ജസ്റ്റീസ് ധൂലിയയുടെ വിധി ഫാസിസത്തിനേറ്റ പ്രഹരം

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

( വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 25 )

ശിരോവസ്ത്ര വിഷയത്തിൽ വിദ്യാർഥികൾക്കനുകൂലമായി വിധി പ്രസ്താവിച്ച ജസ്റ്റിസ് ധൂലിയ കേസ് ഏതെങ്കിലും തരത്തിൽ ഒത്തുതീർപ്പാക്കുക എന്ന നിലപാടിനോടിന് ഒട്ടും യോജിച്ചില്ല. ‘ഫൈനാലിറ്റി’യല്ല ‘ജസ്റ്റീസ്’ ആണ് പ്രധാനം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശിരോവസ്ത്രം നിരോധിച്ച സർക്കാർ നിലപാടിന് അനുകൂലമായി വിധിപറഞ്ഞ ഹേമന്ദ് ഗുപ്തക്കെതിരെയുള്ള പരോക്ഷമായ ഒളിയമ്പ് കൂടിയായിരുന്നു ധൂലിയയുടെ ഈ പരാമർശം. സമവായത്തിന്റെയോ ക്രമാസമാധാനത്തിന്റെയോ പേര് പറഞ്ഞുകൊണ്ട് നീതി നടപ്പാക്കുന്നതിൽനിന്നും പിന്നോട്ടടിക്കുകയും പകരം ഒരു ഒത്തുതീർപ്പിലേക്ക് പോവുകയും ചെയ്യുന്ന നിലപാട് പലപ്പോഴും കോടതികളിൽ ഉണ്ടാവാറുണ്ട്. ബാബരി മസ്ജിദ് കേസിന്റെ അന്തിമവിധി പ്രസ്താവം നീതിക്ക് പകരം സമവായത്തിനാണ് മുൻഗണന നൽകിയത് എന്ന വിമർശനം നിലനിൽക്കുന്നുണ്ട്.

കേസിന്റെ നാൾവഴികൾ വിശദീകരിച്ചുകൊണ്ടാണ് ധൂലിയ വിധി പറഞ്ഞുതുടങ്ങിയത്. കർണാടക ഹൈക്കോടതിക്ക് മുമ്പാകെ വന്ന ചോദ്യങ്ങൾക്ക് കോടതി നൽകിയ വിശദീകരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ശിരോവസ്ത്രം ഇസ്‌ലാമിലെ അനിവാര്യമായ ആചാരമല്ല, സ്‌കൂളുകളിൽ ന്യായമായ നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്, നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമങ്ങൾ കൊണ്ടുവരാൻ സർക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ട് തുടങ്ങിയ കർണാടക ഹൈക്കോടതിയുടെ പരാമർശങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് ധൂലിയ അദ്ദേഹത്തിന്റെ വിധിപ്രസ്താവം തുടർന്നു.

സർക്കാർ ഉത്തരവിന്റെ നിയമസാധുത

ഹരജിക്കാരുടെ ഒന്നാമത്തെ വാദം: 2022 ഫെബ്രുവരി 5ലെ ജി.ഒ.യുടെ സാധുതക്കെതിരെ ഹർജിക്കാർ ഉന്നയിക്കുന്ന പ്രധാന എതിർപ്പ് അത് കേവലം ഒരു എക്സിക്യൂട്ടീവ് ഓർഡറാണ് എന്നതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), 25(1) എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ വെട്ടിക്കുറച്ചുകൊണ്ട് ഇങ്ങനെയുള്ള ഓർഡർ ഭരണഘടനാവിരുദ്ധമാണ്. മൗലികാവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഒരു എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ സാധിക്കില്ല. അതിന് ഭരണഘടന വഴി സ്ഥാപിച്ചിട്ടുള്ള സ്റ്റാറ്റിയുട്ടറി നിയമങ്ങൾതന്നെ വേണം. ഖരക് സിംഗിന്റെ സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് കേസിൽ സുപ്രീംകോടതി ഇത് നിരീക്ഷിച്ചിട്ടുണ്ട്.

ധൂലിയയുടെ നിരീക്ഷണം: ‘സർക്കാറിന് യൂണിഫോം നിയമങ്ങൾ പുറപ്പെടുവിക്കാൻ പാടില്ല എന്ന ഹർജിക്കാരുടെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കില്ല. അതുകൊണ്ട് അത് നിരസിക്കുന്നു. 1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിലെ 133ാം വകുപ്പ് പ്രകാരം സർക്കാരിന് നിർദേശങ്ങൾ നൽകാൻ അധികാരമുണ്ട്. കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ (1995), 1983ലെ നിയമത്തിന്റെ 145ാം വകുപ്പ് എന്നിവ നിയമങ്ങൾ ഉണ്ടാക്കാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകിയിട്ടുണ്ട്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിർദേശിക്കാമെന്നാണ് ചട്ടം. ഏത് സാഹചര്യത്തിലും യൂണിഫോം/ഡ്രസ് കോഡ് നിർദേശിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. അതിനാൽ സർക്കാർ ഉത്തരവ് സാധുവല്ല എന്ന വാദം ശരിയല്ല. കാരണം സർക്കാർ ഉത്തരവിന്റെ ഉറവിടം ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട നിയമങ്ങൾ (Statutory Rules)തന്നെയാണ്. എന്നാൽ ഭരണഘടനയുടെ 19, 25 അനുച്ഛേദങ്ങൾ പാലിക്കപ്പെട്ടുകൊണ്ടായിരിക്കണം സർക്കാർ നിയമങ്ങൾ ഉണ്ടാക്കേണ്ടത്. അതാണ് ഇവിടെ പരിശോധിക്കപ്പെടേണ്ടത്.’

വിശദീകരണം: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാറിന് നേരിട്ട് നിയമങ്ങളുണ്ടാക്കാൻ പാടില്ല എന്ന വാദം ഹരജിക്കാർക്കുമില്ല. എന്നാൽ അവ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്ന വിധത്തിലാവാൻ പാടില്ല. അതേസമയം സർക്കാറിന് നിയമങ്ങളുണ്ടാക്കാൻ പാടില്ല എന്ന തരത്തിലുള്ള ഒരു വാദം ആർക്കെങ്കിലുമുണ്ടെങ്കിൽ അത് ശരിയല്ല എന്നുമാത്രമാണ് ജസ്റ്റീസ് ധൂലിയ ചൂണ്ടിക്കാണിച്ചത്.

എസെൻഷ്യൽ പ്രാക്ടീസും കർണാടക കോടതിയും

ജസ്റ്റീസ് ധൂലിയ തുടരുന്നു: ‘കർണാടക ഹൈക്കോടതിയുടെ നാല് ചോദ്യങ്ങളിൽ ഒന്നാമത്തെത് എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസിനെ (ERP) കുറിച്ചായിരുന്നു. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ആചാരമാണെന്ന് ഹർജിക്കാർ തെളിയിക്കണമെന്നായിരുന്നു കോടതി പറഞ്ഞത്. ഒരു ആചാരം ഇ.ആർ.പി ആണെന്ന് തെളിയിക്കുക എന്നത് ഭാരമേറിയ കാര്യമാണ്. ഒരു കാര്യത്തെ ഇ.ആർ.പി എന്ന് വിളിക്കണമെങ്കിൽ ആ കാര്യം കൂടാതെ മതം നിലനിൽക്കില്ല എന്ന വ്യാഖ്യാനം നിലനിൽക്കുന്നുണ്ട്. ഇ.ആർ.പി എന്ന സാങ്കേതിക സംജ്ഞക്ക് അങ്ങനെയൊരു വ്യാഖ്യാനമുള്ളതുകൊണ്ട് കോടതിയുടെ ആവശ്യം വളരെ പ്രയാസകരമായ കാര്യമാണ്. അതോടൊപ്പം ശിരോവസ്ത്രം മതത്തിന്റെ തുടക്കം മുതൽ പിന്തുടരപ്പെടുന്ന ആചാരമാണെന്ന് കൂടി തെളിയിക്കേണ്ടി വരും. പുറമെ, ഏതൊരു ഇ.ആർ.പിയും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമല്ലെന്നും മറ്റുള്ളവരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നില്ലെന്നും തെളിയിക്കപ്പെടേണ്ടതുണ്ട്.’

ജസ്റ്റീസ് ധൂലിയ കർണാടക ഹൈക്കോടതി വിധിയുടെ പാർട്ട് 12 പേജ് 87ൽ നിന്നും വായിക്കുന്നു: ‘ശിരോവസ്ത്രം ഇസ്‌ലാമിലെ അനിവാര്യ ആചാരമാണെന്നും ഹർജിക്കാർ തുടക്കം മുതൽ ശിരോവസ്ത്രം ധരിച്ചിരുന്നുവെന്നും ഹർജിക്കാർ പരാതിയിൽ രേഖപ്പെടുത്തിയിട്ടില്ല. ശിരോവസ്ത്രം ധരിക്കാത്തവർ പാപികളാകും എന്ന വാദം ഉയർന്നുവരികയും ഇസ്‌ലാമിന്റെ മഹത്ത്വം അതുവഴി നഷ്ടപ്പെടുകയും ചെയ്യും. ശിരോവസ്ത്രം ഇസ്‌ലാമിലെ അലംഘനീയമായ ആചാരമാണെന്ന് തെളിയിക്കുന്നതിൽ ഹർജിക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇത് ഭരണഘടനാ മൂല്യങ്ങളുടെ മേഖലകളിലേക്ക് കൊണ്ടുപോവാൻ സാധിക്കില്ല. സർക്കാർ തീരുമാനത്തിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല. അത് ശരിവെക്കുന്നു.’

വിശദീകരണം: ഹർജിക്കാരുടെ പരാതിയിൽ ഇ.ആർ.പിയെ കുറിച്ച് പറഞ്ഞില്ല എന്ന കർണാടക ഹൈക്കോടതിയുടെ പരാമർശത്തെയാണ് ധൂലിയ എടുത്തുകാണിക്കുന്നത്. ശിരോവസ്ത്രം ധരിക്കാത്ത മുസ്‌ലിം സ്ത്രീകളെ പ്രകോപിപ്പിക്കാനും മുസ്‌ലിംകൾക്കിടയിൽ അതിന്റെ പേരിൽ ഒരു ഭിന്നത വളർത്തിയെടുക്കാനുമുള്ള ശ്രമങ്ങളെയും അദ്ദേഹം തുറന്നുകാണിക്കുന്നു. ഒരു പൗരന്റെ അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമാണ് അയാളുടെ വസ്ത്രസ്വാതന്ത്ര്യമെന്നും അതിനെ മതത്തിന്റെ അനിവാര്യ ആചാരം എന്നതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘അനിവാര്യം’ എന്നതിന്മേൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളിലുള്ള അഭിപ്രായാന്തരങ്ങളെ സൗകര്യപൂർവം തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് ഇ.ആർ.പി വാദം ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ ചില ന്യായാധിപന്മാർ നടത്തിയിട്ടുള്ളത്.

ഇ.ആർ.പിയല്ല സ്വാതന്ത്ര്യമാണ് പ്രധാനം

ജസ്റ്റീസ് ധൂലിയ തുടരുന്നു: ‘ശിരോവസ്ത്രം പോലെയുള്ള കോടതിയുടെ മുമ്പാകെ വന്നിട്ടുള്ള തർക്കവിഷയങ്ങളിൽ ഒട്ടും പ്രസക്തമല്ലാത്ത കാര്യമാണ് എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് അഥവാ ഇ.ആർ.പി. ഭരണഘടനയുടെ 25(1) പ്രകാരമുള്ള സംരക്ഷണമാണ് ഇതുപോലുള്ള വിഷയങ്ങളിൽ ഉയരുന്നത്. ‘മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചാരണത്തിനും മതപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം 25(1) നൽകുന്ന പക്ഷം അനിവാര്യമാവുക, നിർബന്ധമാവുക തുടങ്ങിയ കാര്യങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്? മതപരമായ ഒരു കാര്യം അത് നിർബന്ധമാണെങ്കിലും അല്ലെങ്കിലും ആചരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. അത് അനിവാര്യമാണോ എന്ന പരിശോധനക്ക് യാതൊരു അടിസ്ഥാനവുമില്ല. കാരണം അനിവാര്യമല്ലെങ്കിലും അത് ആചരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഒരാളുടെ മനഃസാക്ഷി അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്കുണ്ട്. പൊതുക്രമം, ധാർമികത, ആരോഗ്യം എന്നീ ഘടകങ്ങൾക്ക് വിരുദ്ധമാവരുത് എന്ന ഒരേയൊരു ഉപാധി മാത്രമെ ഭരണഘടന നിശ്ചയിച്ചിട്ടുള്ളൂ.’

ഇ.ആർ.പി അല്ല പരിശോധിക്കേണ്ടത്; സർക്കാർ ഉത്തരവാണ്

ജസ്റ്റീസ് ധൂലിയ: ‘ഹർജിക്കാർ എസെൻഷ്യൽ റിലീജിയസ് പ്രാക്റ്റിസ് വിഷയം ഉന്നയിച്ചപ്പോൾ അതിവിടെ കൊണ്ടുവരേണ്ട കാര്യമില്ലെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അതിനെ മർമ്മവിഷയമാക്കിയത് സർക്കാർ തന്നെയായിരുന്നു എന്ന് ഹരജിക്കാരുടെ അഭിഭാഷകർ വിശദീകരിക്കുകയുണ്ടായി. ഇ.ആർ.പി മുഖ്യവിഷയമായി എടുക്കുന്നതിന് പകരം സർക്കാർ ഉത്തരവ് ചട്ടപ്രകാരമായിരുന്നോ എന്ന കാര്യമാണ് ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭരണഘടനാ മൂല്യങ്ങൾ അനുസരിച്ചായിരുന്നോ എന്ന പരിശോധനയായിരുന്നു വേണ്ടിയിരുന്നത്. ആനുപാതികത സിദ്ധാന്തത്തെ പരിഗണിക്കാതെയുള്ള നടപടിയായിരുന്നു സർക്കാറിന്റെത്. മനഃസാക്ഷി സ്വാതന്ത്ര്യവും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടേണ്ടത് പൊതുക്രമം (ക്രമസമാധാനം), ധാർമികത, ആരോഗ്യം എന്നിവ ലംഘിക്കപ്പെടുമ്പോൾ മാത്രമാണെന്ന് ബിജോയ് ഇമ്മാനുവലിന്റെ സ്റ്റേറ്റ് ഓഫ് കേരള കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.’

ആനുപാതികത സിദ്ധാന്തം

അഡ്മിനിസ്ട്രേറ്റീവ് നിയമങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ആനുപാതികത സിദ്ധാന്തം (Doctrine of proportionality). ഒരു കാര്യത്തെ നിയന്ത്രിക്കാൻ തത്തുല്യമായ നടപടികൾ മാത്രമെ സ്വീകരിക്കാവൂ എന്നതാണത്. അതിനപ്പുറമുള്ളത് ഉപയോഗിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. ‘കുരുവിയെ വെടിവെക്കാൻ പീരങ്കി ഉപയോഗിക്കരുത്’ എന്നൊരു ചൊല്ലുണ്ട്. ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിനെക്കാൾ കഠിനമായിരിക്കരുത് അതിന് വേണ്ടി നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ. യൂണിഫോം നിർബന്ധമാക്കുന്നതിന് വേണ്ടി ശിരോവസ്ത്രത്തിന്മേൽ സർക്കാർ കൊണ്ടുവന്ന നിയമം വളരെ അരോചകവും കാർക്കശ്യം നിറഞ്ഞതുമാണെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു ഈ ഉദാഹരണത്തിലൂടെ ജസ്റ്റീസ് ധൂലിയ.

ശിരോവസ്ത്രം മുത്ത്വലാക്വ് പോലെയല്ല

ജസ്റ്റീസ് ധൂലിയ: ‘പ്രത്യേക സ്വഭാവത്തിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മാത്രമാണ് ഇ.ആർ.പി പരിശോധന സുപ്രീം കോടതി നിർവഹിച്ചിട്ടുള്ളത്. ഭരണകൂടത്തിന്റെ ഇടപെടലുകൾ ഉണ്ടായ പല സന്ദർഭങ്ങളിലും സുപ്രീം കോടതിയിൽ ഇത് വന്നിട്ടുണ്ട്. വ്യക്തിപരമായും സാമൂഹികമായും കോടതിയിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അനുച്ഛേദം 25,26 എന്നിവയുടെ സംരക്ഷണമാണ് പ്രധാനമായും വാദമായി ഉന്നയിക്കപ്പെട്ടത്. മുത്ത്വലാക്വ്, ശബരിമല കേസുകളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഈ കേസുകളിലെല്ലാം മതപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്ന നിലയിലാണ് ഉന്നയിക്കപ്പെട്ടിരുന്നതെങ്കിൽ ഇവിടെ ശിരോവസ്ത്ര കേസിൽ അനുച്ഛേദം 19(1) കൂടി കടന്നുവന്നിട്ടുണ്ട്. അതായത് ഭരണഘടന ഒരു പൗരന് നൽകിയിട്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യവും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നർഥം.’

(അടുത്ത ലക്കത്തിൽ: എസെൻഷ്യൽ പ്രാക്റ്റിസ്; ജസ്റ്റീസ് ധൂലിയയുടെ പഠനങ്ങൾ)