സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും

ഡോ. ഷാനവാസ് യു.എസ്.എ

2023 നവംബർ 11 , 1445 റ.ആഖിർ 27

ഭാഗം: 02

ഇംപ്ലാന്റേഷൻ

ബീജസങ്കലനത്തിന്റെ (fertilization) ഫലമായി ഉണ്ടാകുന്ന ഭ്രൂണം അണ്ഡവാഹിനിക്കുഴലിലൂടെ സഞ്ചരിക്കുകയും ശേഷം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ തുളച്ചുകയറി ഒട്ടിപ്പിടിച്ച് ഇരിക്കുകയും ചെയ്യുന്ന പ്രക്രിയയെയാണ് ഇംപ്ലാന്റേഷൻ (implantation) എന്നു പറയുന്നത്. ഗർഭപാത്രത്തിന്റെ ഭിത്തിക്ക് 3 ആവരണങ്ങളുണ്ട്. ഇതിലെ ഏറ്റവും അകത്തെ ആവരണമായ എന്റോമെട്രിയം (endometrium) ധാരാളം രക്തക്കുഴലുകൾകൊണ്ട് സമ്പന്നമാണ്. ഭ്രൂണത്തിന്റെ വളർച്ചക്ക് ആവശ്യമായ ഊർജം മാതാവിന്റെ രക്തത്തിൽനിന്നും ലഭിക്കേണ്ടതിനാൽ, ഇംപ്ലാന്റേഷൻ നടക്കുന്നത് ഗർഭപാത്രത്തിന്റെ എന്റോമെട്രിയം എന്ന ഈ ആവരണത്തിലാണ്.

“നിസ്സാരമായ ഒരു ദ്രാവകത്തിൽനിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ? എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തിൽ വെച്ചു; നിശ്ചിതമായ ഒരു അവധിവരെ’’ (ക്വുർആൻ 77: 20-22).

“...തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജത്തിൽനിന്നും പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽനിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു...’’(22:5).

മുകളിൽ പ്രതിപാദിച്ച വചനങ്ങളിലെല്ലാംതന്നെ, ഭ്രൂണത്തെ ഒരു നിശ്ചിതകാലംവരെ ഗർഭാശയത്തിൽ ഉറപ്പിച്ചുവെക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നതായി നമുക്ക് കാണാം. ആ കാലാവധി ഒരു ഗർഭ കാലഘട്ടമാണ്. സാധാരണ ഒരു മനുഷ്യനിൽ ഇത് ഒമ്പതുമാസവും ഒരാഴ്ചയുമാണ് (40 ആഴ്ച/280 ദിവസം). ഗർഭകാലഘട്ടത്തെ കുറിച്ചുള്ള ഈ അറിവാണ് പ്രസവ തീയതി നിർണയിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ EDC (Expected Date of Confinement) എന്ന് പറയും.

ഉദാഹരണം: ഒരു സ്ത്രീയുടെ ആർത്തവം മൂലമുള്ള രക്തസ്രാവം നിലച്ചത് ഫെബ്രുവരി പത്തൊമ്പതിനാണ് എന്ന് കരുതുക. അപ്പോൾ അവളുടെ പ്രസവതീയതി കിട്ടാൻ ഫെബ്രുവരി 19ലേക്ക് 9 മാസവും 7 ദിവസവും കൂട്ടിയാൽ മതി. അതായത് EDC ഏതാണ്ട് നവംബർ 26 ആയിരിക്കും.

സിക്താണ്ഡം (zygote) പല കോശങ്ങളായി വിഘടിച്ച് ഉണ്ടാകുന്ന കോശങ്ങളുടെ കൂട്ടത്തെ ബ്ലാസ്‌റ്റോസിസ്റ്റ് (blastocyst) എന്ന് വിളിക്കുന്നു. ഇതിൽ രണ്ടുതരം കോശസമൂഹങ്ങൾ കാണാം. ഒരു ആവരണം പോലെ ബ്ലാസ്‌റ്റോസിസ്റ്റിന്റെ പുറത്തു കാണുന്ന കോശങ്ങളെ ട്രോഫോബ്ലാസ്റ്റ് (Trophoblast) എന്ന് വിളിക്കുന്നു. ഇതിനകത്ത് കാണുന്ന കോശസമൂഹത്തെ ഇന്നർ സെൽമാസ് (inner cell mass) എന്നും വിളിക്കുന്നു. പുറമെ കാണുന്ന ട്രോഫോബ്ലാസ്റ്റാണ് ഗർഭാശയഭിത്തിയുമായി ഒട്ടിച്ചേരാൻ (implantation) സഹായിക്കുന്നത്.

ഇംപ്ലാന്റേഷനുശേഷം കോറിയോണിക് വില്ലസ് (chronic villus) എന്ന് വിളിക്കുന്ന, വിരലുകൾ പോലെയുള്ള ഭാഗങ്ങൾ ട്രോ

ഫോബ്ലാസ്റ്റിൽനിന്നും പുറത്തുവരുന്നു. അത് ഗർഥാശയത്തിന്റെ എന്റോമെട്രിയത്തിൽ തുളച്ചുകയറുകയും അങ്ങനെ ഭ്രൂണവും മാതാവിന്റെ ഗർഭാശയവും തമ്മിൽ ശക്തമായ ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഭ്രൂണത്തിന്റെ കോറിയോണിക് വില്ലസും ഗർഭപാത്രത്തിന്റെ രക്തക്കുഴലുകളും തമ്മിൽ കൂടിച്ചേർന്നുണ്ടാകുന്ന ഈ ഭാഗത്തെ പ്ലാസന്റ (placenta) എന്ന് വിളിക്കുന്നു. ഭ്രൂണത്തെ ഗർഭാശയത്തിൽ പിടിച്ചുനിർത്തുന്നതിന് പുറമെ ഭ്രൂണത്തിന് ആവശ്യമായ ഓക്‌സിജനും ഭക്ഷണവും (nutrients) നൽകാനും ഭ്രൂണത്തിന്റെ വിസർജ്യങ്ങൾ പുറത്തുകളയാനും പ്ലാസന്റ സഹായിക്കുന്നു.

വൃഷണവും വൃഷണസഞ്ചിയും

ധാരാളം പ്രത്യേകതകളോടുകൂടിയാണ് വൃഷണവും വൃഷണസഞ്ചിയും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വൃഷണ സഞ്ചിയുടെ പ്രത്യേകമായ സ്ഥാനംതന്നെ അതിന്റെ ഏറ്റവും വലിയൊരു സവിശേഷതയാണ്. മുൻ ലക്കത്തിൽ പ്രതിപാദിച്ചപോലെ വൃഷണത്തിനകത്താണല്ലോ പുരുഷബീജം സൃഷ്ടിക്കപ്പെടുന്നത്. ഈ പ്രക്രിയയെ സ്‌പേർമറ്റോജെനിസിസ് (spermatogenesis) എന്ന് വിളിക്കുന്നു. ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുകൂലമായ താപം (ideal temperature) 35 ഡിഗ്രി സെൽഷ്യസ് ആണ്. ഈ താപത്തെക്കാൾ കൂടിയതും കുറഞ്ഞതുമായ താപം ബീജത്തിന്റെ രൂപീകരണത്തിനെ പ്രതികൂലമായി ബാധിക്കുന്നു.

ഒരു മനുഷ്യശരീരത്തിന്റെ താപനില 37 ഡിഗ്രി സെൽഷ്യസ് ആണ്. ആയതിനാൽ ഈ കൂടിയ താപം വൃഷണത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇതിനാലാണ് വൃഷണം ശരീരത്തിൽനിന്നും അല്പം മാറി വൃഷണസഞ്ചിയിലേക്ക് മാറ്റപ്പെട്ടത്.

“പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഒരു ഭദ്രമായ സ്ഥലത്ത് വെച്ചു’’ (ക്വുർആൻ 23:13).

വൃഷണത്തിന്റെ അകത്ത് ചില പ്രത്യേക അറകൾക്കുള്ളിലാണ് ബീജം സംരക്ഷിക്കപ്പെട്ടത്. ഈ അറകളെ സെമിനിഫെറസ് ട്യൂബുകൾ (seminiferous tubules)എന്ന് വിളിക്കുന്നു. ഇതിനകത്ത,് ബീജത്തിന് പുറമെ കാണുന്ന മറ്റൊരു ഇനം കോശങ്ങൾ ഉണ്ട്. അവയെ സെർട്ടോളി കോശങ്ങൾ (sertoli cells) എന്ന് വിളിക്കുന്നു. പുരുഷബീജത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ (nutrients) നൽകുന്നത് ഈ കോശങ്ങളാണ്. ഇതിനെല്ലാം പുറമെ വ്യത്യസ്ത തരം പേശികൾകൊണ്ടും വ്യത്യസ്ത തരം ആവരണങ്ങൾ കൊണ്ടും വൃഷണം വലയംചെയ്യപ്പെട്ടിരിക്കുന്നു. ഇപ്രകാരം വളരെ ഭദ്രമായ രീതിയിൽ ബീജം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

“എന്നാൽ മനുഷ്യൻ ചിന്തിച്ചു നോക്കട്ടെ, താൻ എന്തിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തിൽനിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും വാരിയെല്ലു കൾുമിടയിൽ നിന്നും അത് പുറത്തുവരുന്നു’’ (86:5-7).

1. വൃഷണത്തിന്റെ സ്ഥാനമാറ്റം

ഒരു കുഞ്ഞ് മാതാവിന്റെ ഗർഭാശയത്തിലാകുമ്പോൾ അവന്റെ വൃഷണങ്ങൾ അവന്റെ വയറിന്റെ അകത്താണ് കാണപ്പെടുന്നത്. എന്നാൽ പ്രസവത്തിനു മുന്നോടിയായി അവ താഴേക്ക് ഇറങ്ങിവരികയും വൃഷണസഞ്ചിയിൽ എത്തുകയും ചെയ്യുന്നു. മുമ്പ് പ്രതിപാദിച്ചപോലെ, ശരീരത്തിന്റെ താപനിലയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് കുറവാണ് വൃഷണസഞ്ചിയിലെ താപനില. ഇത് ബീജങ്ങളുടെ ഉൽപാദനത്തിന് അനുയോജ്യമായ താപനില പ്രദാനം ചെയ്യുന്നു.

2. വൃഷണസഞ്ചിയുടെ പേശികൾ

വൃഷണസഞ്ചിയുടെ പ്രത്യേകമായ പേശികളെ ട്യുണിക ഡാർടസ് (tunica dartos) എന്നു വിളിക്കുന്നു. അതുപോലെ വൃഷണത്തെ ബന്ധിപ്പിച്ചുകൊണ്ട് ക്രിമാസ്റ്ററിക് (cremasteric) എന്ന ഒരു പേശിയും ഉണ്ട്. അന്തരീക്ഷം തണുക്കുമ്പോൾ ഈ രണ്ടുപേശികളും മുറുകുന്നു. അതിന്റെ ഫലമായി വൃഷണസഞ്ചി ചെറുതാവുകയും വൃഷണം ശരീരത്തോട് കൂടുതൽ ചേർന്നുനിൽക്കുകയും ചെയ്യും. ശരീരതാപം വൃഷണസഞ്ചിയെക്കാൾ ഉയർന്നതിനാൽ ചൂട് ശരീരത്തിൽനിന്നും വൃഷണത്തിലേക്ക് എത്തുന്നു. ഈ പ്രക്രിയ തണുപ്പുകാലങ്ങളിൽ വൃഷണത്തിന്റെ താപം 35 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ സഹായിക്കുന്നു. അതുപോലെതന്നെ അന്തരീക്ഷത്തിലെ ചൂട് വർധിക്കുമ്പോൾ ഇതിന്റെ വിപരീത രീതിയിൽ നടക്കും. ഇതും വൃഷണത്തിന്റെ താപം 35 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ സഹായിക്കുന്നു.

3. വൃഷണത്തിന്റെ ധമനികളും സിരകളും

എല്ലാ അവയവങ്ങളെയുംപോലെ വൃഷണത്തിനും അതിന്റെതായ രക്തക്കുഴലുകളുണ്ട്. വൃഷണത്തിലേക്ക് ശുദ്ധരക്തം എത്തിക്കുന്ന രക്തക്കുഴലുകളെ വൃഷണധമനികൾ എന്നും വൃഷണത്തിൽനിന്നും അശുദ്ധരക്തം പുറത്തുകൊണ്ടുപോകുന്നവയെ വൃഷണസിരകൾ എന്നും പറയുന്നു. വൃഷണസിരകൾ വൃഷണത്തിന് തൊട്ടുമുകളിൽ ഒരു വലപോലെ കാണപ്പെടുന്നു. ഇവയെ പാംപ്നിഫോം പ്ലക്‌സസ് (pampniform plexus) എന്ന് പറയുന്നു. വൃഷണധമനികൾ ഇവയുടെ ഉള്ളിലൂടെ സഞ്ചരിച്ചാണ് വൃഷണത്തിൽ എത്തുന്നത്.

വൃഷണധമനികളിലെ രക്തത്തിന്റെ താപനില സിരയിലുള്ളതിനെക്കാൾ കൂടുതലാണ്. നേരത്തെ സൂചിപ്പിച്ചപോലെ വൃഷണധമനികൾ പാംപ്നിഫോം പ്ലക്‌സസിന്റെ ഉള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ ധമനികളിലെ ഉയർന്ന താപം സിരകളിലെ രക്തത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിന്റെ ഫലമായി വൃഷണത്തിൽ എത്തുന്ന വൃഷണധമനികളിലെ രക്തത്തിന്റെ താപം ബീജോൽപാദനത്തിന് അനുകൂലമായ രീതിയിൽ കുറയുന്നു.

4. വിർയപ്പു ഗ്രന്ഥികൾ

വൃഷണസഞ്ചിയുടെ തൊലി ധാരാളം വിയർപ്പുഗ്രന്ഥികൾകൊണ്ട് സമ്പന്നമാണ്. മനുഷ്യൻ വ്യായാമം ചെയ്യുകയോ അന്തരീക്ഷതാപം വർധിക്കുകയോ ചെയ്യുമ്പോൾ ഈ ഗ്രന്ഥികൾ വിയർപ്പ് ഉൽപാദിപ്പിക്കുകയും അതിന്റെ ഫലമായി വൃഷണസഞ്ചിയുടെ താപനില കുറയുകയും ചെയ്യുന്നു. മേൽപറഞ്ഞ വ്യത്യസ്ത പ്രക്രിയകൾ വഴിയാണ് പുരുഷ ബീജോൽപാദനത്തിന് അനുയോജ്യമായ താപം നിലനിർത്തുന്നത്.

(തുടരും)