‘അല്ലാഹു, മലക്കുകൾ; പിന്നെ ഞാനും’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഏപ്രിൽ 15, 1444 റമദാൻ 24

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 11)

മനഃപായസം!

‘1903 ജനുവരി 15ന് ലാഹോറിൽവച്ച് നിരവധിതവണ ഇൽഹാം അവതരിച്ചു. ഞാൻ എല്ലാ വശത്ത് കൂടെയും നിനക്ക് അനുഗ്രഹങ്ങൾ കാണിച്ചുതരും’ (പേജ്: 372).

ഈ പ്രവചനം എവ്വിധം പുലർന്നുവെന്ന മിർസയുടെ വിശദീകരണം അടിക്കുറിപ്പിൽ വായിക്കാം: ‘ഞാൻ ജഹ്‌ലമിനടുത്തെത്തിയപ്പോൾ ഏതാണ്ട് പതിനായിരത്തിലധികം ആളുകൾ എന്നെ കാണാനായി തടിച്ചുകൂടിയിരിക്കുന്നു. റോഡുകൾ നിറഞ്ഞുകവിഞ്ഞു. പലരും സുജൂദിലെന്നപോലെ ഏറെ വിനയാന്വിതരായിരുന്നു. ജില്ലാ കച്ചേരിക്കടുത്ത് ജനക്കൂട്ടത്തെ കണ്ട് ഉദ്യോഗസ്ഥർ അത്ഭുതപരതന്ത്രരായി നിൽപ്പുണ്ട്. അവിടെവച്ച് 1100 പുരുഷന്മാരും 200നടുത്ത് സ്ത്രീകളും ബൈഅത്ത് ചെയ്തു അഹമ്മദിയത്തിൽ ചേർന്നു. കറമുദ്ദീൻ എനിക്കെതിരെ നൽകിയ കേസ് തള്ളിപ്പോയി. വളരെയേറെ വിനയത്തോടും വിശ്വാസത്തോടും കൂടി ആളുകൾ നേർച്ചകളും സമ്മാനങ്ങളും അർപ്പിച്ചു. അനുഗ്രഹങ്ങൾ കൊണ്ട് സമ്പന്നമായി ഞങ്ങൾ ഖാദിയാനിലേക്ക് മടങ്ങി. പ്രവചനം ഭംഗിയായി പുലർന്നു.’

‘ഗുജറാൻവാല, വസീറാബാദ്, ഗുജറാത്ത് തുടങ്ങിയ അടുത്ത സ്‌റ്റേഷനുകളിലും ജനബാഹുല്യം കൊണ്ട് ഉദ്യോഗസ്ഥർ പ്രയാസപ്പെട്ടു. പ്ലാറ്റ്‌ഫോം ടിക്കറ്റ് തീർന്നുപോയിട്ടും ആളുകൾ പ്ലാറ്റ്‌ഫോമിൽ നിറഞ്ഞുകവിഞ്ഞു. വണ്ടി ഏറെനേരം സ്‌റ്റേഷനുകളിൽ പിടിച്ചിട്ടു. ഓടിത്തുടങ്ങിയ വണ്ടിയിൽ പിടിച്ച് ആളുകൾ നീങ്ങിയപ്പോൾ അവർ താഴെ വീണു മരിച്ചുപോകുമോ എന്നു ഭയപ്പെട്ടു.’

ഈ സംഭവം ഹഖീഖത്തുൽ വഹ്‌യ് എന്ന ഗ്രന്ഥത്തിൽ 101ാമത്തെ അടയാളമായി രേഖപ്പെടുത്തിയിരിക്കുന്നു. അവിടെ വഹയ് അവതരിച്ച വർഷം 1904 ആണ്. തദ്കിറയിൽ എടുത്തെഴുതിയപ്പോൾ തീയതി 1903 ജനുവരി 15 ആയി.!

അതേ പുസ്തകത്തിന്റെ അവസാനത്തിൽ എഴുതിയത് കൂടി കാണുക: ‘പ്ലേഗ് നമ്മുടെ ജമാഅത്തിനെ വളർത്തുകയും ശത്രുക്കളെ തളർത്തുകയുമാണ് ചെയ്യുന്നത്. മാസത്തിൽ ചുരുങ്ങിയത് 500 പേരെങ്കിലും ജമാഅത്തിൽ ചേരുന്നുണ്ട്. അത് ചിലപ്പോൾ ആയിരവും രണ്ടായിരവുമായി വർദ്ധിക്കാറുണ്ട്’(തതിമ്മ, പേജ് : 131, ഹാശിയ).

ഒരു കേസിനായി ജഹ്‌ലമിൽ ചെന്നപ്പോൾ, അൽപസമയത്തിനകം 1300 പേർ ബൈഅത്ത് ചെയ്തു എന്ന് എഴുതിയ കാര്യം മറന്നാണ് മാസത്തിലെ വളരെ കുറഞ്ഞ എണ്ണം പറഞ്ഞത്. വെള്ളം ചോരാത്ത നുണയാണെന്ന് വ്യക്തം.

ഒരിക്കൽ മിർസാ ഖാദിയാനിക്ക് വഹ്‌യ് നൽകുന്ന ‘യലാശു’ അഭിമുഖീകരിച്ചത് അദ്ദേഹത്തിന് ഒട്ടും പിടിപാടില്ലാത്ത ഇംഗ്ലീഷ് ഭാഷയിലായിരുന്നു:

“I love you. I shall give you a large patry of Islam” (പേജ് : 80).

മിർസയും മലക്കുകളും

ഖാദിയാനി മതത്തിൽ, വഹ്‌യുകൾ നൽകുന്ന ‘അല്ലാഹു’വിനും അത് എത്തിച്ചുകൊടുക്കുന്ന മലക്കുകൾക്കും ഒട്ടേറെ ‘വിശിഷ്ട നാമങ്ങൾ’ തദ്കിറയിൽ കാണാം. അവയിലേറെയും മുമ്പ് കേട്ടിട്ടില്ലാത്തവയും നിരർഥകങ്ങളുമാണ്. അല്ലാഹു പ്രവാചകനെ സംബോധന ചെയ്യുന്ന പേരുകളും നിരവധിയാകുന്നു. അവയും വായിൽ വന്ന ചില വാക്കുകൾ എന്നേ പറയാനാവൂ.

അസ്മാഉൽ ഹുസ്‌ന പ്ലസ്!

അല്ലാഹുവിന് 99 നാമഗുണങ്ങൾ ഉണ്ടല്ലോ. അവ ക്വുർആനും സുന്നത്തും പറഞ്ഞുതരുന്നുണ്ട്. അതിനപ്പുറത്ത് മിർസാ ഖാദിയാനി പരിചയപ്പെടുത്തുന്ന അല്ലാഹുവിന്റെ ചില പേരുകൾ കാണുക:

“ഈ ലേഖനം എഴുതിക്കൊണ്ടിരിക്കെ അല്ലാഹു എന്നോട് പറഞ്ഞു: ‘യലാശ്’. ഇത് അല്ലാഹുവിന്റെ മറ്റൊരു നാമമാകുന്നു. ക്വുർആനിലോ ഹദീസിലോ കണ്ടിട്ടില്ലാത്ത ഈ പേര് തന്റേതാണെന്ന് അല്ലാഹു പരിചയപ്പെടുത്തുന്നു. ഏതെങ്കിലും പ്രവാചകന് ഈ പേര് നൽകുന്നത് കടുത്ത കുഫ്‌റാകുന്നു’ (പേജ്: 310).

ഈ പേര് അംഗീകരിച്ചുകൊണ്ട് ഖാദിയാനികൾ മക്കൾക്ക് അബ്ദുൽ യലാശ് എന്ന പേരിടാറുണ്ട്. എന്നാൽ ഇനി പറയുന്ന പേരുകൾ ഖാദിയാനികൾ സ്വന്തം മക്കൾക്ക് വേണ്ടി സ്വീകരിച്ചിട്ടില്ല.

“മറ്റൊരിക്കൽ അല്ലാഹു പറഞ്ഞു: ‘തീർച്ചയായും ഞാൻ സ്വാഇഖയാകുന്നു.’ മൗലവി അബ്ദുൽ കരീം പറയുന്നു: ‘ഇത് അല്ലാഹുവിന്റെ പുതിയ പേരാണ്’(പേജ്: 368) ഇടിമിന്നൽ, ഘോരഗർജനം എന്നൊക്കെയാണ് ആ പദത്തിന്റെ അർഥം.

“1883ൽ അവതരിച്ച ഒരു വഹ്‌യ്: ‘നമ്മുടെ രക്ഷിതാവ് ആജ് ആകുന്നു.’ ഇതിന്റെ അർഥം ഇന്നുവരെ അറിവായിട്ടില്ല’’(പേജ്: 79).

എന്നാൽ തദ്കിറ ക്രോഡീകരിച്ച മൗലവിക്ക് അതിന്റെ അർഥവും ആശയവുമൊക്കെ അറിയാം. ‘ഇതിന്റെ അർഥം അറബിയിൽ, ‘പാൽ കുടിപ്പിക്കുന്നവൻ’ എന്നാണ്. മസീഹിനെ അനാഥനും അഗതിയുമായി കണ്ടപ്പോൾ അല്ലാഹു ആത്മീയ പാൽ അഥവാ ഭക്ഷണം നൽകി എന്നർഥം’’(പേജ്: 105, 106; അടിക്കുറിപ്പ്).

എന്തുചെയ്യാം! പ്രവാചകന് അതുപോലും മനസ്സിലായില്ല. 1956ലെ പതിപ്പിലാണ് ഈ വിശദീകരണമുള്ളത്. തുടർന്നുള്ള പതിപ്പുകളിൽ അത് ഒഴിവാക്കിയിട്ടുണ്ട്. അതിലെ അനൗചിത്യമാവാം കാരണം.

പകർച്ചവ്യാധിയെക്കുറിച്ച് ചിന്തിക്കവേ, അല്ലാഹുവിന്റെ നാമങ്ങൾ ഉരുക്കഴിക്കുകയാണ് ചികിത്സ എന്ന് അറിയിച്ചു: ‘യാ ഹഫീസ്, യാ അസീസ്, യാ റഫീഖ്... ഇതിനുമുമ്പ് അല്ലാഹുവിന്റേതായി എവിടെയും കണ്ടിട്ടില്ലാത്ത പുതിയ പേരാണ് റഫീഖ്. ഈ പേരുകൾ ആവർത്തിച്ചു പറയുക എന്നതാണ് ചികിത്സ’(പേജ് : 404).

“ഒരു സ്വപ്ന ദർശനത്തിൽ കോടതിയാണ് രംഗം. ഡെപ്യൂട്ടി ഖായിം അലിയാണ് ജഡ്ജ്. സഹോദരൻ മിർസാ ഗുലാം ഖാദിർ ആണ് ശിരസ്തദാർ. ഇവിടെ അലി എന്നത് അല്ലാഹുവിന്റെ നാമമാകുന്നു’ (പേജ്: 462).

‘അല്ലാഹുവിന്റെ ജോലി’

അല്ലാഹുവിന്റെ ചില പ്രവൃത്തികൾ പരിചയപ്പെടുത്തുന്നുണ്ട് ‘തദ്കിറ.’ അവ പക്ഷേ, ഇസ്‌ലാമിന്റെ വിശ്വാസങ്ങൾക്കു വിരുദ്ധമാണ്. ചില ഉദാഹരണങ്ങൾ കാണുക:

ഖാദിയാനി പ്രവാചകൻ ഒരു സ്വപ്നമോ ജാഗ്രദ് ദർശനമോ ഇങ്ങനെ വിവരിക്കുന്നു: ‘ഞാൻ ഒരു ദർശനത്തിൽ സ്വയം അല്ലാഹുവായി കണ്ടു. അങ്ങനെത്തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുകയും ചെയ്തു. തുടർന്ന് അല്ലാഹുവിന്റെ ആത്മാവ് എന്നിൽ ലയിക്കുകയും ഞാൻ പൂർണമായി ഇല്ലാതാവുകയും ചെയ്തു...’

പിന്നീട് സ്വന്തം കൈകൾകൊണ്ട് ആകാശഭൂമികളെയും സൂര്യ ചന്ദ്രനക്ഷത്രാദികളെയും സൃഷ്ടിച്ചശേഷം ചരാചരങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ചത് വിശദീകരിക്കുന്നുണ്ട് അദ്ദേഹം. (പേജ് 152-155).

ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു ആകാശഭൂമികളെയും എല്ലാ ചരാചരങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനാണ്. ഒന്നിനും ഒരാളെയും ആശ്രയിക്കാത്തതിനാൽ തന്നെ ഇക്കാര്യം ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ആല ങ്കാരികം എന്ന് വിശേഷിപ്പിച്ചാലും ഈ പറഞ്ഞത് കൊടിയ ദൈവധിക്കാരം തന്നെയാണ്.

വീണ്ടും ‘അല്ലാഹു’ പറഞ്ഞു: ‘ഞാൻ എന്റെ സുഹൃത്തിന്റെ കൂടെ നിൽക്കുന്നു. അവനെ ആക്ഷേപിക്കുന്നവനെ ഞാനും ആക്ഷേപിക്കും. ഞാൻ നോമ്പെടുക്കുകയും നോമ്പ് മുറിക്കുകയും ചെയ്യും.’

‘ഞാൻ സൈന്യവുമായി പൊടുന്നനവേ നിന്റെ അടുത്ത് വരും. ഞാൻ നമസ്‌കരിക്കും, വ്രതം അനുഷ്ഠിക്കും. ഞാൻ നിനക്ക് അനശ്വരമായത് നൽകും’ (പേജ്: 378).

നമസ്‌കാരം, നോമ്പ് തുടങ്ങിയ അനുഷ്ഠാന കർമങ്ങൾ നിർവഹിക്കുന്ന ഒരു അല്ലാഹുവിനെ ഇസ്‌ലാമിന് പരിചയമില്ലല്ലോ. ഇംഗ്ലീഷിലും ഉർദുവിലും പലതവണ വന്ന ‘വഹ്‌യാ’ണ് ഇതിന്റെ ആദ്യവചനം.

“1902 മെയിൽ രോഗശയ്യയിൽ ആയിരിക്കെ അറബി, ഉർദു ഭാഷകളിൽ ഹുസൂറിന് അവതരിച്ച വഹ് യിൽ പറയുന്നു: ‘ഇന്ന് പെരുന്നാൾ ദിവസമാകുന്നു. സർവശക്തനായ എന്റെ ദൈവമേ, ഈ പാനപാത്രം തിരിച്ചെടുക്കേണമേ. അല്ലാഹു ദുഃഖിതനാകുന്നു. മലക്കുകൾ നിന്നെ ആദരിക്കുന്നു’’ (പേജ്: 351,352).

ഏതെങ്കിലും കാര്യത്തിൽ ദുഃഖവും പ്രയാസവും അനുഭവിക്കുന്ന ഒരു അല്ലാഹുവിനെ ഇസ്‌ലാമിന് പരിചയമില്ല.

അല്ലാഹു പറഞ്ഞതായി തുടരുന്നു: ‘ഞാനെന്റെ ദൂതനോടൊപ്പം മറുപടി നൽകും. ഞാൻ തെറ്റും ശരിയും ചെയ്യും. എന്റെ ദൂതനെ വലയം ചെയ്യും’(പേജ്: 381).

‘ഞാൻ നിനക്ക് മുതവക്കിൽ എന്ന പേര് നൽകുന്നു. അല്ലാഹു അർശിൽനിന്ന് നിന്നെ സ്തുതിക്കുന്നു. നിനക്ക് സ്‌തോത്രം ചൊല്ലുകയും സ്വലാത്ത് ചൊരിയുകയും ചെയ്യുന്നു’ (പേജ്: 294).

ഇത്തരം പ്രവർത്തികളൊന്നും ഇസ്‌ലാം പരിചയപ്പെടുത്തുന്ന സർവശക്തനായ അല്ലാഹുവിനില്ല. മിർസക്ക് ലഭിക്കുന്ന വഹ്‌യ് അല്ലാഹുവിൽനിന്നല്ല എന്ന് വ്യക്തം.

മിർസയും മലക്കുകളും

ഇനി നമുക്ക് മിർസയുടെ മലക്കുകളെ പരിചയപ്പെടാം: ‘എന്റെ പ്രാർഥനയുടെ പാരമ്യതയിൽ ഒരു മലക്കിനെ അയക്കുക എന്നതാണ് അല്ലാഹു എന്നോട് സ്വീകരിക്കുന്ന രീതി. മലക്ക് സ്വന്തം കരങ്ങളാൽ ആപത്തുകൾ തടയുകയും ഒട്ടും വൈകാതെ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കുകയും നേരം പുലരൂന്നതോടെ അതിന്റെ അടയാളം പ്രത്യക്ഷപ്പെടുകയും ചെയ്യും’(പേജ്: 354).

മാലാഖക്കുട്ടികൾ

‘ഒരിക്കൽ എട്ടോ പത്തോ വയസ്സുള്ള ഒരു ആൺകുട്ടിയുടെ രൂപത്തിൽ മലക്ക് എന്നെ സമീപിച്ചു. വളരെ ശുദ്ധവും പ്രാസനിബദ്ധവുമായ ഭാഷയിൽ പറഞ്ഞു: ‘അല്ലാഹു താങ്കളുടെ എല്ലാ ഉദ്ദേശ്യങ്ങളും പൂർത്തിയാക്കും’ (പേജ്: 368).

‘സൂഫി നബിബഖ്ഷ് വിശദീകരിക്കുന്നു, മസീഹ് അരുൾ ചെയ്തു: ‘വലിയ സാഹിബിന് (പിതാവ് മിർസാ ഗുലാം മുർതസ) ഒരു കേസ് ഉണ്ടായിരുന്നു. ഞാൻ പ്രാർഥിച്ചപ്പോൾ ചെറിയ കുട്ടിയുടെ രൂപത്തിൽ ഒരു മലക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. ‘നിന്റെ പേരെന്താണ്?’ ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു: ‘എന്റെ പേര് ഹഫീസ് എന്നാണ്.’ പിന്നെ ആ കേസ് മാഞ്ഞുപോയി’ (പേജ്: 643).

രണ്ടിലൊന്ന് അബദ്ധം

1874 നോടടുത്ത് ‘ഒരിക്കൽ സ്വപ്നത്തിൽ ഒരു ആൺകുട്ടിയുടെ രൂപത്തിൽ ഒരു മലക്ക് ഉയർന്ന പീഠത്തിൽ ഇരിക്കുന്നത് കണ്ടു. തന്റെ കയ്യിലുള്ള റൊട്ടിയുടെ കഷ്ണം എനിക്ക് തന്നു. ‘നിനക്കും നിന്നോടൊപ്പമുള്ള ദർവേശുകൾക്കും’ എന്ന് പറഞ്ഞു. റൊട്ടിയെ ഞാൻ വ്യാഖ്യാനിച്ചു: അല്ലാഹു നമുക്കും നമ്മുടെ ജമാഅത്തിനും ആവശ്യമായ ഭക്ഷണം നൽകും. അക്കാര്യത്തിൽ ഒരിക്കലും ആശങ്കിക്കേണ്ടി വരില്ല എന്നാണ് അതിന്റെ താൽപര്യം’ (പേജ്: 14).

ഡോ. അബ്ദുസ്സത്താർ ഷാ വിവരിക്കുന്നു: ‘മസീഹ് ഒരിക്കൽ പറഞ്ഞു: ഈ മിനാരത്തിന്റെ മുന്നിൽ ഞാൻ രണ്ട് മലക്കുകളെ കണ്ടു. അവരുടെ കയ്യിലുള്ള രണ്ട് മധുരമുള്ള അപ്പങ്ങൾ എനിക്ക് തന്നുകൊണ്ട് പറഞ്ഞു: നിനക്കും നിന്റെ ശിഷ്യന്മാർക്കും ഉള്ളതാണിത്’ (പേജ്: 678).

ഇത് രണ്ടും ഒരേ സംഭവമാണെന്നും മലക്കുകളുടെ എണ്ണം കൂടിയതും ദർവേശുകൾ മുരീദുകളായതും നിവേദകന്റെ ഓർമക്കുറവാണെന്നും ക്രോഡീകരിച്ചയാൾ അടിക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ദൈവിക ദർശനമെങ്കിൽ ഇത്തരം അബദ്ധങ്ങൾ നിസ്സാരമായി കാണാനാവുമോ?

മലക്കുകളുടെ ശസ്ത്രക്രിയ!

1878ലാണ് സംഭവം. ആ നാളിൽ ഒരു രാത്രി കശ്ഫിൽ കണ്ടു. മലക്കിനെപ്പോലെ ഒരാൾ, ഷേർ അലി എന്നാണ് പേരെന്ന് മനസ്സിൽ തോന്നി. എന്നെ ഒരിടത്തു കിടത്തി എന്റെ രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുത്തു. നന്നായി കഴുകി വൃത്തിയാക്കി. അഴുക്കും കലർപ്പും എടുത്തുമാറ്റി. എല്ലാവിധ രോഗങ്ങളും കാഴ്ചദോഷങ്ങളും നീക്കംചെയ്തു. കണ്ണുകളിൽ നേരത്തെ ഉണ്ടായിരുന്നതും അമർന്നു കിടന്നിരുന്നതുമായ വിശുദ്ധ ശോഭയ്ക്ക് നക്ഷത്രത്തിളക്കം നൽകി, പ്രവർത്തനക്ഷമമാക്കി. ശേഷം ഷേർ അലി അപ്രത്യക്ഷനായി. അതോടെ ഞാൻ ജാഗ്രദ് ദർശനത്തിൽനിന്നും സാധാരണ അവസ്ഥയിലേക്ക് പരിവർത്തിതനായി’’ (പേജ്: 24).

സുന്ദരനും സുന്ദരിയും

ഖാദിയാനി പ്രവാചകൻ മറ്റു ചില മലക്കുകളെ പരിചയപ്പെടുത്തുന്നു: ‘എന്റെ പിതാവ് മരിച്ചു രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതീവ സുന്ദരിയായ ഒരു സ്ത്രീയെ ഞാൻ സ്വപ്നം കണ്ടു. അവളുടെ ശരീരം ഇപ്പോഴും എന്റെ കൺമുമ്പിലുണ്ട്. അവൾ പറഞ്ഞു: ഞാൻ റാണിയാണ്. ഈ വീടിന്റെ ഐശ്വര്യവും അന്തസ്സും ആണ് ഞാൻ’ (പേജ്: 20).

‘ആ കാലത്തു തന്നെ അതിസുന്ദരനായ ഒരു പുരുഷനെയും കാണാൻ സാധിച്ചു. ‘നീ ഒരു സുന്ദരൻ തന്നെ’ എന്ന് പറഞ്ഞപ്പോൾ ‘ഞാൻ ദർശനിയാണ്. നിന്റെ ഉണർന്ന ഭാഗ്യമാണ് ഞാൻ’ എന്ന് മറുപടി പറഞ്ഞു’ (പേജ്: 20).

സുന്ദരന്മാരും സുന്ദരികളും കൗമാരക്കാരുമൊക്കെയാണ് മിർ സയെ സന്ദർശിക്കുന്ന മലക്കുകൾ. പിന്നെ പിതാവിന്റെയും സഹോദരന്റെയും രൂപത്തിൽ വരുന്ന ചിലരും. അദ്ദേഹം പറയുന്നു:

“ഞാൻ എന്റെ പിതാവിനെ സ്വപ്നത്തിൽ കാണുമ്പോഴൊക്കെയും അദ്ദേഹത്തിന്റെ രൂപത്തിൽ ഒരു മലക്കിനെയാണ് കാണാറുള്ളത്. അടിക്കാനായിട്ടെന്നപോലെ കയ്യിൽ ഒരു വടിയും ഉണ്ടാകും. ‘മക്കളെ അടിക്കുന്ന പിതാവിനെപ്പോലെ’ എന്ന് ഞാൻ പറയുമ്പോൾ ആ കണ്ണുകൾ നിറയും. ഇങ്ങനെ രണ്ടുമൂന്നു തവണ സംഭവിച്ചിട്ടുണ്ട്’’ (പേജ്: 354). മലക്കാണോ കരയുന്നത് അതോ ബാപ്പയോ? മലക്കിനെ എങ്ങനെയാണ് തിരിച്ചറിയുക?

(തുടരും)