കാല് തിരുമ്മുന്ന രാജാക്കന്മാർ!

പി പി അബ്ദുർറഹ്‌മാൻ, കൊടിയത്തൂർ

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 6)

മിർസക്ക് 1903 ജൂൺ 20ന് അവതരിച്ച ഒരു ‘വഹ്‌യ്’ കാണുക: “ദീർഘായുസ്സ്, നാം നിനക്കായി ഇരുമ്പിനെ മൃദുലമാക്കി. എന്നെ താങ്കളുടെ തുണിത്തലയുമായി ബന്ധിച്ചിരിക്കുന്നു. ഒരു വലിയ മനുഷ്യൻ.’’

“ഈ ‘വഹ്‌യ്’ അവതരിച്ചപ്പോൾ കലാത്തിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവിന്റെ കത്ത് കിട്ടി. ‘ഞാൻ താങ്കളുടെ തുണിത്തലയിൽ ബന്ധിതനായിരിക്കുന്നു.’ മുഫ്തി മുഹമ്മദ് സാദിഖ്, മൗലവി മുഹമ്മദലി, ഹകീം നൂറുദ്ദീൻ തുടങ്ങി നാൽപതോളം സ്വഹാബിമാർ ഇതിന് സാക്ഷികളാണ്’’ (പേജ് 394).

ഒരു മുൻ നാട്ടുരാജാവെങ്കിലും മിർസയിൽ വിശ്വസിച്ചിരുന്നുവെങ്കിൽ അയാളുടെ ഊരും പേരും മറ്റു വിശേഷങ്ങളും ഒട്ടെല്ലാ ഗ്രന്ഥങ്ങളിലും നമുക്ക് കാണാമായിരുന്നു. ഒരു കത്ത് കിട്ടിയതിനാണ് നാൽപത് സാക്ഷികൾ! അവരാരെങ്കിലും മിർസക്കെതിരായി സാക്ഷി പറയുമോ?

ആ കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലോ മുഖപത്രങ്ങളിലോ ഈ ‘വഹ്‌യുകൾ’ കാണാനാവില്ല. പിൽക്കാലത്ത് കണ്ടെടുത്ത നോട്ടുപുസ്തകത്തിൽനിന്നാണ് ഇത് എടുത്തെഴുതിയത്. അതുകൊണ്ടുതന്നെ സംഭവം കളവാണെന്നത് വ്യക്തം.

അതേ നോട്ടുപുസ്തകത്തിൽനിന്ന് മറ്റൊരെണ്ണം കൂടി: “1322 ശഅ്ബാൻ 25 വെള്ളിയാഴ്ച, സിയാൽ കോട്ടിൽനിന്ന് വരുമ്പോൾ ബട്ടാലയിലെ സത്രത്തിൽവച്ച് ഒരു സ്വപ്നം കണ്ടു. കശ്മീരിലെ പരേതനായ രാജാവ് ഗുലാബ് സിംഗ് എന്റെ കാലുകൾ തിരുമ്മിക്കൊണ്ടിരിക്കുന്നു!

പിന്നെ കാണുന്നത് ഒരുപാട് സ്വർണാഭരണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതാണ്. ഇതെവിടെനിന്നാണ് എന്ന് നൂറുദ്ദീൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ഗ്വാളിയോറിലെ മഹാരാജാവ് സമ്മാനമായി കൊടുത്തയച്ചതാണ്. മഹാരാജാവും കാണാൻ വന്നിട്ടുണ്ട്’’ (പേജ് 438).

ഉണർന്നുപോയി. കശ്മീരിലെയും ഗ്വാളിയോറിലെയും രാജാക്കന്മാർക്ക് പകരം കാല് തിരുമ്മുന്നത് നൂറുദ്ദീനും സന്നൂരിയും ഒക്കെത്തന്നെയാണ്!

ഹിജ്‌റ വേളയിൽ തങ്ങളെ ഖുറൈശികൾക്ക് പിടിച്ചുകൊടുത്തു നൂറ് ഒട്ടകം സമ്മാനം നേടാനായി പിന്തുടർന്നു വന്ന സുറാഖയോട് മുഹമ്മദ് നബി ﷺ പറഞ്ഞല്ലോ, ‘ഒരു ദിവസം വരും. അന്ന് പേർഷ്യയിലെ ചക്രവർത്തി ഖുസ്രൂവിന്റെ വളകൾ നിന്നെ അണിയിക്കും’ എന്ന്. നിങ്ങളും അതോർത്തു കാണും. അത് പക്ഷേ, അല്ലാഹു നിയോഗിച്ച സ്വന്തം പ്രവാചകന്റെ പ്രവചനമായിരുന്നു. ഇവിടെ ഡ്യൂപ്പ് ആണ് രാജാക്കന്മാർ തന്റെ കാലുകൾ തിരുമ്മുന്നത് സ്വപ്നം കാണുന്നത്.

രാജാക്കന്മാർക്ക് എഴുതിയ കത്തുകൾ

അടുത്തപടി രാജാക്കന്മാർക്ക് കത്തെഴുതുക എന്നതാണ്. കത്തിലൊതുക്കേണ്ട, ഒരു പുസ്തകം തന്നെ എഴുതി ‘ഇന്ത്യൻ കിസ്‌റാ റാണി’ക്കയക്കാമല്ലോ. അങ്ങനെ മിർസാ ഖാദിയാനി ഉർദു ഭാഷയിൽ ‘തുഹ്ഫയേ കൈസറ’ എന്ന ഗ്രന്ഥം രചിച്ചു. “ദീനി താൽപര്യം ഉദ്ദേശിച്ചുകൊണ്ടാണ് ഈ പുസ്തകം രചിച്ചത്. ഇന്ന് ഒരു സ്വപ്നത്തിൽനിന്ന് മനസ്സിലായി; ഒരുപക്ഷേ, ഈ ഉദ്ദേശ്യം വിജയിക്കില്ല. ഇത് നമ്മുടെ ജമാഅത്തിന് പ്രയാസമുണ്ടാക്കും എന്ന സൂചനയും കാണുന്നു’’ (പേജ് 252).

മഹാറാണിയെ അങ്ങേയറ്റം പുകഴ്ത്തുന്നതും ഈ ലോ കത്ത് അവരുടെ സാമ്രാജ്യത്വ വികാസവും പരലോകത്ത് മോക്ഷവും ലഭിക്കാൻ വേണ്ടി പ്രാർഥിക്കുന്നതുമാണ് ആ പുസ്തകത്തിൽ കാണാനാവുക. ഇതിൽ എന്ത് ദീനി താൽപര്യമാണ് സംരക്ഷിക്കപ്പെടുക എന്നറിയില്ല. എന്നാൽ ചിന്താശൂന്യരായ അനുയായികളുടെ ജമാഅത്തിന് ആ പുസ്തകം പ്രയാസം സൃഷ്ടിക്കാനും സാധ്യതയില്ല.

മഹാറാണി എഴുന്നള്ളുന്നു!

1899ലെ ഒരു പ്രഭാതത്തിൽ ഉണ്ടായ സ്വപ്നദർശനമാണ് ഏറെ മഹത്തരമായത്! “ഹസ്രത്ത് ഇന്ത്യൻ കൈസറ ആദര ണീയ മഹാറാണി സല്ലമഹല്ലാഹ് ഈ വിനീതന്റെ വീട്ടിലേക്ക് എഴുന്നള്ളിയിരിക്കുന്നു. അടുത്തുണ്ടായിരുന്ന ഈ വിനീതനോട് (മൗലവി അബ്ദുൽ കരീം) ഹുസൂർ പറഞ്ഞു: ‘ആദരണീയ മഹാറാണി എന്നോടുള്ള വാത്സല്യാതിരേകം കൊണ്ടാണ് വീട്ടിലേക്ക് തൃപ്പാദങ്ങൾ എടുത്തുവച്ചതും രണ്ടുദിവസം നമ്മോടൊപ്പം താമസിച്ചതും. അതിന് അത്യധികമായി കൃതജ്ഞത കാണിക്കണം’’ (പേജ് 280).

നടേ പറഞ്ഞ ഇന്ത്യൻ നാട്ടുരാജാക്കന്മാരിൽനിന്ന് വ്യത്യസ്തമായി ഇവിടെ ഈ ‘പ്രവാചകനും സ്വഹാബികളും’ മഹാറാണിയുടെ കാലുകൾ തിരുമ്മുകയാണ് ചെയ്യുന്നത്. അവർ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപയും മഹാറാണിയും സർവോപരി വെള്ളക്കാരിയും ആയതുകൊണ്ടാവാം. ഇതൊക്കെ നടന്നത് അവർ അറിയാതെയാണെന്നതാണ് ഏറെ രസകരം! ഉള്ളിലെ മോഹങ്ങളാണല്ലോ പലപ്പോഴും സ്വപ്നങ്ങളായി കാണുന്നത്.

മർദകരും ചൂഷകരുമായ വിദേശാധിപത്യക്കാരെ എവ്വിധമാണ് നാം സ്വീകരിക്കേണ്ടതും അനുസരിക്കേണ്ടതും എന്നതാണ് ഈ ദിവ്യ സ്വപ്നത്തിലൂടെ ഈ ‘പ്രവാചകൻ’ അനുയായികൾക്ക് നൽകുന്ന പാഠം!

അനുഗ്രഹം തേടി തുർക്കി ഖലീഫയും!

ഇത് സ്വപ്നമോ ദർശനമോ അല്ല. മസീഹിന്റെ വസ്ത്രാഞ്ചലത്തിൽ അനുഗ്രഹം തേടിയെത്തിയ റോമാ സുൽത്താന്റെ കഥയാണ്. ഉസ്മാനിയ ഖലീഫ അബ്ദുൽഹമീദ് രണ്ടാമൻ 1896ൽ ഹുസൈൻ കാമിയെ കറാച്ചിയിലെ തുർക്കി കോൺസുലേറ്റിലേക്ക് വൈസ് കോൺസൽ ആയി നിയമിച്ചു. അവിടെ എത്തിയ ഹുസൈൻ കാമി ഉടൻ തന്നെ ഉപഭൂഖണ്ഡത്തിൽ പര്യടനം ആരംഭിച്ചു. മുസ്‌ലിം പൊതുജനങ്ങളെയും മുസ്‌ലിം അൻജുമനുകളെയും സ്വാധീനമുള്ള മുസ്‌ലിം നേതാക്കളെയും സന്ദർശിച്ചു. ലാഹോറിലും അമൃതസറിലും ചെന്നപ്പോൾ ഖാദിയാനിലെ പുതിയ കൾട്ടിനെക്കുറിച്ച് അറിഞ്ഞു, അവിടെയും ചെന്നു. മിർസാ ഖാദിയാനി അത് ഇങ്ങനെ വിശദീകരിക്കുന്നു:

“അദ്ദേഹം സ്വകാര്യ കൂടിക്കാഴ്ചയിൽ റോമാ സുൽത്താന് വേണ്ടി പ്രാർഥിക്കാനും വരാൻ പോകുന്ന ദൈവിക വിധികളെക്കുറിച്ച് വിവരം നൽകാനും ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു: ‘സുൽത്താന്റെ സാമ്രാജ്യത്തിന് നല്ല സ്ഥിതിയല്ലെന്നും നല്ല പര്യവസാനവും അല്ലെന്നും ഞാൻ ദർശനത്തിൽ കാണുന്നു.’ തുടർന്ന് പല സൂചനകളിലൂടെയും സുൽത്താൻ അല്ലാഹുവിന്റെയടുത്ത് തെറ്റുകാരൻ ആണെന്നും അല്ലാഹു ഉദ്ദേശിക്കുന്ന നന്മയും വൃത്തിയും മാനുഷിക സഹാനുഭൂതിയും ഇല്ലാത്തതിനാൽ സാമ്രാജ്യം നാശമുഖത്താണെന്നും തൗബ ചെയ്യണമെന്നും നിർദേശിച്ചു. സുൽത്താന്റെ പ്രതിനിധിക്ക് ഇത് ഒട്ടും ബോധിച്ചില്ല. വളരെ മോശമായി അദ്ദേഹം പ്രതികരിച്ചു. ഞാൻ വീണ്ടും പറഞ്ഞു: ‘ഞാൻ വാഗ്ദത്ത മസീഹും മഹ്ദിയും ദൈവനിയുക്തനുമാണ്. രക്തം ചിന്തുന്ന മസീഹിനെയും മഹ്ദിയെയും കാത്തിരിക്കുന്നത് പൊതുസമൂഹത്തിന് പറ്റിയ മഹാവിഡ്ഢിത്തമാണ്. എന്നിൽനിന്ന് വേർപെട്ടു നിൽക്കുന്ന മുസ്‌ലിം, രാജാവായാലും രാജാവല്ലാത്തവൻ ആണെങ്കിലും വിച്ഛേദിക്കപ്പെടും.’ ഈ വാക്കുകൾ ശരംകണക്കെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൊണ്ടു. എനിക്ക് അദ്ദേഹത്തെ കാണാൻ താൽപര്യമില്ലായിരുന്നു. ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു എന്ന് മാത്രം. അദൃശ്യജ്ഞാനിയായ ദൈവം നേരത്തെതന്നെ എനിക്കറ് അറിവ് തന്നിരുന്നു; അയാളുടെ ഉള്ളകം കാപട്യം നിറഞ്ഞതാണെന്ന്. അതാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടത്’’ (പേജ് 250, 251).

ഏതോ കേസിൽ ഉൾപ്പെട്ട ഹുസൈൻ കാമിയെ കോൺസുലേറ്റിൽനിന്ന് തിരിച്ചുവിളിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തുവത്രെ. അതോടെ അദ്ദേഹത്തെക്കുറിച്ചുള്ള മിർസയുടെ പ്രവചനം പുലർന്നുവെന്ന് അടിക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. പക്ഷേ, പ്രവചനം അദ്ദേഹത്തെക്കുറിച്ചായിരുന്നില്ല. സുൽത്താനെയും അദ്ദേഹത്തിന്റെ രാഷ്ട്രത്തെയും സംബന്ധിച്ചായിരുന്നു. അതാകട്ടെ വീണ്ടും കാൽ നൂറ്റാണ്ടിലേറെ എല്ലാവിധ പ്രൗഢിയോടും കൂടി നിലനിന്നു എന്നതാണ് ചരിത്രം.

ആദ്യത്തെ വഹ്‌യ് വീണ്ടും!

അതിരിക്കട്ടെ, ഈ വചനം ആയിരുന്നോ ആദ്യത്തെ വഹ്‌യ്? അല്ലെന്നാണ് സാക്ഷാൽ മിർസാ ഗുലാം അഹ്‌മദ് പറയുന്നത്. 1876 ജൂൺ മൂന്നിന് അവതരിച്ച ആദ്യത്തെ വഹ്‌യ് അറബി ഭാഷയിൽ ഉള്ളതാണത്രെ. നമുക്ക് ‘തദ്കിറ’യിൽനിന്ന് ഉദ്ധരിക്കാം:

“പിതാവിന്റെ മരണം ആസന്നമാണെന്ന് സ്വപ്ന ദർശനത്തിലൂടെ അറിയിക്കപ്പെട്ടു. ഞാനന്ന് ലാഹോറിലായിരുന്നു. വേഗം ഖാദിയാനിലേക്ക് വന്നു. രോഗബാധിതനായിരുന്നുവെങ്കിലും വന്നതിനു പിറ്റേദിവസംതന്നെ മരിക്കും എന്ന് തോന്നിയില്ല. കാരണം രോഗം കുറഞ്ഞുവരികയായിരുന്നു. ആത്മവിശ്വാസത്തോടെ ഇരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുക്കൾ പിറ്റേന്ന് ഉച്ചവരെ ഒന്നിച്ചു കഴിഞ്ഞു. ‘ദയവുചെയ്ത് നീ പോയി വിശ്രമിക്കുക’ എന്ന് എന്നോട് പറഞ്ഞപ്പോൾ ആ ചൂടുകാലത്ത് ഞാൻ മുറിയിൽ പോയി കിടന്നു. ഒരു ഭൃത്യൻ എന്റെ കാലുകൾ തിരുമ്മിക്കൊണ്ടിരുന്നു. ചെറിയൊരു മയക്കത്തിൽ ഒരു ഇൽഹാം: ‘വസ്സമാഇ വത്ത്വാരിഖ്.’ അതായത് ഗതിവിഗതികളുടെ ഉത്ഭവസ്ഥാനമായ ആകാശമാണെ, സൂര്യാസ്തമയ ശേഷം നടക്കാൻ പോകുന്ന സംഭവമാണെ സത്യം.’ ഇത് അല്ലാഹുവിന്റെ ആദരവാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. സംഭവം സൂര്യാസ്തമയശേഷം നടക്കുന്ന പിതാവിന്റെ മരണമാണെന്നും വ്യക്തമാക്കപ്പെട്ടു. അതുതന്നെ സംഭവിച്ചു. പിതാവ് മരണപ്പെട്ടു’’ (പേജ് 19).

ഈ സംഭവം വിശദീകരിച്ചുകൊണ്ട് ‘ഹഖീഖതുൽ വഹ്‌യി’ൽ എഴുതി: “ഇതെന്റെ ആദ്യത്തെ ഇൽഹാമായിരുന്നു. അല്ലാഹു സാക്ഷാത്കരിച്ച ആദ്യത്തെ പ്രവചനം. ആകാശത്തെയും പിതാവിന്റെ മരണത്തെയും സത്യം ചെയ്തുകൊണ്ട് അല്ലാഹു എന്നെ സമാധാനിപ്പിച്ചു’’ (പേജ് 209).

1868ൽ രാജാക്കന്മാരെ പറ്റി ഉർദുവിലും 1876ൽ പിതാവിനെക്കുറിച്ച് അറബിയിലും അവതരിച്ച വഹ് യുകളിൽ ആദ്യത്തേത് ഏതെന്ന് പ്രവാചകനും അനുയായികളും തർക്കിക്കുമ്പോൾ നമുക്ക് അതിൽ ഇടപെടേണ്ട കാര്യമില്ല. മുഹമ്മദ് നബി ﷺ അന്ത്യപ്രവാചകനാണെന്നും താൻ അവസാനത്തെ നബിയാണെന്നും മിർസ എഴുതിവച്ചപോലെ അന്ത്യപ്രവാചകൻ രണ്ടാവാമെങ്കിൽ ആദ്യത്തെ വഹ്‌യും രണ്ടോ അതിലധികമോ ആവാമല്ലോ!

പക്ഷേ, ഒരു കാര്യമുണ്ട്. ആദ്യത്തെ വഹ്‌യ് ആണല്ലോ നബിമാരുടെ ‘അപ്പോയിന്റ്‌മെന്റ് ഓർഡർ.’ ‘സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക’ എന്ന് തുടങ്ങുന്ന ആദ്യ വഹ്‌യിലൂടെ അല്ലാഹു മുഹമ്മദ് ബ്‌നു അബ്ദില്ലയെ തന്റെ സന്ദേശവാഹകനാക്കി നിയമിക്കുകയായിരുന്നുവല്ലോ. ‘അഭിനവ പ്രവാചകന്റെ’ കാര്യത്തിൽ 1868ലോ 1869ലോ എന്ന് കൃത്യമായി നിശ്ചയമില്ലാത്ത വചനമാണോ 1876ൽ അവതരിച്ചു എന്ന് പറയുന്ന അറബി വചനമാണോ ആദ്യത്തെ വഹ്‌യ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജനന വർഷത്തിന്റെ കാര്യത്തിലും അഞ്ചാറു വർഷങ്ങളുടെ വ്യത്യാസമുള്ള ആളാകട്ടെ നാൽപതാം വയസ്സിലാണ് തനിക്ക് പ്രവാചകത്വം ലഭിച്ചത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു!

മിർസാ ഖാദിയാനിയുടെ ജീവിതം വിശദമായി പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ സ്വന്തം ഗ്രന്ഥമായ ‘കിതാബുൽ ബരിയ്യ’യിൽ പറയുന്നത്, ‘1839ലോ 1840ലോ സിക്ക് ഭരണത്തിന്റെ അവസാന കാലത്താണ് എന്റെ ജനനം, 1857ൽ എനിക്ക് 16ഓ 17ഓ വയസ്സായിരുന്നു’ എന്നാണ്. (പേജ് 159).

പക്ഷേ, തന്റെ പ്രവാചകൻ 1835 ഫെബ്രുവരി 13 വെള്ളിയാഴ്ച പ്രഭാതത്തിലാണ് ജനിച്ചതെന്ന് എൻ. അബ്ദുർറഹീം ശഠിക്കുന്നു. (ഹസ്രത്ത് അഹമ്മദ് പേജ് 51).

പ്രവാചകന്റെ ഗ്രന്ഥങ്ങൾ കണ്ടിട്ടുപോലുമില്ലാത്ത കേരളത്തിലെ അനുയായികൾ രണ്ടാമത് പറഞ്ഞ ജനനത്തീയതിയാണ് അംഗീകരിക്കുന്നത്. ആദ്യത്തെ വഹ്‌യ് രാജാക്കന്മാരെ പറ്റിയാണെന്ന് പറയുന്ന അബ്ദുറഹീം, മിർസയുടെ നിയോഗം മുപ്പത്തിമൂന്നാം വയസ്സിലായിരുന്നു എന്നു സമ്മതിക്കുന്നു. ഇമ്മാതിരി തർക്കങ്ങളിൽ അവർ തന്നെ തീരുമാനമെടുക്കട്ടെ.

വഹ്‌യുകൾ വിൽപനയ്ക്ക്!

‘തദ്കിറ’യിൽ അടുത്ത നമ്പറിൽതന്നെ ചേർത്ത ഇൽഹാം മിർസ ഇങ്ങനെ വിവരിക്കുന്നു: “നേരത്തെ പറഞ്ഞ പ്രകാരം പിതാവ് മരിച്ചതോടെ മാനുഷികമായ ചിന്തകൾ എന്നെ മഥിച്ചു. ജീവിത മാർഗങ്ങൾ പലതും പിതാവിന്റെ ജീവിതത്തെ ആശ്രയിച്ചായിരുന്നു...’’

1857ൽ ഇന്ത്യയിലെ സ്വാതന്ത്ര്യസമര പോരാട്ടത്തെ അടിച്ചമർത്താനായി 50 അശ്വഭടന്മാരെ അയച്ചുകൊടുത്തതിന്റെ പ്രത്യുപകാരമായും നേരത്തെ കൈവശമുണ്ടായിരുന്ന 80 ഗ്രാമങ്ങൾ പിടിച്ചെടുത്ത വകയിലും 700 രൂപ വാർഷിക പെൻഷൻ (മാലിഖാൻ) അനുവദിച്ചിരുന്നു ബ്രിട്ടീഷ് ഗവൺമെന്റ്. അത് പിതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ മരണത്തോടെ ഉണ്ടായ ആശങ്ക.

തുടർന്നെഴുതുന്നു: “എന്തൊക്കെ പ്രയാസങ്ങളാണ് സഹിക്കേണ്ടിവരിക എന്നറിയില്ല. ആ സമയത്താണ് രണ്ടാമത്തെ ഇൽഹാം അവതരിച്ചത്: ‘തന്റെ ദാസന് അല്ലാഹു മതിയാവില്ലേ?’ ഇത് അത്ഭുതകരമായ സമാധാനവും സ്വാസ്ഥ്യവും നൽകി’’ (പേജ് 20)

ആ കാലഘട്ടത്തെക്കുറിച്ച് ‘ഹഖീഖതുൽവഹ്‌യി’ൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ‘മാസം 10 രൂപ പോലും വരുമാനം ഇല്ലാതിരുന്ന, ആരോരുമറിയാതെ കഴിഞ്ഞിരുന്ന, ആ കാലഘട്ടത്തിൽ മൂന്നു ലക്ഷത്തിലധികം രൂപ വരുമാനം ഉണ്ടായി എന്നതാണ് സത്യം.’ എങ്ങനെയെന്നല്ലേ? ആ വാചകം കൊത്തിവെച്ച മോതിരം വ്യാപകമായി വിൽപന നടത്തുകയായിരുന്നു അദ്ദേഹം. എന്നുവച്ചാൽ രണ്ടാമത്തെ വഹ്‌യ് വിറ്റു കാശാക്കി എന്നർഥം!