ദജ്ജാലിന്റെ കഴുത!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഫെബ്രുവരി 11, 1444 റജബ് 19

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 3)

ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ടത്. വിമാനത്തിന്റെ കണ്ടുപിടുത്തം മുതൽ മനുഷ്യൻ ബഹിരാകാശത്തേക്കുള്ള ദൂരം താണ്ടിയത് റോക്കറ്റിന്റെ വേഗതയിലായിരുന്നു. ലോകത്തെ ഗ്ലോബൽ വില്ലേജ് ആക്കുന്നതിലും ചന്ദ്രനിൽ പാദമൂന്നുന്നതിലും മനുഷ്യൻ വിജയിച്ചു. കരയിലും കടലിലും വായുവിലും മനുഷ്യന്റെ യാത്രാസ്വപ്നങ്ങൾ പീലി വിടർത്തിയാടി.

നമ്മുടെ കഥാപുരുഷന് ഇവ്വിഷയകമായി ഒരു വെളിപാടും ലഭിച്ചില്ല എന്നതിൽ പ്രത്യേകിച്ചൊന്നുമില്ല. എന്നാൽ ഈ വളർച്ച അദ്ദേഹത്തിന് വലിയ ആഘാതമേൽപിച്ചു. മനുഷ്യൻ സ്ഥൂലദേഹവുമായി ചന്ദ്രനിലോ സൂര്യനിലോ ചെന്നെത്തുക എന്നത് ഒരിക്കലും സംഭവിക്കില്ല എന്ന് ‘ദിവ്യവെളിപാട് ലഭിച്ചുകൊണ്ടിരിക്കെ’ പുസ്തകത്തിൽ എഴുതിയത് ഈസാ(അ) സ്ഥൂലശരീരത്തോടെ ഉയർത്തപ്പെട്ടു എന്ന ക്വുർആൻ അധ്യാപനത്തെ നിഷേധിക്കാനായിരുന്നു. പക്ഷേ, അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ വ്യോമയാത്രയിൽ മനുഷ്യൻ വിജയിച്ചു. ആറു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴേക്കും അദ്ദേഹത്തിന്റെ വാക്കുകൾക്ക് പുല്ലുവില കൽപിച്ചുകൊണ്ട് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി. ഇപ്പോൾ ബഹിരാകാശനിലയത്തിൽ മാസങ്ങളോളമാണ് മനുഷ്യർ ജീവിക്കുന്നത്!

ഈ വ്യാജപ്രവാചകന്റെ ജീവിതകാലത്ത് മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന പല്ലക്കുകളും ആർഭാടവാഹനം കുതിരകൾ വലിക്കുന്ന ജട്കയുമായിരുന്നു. അദ്ദേഹം ജനിക്കുന്നതിന് ഏതാനും വർഷം മുമ്പ്, 1830ൽ ആദ്യത്തെ നീരാവിവണ്ടി ലിവർപൂളിൽനിന്ന് മാഞ്ചസ്റ്ററിലേക്ക് ഓടിയെങ്കിലും ഇന്ത്യയിലെത്തുന്നത് 1853ലാണ്. തുടർന്ന് പഞ്ചാബിലും തീവണ്ടി വന്നപ്പോൾ അത് യാത്രക്കുപയോഗിച്ച അപൂർവം ധനാഢ്യരിൽ ഒരാളായിരുന്നു അദ്ദേഹം. അതുവരെ കണ്ടിട്ടില്ലാത്ത അതിന്റെ ആകാരവും വേഗതയും ശബ്ദവുമൊക്കെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു; ‘ഇതാ, ദജ്ജാലിന്റെ കഴുത!’

ഒടുവിൽ ‘പ്രവാചകന്റെ’ മൃതദേഹം ലാഹോറിൽനിന്ന് അമൃതസരസ്സിലേക്ക് കൊണ്ടുവരാൻ, ‘അയാളുടെ കൈകളാൽ വധിക്കപ്പെടേണ്ട’ ദജ്ജാലിന്റെ സാമാനവണ്ടിതന്നെ വേണ്ടിവന്നു. വിവരക്കേടിന് കിട്ടിയ മധുരപ്രതികാരം!

ഭാഷയും സാഹിത്യവും

സാഹിത്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന കാലത്താണ് ക്വുർആൻ അവതീർണമായത്. ആശയത്തോടൊപ്പം അതിന്റെ സാഹിത്യവും അദ്വിതീയമായിരുന്നു. അതിലെ ഒരു സൂറത്ത് പോലുള്ള മറ്റൊന്ന് കൊണ്ടുവരാമോ എന്ന ക്വുർആന്റെ വെല്ലുവിളി ഇന്നേവരെ ആർക്കും സ്വീകരിക്കാൻ സാധിച്ചിട്ടില്ല. ലോകാവസാനംവരെ അത് സാധ്യവുമല്ല.

സാഹിത്യവും കലാസാംസ്‌കാരിക രംഗവും ഏറെ പുരോഗതിനേടിയ കാലത്താണ് അഭിനവ പ്രവാചകത്വവാദിയും ജീവിച്ചിരുന്നത്. എന്നാൽ സ്വന്തം രചനകളും അല്ലാഹുവിന്റെതെന്ന് അവകാശപ്പെട്ട് സമർപ്പിച്ച വ്യാജവഹ്‌യുകളും സാഹിത്യത്തിന്റെ കാര്യത്തിൽ മാത്രമല്ല ഭാഷയുടെ നിലവാരത്തിലും വളരെ പിന്നിലാണ്. അറബി, പേർഷ്യൻ, ഉർദു ഭാഷകളിൽ ഇതിന് ഒരുപാട് ഉദാഹരണങ്ങൾ കാണാൻ കഴിയും.

‘ദൈവിക വചന’ങ്ങളുടെ നിലവാരവും വ്യത്യസ്തമല്ല എന്ന് ഈ പുസ്തകത്തിൽ ഉദ്ധരിച്ച വചനങ്ങളിൽനിന്നും നിങ്ങൾക്ക് മനസ്സിലാകും. അത് സ്വയം ഉൾക്കൊണ്ടുകൊണ്ടാണ് പലതവണ അദ്ദേഹം തന്നെ മനുഷ്യനിർമിത വ്യാകരണമനുസരിച്ചല്ല അല്ലാഹു സംസാരിക്കുക എന്ന് മുൻകൂർ ജാമ്യമെടുത്തത്. അറബികിനും പേർഷ്യനും മാത്രമല്ല ഉർദുവിനുമില്ല ലഖ്‌നവീ ഭാഷയുടെ നിലവാരം. കാരണം അദ്ദേഹം പഞ്ചാബുകാരനായിരുന്നല്ലോ.

പലരുടെയും സഹായത്തോടെ തയ്യാറാക്കിയ പെരുന്നാൾ ഖുത്വുബ, അറബിയിൽ നിർവഹിക്കുകയും പിന്നീട് ഇതുപോലൊരെണ്ണം രചിക്കാനാകുമോ എന്ന വെല്ലുവിളി സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തു അദ്ദേഹം. ആദ്യരചനയായ ‘ബറാഹീനെ അഹ്‌മദിയ്യ’ മുതൽ നിരവധി കൃതികളിൽ ഈ വിധം വെല്ലുവിളികൾ കാണാം.

ഭിന്നതകൾക്ക് പരിഹാരം

മുഹമ്മദ് നബി ﷺ യുടെ കാലശേഷം മുസ്‌ലിം സമുദായത്തിൽ ഉടലെടുത്ത നിരവധി പ്രശ്‌നങ്ങളിൽ ഏറ്റവും ഗൗരവമുള്ള ഒന്നാണ് സുന്നി-ശീഈ ഭിന്നത. തുടക്കംമുതലേ ഏറെ കെടുതികൾ അതുമൂലം ഉണ്ടായിട്ടുണ്ട്. മിർസാ ഖാദിയാനിയുടെ കാലത്തും അത് തുടർന്നു. എന്നാൽ ‘നിരന്തരം വഹ്‌യ് വരുന്നു’എന്ന് അവകാശപ്പെട്ടപ്പോഴും ‘അല്ലാഹു’ അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല!

എന്നാൽ 1884ൽ പ്രസിദ്ധീകരിച്ച ‘സിർറുൽ ഖിലാഫ’ എന്ന ഗ്രന്ഥത്തിൽ മിർസാ ഖാദിയാനി, സുന്നികൾക്കും ശിയാക്കൾക്കുടയിൽ ഖിലാഫത്തിനെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരം നിർദേശിച്ചുകൊണ്ട് ഇങ്ങനെ എഴുതിയതായി കാണാം:

“സുന്നി പക്ഷത്തുനിന്ന് ഞാനും ശിയാക്കളായ എതിർകക്ഷിയും ഒരു മൈതാനത്ത് ഒരുമിച്ചുകൂടി ആത്മാർഥ ഹൃദയത്തോടെ ‘ലഅ്‌നതുല്ലാഹി അലൽകാദിബീൻ’ എന്ന് പ്രാർഥിക്കുക. ഒരു വർഷത്തിനകം എന്റെ പ്രാർഥനയുടെ ഫലം പ്രത്യക്ഷപ്പെടുന്നില്ലെങ്കിൽ ഏത് ശിക്ഷ ഏറ്റുവാങ്ങാനും ഞാൻ തയ്യാറാണ്. കൂടാതെ ഞാൻ സത്യവാനല്ലെന്ന് സമ്മതിക്കുകയും 5000 രൂപ നഷ്ടപരിഹാരമായി നൽകുകയും ചെയ്യാം. വേണമെങ്കിൽ ഈ തുക മുൻകൂറായി ഗവൺമെന്റ് ട്രഷറിയിൽ ഡെപ്പോസിറ്റ് ചെയ്യാം. എതിർക്കാൻ വരുന്നവർ സാധാരണ പടു ആകരുത്. ചുരുങ്ങിയത് ഇതുപോലൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ച് കഴിവു തെളിയിച്ചിരിക്കണം’’ (പേജ് 17).

സുന്നി, ശീഈ തർക്കത്തിന് ഇത് ഒരിക്കലും പരിഹാരമാവില്ലെന്ന് വ്യക്തമാണല്ലോ. സുന്നി വിഭാഗത്തെയായിരുന്നു മിർസാ ഖാദിയാനി ഉന്നംവെച്ചത്. ശിയാക്കളുടെ ശക്തികേന്ദ്രമായ ഇറാനിൽ മറ്റൊരു പ്രവാചകത്വവാദിയായ ബഹാഉല്ല ഉണ്ടായതിനാൽ അയാൾ ശിയാക്കളെയും ഇന്ത്യൻ പ്രവാചകൻ സുന്നികളെയും കൈകാര്യം ചെയ്യാമെന്ന് ധാരണയായതാകാം.

പിൽക്കാലത്ത് ഉടലെടുത്ത മസ്‌ലകീ ഭിന്നതകളും ചെറുതായിരുന്നില്ല. ഒരു കാലത്ത് വിശുദ്ധ ഹറമിൽ പോലും ഒന്നിലേറെ ഇമാമുമാർ നമസ്‌കാരത്തിന് നേതൃത്വം നൽകിയതായി കാണാം. പക്ഷേ, അതിനെ പരാമർശിച്ചുകൊണ്ട് ഒരു ‘വഹ്‌യ്’ പോലും മിർസക്ക് അവതരിച്ചില്ല.

എന്നാൽ യാതൊരു വെളിപാടും ലഭിക്കാതെ തന്നെ ‘എന്റെ അനുയായികൾ കർമശാസ്ത്ര കാര്യങ്ങളിൽ ഹനഫി മദ്ഹബ് സ്വീകരിക്കണ’മെന്ന് ‘പ്രവാചകൻ’ ഫത്‌വ നൽകി. ‘ഫതാവാ അഹ്‌മദിയ്യ’യിലെ മൂന്നാമത്തെ നമ്പറിൽ നമുക്കിത് കാണാനാവും. അതിനു പറയുന്ന ന്യായമാണ് ഏറെ രസാവഹം. ലോകത്ത് കൂടുതൽ ആളുകളുള്ളത് ഹനഫി മദ്ഹബിലാണത്രെ! എന്നുവച്ചാൽ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് ഈ മദ്ഹബ് സ്വീകരിച്ചത് എന്നർഥം. അങ്ങനെയാണെങ്കിൽ അന്നും ഇന്നും സ്വീകരിക്കേണ്ടത് ക്രിസ്തുമതമാണല്ലോ എന്ന ചോദ്യം പ്രസക്തമാണ്. (നഊദു ബില്ലാഹ്)

മിർസയുടെ ഈ നിർദേശം അനുയായികൾക്കിടയിൽ സ്വീകരിക്കപ്പെടുന്നില്ല എന്നതും വസ്തുതയാണ്. കേരളത്തിലെ ഖാദിയാനികൾ അനുഷ്ഠാന കർമങ്ങൾക്കായി അവലംബിക്കുന്നത് ശാഫിഈ മസ്‌ലകാണ്. അസ്വ‌്‌ർ നമസ്‌കാരത്തിന്റെ സമയവും ജംഉം ക്വസ്‌റുമൊക്കെ ഉദാഹരണം. അല്ലെങ്കിലും ഒരു ‘പ്രവാചകൻ’ വന്നു തന്നെ വിശ്വസിച്ചവരോട് മുൻ പ്രവാചകന്റെ അനുയായി ആയ ഒരു ഇമാമിനെ പിൻപറ്റാൻ പറയുന്നത് എത്രമാത്രം വങ്കത്തമല്ല! അതിനാണെങ്കിൽ പ്രവാചകനിയോഗത്തിന്റെ ആവശ്യമെന്താണ്? അതേസമയം അദ്ദേഹത്തിന്റെ അനുയായികളുടെ ഭിന്നതകളാവട്ടെ ആദ്യം സ്വന്തം പ്രവാചകത്വത്തിന്റെയും തുടർന്ന് വന്ന മറ്റു പ്രവാചകന്മാരുടെയും കാര്യത്തിലായിരുന്നു. അത് ഇപ്പോഴും തുടരുന്നു.

വിദേശാധിപത്യത്തിനു പരവതാനി

‘പ്രവാചകന്റെ’ രാഷ്ട്രീയ നിലപാടും പരിശോധിക്കേണ്ടതുണ്ട്. അദ്ദേഹം ജനിച്ച അവിഭക്ത ഇന്ത്യ 800 വർഷക്കാലം ഭരിച്ചത് മുസ്‌ലിം രാജാക്കന്മാരായിരുന്നുവല്ലോ. അവരിൽപെട്ട മുഗൾ വംശത്തിൽ വേരുകളുള്ള ആളാണത്രെ മിർസാ ഖാദിയാനി. എന്നാൽ അവരും മിർസയും തമ്മിൽ നിലപാടുകളുടെ കാര്യത്തിലുള്ള അന്തരം വളരെ വലുതാണ്. മുഗൾ സാമ്രാജ്യത്തിലെ അവസാനത്തെ സുൽത്താൻ ബഹാദൂർഷാ സഫർ 1857ൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി നാടുകടത്തപ്പെടുകയും ക്രൂരമായ ശാരീരികമാനസിക പീഡനങ്ങൾക്കൊടുവിൽ അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. ദിവസങ്ങളോളം പട്ടിണിക്കിട്ട്, തടവറയിലേക്ക് കൊടുത്തയച്ച ഭക്ഷണത്തളികയുടെ അടപ്പു തുറക്കുമ്പോൾ സ്വന്തം മക്കളുടെ അറുത്തെടുത്ത തലകൾ പല തവണ കാണേണ്ടിവന്ന പിതാവിന്റെ നിസ്സഹായത ചിന്തിക്കാൻപോലും ആവില്ല!

ഉർദുവിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ച കവി കൂടിയായിരുന്നു സഫർ. അദ്ദേഹം എഴുതിയ ഒരു കവിതാവരി വിഖ്യാതമാണ്: ‘എത്ര ദൗർഭാഗ്യവാനാണ് സഫർ! സംസ്‌കരിക്കുന്നതിനായി ആറടി മണ്ണ് പോലും പ്രിയതമയുടെ നാട്ടിൽ ലഭിച്ചില്ലല്ലോ.’

1857ലെ ആ സ്വാതന്ത്ര്യസമരത്തെ നേരിടാൻ 50 അശ്വഭടന്മാരെ അയച്ചുകൊടുത്തു ബ്രിട്ടീഷുകാരെ സഹായിച്ചതിന് പ്രതിഫലമായി 200രൂപ റിവാർഡും സർട്ടിഫിക്കറ്റുകളും ദർബാറിൽ അനുവദിച്ച കസേരയും വലിയ അംഗീകാരത്തിന്റെ സാക്ഷ്യപത്രമായി പല പുസ്തകങ്ങളിലും എഴുതിയിട്ടുണ്ട് മിർസാ ഖാദിയാനി! അതിൽ അഭിമാനം കൊള്ളുക മാത്രമല്ല പിന്നീട് പ്രവാചകത്വം ഉന്നയിച്ചപ്പോൾ ഇംഗ്ലീഷുകാർക്കെതിരെ ജിഹാദ് ഹറാമാക്കുകയും അവരെ അനുസരിക്കൽ ഇസ്‌ലാമിന്റെ പകുതിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം.

‘തദ്കിറ’ വായിച്ചപ്പോഴാണ് മനസ്സിലായത്, ഇതൊന്നും അല്ലാഹുവിന്റെ നിർദേശപ്രകാരമായിരുന്നില്ല, മറിച്ച് പിതാമഹന്മാരിൽ നിന്ന് കിട്ടിയ അധമബോധത്തിന്റെ പ്രതിഫലനമായിരുന്നു എന്ന്. എന്നാൽ നമ്മെ അതിശയിപ്പിക്കുന്ന വസ്തുത പിതാമഹന്മാരുടെ വശമുണ്ടായിരുന്ന 85 ഗ്രാമങ്ങളിൽ എൺപതും പിടിച്ചെടുത്ത് പകരം വർഷാന്തം 700 രൂപ മാലിഖാന നൽകിയ വിദേശാധിപത്യത്തോടാണ് ഈ വിധേയത്വം എന്നതാണ്.

ഖാദിയാനികൾ പോലും മുജദ്ദിദായി സ്വീകരിക്കുന്ന ഇന്ത്യയിലെ സൂഫിവര്യനായിരുന്നു ശൈഖ് അഹ്‌മദ് അൽഫാറൂഖി സർഹിന്ദി. മുഗൾ ചക്രവർത്തി അക്ബറിന്റെ ഇസ്‌ലാം വിരുദ്ധ ഉത്തരവുകളും ‘ദീനേ ഇലാഹി’ എന്ന പുത്തൻ മതത്തിന്റെ സ്ഥാപനവും സർഹിന്ദിയുടെ ശക്തമായ എതിർപ്പിനു കാരണമായതോടെ അദ്ദേഹത്തെ തുറുങ്കിലടക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. മിണ്ടാതിരുന്നാൽ തന്നെ ഒട്ടേറെ സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നിട്ടും അദ്ദേഹം തടവറയിൽ കിടന്ന് മരിക്കുകയായിരുന്നു.

നിരവധി മുൻ പ്രവാചകന്മാരും അൽഫസാനി, ഇമാം അബൂഹനീഫ അടക്കമുള്ള പല മുജദ്ദിദുമാരും ത്വാഗൂത്തിനെതിരെ പൊരുതുകയും കഠിന പീഡനങ്ങൾ അനുഭവിക്കുകയും രക്തസാക്ഷ്യം വരിക്കുകയും ചെയ്തതാണ് ഇസ്‌ലാമിന്റെ ചരിത്രം.

താരതമ്യം അവിവേകമാണെന്നറിയാം. ആ മഹദ് വൃക്തിത്വങ്ങളെക്കാൾ ഒരുപടി ഉയർന്ന് ‘മുജദ്ദിദ് മാത്രമല്ല പ്രവാചകൻ കൂടിയാണെ’ന്ന് പ്രഖ്യാപിച്ച നമ്മുടെ കഥാപുരുഷൻ ഭരണാധികാരി വിദേശിയായിട്ടുപോലും മുട്ടിലിഴഞ്ഞത് അദ്ദേഹം കൊണ്ടുവന്ന മതത്തിന് ഇസ്‌ലാമുമായി ബന്ധമില്ല എന്നതിന് വ്യക്തമായ തെളിവാകുന്നു.

(തുടരും)