കണ്ണിന്റെയും ചെവിയുടെയും രൂപപ്പെടൽ

ഡോ. ഷാനവാസ് യു.എസ്.എ

2023 നവംബർ 25 , 1445 ജു.ഊലാ 11

(സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും - 6)

മനുഷ്യന്റെ ഏറ്റവും സുപ്രധാനമായ രണ്ടു ജ്ഞാനേന്ദ്രിയങ്ങളാണ് (sensory organs) ചെവിയും കണ്ണും. ഒരു ഗർഭസ്ഥശിശുവിന് ഇവയുടെ രൂപപ്പെടൽ വളരെയധികം സങ്കീർണതകൾ നിറഞ്ഞതാണ്. ഗർഭസ്ഥശിശുവിന്റെ വളർച്ച ഏതാണ്ട് 3 ആഴ്ച പൂർത്തിയാകുമ്പോൾ (അല്ലെങ്കിൽ നാലാമത്തെ ആഴ്ച ആരംഭിക്കുമ്പോൾ) ആണ് അതിന് ചെവിയും കണ്ണും രൂപപ്പെടുന്നത്. അതായത് ഇവ ഏതാണ്ട് ഒരേ സമയത്താണ് രൂപപ്പെടുന്നത്.

“കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനും ആക്കിയിരിക്കുന്നു’’ (ക്വർആൻ 76:2).

ചെവിയുടെ രൂപപ്പെടൽ

മനുഷ്യന്റെ ചെവിക്ക് പ്രധാനമായും മൂന്നു ഭാഗങ്ങളുണ്ട്:

1. അകത്തെ ചെവി (inner ear).

2. പുറത്തെ ചെവി (external ear).

3. നടുവിലത്തെ ചെവി (middle ear).

ഇവയിൽ അകത്തെ ചെവിയാണ് ഏറ്റവുമാദ്യം രൂപപ്പെടുന്നത്. ഗർഭസ്ഥശിശുവിന്റെ വളർച്ച ഏതാണ്ട് 22 ദിവസം ആകുമ്പോഴേക്കും ഇവ രൂപപ്പെട്ടുവരുന്നു. ഗർഭസ്ഥശിശുവിന്റെ തലയുടെ രണ്ടു വശങ്ങളിലായി

കാണപ്പെടുന്ന കട്ടികൂടിയ ഭാഗങ്ങളിൽനിന്നാണ് അകത്തെ ചെവി രൂപപ്പെടുന്നത്. അവയെ ചെവിയുടെ പ്ലക്കോഡുകൾ (otic placodes)എന്നു വിളിക്കുന്നു. ശേഷം ഇവയ്ക്ക് രൂപമാറ്റം വരികയും അവ ചെവിയുടെ ചെറിയ കുഴികളും (otic pits) വെസിക്കിളുകളും (otic vesicles) ആയി മാറുന്നു. ഈ വെസിക്കിളിൽ നിന്നും അകത്തെ ചെവിയുടെ മറ്റു ഭാഗങ്ങൾ രൂപപ്പെടുന്നു.

എന്നാൽ ചെവിയുടെ മറ്റു രണ്ടു ഭാഗങ്ങൾ രൂപപ്പെടുന്നത് തികച്ചും വ്യത്യസ്തമായാണ്. ഫാരിഞ്ചൽ ആർച്ചുകൾ (pharyngeal arches)എന്നും ഫാരിഞ്ചൽ ക്ലഫ്റ്റുകൾ (pharyngeal clefts) എന്നും അറിയപ്പെടുന്ന, ഗർഭസ്ഥശിശുവിന്റെ ഭാഗങ്ങളിൽനിന്നാണ് ഇവ യഥാക്രമം രൂപപ്പെടുന്നത്.

കണ്ണിന്റെ രൂപപ്പെടൽ

ചെവിയെപ്പോലെ തന്നെ, കണ്ണ് രൂപപ്പെടുന്നതും ഗർഭസ്ഥശിശുവിന് ഏതാണ്ട് 3 ആഴ്ച പൂർത്തിയാകുമ്പോളാണ്. തലച്ചോറിന്റെ ഏറ്റവും മുൻഭാഗത്ത് കാണപ്പെടുന്ന വെസിക്കിൾസിൽ (optic vesicles)നിന്നാണ് കണ്ണിന്റെ സുപ്രധാന ഭാഗങ്ങൾ രൂപപ്പെടുന്നത്. ഈ വെസിക്കിൾസ് പിന്നീട് ഒപ്റ്റിക് കപ്പുകൾ (optic cups)ആയി രൂപം മാറ്റപ്പെടുന്നു. ഇതിൽനിന്നുമാണ് കണ്ണിന്റെ ഏറ്റവും സുപ്രധാന ഭാഗമായ റെറ്റിന (retina), സീലിയറി ബോഡികൾ (ciliary bodies), ഐറിസ് (iris)എന്നിവ രൂപപ്പെടുന്നത്.

പ്രസവം

ഒരു ഗർഭസ്ഥശിശു ഏതാണ്ട്് 40 ആഴ്ചയോളം മാതാവിന്റെ ഗർഭാശയത്തിൽ വളരുന്നു. പിന്നീട് പൂർണവളർച്ചയെത്തിയ ശിശുവായി ഗർഭാശയത്തിൽനിന്നും ഗർഭനാളിവഴി പുറത്തുവരുന്നു. ഈ പ്രക്രിയയെയാണ് പ്രസവം (parturition) എന്ന് പറയുന്നത്.

“...നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു...’’ (22:5).

ഗർഭസ്ഥശിശുവിന് പൂർണവളർച്ചയെത്തുന്നതോടുകൂടി ഗർഭാശയത്തിലെ പേശികൾ (uterine muscles)ചെറിയ രീതിയിൽ സങ്കോചിച്ചു തുടങ്ങും. ഈ സങ്കോചനം മാതാവിന്റെ തലച്ചോറിലുള്ള പിയൂഷഗ്രന്ഥിയെ (pituitary gland) ഉത്തേജിപ്പിക്കും. ഇതിന്റെ ഫലമായി, ഈ ഗ്രന്ഥിയിൽനിന്നും ഓക്‌സിറ്റോസിൻ (oxytocin) എന്ന് വിളിക്കുന്ന പ്രത്യേകമായ ഹോർമോൺ രക്തത്തിലേക്ക് സ്രവിക്കപ്പെടുന്നു. ഈ ഓക്‌സിറ്റോസിൻ ഹോർമോൺ ഗർഭാശയഭിത്തിയുടെ (uterine myometrium) സങ്കോചനം വർധിപ്പിക്കുന്നു. സങ്കോചനത്തിലുള്ള വർധനവ് വീണ്ടും പിയൂഷഗ്രന്ഥിയെ ഉത്തേജിപ്പി ക്കുകയും അതിന്റെ ഫലമായി കൂടുതൽ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ശിശു പുറത്ത് എത്തുന്നതുവരെ ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കും. ഗർഭാശയ പേശിയുടെ ഈ സങ്കോചനമാണ് പ്രസവവേദനയായി അനുഭവപ്പെടുന്നത്. മേൽപ്പറഞ്ഞ പ്രകാരം പ്രസവസമയത്ത് സങ്കോചനം (contraction) വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ പ്രസവവേദനയും വർധിച്ചുകൊണ്ടിരിക്കും. ഗർഭാശയത്തിന്റെ മുകളിൽനിന്നും താഴോട്ടാണ് സങ്കോചനമുണ്ടാകുന്നത്. ഇത് ഗർഭസ്ഥശിശുവിനെ ഗർഭാശയനാളിയിലൂടെ ഗർഭാശയത്തിൽനിന്നും പുറത്തെത്താൻ സഹായിക്കുന്നു.

പ്രസവത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. അവ താഴെ വിശദീകരിക്കുന്നു:

ഒന്നാം ഘട്ടം

ഗർഭാശയ സങ്കോചം തുടങ്ങിയതു മുതൽ ഗർഭാശയമുഖം (cervix) പൂർണമായും വികസിക്കുന്നതു വരെയുള്ള സമയമാണിത്. പ്രസവ വേദനയുമായി ഒരു ഗർഭിണി പ്രസവവിദഗ്ധന്റെ (obsterician) അടുത്ത് ചെല്ലുമ്പോൾ ഗർഭാശയമുഖത്തിന്റെ വികസനം എത്രയുണ്ട് എന്നതാണ് പ്രധാനമായും പരിശോധിക്കുക. ഗർഭാശയമുഖത്തിന്റെ വികസനത്തിന്റെ അളവനുസരിച്ച് ആ ഗർഭിണി എത്ര സമയംകൊണ്ട് പ്രസവിക്കും എന്ന ഒരു ധാരണ ഡോക്ടർക്ക് ഉണ്ടാകുന്നു. ഗർഭാശയമുഖം പൂർണമായും വികസിച്ചിട്ടുണ്ടെങ്കിൽ ആ സ്ത്രീ ഉടനെത്തന്നെ പ്രസവിക്കുമെന്നർഥം.

രണ്ടാം ഘട്ടം

ഗർഭാശയമുഖം പൂർണമായി വികസിച്ചതുമുതൽ ശിശു പുറത്തുവരുന്നതുവരെയുള്ള സമയമാണിത്. ആദ്യമായി ഗർഭം ധരിക്കുന്ന സ്ത്രീകളിൽ ഈ ഘട്ടത്തിന് കൂടുതൽ സമയമെടുക്കുന്നു. എന്നാൽ ഒന്നിലധികം പ്രാവശ്യം ഗർഭധാരികളായ സ്ത്രീകളിൽ ഈ ഘട്ടം വളരെ പെട്ടെന്നുതന്നെ പൂർത്തിയാകുന്നു. ഈ ഘട്ടം പെട്ടെന്നാകാൻ വേണ്ടി യോനിയുടെയും മലദ്വാരത്തിന്റെയും ഇടയിലുള്ള ഭാഗത്ത് ചെറിയ മുറിവ് ഉണ്ടാക്കുന്നു. ഈ പ്രക്രിയ പ്രസവം കൂടുതൽ എളുപ്പമാക്കുന്നു.

മൂന്നാം ഘട്ടം

ശിശു പുറത്തുവന്നതുമുതൽ, മറുപിള്ള (placenta) ഗർഭാശയത്തിൽനിന്നും പുറന്തള്ളപ്പെടുന്നതു വരെയുള്ള സമയമാണിത്.

പ്രസവാനന്തരമുള്ള അമിതമായ രക്തസ്രാവം

ഗർഭകാലഘട്ടത്തിൽ വികസിച്ച ഗർഭാശയം, പ്രസവശേഷം മിനിറ്റുകൾ കൊണ്ട് ചുരുങ്ങുകയും നല്ല കട്ടിയുള്ള ഒരു ക്രിക്കറ്റ് പന്തുപോലെയാകുകയും ചെയ്യുന്നു. ഇപ്രകാരം ഗർഭാശയം ചുരുങ്ങുന്നതിന്റെ ഫലമായി അവയിലെ രക്തക്കുഴലുകളും ചുരുങ്ങുന്നു. ഇതിന്റെ ഫലമായി ഈ രക്തക്കുഴലുകളിൽ നിന്നുമുള്ള അമിതമായ രക്തസ്രാവം തടയപ്പെടുന്നു.

എന്നാൽ ചില സ്ത്രീകളിൽ പ്രസവാനന്തരം ഗർഭാശയത്തിന്റെ ചുരുക്കം തടസ്സപ്പെടുന്നു. അതിന്റെ ഫലമായി അവയിലെ രക്തക്കുഴലുകളും വികസിച്ചുതന്നെ നിൽക്കുന്നു. അതിനാൽ ഈ രക്തക്കുഴലുകളിൽ നിന്നും അമിതമായ രക്തസ്രാവമുണ്ടാകുന്നു. ഈ രക്തസ്രാവം പെട്ടെന്നുതന്നെ ശസ്ത്രക്രിയവഴി നിയന്ത്രിച്ചില്ലെങ്കിൽ മിനിറ്റുകൾക്കിടയിൽ മാതാവിന്റെ മരണത്തിന് കാരണമാകുന്നു.

പ്രസവ തടസ്സം

വ്യത്യസ്ത കാരണങ്ങളാൽ ഗർഭാശയനാളിയിലൂടെയുള്ള ശിശുവിന്റെ സഞ്ചാരത്തിന് തടസ്സം നേരിട്ടേക്കാം. ഇതിന്റെ ഫലമായി പ്രസവം തടസ്സപ്പെടുകയോ, പ്രസവസമയം ദീർഘിക്കുകയോ ചെയ്യാം. ഇത് മാതാവിന്റെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാവാൻ കാരണമായേക്കാം. ഗർഭാശയത്തിന്റെ ശക്തികുറഞ്ഞ സങ്കോചനം, കുട്ടിയുടെ തലയും മാതാവിന്റെ ഇടുപ്പും (pelvis) തമ്മിലുള്ള വലിപ്പവ്യത്യാസം തുടങ്ങിയവയാണ് പ്രസവ തടസ്സത്തിനുള്ള പ്രധാന കാരണങ്ങൾ.

ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയോ, പ്രത്യേക മരുന്നുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ അടിയന്തിര പ്രസവശസ്ത്രക്രിയ (emergency caesarean section) നടത്തിയോ പ്രസവം വേഗത്തിലാക്കുകയാണ് ചെയ്യുക.