ക്വബ്‌റിൽനിന്ന് പുറത്തുവന്നയാളോട് ഖാദിയാനി പ്രവാചകന്റെ കൈയാങ്കളി!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 46)

മഞ്ഞപ്പുതപ്പുകൾ

“ഞാൻ ചില രോഗങ്ങൾകൊണ്ട് പരീക്ഷിക്കപ്പെടുകയും ചിലത് പ്രാർഥനയുടെ മഹത്ത്വംകൊണ്ട് പെട്ടെന്ന് സുഖപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നാലഞ്ചുദിവസങ്ങളായി മൂത്രവാർച്ചയും അതിസാരവുംകൊണ്ട് ഏറെ പരിക്ഷീണനായിരിക്കവെ, ഞാൻ പ്രാർഥിച്ചപ്പോൾ ഇൽഹാം അവതരിച്ചു: ‘നിന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു!’ പിന്നെ ആ പരാതി മാറ്റിവച്ചു. മറ്റെല്ലാ കുറിപ്പടികളെക്കാൾ മഹത്തായ ഒരു കുറിപ്പടിയാണ് അല്ലാഹു നൽകിയത്. ഒളിച്ചുവയ്‌ക്കേണ്ടതാണ്. എന്നാൽ അതൊരു പിശുക്ക് ആകുമെന്നു കരുതി വെളിപ്പെടുത്തുകയാണ് ഞാൻ’’ (പേജ് 385).

എന്നാൽ ഇതേ അസുഖം തന്റെ നിയോഗത്തിനുള്ള അടയാളമാണെന്നും അത് മാറാൻവേണ്ടി പ്രാർഥിച്ചപ്പോൾ അല്ലാഹു അനുവദിച്ചില്ലെന്നും തുടർന്ന് പറയുന്നു! ശരിയാണ്, മിർസയുടെ ‘ഇൽഹാമിയോപ്പതി’യിൽ ചില രോഗങ്ങൾ പെട്ടെന്ന് മാറും. ചിലത് തീരെ മാറില്ല. രണ്ടായാലും വൈദ്യര് നബി തന്നെ! കാര്യം എന്താണെന്നല്ലേ?

“മസ്തിഷ്‌കദൗർബല്യവും തലകറക്കവും മൂലം എന്റെ ശക്തി തീരെ കുറഞ്ഞുപോയിരുന്നു. എന്തെങ്കിലും എഴുതാൻ ഇനി സാധിക്കുകയില്ലെന്ന് ഞാൻ ആശങ്കിച്ചു. ചിലപ്പോൾ ശരീരത്തിൽ ജീവനില്ലാത്ത പോലെയാവും...’’

“രണ്ടു രോഗങ്ങൾ എന്നെ മാറാതെ പിടികൂടിയിരുന്നു. ഒന്ന് ശരീരത്തിന്റെ മേൽഭാഗത്തും മറ്റൊന്ന് താഴ്ഭാഗത്തും. തലകറക്കവും മൂത്രവാർച്ചയുമാണവ. ഞാൻ ദൈവനിയുക്തനാണെന്ന വാദം പ്രഖ്യാപിച്ച അന്നു തുടങ്ങിയതാണ് ഈ രണ്ടു രോഗങ്ങൾ. ഞാൻ അവ മാറാനായി പ്രാർഥിച്ചെങ്കിലും പറ്റില്ല എന്നായിരുന്നു മറുപടി.’’

“വാഗ്ദത്ത മസീഹ് രണ്ടു മഞ്ഞപ്പുതപ്പുകൾ പുതച്ചുകൊണ്ട് രണ്ടു മലക്കുകളുടെ ചുമലിൽ കൈവച്ചായിരിക്കും ഇറങ്ങുക. ആ രണ്ടു മഞ്ഞ വസ്ത്രങ്ങളാണ് ഈ രോഗങ്ങൾ. ഇവ എന്റെ ശാരീരികാവസ്ഥയുമായി ചേർന്നു നിൽക്കുകയാണ്. പ്രവാചകന്മാരൊക്കെ ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ്, മഞ്ഞ വസ്ത്രത്തിന്റെ വ്യാഖ്യാനം രോഗമാണെന്ന്’’ (പേജ് 529, 530).

ഇതാണ് ഖാദിയാനി പ്രവാചകന്റെ ഒരു ദൗർബല്യം. എന്തെങ്കിലും ഒന്ന് പറഞ്ഞാലുടനെ മുൻ പ്രവാചകന്മാരുടെയും ഇമാമുമാരുടെയുമൊക്കെ അഭിപ്രായങ്ങളുമായി അതിനെ സമീകരിച്ചുകൊണ്ട് തെളിവു നിരത്തും. താൻ ഒരു പ്രവാചകത്വവാദിയാണെന്ന കാര്യം മറന്ന്, ഒരു സാധാരണ മൗലവിയെപ്പോലെ തന്റെ വാദങ്ങൾക്ക് തെളിവു നിരത്തുകയാണ്! യഥാർഥ നബിയാണെങ്കിൽ സ്വന്തമായി പറഞ്ഞാൽ തന്നെ മതിയല്ലോ. ഈ ഒരു നിലപാട് എല്ലാ കാര്യത്തിലും നമുക്ക് കാണാനാവും.

ഏതായാലും സ്വന്തം മാറാരോഗങ്ങൾക്കുള്ള ന്യായമാണ് ബഹുവിചിത്രം. അതേസമയം തന്റെ പ്രവാചകത്വത്തിനുള്ള അടയാളങ്ങൾ, അവ എത്ര ഗുരുതരവും വെറുപ്പുളവാക്കുന്നതും ആയ രോഗങ്ങളാണെങ്കിലും മാറാൻ വേണ്ടി പ്രാർഥിക്കുന്നത് വലിയ വിഡ്ഢിത്തമല്ലേ? അവ സുഖപ്പെട്ടാൽ പിന്നെ എങ്ങനെ തിരിച്ചറിയാൻ കഴിയും? ഏതായാലും ആധുനിക യുഗത്തിൽ നിയുക്തനായ ഒരു പ്രവാചകന്റെ അടയാളം കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്.

വേണ്ടാവിചാരം!

അങ്ങനെയൊക്കെയാണെങ്കിലും മിർസായുടെ ആരോഗ്യം അല്ലാഹു കോൺട്രാക്ട് എടുത്തതാണത്രെ! മുൻഷി സഫർ അഹ്‌മദ് എഴുതുന്നു: “ഒരിക്കൽ മസീഹിന് കഠിനമായ ചൊറി പിടിച്ചു. കൈകളിൽ കുരുക്കൾ പൊങ്ങിയതിനാൽ എഴുതാനും മറ്റു കാര്യങ്ങൾക്കും സാധിക്കാതെ വന്നു. പല ചികിത്സകളും ചെയ്തിട്ടും മാറിയില്ല. ഒരു ദിവസം അസ്വ്‌റിന്റെ സമയത്ത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ കൈകൾ ശുദ്ധമായിരുന്നു. പക്ഷേ, കണ്ണ് നിറഞ്ഞിരുന്നു. ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ ചോദിച്ചു: ‘എന്താണ് അസാധാരണമായി കരയുന്നത്?’ അദ്ദേഹം പറഞ്ഞു: ‘എനിക്ക് ഒരു വേണ്ടാവിചാരം ഉണ്ടായി. അല്ലാഹു എത്ര വലിയ ജോലിയാണ് എന്നെ ഏൽപിച്ചിട്ടുള്ളത്. അതേസമയം എന്റെ ആരോഗ്യസ്ഥിതിയോ? എന്നും എന്തെങ്കിലും അസുഖങ്ങളും പ്രയാസവും തന്നെ. അപ്പോൾ എനിക്കൊരു ഇൽഹാം വന്നു: ‘നാം നിന്റെ ആരോഗ്യത്തിന്റെ കരാർ എടുത്തിട്ടുണ്ട്’ എന്ന്. അതോടെ എന്റെ മനസ്സിൽ വല്ലാത്ത പ്രയാസവും കുറ്റബോധവും തോന്നി. ഞാൻ വെറുതെ അനാവശ്യം ചിന്തിച്ചുപോയല്ലോ. ഇൽഹാം ഉണ്ടായപ്പോൾ തന്നെ എന്റെ കൈയിലെ ചൊറിയും മാറി. അതിന്റെ അടയാളം പോലും കാണാനില്ലായിരുന്നു. ഒരു വശത്ത് ഇൽഹാമിന്റെ കരുത്തും ശക്തിയും കാണുമ്പോൾ തന്നെ മറുവശത്ത് അല്ലാഹുവിന്റെ കാരുണ്യവും ശ്രേഷ്ഠതയും കാണാൻ സാധിക്കുന്നു. വല്ലാത്ത ആവേശം തോന്നുന്നു. ദുഃഖഭാരത്താൽ കരച്ചിലും വരുന്നു’’ (പേജ് 685).

നമസ്‌കാരത്തിൽ കറുത്ത സത്വങ്ങളെ കാണുകയും കാലുകൊണ്ട് തൊഴിക്കുകയും ചെയ്യുന്ന മറാഖ് രോഗവും ദിനേന നൂറുപ്രാവശ്യം മൂത്രമൊഴിക്കേണ്ടിവരുന്ന മൂത്രവാർച്ചയും കാരണമായി നമസ്‌കാരങ്ങൾക്ക് ഇമാമാമായി നിൽക്കാനോ ഖുത്വുബ നിർവഹിക്കാനോ സാധിക്കാത്ത ഒരു പ്രവാചകന്റെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ആർക്കാണ് വേവലാതിയും പ്രയാസവും തോന്നാതിരിക്കുക?

അക്കാലത്ത് ഖാദിയാനിലും പരിസരങ്ങളിലും ഡോക്ടർമാരുടെയും ആശുപത്രികളുടെയും ആവശ്യമേ ഉണ്ടായിരുന്നില്ല, തന്റെ പ്രാർഥന മതി എല്ലാ രോഗങ്ങളും മാറുവാൻ എന്നു തോന്നുംവിധമാണ് മിർസ കിതാബുകളിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്. പ്രാർഥനയുടെ ഫലമായി നിമിഷനേരംകൊണ്ട് തന്റെയും അനുയായികളുടെയും ചിലപ്പോൾ ശത്രുക്കളുടെ പോലും ചൊറിയും ചുമയും മാറാരോഗങ്ങളും ഭേദമാകുന്നു! എന്തിനേറെ ജീവൻ പോയവരെ ജീവിപ്പിക്കുന്നു! എന്നാൽ വാസ്തവമെന്താണ്? ‘കറുത്ത മരണം’ എന്നറിയപ്പെട്ട പ്ലേഗ് രോഗം താണ്ഡവമാടിയപ്പോൾ അതിന്റെ പിടിയിൽപെട്ട അനുയായികളെ പോലും മിർസാ ഖാദിയാനിക്ക് രക്ഷിക്കാനായില്ല. വ്യാപകമായ മരണം ഉണ്ടായില്ലല്ലോ എന്ന് സമാധാനിക്കുകയായിരുന്നു അദ്ദേഹം. രോഗിയെ കാണുന്നു, ദുആ ചെയ്യുന്നു; വഹ്‌യ് വരുന്നു, സുഖമാകുന്നു എന്ന ‘അതിശീഘ്രപ്രക്രിയ’ മാരകരോഗങ്ങളുടെ കാരൃത്തിൽ സംഭവിച്ചതേയില്ല!

ദീർഘായുസ്സിനു വേണ്ടി

ഇതുതന്നെയാണ് ആയുസ്സ് വർധിപ്പിക്കാൻ വേണ്ടിയുള്ള പ്രാർഥനകളുടെയും പരിണതി. 11.12.1903ന് ഉണ്ടായ ഒരു ‘ദർശനം’ ഇങ്ങനെ: “ഞാൻ ഒരു ക്വബ്‌റിന്മേൽ ഇരിക്കുകയാണ്. ക്വബ്‌റിൽ ഉള്ളയാൾ പുറത്തുവന്ന് എന്റെ മുമ്പിൽ ഇരുന്നു. ഇന്ന് അത്യാവശ്യ കാര്യങ്ങൾക്കായി ദുആ ചെയ്താലോ എന്ന ചിന്തയുണർന്നു. ഇയാൾ ആമീൻ പറഞ്ഞാൽ കാര്യം സാധിക്കുമല്ലോ. ഞാൻ പ്രാർഥിക്കാൻ തുടങ്ങി. ചിലതൊക്കെയേ ഓർമയിലുള്ളൂ. ഓരോ പ്രാർഥനക്കും അയാൾ ആമീൻ പറഞ്ഞുകൊണ്ടിരുന്നു. ജമാഅത്തിന്റെ വളർച്ചക്കും അല്ലാഹുവിന്റെ സഹായത്തിനും വേണ്ടി പ്രാർഥിക്കവെ എനിക്കു തോന്നി, എന്റെ ആയുസ്സ് വർധിപ്പിക്കാൻ വേണ്ടി പ്രാർഥിക്കാമെന്ന്. എന്നാൽ ‘എനിക്ക് 95 വയസ്സുവരെ ജീവിതം തരേണമേ’ എന്ന പ്രാർഥനക്ക് അയാൾ ആമീൻ പറഞ്ഞില്ല. എന്താണ് ആമീൻ പറയാത്തത് എന്ന ചോദ്യത്തിന് മറുപടിയും പറഞ്ഞില്ല. ഞാൻ നിർബന്ധിച്ചും കടുപ്പിച്ചും പറഞ്ഞു. കൈയാങ്കളിയുടെ വക്കിലെത്തിയപ്പോൾ അയാൾ പറഞ്ഞു: ‘പ്രാർഥിച്ചോളൂ, ഞാൻ ആമീൻ പറയാം.’ ഞാൻ പറഞ്ഞു: ‘എന്റെ ആയുസ്സ് 95 വയസ്സുവരെ നീട്ടിത്തരണേ.’ അയാൾ ആമീൻ പറഞ്ഞു. ഞാൻ വീണ്ടും അവനോട് പറഞ്ഞു: ‘നല്ല മനസ്സോടെ എല്ലാ ദുആക്കും ആമീൻ പറഞ്ഞ നിങ്ങൾ എന്താണ് ഇങ്ങനെ കാണിച്ചത്?’ അയാൾ അതുമിതുമൊക്കെ പറഞ്ഞൊഴിഞ്ഞു. ഞാൻ കൃത്യമായി ഓർക്കുന്നില്ല. ഏതായാലും മൊത്തത്തിൽ പറഞ്ഞ കാരണം നാം ഏതെങ്കിലും കാര്യത്തിൽ ആമീൻ പറയുന്നതോടെ നമ്മുടെ ഉത്തരവാദിത്തം വർധിക്കുമെന്നാണ്’’ (പേജ് 507).

എങ്ങനെയുണ്ട്? ക്വബ്‌റിന്മേൽ ചവിട്ടുവാൻ പോലും പാടില്ല എന്നാണ് മുഹമ്മദ് നബിﷺ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ ഖാദിയാനി നബി ക്വബ്‌റിന്മേൽ ഇരിക്കുന്നു. അപ്പോൾ ക്വബ്‌റിലുള്ളയാൾ പുറത്തുവരുന്നു. മിർസക്ക് അതിൽ യാതൊരു അമ്പരപ്പുമില്ല! ഇയാൾ ആമീൻ പറഞ്ഞാൽ കാര്യം സാധിക്കുമല്ലോ എന്ന് മിർസ വിചാരിക്കുന്നു! ക്വബ്‌റിൽനിന്നും ആരെങ്കിലും എഴുന്നേറ്റു വരികയും പ്രാർഥനക്ക് അയാൾ ആമീൻ പറയുകയും ചെയ്താൽ ആ പ്രാർഥന സ്വീകരിക്കപ്പെടുമെന്നും ഖാദിയാനി നബി കരുതുന്നു. മുഹമ്മദ് നബിﷺ പഠിപ്പിച്ച മതത്തിൽ ഏതായാലും ഇങ്ങനെയൊരു വിശ്വാസം പഠിപ്പിക്കുന്നില്ല. ‘എനിക്ക് 95 വയസ്സുവരെ ജീവിതം തരേണമേ’ എന്ന് ഖാദിയാനി നബി പ്രാർഥിച്ചപ്പോൾ, ക്വബ്‌റിൽനിന്നും എഴുന്നേറ്റുവന്ന ആ മനുഷ്യൻ ആമീൻ പറയാത്തതിനാൽ തല്ലാൻവരെ ഒരുങ്ങുന്നു. അങ്ങനെ ഭീഷണിക്കു വഴങ്ങി അയാൾ ആമീൻ പറയുന്നു. വല്ലാത്തൊരു ഗതികേടു തന്നെ! ഏതായാലും ഈ പ്രാർഥന സ്വീകരിക്കപ്പെട്ടില്ല. 70 വയസ്സ് ആകും മുമ്പേ അദ്ദേഹം മരിച്ചുപോയി. സ്വന്തം കാര്യത്തിനു വേണ്ടി മരിച്ചവരോട് പോലും കയ്യാങ്കളി നടത്തിയ ഒരു നബിയെയാണല്ലോ ഖാദിയാനികൾക്ക് കിട്ടിയത്! അയാൾ പിന്നെ ക്വബ്‌റിലേക്ക് തിരിച്ചു പോയോ എന്തോ!

2004ലെ പുതിയ പതിപ്പുകളിൽ ഇത് ഒഴിവാക്കിയിട്ടുണ്ട്. കാരണം പറയേണ്ടത് ഖാദിയാനി നേതൃത്വമാണ്. ഇതിൽ പറയുന്ന കാര്യങ്ങൾ അവർക്കുതന്നെ വിശ്വസിക്കാൻ പറ്റാത്തതിനാലാവാം. ഇങ്ങനെയൊക്കെയായിട്ടും ആയുസ്സ് നീട്ടിക്കിട്ടാത്തതുകൊണ്ട് ആളുകൾ വിശ്വസിക്കാതിരിക്കുമോ എന്ന് ഭയന്നിട്ടുമാകാം. ഏതായാലും അല്ലാഹുവിൽനിന്ന് ലഭിച്ചു എന്നവകാശപ്പെടുന്ന സന്ദേശങ്ങളെ ആവശ്യാനുസരണം ഒഴിവാക്കാനും എഡിറ്റ് ചെയ്യാനും നേതൃത്വത്തിന് ഒരു മടിയും പേടിയുമില്ല! യഥാർഥ ഇസ്‌ലാം ഒരിക്കലും അനുവദിക്കാത്തതും അംഗീകരിക്കാത്തതുമാണിത്.