുല്ലയും മലക്കുകളും ആമീൻ പറഞ്ഞു. പിന്നെ നാലുപേരും പറന്നു പോയി. അപ്പോൾ എനിക്ക് മനസ്സിലായി, ഗസ്‌നവിയുടെ മരണം അടുത്തിരിക്കുന്നു എന്ന്... അതോടെ നിരന്തരമായി വഹ് യ് അവതരിക്കാൻ തുടങ്ങി’ (പേജ്: 23).

മിർസാ ഖാദിയാനിയുമായി പലപ്പോഴും സംവാദങ്ങൾ നടത്തിയ ആളാണ് മൗലവി അബ്ദുല്ല ഗസ്‌നവി. മുബാഹല നടത്താനുള്ള മിർസയുടെ വെല്ലുവിളി സ്വീകരിക്കുകയും തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. പക്ഷേ, മിർസ ഉപാധികൾ പാലിക്കാതെ ഏകപക്ഷീയമായി പ്രഭാഷണം നടത്തുകയും മരണം പ്രവചിക്കുകയും ചെയ്തു. അതുകൊണ്ടായിരിക്കാം മരണം അടുത്തിരിക്കുന്നു എന്ന് പറയുന്നത്. പക്ഷേ, ഖൈറാത്തി അടക്കമുള്ള മലക്കുകൾക്കൊപ്പമാണ് അയാൾ പറന്നുപോയത് എങ്കിൽ അത് ശുഭ പര്യവസാനമാണല്ലോ!

ഗസൽ പാടുന്ന മലക്കുകൾ!

പീർ സിറാജുൽ ഹഖ് വിശദീകരിക്കുന്നു; മസീഹ് ഒരിക്കൽ പറഞ്ഞു: ‘ഞങ്ങൾ ഒരു ദിവസം വീടിന്റെ വരാന്തയിൽ കിടക്കുമ്പോൾ, ജാഗ്രദ് ദർശനത്തിൽ, പ്രൗഢിയോടെ ഭംഗിയായി വസ്ത്രം ധരിച്ച മലക്കുകൾ ഗസൽ പാടുകയും വട്ടംചുറ്റുകയും ചെയ്യുന്നത് കണ്ടു. ഓരോ വട്ടവും അടുത്തെത്തുമ്പോൾ ഗസലിന്റെ അന്ത്യാക്ഷരപ്രാസം ‘പീറെ പീറാം’ എന്ന് ഞങ്ങളുടെ മുഖത്തിന് നേരെ കൈ ചൂണ്ടി പാടിക്കൊണ്ടിരുന്നു’ (പേജ് 679)

സുൽത്താന്മാരുടെ കാലത്തെ നൃത്ത, സംഗീത സദസ്സുകളെ ഓർമിപ്പിക്കുന്നുവെങ്കിലും മലക്കുകളെക്കുറിച്ച് മുസ്‌ലിംകൾക്ക് സങ്കൽപിക്കാനാവാത്ത ഒരു സദസ്സിനെയാണ് മിർസാ ഖാദിയാനി പരിചയപ്പെടുത്തുന്നത്.

‘മലക്ക് കള്ളം പറയുന്നു!’

“1905 മാർച്ച് മൂന്നിന് ഒരാൾ വന്നു. കൈ നിറയെ പണം തന്നു. പിന്നെ ഇലാഹി ബക്ഷിനെപ്പോലെ ഒരാൾ വന്നു. പക്ഷേ, മനുഷ്യനല്ല: മലക്കിനെപ്പോലെ തോന്നിച്ചു. രണ്ടു കൈയും നിറയെ രൂപ എന്റെ സഞ്ചിയിലേക്കിട്ടു. എനിക്ക് എണ്ണാവുന്നതിലുമധികം ഉണ്ടായിരുന്നു അത്. ‘എന്താ പേര്?.’ ‘ഏയ,് ഒന്നുമില്ല.’ വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു: ‘എന്റെ പേര് ടേച്ചി “ (പേജ് 445).

പേരു പറയാൻ ഇഷ്ടപ്പെടാത്ത ഒരു അനുഭാവിയാണ് ഈ ടേച്ചി! എന്നാലും പേര് ഒന്നും ഇല്ല എന്ന് കള്ളം പറഞ്ഞത് മലക്കിന് ചേർന്നതായില്ല.

ഇലാഹി ബക്ഷിനെ ഓർമയില്ലേ? കുറെ കാലമായി മിർസായുടെ ശിഷ്യത്വം സ്വീകരിക്കുകയും പിന്നെ കൊടും ശത്രുവായി മാറി രൂക്ഷമായി വിമർശിച്ചുകൊണ്ട് ‘അസ്വായേ മൂസാ’ (മൂസയുടെ വടി) എന്ന പുസ്തകം എഴുതുകയും ചെയ്ത ലാഹോറിലെ അക്കൗണ്ടന്റ്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ‘അഡൾട്‌സ് ഓൺലി’ വഹ്‌യുണ്ട് ‘തദ്കിറ’യിൽ. അയാളുടെ കോലത്തിലാണ് കൈ നിറയെ പണവുമായി മലക്കിനെ അയച്ചത്! അതിന്റെ താൽപര്യവും വ്യാഖ്യാനവും നമുക്കെന്ന പോലെ മിർസക്കും മനസ്സിലായിട്ടില്ല!

“1905 ഏപ്രിൽ 3ന് സ്വപ്നത്തി ൽ ഞാൻ കണ്ടു. ആപാദചൂഡം ഗാഢമായ കറുപ്പ് വസ്ത്രം ധരിച്ച സുൽത്താൻ അഹ്‌മദ് മിർസാ നിസാമുദ്ദീന്റെ വീട്ടിൽ നിൽക്കുന്നു. കണ്ടപ്പോൾ മനസ്സിലായി, അവന്റെ രൂപത്തിൽ നിൽക്കുന്നത് ഒരു മലക്ക് ആണെന്ന്. ‘ഇവൻ എന്റെ മകനാണ്.’ ഞാൻ വീട്ടുകാരോട് പറഞ്ഞു. പിന്നെ രണ്ട് മലക്കുകൾകൂടി വന്നു കസേരയിലിരുന്നു. പുറമെ കേൾക്കാവുന്ന ശബ്ദത്തിൽ പേനകൊണ്ട് കടലാസിൽ എഴുതാൻ തുടങ്ങി. ഞാൻ അത് നോക്കിനിന്നു’’ (പേജ് 448).

മിർസയിൽ വിശ്വസിക്കാത്ത മൂത്ത മകനാണ് സുൽത്താൻ; ആദ്യഭാര്യയിലെ സന്തതി. അവന്റെ ശ്വശുരൻ മിർസാ ഇമാമുദ്ദീൻ കൊടിയശത്രുവും. അവർ എഴുതിയത് കനത്ത തെളിവുകളാണെന്ന് സ്വപ്നവ്യാഖ്യാനം തുടരുന്നു: ‘സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിൽ പലപ്പോഴും മരണമെന്നത് ആരോഗ്യവും ആരോഗ്യമെന്നാൽ മരണവുമായിരിക്കും ഉദ്ദേശിക്കുക. സ്വപ്നത്തിൽ പലപ്പോഴും ഒരാളുടെ മരണം കണ്ടിട്ടും അയാൾ ഏറെക്കാലം ജീവിച്ചിരുന്നിട്ടുണ്ട്’ (പേജ് 473).

മിർസായുടെ പള്ളിയിലെ ഇമാം ആയിരുന്ന മൗലവി അബ്ദുൽ കരീമിനെക്കുറിച്ച് പറയുമ്പോഴാണ് ഈ കമന്റ്. ആ പ്രവചനം വമ്പിച്ച പരാജയമായിരുന്നു. ഈ പറയും പ്രകാരമാണ് വ്യാഖ്യാനിക്കേണ്ടതെങ്കിൽ അത്തരം മുന്നറിവുകൾ എന്ത് പ്രയോജനമാണ് ചെയ്യുക; മാനക്കേടല്ലാതെ?

ശിപാർശ സ്വീകാര്യം, പക്ഷേ...

“1905 ആഗസ്റ്റ് 31ന് അർധരാത്രിവരെ മൗലവി അബ്ദുൽകരീമിന് വേണ്ടി പ്രാർഥിച്ചു കഴിഞ്ഞു. പ്രഭാതത്തോടെ ഉറക്കം പിടിച്ചപ്പോൾ സ്വപ്നത്തിൽ അബ്ദുല്ല സന്നൂരി ഒരു കടലാസ് തന്നു. ന്യായാധിപന്റെ ഒപ്പു വാങ്ങാൻ പറഞ്ഞു. എന്റെ ഭാര്യയുടെ രോഗം കലശലാണെന്നും പറഞ്ഞു. അയാളുടെ മുഖം വിളറിയിരുന്നു. ‘ഇവർ ശിപാർശ സ്വീകരിക്കില്ല.’ ഞാൻ പറഞ്ഞു. ചെന്ന് നോക്കിയപ്പോൾ ബട്ടാലയിലെ എക്‌സ്ട്രാ അസിസ്റ്റന്റ് ആയിരുന്ന മട്ടൻലാലാണ് കസേരയിൽ. ‘പഴയ കൂട്ടുകാരന്റെ കാര്യമാണ്, ഒപ്പിട്ടു തരണം.’ യാതൊരു തടസ്സവും പറയാതെ അയാൾ ഒപ്പിട്ടു തന്നു...’ (പേജ് 474).

‘ഇവിടെ മട്ടൻലാൽ ഒരു മലക്കാണ്. സന്നൂരി എന്നാൽ പൂച്ച; അഥവാ രോഗം! അതായത് രോഗിയായ അബ്ദുല്ല. അതിനുള്ള മരുന്ന് ഒരു ബാഹ്യമായ കാര്യമാണ്. ഇവിടെയാകട്ടെ മറക്ക് പിന്നിലുള്ള സംഗതിയാണ്. ഒപ്പിട്ടില്ലെങ്കിലും ഒന്നും സംഭവിക്കില്ല’ (പേജ് 474).

തുടർന്നുള്ള വ്യാഖ്യാനം അതിലേറെ സങ്കീർണമാണ്: ‘സ്വപ്നത്തിൽ പറഞ്ഞപോലെ എന്റെ സുഹൃത്താണെന്ന് ശിപാർശ ചെയ്തതിനാൽ മൗലവി രക്ഷപ്പെട്ടു... അബ്ദുല്ല പറഞ്ഞല്ലോ, എന്റെ ഭാര്യ രോഗിയാണെന്ന്. അബ്ദുല്ല എന്നത് നബിയുടെ പേരാണ്. ഇത് ക്വുർആനിലും കാണാം. മട്ടൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് രോഗത്തിന് ശേഷമുള്ള സുഖവും ആരോഗ്യവും ആസ്വാദനവും ഒക്കെയാണ്. എല്ലാം ആഴമേറിയ ഉപമകളും അലങ്കാരങ്ങളുമത്രെ!’ (പേജ് 474,475).

എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞു അവിയൽ പരുവത്തിലായി അല്ലേ? വ്യാഖ്യാനമില്ലാത്ത ഖാദിയാനിമതം ഒന്നുമല്ല. മൗലവി അബ്ദുൽകരീം രോഗശാന്തി നേടിയെന്ന് നിങ്ങൾ ധരിച്ചുവോ? ഒരു മാസം കഴിഞ്ഞപ്പോൾ പഴയ കൂട്ടുകാരൻ ആണെന്ന ശിപാർശയും മട്ടൻലാലിന്റെ ഒപ്പും ഒക്കെ നിഷ്ഫലമാക്കി മൗലവി മരിച്ചു.

‘അല്ലാഹു ഒപ്പിട്ടപ്പോൾ തൊപ്പിയിൽ മഷി തെറിച്ച സ്വഹാബി’യാണ് അബ്ദുല്ലാ സന്നൂരി. ഈ സ്വപ്നത്തിൽ അബ്ദുല്ല നബിയും സന്നൂരി പൂച്ചയുമായി വേർപിരിയുന്നു. സൗഖ്യവും ആരോഗ്യവും ഒക്കെയായ മട്ടൻ ചതിക്കുകയും ചെയ്തു.

ദി ഏയ്ഞ്ചൽ

‘1883. I can what I will do, we can what we will do. ആ സ്വരവും ഉച്ചാരണവും കേട്ടപ്പോൾ ഒരു ഇംഗ്ലീഷുകാരൻ തലയ്ക്കു മീതെ നിന്ന് സംസാരിക്കുന്നത് പോലെ തോന്നി. പേടിപ്പെടുത്തുന്നതായിരുന്നിട്ടും അതിൽ ആസ്വാദ്യത ഉണ്ടായിരുന്നു. അർഥം മനസ്സിലായില്ലെങ്കിലും ഹൃദയത്തിൽ സുഖവും ശാന്തിയും കളിയാടുകയും ചെയ്തു. ഇങ്ങനെ ഇംഗ്ലീഷ് വഹ്‌യുകൾ മിക്കപ്പോഴും അവതരിപ്പിക്കാറുണ്ട് ‘ (പേജ് 50).

സിയാൽകോട്ടിലെ വയോജന ക്ലാസിൽനിന്ന് നേടിയ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റ പരിമിതിമൂലം അർഥം മനസ്സിലായില്ലെങ്കിൽ അത്ഭുതപ്പെടാനില്ല. പക്ഷേ, ഇതിൽ പേടിപ്പെടുത്തുന്ന എന്ത് കാര്യമാണുള്ളത്? ആരെയാണ് ഇയാൾ പേടിപ്പിക്കുന്നത്?

മലക്കുകളുടെ കാലിഗ്രാഫി

“ഇന്ന് രാത്രി ഞാൻ മസ്ജിദുൽ മുബാറകിൽ പ്രവേശിക്കുന്നതായി സ്വപ്നം കണ്ടു. കുറെ ചെറുപ്പക്കാർ വാതിലിന്റെ മേൽപടിയിൽ പച്ചമഷി ഉപയോഗിച്ച് ആയത്തുകൾ എഴുതിവെക്കുന്നുണ്ട്. നല്ല കൈയെഴുത്തും വേഗതയും കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവർ മലക്കുകളാണെന്ന്. ഞാൻ ആയത്തുകൾ വായിച്ചു. ഇപ്പോൾ ഓർമയിൽ ഒരു വചനം മാത്രമാണുള്ളത്: അവന്റെ ഔന്നത്യം ആർക്കും തടസ്സപ്പെടുത്താൻ ആവില്ല.’’

“ശരിയാണ്, അല്ലാഹു നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടം തകർക്കാനും അവൻ ആദരിക്കാനുദ്ദേശിച്ചവരെ ഇകഴ്ത്താനും ആർക്കും സാധ്യമല്ല’’ (പേജ് 88).

മറ്റൊരു ‘മുർത്തദ്ദായ മിർ അബ്ബാസ് അലി ഷാ ലുധിയാനവി’ക്കെഴുതിയ കത്തിൽ നിന്നാണ് തദ്കിറ യിൽ ഇതെടുത്ത് ചേർത്തത്.

കശാപ്പുകാരായ മലക്കുകൾ!

‘നീണ്ട നിരയായി ആയിരക്കണക്കിന് ചെമ്മരിയാടുകൾ, കഴുത്തുകൾ ഒരു പാത്തിയിലേക്ക് താഴ്ത്തി വച്ച് നിൽക്കുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടു. അറുത്താൽ രക്തം പാത്തിയിലേക്ക് വീഴാൻ പാകത്തിലാണ് നിൽപ്പ്. ഓരോന്നിന്റെയും അടുത്ത് കത്തിയുമായി അറവുകാർ നിൽപ്പുണ്ട്. അവർ അല്ലാഹുവിന്റെ സമ്മതം കിട്ടാനെന്നപോലെ ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്നു. ഞാൻ നോക്കിയപ്പോൾ അറവുകാരെല്ലാം മലക്കുകളാണ്. ഞാൻ അടുത്തേക്ക് ചെന്നു. ഈ ആയത്ത് ഓതി: ‘അവരോടു പറയുക: എന്റെ രക്ഷിതാവിനെ ഞങ്ങൾ ആരാധിക്കുകയും അവന്റെ കിൽപനകൾ സ്വീകരിക്കാതിരിക്കുകയുമാണെങ്കിൽ അവൻ നിങ്ങളെ പരിഗണിക്കുകയില്ല.’

‘ഇത് കേട്ടതോടെ സമ്മതം കിട്ടി എന്ന് മനസ്സിലാക്കിയ മലക്കുകൾ ചെമ്മരിയാടുകളുടെ കഴുത്തിൽ കത്തി ഇറക്കുകയും അവ വേദനകൊണ്ട് പുളയാൻ തുടങ്ങുകയും ചെയ്തു. അവർ അവയുടെ കഴുത്തിലെ ഞരമ്പുകൾ അറുത്തുകളയുകയും ‘നിങ്ങൾ എത്ര നിസ്സാരന്മാർ, കാഷ്ഠം തിന്നുന്ന ചെമ്മരിയാടുകൾ’ എന്ന് പറയുകയും ചെയ്തു.’

‘എന്റെ സ്വപ്നവ്യാഖ്യാന പ്രകാരം, നിരവധിയാളുകൾ മരിച്ചൊടുങ്ങുന്ന പകർച്ചവ്യാധി വ്യാപിക്കുമെന്നാണ് ഇതിന്റെ ഉദ്ദേശ്യം. അതനുസരിച്ച് പഞ്ചാബിലും ഇന്ത്യയിലും വിശിഷ്യാ അമൃതസറിലും ലാഹോറിലും ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കോളറ വ്യാപിച്ചു. വണ്ടികളിലായിരുന്നു ശവങ്ങൾ നീക്കം ചെയ്തിരുന്നത്. മുസ്‌ലിംകളുടെ ജനാസ നമസ്‌കരിക്കാൻ പോലും സാധിച്ചിരുന്നില്ല’ (പേജ് 15).

വല്ലാത്ത സ്വപ്നവ്യാഖ്യാനം തന്നെ! കുറെ മലക്കുകൾ ചെമ്മരിയാടുകളെ നിരയായി നിർത്തി അറുക്കുന്ന സ്വപ്നത്തിന്റെ വ്യാഖ്യാനമാണ് നിരവധി പേരുടെ മരണത്തിന് നിമിത്തമായ കോളറ താണ്ഡവമാടും എന്ന്! യൂസുഫ് നബി(അ)യുടെ രണ്ടാം ജന്മമെന്ന് അവകാശപ്പെടുന്ന ഒരു ‘പ്രവാചക’ന്റെ കാര്യം!

(തുടരും)