അനാചാരങ്ങളിൽ അഭിരമിക്കുന്നവർ

മൂസ സ്വലാഹി കാര

2023 ജൂലൈ 22 , 1444 മുഹറം 04

സമൂഹത്തെ നന്മകളിലേക്ക് നയിക്കേണ്ടവർ കുറ്റകരമായ കാര്യങ്ങളിലേക്ക് അവരെ തെളിക്കുക എന്നത് കൊടും ക്രൂരതയും വ്യക്തമായ വഞ്ചനയുമാണ്. വിശ്വാസവും ജീവിതവിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന പണ്ഡിത നേതൃത്വത്തിന് മാത്രമെ ആചാരങ്ങൾ അനുഷ്ഠിക്കാനും അനാചാരങ്ങളെ വെട്ടിമാറ്റാനും സാധിക്കുകയുള്ളൂ. വഴിയും വെളിച്ചവുമായി അനുയായികൾക്ക് മുമ്പേ നടക്കേണ്ടവർ അവരെ ഇരുട്ടിലിരുത്തുന്നു എന്നത് ഇന്നും നേർക്കാഴ്ചയാണ്.

ഫിർഔനിന്റെയും കൂട്ടാളികളുടെയും സ്വഭാവത്തിലേക്കാണ് അത്തരക്കാർ ഉയർന്നിട്ടുള്ളത്. അല്ലാഹു പറയുന്നു: “അവരെ നാം നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കൻമാരാക്കി. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കൊരു സഹായവും നൽകപ്പെടുന്നതല്ല. ഈ ഐഹികജീവിതത്തിൽ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും’’(28:41,42)

ഥൗബാൻ(റ)വിൽനിന്ന്; നബി ﷺ പറഞ്ഞു: “നിശ്ചയം, പിഴപ്പിക്കുന്ന നേതാക്കളെ എന്റെ സമൂഹത്തിന്റെമേൽ ഞാൻ ഭയക്കുന്നു’’ (അബൂദാവൂദ്).

പല രാജ്യങ്ങളിലെയും അന്ധവിശ്വാസികളുടെ കൂട്ടാളിയാവുകയും കേരളത്തിൽ അതിന്റെ മൊത്ത ‘ഡീലർഷിപ്പ്’ ഏറ്റെടുക്കുകയും ചെയ്ത കാന്തപുരം മുസ്‌ലിയാരെ കുറിച്ച് 2023 ഏപ്രിൽ 29 ലക്കം രിസാല വാരികയിൽ വന്ന ‘ഗുരുവിന്റെ കാൽപാടുകൾ, കാഴ്ചപ്പാടുകൾ’ എന്ന പരിചയപ്പെടുത്തൽ നിരവധി അനാചാരങ്ങളെ വേരുറപ്പിക്കുന്നതാണ്.

ലേഖകൻ എഴുതുന്നു: “ഹിസ്ബുൽ ബഹ്‌റ്, ഹിസ്ബുന്നസ്‌റ് എന്നിവയൊക്കെ ഉസ്താദ് പതിവായി ചൊല്ലുന്നതുകേട്ടാണ് കൂടെയുള്ളവർക്ക് മനഃപാഠമായത്. എല്ലാ വെള്ളിയാഴ്ച്ച രാവിലും രിഫാഈ ശൈഖിന്റെ പേരിൽ പ്രത്യേക യാസീൻ എവിടെയാണെങ്കിലും, മുടങ്ങാതെ ഹദ്ദാദ് എന്നിവയൊക്കെ ഉസ്താദ് കൃത്യമായി പാലിക്കുന്നവയാണ്’(പേജ് 92).

സൂറതുൽ ഫാതിഹയും യാസീനും മറ്റു ചില ആയത്തുകളും ചേർത്ത് ശിയാ-സൂഫി ധാരകളിൽ നിലയുറപ്പിച്ച ശാദുലി, ഹദ്ദാദ് എന്നിവർ എഴുതിയ ലഘു പുസ്തകങ്ങളാണ് മേൽ സൂചിപ്പിച്ചവ. അഹ്‌ലുസ്സുന്ന വൽജമാഅയിൽനിന്നകന്ന് വെവ്വേറെ ത്വരീക്വത്തുകളുണ്ടാക്കിയവർ എഴുതിക്കൂട്ടിയ കാര്യങ്ങളെയാണിവർ പതിവ് ചര്യയാക്കുന്നത്. ഇതെല്ലാം പിൻപറ്റപ്പെടുന്നതിന്റെ അടിസ്ഥാനമെന്താണ്? പ്രമാണങ്ങൾ ചില സന്ദർഭങ്ങളിൽ പ്രത്യേകമായി ഓതാൻ പറഞ്ഞ ആയത്തുകളെയും ചൊല്ലാൻ പഠിപ്പിച്ച ദിക്‌റുകളെയും അപ്രസക്തമാക്കിക്കൊണ്ടാണ് ഇവർ ഇതെല്ലാം പ്രചരിപ്പിക്കുന്നത്. ശിർക്ക് കലർന്ന ഹദ്ദാദ് പള്ളികളിലും വീടുകളിലും പുരോഹിതന്മാരുടെ കൽപനപ്രകാരം ചൊല്ലിവരുന്നു. നബി ﷺ അല്ലാഹുവിന്റെ നിർദേശമനുസരിച്ചല്ലാതെ ഒരു പ്രവൃത്തിക്കും പ്രത്യേകത നൽകിയിട്ടില്ല. അദ്ദേഹത്തിന്റെയോ, സ്വഹാബികളുടെയോ പേരിൽ പോലും ഈ നിലയ്ക്ക് വിശിഷ്ടമാക്കപ്പെട്ടതായി ഇതുപോലൊന്നുമില്ല. സൂക്ഷ്മതയെ നഷ്ടപ്പെടുത്തുകയും കർമങ്ങൾ സ്വീകരിക്കപ്പെടാതാവുകയും സത്യത്തിൽനിന്ന് തടയപ്പെടുകയും ചെയ്യുന്ന ഇത്തരം ഏടുകളിലോ വരികളിലോ അല്ല വിശ്വാസിയുടെ ജീവിതം ബന്ധിക്കപ്പെടേണ്ടത്.

അല്ലാഹു പറയുന്നു: “അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തടയുകയും തങ്ങൾക്ക് സന്മാർഗം വ്യക്തമായി കഴിഞ്ഞതിനുശേഷം റസൂലുമായി മാത്സര്യത്തിൽ ഏർപെടുകയും ചെയ്തവരാരോ തീർച്ചയായും അവർ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവൻ അവരുടെ കർമങ്ങൾ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും’’(47:32).

സൂഫികൾക്കിടയിൽ അബുൽ ആലമീൻ, ശൈഖുൽ കബീർ, ഉസ്താദുൽ ജമാഅ എന്നീ സ്ഥാനപ്പേരുകളിൽ അറിയപ്പെടുന്ന അശ്ഹരി വക്താവാണ് മുസ്‌ലിയാക്കന്മാരുടെ രിഫാഈ ശൈഖ്. അല്ലാഹുവിന്റെ മാത്രമായിട്ടുള്ള അവകാശങ്ങളെയും കഴിവുകളെയും ഈ സൂഫീ ആചാര്യന് ഇവർ വകവെച്ച് കൊടുക്കുന്നത് കാണുക: “മുഖത്തു നോക്കി മനസ്സിൽ സൂക്ഷിച്ച കാര്യങ്ങൾ പറയുന്നതും വരാനിരിക്കുന്ന കാര്യങ്ങൾ മുമ്പേ പറയുന്നതും അവിടുത്തെ കറാമത്തുകളിൽ ചിലതാണ്’’(ശൈഖ് രിഫാഈ പ്രപഞ്ച വിസ്മയം/പേജ് 33).

“സർവലോക സഹായിയായ, ലോകത്തിന്റെ ഖുതുബായ അഹ്‌മദുൽ കബീർ രിഫാഈ തങ്ങളേ, എനിക്ക് നേർമാർഗം കാണിച്ചുതരൂ’’ (പേജ് 56).

ഇസ്‌ലാം വലിയ പാപമായി പഠിപ്പിച്ച അല്ലാഹുവിൽ പങ്ക് ചേർക്കലിനെ എതിർക്കുന്നവരെ പുച്ഛിക്കുന്ന ഇക്കൂട്ടരുടെ ബോധം ഇനി എപ്പോഴാണ് തെളിയുക?

അല്ലാഹു പറയുന്നു: “യാതൊന്നും സൃഷ്ടിക്കാത്തവരെ അവർ (അല്ലാഹുവോട്) പങ്കുചേർക്കുകയാണോ? അവർ(ആ ആരാധ്യർ)തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. അവർക്കൊരു സഹായവും ചെയ്യാൻ അവർക്ക് (പങ്കാളികൾക്ക്) സാധിക്കുകയില്ല. സ്വദേഹങ്ങൾക്കുതന്നെ അവർ സഹായം ചെയ്യുന്നതുമല്ല’’ (7:191,192).

ശിർക്കിന്റെ ഗൗരവം വിളിച്ചോതുന്ന ഇത്തരം ആയത്തുകൾ എടുത്തുദ്ധരിക്കുമ്പോൾ അത് ബഹുദൈവ വിശ്വാസികളെക്കുറിച്ച് പറഞ്ഞതാണ് എന്ന് മുസ്‌ലിയാക്കന്മാർ വാദിക്കാറുണ്ട്. ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു കഥീർ(റഹ്) പറയുന്നത് കാണുക: “അല്ലാഹുവിനോടൊപ്പം വിഗ്രഹങ്ങളെയും ബിംബങ്ങളെയും സമന്മാരെയും ആരാധിച്ച് ശിർക്ക് ചെയ്യുന്നവരെ അല്ലാഹു എതിർക്കുകയാണിത്. അവ അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഒരു കാര്യം ഉടമപ്പെടുത്തുകയോ ഉപകാരമോ ഉപദ്രവമോ അവ ചെയ്യുകയില്ല.’’

അല്ലാഹുവിൽ തവക്കുലാക്കുക എന്ന ആരാധനയിൽനിന്ന് വിശ്വാസികളെ പിഴപ്പിക്കാൻ പുരോഹിതിന്മാർ ഉപയോഗിക്കുന്ന പുൽക്കൊടികൂടിയാണ് ഹദ്ദാദ്. നബി ﷺ പഠിപ്പിച്ചതാണെന്ന് തോന്നുംവിധം അവർ ഇതിനെ പരിചയപ്പെടുത്തുന്നത് നോക്കൂ:

“തിരുനബി(സ)യും മഹാത്മാക്കളും നിത്യജീവിതത്തിൽ പതിവാക്കാൻ നിർദേശിച്ച അനേകം ദിക്‌റുകളിൽ ഇലാഹീ സമർപണം അടങ്ങിയത് കാണാം. ഹദ്ദാദ് ഉദാഹരണം. അവയൊക്കെ പതിവാക്കുമ്പോൾ തവക്കുലിന്റെ ദൃഢതയേറും’’(സുന്നിവോയ്‌സ്/2023 മെയ് 16-31).

വിശ്വാസികളുടെതല്ലാത്ത വി ശേഷണങ്ങളെ അതിയായി ആഗ്രഹിക്കുകയും വ്യാജന്മാരുടെ പേര് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യുന്ന ആദർശമാണ് മുസ്‌ലിയാക്കന്മാരുടെത്. ഇതല്ലല്ലോ ഇസ്‌ലാം! അല്ലാഹു പറയുന്നു: “അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപിക്കപ്പെട്ടാൽ വിശ്വാസം വർധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ’’ (8:2).

ലേഖകൻ എഴുതുന്നു: “ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ കഴിയുമെന്ന് നിനക്കാത്ത ഒരുപാട് മഹത്തുക്കളെ കാണാൻ സാധിച്ചുവെന്നതും ലോകത്തെ ഒട്ടുമിക്ക സിയാറത്ത് കേന്ദ്രങ്ങളും മഖാമുകളും ദർഗകളും ചരിത്രസ്ഥലങ്ങളും സന്ദർശിക്കാനായെന്നതുമാണ് ഉസ്താദിനൊപ്പമുള്ള യാത്രകളുടെ ഗുണമായി ഞങ്ങൾ കാണുന്നത്’’(പേജ് 96).

ശിയാ വിശ്വാസത്തിന്റെ പ്രത്യക്ഷ അടയാളങ്ങളിൽപ്പെട്ട ജാറങ്ങളെയും മക്വ‌്‌ബറകളെയും ഇസ്‌ലാമിന്റെ ചിഹ്നങ്ങളാക്കി മാറ്റാനുള്ള പുരോഹിതന്മാരുടെ തന്ത്രമാണിത്. പ്രമാണങ്ങൾ പ്രത്യേകം പറഞ്ഞ സന്ദർശന സ്ഥലങ്ങളിലെവിടെയാണ് ജാറങ്ങളെ ഉൾപ്പെടുത്തിയത്? ഇസ്‌ലാമിന്റെ സൗന്ദര്യം വിളിച്ചോതുന്ന ശരിയായ ചരിത്രത്തിലേക്ക് മതവിരോധികൾ തിരുകിക്കയറ്റിയതല്ലാത്ത മറ്റൊരു ജാറവ്യവസായം കാണാൻ കഴിയില്ല. ക്വബ്ർ സിയാറത്തിന്റെ യഥാർഥ ലക്ഷ്യം വിസ്മരിക്കപ്പെടും വിധം ഇത്തരം ദുരൂഹതകൾ പരത്തി സമൂഹത്തെ കബളിപ്പിക്കലാണ് മുസ്‌ലിയാക്കന്മാരുട പ്രധാന പണി.

ഇവർ പരിചയപ്പെടുത്തുന്ന ശിർക്കിന്റെ വിപണനകേന്ദ്രങ്ങളായ മറ്റു ചില ജാറങ്ങളുടെ കള്ളപ്പോരിശകൾ കൂടി വായിക്കാം: “ഇടുക്കിയിലെ പ്രസിദ്ധമായ മുസ്‌ലിം തീർത്ഥാടന കേന്ദ്രമാണ് പീരുമേട് മഹ്‌ളറ. പീർ മുഹമ്മദ് ഇബാദത്തിലായി കഴിഞ്ഞിരുന്ന സ്ഥലമാണ് മഹ്‌ളറയായി പരിപാലിക്കപ്പെടുന്നത്’’(സുന്നിവോയ്‌സ്/2023 ജൂൺ 1-15/ പേജ് 32).

“ദക്ഷിണ കേരളത്തിലെ പ്രസിദ്ധ മുസ്‌ലിം തീർത്ഥാടന കേന്ദ്രമാണ് വാഗമണിലെ തങ്ങൾപാറ... അല്ലാഹുവിനെ ഇഷ്ടപ്പെട്ടവർ ജനമനസ്സുകളിൽ ഇടംപിടിക്കുമെന്നതിനുള്ള നേർസാക്ഷ്യമാണ് തങ്ങൾ പാറയിലേക്കുള്ള സന്ദർശക പ്രവാഹം. ഏന്തയാർ മുസ്‌ലിം ജമാഅത്തിനു കീഴിൽ ഈ സന്ദർശന കേന്ദ്രം സംരക്ഷിക്കപ്പെടുന്നു...’’(പേജ് 34).

“തൊടുപുഴയിലും പരിസരങ്ങളിലും ധാരാളം പൈതൃക മുദ്രകൾ പതിഞ്ഞിട്ടുണ്ട്. മഞ്ഞിൽ പൊതിഞ്ഞ ഗിരിനിരകൾക്കിടയിൽ വിശ്വാസികളുടെ മനം കുളിർപ്പിക്കുന്ന മലങ്കര മഖാം തൊടുപുഴയിൽ നിന്നും ഇടുക്കി പാതയിൽ ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു’’ (പേജ് 36).

“തൊടുപുഴയിലെ കോന്താല പള്ളിയും മഖ്ബറയും തീർത്ഥാടകരുടെ ഇഷ്ടകേന്ദ്രങ്ങളാണ്. കോന്താലം, ബാവ എന്നീ പേരുകളിൽ വിശ്രുതരായ രണ്ടു മഹാരഥന്മാരുടെ സാന്നിധ്യമാണ് ഇവിടെ ആത്മീയ വസന്തം തീർക്കുന്നത്’’(പേജ് 36).

അല്ലാഹുവിൽ പങ്ക് ചേർക്കുന്നതിലേക്ക് വഴിവെക്കുന്ന ഈ അനാചാരത്തെ എത്ര ഗൗരവത്തോടെയാണ് ഇസ്‌ലാം നിരോധിച്ചത്! ജാബിറി(റ)ൽനിന്ന് നിവേദനം: “ക്വബ്‌റുകൾ കുമ്മായമടിക്കുക, അതിന്മേൽ ഇരിക്കുക, അതിന്മേൽ എടുപ്പുണ്ടാക്കുക എന്നിവ നബി ﷺ വിരോധിച്ചിരിക്കുന്നു’’ (മുസ്‌ലിം).

നബി ﷺ യുടെ അനുചരന്മാരുടെ ജീവിതത്തിൽ ക്വബ്‌റുകളുമായി ബന്ധപ്പെടുത്തി ഇപ്രകാരമുള്ള ഏർപ്പാടുകൾ ചെയ്തത് കാണുകയില്ല. ഏറ്റവും വലിയ വലിയ്യുകളായി ജീവിച്ചവരുടെ ക്വബ്‌റുകൾക്കോ അതിന്റെ പരിസരങ്ങൾക്കോ ഇങ്ങനെ ബഹുമതി നൽകപ്പെട്ടിട്ടില്ല. ഞങ്ങൾ ശാഫിഈ മദ്ഹബുകാരാണെന്ന് അവകാശപ്പെടുന്ന ഇവർക്ക് ഈ വിഷയത്തിലെന്നല്ല ഏത് പ്രശ്‌നത്തിലും അദ്ദേഹത്തിന്റെ പ്രാമാണിക നിലപാട് സ്വീകരിക്കുക എന്ന പതിവുമില്ല.

ഇമാം നവവി(റഹ്) പറയുന്നു: “നിശ്ചയം, സുന്നത്ത് ക്വബ്ർ ഭൂമിയിൽനിന്ന് കൂടുതലായി ഉയർത്തരുത് എന്നും മുൻഭാഗം കൂനയാക്കാൻ പാടില്ല എന്നുമാണെന്ന് ഹദീസിലുണ്ട്. എന്നാൽ ഏകദേശം ഒരു ചാൺ ഉയർത്തുകയും മുൻഭാഗം പരത്തുകയും വേണം. അതാണ് ഇമാം ശാഫിഈ(റ)യുടെയും അദ്ദേഹത്തെ പിൻപറ്റിയവരുടെയും അഭിപ്രായം’’(ശർഹു മുസ്‌ലിം/വാള്യം7/പേജ് 40).

നബി ﷺ യിലൂടെ നൽകപ്പെട്ട സന്ദേശത്തെ അവഗണിച്ചും അതിനെപ്പറ്റി അജ്ഞരായവരെ ചൂഷണം ചെയ്തുമാണ് ഈ കടുത്ത പാപം പുരോഹിത വർഗം ചുമക്കുന്നത്. ശിർക്ക് ചെയ്തവർ പരലോകത്ത് അഭിമുഖീകരിക്കേണ്ട അവസ്ഥയെ കുറിച്ച് വിശുദ്ധ ക്വുർആൻ പറഞ്ഞ കാര്യമാണ് ഓർമിപ്പിക്കാനുള്ളത്.

അല്ലാഹു പറയുന്നു: “നാം അവരെ മുഴുവൻ ഒരുമിച്ചുകൂട്ടുകയും, പിന്നീട് ബഹുദൈവാരാധകരോട് നിങ്ങൾ ജൽപിച്ചുകൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികൾ എവിടെയെന്ന് നാം ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓർക്കുക). അനന്തരം, അവരുടെ ന്യായം ‘ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെത്തന്നെയാണെ സത്യം, ഞങ്ങൾ പങ്കുചേർക്കുന്നവരായിരുന്നില്ല’ എന്ന് പറയുന്നതല്ലാതെ മറ്റൊന്നുമായിരിക്കില്ല. നോക്കൂ; അവർ സ്വന്തം പേരിൽതന്നെ എങ്ങനെ കള്ളം പറഞ്ഞു എന്ന്. അവർ എന്തൊന്ന് കെട്ടിച്ചമച്ചിരുന്നുവോ അതവർക്ക് ഉപകരിക്കാതെ പോയിരിക്കുന്നു’’(6:22-24).

ലേഖകൻ മുസ്‌ലിയാരുടെ വലിയ മേന്മയായി എഴുതിവിടുന്നത് കാണുക: “വെള്ളിയാഴ്ച രാവിൽ യാസീൻ ഓതുന്ന സമയം കൂടെയുള്ളവരെ വിളിച്ച് അവരുടെ കുടുംബങ്ങളിൽനിന്ന് മരണപ്പെട്ടവർക്ക് വേണ്ടിയും മറ്റും പ്രത്യേകം ദുആ ചെയ്യും’’ (പേജ് 106).

തൗഹീദും മതത്തെ കളവാക്കുന്നവരുടെ പര്യവസാനവും പരലോകത്തെ അവസ്ഥകളും പ്രധാന വിഷയങ്ങളായിട്ടുള്ള സൂറത്താണ് യാസീൻ. ദുർബലവും നിർമിതവുമായ വാക്കുകൾ എടുത്തുകാട്ടി ആ അധ്യായത്തിനില്ലാത്ത മേന്മകൾ ഉണ്ടാക്കിയ സൂഫികളുടെ ആശയത്തെയാണ് ഇതിലൂടെ പുരോഹിതന്മാർ ജീവിപ്പിക്കുന്നത്. വെള്ളിയാഴ്ചദിവസം ഓതേണ്ടതും ചൊല്ലേണ്ടതുമായി നബി ﷺ പഠിപ്പിച്ചതിലെവിടെയും സൂറത്തു യാസീൻ പരാമർശിക്കപ്പെട്ടിട്ടില്ല. സ്വഹീഹായ പരമ്പരയോടെ ലഭ്യമായ ഒരു ഹദീസ് പോലും ഈ വിഷയത്തിൽ ഉദ്ധരിക്കാൻ മുസ്‌ലിയാക്കന്മാർക്ക് സാധിച്ചിട്ടില്ല. മിക്ക പള്ളികളിൽനിന്നും അന്നേദിവസം ഉച്ചത്തിൽ ഇത് പാരായണം ചെയ്യപ്പെടുന്നു. മരണാനന്തര വിചാരണയെ ഭയക്കാത്തതുകൊണ്ടാണ് പുത്തനാചാരങ്ങളെ പൊലിപ്പിക്കാൻ ഇവർ ഇത്ര ധൈര്യപ്പെടുന്നത്. എത്ര വലിയ ഉസ്താദ് ചെയ്താലും അനാചാരം തള്ളപ്പെടേണ്ടത് തന്നെയാണ്.

ആഇശ(റ)യിൽനിന്ന്; നബി ﷺ പറഞ്ഞു: “നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്’’(ബുഖാരി, മുസ്‌ലിം).

പുത്തനാചാരങ്ങളെ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന ഇക്കൂട്ടർ നബിചര്യയുടെ വേഷം ധരിച്ച് യഥാർഥ സുന്നത്തിനെ മരവിപ്പിക്കുകയാണ്.

പ്രമാണങ്ങളുടെ വെളിച്ചത്തിൽ ജീവിക്കുന്നവർക്ക് നേരെ ശത്രുത പരത്തി ആക്ഷേപങ്ങൾ അഴിച്ച് വിടുന്നവർ ഏറെക്കാലം സ്മരിക്കപ്പെടുമെന്ന മൂഢധാരണയിലാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്) പറയുന്നു: “സുന്നത്തിന്റെ ആളുകൾ മരിക്കുകയും അവരുടെ സ്മരണ ജീവിക്കുകയും ചെയ്യും. ബിദ്അത്തുക്കാർ മരിക്കുന്നതോടെ അവരുടെ ഓർമയും മരിക്കും. നിശ്ചയം സുന്നത്തിന്റെ വക്താക്കൾ റസൂൽ ﷺ കൊണ്ടുവന്നതിനെ ജീവിപ്പിച്ചതിനാൽ അവർക്ക് അല്ലാഹുവിൽനിന്ന് ‘നിനക്ക് നിന്റെകീർത്തി നാം ഉയർത്തിത്തരികയും ചെയ്തിരിക്കുന്നു’(94:4) എന്ന വിഹിതമുണ്ട്. പുത്തനാശയക്കാർ നബി ﷺ കൊണ്ടുവന്നതിനെ വെറുത്തതിനാൽ ‘തീർച്ചയായും നിന്നോട് വിദ്വേഷം വെച്ചുപുലർത്തുന്നവൻ തന്നെയാകുന്നു വാലറ്റവൻ (ഭാവിയില്ലാത്തവൻ)’(108:3) എന്ന ഓഹരിയുമുണ്ട്.’’