നിലപാടുകളിലെ വിവേകപരത

നബീൽ പയ്യോളി

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംഘപരിവാർ അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളം രാജ്യത്തിന്റെ മതേതര മുഖത്തെയും ജനാധിപത്യ പ്രക്രിയയയെയും ബഹുസ്വരതയെയും തുടങ്ങി മുഴുവൻ സവിശേഷതകളെയും ഇല്ലാതാക്കാനുള്ള സാഹചര്യത്തിലേക്ക് എത്തിച്ചു എന്നത് നാം ഓർക്കാനാഗ്രഹിക്കാത്ത യാഥാർഥ്യമാണ്. അതുകൊണ്ട്തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അങ്ങനെയായിക്കൂടാ എന്ന മാന സികാവസ്ഥയും ഉറച്ച തീരുമാനവും രാജ്യത്തെ ജനാധിപത്യസമൂഹം കൈക്കൊണ്ടിട്ടുണ്ട് എന്നത് പ്രതീ ക്ഷ നൽകുന്നുണ്ട്.

‘സത്യാനന്തരകാലം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അസത്യങ്ങളുടെ കുത്തൊഴുക്കിൽ ജീവശ്വാസം തേടുന്ന സത്യങ്ങൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി മനസ്സിലാക്കിയേ മതിയാവൂ. രണ്ട് നിലയിലുള്ള പ്രചാരണങ്ങൾ സംഘപരിവാർ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുണ്ട്. ഒന്ന് തികച്ചും കള്ളങ്ങൾ സത്യമെന്ന വ്യാജേന പ്രചരിപ്പിക്കുകയും അത് സ്ഥാപിക്കാനുള്ള വ്യാജതെളിവുകൾ അടക്കമുള്ള സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ബിജെപി അധികാരത്തിൽ വരാനുള്ള സാഹചര്യം മുതൽ ഈ അസത്യ പ്രചാരവേലകളും അത് പൊതുസമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനവും നമ്മുടെ മുന്നിൽ ധാരാളമുണ്ട്. ഒരായിരം നുണകൾ നമ്മുടെ മനസ്സിനെ സ്വാധീനിച്ച് ഒടുവിൽ അത് നുണകളാണെന്ന് തിരിച്ചറിഞ്ഞ് അമ്പരന്ന സംഭവങ്ങൾ നമ്മുടെ മനസ്സിലൂടെ മിന്നിമറയുന്നുണ്ട്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു, അതിന്റെ ദുരന്തങ്ങൾ നാമോരോരുത്തരും ദിനേന അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.

രണ്ടാമത് പ്രത്യക്ഷത്തിൽ സത്യവും നീതിയും എന്ന് തോന്നാവുന്നവയാണ്. പലരും അത്തരം കാര്യങ്ങളെ തുടക്കത്തിൽ പിന്തുണക്കുകയും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയോ അവയിലെ ഒളിയജണ്ടകളെയോ അറിയാതെ പോവുകയാണ് പലപ്പോഴും. ഫാസിസ്റ്റുകൾക്ക് സത്യത്തോടും നീതിയോടും തെല്ലും കൂറുണ്ടാവില്ല എന്ന് തിരിച്ചറിയുന്നതുവരെ ഈ കെണിയിൽ നമ്മൾ വീണുകൊണ്ടേയിരിക്കും. രാജ്യത്തെ ജനങ്ങളെ ഇത്തരത്തിൽ വഞ്ചിച്ചാണ് സംഘപരിവാർ സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരവും രാജ്യത്ത് നിലനിന്നതും നിലനിൽക്കുന്നതും മുന്നോട്ട് പോകുന്നതും. ഈ വിഷയത്തിൽ ശക്തമായ ജാഗ്രതയും വിവേകപരമായ നിലപാടുകളും ഉണ്ടാവേണ്ടത് അനിവാര്യമാണ്.

നന്മയുടെ കണികപോലും അവശേഷിക്കാത്ത സംഘപരിവാർ കേന്ദ്രങ്ങളിൽനിന്നും അതിന് വളമേകുന്ന ഇടങ്ങളിൽനിന്നും വരുന്ന വാർത്തകളും ഏത് നീക്കങ്ങളും അവരുടെ ഗൂഢലക്ഷ്യത്തിന്റെ പ്രചാരവേലകളാണെന്ന് തിരിച്ചറിയുകയും അതേപോലെ കൈകാര്യം ചെയ്യുകയുമാണ് ജനാധിപത്യ പാതയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കാനുള്ള മാർഗം. അവരെത്ര ആട്ടിൽതോലണിഞ്ഞാലും ചെന്നായയാണെന്ന ബോധ്യം കൈവെടിയരുത്. അതോടൊപ്പം അതിനെ നിയമാനുസൃതം പ്രതിരോധിക്കാനും നമ്മൾ തയ്യാറാവേണ്ടതുണ്ട്.

അതോടൊപ്പം പ്രതിപക്ഷനിരയെ ഇല്ലാതാക്കാനും അവരുടെ വ്യക്തിത്വത്തെയും നിലപാടുകളെയുമൊക്കെ ഇകഴ്ത്താനും സംഘപരിവാരം ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. രാഷ്ട്രപിതാവിന്റെ ഘാതകനെ പോലും വീരപുരുഷനായി കാണുന്നവർക്ക് അതിലും എത്രയോ താഴെയുള്ളവരെന്ത്? ഇത് പലപ്പോഴും തിരിച്ചറിയാതെ പോകുന്ന യാഥാർഥ്യമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ തറവാട്ടിൽ പടലപ്പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പോരായ്മകളുമൊക്കെ ഉണ്ടാവും. പക്ഷേ, അതൊന്നും പൊതു ശത്രുവിനെതിരെയുള്ള പോരാട്ടത്തെ ബാധിക്കാതെ നോക്കേണ്ടത് ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ബാധ്യതയാണ്. കുടുംബത്തിന്റെ നന്മയുദ്ദേശിച്ച് എന്ന വ്യാജേന ഉപദേശിക്കാനും ആക്രമിക്കാനും വരുന്നവർക്കും ലക്ഷ്യം ഒന്നു മാത്രം. ആ കുടുംബം തകരണം. അതിനുള്ള വ്യത്യസ്ത വഴികളാണ് അവർ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഈ ബോധ്യത്തിൽനിന്നും പ്രതിപക്ഷ കക്ഷികളെ ഉപദേശിക്കാൻ വരുന്നവരും അവരുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവരും സംഘപരിവാറിന് വളമാകുന്ന ക്ഷുദ്രജീവികളാണെന്നത് മറക്കരുത്. അവരുടെ ലക്ഷ്യം ആരുടെയും നന്മയോ നീതിബോധമോ അല്ല, മറിച്ച് രാജ്യത്തെ തകർക്കാനും ജനങ്ങളുടെ സൈ്വര്യജീവിതം ഇല്ലാതാക്കാനും എന്തൊക്കെ ചെയ്യാം എന്നത് മാത്രമാണ്. അവിടെ നിതാന്ത ജാഗ്രത പാലിക്കാനും പരസപരം വിഴുപ്പലക്കലും ശത്രുവിന്റെ ഉപദേശങ്ങൾക്ക് കാതോർക്കലും അവരുടെ പ്രചാരവേലകൾക്ക് വഴിപ്പെടലും ഒന്നും ജനാധിപത്യ ബോധ്യമുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകാവതല്ല. ഏത് നിലയിലും അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെല്ലാം അവരുടെ സ്വാർഥ താൽപര്യങ്ങളിൽനിന്നും ഉടലെടുക്കുന്നതാണെന്നും നന്മയും നീതിയും അതിന്റെ പ്രചോദനങ്ങൾ അല്ലെന്നും തിരിച്ചറിയുമ്പോൾ അസത്യങ്ങളുടെ കുത്തൊഴുക്കിനെതിരിൽ നീതിമാർഗത്തിൽ ഉറച്ചുനിൽക്കാൻ സാധിക്കും. ലോകം മുഴുവൻ കാശ് കൊടുത്ത് വാങ്ങിയാലും എന്നെയും എന്റെ നിലപാടുകളെയും ആർക്കും വാങ്ങാൻ സാധ്യമല്ലെന്ന് തീരുമാനിക്കാനുള്ള മനക്കരുത്ത് ഉണ്ടാവാൻ ബോധപൂർവമായ പരിശ്രമങ്ങൾ അനിവാര്യമാണ്.