ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും പരിഹാസ്യരാകുന്ന വിമർശകരും

മൂസ സ്വലാഹി കാര

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

ഇസ്‌ലാമിക രംഗത്തെ വൈജ്ഞാനിക മുന്നേറ്റത്തിനും സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനും ഇടവിടാതെ പ്രയത്‌നിച്ച പണ്ഡിതനാണ് ഇബ്‌നു തൈമിയ്യ (റഹി). സമൂഹത്തെ മരവിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാൻ നിസ്തുലമായ സേവനമാണ് ഇമാം നിർവഹിച്ചിട്ടുള്ളത്. ആക്ഷേപങ്ങൾകൊണ്ട് ഇമാമിനെ തടയാനും തളച്ചിടാനും ശ്രമിച്ചവർ അദ്ദേഹത്തിന്റെ ആദർശപരമായ കരുത്തിനും പ്രമാണ നിലപാടുകൾക്കും മുമ്പിൽ എന്നും അടിപതറിയിട്ടുണ്ട്.

ശിയാക്കൾ ഇബ്‌നു തൈമിയ്യ(റ)യെ കുറ്റപ്പെടുത്താൻ ഉപയോഗിച്ച ദുർബലമായ ആയുധങ്ങൾ അപ്പടി എടുത്ത് ഉപയോഗിക്കുന്ന വൃഥാശ്രമമാണ് സമസ്തയിലെ പുരോഹിതന്മാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് ഒരു ഉദാഹരണമാണ് 2023 ജനുവരി രണ്ടാം ലക്കം സുന്നിവോയ്‌സിൽ എഴുതിവിട്ട വിമർശന ലേഖനം. അതിൽ ഒരു മുസ്‌ലിയാർ എഴുതുന്നു:

“തൗഹീദിനെ വിഭജിച്ചുകൊണ്ടാണ് അദ്ദേഹം പ്രവർത്തനമാരംഭിക്കുന്നത്. തൗഹീദും ശിർക്കും റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടു വിധമുണ്ടെന്ന് അദ്ദേഹം വാദിച്ചു. റബ്ബ് അല്ലാഹുവാണെന്നതിൽ പൂർവകാല മുശ്‌രിക്കുകളും സുന്നികളും ഒരേ വിശ്വാസക്കാരാണ്. ഇത് തൗഹീദ് റുബൂബിയ്യത്ത്. എന്നാൽ ആരാധനയുടെ വിഷയത്തിൽ അല്ലാഹുവിനോട് കൂടെ മറ്റു വസ്തുക്കളെ മക്കക്കാർ ശിർക്കുവെച്ചിരുന്നു. ഇത് ഉലൂഹിയ്യത്തിലുള്ള ശിർക്കാണ്. മരിച്ചുപോയ മഹാത്മാക്കളോട് സഹായം ചോദിക്കുന്ന പരകോടി മുസ്‌ലിംകളും ഇങ്ങനെ ഉലൂഹിയ്യത്തിൽ ശിർക്ക് വെക്കുന്നവരായതിനാൽ അവരും മുശ്‌രിക്കുകളാണെന്നാണ് ഈ വാദത്തിന്റെ സംക്ഷിപ്തം. (ഇഖ്ത്തിളാഹു സ്വിറാത്തുൽ മുസ്തഖീം, പേജ് 473)’’ (പേജ് 9).

അല്ലാഹു രക്ഷിതാവാണ്, ആരാധ്യനാണ്, അവന് ഉത്കൃഷ്ട നാമങ്ങളും മഹത്തായ വിശേഷണങ്ങളുമുണ്ട്. ഇത് തൗഹീദിന്റെ മൂന്ന് ഇനങ്ങളാണ്. ഇത് മുസ്‌ലിയാക്കന്മാർക്ക് പുതുമയായി തോന്നുന്നത് ഒരുപക്ഷേ, ഓരോ തലമുറയിലെയും പണ്ഡിതന്മാർ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തൗഹീദിനെ ഈ രൂപത്തിൽ വിശദീകരിച്ചത് വേണ്ടത്ര വായിച്ച് പഠിക്കാത്തതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ തങ്ങളുടെ പിഴച്ചവാദങ്ങളെ സംരക്ഷിക്കാനുള്ള പാഴ്ശ്രമമായിരിക്കാം. വിശുദ്ധ ക്വുർആനും നബി വചനങ്ങളും ഏറെ ഊന്നൽ നൽകിയ തൗഹീദിനെ വാക്കിൽ മാത്രം ഒതുക്കി ശിർക്കിന്റെ വഴിയിലൂടെ ചലിക്കുന്നവർ തൗഹീദിന്റെ വക്താക്കളെ ആക്ഷേപിക്കുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.

ശൈഖിനെതിരെ ഉന്നയിച്ചിരിക്കുന്നത് ‘തൗഹീദിനെ വിഭജിച്ചു’ എന്ന ആരോപണമാണല്ലോ. അങ്ങനെയെങ്കിൽ അദ്ദേഹത്തെപ്പറ്റി മാത്രം ഉന്നയിക്കേണ്ടതാണോ ഈ ആരോപണം? നമുക്കൊന്ന് പരിശോധിക്കാം.

ഹിജ്‌റ 150ൽ മരണപ്പെട്ട ഇമാം അബൂഹനീഫ(റഹി)യുടെ ഫിക്വ‌്ഹുൽ അക്ബർ, 182ൽ മരണപ്പെട്ട ഇമാം അബൂയൂസുഫ്(റഹി), 310ൽ മരണപ്പെട്ട ഇമാം ത്വബ്‌രി(റഹി)യുടെ തഫ്‌സീർ, 321ൽ മരണപ്പെട്ട ഇമാം ത്വഹാവി(റഹി)യുടെ അക്വീദതുത്ത്വഹാവിയ്യ, 354ൽ മരണപ്പെട്ട ഇമാം ഇബ്‌നു ഹിബ്ബാന്റെ(റഹി) റൗദതിൽ ഉക്വലാഅ് വ നുസ്അതുൽ ഫുദലാഅ്, 386ൽ മരണപ്പെട്ട ഇമാം ഇബ്‌നു അബീ സൈദുൽ ഖൈറുവാനി(റഹി)യുടെ മുക്വദ്ദിമതുൽ രിസാല, 387ൽ മരണപ്പെട്ട ഇമാം ഇബ്‌നു ബത്ത്വ(റഹി)യുടെ അൽഇബാന, 520ൽ മരണപ്പെട്ട ഇമാം അബൂബക്കർ അത്ത്വർതൂശി(റഹി)യുടെ സിറാജുൽ മുലൂക്, 535 ൽ മരണപ്പെട്ട ഇമാം അബുൽ ക്വാസിം അൽഅസ്ബഹാനി(റഹി)യുടെ അൽഹുജ്ജഃ, 671ൽ മരണപ്പെട്ട ഇമാം ഖുർതുബി(റഹി)യുടെ തഫ്‌സീർ... ഇങ്ങനെ തൗഹീദിന്റെ ഇനങ്ങളും അവയെ സംബന്ധിച്ചുള്ള ചർച്ചകളും തെളിവുകളുടെ വെളിച്ചത്തിൽ നടത്തിയ ഗ്രന്ഥങ്ങൾ ഏറെയുണ്ട്. അതിലെല്ലാം റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അസ്മാഉ വസ്സ്വിഫാത്ത് എന്നീ പ്രയോഗങ്ങൾ തന്നെയാണ് നടത്തിയീട്ടുള്ളത്. ഇവരുടെ പിൻഗാമികളായി കടന്നുവന്ന മഹാപണ്ഡിതരായ ഇബ്‌നു തൈമിയ്യ (റഹി), ഇബ്‌നുൽ ക്വയ്യിം(റഹി), ഇബ്‌നു കസീർ(റഹി), ശൗക്കാനി(റഹി), മഖ്‌രീസി(റഹി), ഇബ്‌നു അബിൽഇസ്സ്(റഹി), ഇബ്‌നു അബ്ദിൽ വഹാബ് (റഹി), മുല്ലാ അലിയ്യുൽ ക്വാരി(റഹി), ഇമാം ശൻക്വീത്വി(റഹി) തുടങ്ങിയവർ ഈ ചർച്ചകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം.

സമസ്തക്കാരുടെ കണ്ണിൽ ഈ ഇമാമുമാരെല്ലാം പുത്തൻവാദികളാണോ? ഇവരുന്നയിച്ച തെളിവുകളോട് ഇവരുടെ സമീപനമെന്ത്? ഇബ്‌നു തൈമിയ്യ(റഹി)യോട് വെച്ചുപുലർത്തുന്ന വെറുപ്പ് ഈ പണ്ഡിതന്മാരോടെല്ലാം ഇവർക്കുണ്ടോ?

പണ്ഡിതന്മാർ തൗഹീദിന്റെ ഇനങ്ങൾക്ക് തെളിവായി സൂചിപ്പിച്ച ക്വുർആൻ വചനങ്ങളിൽ ഒന്ന് കാണുക. അല്ലാഹു പറയുന്നു: “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. ഞാൻ അവരിൽനിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും’’ (51:56-58).

‘ഇക്വ‌്തിദാഹു സ്വിറാത്തിൽ മുസ്തക്വീം’ എന്ന തന്റെ മഹത്തായ ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് അറബികളിൽപെട്ട മുശ്‌രിക്കുകൾ അല്ലാഹുവിൽ പങ്കുചേർക്കുന്നതിനും അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിനും സഹായം തേടുന്നതിനും ദുർമൂർത്തികളെ സ്വീകരിച്ചിരുന്ന കാര്യം ഇമാം വിവരിച്ചിട്ടുണ്ട്. ആ ശിർക്കിനോട് സാമ്യപ്പെടുന്ന പ്രവർത്തനങ്ങൾ ഇക്കാലത്ത് ക്വബ്‌റുകൾ, പ്രവാചകന്മാർ, സ്വാലിഹുകൾ എന്നിവരുടെ പേരിൽ നടത്തപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞതാണ് പുരോഹിതന്മാരെ വിറളിപിടിപ്പിക്കാനുള്ള മറ്റൊരു കാരണം. ശിർക്ക് വ്യാപിക്കുന്നതിന്റെ കാരണങ്ങൾ തെളിവ് നിരത്തി എടുത്ത് കാണിച്ചതല്ലാതെ ആർക്കെങ്കിലും ‘മുശ്‌രിക്ക് പട്ടം’ ചാർത്തുന്ന പണി ഇമാം ചെയ്തിട്ടില്ല. ശൈഖിന്റെ ഈ ഗ്രന്ഥത്തെ പുരോഹിതന്മാർ എതിർക്കേണ്ടിയിരുന്നത് അത് തെറ്റാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജറാക്കിക്കൊണ്ടാകണമായിരുന്നു. ലോകം നിയന്ത്രിക്കുന്നത് സി.എം മടവൂരാണെന്നും മഴപെയ്യിക്കുന്നതും അരുവികൾ ഒഴുക്കുന്നതും മുഹ്‌യിദ്ദീൻ ശൈഖാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കാവൽ നൽകുന്നത് ബദ്‌രീങ്ങളാണെന്നും ആലംബഹീനർക്ക് അഭയകേന്ദ്രം അജ്മീർ ദർഗയാണെന്നും രോഗശമനം നൽകുന്നത് ബീമാപള്ളി-പുത്തൻപളളി ജാറങ്ങളാണെന്നും വിശ്വസിക്കുന്ന വിഭാഗക്കാർ തങ്ങൾ തൗഹീദിൽനിന്ന് അകന്നതിന്റെ ആഴവും പരപ്പും എത്രയുണ്ടെന്ന് ആത്മാർഥമായൊന്ന് നോക്കുന്നത് നല്ലതാണ്.

സമസ്തയുടെ വിശ്വാസവൈകല്യം അവർതന്നെ വ്യക്തമാക്കട്ടെ: “ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ദർഗയാണ് അജ്മീറിലേത്. ഒരു ലക്ഷത്തിലേറെപ്പേർ ദിവസവും ദർഗയിലെത്തുന്നു എന്നാണു കണക്ക്. വിദൂരങ്ങളിൽനിന്ന് വരുന്നവർ ദിവസങ്ങളോളം ഇവിടെ താമസിക്കും. എല്ലാ ദിവസങ്ങളിലും ഖാജായുടെ ചാരത്തു വരും, ആവലാതികൾ പറയും, കണ്ണീർ പൊഴിക്കും. ജീവിതത്തിന്റെ വെളിച്ചം കെട്ടുപോയി എന്ന നിരാശയുമായി വന്നവർ ഖൽബിൽ പ്രശാന്തത നിറച്ചുകൊണ്ടാകും തിരിച്ചു പോവുക’’ (രിസാല വാരിക, 2023 ഫെബ്രുവരി 1).

അനേകം ജാറങ്ങളിൽ ഒന്നിനെപ്പറ്റിയുള്ള കള്ളപ്പോരിശകൾ മാത്രമാണിത്. ഈ കടുത്ത ശിർക്കിനെ മതത്തിന്റെ ഓരത്തേക്കടുപ്പിക്കാൻ പാടില്ലെന്നതിന്റെ കാരണം വ്യക്തമാക്കുന്ന മറ്റൊരു പുകഴ്ത്തൽ കാണുക: “തന്നെത്തേടിയെത്തിയ മനുഷ്യരുടെ നാനാതരം വേദനകൾ സ്വയമേ ഏറ്റുവാങ്ങിയാണ് സുൽത്താനുൽഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ) ആധ്യാത്മിക ജീവിതത്തിന്റെ സഫല പ്രകാശനായത്. വെറും കൈയോടെ ആരെയും മടക്കിയയച്ചില്ല. പരാതി പറഞ്ഞവരെയൊന്നും കയ്യൊഴിഞ്ഞില്ല. ആർക്കും നിരാശയോടെ മടങ്ങേണ്ടി വന്നില്ല. വഫാത്തിനു ശേഷവും അതങ്ങനെത്തന്നെയാണ്’’ (രിസാല വാരിക, പേജ് 34).

ഈ വൻപാപത്തെ പ്രാമാണികമായി ചോദ്യം ചെയ്യുന്നവരെ പിഴച്ചവരായി മുദ്രകുത്തുന്നവർ ഈ ക്വുർആൻ സൂക്തമൊന്ന് കാണുക:

“അല്ലാഹുവിന് പുറമെ ഞങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ലാത്തതിനെ ഞങ്ങൾ വിളിച്ച് പ്രാർഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയതിനു ശേഷം ഞങ്ങൾ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്) പിശാചുക്കൾ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയിൽ അന്ധാളിച്ച് കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?). ‘ഞങ്ങളുടെ അടുത്തേക്ക് വരൂ’ എന്നു പറഞ്ഞുകൊണ്ട് അവനെ നേർവഴിയിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്. പറയുക: തീർച്ചയായും അല്ലാഹുവിന്റെ മാർഗദർശനമാണ് യഥാർഥ മാർഗദർശനം. ലോകരക്ഷിതാവിന് കീഴ്‌പെടുവാനാണ് ഞങ്ങൾ കൽപിക്കപ്പെട്ടിരിക്കുന്നത്’’ (6:71).

ഇബ്‌നു തൈമിയ്യ(റഹി)ക്ക് മുമ്പും ശേഷവും ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി എതിർത്തവരെ കാണാം. ഇമാം റാസി(റഹി) പറയുന്നു: “നിശ്ചയം വിഗ്രഹാരാധകർ (മക്കാ മുശ്‌രിക്കുകൾ) അവരുടെ വിഗ്രഹങ്ങളെയും പ്രതിഷ്ഠകളെയും സ്ഥാപിച്ചിരുന്നത് അമ്പിയാക്കന്മാരുടെയും മഹാന്മാരുടെയും രൂപത്തിലായിരുന്നു. ഇത്തരം പ്രതിഷ്ഠകൾക്കുള്ള ആരാധനകൊണ്ട് അവർ വ്യാപൃതരാകുമ്പോൾ അവയുടെ പ്രതിപുരുഷന്മാരായ അമ്പിയാക്കളും മഹാന്മാരും ആരാധിക്കുന്നവരുടെ (ആഗ്രഹസഫലീകരണത്തിന്) അല്ലാഹുവിന്റെ അടുത്ത് ശുപാർശ ചെയ്യും എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ഇക്കാലത്ത് അതിന് തുല്യമായ സംഗതിയാണ് മഹാന്മാരുടെ ക്വബ്‌റുകളെ ആദരിക്കുന്ന പ്രവർത്തനങ്ങൾകൊണ്ട് വ്യാപൃതരാവൽ; ക്വബ്‌റിലുള്ള മഹാന്മാർ അല്ലാഹുവിന്റെയടുക്കൽ തങ്ങൾക്കു വേണ്ടി ശുപാർശ ചെയ്യും എന്ന വിശ്വാസത്തിന്റെ പേരിൽ സൃഷ്ടികളിൽ ധാരാളം ആളുകൾ മഹാന്മാരുടെ ക്വബ്‌റുകളെ മഹത്ത്വപ്പെടുത്തുന്നതിൽ വ്യാപൃതരാകുന്നതും’’ (തഫ്‌സീറുൽ കബീർ).

ഇമാം നവവി(റഹി) തന്റെ ‘അൽഈദാഇ’ലും ‘ശറഹുൽ മുഹദ്ദബി’ലും പറഞ്ഞത് കാണുക: “നബി ﷺ യുടെ ക്വബ്ർ ത്വവാഫ് ചെയ്യാൻ പാടില്ല. വയറും മുതുകും അതിന്റെ ചുമരിൽ ചേർക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ക്വബ്‌റിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിതകാലത്ത് ഹാജറായാൽ എങ്ങനെ സമീപിക്കുമോ അതുപോലെ അകന്നു നിൽക്കണം. ഇതാണ് പണ്ഡിതന്മാർ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരിൽ പ്രവർത്തിക്കുന്നതു കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരംകെട്ടവരും സാധാരണക്കാരുമായ ആളുകൾ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ നോക്കുകതന്നെ വേണ്ട. പിൻപറ്റലും കർമവും വിവരമുള്ളവർ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സൻമാർഗം നീ പിന്തുടരുക. ആ വഴിയിൽ പ്രവേശിക്കുന്നവർ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാർഗം നീ സൂക്ഷിക്കണം. ആ വഴിയിൽ കടക്കുന്നവരുടെ ആൾപെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് എന്ന് ഫുളയ്‌ലുബ്‌നു ഇയാദ് പറഞ്ഞത് വളരെ മനോഹരമാണ്’’ (അൽഈദാഹ്, പേജ് 919).

ഇമാം സുയൂത്വി(റഹി)യും ഇബ്‌നു ഹജറുൽ ഹൈതമിയും മറ്റും പറഞ്ഞത് വേറെയുമുണ്ട് ഉദ്ധരിക്കാൻ.

(തുടരും)