ചില പ്രവചനങ്ങൾ

ഷാഹുൽ പാലക്കാട്‌

2023 സെപ്തംബർ 02 , 1445 സ്വഫർ 17

(ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു? 4)

E26: സാമ്രാജ്യങ്ങളുടെ അതിജീവനം

വർഷം എ.ഡി 627. അന്നത്തെ ഒരേയൊരു മുസ്‌ലിം സമൂഹം ചുറ്റും കുഴിക്കപ്പെട്ട കിടങ്ങുകൾക്ക് നടുവിലാണ്. പതിനായിരക്കണക്കിന് ശത്രുഭടന്മാർ തങ്ങളെ വേരോടെ പിഴുതെറിയാൻ ചുറ്റും സംഘം ചേർന്നിരിക്കുന്നു. രണ്ടാഴ്ച ഈ അവസ്ഥ തുടർന്നു. ക്വുർആൻ ഈ സന്ദർഭത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്:

“നിങ്ങളുടെ മുകൾ ഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവർ നിങ്ങളുടെ അടുക്കൽ വന്ന സന്ദർഭം. ദൃഷ്ടികൾ തെന്നിപ്പോകുകയും ഹൃദയങ്ങൾ തൊണ്ടയിലെത്തുകയും നിങ്ങൾ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദർഭം. അവിടെവച്ച് വിശ്വാസികൾ പരീക്ഷിക്കപ്പെടുകയും അവർ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു’’ (ക്വുർആൻ 33: 10-11).

വിശന്നു തളർന്ന്, മരണത്തെ മുന്നിൽകണ്ടു നിൽക്കുന്ന അനുയായികളെ മുന്നിൽ നിറുത്തി പ്രവാചകൻﷺ പ്രതീക്ഷയുള്ള ഭാവിയെ സംബന്ധിച്ച് പറയുന്നതിങ്ങനെയാണ്:

“ഖന്ദക്ക് യുദ്ധത്തിന്റെ നാളുകൾ. ഞങ്ങൾക്ക് തകർക്കാൻ കഴിയാത്ത ഒരു കല്ല് കിടങ്ങിൽ പ്രത്യക്ഷപ്പെട്ടു. പരിഹാരത്തിനായി ഞങ്ങൾ പ്രവാചകനെ സമീപിച്ചു. അവിടുന്ന് ഒരു മൺവെട്ടിയെടുത്തു, ‘അല്ലാഹുവിന്റെ നാമത്തിൽ’ എന്നു പറഞ്ഞ് അതിൽ പ്രഹരിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: ‘അല്ലാഹു ഉന്നതനാകുന്നു. ശാമിന്റെ താക്കോലുകൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു. എനിക്കതിന്റെ ചുവന്ന കൊട്ടാരങ്ങൾ കാണാം.’ പ്രവാചകൻ രണ്ടാമത് പ്രഹരിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹു ഉന്നതനാകുന്നു. എനിക്ക് പേർഷ്യ നൽകപ്പെട്ടിരിക്കുന്നു. മദാഇനിലെ വെളുത്ത കൊട്ടാരങ്ങൾ എനിക്ക് കാണാം.’ മൂന്നാമതും ആ കല്ലിനെ അടിച്ച് പൂർണമായും തകർത്തശേഷം പ്രവാചകൻ പറഞ്ഞു: ‘അല്ലാഹു ഉന്നതനാകുന്നു.എനിക്ക് യമനിന്റെ താക്കോൽ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് സൻആയുടെ കവാടങ്ങൾ കാണാം’’ (സുനനുൽ കുബ്‌റാ).

പ്രവചനം പോലെത്തന്നെ എ.ഡി 632നും 642നും ഇടയിലായി നടന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ ഈ സാമ്രാജ്യങ്ങളെ മുസ്‌ലിംകൾ പരാജയപ്പെടുത്തി. ചരിത്രകാരനായ ബർണബി റോജേഴ്‌സൺ ഈ അവസ്ഥയെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

“അന്നത്തെ പ്രധാന ലോകശക്തികളായിരുന്നു പേർഷ്യ-റോമാ സാമ്രാജ്യങ്ങൾ എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ലോകം അവരുടെ കൈയിലായിരുന്നു. ഇസ്‌ലാമിന്റെ ഈ വിജയത്തെ ഇന്നത്തെ ലോകസാഹചര്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ എണ്ണത്തിൽ കുറഞ്ഞ എസ്‌കിമോകൾ ആധുനിക ലോകശക്തികളായ അമേരിക്കയെയും റഷ്യയെയും പരാജയപ്പെടുത്തിയതിനു സമമാണിത്. ലോകത്തെ വൻശക്തികളെ കീഴ്‌മേൽ മറിക്കുമെന്ന് ഒരു വ്യക്തി പറയുകയും അതുപോലെതന്നെ സംഭവിക്കുകയും ചെയ്യുകയെന്നത് അത്ഭുതമാണ്. ആ അത്ഭുതവും ഇദ്ദേഹത്തിലൂടെ സംഭവിച്ചിരിക്കുന്നു.’’

E27: യേശുവിന്റെ ഐഡന്റിറ്റി

ചരിത്രത്തിൽ മനുഷ്യർ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വേദഗ്രന്ഥങ്ങളിലും കൈകടത്തിയതായി ക്വുർആൻ പറയുന്നുണ്ട്. ആ കൈകടത്തലുകളുടെ പരിണിത ഫലമാണ് ഇന്നത്തെ രൂപത്തിലുള്ള ക്രൈസ്തവ ദർശനം എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ത്രിയേകത്വത്തെയും യേശുവിന്റെ ദൈവികതയെയും ഇസ്‌ലാം നിഷേധിക്കുന്നു. അബ്രഹാമിന്റെയും മോശെയുടെയും പാതയിലെ മറ്റൊരു പ്രവാചകൻ മാത്രമാണ് യേശുവും എന്നും ഇസ്‌ലാം പറയുന്നു. കുരിശുമരണവും ആദിപാപവും ഉൾപ്പെടെയുള്ള പല ക്രൈസ്തവ നിലപാടുകളോടും ഇസ്‌ലാം വിയോജിക്കുന്നു. ഒരു വലിയ മതസമൂഹത്തിന്റെ വിശ്വാസ കാഴ്ചപ്പാടിലെ കുറച്ചുകാര്യങ്ങളെ അബദ്ധമെന്ന് പറയുന്നതുകൊണ്ട് പ്രവാചകനൊന്നും കിട്ടാനില്ല. എന്നാൽ യേശുവിന്റെ ദൈവികതയുമായി ബന്ധപ്പെട്ട് അക്കാദമിക തലത്തിൽ നടന്നിട്ടുള്ള ഗവേഷണങ്ങൾ ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നതായി കാണാം. ദൈവത്തിന്റെ പ്രവാചകനായി സ്വയം സംസാരിച്ച യേശുവിൽ കാലാന്തരത്തിൽ ദൈവികത ആരോപിക്കപ്പെടുകയായിരുന്നു എന്നാണ് സ്വതന്ത്രമായ പല പഠനങ്ങളും തെളിയിക്കുന്നത്. പണ്ഡിതനും ഗവേഷകനുമായ ‘ബാർട്ട് ഏർമാൻ’ (Bart Ehrman) രചിച്ചിട്ടുള്ള ‘യേശു എങ്ങനെ ദൈവമായി’ (How Jesus Became God) എന്ന രചന യേശുവിനെ സംബന്ധിച്ച മുസ്‌ലിം ധാരണകളെ ശരിവയ്ക്കുന്നതാണ്. ബൈബിളിലെ കുറെയധികം രചനകളും യേശുവിനെ പ്രവാചകനായി അവതരിപ്പിക്കുന്ന മുസ്‌ലിം നിലപാടുകളോട് ചേർന്നുനിൽക്കുന്നുവെന്നത് കേവലം യാദൃച്ഛികത മാത്രമാകുമോ?

“എന്നിൽ വിശ്വസിച്ചവർ എന്നിലല്ല, എന്നെ അയച്ചവനിൽ വിശ്വസിച്ചിരിക്കുന്നു’’ (യോഹ:12:44).

“നിങ്ങൾ ഈ കേൾക്കുന്ന വചനങ്ങൾ എന്റെതല്ല, മറിച്ച് എന്നെ അയച്ച പിതാവിന്റെതാകുന്നു’’ (യോഹ: 14:24).

“ഞാൻ തന്നിഷ്ടപ്രകാരം ഒന്നും പറയുന്നില്ല, എന്നെ അയച്ച പിതാവിന്റെ ഉത്തരവ് അനുസരിച്ച് ഞാൻ സംസാരിക്കുന്നു’’ (യോഹ: 14:49).

യേശു അഥവാ ഈസാ നബി (അ) അല്ലാഹു നിയോഗിച്ച പ്രവാച കനാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുമ്പോൾ മുകളിൽ കൊടുത്ത ബൈബിൾ വാക്യങ്ങളും അതുതന്നെയാണ് അറിയിക്കുന്നത്.

E28: പലിശയുടെ വ്യാപനം.

പ്രവാചകൻﷺ പറഞ്ഞു: “ഒരുസമയം മനുഷ്യകുലത്തിനു വരും; അന്ന് അവരെല്ലാം പലിശയെ ഉപയോഗിക്കുന്നവരായിരിക്കും. അനുയായികൾ ചോദിച്ചു: ‘മനുഷ്യർ എല്ലാവരുമോ?’ പ്രവാചകൻ മറുപടി പറഞ്ഞു: ‘അതിൽനിന്ന് വിട്ടുനിൽക്കാൻ കരുതുന്നവൻ പോലും അതിന്റെ പൊടിയാൽ ബാധിക്കപ്പെടും’’ (മുസ്‌നദ് അഹ്‌മദ്).

മുസ്‌ലിം ലോകം കൂടുതൽ ശക്തിപ്രാപിക്കുകയും വ്യാപിക്കുകയും ചെയ്യുമെന്ന് പ്രവചിച്ച പ്രവാചകൻ അതിലേക്ക് ഇസ്‌ലാം വിലക്കിയ കാര്യങ്ങൾ നീക്കം ചെയ്യപ്പെട്ട ഒരു ലോകത്തെയായിരുന്നു കേവല യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നെങ്കിൽ പ്രവചിക്കേണ്ടിയിരുന്നത്. എന്നാൽ നേരെമറിച്ച് സാമ്പത്തികരംഗം തന്നെ, പലിശയെന്ന ഇസ്‌ലാം വിലക്കിയ കാര്യത്തെ അടിസ്ഥാനമാക്കിയാവും എന്നും അതിൽനിന്നും വിട്ടുനിൽക്കാൻ താൽപര്യപ്പെടുന്നവർ പോലും അതിന്റെ പൊടികൊണ്ട് ബാധിക്കപ്പെടുമെന്നുമാണ് പ്രവാചകൻ പറഞ്ഞത്. ഇന്നത്തെ ലോക സാമ്പത്തികക്രമം തന്നെ അതിന്റെ ജീവിക്കുന്ന തെളിവാണ്. ബാങ്ക് അക്കൗണ്ടുകൾ മുതൽ ക്രെഡിറ്റ് കാർഡും ലോൺ സിസ്റ്റവുമെല്ലാം സകലരെയും പലിശയോട് അടുപ്പിക്കുന്നു. ലോകത്തെ വൻ രാഷ്ട്രങ്ങൾ പോലും കടത്തിന്റെയും പലിശയുടെയും ഇരകളാണ്. സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന അമേരിക്കപോലും ട്രില്യൺ ഡോളറിന് കടക്കാരാണ്.

E29: സൃഷ്ടിയുടെ വാക്യം

സൃഷ്ടികളെ രണ്ടായി തിരിക്കാനാകും. ഒന്ന് ഭൗതിക ലോകത്തിന്റെത്; രണ്ട് ജീവലോകത്തിന്റെത്. പ്രപഞ്ചോൽപത്തിയെയും ജീവോൽപത്തിയെയും (origin of life and origin of the universe) ഒരു വേദഗ്രന്ഥം കൃത്യമായി വേർതിരിക്കാനും വിശദീകരിക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിലോ?

“ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? വെള്ളത്തിൽനിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?’’ (ക്വുർആൻ 21:30).

ആദ്യവാചകത്തിൽ ആകാശ- ഭൂലോകങ്ങളെല്ലാം ഒരുമിച്ച് ചേർന്നിരുന്ന ഒരവസ്ഥയിൽനിന്നുള്ള പ്രപഞ്ചത്തിന്റെ ആരംഭവും, രണ്ടാമത്തെ വാചകത്തിൽ ജലത്തിൽനിന്നുമുള്ള ജീവാരംഭവും പരാമർശിക്കുന്നു. ശാസ്ത്രലോകം നൂറു ശതമാനം തീർപ്പിലെത്തിയ വിഷയമൊന്നുമല്ലെങ്കിലും സകല ലോകങ്ങളും ഒരു സിംഗുലാർ പോയിന്റിൽനിന്നും ആരംഭിച്ചുവെന്ന ചിന്തക്ക് തന്നെയാണ് ഇന്ന് മുൻതൂക്കമുള്ളത്. ജീവന്റെ തുടിപ്പ് ജലമില്ലാതെ അസാധ്യമാണ്. ഒരു വചനത്തിൽ രണ്ട് അസ്തിത്വങ്ങളുടെ ഉൽപത്തിയെ ഇങ്ങനെ വിശദീകരിക്കാൻ ആറാം നൂറ്റാണ്ടിലെ ഒരു മനുഷ്യന് എങ്ങനെ സാധിച്ചുവെന്നത് ചിന്തനീയമല്ലേ?

E30: ഇസ്‌ലാമിന്റെ വ്യാപനം

“എന്റെ നാഥൻ എനിക്കായി ഭൂമിയെ മടക്കി, ഞാൻ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. എനിക്കായി ഭൂമി ഒഴുകിയെത്തുന്നിടത്തോളം എന്റെ സമുദായം എത്തും...’’(Sunan abi dawud 4252)

Tamim al-dari reports that the Messenger of Allah said: “This matter will certainly reach every place touched by the night and day. Allah will not leave a house of mud or even fur except that He will cause this religion to enter it, by which the honorable will be honored, and the disgraceful will be disgraced. Allah will honor the honorable with Islam and He will disgrace the disgraceful with unbelief.” (Ibn hanbal, Munsad Ahmad, 28:154, No.16957; authenticated by al-Arna’ut in the comments and al-Albani in Silsilat alAhadith al-sahiha (Riyadh: Maktabat al-Ma’arif, 1996).

അറേബ്യയിൽ ഇസ്‌ലാം ഒതുങ്ങിയിരുന്ന പ്രവാചക കാലത്ത് ഇസ്‌ലാമിന്റെ ഭാവിയെ സംബന്ധിച്ച് പ്രവാചകൻﷺ നടത്തുന്ന പ്രവചനങ്ങളാണിവ. കിഴക്കും പടിഞ്ഞാറും വെളിച്ചമെത്തുന്ന ഇടങ്ങളിലുമെല്ലാം ഇസ്‌ലാമെത്തുമെന്ന ദീർഘവീക്ഷണം ഈ വർത്തമാനങ്ങളിൽ പ്രകടമാണ്. പ്രവാചക വിയോഗത്തിന് കുറച്ചു കാലങ്ങൾക്കുള്ളിൽതന്നെ ചൈനയിലും ഇന്ത്യയിലും യൂറോപ്പിലുമെല്ലാം ഇസ്‌ലാമെത്തി. ഇന്ന് ലോകത്ത് ഏറ്റവും വേഗതയിൽ വളരുന്ന മതം ഇസ്‌ലാമാണ്. Pew Research Centre പഠനമനുസരിച്ച് 2070ൽ ഏറ്റവുമധികം ജനങ്ങൾ പിൻപറ്റുന്ന ദർശനമായി ഇസ്‌ലാം മാറുമെന്നാണ് (“The Future of World Religions: Population Growth Projections, 2010-2050,” Pew Research Center, April 2nd, 2015).

2) അതിന്റെ വളർച്ചയെ മുന്നേ അറിയാനും അത് പ്രവചിക്കാനും ഒരു സാധാരണ മനുഷ്യനാകില്ല,ദൈവ ദൂതനല്ലാതെ.ഇതും ഇസ്‌ലാമിനെ തെളിയിക്കുന്നു.

E31: ആറ് തെളിവുകൾ.

തബൂക്ക് യുദ്ധ സന്ദർഭത്തിൽ പ്രവാചകൻﷺ ഔഫ് ഇബ്‌നു മാലികി(റ)നോട് പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടത്: “അന്ത്യനാളിന് മുന്നേ ആറ് കാര്യങ്ങൾ സംഭവിക്കും; എന്റെ മരണം ശേഷം നിങ്ങൾ ജറുസലേം കീഴടക്കും, രണ്ട് പകർച്ച വ്യാധികൾ നിങ്ങളെ നശിപ്പിക്കും, ഒരു മനുഷ്യന് നൂറ് സ്വർണ നാണയങ്ങൾ നൽകിയാലും തൃപ്തനാകാത്ത വിധം സമ്പത്ത് അധികരിക്കും, ഒരു ദുഃഖമുണ്ടാകും; അത് കടന്നുചെല്ലാത്ത ഒരു അറബ് വീടുമുണ്ടാകില്ല, നിങ്ങളും ബൈസന്റൈൻകാരുമായി യുദ്ധമുണ്ടാകും’’ (ബുഖാരി).

ഹദീസിൽ പറഞ്ഞ ക്രമത്തിൽതന്നെ ഈ കാര്യങ്ങൾ സംഭവിച്ചതായി ചരിത്രത്തിൽ കാണാം. ഹിജ്‌റ പതിനൊന്നിന് പ്രവാചകന്റെ വഫാത്തിന്റെ നാല് വർഷത്തിന് ശേഷം ഹിജ്‌റ പതിനഞ്ചിന് ജറുസലേം മുസ്‌ലിംകൾക്ക് കീഴിലായി. ഹിജ്‌റ പതിനെട്ടിന് plague of amwas എന്ന് അറിയപ്പെടുന്ന വലിയ പകർച്ചവ്യാധി മുസ്‌ലിം ലോകത്തെ ബാധിച്ചു. ഇരുപത്തി അയ്യായിരം മുസ്‌ലിം സൈനികരെയും അവരുടെ ഉറ്റവരെയും ഇത് തുടച്ചു നീക്കി, ഹിജ്‌റ ഇരുപത്തി മൂന്ന്, ഖലീഫ ഉസ്മാൻ(റ)വിന്റെ ഭരണകാലത്ത് മുസ്‌ലിം ലോകം സാമ്പത്തികമായി വലിയ ഉയർച്ചയിലെത്തി. ഹിജ്‌റ മുപ്പത്തിയേഴിന് ഉസ്മാൻ(റ) വധിക്കപ്പെട്ടത് രാഷ്ട്രത്തെ പിടിച്ചുകുലുക്കിയ ദുഃഖമായി. ബൈസന്റൈൻ സാമ്രാജ്യവുമായി തുടർച്ചയായ നിരവധി യുദ്ധങ്ങൾക്കും പിന്നീട് മുസ്‌ലിം ലോകം സാക്ഷിയായി. പ്രവാചകൻﷺ പറഞ്ഞ ക്രമത്തിൽ തന്നെ ഇതിലെ എല്ലാ കാര്യങ്ങളും സംഭവിച്ചതിന് ചരിത്രം സാക്ഷിയാണ്.

E32: ഹദീസ് നിഷേധികൾ

അബൂറാഫിഅ്(റ) നിവേദനം; പ്രവാചകൻﷺ പറഞ്ഞിരിക്കുന്നു: “തിന്നുനിറഞ്ഞ വയറുമായി ഇരിപ്പിടത്തിൽ ചാരിയിരുന്നുകൊണ്ട് ഞാൻ കൽപിച്ചതായ ഒരു കൽപനയോ വിലക്കോ വരുമ്പോൾ ‘എനിക്കറിയില്ല, അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ളത് മാത്രം നാം പിൻപറ്റും’ എന്ന് പറയുന്ന സുഖലോലുപരെ നിങ്ങളിലാരും കണ്ടുമുട്ടാതിരിക്കട്ടെ’’ (അവൂദാവൂദ്).

സ്വാഭാവികമായും പ്രവാചകകാലത്ത് പ്രവാചക വർത്തമാനത്തെ അംഗീകരിക്കാതെയിരിക്കുകയും ക്വുർആനിനെ മാത്രം അംഗീകരിക്കാം എന്ന് പറയുകയും ചെയ്യുന്ന ആരും അനുയായികളിൽ ഉണ്ടാകില്ല. എന്നാൽ പിൽകാലത്ത് അത്തരം ചിലയാളുകൾ വന്നു. അവർ പ്രവാചകവചനങ്ങളെ അംഗീകരിക്കേണ്ടതായി ഇല്ലെന്നും, ക്വുർആൻ മാത്രമാണ് പ്രമാണമെന്നും വാദിച്ചു. കേരളത്തിലും അത്തരം ചിന്താഗതിക്കാരായ ചിലർ രംഗത്തുവന്നിട്ടുണ്ട്. പിൽകാലത്ത് ഇങ്ങനെയൊരുകൂട്ടർ പ്രത്യക്ഷപ്പെടുമെന്ന് മുമ്പേയറിയാൻ പ്രവാചകന് കഴിഞ്ഞതെങ്ങനെയാണ്?

(തുടരും)