സർക്കാർ അഭിഭാഷകർക്ക് നിയമവിദഗ്ധരുടെ മറുപടി

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഏപ്രിൽ 08, 1444 റമദാൻ 17

ശിരോവസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ 18 നിയമപണ്ഡിതരാണ് മുസ്‌ലിം സമുദായത്തിന് വേണ്ടി ആദ്യഘട്ടത്തിൽ വാദങ്ങൾ അവതരിപ്പിച്ചിരുന്നത്. അവരുടെ വാദങ്ങളെ ഖണ്ഡിക്കുന്നതിന് വേണ്ടി കർണാടക അഡ്വക്കേറ്റ് ജനറലിന് പുറമെ കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ, അഡീഷണൽ സോളിസിറ്റർ ജനറൽ എന്നിവരായിരുന്നു ഹാജരായിരുന്നത്. എന്നാൽ ഫലപ്രദമായ ഖണ്ഡനങ്ങൾ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. പല ഘട്ടങ്ങളിലും രണ്ടംഗ ബെഞ്ചിന്റെ ക്രോസിംഗിൽ അവർ വിയർക്കുകയായിരുന്നു. പ്രത്യേകിച്ച് ജസ്റ്റിസ് സുധൻഷു ധൂലിയയുടെ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ അവരെ പലപ്പോഴും കുഴപ്പിക്കുകയുണ്ടായി.

ദുഷ്യന്ത് ദവെ വീണ്ടും

സർക്കാർ അഭിഭാഷകരുടെ വാദം പൂർത്തിയായതോടെ വീണ്ടും വിദ്യാർഥിനികൾക്ക് വേണ്ടി ഹാജരായ നിയമ പണ്ഡിതർ ഓരോരുത്തരായി വീണ്ടും അവരുടെ മറുവാദങ്ങൾ സമർപ്പിക്കാൻ രണ്ടംഗ ബെഞ്ചിന് മുമ്പിൽ തയ്യാറായി. പ്രമുഖ നിയമപണ്ഡിതനായ ദുഷ്യന്ത് ദവെയാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്. 2022 ഫെബ്രുവരി 5 നു കർണാടക സർക്കാർ പുറത്തിറക്കിയ സർക്കുലറിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. ‘ചില വിദ്യാർഥികൾ മതപരമായ ആചരണങ്ങൾ നടത്തിയതാണ് ഐക്യത്തിനും സമത്വത്തിനും തടസ്സമായി നിൽക്കുന്നു.’ സർക്കാർ ഈ സർക്കുലർ ഇറക്കുന്ന സമയത്ത് പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടായിരുന്നില്ല. വിഷയത്തെ പോപ്പുലർ ഫ്രണ്ടുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് വിഷയത്തെ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്.

സർക്കുലർ വിദ്യാഭ്യാസ ചട്ടങ്ങൾക്ക് എതിര്

ദവെ തുടർന്നു: ‘2021ൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ യൂണിഫോം നിർബന്ധമല്ലെന്ന് പറയുന്നു. പ്രസ്തുത മാർഗനിർദേശങ്ങൾ ഹൈക്കോടതിക്ക് മുമ്പിൽ സർക്കാർ സമർപ്പിച്ച റിട്ട് ഹരജിയുടെ ഭാഗമായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. എന്നാൽ മാർഗനിർദേശങ്ങൾ സാധുവല്ലെന്നാണ് സോളിസിറ്റർ ജനറൽ ഇവിടെ പറഞ്ഞത്. എങ്കിൽ അതെങ്ങനെ സർക്കാർ തങ്ങളുടെ വാദത്തിനുള്ള പിൻബലമായി ഹൈക്കോടതിയുടെ മുമ്പാകെ കൊണ്ടുവന്നു? നിങ്ങൾ സമർപ്പിച്ച രേഖകൾ നിങ്ങൾക്ക് തന്നെ എങ്ങനെ നിരാകരിക്കാനാകും? സോളിസിറ്റർ ജനറലിനും അഡ്വക്കേറ്റ് ജനറലിനും അതൊരു സാധുവല്ലാത്ത രേഖ (unsubstantiated document)ആണെന്ന് പറയാൻ സാധിക്കില്ല.’

ജസ്റ്റിസ് ധൂലിയ: ‘ഈ മാർഗനിർദേശങ്ങൾക്ക് ശേഷമാണല്ലോ ഫെബ്ര#ുവരി 5 ന് സർക്കാർ സർക്കുലർ ഇറക്കിയത്. അപ്പോൾ സർക്കുലർ മാർഗനിർദശങ്ങളെ ദുർബലമാക്കിയതായി കരുതിക്കൂടെ?’

ദുഷ്യന്ത് ദവെ: ‘അങ്ങനെ കരുതാൻ കഴിയില്ല. കാരണം യൂണിഫോം നിർബന്ധമല്ലെന്ന് വ്യക്തമാക്കുന്ന മാർഗനിർദേശം പുറത്തിറക്കിയത് വിദ്യാഭ്യാസ വകുപ്പാണ്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാർഗനിർദേശത്തെ ഒരു സർക്കുലറിലൂടെ സർക്കാരിന് ദുർബലമാക്കാൻ കഴിയില്ല. മാത്രവുമല്ല, സർക്കുലറിൽ ദുർബലമാക്കി എന്ന വാചകവും കാണാൻ കഴിയില്ല. ഫെബ്രുവരി 5ലെ സർക്കുലറിന് യാതൊരു ന്യായീകരണവുമില്ലെന്ന എന്റെ വാദത്തെ ഇത് ഒന്നുകൂടി ദൃഢീകരിക്കുന്നു.’

ഈ സന്ദർഭത്തിൽ ബെഞ്ച് കൂടുതൽ വിശദീകരണം നൽകാൻ സർക്കാർ അഭിഭാഷകരോട് ആവശ്യപ്പെട്ടു. അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് ഇതിനോട് പ്രതികരിച്ചത് ‘മാർഗനിർദേശങ്ങൾ അവകാശങ്ങൾ വകവെച്ചുകൊടുക്കുന്നില്ല എന്നതിനാൽ സർക്കാർ നൽകുന്ന നിയമപരമായ നിർദ്ദേശങ്ങളെ അത് ബാധിക്കില്ല’ എന്നായിരുന്നു. അതായത് എന്തെല്ലാം മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നാലും അതിനെ നിയന്ത്രിക്കാനോ ദുർബലപ്പെടുത്താനോ സർക്കാർ സർക്കുലറിന് സാധിക്കുമെന്ന ഫാസിസ്റ്റ് വിശദീകരണമാണ് അദ്ദേഹം നൽകിയത്.

ജസ്റ്റിസ് ഗുപ്ത: ‘മി.ദവെ, താങ്കൾ പറയുന്നത് 2021-22ന് മുമ്പ് യൂണിഫോം ഉണ്ടായിരുന്നില്ല എന്നാണോ?’

ദവെ: ‘നമ്മുടെ ഇപ്പോഴത്തെ കേസിൽ ശിരോവസ്ത്രം ആ കാലത്ത് നിരോധിക്കപ്പെട്ടിരുന്നോ ഇല്ലയോ എന്ന കാര്യമാണ്. അന്ന് യൂണിഫോം ഒരു സ്വമനസ്സാലെ ചെയ്യുന്ന ഒരു പ്രവൃത്തി (voluntary pra-ctice) മാത്രമായിരുന്നു. ഏതായിരുന്നാലും അന്ന് യൂണിഫോം നിർബന്ധമായിരുന്നില്ല.’

അക്കാലത്ത് കുട്ടികൾ യൂണിഫോം അണിഞ്ഞിരുന്നോ എന്നാണ് തനിക്ക് അറിയേണ്ടത് എന്ന് ജസ്റ്റിസ് ഗുപ്ത ആവശ്യപ്പെട്ടപ്പോൾ ‘അതല്ലല്ലോ ഇവിടുത്തെ വിഷയം, കുട്ടികൾ ശിരോവസ്ത്രം അണിഞ്ഞിരുന്നോ ഇല്ലയോ എന്നതല്ലേ നമ്മുടെ മുമ്പിലുള്ള വിഷയം’ എന്ന് ജസ്റ്റിസ് ധൂലിയ തിരിച്ചുചോദിച്ചു.

മതത്തിന്റെ അവിഭാജ്യഘടകമോ മൗലികാവകാശമോ?

ദവെ : എ.ജിയുടെ വാദം ശിരോവസ്ത്രം നിർബന്ധമല്ല എന്നാണ്. ചിലർ അത് ധരിക്കുന്നില്ല, കൂടുതൽ മതബോധം പ്രകടമാക്കുന്നവർ അത് ധരിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ‘എസെൻഷ്യൽ റിലീജിയസ്’ വാദങ്ങൾ ഇവിടെ കൊണ്ടുവരേണ്ട കാര്യമുണ്ടായിരുന്നില്ല എന്നും അത് പിൻവാതിലിലൂടെ കടന്നുവന്ന വിഷയമാണ് എന്നുമാണ് എ.ജി പറഞ്ഞത്.

ജസ്റ്റിസ് ധൂലിയ: ‘പരാതിക്കാരായ വിദ്യാർഥികൾ ശിരോവസ്ത്രം എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് ആണെന്ന് വാദിക്കുന്നുണ്ടല്ലോ. അതൊരു നിർബന്ധ കർമമാണെന്ന് വിധി നൽകണമെന്നാണ് അവർ നൽകിയിരിക്കുന്ന ഹരജിയിൽ പറയുന്നത്.’

ദവെ: ‘ചിലർ അത് നിർബന്ധമാണെന്ന് വാദിക്കുന്നുണ്ടെങ്കിലും അത് ഒരു ചോയ്‌സിന്റെ ഭാഗം മാത്രമാണ്. കോടതിക്ക് മുമ്പാകെ അത് നിർബന്ധ കർമമാണെന്നുള്ള വിധി ലഭിക്കുന്നതിന് വേണ്ടി പരാതി ആരെങ്കിലും കൊണ്ടുവന്നിട്ടുണ്ടെങ്കിലും കോടതി ഭരണഘടനയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം അന്തിമവിധി നൽകേണ്ടത്. ഭരണഘടനയുടെ കാര്യത്തിൽ ഒരു ഇളവും അനുവദിക്കാൻ പാടില്ല.’

വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർക്കിടയിൽ നിലനിന്നിരുന്ന ഒരു അഭിപ്രായവ്യത്യാസമാണ് ഈ ഘട്ടത്തിൽ കോടതിയിൽ പരസ്യമായത്. ദുഷ്യന്ത് ദവെയെ പോലുള്ള മതനിരപേക്ഷതക്ക് ഏറെ പ്രാമുഖ്യം നൽകുന്ന നിയമപണ്ഡിതർ ശിരോവസ്ത്ര വിഷയത്തെ മതത്തിന്റെ അഭിവാജ്യഘടകം എന്ന നിലയിൽ കോടതിയിൽ കൊണ്ടുവരുന്നതിന് എതിരായിരുന്നു. അതേസമയം അതെല്ലാം വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം (Freedom of speech),, മനഃസാക്ഷി (conscience) എന്നിവയുടെ ഭാഗമാണ് എന്നതാണ് അവരുടെ വീക്ഷണം. അഭിപ്രായവ്യത്യാസം കോടതിക്ക് മുമ്പാകെ വന്നതോടെ വിശദീകരണം ആവശ്യമായി. നേരത്തെ ഈ വിഷയം അവതരിപ്പിച്ച മുൻകേന്ദ്രമന്ത്രി കൂടിയായ സൽമാൻ ഖുർഷിദ് ആയിരുന്നു വിശദീകരണം നൽകിയത്.

സൽമാൻ ഖുർഷിദിന്റെ വിശദീകരണം

ഒരു കാര്യം മതത്തിന്റെ അവിഭാജ്യ ഘടകമാണെങ്കിലും അവിടെയും ചോയ്‌സിനുള്ള സാധ്യതയുണ്ട്. ഉദാഹരണമായി നേരത്തെ ഇവിടെ പലരും ഉന്നയിച്ച ഖുറേഷി വിധി എന്നറിയപ്പെടുന്ന ‘ബലിയറുക്കുന്നതുമായി ബന്ധപ്പെട്ട വിധി നോക്കുക. ബലിയറുക്കൽ മതത്തിന്റെ അവിഭാജ്യഘടകമാണെങ്കിലും ഏത് മൃഗത്തെ അറുക്കണം എന്ന കാര്യത്തിൽ ചോയ്‌സ് ഉണ്ട്. അതോടൊപ്പം ഇതെല്ലാം മതത്തെ സംബന്ധിച്ചിടത്തോളം അവിഭാജ്യ ഘടകമാണെങ്കിലും ഭരണഘടനയെ സംബന്ധിച്ചിടത്തോളം ഒരാളുടെ മനഃസാക്ഷി, സംസ്‌കാരം, സ്വകാര്യത എന്നീ സ്വാതന്ത്ര്യത്തിന്മേലുള്ള അവകാശത്തിന്റെ ഭാഗവുമാണ്.

ഇന്ത്യയുടെ മതനിരപേക്ഷത

സൽമാൻ ഖുർഷിദ്: ‘ഫ്രാൻസ് പോലുള്ള രാജ്യങ്ങളെ കുറിച്ച് ഇവിടെ പറയുന്നത് കേട്ടു. അവിടെ കുരിശ് പോലും പുറത്ത് കാണിക്കാൻ പാടില്ല. മതപരമായ എല്ലാ അടയാളങ്ങളും പരസ്യമാക്കുന്നതിന് അവിടെ വിലക്കുണ്ട്. മെക്‌സിക്കോയിൽ അവിടുത്തെ പ്രസിഡണ്ടിന് പോലും പരസ്യമായി ചർച്ചിൽ പോകുവാൻ സ്വാതന്ത്ര്യമില്ല. മതവും സ്‌റ്റേറ്റും ആ നിലക്ക് അത്തരം രാജ്യങ്ങളിൽ വേർതിരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല. ഇന്ത്യയുടെ മതനിരപേക്ഷത മത സ്വത്വ അടയാളങ്ങളെ പരസ്യമാക്കാൻ അനുവദിച്ചുകൊണ്ടുള്ളതാണ്.’

എസൻഷ്യൽ ടെസ്റ്റും കോടതികളും

സൽമാൻ ഖുർഷിദ്: മുത്ത്വലാഖ് വിധിയിൽ ജസ്റ്റിസ് കുര്യൻ തോമസ് ഇസ്‌ലാമിക പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് അത് ഇസ്‌ലാമിന്റെ അഭിവാജ്യഘടകമല്ല എന്ന് സ്ഥാപിച്ചത്. ബാബരി കേസിൽ പള്ളിയിൽ പോയി പ്രാർത്ഥിക്കൽ മതത്തിന്റെ അവിഭാജ്യഘടകമല്ല എന്ന പരാമർശമുണ്ട്. അപ്പോൾ മതത്തിന്റെ അവിഭാജ്യ ഘടകമാണോ അല്ലയോ എന്ന പരിശോധന കോടതികൾ നടത്തിയിട്ടുണ്ട് എന്ന് ഇതിൽനിന്നും മനസ്സിലാക്കാം. എന്നാൽ ഓരോ വിഷയവും മതത്തിന്റെ അവിഭാജ്യഘടകമാണോ എന്ന് പരിശോധിക്കുക എന്നത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമല്ല എന്നത് ശരിയാണ്. അവകാശങ്ങൾ സന്തുലിതമാക്കാനും മതത്തിന്റെ പേരിൽ വളർന്നുവന്ന കാര്യങ്ങൾ നീക്കം ചെയ്യാനും മതത്തിന് ദോഷം വരാതിരിക്കാനും വേണ്ടിയാണ് എസെൻഷ്യൽ പ്രാക്ടീസ് ടെസ്റ്റ് (അവിഭാജ്യ ഘടകമാണോ എന്ന പരിശോധന) വികസിപ്പിച്ചെടുത്തത്.

തുല്യതയും വൈവിധ്യവും

ആർട്ടിക്കിൾ 51എ സംയോജിത സംസ്‌കാരം, മാനവികത, വൈവി ധ്യം എന്നിവ പരിപോഷിപ്പിക്കണം എന്ന് പഠിപ്പിക്കുന്നുണ്ടെങ്കിലും അതിൽനിന്നും പൗരന്മാർ എല്ലാവരും ഒരുപോലെ ഏകീകൃതനാകണമെന്ന് നിർദ്ധാരണം ചെയ്യാൻ സാധിക്കില്ല. മനേകാ ഗാന്ധി കേസ് വിധി മൗലികാവകാശങ്ങളിൽ ഒരു നിലക്കുമുള്ള വിവേചനവും പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യത പ്രധാനം

പുട്ടസ്വാമി വിധിയിൽ സ്വകാര്യത പോലും മൗലികാവകാശമായിട്ടുണ്ട്. ശാരീരികം, സ്ഥലപരം, പെരുമാറ്റപരം എന്നിങ്ങനെ എല്ലാ തലങ്ങളിലും സ്വകാര്യതയുണ്ട്. പൊതുസ്ഥലങ്ങളിലായിരുന്നാലും ഈ സ്വകാര്യത അവകാശങ്ങൾക്ക് പ്രത്യേകം മാറ്റം നിഷ്‌കർഷിച്ചിട്ടില്ല. ഇവിടുത്തെ വിഷയം ഞാൻ എന്തു ധരിക്കണം എന്ന എന്റെ പെരുമാറ്റപരമായ സ്വകാര്യതക്കുള്ള (behavioural privacy) അവകാശമാണ്. ഈ അവകാശം മറ്റൊരാളുടെ അവകാശത്തെ ലംഘിച്ചുകൊണ്ടുള്ളതാണെങ്കിൽ അതിനെ സന്തുലിതമാക്കാം. ഇല്ലെങ്കിൽ അതിനെ പൂർണാർഥത്തിൽ അനുവദിച്ചു നൽകുകയാണ് വേണ്ടത്. ഒരാളുടെ രൂപവും വസ്ത്രവും അയാൾ തെരഞ്ഞെടുക്കുന്നത് അനുച്ഛേദം 25 അനുസരിച്ച് തന്നെ വേണമെന്നില്ല. സ്വകാര്യതക്കുള്ള അവകാശത്തിൽനിന്നുമാവാം. ശിരോവസ്ത്ര വിഷയത്തിൽ സ്‌റ്റേറ്റിന്റെ അമിതമായ താൽപര്യത്തിന്റെ പിന്നുള്ള ലക്ഷ്യവും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

(അടുത്ത ലക്കത്തിൽ: സർക്കാർ സർക്കുലർ ഭരണഘടനാ വിരുദ്ധം)