ഉൽക്ക വീഴ്ചയും കറുത്ത മരണവും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

( ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര:24)

ഖലീഫയും കുതിരയും

1910 നവംബറിലെ ‘തശ്ഹീദുൽ അസ്ഹാൻ’ മാസികയിൽ, അതിന്റെ എഡിറ്ററും 1914 മുതൽ ഖാദിയാനി വിഭാഗത്തിന്റെ ഖലീഫയുമായ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് ഒരു പ്രവചന സാക്ഷാത്കാരത്തെക്കുറിച്ച് എഴുതുന്നു:

‘‘അഞ്ചോ അതിലധികമോ വർഷങ്ങൾക്കു മുമ്പ് മസീഹ് ഒരു സ്വപ്‌നം വിവരിച്ചു: ‘മൗലവി ഹകീം നൂറുദ്ദീൻ സാഹിബ് കുതിരപ്പുറത്തുനിന്ന് വീണത് ഞാൻ കണ്ടു.’ ഇപ്പോൾ 1910 നവംബർ 18ന് അത് ഭംഗിയായി പുലർന്നിരിക്കുന്നു’’ (പേജ് 671).

തുടർന്ന് എഴുതുന്നു: ‘‘പ്രവചനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ എന്നല്ല, ഖാദിയാനിലെ ഒരു അഹ്‌മദിയുടെയും കൈവശം കുതിര ഉണ്ടായിരുന്നില്ല. മസീഹ് മരിക്കുവോളം പ്രവചനം പുലരാതിരിക്കുക, പിന്നെ ആരോ ഒരാൾ അബ്ദുൽ ഹയ്യിന് കുതിരയെ സമ്മാനിക്കുക, മൗലവി നവാബിനെ കാണാനായി അവിടെവരെ പോവുക, കാലു വെക്കുന്നതിന്റെ ഉയരം കുറയ്ക്കാതിരിക്കുക, കൂട്ടുകാർക്ക് ഒപ്പം നടക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടും കുതിരപ്പുറത്ത് യാത്ര ചെയ്യുക, കുതിര അതിശീഘ്രം കുതിച്ച് കൂട്ടുകാരിൽനിന്ന് ഏറെ മുന്നോട്ടു പോവുക, കല്ല് നിറഞ്ഞ സ്ഥലത്തുതന്നെ ചെന്ന് വീഴുക! ഈ പ്രവചനം പുലരാൻ വേണ്ടി മാത്രം അല്ലാഹു ആസൂത്രണം ചെയ്ത അത്ഭുതകരമായ സംവിധാനങ്ങളായിരുന്നു ഇതെല്ലാം. അല്ലാതെ മറ്റൊന്നിനും ആയിരുന്നില്ല’’ (അടിക്കുറിപ്പ്, പേജ് 671).

ഈ വിശദീകരണം കേട്ടാൽ ഖാദിയാനി പ്രവാചകന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായിരുന്നു ഇതെന്നു തോന്നിപ്പോകും. പക്ഷേ, ഹകീം നൂറുദ്ദീൻ കുതിരപ്പുറത്തുനിന്ന് വീണു എന്ന സ്വപ്‌നം തന്റെ പുസ്തകത്തിൽ എവിടെയും അദ്ദേഹം രേഖപ്പെടുത്തിയിട്ടില്ല. 1910ൽ അഞ്ചോ അതിലധികമോ വർഷങ്ങൾക്കു മുമ്പ് എന്ന് കൃത്യതയില്ലാതെ പറയുമ്പോൾതന്നെ മനസ്സിലാക്കാം ഇതിന് യാതൊരു തെളിവും സമർപ്പിക്കാൻ സാധ്യമല്ല എന്ന്.

തന്റെ മരണശേഷം ഉടലെടുത്ത ലാഹോരി വിഭാഗത്തിന്റെ നേതാക്കളോട് അടുപ്പം പുലർത്തിയിരുന്ന ഒന്നാം ഖലീഫയെ ഇകഴ്ത്തുക കൂടി ഇതിന്റെ ഉദ്ദേശ്യമാണോ എന്ന് തോന്നിപ്പോകും; താൻ എഡിറ്ററായ പ്രസിദ്ധീകരണത്തിൽ ഖലീഫ നൂറുദ്ദീൻ കുതിരപ്പുറത്തുനിന്ന് വീണ കഥ മിർസാ ബശീറുദ്ദീൻ ആവശ്യമില്ലാതെ വിവരിക്കുന്നത് വായിക്കുമ്പോൾ.

‘ആളറിയാം,’ പറയില്ല!

‘നമ്മുടെ ജമാഅത്തിൽ പെട്ട ഒരാൾ കുതിരപ്പുറത്തുനിന്ന് വീണു.’ അനുയായികളോട് താൻ കണ്ട ഒരു സ്വപ്‌നം വിവരിക്കുകയാണ് മിർസാ പ്രവാചകൻ.

“ഞാൻ ആലോചിച്ചു; എങ്ങനെയാണ് ഇതിനെ വ്യാഖ്യാനിക്കുക? ഏറ്റവും അടുത്തതുമായി ബന്ധപ്പെടുത്തി ഇതിനെ വ്യാഖ്യാനിക്കാം.’

‘ഞാൻ മയക്കത്തിലേക്കു വീണു. അപ്പോൾ ഇൽഹാം അവതരിച്ചു: ‘ബാലൻസ് തെറ്റിയതാണ്.’ ഒരാൾ ചോദിച്ചു: ‘ഹുസൂർ, ആരാണ് വീണത്?’

അവർക്കറിയാമല്ലോ, അവരുടെ കൂട്ടത്തിൽ പെട്ട ആരും വീണിട്ടില്ലെന്ന്; കുതിരപ്പുറത്ത് കയറിയിട്ട് പോലുമില്ലെന്നും.

‘ആളെ അറിയാം. പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാതെ പറയാൻ പറ്റില്ല. എന്റെ പണി പ്രാർഥിക്കുക മാത്രമാണ്’’ (പേജ് 385-386).

മിർസയ്ക്ക് ‘ഇൽഹാം’ അവതരിപ്പിക്കുന്ന ‘യലാശു’വിന്റെ ഒരു രീതിയാണിത്. ആവശ്യമില്ലാത്ത കാര്യം വിശദീകരിക്കും, ആളെ പറഞ്ഞുകൊടുക്കും, എല്ലാം ചെയ്യും. പക്ഷേ, നിസ്സാരകാര്യങ്ങൾക്ക് വാശിപിടിക്കും. കുതിരപ്പുറത്തുനിന്ന് ബാലൻസ് തെറ്റി വീണതാരാണെന്ന് പറഞ്ഞാലെന്താ? പേര് വെളിപ്പെടുത്താൻ അനുവദിക്കാതിരിക്കാൻ മാത്രം നാണംകെട്ട കാര്യമാണോ അത്?

നേരത്തെ ഹകീം നൂറുദ്ദീൻ കുതിരപ്പുറത്തുനിന്ന് വീണതിനെപ്പറ്റി പറഞ്ഞപ്പോൾ ഇല്ലാത്ത എന്തു മാനഹാനിയാണ് ഈ കാര്യത്തിൽ ഉള്ളത്?

ഉറുമാലും പിഴയും

‘മൗലവി കറമുദ്ദീന്റെ കേസിൽ വിധി വരുന്ന ദിവസം, മരച്ചുവട്ടിൽ ഉലാത്തുകയായിരുന്നു മസീഹ്. കൂടെയുണ്ടായിരുന്ന ഹകീം നൂറുദ്ദീൻ എന്തോ പറഞ്ഞു. കോടതിയിൽനിന്ന് വിളികേട്ടു. മസീഹ് പറഞ്ഞു: ‘എന്റെ ഉറുമാൽ കുളത്തിൽ വീണുപോയതായിരുന്നു. ഞാൻ അത് തപ്പിയെടുത്തു.’ പിന്നെ പറഞ്ഞു: ‘ചെറിയ പിഴ വിധിക്കും. പിന്നെ വെറുതെ വിടും.’ അതുതന്നെ സംഭവിച്ചു’’ (പേജ് 670).

നേരത്തെ നേർക്കുനേരെ പറഞ്ഞ പലതിന്റെയും അർഥം മനസ്സിലായില്ല എന്നായിരുന്നു പരാതി. ഇപ്പോൾ ടൗവൽ കുളത്തിൽ വീണതും തപ്പിയെടുത്തതും വ്യാഖ്യാനിക്കുകയാണ്, പിഴ വിധിക്കും, പിന്നെ വെറുതെ വിടുമെന്ന്! എന്താ ലേ...?

ഉൽക്ക വീഴ്ച

‘‘1885 നവംബർ 28ന് രാത്രി ആകാശത്ത് ഒരുപാട് വാൽനക്ഷത്രങ്ങൾ കാണപ്പെട്ടു. ഞാൻ അങ്ങനെ ഒരു കാഴ്ച ജീവിതത്തിൽ കണ്ടിട്ടില്ല. തീജ്വാലകൾ ആകാശത്തിന്റെ അന്തരീക്ഷമാകെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. വിവരിക്കാൻ മുൻ മാതൃകകൾ ഇല്ലല്ലോ! അപ്പോൾ എനിക്ക് വളരെ കൂടുതലായി ഇൽഹാമുകൾ അവതരിച്ചു: ‘നീ ഏതൊന്ന് എറിഞ്ഞുവോ, അത് നീയല്ല എറിഞ്ഞത്. തീർച്ചയായും അല്ലാഹുവാണ് എറിഞ്ഞത്.’ യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലുമുള്ള നിരവധി പത്രങ്ങൾ ഈ സംഭവം പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്തു. ജനങ്ങൾ അതിനു വലിയ പ്രാധാന്യം കൽപിച്ചില്ല. പക്ഷേ, അല്ലാഹുവിനറിയാം, ഈ കാഴ്ച വളരെ താൽപര്യത്തോടെ നോക്കുകയും ആസ്വദിക്കുകയും ചെയ്ത ആൾ ഞാനായിരുന്നു. വൈകുന്നേരം തുടങ്ങിയ അത്ഭുതം ഞാൻ ഏറെ നേരം കണ്ടുനിന്നു. ഇൽഹാമീ സുവാർത്ത കാരണം ഞാൻ അതിൽ കണ്ണും നട്ടിരുന്നു. ‘നിനക്കായി ഇതാ ഒരു അടയാളം’ എന്ന് എന്റെ മനസ്സിലേക്ക് ഇട്ടുതന്നു.

പിന്നീട് യൂറോപ്പിലെ ആളുകൾക്കും ഈ അടയാളം ദൃശ്യമായി. നിന്റെ സത്യതയ്ക്കുള്ള മറ്റൊരു അടയാളമാണ് ഈ നക്ഷത്രം എന്ന് എന്റെ മനസ്സിൽ തോന്നിപ്പിച്ചു’’ (പേജ് 135,136).

മിർസാ ഖാദിയാനിയുടെ പ്രവാചകത്വത്തിന് പ്രകൃതിപരമായ ഒരു അടയാളമാണത്രെ ഇത്. എട്ടു വർഷങ്ങൾക്ക് ശേഷം എഴുതിയ ‘ആയീനയെ കമാലാതെ ഇസ്‌ലാമി’ലൂടെയാണ് ഈ സംഭവം ആദ്യമായി മാലോകരെ അറിയിക്കുന്നത്. അദ്ദേഹംതന്നെ എഴുതിയതുപോലെ മറ്റുള്ളവരൊക്കെ ഇത് അറിയാതെയും നോക്കാതെയും കിടന്നുറങ്ങിയപ്പോൾ തനിക്ക് ലഭിച്ച ഇൽഹാം പ്രകാരമുള്ള ഒരു അടയാളമാണെന്ന് ഊറ്റംകൊണ്ട് സ്വയം ആസ്വദിക്കുകയായിരുന്നു ആ സാധു.

ഈ അടയാളം കണ്ടിട്ടൊന്നും ഇന്ത്യയിൽ ഒരു നബി വന്നിട്ടുണ്ടെന്ന കാര്യം ആരും അറിഞ്ഞില്ല. 1885ൽ അദ്ദേഹം പ്രവാചകത്വം വാദിച്ചിരുന്നുവോ എന്ന ചോദ്യവും ഉത്തരം തേടുന്നു.

മരണത്തിന്റെ കറുത്ത ചെടികൾ

ചരിത്രം ‘കറുത്ത മരണം’ എന്ന് പേരിട്ട പ്ലേഗിനെ സംബന്ധിച്ച മിർസാ ഖാദിയാനിയുടെ പ്രവചനം എവ്വിധമാണ് സാക്ഷാത്കരിച്ചതെന്ന് പരിശോധിക്കുന്നത് കൗതുകകരമാണ്.

1896-97ൽ ഇന്ത്യയിൽ മാത്രം അമ്പതിനായിരത്തിലധികം പേർ പ്ലേഗ് ബാധിച്ച് മരിച്ചു എന്ന് ‘ഹസ്രത്ത് അഹ്‌മദ്’ എന്ന ജീവചരിത്ര കൃതിയിൽ എൻ. അബ്ദുറഹീം എഴുതുന്നു. (പേജ് 437).

ഇത് സംബന്ധിച്ച് ആദ്യത്തെ ‘വഹ്‌യ്’ 1998ലാണ് അവതരിച്ചത്. ഫെബ്രുവരി 6ലെ ഒരു സ്വപ്‌നം വിവരിക്കുന്നു:

‘‘അല്ലാഹുവിന്റെ മലക്കുകൾ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ കറുത്ത ചെടികൾ നടുന്നത് ഞാൻ കണ്ടു. അവ വിരൂപവും ഉയരം കുറഞ്ഞതും ഭയാനകവുമായിരുന്നു. അടുത്തുതന്നെ രാജ്യത്ത് പടർന്നു പിടിക്കാൻ പോകുന്ന പ്ലേഗിന്റെ ചെടികളാണെന്ന് അവർ പറഞ്ഞു. അടുത്ത തണുപ്പുകാലത്തോ അതിനടുത്ത തണുപ്പുകാലത്തോ അത് പടരുക എന്ന് പറഞ്ഞത് എനിക്ക് നല്ല നിശ്ചയമില്ല’’ (പേജ് 262).

തുടർന്നു പറയുന്നു: ‘‘ഈ പരസ്യം ചെയ്യുന്ന കാലത്ത് പഞ്ചാബിൽ രണ്ടു ജില്ലകളിൽ മാത്രമാണ് പ്ലേഗ് ഉണ്ടായിരുന്നത്. പിന്നീട് 23 ജില്ലകളിലേക്കും വ്യാപിച്ചു. 360,000 പേരെ ബാധിച്ച മഹാമാരി 218,799 പേരുടെ ജീവനെടുത്തു’’ (പേജ് 262).

പ്ലേഗ് ഓർഡർ

വീണ്ടും: ‘‘രാത്രി ഞാൻ ഒരു സ്വപ്‌നം കണ്ടു. ഒരാൾ എനിക്കൊരു കടലാസ് തന്നു. കോടതി നാലിടത്ത് പ്ലേഗിന്റെ ഓർഡർ ഇട്ടിരിക്കുകയാണ്. ഞാനാണ് ഒപ്പിട്ടത് എന്നാണ് കടലാസിൽ എഴുതിയിരിക്കുന്നത്. ഓഫീസ് ബിയറർ എന്ന നിലയ്ക്ക് ഞാനാണല്ലോ അത് സൂക്ഷിക്കേണ്ടതും. ഞാൻ പറഞ്ഞു: ‘കുറച്ചുകാലമായി ഈ വിധി വന്നിട്ട്. പക്ഷേ, ഇന്നേവരെ നടപ്പിലായിട്ടില്ല. ഞാൻ എന്താണ് മറുപടി കൊടുക്കുക? എനിക്ക് പേടിയാവുന്നു! രാത്രി മുഴുവൻ ഇങ്ങനെ കലഹിച്ചു കഴിഞ്ഞു. വിധി എന്റെ പേരിലാണ്, ഞാനാണ് വിധിച്ചത് എന്നപോലെ വലിയ അക്ഷരങ്ങളിൽ പ്ലേഗ് എന്ന് എഴുതിയിരിക്കുന്നു’’ (പേജ് 354).

പ്ലേഗിന്റെ ഓർഡർ ഇട്ടത് താനാണെന്നും തന്റെ ജമാഅത്തിന് വേണ്ടിയാണെന്നും മിർസാ ഖാദിയാനി പറയുന്നു. ‘‘ഈ മഹാമാരി മറ്റുള്ളവർക്ക് ഭീഷണിയായും എന്റെ ജമാഅത്തിന് അനുഗ്രഹവും അഭിവൃദ്ധിയുമായാണ് വ്യാപിച്ചിട്ടുള്ളത്’’ (Ibid).

കടലിലെ കപ്പൽ

‘ഡോ. അബ്ദുൽ ഹകീം ഖാൻ എന്റെ വീടിന്റെ മുമ്പിൽ നിൽക്കുന്നു.’

താൻ കണ്ട സ്വപ്‌നം വിവരിക്കുകയാണ് ഖാദിയാനി പ്രവാചകൻ: ‘മുഹമ്മദ് ഇസ്ഹാഖിന്റെ ഉമ്മ (മിർസായുടെ ഭാര്യാ മാതാവ്) അയാളെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ഞാൻ അവനെ അകത്തു വരാൻ അനുവദിച്ചില്ല. ‘ഞാൻ സമ്മതിക്കില്ല, നമുക്കത് മാനക്കേടാണ്’ ഞാൻ പറഞ്ഞു. ശത്രു വീട്ടിലേക്ക് കടക്കുക എന്നാൽ മരണമോ ആപത്തോ വന്നെത്തുക എന്നാണർഥം. അയാൾക്ക് പ്രവേശിക്കാനായില്ല. അല്ലാഹു ആപത്ത് ഒഴിവാക്കി. ഉടനെ വഹ്‌യ് അവതരിച്ചു: ‘ഈ വീട്ടിലുള്ളവരെയൊക്കെ ഞാൻ സംരക്ഷിക്കും’’ (പേജ് 567).

‘‘അല്ലാഹു വ്യക്തമായി പറഞ്ഞു: നിന്റെ വീടിന്റെ നാല് ചുമരുകൾക്ക് അകത്തുള്ളവരെ ഞാൻ പ്ലേഗിൽനിന്ന് സംരക്ഷിക്കും’’ (പേജ് 348).

(രണ്ടു പതിറ്റാണ്ട് കാലത്തോളം മിർസായുടെ അടുത്ത അനുയായിയും സന്തതസഹചാരിയുമായിരുന്ന ഡോ. അബ്ദുൽ ഹകീം ഖാൻ, ‘മിർസ കള്ളവാദിയാണെന്ന് എനിക്ക് ഇൽഹാം ലഭിച്ചിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് മിർസയുടെ മരണം പ്രവചിച്ച വ്യക്തിയാണ്. ‘ഇസ്‌ലാമും ഖാദിയാനിസവും’ എന്ന എന്റെ കൃതിയിൽ ഇത് വിശദീകരിച്ചിട്ടുണ്ട്).

ഈ സംരക്ഷണ വാഗ്ദാനത്തിൽ പറഞ്ഞത് തന്റെ സ്വന്തം വീടാണെന്ന് വിശദീകരിച്ച്, വീട് വലുതാക്കാനായി ഫണ്ട് നൽകണമെന്ന് പരസ്യം ചെയ്തു ഖാദിയാനി പ്രവാചകൻ!

ഇതിനെ ബലപ്പെടുത്തുന്ന മറ്റൊരു റിപ്പോർട്ട് കാണുക: ‘‘ഇന്ന് (4.5.1904) റിവ്യൂ എഡിറ്റർ മൗലവി മുഹമ്മദലി എം എയ്ക്ക് കടുത്ത പനിയും തലവേദനയും ബാധിച്ചതോടെ പ്ലേഗാണെന്ന് വല്ലാത്ത ആശങ്കയിലായി. വിവരമറിഞ്ഞു മസീഹ് വന്നു. ‘എന്റെ വീട്ടിലുള്ള താങ്കൾക്ക് പ്ലേഗ് ബാധിച്ചാൽ എനിക്കവതരിച്ച ഇൽഹാമിന് നാണക്കേടാണെ’ന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നാഡി പിടിച്ചു നോക്കി. ‘ഇത് കടുത്ത പനിയല്ല’ എന്ന് പറഞ്ഞു. പിന്നീട് തെർമോമീറ്റർ വരുത്തി പരിശോധിച്ചു. എന്റെ വഹ്‌യുകളിൽ അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലെന്ന പോലെ എനിക്ക് വിശ്വാസമുണ്ട്’ എന്ന് പറഞ്ഞു’’ (പേജ് 348, അടിക്കുറിപ്പ്).

അത് പിന്നെ പറയാനുണ്ടോ? മറ്റുള്ളവർക്കല്ലേ ഈ വഹ്‌യുകളെക്കുറിച്ച് ശങ്കയുണ്ടാവൂ!

അടുത്ത വചനത്തിൽ വാഗ്ദാനം ആവർത്തിക്കുന്നു: ‘‘തനിക്ക് പരിചയമുള്ളവരോ തന്നെ തിരിച്ചറിഞ്ഞവരോ ആയ ഒരാളും ഖാദിയാനിൽ പ്ലേഗ് ബാധിച്ച് മരിച്ചിട്ടില്ല. നമ്മുടെ ചുറ്റുമുള്ള വീടുകളിൽനിന്ന് ആർത്തനാദങ്ങൾ കേട്ടുകൊണ്ടിരുന്നു. അവയ്ക്കിടയിൽ നമ്മുടെ വീട് മാത്രം കടലിലെ കപ്പൽപോലെ സുരക്ഷിതമായി നിലകൊണ്ടു’’(മൽഫൂസാത്തെ അഹ്‌മദിയ്യ, വാല്യം 9, പേജ് 17).

മുട്ടയും മാംസവും

സ്വപ്‌നവിവരണം തുടരുന്നു: ‘‘പിന്നെ ഒരു മാംസക്കഷ്ണം കാണിച്ചുതന്നു. അത് ദുഃഖത്തെ സൂചിപ്പിക്കുന്നു. പിന്നെ കാണുന്നത് കയ്യിലിരുന്ന മുട്ട വീണ് ഉടയുന്നതാണ്. ഇത് ആരുടെയോ മരണത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ സ്വപ്‌നത്തിൽ എല്ലാ കാര്യങ്ങളും പരസ്പരബന്ധിതമാകുന്നു. അത് പ്രാർഥനകൊണ്ട് വഴിമാറിയേക്കാം; ഖണ്ഡിതമായ കൽപനയല്ല’’ (പേജ് 567).

ചില വസ്തുക്കൾ സ്വപ്‌നം കണ്ടാൽ ഉണ്ടാകുന്ന ഫലങ്ങളെപ്പറ്റി തദ്കിറയിൽ പലയിടത്തായി വിശദീകരിച്ചിട്ടുണ്ട്. കൊടിയ അന്ധവിശ്വാസമാണെങ്കിലും അനുയായികൾ യൂസുഫ് നബി(അ)യുടെ സാദൃശ്യം ആരോപിക്കുകയാണ് അദ്ദേഹത്തിൽ. അവർ തമ്മിലാകട്ടെ ഒറിജിനലും ഡ്യൂപ്പും തമ്മിലുള്ള അന്തരമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മാംസവും മുട്ടയുമൊക്കെ സ്വപ്‌നത്തിൽ കണ്ടു മരണവും ആപത്തുമായി വ്യാഖ്യാനിച്ച് സ്വയം ഭയപ്പെടുക മാത്രമല്ല: തുടർന്ന് വായിക്കുക: ‘‘വാഗ്ദത്ത മസീഹ് ഈ സ്വപ്‌നദർശനത്തിന് ശേഷം ലാഹോറിലേക്ക് പോകാനൊരുങ്ങിയ ഭാര്യാപിതാവ് നാസർ നവാബിനെ തടഞ്ഞുകൊണ്ട് പറഞ്ഞു: ‘താങ്കളുടെ കുടുംബത്തിൽ വലിയ വിപത്ത് സംഭവിക്കുമെന്ന് ഞാൻ സ്വപ്‌നത്തിലൂടെ അറിയുന്നു. അത് ഈ യാത്രയിൽതന്നെ ആകുമോ എന്നും അതുവഴി ശത്രുക്കൾ സന്തോഷിക്കുമോ എന്നും ഞാൻ ഭയപ്പെടുന്നു.’’

ഇത് കേട്ട നാസർ നവാബും കുടുംബവും യാത്ര മാറ്റിവെച്ചു.

‘‘രാവിലെ ഉണർന്നപ്പോൾ മകൻ മുഹമ്മദ് ഇസ്ഹാഖിന് കടുത്ത പനി! തുടയിൽ പോള പൊങ്ങുകയും ചെയ്തു. അതോടെ വീട്ടുകാരും ഹകീം നൂറുദ്ദീനും വല്ലാത്ത ആശങ്കയിലായി. മസീഹ് പ്രാർഥനയിൽ മുഴുകി. രണ്ടുമൂന്നു മണിക്കൂറുകൾക്കകം പനി വിട്ടു, രോഗം പൂർണമായി മാറി’’ (പേജ് 567,568, അടിക്കുറിപ്പ്).

സുരക്ഷിത മേഖല

ഭയാശങ്കകൾക്കിടയിലും പ്ലേഗിൽനിന്നുള്ള സുരക്ഷാവാഗ്ദാനം വീട്ടിലൊതുക്കാതെ ഖാദിയാൻ മുഴുവൻ സുരക്ഷിതമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു: ‘‘സർവശക്തനായ അല്ലാഹു ഖാദിയാനെ പ്ലേഗിൽനിന്ന് രക്ഷിക്കും. കാരണം ഖാദിയാനിൽ അല്ലാഹുവിന്റെ റസൂലും നബിയുമാണുള്ളത്. പഞ്ചാബിൽ ആകമാനം പ്ലേഗ് പടർന്നു. ഖാദിയാന്റെ രണ്ട് നാഴിക അടുത്തുവരെ അതെത്തി. പ്ലേഗ് ബാധിതർ ഖാദിയാനിൽ വന്നതോടെ സുഖപ്പെട്ടു!’’ (ദാഫിഉൽ ബലാഅ്, പേജ് 5).

ഈ വാഗ്ദാനത്തിൽ വിശ്വസിച്ചു അനുയായികൾ ഖാദിയാനിലേക്ക് ഒഴുകുകയാണത്രെ! ‘‘അദൃശ്യവൃത്താന്തം കണക്കെ എനിക്കൊരു ഇൽഹാം വന്നു: ‘ഞാൻ കുടുംബസമേതം നിന്റെയടുത്തേക്ക് ഓടിവരുന്നു.’ ഞാനിത് എല്ലാ സുഹൃത്തുക്കളെയും കേൾപിച്ചു. അന്നുതന്നെ ജമ്മുവിൽനിന്ന് ഖലീഫ നൂറുദ്ദീൻ സാഹിബിന്റെ കത്ത് വന്നു: ‘ഈ പട്ടണത്തിൽ പ്ലേഗ് ശക്തിപ്രാപിച്ചുവരുന്നു. ഞാൻ ഭാര്യയെയും കൂട്ടി ഖാദിയാനിലേക്ക് വരാൻ താങ്കളുടെ അനുമതി കാത്തിരിക്കുന്നു’’ (പേജ് 341).

പക്ഷേ, ഈ സുരക്ഷാ വാഗ്ദാനം പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട് ഖാദിയാനിൽ പ്ലേഗ് പടർന്നുപിടിച്ചു. അഹ്‌മദികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ മരിച്ചു. പ്ലേഗ് ബാധിച്ച് മരിച്ച അഹ്‌മദികളെപ്പറ്റി ‘വഹ്‌യ്’ ഇങ്ങനെ അവതരിച്ചുവത്രെ:

‘‘ഈ ഗേഹത്തിലുള്ള എല്ലാവരും സുരക്ഷിതരായിരിക്കും; അഹങ്കാരത്തോടെ തലപൊക്കിയവരൊഴികെ’’ (പേജ് 349).

എന്നുവച്ചാൽ? വിശദീകരണം വീണ്ടും വഹ്‌യായി വന്നു: ‘‘താങ്കളും താങ്കളുടെ നാല് ചുമരുകൾക്കുള്ളിൽ കഴിയുന്നവരുമായ, തികഞ്ഞ അനുസരണയോടെ പിൻപറ്റുന്നവരും താങ്കളിൽ പൂർണമായി ലയിക്കുന്നവരുമായ എല്ലാവരും പ്ലേഗിൽനിന്ന് സുരക്ഷിതരായിരിക്കും. ഈ അവസാനകാലത്ത് വിവിധ സമൂഹങ്ങൾ തമ്മിൽ തിരിച്ചറിയാനുള്ള ദൈവത്തിന്റെ അടയാളമായിരിക്കും ഇത്’’ (പേജ് 350).

അപ്പോൾ മുത്തക്വികളായ അഹ്‌മദികൾക്ക് പ്ലേഗ് ബാധിക്കില്ല എന്നാണോ?

‘‘കടുത്ത നാശം വിതയ്ക്കുന്ന, ആളുകൾ പട്ടികളെപ്പോലെ ചാകുന്ന, ദുഃഖാതിരേകത്താൽ വേപഥു കൊണ്ട് ഭ്രാന്താകുന്ന, അതീവഗുരുതരമായ പ്ലേഗ് രോഗം പൊതുവെ ഖാദിയാനിൽ ഉണ്ടാകില്ല. ഈ ജമാഅത്തിലുള്ളവർ പൊതുവെ, മറ്റുള്ളവരെ അപേക്ഷിച്ച് പ്ലേഗിൽനിന്ന് സുരക്ഷിതരായിരിക്കും’’ (പേജ് 351).

ഈദൃശ വിശദീകരണങ്ങൾക്കും ഏറെ ആയുസ്സുണ്ടായില്ല. ‘ബദ്ർ’ പത്രാധിപർ മുഹമ്മദ് അഫ്‌സലും ഖാദി അമീൻ ഹുസൈന്റെ മകനുമടക്കം പല പ്രമുഖരും കറുത്തമരണത്തിന് കീഴടങ്ങി.

ശിക്കാറെ മിർഗ്

‘തദ്കിറ’യിൽ നിന്ന്: ‘‘ഇന്ന് (20.3.1905) ആരെപ്പറ്റിയാണെന്ന് അറിയില്ല, ഒരു ഇൽഹാം അവതരിച്ചു. ‘മരണത്തിന്റെ ഇര’ (ശികാറെ മിർഗ്). മാറ്റാനാകാത്ത വിധിപ്രകാരം, തന്റെ തെരഞ്ഞെടുക്കപ്പെട്ട ദൂതന് മുൻകൂട്ടി വെളിപ്പെടുത്തിയതുപോലെ, മുൻഷി മുഹമ്മദ് അഫ്‌സൽ 1905 മാർച്ച് 21ന് മരിച്ചു’’ (പേജ് 446).

ആരും തിരിഞ്ഞുനോക്കാനില്ലാതെ മുഹമ്മദ് അഫ്‌സൽ മരിച്ചു. പിന്നീട് ഖാദി മുഹമ്മദ് ഹുസൈന്റെ മകൻ മരണപ്പെട്ടപ്പോൾ ആരും ആ വീട്ടിലേക്ക് ചെന്നില്ല. ശേഷക്രിയകൾ സ്വയം നിർവഹിക്കേണ്ടിവന്നപ്പോൾ അയാൾ മർസയെയും അനുയായികളെയും കണക്കിന് ശകാരിച്ചു:

‘കാഫിറുകളെക്കാൾ മോശമായിപ്പോയി നിങ്ങളുടെ പെരുമാറ്റം!’ അദ്ദേഹം മുഖത്തുനോക്കി പറഞ്ഞു. അതോടെ മിർസ കണ്ണുതുറന്നു. ബദ്ർ പത്രത്തിൽ എഴുതി: ‘നോമ്പും നമസ്‌കാരവുംപോലെ ഇസ്‌ലാമിലെ നിർബന്ധകാര്യമാണ് മയ്യിത്ത് പരിപാലനവും. നമ്മുടെ ജമാഅത്തിൽ ചേർന്നിട്ടും സ്വന്തം സഹോദരനോട് പട്ടികളോടെന്നപോലെ പെരുമാറുന്നത് എന്തൊരു കഷ്ടവും ലജ്ജാകരവുമാണ്.’

“പ്ലേഗ് ബാധിച്ച് മരിച്ച ആയിരങ്ങളെ കുളിപ്പിച്ച മുല്ലമാർ രോഗം ബാധിക്കാത്തതായി എനിക്കറിയാം... അല്ലാഹു മാതൃകയാക്കാനുദ്ദേശിച്ച ഈ ജമാഅത്തിൽപോലും പരസ്പരം സ്‌നേഹവും സഹാനുകമ്പയുമില്ലെങ്കിൽ കഷ്ടമെന്നല്ലാതെ എന്തു പറയാൻ! അല്ലാഹു ഈ ജമാഅത്തിനെ പ്ലേഗിൽനിന്ന് രക്ഷിക്കട്ടെ’’ (ബദ്ർ, 4.5.1905).

രക്തസാക്ഷികൾ

“നമ്മുടെ ജമാഅത്തിൽപെട്ട ആരെങ്കിലും പ്ലേഗ് ബാധിച്ചു മരണപ്പെട്ടാൽ അവർ ശുഹദാക്കളാണെന്ന് മനസ്സിലാക്കുക. അവരുടെ മൃതദേഹം കുളിപ്പിക്കുകയോ കഫൻ ചെയ്യുകയോ വേണ്ട. സാധ്യമെങ്കിൽ വസ്ത്രത്തിനു മേലെ ഒരു തുണി വിരിച്ചേക്കുക. രോഗം പകരാൻ സാധ്യതയുള്ളതുകൊണ്ട് ആരും അടുത്ത് നിൽക്കരുത്. ദൂരെനിന്ന് ജനാസ നമസ്‌കരിക്കുക. അതൊരു പ്രാർഥന മാത്രമാണ്. അതിനായി തലക്കരികെ നിൽക്കേണ്ട ആവശ്യമില്ല. ശ്മശാനം ദൂരെയാണെങ്കിൽ വണ്ടിയിൽ കൊണ്ടുപോകാവുന്നതാണ്’’ എന്ന് മിർസാ ഖാദിയാനി ഫത്‌വ നൽകി.

ഖാദിയാനി മതത്തിൽ ശഹീദാവുക മുനാഫിക്വുകളോ മുത്തക്വികളോ?

‘തതിമ്മയെ ഹഖീഖതുൽ വഹ്‌യി’ൽ മിർസ എഴുതി: “അഹ്‌മദികളിൽ ചിലർ പ്ലേഗ് ബാധിച്ചു മരണപ്പെട്ടതിനെ ചിലർ ആക്ഷേപിക്കുന്നു. ഡോ. അബ്ദുൽ ഹകീം ഖാൻ പ്ലേഗ് ബാധിച്ച് മരിച്ച അഹ്‌മദികളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിഷേധികൾക്ക് ശിക്ഷ എന്ന നിലയ്ക്കായിരുന്നുവല്ലോ യുദ്ധം നടന്നത്. എന്നിട്ടും മുഹമ്മദ് നബി ﷺ യുടെ അനുയായികൾ യുദ്ധങ്ങളിൽ രക്തസാക്ഷികളായിരുന്നില്ലേ എന്നാണ് അവരോട് ചോദിക്കാനുള്ളത്. ഞാൻ ശക്തിയായിത്തന്നെ പറയട്ടെ, ആരെങ്കിലും പ്ലേഗ് ബാധിച്ച് മരണപ്പെടുന്നുവെങ്കിൽ നമ്മുടെ ജമാഅത്തിലേക്ക് ഒന്നിന് നൂറായി ചേരുന്നുമുണ്ട്. ശത്രുക്കളെ ഈ രോഗം തളർത്തുമ്പോൾ നമ്മുടെ ജമാഅത്തിനെ പതിന്മടങ്ങ് വളർത്തുകയാണ്. മാസത്തിൽ അഞ്ഞൂറു പേരെങ്കിലും ജമാഅത്തിൽ ബെഅത്ത് ചെയ്ത് അംഗങ്ങളാകുന്നുണ്ട്. ചിലപ്പോൾ അത് ആയിരവും രണ്ടായിരവുമാകുന്നു. പത്ത് പതിനഞ്ച് വർഷമെങ്കിലും ഈ രോഗം തുടർന്നാൽ രാജ്യം മുഴുവൻ അഹ്‌മദികളെക്കൊണ്ട് നിറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നവർക്ക് ആയിരം രൂപ പിഴ നൽകാൻ ഞാൻ തയ്യാറാണെന്ന് സത്യം ചെയ്തു പറയുന്നു’’ (പേജ് 131, 132).

പ്ലേഗുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ വഹ്‌യുകളെന്ന പേരിൽ സമർപ്പിച്ച വചനങ്ങളെല്ലാം ഒന്നുകൂടി വായിച്ചുനോക്കാൻ അഹ്‌മദി വിശ്വാസികളോട് പ്രത്യേകം പറയുകയാണ്.