റമദാനിലൂടെ നേടിയെടുത്ത ആത്മചൈതന്യം നിലനിർത്തുക

സ്വലാഹുദ്ദീൻ ഹികമി

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനിന്റെ കർമനിരതമായ രാപ്പകലുകൾ നമ്മിൽനിന്ന് വിട പറഞ്ഞിരിക്കുകയാണ്. വിശപ്പും ദാഹവും സഹിച്ച് പകൽ മുഴുവൻ നോമ്പുനോറ്റു. രാപ്പകലുകളെ നമസ്‌കാരങ്ങൾകൊണ്ടും ക്വുർആൻ പാരായണംകൊണ്ടും സജീവമാക്കി. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ച് നാം ചെയ്തുകൂട്ടിയ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിച്ചുവോ എന്ന് നമുക്കാർക്കും അറിയില്ല. സ്വീകാര്യയോഗ്യമായ നിലയിൽ നാം അതെല്ലാം ചെയ്തിരുന്നോ എന്ന് വിചിന്തനം നടത്തേണ്ട വേളയാണിത്. കാരണം ജീവിത യാത്രയ്ക്കിടയിൽ ചെയ്ത പാപങ്ങൾ റമദാൻ കൊണ്ട് പൊറുക്കപ്പെട്ടില്ലെങ്കിൽ, ചെയ്ത സൽകർമങ്ങൾ സ്വീകരിക്കപ്പട്ടിട്ടില്ലെങ്കിൽ നാം തീരാനഷ്ടത്തിലാണ് പതിക്കുക. അല്ലാഹുവിന്റെ റസൂൽ ﷺ ഒരിക്കൽ മദീന പള്ളിയിലെ മിമ്പറിൽ നിന്ന് നൽകിയ താക്കീത് കാണുക: “റമദാൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടും പാപം പൊറുക്കപ്പെടാത്തവൻ മൂക്ക് കുത്തി വീഴട്ടെ...’’(തിർമിദി). (അവന് നാശമെന്നർഥം).

പരിശുദ്ധ റമദാനിൽ ചെയ്ത പ്രവർത്തനങ്ങൾ മുൻനിർത്തി ഒരു ആത്മ വിചാരണ ചെയ്യുന്നത് നമ്മുടെ കർമങ്ങളുടെ അവസ്ഥ വ്യക്തമാവാൻ സഹായകമാണ്. എങ്കിലേ വന്നുപോയ സ്ഖലിതങ്ങൾ തിരുത്തി നന്മയുടെ പാതയിൽ മുന്നേറാൻ നമുക്ക് സാധിക്കുകയുള്ളൂ. പ്രയാസവും ക്ഷീണവും സഹിച്ച് നാം നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതുണ്ട്. പതിനൊന്ന് മാസത്തേക്കുള്ള, ഒരു മാസം നീളുന്ന പരിശീലനക്കളരിയാണ് യഥാർഥത്തിൽ റമദാൻ. ജീവിതയാത്രയിലെ വ്യത്യസ്ത സന്ദർഭങ്ങളിൽ ഇസ്‌ലാമിക അധ്യാപനങ്ങൾ എങ്ങനെയാണ് നിലനിർത്തേണ്ടത് എന്ന് റമദാൻ പഠിപ്പിക്കുന്നുണ്ട്. അതിനാൽതന്നെ പുതിയ ജീവിതത്തിന് തുടക്കമിടുകയാണ് പെരുന്നാൾ സുദിനത്തിലൂടെ നാം ചെയ്യുന്നത്.

എന്നാൽ ഇന്ന് നമ്മുടെ സമൂഹത്തിലെ പെരുന്നാൾ ആഘോഷങ്ങളുടെ അവസ്ഥ പരിതാപകരമാണ്. മുപ്പത് ദിനങ്ങൾകൊണ്ട് നേടിയെടുത്ത ആത്മീയചൈതന്യം മണിക്കൂറുകൾകൊണ്ട് തകർന്നുതരിപ്പണമാകുന്ന തരത്തിലാണ് ന്യൂജൻ പെരുന്നാൾ ആഘോഷം. പെരുന്നാളിന് റിലീസ് ചെയ്യുന്ന ചലച്ചിത്രങ്ങൾ കാണാൻ തിയേറ്ററുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്ന മുസ്‌ലിം ചെറുപ്പക്കാരിൽനിന്ന് തുടങ്ങി ആഘോഷത്തിമർപ്പിനിടയിൽ നമസ്‌കാരങ്ങൾ നഷ്ടപ്പെടുത്തുന്ന ദമ്പതികൾവരെ ഇന്നത്തെ കാഴ്ചയാണ്.

അല്ലാഹു പറയുന്നത് കാണുക: “ഉറപ്പോടെ നൂൽ നൂറ്റശേഷം തന്റെ നൂൽ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പോലെ നിങ്ങളാകരുത്...’’ (ക്വുർആൻ 16:92).

ഇസ്‌ലാമിക ജീവിതം പ്രത്യേക സീസണിൽ മാത്രമുള്ളതല്ല, മറിച്ച് എല്ലാകാലവും നിലനിർത്തേണ്ട താണ്. വിശുദ്ധ റമദാനിൽ നാം നമസ്‌കാരം, നോമ്പ്, ക്വുർആൻ പാരായണം, ദാനധർമം തുടങ്ങി എത്രയെത്ര പുണ്യകർമങ്ങൾ ചെയ്തു! അതെല്ലാം തുടർന്നുള്ള ജീവിതത്തിലും നിലനിർത്തേണ്ടതുണ്ട്. പ്രവാചകൻ ﷺ പഠിപ്പിക്കുന്നത് കാണുക: ആഇശ(റ)യിൽനിന്ന് നിവേദനം; റസൂൽ (സ്വ)പറഞ്ഞു: “അല്ലാഹുവിന് പ്രവർത്തനങ്ങളിൽവെച്ച് ഏറ്റവും ഇഷ്ടമായത് പതിവാക്കുന്നവയാണ്. അതെത്ര കുറഞ്ഞാലും ശരി’’ (ബുഖാരി).

അതിനാൽ റമദാനിൽ നാം ചെയ്ത പ്രവർത്തനങ്ങൾ സാധിക്കുന്നത്ര പതിവാക്കണം. അവയൊന്നും ശവ്വാൽ പിറവിയോടെ വിരാമമിടേണ്ടതല്ല. ഐച്ഛിക കർമങ്ങൾ ജീവിതത്തിൽ പതിവാക്കേണ്ടതുണ്ട്. ഒരിക്കൽ പ്രവാചകപുത്രി ഫാത്വിമ(റ) ഒരു ഭൃത്യനെ ആവശ്യപ്പെട്ട് നബി(സ്വ)യെ സമീപിച്ചു. അപ്പോൾ വീട്ടിൽ അവിടുന്ന് ഉണ്ടായിരുന്നില്ല. അവർ തിരിച്ചുപോയി. അന്ന് രാത്രി റസൂൽ ﷺ ഫാത്വിമ(റ)യെയും അലി(റ)യെയും സന്ദർശിച്ചു. ശേഷം അവരോട് പറഞ്ഞു: ‘ഒരു ഭൃത്യനെ ലഭിക്കുന്നതിനെക്കാൾ ഉത്തമമായ കാര്യത്തെപ്പറ്റി ഞാൻ നിങ്ങളെ അറിയിക്കട്ടെ? ഉറങ്ങാൻ കിടക്കുമ്പോൾ 33 തവണ സുബ്ഹാനല്ലാഹ്, 33 തവണ അൽഹംദുലില്ലാഹ്, 34 തവണ അല്ലാഹു അക്ബർ എന്നിവ ചൊല്ലുക.’ ശേഷം അലി(റ) പറയുകയാണ്: ‘ഞാൻ അതിന് ശേഷം ഒരു രാത്രിയിൽ പോലും ഇത് ചൊല്ലാതെ ഉറങ്ങിയിട്ടില്ല.’ അപ്പോൾ സദസ്സിൽനിന്ന് ഒരു വ്യക്തി ചോദിച്ചു: ‘സ്വിഫ്ഫീൻ യുദ്ധ ദിവസമോ?’ അദ്ദേഹം പറഞ്ഞു: ‘സ്വിഫ്ഫീൻ രാത്രിയിൽ പോലും (ചൊല്ലി)’ (ബുഖാരി).

ഇത്തരത്തിലായിരിക്കണം ന മ്മുടെ പ്രവർത്തനങ്ങളും. ജീവിതാന്ത്യംവരെ ആരാധനാകർമങ്ങളിൽ മുഴുകിയാവണം നമ്മുടെ ജീവിതം. അല്ലാഹു പറയുന്നു: “ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക’’ (ക്വുർആൻ 15/99).