സകാത്ത്; ചില അടിസ്ഥാന കാര്യങ്ങൾ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

ഭൂമിയിൽനിന്ന് ലഭിക്കുന്നവയുടെ സകാത്ത്

ഭൂമിയിൽനിന്ന് ലഭിക്കുന്നവ പ്രധാനമായും നാല് ഇനങ്ങളാകുന്നു.

1. ധാന്യങ്ങളും പഴങ്ങളും.

2. ഖനന വസ്തുക്കൾ.

3. നിധികൾ.

4. തേൻ.

ഇതിന് തെളിവായി അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും ഭൂമിയിൽനിന്ന് നിങ്ങൾക്ക് നാം ഉത്പാദിപ്പിച്ചു തന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ’’ (അൽബക്വറ: 267).

ധാന്യങ്ങളും പഴങ്ങളും

മനുഷ്യജീവിതത്തിലും സമ്പാദ്യത്തിലും വളരെ സുപ്രധാനമായ ഒരു ഘടകമാണ് കൃഷി. കൃഷിയെ ഇസ്‌ലാം ഒരു സൽകർമവും ഏറ്റവും ഉത്തമമായ സമ്പാദ്യവുമായി കാണുന്നു. ആ കൃഷിയിൽനിന്നുമുള്ള വിളയുടെ നിസ്വാബ് എത്തുന്ന മുറക്ക് പാവപ്പെട്ടവർക്ക് അവരുടെ അവകാശം നൽകുകയെന്നുള്ളത് സത്യവിശ്വാസിയുടെ നിർബന്ധ ബാധ്യതയാണ്.

അല്ലാഹു പറയുന്നു: “പന്തലിൽ പടർത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈന്തപ്പനകളും വിവിധതരം കനികളുള്ള കൃഷികളും പരസ്പരം തുല്യത തോന്നുന്നതും എന്നാൽ സാദൃശ്യമില്ലാത്തതുമായ നിലയിൽ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോൾ അതിന്റെ ഫലങ്ങളിൽനിന്ന് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങൾ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങൾ ദുർവ്യയം ചെയ്യരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’’ (അൽഅൻആം: 141).

നബി ﷺ പറഞ്ഞു: “അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നെത്താൻ ഉണ്ടാകുന്നതോ ആയ കൃഷിയിൽനിന്നും 10% വും നനച്ചുണ്ടാക്കുന്നതിൽനിന്നും 5%വും സകാത്ത് നൽകണം’’ (ബുഖാരി).

“അഞ്ചു വസ്‌ക്വുകൾക്ക് താഴെയാണ് വിളയെങ്കിൽ അതിന് സകാത്ത് ബാധകമല്ല’’(ബുഖാരി). അഥവാ അഞ്ചു വസ്‌ക്വ് തികഞ്ഞാൽ അതിന് സകാത്ത് ബാധകമാണ്.

കൃഷിവിളകളിൽ സകാത്ത് ബാധകമാകുന്ന ഇനങ്ങളെ സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്:

1) ധാന്യങ്ങളിലും അളക്കുവാനും ഉണക്കി സൂക്ഷിക്കുവാനും സാധിക്കുന്ന ഫലവർഗങ്ങളിലും മാത്രമാണ് സകാത്ത് ബാധകം. ഹമ്പലീ മദ്ഹബിലെ പ്രശസ്തമായ അഭിപ്രായം ഇതാണ്.

2) ഗോതമ്പ്, ബാർലി, കാരക്ക, ഉണക്കമുന്തിരി എന്നീ നാല് വിളകളിൽ മാത്രമെ സകാത്ത് ബാധകമാകുകയുള്ളൂ എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ദുർബലമായ ഒരു ഹദീസ് ആണ് ഇതിനാധാരം. ശൈഖ് ഇബ്‌നു ഉസൈമീൻ(റഹി) പറയുന്നു: “ആ ഹദീസ് സ്വഹീഹായിരുന്നുവെങ്കിൽ അതോടെ അഭിപ്രായഭിന്നത അവസാനിക്കുമായിരുന്നു. പക്ഷേ, അത് പ്രതിപാദിക്കപ്പെട്ട ഹദീസ് ദുർബലമാണ.്’’

3) മനുഷ്യർ കൃഷിചെയ്യുന്ന എല്ലാ കൃഷിവിളകളിലും സകാത്ത് ബാധകമാണ് എന്നതാണ് മൂന്നാമത്തെ അഭിപ്രായം. വിറക്, മറ്റു ഭക്ഷ്യയോഗ്യമല്ലാത്ത കൃഷികൾ എല്ലാം ഇതിൽ പെടും. കൃഷിവിളകളിലെ സകാത്തിനെ സൂചിപ്പിച്ചുകൊണ്ട് പൊതുവായി ഉദ്ധരിക്കപ്പെട്ട തെളിവുകളാണ് ഈ അഭിപ്രായത്തിനാധാരം. ഇമാം അബൂഹനീഫ(റഹി) ഈ അഭിപ്രായക്കാരനാണ്. ഏറ്റവും സൂക്ഷ്മത ആഗ്രഹിക്കുന്നവർക്ക് ഈ അഭിപ്രായമാണ് ഉചിതം എന്നു പറയാം.

4) ജനങ്ങളുടെ അടിസ്ഥാന ഭക്ഷണവും ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്നതുമായ കൃഷിയിനം ആണെങ്കിൽ മാത്രമെ സകാത്ത് ബാധകമാകുകയുള്ളൂ എന്നതാണ് നാലാമത്തെ അഭിപ്രായം. ഇതാണ് ഇമാം മാലികി(റഹി)ന്റെയും ഇമാം ശാഫിഈ(റഹി)യുടെയും അഭിപ്രായം. ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റ)യും ഈ അഭിപ്രായത്തെയാണ് പ്രബലമായ അഭിപ്രായമായി കാണുന്നത്.

ശൈഖ് ഇബ്‌നു ഉസൈമീൻ, ശൈഖ് സ്വാലിഹ് അൽഫൗസാൻ തുടങ്ങിയവരെല്ലാം ഉണക്കി സൂക്ഷിക്കുവാൻ സാധിക്കുന്നതും അളന്നു തിട്ടപ്പെടുത്താൻ സാധിക്കുന്നതുമായ കൃഷിക്കേ സകാത്ത് ബാധകമാകൂ എന്ന അഭിപ്രായക്കാരാണ്. വളരെ വലിയ ചർച്ചതന്നെ പണ്ഡിതന്മാർക്കിടയിൽ ഈ വിഷയത്തിലുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ വിള നിസ്വാബെത്തിയാൽ ഏത് കൃഷിക്കും സകാത്ത് ബാധകമാണ് എന്നതാണ് ഏറ്റവും സൂക്ഷ്മതയുള്ളത്. കൃഷിയുടെ സകാത്ത് പ്രതിപാദിച്ച സൂറതുൽ അൻആമിലെ ആയത്ത് ഈ അഭിപ്രായത്തിന് ഏറെ ബലം നൽകുകയും ചെയ്യുന്നു.

കൃഷിയുടെ നിസ്വാബ്

റസൂൽ ﷺ പറഞ്ഞു: “അഞ്ചു വസ്‌ക്വുകൾക്ക് താഴെയാണ് വിളയെങ്കിൽ അതിന് സകാത്ത് ബാധകമല്ല’’ (ബുഖാരി).

ഒരു വസ്‌ക്വ് = 60 സ്വാഅ്. അഞ്ച് വസ്‌ക്വ് = 300 സ്വാഅ്. ഒരു സ്വാഅ് = 2.040 കിലോഗ്രാം. അഥവാ രണ്ട് കിലോ നാൽപത് ഗ്രാം. അതുകൊണ്ടുതന്നെ 300x2.040=612 കിലോഗ്രാം. ഇത് അഞ്ച് വസ്‌ക്വ് എന്ന അളവിൽ ഗോതമ്പ് തൂക്കിയാൽ കിട്ടുന്ന തൂക്കമാണ്. വിള മാറുന്നതിനനുസരിച്ച് തൂക്കവും മാറും. അതുകൊണ്ട് തന്നെ അളവിലുള്ള ഓരോ വിളയുടെയും തൂക്കം ലഭിക്കാൻ ഏകദേശം പത്ത് കിലോ ഗോതമ്പ് കൊള്ളുന്ന ചാക്കിലോ പാത്രത്തിലോ തൂക്കമറിയേണ്ട വിള നിറച്ച് കിട്ടുന്ന തൂക്കത്തെ 61 കൊണ്ട് ഗുണിച്ചാൽ മതി.

സകാത്തായി നൽകേണ്ട വിഹിതം

റസൂൽ ﷺ പറഞ്ഞു: “അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നെത്താൻ ഉണ്ടാകുന്നതോ ആയ കൃഷിയിൽനിന്നും 10%വും നനച്ചുണ്ടാക്കുന്നതിൽനിന്നും 5%വും സകാത്ത് നൽകണം’’ (ബുഖാരി).

കൃഷി നട്ടത് മുതൽ വിളവെടുപ്പ് വരെയുള്ള ഏറിയ കാലവും മഴയും അരുവികളും അവലംബമാക്കിയുള്ള കൃഷികൾക്കും, നന ആവശ്യമില്ലാതെ സ്വയം ഉണ്ടാകുന്നവയ്‌ക്കും വിളയുടെ 10% സകാത്തായി നൽകണം. കൃഷിയുടെ ഏറിയ പങ്കും അദ്ധ്വാനിച്ച് നനച്ചുണ്ടാക്കുന്നവയ്‌ക്ക് വിളയുടെ 5% സകാത്തായി നൽകണം. പകുതി കാലം മഴ കൊണ്ടും പകുതി കാലം അദ്ധ്വാനിച്ച് നനച്ചതുമാണ് എങ്കിൽ 7.5% സകാത്തായി നൽകണം. എന്നാൽ ഏത് രൂപത്തിലുള്ള നനയാണ് കൂടുതൽ എന്ന് വ്യക്തതയില്ലാത്ത കൃഷികളിൽ 10% തന്നെ നൽകണം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1. ഓരോ വിളവെടുപ്പിന്റെ സമയത്തുമാണ് സകാത്ത് നൽകേണ്ടതെങ്കിലും, നിസ്വാബ് തികയുന്ന വിഷയത്തിൽ ഒരു വർഷത്തിലെ മൊത്തം വിളവെടുപ്പ് നിസ്വാബ് തികയുന്നുണ്ടോ എന്നുള്ളതാണ് പരിഗണിക്കുക.

2. അളവും തൂക്കവും പരിഗണിക്കുമ്പോൾ നാട്ടുനടപ്പനുസരിച്ച് എപ്രകാരമാണോ വിള തൂക്കുകയോ അളക്കുകയോ ചെയ്യുക, അപ്രകാരമാണ് തൂക്കേണ്ടതും അളക്കേണ്ടതും. അഥവാ പൊളിച്ച് തൂക്കുന്നവ അപ്രകാരവും പൊളിക്കാതെ തൂക്കുന്നവ അപ്രകാരവുമാണ് ചെയ്യേണ്ടത്. നബി ﷺ യുടെ കാലത്ത് മുന്തിരി ഉണക്കമുന്തിരിയായി മതിച്ച് കണക്കാക്കിയാണ് സകാത്ത് നിശ്ചയിച്ചിരുന്നത്. അതുപോലെ കാരക്ക ഉണക്കമെത്തിയ കാരക്കയായും മതിച്ച് കണക്കാക്കിയിരുന്നതായി കാണാം.

3. നനയെ ആസ്പദമാക്കിയാണ് സകാത്ത് നൽകേണ്ട വിഹിതം നിർണയിക്കേണ്ടത്. മറ്റു അധ്വാനങ്ങളും ചെലവുകളും പരിഗണിക്കില്ല. കാരണം നബി ﷺ യുടെ കാലത്തും കൃഷിക്ക് മറ്റു ചെലവുകൾ ഉണ്ടായിരുന്നു. അത് പരിഗണിക്കാതെ നനയുടെ രീതി ആസ്പദമാക്കി സകാത്ത് നിർണയിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. മറ്റു ചെലവുകൾ അതിൽ പരിഗണിക്കില്ല എന്നതിൽ നാല് മദ്ഹബിന്റെ ഇമാമുമാർക്കും ഏകാഭിപ്രായമാണ്.

4. പാകമായി നിൽക്കുന്ന കൊയ്‌തെടുക്കാത്ത വിളകൾ മതിച്ച് സകാത്ത് കണക്കാക്കുമ്പോൾ അതിൽ നിന്ന് മൂന്നിലൊന്നോ, ഏറ്റവും ചുരുങ്ങിയത് കാൽഭാഗമോ ഒഴിവാക്കി കണക്കാക്കണം എന്ന് റസൂൽ ﷺ നിർദേശിച്ചിട്ടുണ്ട്. കാരണം വിളകളിൽനിന്നും ദാനമായി നൽകുന്നവയും പക്ഷികൾ തിന്നു പോകുന്നവയും എല്ലാം ഉണ്ടാകുമല്ലോ. ഉമറി(റ)ൽനിന്നും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

5. വിളയോ അതല്ലെങ്കിൽ അതിന് തുല്യമായ പണമോ സകാത്തായി നൽകാം. ഇതാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായം. അതുപോലെത്തന്നെ ഇമാം അഹ്‌മദിൽനിന്നും ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പാവങ്ങൾക്ക് ഏറ്റവും ഉചിതമേത് എന്നത് പരിഗണിച്ചുകൊണ്ട് നൽകുക എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാൻ സാധിക്കുന്നത്.

6. മഴവെള്ളവും അരുവികളിലെ വെള്ളവും കൃഷിയിലെത്താൻ ചാല് കീറുക എന്നുള്ളത് അതിനെ അധ്വാനമുള്ള നനയാക്കി മാറ്റുന്നില്ല. എന്നാൽ അധ്വാനിച്ചുകൊണ്ടോ, ജോലിക്കാരെ നിർത്തിയോ, മറ്റു യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടോ വെള്ളം നനക്കേണ്ടി വരുന്ന കൃഷിക്കാണ് നനച്ചുണ്ടാക്കുന്ന കൃഷി എന്ന് പറയുക. യഥാർഥത്തിൽ നനച്ചുണ്ടാക്കുന്ന കൃഷി, പ്രകൃതി സ്രോതസ്സുകൾ സ്വയം ഉപയോഗപ്പെടുത്തിക്കൊണ്ട് ഉണ്ടാകുന്ന കൃഷി എന്നിങ്ങനെ വേർതിരിക്കാൻ ഓരോ നാട്ടിലെയും നാട്ടുനടപ്പാണ് പരിഗണിക്കുക.

ശ്രദ്ധിക്കുക: സകാത്തിന്റെ പരിധിയെത്താൻ വേണ്ടി ധാന്യങ്ങളും പഴവർഗങ്ങളും പരസ്പരം കൂട്ടിക്കലർത്താൻ പാടില്ല. ഉദാ: ബാർലിയും കാരക്കയും പരസ്പരം കൂട്ടിക്കലർത്താൻ പാടില്ല. അതുപോലെ ഒരേ വർഗത്തിലുള്ള (ധാന്യ ഇനം) വ്യത്യസ്ത ഇനങ്ങൾ പരസ്പരം കൂട്ടിക്കലർത്താനും പാടില്ല. ഉദാഹരണമായി ബാർലിയും ഗോതമ്പും കൂട്ടിക്കലർത്താനും മുന്തിരിയും സൈതൂനും കൂട്ടിക്കലർത്താനും പാടില്ല. എന്നാൽ പഴത്തിലെയോ ധാന്യത്തിലെയോ ഒരേ ഇനത്തിൽ പെട്ട വസ്തുക്കൾ കൂട്ടിക്കലർത്താവുന്നതാണ്. ഉദാ: കാരക്കയിലെ വിവിധയിനങ്ങൾ പരസ്പരം കൂട്ടിക്കലർത്താവുന്നതാണ്. അതുപോലെ ഗോതമ്പിലെ തന്നെ വിവിധയിനങ്ങൾ പരസ്പരം കൂട്ടിക്കലർത്താവുന്നതാണ്.

ധാന്യങ്ങളും പഴവർഗങ്ങളും വിളവെടുക്കുവാൻ പാകമായാൽ (അതായത് ചുവപ്പ് നിറമോ മഞ്ഞ നിറമോ പരക്കുക, മുന്തിരി മധുരമുള്ളതാവുക) അതിന് സകാത്ത് നിർബന്ധമായി.

ആരെങ്കിലും ഭൂമി മറ്റൊരാളിൽനിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്താൽ അതിനുള്ള സകാത്ത് പാട്ടത്തിനെടുത്ത ആളാണ് നൽകേണ്ടത്. അധിക പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാണ്. കാരണം സകാത്ത് കൃഷിക്കാണ്, അതല്ലാതെ ഭൂമിക്കല്ല.

മുന്തിരിയും കാരക്കയും മൂപ്പെത്തിയാൽ മൊത്തത്തിൽ അതിന്റെ നിസ്വാബ് മതിച്ച് കണക്കാക്കാവുന്നതാണ്. അങ്ങനെ കണക്കാക്കുന്നയാൾ വിശ്വസ്തനായിരിക്കണം. നിസ്വാബ് എത്തിയിട്ടുണ്ടെങ്കിൽ ആ കൃഷിക്ക് ബാധകമാവുന്നതാണ്.

വിളവെടുക്കുന്നതിന് മുമ്പ് കൃഷിയുടമസ്ഥന് അതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്. അത് നിസാബിൽ ഉൾപ്പെടുത്തേണ്ടതില്ല. വിളവെടുത്ത് അതിന്റെ ശുദ്ധീകരണം കഴിച്ചതിന് ശേഷം അതിന് സകാത്ത് നൽകുക.

ഒരു വർഷത്തെ വിളവ് പരസ്പരം കൂട്ടിയാണ് സകാത്തിന്റെ നിസ്വാബ് കണക്കാക്കേണ്ടത്. ഉദാ: വേനൽക്കാലത്തെയും ശൈത്യകാലത്തെയും വിളവ് ഒന്നിച്ച് നിസ്വാബ് കണക്കാക്കിയിട്ടാണ് സകാത്ത് നൽകേണ്ടത്. അത് വിറ്റിരുന്നാലും ശരി.

ഖനന വസ്തുക്കൾ

ഭൂമിയിനിന്ന് ഖനനം ചെയ്‌തെടുക്കുന്ന സ്വർണം, ഇരുമ്പ്, അലൂമിനിയം, ഈയം, നാകം, മുത്തുകൾ, ഉപ്പ്, പെട്രോൾ മുതലായവ ഇതിൽ പെടും. സ്വർണവും വെള്ളിയുമാണെങ്കിൽ അതിന്റെ നിസ്വാബ് എത്തിയാൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകേണ്ടതുണ്ട്. സ്വർണവും വെള്ളിയുമല്ലാത്തവയാണെങ്കിൽ സ്വർണത്തിന്റെയോ വെള്ളിയുടെയോ നിസ്വാബ് എത്തിയാൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം. ഓരോ ഖനന വസ്തുവും അതിന്റെ ശുദ്ധീകരണവും മറ്റും കഴിഞ്ഞിട്ടാണ് സകാത്ത് നൽകേണ്ടത്. അതിന് വർഷം തികയേണ്ടതില്ല. മറിച്ച് കൃഷിയുടെ പോലെ എപ്പോഴാണോ ലഭിക്കുന്നത് അപ്പോൾ അതിന് സകാത്ത് നൽകണം.

കുഴിച്ചെടുക്കുന്ന ഖനന വസ്തുക്കൾ കച്ചവടത്തിനാണെങ്കിൽ അതിന് കച്ചവടത്തിന്റെ സകാതാണ് നൽകേണ്ടത്. ഭൂമിയിൽനിന്ന് ഖനനം ചെയ്‌തെടുക്കുന്ന സ്വർണവും വെള്ളിയുമല്ലാത്ത വസ്തുക്കൾ കച്ചവടാവശ്യത്തിനു വേണ്ടിയല്ലാതിരുന്നാൽ അവയ്ക്ക് സകാത്ത് ബാധകമാണോ എന്നതിൽ അഭിപ്രായഭിന്നതയുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ബാധകമല്ല എന്നതാണ്.

കടലിൽനിന്നും ലഭിക്കുന്നതിന്റെ വിധി

കടലിൽനിന്നും ലഭിക്കുന്ന മുത്ത്, പവിഴം, തിമിംഗലം, മൽസ്യം എന്നിവയ്ക്ക് സകാത്തില്ല. ഇത് വിറ്റ് കിട്ടുന്നതിന്റെ വരുമാനത്തിനാണ് സകാത്ത് നൽകേണ്ടത്.