സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും

ഡോ. ഷാനവാസ് യു.എസ്.എ

2023 നവംബർ 04 , 1445 റ.ആഖിർ 20

ഭാഗം: 02

ഗൊണാഡുകൾ (Gonads)

മനുഷ്യന്റെ പ്രാഥമിക ലൈംഗികാവയവങ്ങളെയാണ് ഗോണാഡുകൾ (gonads)എന്നു പറയുന്നത്. പുരുഷന്റെ ലൈംഗികാവയവത്തിനെ വൃഷണം(testes)എന്നും സ്ത്രീയുടെ ലൈംഗികാവയവത്തിനെ അണ്ഡാശയം(ovary) എന്നും പറയുന്നു.

“എന്നാൽ മനുഷ്യൻ ചിന്തിച്ചുനോക്കട്ടെ, താൻ എന്തിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തിൽനിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിൽനിന്ന് അത് പുറത്തു വരുന്നു’’ (ക്വുർആൻ 86:5-7).

എന്തുകൊണ്ട് വൃഷണത്തെ വാരിയെല്ലിന്റെയും മുതുകെല്ലിന്റെയും ഇടയിൽനിന്നും ഉൽഭവിച്ചതായി പറയുന്നു എന്ന സംശയം ഉയർന്നേക്കാം. കാരണം സാധാരണ ഒരു പുരുഷനിൽ വൃഷണം കാണപ്പെടുന്നത് വയറിനു പുറത്തുള്ള പ്രത്യേകമായ വൃഷണസഞ്ചിയിലാണ്.

ഇതിനെക്കുറിച്ച് ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം. വാരിയെല്ലിന്റെയും (ribs)ഇടുപ്പെല്ലിന്റെയും (pelvis) ഇടയിലായി, നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായുള്ള ശരീരത്തിന്റെ ഭാഗത്തെയാണ് ലോയിൻ (loin) എന്ന് പറയുന്നത്. വൃഷണവും അണ്ഡാശയവും രൂപപ്പെടുന്നത് ഏതാണ്ട് നാലുമുതൽ 6 ആഴ്ചവരെയുള്ള ഭ്രൂണത്തിന്റെ (embryo) വളർച്ചാകാലഘട്ടത്തിലാണ്. ഇവ രണ്ടും ഒരേ തരത്തിലുള്ള കോശങ്ങളിൽനിന്നുമാണ് രൂപപ്പെടുന്നത് എന്നതാണ് അത്ഭുതകരമായ കാര്യം. ഗൊണാഡൽ റിഡ്ജ് (gonadal ridge) എന്നാണ് ആ മാതൃകോശത്തിന്റെ പേര്. ഗൊണാഡൽ റിഡ്ജുകൾ (gonadal ridges)രൂപപ്പെടുന്നത് പെരിട്ടോണിയം (peritoneum) എന്ന ഒരു ആവരണത്തിന്റെ (membrane) കോശങ്ങളിൽനിന്നുമാണ്. പുരുഷന്റെ കോശങ്ങളിൽ മാത്രമായി കാണുന്ന Y ക്രോമസോമുകളിൽ കാണപ്പെടുന്ന SRY എന്ന ജീൻ ആണ് ഗൊണാഡൽ റിഡ്ജിൽനിന്നും അണ്ഡാശയമാണോ, വൃഷണമാണോ രൂപപ്പെടേണ്ടത് എന്നു തീരുമാനിക്കുന്നത്.

പുരുഷനിലെ SRY ജീൻ ഒരു പ്രത്യേക സ്രവം ഉൽപാദിപ്പിക്കുന്നു. വൃഷണ നിർണയ ഹോർമോൺ (testis determining factor) എന്നാണ് ആ സ്രവത്തിന്റെ പേര്. രക്തത്തിൽ ഈ സ്രവത്തിന്റെ സാന്നിധ്യം ഗൊണാഡൽ റിഡ്ജിൽനിന്നും വൃഷണം രൂപപ്പെടാൻ കാരണമാകുന്നു. സ്ത്രീകളിൽ Y ക്രോമസോം ഇല്ലാത്തതിനാൽ വൃഷണനിർണയ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നില്ല. സ്ത്രീകളിൽ രക്തത്തിൽ ഈ സ്രവത്തിന്റെ അസാന്നിധ്യം ഗൊണാഡൽ റിഡ്ജിൽനിന്നും അണ്ഡാശയം രൂപപ്പെടാൻ കാരണമാകുന്നു.

ഇങ്ങനെ രൂപപ്പെടുന്ന ഈ വൃഷണം, ഒരു ഗർഭസ്ഥശിശുവിൽ (fetus)അതിന്റെ ലോയിൻ ഭാഗത്ത്, അതായത് പെരിട്ടോണിയത്തിന്റെ പുറകിൽ വാരിയെല്ലിന്റെയും ഇടുപ്പെല്ലിന്റെയും ഇടയിലായിട്ടാണ് കാണപ്പെടുന്നത്. പിന്നീട് ഗർഭസ്ഥ ശിശുവിന് എട്ടുമാസം പ്രായമാകുമ്പോൾ വൃഷണസഞ്ചിയിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്. ഈ സ്ഥാനമാറ്റത്തിന്റെ കാരണങ്ങൾ തുടർന്നുള്ള അധ്യായങ്ങളിൽ വിശദീകരിക്കുന്നതാണ്.

വൃഷണം

പുരുഷനിലെ പ്രാഥമിക ലൈംഗികാവയവമാണ് (primary sex organ) വൃഷണം (testes). ഒരു വ്യക്തിയിൽ രണ്ടുവീതം വൃഷണങ്ങൾ ഉണ്ട്. മറ്റ് അവയവങ്ങളിൽനിന്നും വ്യത്യസ്തമായി ശരീരത്തോട് ചേർന്നുനിൽക്കുന്ന വൃഷണസഞ്ചിയിലാ(scrotum)ണ് ഇവ കാണപ്പെടുന്നത്. ഇവ ഏതാണ്ട് ഗോളാകൃതിയിലുള്ളതാണ്.

നല്ല കട്ടിയുള്ള ആവരണങ്ങളാൽ ഇവ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോ വൃഷണത്തിനകത്തും ഏതാണ്ട് 250 ചെറിയ അറകളുണ്ട് (testicular compartments). ഈ അറക്കകത്ത് വളരെ സങ്കീർണമായ ചുറ്റുകളോടുകൂടിയ ചെറിയ ട്യൂബുകൾ ഉണ്ട്. സെമിനിഫെറസ് ട്യൂബുകൾ (seminiferous tubes) എന്നറിയപ്പെടുന്ന ഇവയുടെ അകത്താണ് പുരുഷബീജം (sperm) രൂപപ്പെടുന്നത്.

സെമിനിഫെറസ് ട്യൂബുകളിൽ രൂപപ്പെട്ട പുരുഷബീജം റെറ്റി ടെസ്റ്റിസ് (rete testes) എന്ന ചെറിയ നാളികൾവഴി വൃഷണത്തിന്റെ പുറത്തേക്ക് എത്തുന്നു. എപ്പിഡിഡിമസ് (epididymus)എന്ന വലിയ ഒരു നാളിയിൽ എത്തുകയും അവിടെ താൽക്കാലികമായി സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ എപ്പിഡിഡിമസിൽനിന്നുമാണ് ശുക്ലസ്ഖലന സമയത്ത് പുരുഷബീജം പുറത്തുവരുന്നത്.

“അപ്പോൾ നിങ്ങൾ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്, അതല്ല നാമാണോ സൃഷ്ടികർത്താവ്?’’ (56:58-59).

ചില കുട്ടികളിൽ വൃഷണം വൃഷണസഞ്ചിയിലേക്ക് ഇറങ്ങാതെ വരാറുണ്ട്. ഇതിനെ ക്രിപ്‌റ്റോർകിടിസം (cryptorchidism / undescended testes) എന്ന് പറയുന്നു. ഇത് ബീജത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള അസുഖമുള്ളവരിൽ ശസ്ത്രക്രിയവഴി വൃഷണത്തെ വൃഷണസഞ്ചിയിലേക്ക് മാറ്റുകയാണ് ചെയ്യാറ്. അല്ലാത്തപക്ഷം ഭാവിയിൽ ഇത് പ്രത്യുൽപാദനശേഷിയെ പ്രതികൂലമായി ബാധിക്കും.

വൃഷണസഞ്ചിയുടെ താപം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ 2 ഡിഗ്രി സെൽഷ്യസ് കുറവാണ്. ബീജത്തിന്റെ രൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ താപനിലയാണിത്. ലോയിനിൽ രൂപപ്പെട്ട വൃഷണം വൃഷണസഞ്ചിയിലേക്ക് ചലിക്കാനുള്ള പ്രധാന കാരണം ഇതാണ്.

അണ്ഡാശയം

സ്ത്രീകളുടെ പ്രാഥമിക ലൈംഗികാവയവമാണ് (primary sex organ) അണ്ഡാശയം (ovary). ഒരു സ്ത്രീയിൽ സാധാരണയായി രണ്ട് അണ്ഡാശയങ്ങൾവീതം ഉണ്ടാകും. വയറിന്റെ താഴെ ഭാഗത്ത് ഇരുവശങ്ങളിലുമായി ഇവ സ്ഥിതിചെയ്യുന്നു. വൃഷണത്തെപ്പോലെ തന്നെ ഇവക്കും കട്ടിയുള്ള ഒരു ആവരണം (tunica albuginea) ഉണ്ട്. അണ്ഡാശയത്തിന്റെ മധ്യഭാഗത്തെ മെഡുല്ല (medulla) എന്ന് പറയുന്നു. ഇവിടെ അണ്ഡാശയത്തിലേക്കുള്ള ഞരമ്പുകളും നാഡികളും (nerves and blood vessels) കാണപ്പെടുന്നു.

അണ്ഡാശയത്തിന്റെ പുറമെയുള്ള ഭാഗത്തെ കോർട്ടക്‌സ് (cortex) എന്ന് വിളിക്കുന്നു. അണ്ഡം (ovum) രൂപം കൊള്ളുന്നത് ഈ കോർട്ടക്‌സിൽവെച്ചാണ്. ആർത്തവചക്രം (menstrual cycle) പകുതിയാകുമ്പോൾ പൂർണവളർച്ചയെത്തിയ അണ്ഡം ഇതിൽനിന്നും പുറത്തേക്ക് വരുന്നു. ഈ പ്രക്രിയയെ ഓവുലേഷൻ (ovulation) എന്നു വിളിക്കുന്നു.

ബീജസങ്കലനം

പുരുഷ ബീജത്തിന്റെയും അണ്ഡത്തിന്റെയും കൂടിച്ചേരലിനെയാണ് ബീജസങ്കലനം (fertilization) എന്ന് പറയുന്നത്. ഗർഭപാത്രത്തിന്റെ ഭാഗമായ അണ്ഡവാഹിനി കുഴലിൽവെച്ചാണ് ഈ പ്രക്രിയ സാധാരണ രീതിയിൽ നടക്കുന്നത്. ഈ പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന കോശത്തെ സിക്താണ്ഡം (zygote) എന്ന് വിളിക്കുന്നു. ഈ സിക്താണ്ഡം പിന്നീട് വിഭജിക്കുന്നതിന്റെയും വളരുന്നതിന്റെയും ഫലമായി ഭ്രൂണം (embryo) രൂപപ്പെടുന്നു. ഭ്രൂണം വളർന്ന് ഒരു മനുഷ്യക്കുഞ്ഞായി മാറുന്നു.

“കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു...’’ (ക്വുർആൻ 76:2).

“മനുഷ്യനെ അവൻ ഭ്രൂണത്തിൽനിന്നും സൃഷ്ടിച്ചിരിക്കുന്നു’’(96:2).

മുമ്പ് പ്രതിപാദിച്ചപോലെ, ഒരിക്കൽ പുറത്തുവരുന്ന ശുക്ലത്തിൽനിന്നും 200മുതൽ 300 മില്യൺ വരെ പുരുഷബീജം സ്ത്രീയുടെ യോനിയിൽ നിക്ഷേപിക്കപ്പെടുന്നു. ഇവിടെവെച്ച് പുരുഷബീജം കപ്പാസിറ്റേഷൻ (capacitation) എന്ന പ്രക്രിയയ്ക്ക് വിധേയമാകുന്നു. ശേഷം ഇവ ഗർഭപാത്രത്തിലൂടെ സഞ്ചരിച്ച് അണ്ഡത്തിന്റെ അടുത്തെത്തുന്നു. ലക്ഷക്കണക്കിന് ബീജങ്ങളുണ്ടെങ്കിലും ഇവയിൽ ഒന്നിന് മാത്രമെ അണ്ഡവുമായി കൂടിച്ചേരാൻ കഴിയുകയുള്ളൂ.

ഓരോ പുരുഷബീജത്തിലും അണ്ഡത്തിലും ഒരുകൂട്ടം ക്രോമസോമുകളാണ് ഉള്ളത്. അത്തരം കോശങ്ങളെ ഏകക്രോമസോമുകൾ (haploid) എന്ന് വിളിക്കുന്നു. ഇവ രണ്ടും കൂടിച്ചേർന്നുണ്ടാകുന്ന സിക്താണ്ഡത്തിന് രണ്ടുകൂട്ടം ക്രോമസോമുകൾ ഉണ്ട്. അതിനാൽ അവയെ ദ്വിക്രോമസോമുകൾ (diploids)എന്ന് വിളിക്കുന്നു. മനുഷ്യനിൽ ബീജങ്ങളൊഴിച്ച് എല്ലാ കോശങ്ങളും ദ്വിക്രോമസോമുകളാണ്.

ചുരുക്കത്തിൽ, ഒരു മനുഷ്യൻ സൃഷ്ടിക്കപ്പെടുമ്പോൾ അവന്റെ ഓരോ കോശത്തിലും അവന്റെ പിതാവിൽനിന്നുള്ള 23 ക്രോമസോമുകളും മാതാവിൽ നിന്നുള്ള 23 ക്രോമസോമുകളും ചേർന്ന് ആകെ 46 ക്രോമസോമുകൾ ഉണ്ടാകും.

പുരുഷബീജം അണ്ഡത്തിന്റെ അരികിലെത്തുമ്പോൾ ആ ബീജത്തിന്റെ തലയുടെ അറ്റത്തുനിന്നും ഒരു ദീപനരസം (enzyme) ഉൽപാദിപ്പിക്കപ്പെടുന്നു. ഈ പ്രക്രിയയെ അക്രോസോമൽ പ്രക്രിയ (acrosomal reaction) എന്ന് വിളിക്കുന്നു. ഈ ദ്രാവകം അണ്ഡത്തിന്റെ ഓരോ ആവരണങ്ങളേയും ദഹിപ്പിക്കുകയും പുരുഷബീജത്തിന് അണ്ഡത്തിന്റെ അടുത്ത് എത്താനുള്ള വഴി സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ പുരുഷബീജവും അണ്ഡവും പരസ്പരം കൂടിച്ചേരുകയും ദ്വികോശിയായ സിക്താണ്ഡം (zygote) ഉണ്ടാവുകയും ചെയ്യുന്നു.

ഒരു പുരുഷബീജം സ്ത്രീയുടെ അണ്ഡവുമായി കൂടിച്ചേർന്നാലുടനെ അണ്ഡത്തിന്റെ ആവരണങ്ങളിൽ ഉണ്ടായ വിടവുകൾ അടക്കപ്പെടുന്നു. ഇത് മറ്റൊരു പുരുഷബീജം അണ്ഡവുമായി കൂടിച്ചേരുന്നത് തടയുന്നു. ഈ പ്രക്രിയയെ കോർട്ടിക്കൽ പ്രക്രിയ (cortical reaction) എന്ന് പറയുന്നു. ഇത്തരത്തിൽ ഒരു പുരുഷബീജം ഒരു അണ്ഡവുമായി മാത്രം കൂടിച്ചേർന്ന് ബീജസങ്കലനം നടക്കുന്നതിനെ മോണോസ്‌പേർമി (monospermy) എന്ന് വിളിക്കുന്നു. ചില ജീവികളിൽ ഒന്നിലധികം പുരുഷബീജങ്ങൾ അണ്ഡവുമായി കൂടിച്ചേരുന്നു. ഇതിനെ പോളിസ്‌പേർമി (polyspermy) എന്ന് പറയുന്നു.

ബീജസങ്കലനവുമായി ബന്ധപ്പെട്ട രോഗങ്ങൾ

1. ഗർഭാശയേതര ഗർഭം: സാധാരണ ബീജസങ്കലനം നടക്കുന്നത് അണ്ഡവാഹിനി കുഴലിൽവെച്ചാ ണല്ലോ. ഇങ്ങനെ രൂപപ്പെടുന്ന ഭ്രൂണം ഗർഭാശയഭിത്തിയിൽ ഒട്ടിപ്പിടിച്ച് വളരുന്നു. എന്നാൽ ചില സ്ത്രീകളിൽ ബീജസങ്കലനം അണ്ഡവാഹിനി കുഴലിന് പുറത്തുവെച്ച് നടക്കുകയും അങ്ങനെയുണ്ടാകുന്ന ഭ്രൂണം ശരീരത്തിന്റെ മറ്റ് ആന്തരികഭാഗങ്ങളിൽ ഒട്ടിപ്പിടിച്ചു വളരുകയും ചെയ്യുന്നു. ഇതിനെയാണ് ഗർഭാശയേതര ഗർഭം (Ectopic pregnancy) എന്ന് വിളിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടുപിടിച്ചില്ലെങ്കിൽ മാതാവിന്റെ മരണത്തിനുവരെ കാരണമായേക്കാം.

2.വന്ധ്യത: ലൈംഗികബന്ധത്തിലൂടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയെയാണ് വന്ധ്യത എന്ന് പറയുന്നത്. വ്യത്യസ്ത കാരണങ്ങൾകൊണ്ട് വന്ധ്യതയുണ്ടാവാം. നേരത്തെ നാം പ്രതിപാദിച്ച ബീജസങ്കലനത്തിന്റെ ഏതൊരു ഘട്ടത്തിൽ ഉണ്ടാകുന്ന കുറവുകളും വന്ധ്യതയുടെ പ്രധാന കാരണങ്ങളാണ്.

(തുടരും)