ലഹരി പദാർഥങ്ങൾ; ഇസ് ലാം എന്തു പറയുന്നു?

അബ്ദുൽ ജബ്ബാർ മദീനി

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

ഇസ്‌ലാം മനുഷ്യനെ അങ്ങേയറ്റം ആദരിച്ചു. മനുഷ്യജീവിത സൗഖ്യത്തിന് ഇസ്‌ലാം കൽപിച്ച പ്രാധാന്യം വിവരണാതീതമാണ്. മനുഷ്യന്റെ മതം, ശരീരം, അഭിമാനം, ബുദ്ധി, ധനം എന്നീ അഞ്ച് കാര്യങ്ങൾ സംരക്ഷിക്കൽ ഇസ്‌ലാം അതിന്റെ ഉദ്ദിഷ്ട ലക്ഷ്യമായി സ്വീകരിച്ചു. ഈ അഞ്ച് കാര്യങ്ങളിൽ ഒന്നിനെയെങ്കിലും ഹനിക്കുന്ന വല്ല കാരണവുമുണ്ടായാൽ പ്രസ്തുത കാരണം ഇസ്‌ലാമിൽ നിഷിദ്ധമാണ്. ‘ഞാൻ ഒരു ഉപദ്രവത്തിനും തീരെയില്ല, എന്നോട് ഒരു ഉപദ്രവവും പാടുമില്ല’ എന്ന തത്ത്വം ഇസ്‌ലാമിൽ സർവാംഗീകൃതമായി സ്വീകരിക്കപ്പെട്ടത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

പിശാചും പൈശാചികരും മുസ്‌ലിംകളെ ദീനിൽനിന്ന് തെറ്റിക്കാൻ ഇന്നലെയും ഇന്നുമായി പല മാർഗങ്ങളും സ്വീകരിച്ചു. അതവർ തുടർന്നുകൊണ്ടിരിക്കുന്നു. അല്ലാഹു പറഞ്ഞു:

“അവർക്ക് സാധിക്കുകയാണെങ്കിൽ നിങ്ങളുടെ മതത്തിൽനിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നതുവരെ അവർ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും’’ (ക്വുർആൻ 2:217).

മതചിട്ടയിൽ നടന്നുനീങ്ങുന്ന സമൂഹത്തെ മതത്തിൽനിന്ന് തെറ്റിക്കലാണ് എറ്റവും നല്ല മുറയെന്ന് പഠിച്ചറിഞ്ഞ ശത്രുക്കൾ പല മാർഗങ്ങൾ പയറ്റി നോക്കി. പലതും വിജയം കണ്ടു. ശത്രു നമുക്കെതിരിലെ റിഞ്ഞ ഏറ്റവും കടുത്ത വലയായിരുന്നു ലഹരിപദാർഥങ്ങളും മയക്കുമരുന്നും. അത് രാസപദാർഥങ്ങൾ കൊണ്ടുള്ളതാകട്ടെ, പ്രകൃതിയിൽ വളരുന്ന സസ്യലതാതികളാകട്ടെ അവയുടെ ഉപയോഗം തീർത്തും തെറ്റാണ്. ഉപദ്രവം ദൂരവ്യാപകവുമാണ്. ബുദ്ധിയുള്ള മനുഷ്യർ ഈ വിഷയത്തിൽ രണ്ടഭിപ്രായക്കാരാകുമെന്ന് തോന്നുന്നില്ല.

മയക്കുമരുന്ന് മനുഷ്യനെ അധർമകാരിയാക്കി മാറ്റുന്നു. തന്നെ സ്യഷ്ടിച്ച് പരിപാലിക്കുന്ന തമ്പുരാനും മയക്കുമരുന്നിന്റെ പിടിയിലമർന്ന മർത്യനുമിടയിൽ പിശാച് കനത്ത മറ സ്യഷ്ടിക്കുന്നു. ദൈവസ്മരണയിലൂടെ മനഃശാന്തി നേടേണ്ട മനുഷ്യന് സമാധാനം മരുപ്പറമ്പിലെ മരീചികക്ക് സമാനമാക്കുന്നു.

മയക്കമരുന്ന് മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നു. മനുഷ്യജീവിത സൗഖ്യം കെടുത്തുന്നു. മനുഷ്യജീവിതത്തെ ജയിലറയുടെ ഇരുട്ടിലേക്ക് തള്ളുന്നു. ദാരുണമായ അന്ത്യം മനുഷ്യന് സമ്മാനിക്കുന്നു. മനുഷ്യന്റെ സമനില തെറ്റിക്കുന്നു. പേശിബലം കുറക്കുന്നു. ക്രമേണയായി ഹ്യദയപേശികളുടെ നാഡിമിടിപ്പ് തകരാറിലാക്കുന്നു. ഹ്യദയസ്തംഭന സാധ്യത ഏറ്റുന്നു. ഭീമമായ മാറാരോഗങ്ങളുടെയും അളവറ്റ വ്യാധികളുടെയും അടിമയാക്കി മനുഷ്യനെ മാറ്റുന്നു. മനുഷ്യ ശരീരത്തിന്റെ തേജസ്സും സൗന്ദര്യവും കെടുത്തി വൈരൂപ്യം സമ്മാനിക്കുന്നു.

മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിച്ചുവരുന്ന ഒരാൾ, അതിന്റെ അളവിൽ കുറവ് വരികയോ ലഭിക്കാതെ വരികയോ ചെയ്താൽ അയാൾ അക്ഷരാർഥത്തിൽ ഭ്രാന്തനായി മാറുകയും ഏത് മാർഗത്തിലൂടെയും അത് നേടിയെടുക്കാൻ വ്യഗ്രതയും വേണ്ടാത്തരങ്ങളും കാട്ടുകയും ചെയ്യുന്നു. മനുഷ്യന്റെ ഈ ദൗർബല്യം നന്നായി മനസ്സിലാക്കിയ മയക്കുമരുന്ന് മാഫിയ അവരുടെ കച്ചവടം വിപുലമാക്കുന്നതിനുവേണ്ടി കലാലയങ്ങളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് യുവതീയുവാക്കളിലേക്കും മുതിർന്നവരിലേക്കും അവരുടെ സർവ്വകുതന്ത്രങ്ങളും പ്രയോഗിക്കുകയും പലരും അതിന് അടിമകളാകുന്നതുവരെ അതിലേക്ക് പ്രേരിപ്പിക്കുകയും അതിന് ശേഷം അവരെ കയ്യൊഴിയുകയും ചെയ്യുകയാണ്.

മയക്കുമരുന്ന് സമ്പത്തുകൾ അന്യായമായി നശിപ്പിക്കുന്നു. മയക്കത്തിലും ആലസ്യത്തിലും തപ്പിത്തടയുന്ന മരുന്നുവാഹകൻ താൻ അദ്ധ്വാനിച്ചെടുത്ത ധനം ഏതുവഴിക്കെന്നുപോലുമറിയാതെ ധൂർത്തടിക്കുന്നു. ഉറ്റവരും ഉടയവരും ഉപയോഗിച്ചാസ്വദിക്കേണ്ട തന്റെ സമ്പത്ത് മയക്കുമരുന്ന് മാഫിയയുടെ കൈകളിലൂടെ ക്രയവിക്രയം ചെയ്യപ്പെടുന്നു. ദുർവിനിയോഗത്തിലൂടെ തന്റെ ധനം തനിക്കേകുന്നതാകട്ടെ തീരാവേദനയും ദുഃഖവും മാത്രം?!

മയക്കുമരുന്ന് കുടുംബ ജീവിതം തകർക്കുന്നു. വൈവാഹിക ജീവിതം ശാപ ജീവിതമാക്കുന്നു. മക്കളെ അനാഥരാക്കുന്നു, കുടുംബത്തിന്റെ പേരും പെരുമയും കളഞ്ഞുകുളിക്കുന്നു.

മയക്കുമരുന്നിന്റെ അടിമ ഇന്നലെകളിലെ സുഖജീവിതം നാളെയുടെ അഴുക്ക് ചാലിലേക്ക് തള്ളിയിടുന്നു. മയക്കുമരുന്നിന് അടിമയായവരാണ് വാഹനാപകടകാരികളിൽ ഭൂരിഭാഗവും. സമൂഹത്തിന്റെ മുഴുവൻ ശാപവും പേറി ഒരു നല്ലമടക്കം പോലും പ്രതീക്ഷിക്കാനാവാതെ അയാൾ ജീവച്ഛവമായി കഴിയുന്നു. കുടുംബത്തിനും, സമൂഹത്തിനും, രാഷ്ട്രത്തിനും, ഒരു ഭാരമായി അയാൾ തെരുവുതെണ്ടി, അഴികളെണ്ണി, ദുനിയാവ് തള്ളിനീക്കുന്നു.

ഒരു ആമുഖം ഇവിടെ കുറിച്ചിട്ടത് മയക്കുമരുന്നിന്റെ നാനോന്മുഖമായ അപകടങ്ങളിലേക്ക് മാന്യവായനക്കാരുടെ ശ്രദ്ധ കൊണ്ടുവരാനാണ്. ഈ വിഷയത്തിലെ സ്ഥിതിവിവരക്കണക്കുകൾ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ലോകജനതയുടെ മൂന്നു ശതമാനം മയക്കുമരുന്നിന്റെ അടിമകളാണെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിട്ടുള്ളത്.

അമേരിക്കൻ ചിൽഡ്രൻസ് മെഡിക്കൽ മാഗസിൻ വർഷങ്ങൾക്ക് മുമ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു:

1. 13 മില്യനിലധികം വരുന്ന യുവാക്കൾ അമേരിക്കയിൽ മയക്കുമരുന്നിന്റെ ദൈനംദിന അടിമകളാണ്.

2. 8 മില്യൻ യുവാക്കൾ എം-വിറ്റാമിൻ മയക്കുമരുന്നാണ് ഉപയോഗിക്കുന്നത്.

3. 37വരെ മില്യൻ യുവാക്കൾ കൊക്കയിൻ ഉപയോഗിക്കുന്നു.

പ്രസ്തുത കണക്കുകൾ അമേരിക്കയുടെത് മാത്രമാണെങ്കിൽ ലോകം മൊത്തത്തിലെടുത്താലുള്ള സ്ഥിതിയെന്തായിരിക്കും!

കനേഡിയൻ മിനിസ്ട്രി ഓഫ് ഹെൽത്ത് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

1. 8-16 വരെ പ്രായമുള്ളവരിൽ 13%വും പെട്രോളിൽനിന്ന് കൃത്രിമമായി നിർമിക്കുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.

2. സെക്കന്ററി സ്‌ക്കൂൾ വിദ്യാർഥികൾ 36.4 ശതമാനവും മയക്കുമരുന്നിന്റെ നിത്യോപയോഗത്തിലാണ്്. അമേരിക്കയിൽ ഇത്തരം വിദ്യാർഥികൾ 65 ശതമാനമാണ്. ഈജിപ്തിൽ 17 ശതമാനം കോളേജ് വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് ചില കണക്കുകൾ വെളിപ്പെടുത്തുന്നു. ഈജിപ്തിലെ ഗ്രാന്റ് മുഫ്തി മയക്കുമരുന്ന് വിൽക്കുന്നവരെ പരസ്യമായി പൊതുനിരത്തിൽ വധിക്കണമെന്ന് വർഷങ്ങൾക്ക് മുമ്പ് ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഭയാനകമായ അപകടമായിരിക്കെ പ്രസ്തുത ലഹരിയുമായി ഏതുനിലക്ക് ബന്ധപ്പെട്ടാലും ഇസ്‌ലാമിൽ അത് നിഷിദ്ധമാണ്.

ചില തെളിവുകൾ

1. അല്ലാഹു പറയുന്നു: “നല്ല വസ്തുക്കൾ അവർക്ക് അദ്ദേഹം (നബി) അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു’’ (7:157).

മയക്കുമരുന്ന് നിക്യഷ്ടമാണെന്ന വിഷയത്തിൽ ബുദ്ധിയുള്ളവർക്കാർക്കും എതിരഭിപ്രായമില്ല. പ്രസ്തുത വചനം അവ നിഷിദ്ധമാണെന്നതിന്റെ വ്യക്തമായ തെളിവാകുന്നു.

2. അല്ലാഹു പറയുന്നു: “നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു’’ (4:29).

മയക്കുമരുന്നിന്റെ അടിമകൾ പെട്ടെന്നുള്ള മരണത്തിന്റെ ഇരകളാണ്. അഥവാ ഹ്യദയപേശികളുടെ പ്രവർത്തനം തളർന്ന് നിലക്കുകയും സ്തംഭനം സംഭവിക്കുകയും ചെയ്യുന്നു. മയക്കുമരുന്നിന്റെ അടിമ സ്വന്തത്തെതന്നെ കൊല്ലുന്ന മഹാപാപിയാണ്.

3. ഉമ്മുസലമ(റ)യിൽനിന്ന് നിവേദനം. അവർ പറഞ്ഞു: “എല്ലാ ലഹരിയുണ്ടാക്കുന്നതിനെയും തളർച്ചയും ബുദ്ധിമാന്ദ്യവും ഉണ്ടാക്കുന്നതിനെയും നബി ﷺ നിരോധിച്ചിരിക്കുന്നു’’ (അഹ്‌മദ്, അബൂദാവൂദ്).

4. നബിﷺ പറഞ്ഞു: “കൂടുതൽ ഉപയോഗിച്ചാൽ ലഹരിയുണ്ടാക്കുന്നതെല്ലാം കുറച്ച് ഉപയോഗിക്കുന്നതും നിഷിദ്ധമാണ്’’ (അബൂദാവൂദ്).

ചില പണ്ഡിത വചനങ്ങൾ കാണുക:

1. ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ പറഞ്ഞു: “തീർച്ചയായും ഹശീശ് ഹറാമാണ്; അത് ലഹരിയുണ്ടാക്കിയാലും ഇല്ലെങ്കിലും. അത് കള്ളിനെക്കാൾ ഹറാമാക്കാൻ അർഹമാണ്. ഉപദ്രവം കള്ള് കുടിച്ചാലുള്ളതിനെക്കാളാണ്.’’

2. ഇബ്‌നു ഹജറുൽ ഹൈതമി പറഞ്ഞു: “മയക്കുമരുന്ന് നാല് മദ്ഹബിന്റെ ഇമാമുകളും ഹറാമാക്കി പ്രഖ്യാപിച്ചിരിക്കുന്നു.’’

3. ശൈഖ് ജാദുൽഹഖ് (ഗ്രാന്റ് മുഫ്തി, ഈജിപ്ത്) പറഞ്ഞു: “ഇസ്‌ലാമിലെ കർമശാസ്ത്ര പണ്ഡിതർ എല്ലാവരും മയക്കുമരുന്ന് ഉൽപാദിപ്പിക്കുക, ക്യഷിചെയ്യുക, കച്ചവടം നടത്തുക, ഉപയോഗിക്കുക എന്നീ വിഷയങ്ങൾ നിഷിദ്ധമാണെന്നതിൽ ഏകോപിച്ചിരിക്കുന്നു.’’