ഈസാ(അ)യുടെ ‘മൂന്നാം വരവ്!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 മാർച്ച് 25, 1444 റമദാൻ 2

ഭാഗം 9

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര ‘തദ്കിറ’യിലൂടെ ഒരു യാത്ര)

വാതിൽപ്പടിയിൽ ശിപായി!

ഈസാ നബി(അ)യെക്കുറിച്ചുള്ള വിവരണത്തിൽ ‘അവതാരം’ ഒട്ടും വിനയമോ ബഹുമാനമോ ഇല്ലാതെയാണ് എഴുതിയിട്ടുള്ളത്. അടുത്ത വാചകം കാണുക: “ഒരിക്കൽ ‘അവൻ’ എന്റെ വാതിൽപടിയിൽ നിൽക്കുന്നത് കണ്ടു. കത്ത് പോലെ ഒരു കടലാസ് കയ്യിലുണ്ട്. അല്ലാഹുവിന്റെ സുഹൃത്തുക്കളുടെ പേരെഴുതിയ കടലാസാണെന്ന് എന്റെ മനസ്സിലേക്ക് ഇട്ടുതന്നു. അതിൽ ദൈവസാമീപ്യത്തിനും പദവിക്കുമനുസരിച്ചാണ് ലിസ്റ്റ് ചെയ്തത്. എന്റെ പദവിയെക്കുറിച്ച് എഴുതിയത് ഇങ്ങനെ: ‘എന്റെ അടുത്ത് അവന്റെ പദവി എന്റെ ഏകത്വവും അദ്വൈതവും പോലെയാകുന്നു. ഏറെ വൈകാതെ അവൻ ജനങ്ങളിൽ പുകൾപെറ്റവനായിത്തീരും’’ (പേജ്: 206).

വേദഗ്രന്ഥം ലഭിച്ച ‘ഉലുൽ അസ്‌മ്’ ആയ ഒരു പ്രവാചകനെയാണ് വാതിൽപ്പടിയിൽ കാത്തുനിൽക്കുന്ന ശിപായിയുടെ പദവിയിൽ ഇകഴ്ത്തിക്കാണിച്ചുകൊണ്ട് സ്വന്തം മഹത്ത്വം പ്രഖ്യാപിക്കുന്നത്. ഈ അൽപത്തമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.

മറ്റൊരു ‘ദർശനം’ ഇങ്ങനെയാണ്: “ഞാൻ ഇന്ന് സ്വപ്നത്തിൽ കണ്ടു, ഹസ്‌റത്ത് ഈസ എന്റെ വീട്ടിൽ വന്നിരിക്കുന്നു. എന്താണ് അദ്ദേഹത്തിന് തിന്നാനായി കൊടുക്കുക എന്ന ചിന്തയിൽ ഞാൻ എല്ലായിടത്തും തിരഞ്ഞുനോക്കി. മാങ്ങയുള്ളത് കേടായി കണ്ടു. അപ്പോഴാണ് ഗൈബിൽനിന്ന് ഒരു മാങ്ങ വന്നത്. അല്ലാഹുവിനേ അറിയൂ എന്താണ് ഇതിന്റെ വ്യാഖ്യാനം എന്ന്’’ (പേജ്: 119).

1902 ആഗസ്റ്റിലെ ഒരു കശ്ഫിനെപ്പറ്റി എഴുതി: “ഞാൻ അദ്ദേഹത്തെ നിരവധി തവണ കണ്ടിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾ രണ്ടുപേരും ഒരേ പാത്രത്തിൽനിന്ന് പശുവിന്റെ മാംസം കഴിച്ചിട്ടുണ്ട്’’ (പേജ്: 349).

അങ്ങോട്ട് ചെന്നപ്പോൾ ഇറച്ചിയും പത്തിരിയും തിന്നപോലെ ഇപ്പോൾ മാങ്ങ സൽക്കരിച്ചത് നല്ല ബന്ധത്തിന്റെ ലക്ഷണമാണ്. പക്ഷേ, ഈസാ നബിയോട് കടുത്ത വിദ്വേഷവും അനിഷ്ടവും തുടങ്ങിയത് എന്നാണെന്നറിയില്ല. ആരും പറയാത്ത തെറികളാണ് ഈസാ നബി(അ)യെപ്പറ്റി അദ്ദേഹം എഴുതിക്കൂട്ടിയിട്ടുള്ളത്.

ഈസാ(അ)യുടെ മാതാമഹികളും പിതാമഹികളും വേശ്യകൾ ആയിരുന്നു എന്നും ആ രക്തത്തിലാണ് അദ്ദേഹം പിറന്നത് എന്നും അക്കാരണത്താൽ അദ്ദേഹം തേവിടിശ്ശികളുമായി സഹവസിച്ചിരുന്നു എന്നും മിർസാ ഖാദിയാനി എഴുതിവച്ചിട്ടുണ്ട്. നഊദു ബില്ലാഹ്. വിശ്വാസികൾക്ക് മാതൃകയായി വിശുദ്ധ ക്വുർആൻ പറഞ്ഞ മസീഹിന്റെ മാതാവിനെപ്പറ്റിയും കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് അദ്ദേഹം എഴുതിവച്ചിട്ടുള്ളത്. മറ്റൊരു കൃതിയിൽ അക്കാര്യം പരാമർശിച്ചതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.

ഈസാ നബി(അ) മരിച്ചുപോയി എന്ന് തെളിയിക്കാനായി മിർസാ ഖാദിയാനി “ഇസാലയെ ഔഹാം’ എന്ന കൃതിയിൽ 30 ക്വുർആൻ സൂക്തങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിൽ ചില ആയത്തുകളുടെ പ്രമേയം, അദ്ദേഹം ഭക്ഷണം കഴിക്കാറുണ്ടായിരുന്നു എന്നാണ്. ഭക്ഷണം ലഭിക്കാതെ അദ്ദേഹം മരിച്ചു പോവില്ലേ എന്നാണ് മിർസയുടെ ‘ഉത്തരം മുട്ടിക്കുന്ന’ ചോദ്യം! ഒരേ പാത്രത്തിൽ ആഹാരം കഴിച്ച ഒന്നിലേറെ ദർശനങ്ങൾ നാം കണ്ടു. എങ്കിൽ പിന്നെ ഈസാനബി(അ)യുടെ ആഹാരത്തിന്റെ പ്രശ്‌നവും പരിഹരിച്ചല്ലോ. അത്തരം ആയത്തുകൾ ഇനി ഇവർക്ക് തെളിവായി സമർപ്പിക്കാതിരിക്കാം.

‘ഇന്നീ മുതവഫ്ഫീക’

“1883 നവംബർ 20ന് രാത്രി അത്ഭുതകരമായ ഒരു വഹ്‌യ് വന്നു: പറയുക, നിന്റെ ഉദാരതകൊണ്ട്, ഞാൻ നിനക്ക് പൂർണമായ അനുഗ്രഹങ്ങൾ നൽകും. നിന്റെ സഹോദരനോട് പറയുക, നിന്നെ ഞാൻ മരിപ്പിക്കും. ഇത് ആരെപ്പറ്റിയാണെന്ന് അറിയില്ല. കൂട്ടുകാരെക്കുറിച്ചും ചില സംഭവങ്ങളെക്കുറിച്ചുമൊക്കെ ഇങ്ങനെ പല തവണ അവതരിച്ചിട്ടുണ്ട്’’ (പേജ് 89-90).

‘തദ്കിറ’യിൽ ‘മുതവഫ്ഫീക്ക’ എന്ന പദം ഒന്നിലേറെ തവണ ആവർത്തിച്ചപ്പോൾ എപ്പോഴും ഒന്നിലേറെ അർഥങ്ങൾ നൽകിയതായി കാണാം. ഇവിടെ അനുഗ്രഹങ്ങൾ നൽകുക, മരിപ്പിക്കുക എന്നീ അർഥങ്ങളാണ് കൽപിക്കപ്പെട്ടിട്ടുള്ളത്. 1883ൽ മസീഹ് വാദമോ പ്രവാചകത്വമോ സമർപ്പിക്കുന്നതിന് മുമ്പാണ് ഈ ‘വഹ്‌യ്’ അവതരിച്ചിട്ടുള്ളത്. ഏഴു വർഷങ്ങൾക്ക് ശേഷം ഈസാ നബിക്ക് പകരമാണ് തന്റെ നിയോഗം എന്ന് വാദിക്കുമ്പോൾ ക്വുർആനിലും ഹദീസുകളിലും ഉപയോഗിച്ച അറബി പദങ്ങളുടെ അർഥം മാറുമെന്ന് പറയാനാവില്ലല്ലോ. .

ഇവിടെ ‘ലിഫൈദിക്ക’ എന്നാണ് പറഞ്ഞതെങ്കിൽ ശൈഖ് യാക്കൂബ് അലി ഇർഫാനി ക്രോഡീകരിച്ച ‘ഹയാത്തെ അഹ്‌മദി’ൽ ‘ലിദൈഫിക്ക’ എന്നാണ് ‘ഇതേ വഹ്‌യിൽ’ കാണുന്നത്. അർഥവ്യത്യാസമുള്ള ഈ പദങ്ങൾ അറബി ലിപിയിൽ കൂട്ടി എഴുതുമ്പോൾ പരസ്പരം മാറിപ്പോയതാകാൻ സാധ്യതയുണ്ട്. ‘നിന്റെ ഉദാരതയാൽ’ എന്ന അർഥം ‘നിന്റെ അതിഥിക്കായി’ എന്നായി മാറുന്നത് ചെറിയ കാര്യമല്ലല്ലോ. രണ്ടിനും ഒരേ അർഥമാണെന്നാണ് മൗലവി മുഹമ്മദ് ഇസ്മാഈലിന്റെ ന്യായം.

അക്ഷരജ്ഞാനം ഇല്ലാത്ത മുഹമ്മദ് നബി ﷺ ക്ക് അവതരിച്ച വിശുദ്ധ ക്വുർആനിലെ മുപ്പത്തിരണ്ട് ലക്ഷത്തിലധികം അക്ഷരങ്ങൾ പതിനാല് നൂറ്റാണ്ടിനു ശേഷവും കോടിക്കണക്കായ കോപ്പികളിൽ ഒരക്ഷരം പോലും മാറുകയോ മായുകയോ ചെയ്യാതിരിക്കുമ്പോൾ, ‘ആധുനികകാലത്തെ പ്രവാചകന്റെ വഹ്‌യ്’ രണ്ടു പുസ്തകങ്ങളിൽ അർഥവ്യത്യാസമുള്ള രണ്ടു പദങ്ങളായി മാറിപ്പോയെങ്കിൽ എന്തോ എവിടെയോ പന്തികേട് തോന്നുന്നില്ലേ?

‘ഞാൻ ഈശോയുടെ കൂടെ’

‘അച്ചടിച്ച ഒരു കടലാസിൽ ഇംഗ്ലീഷിലുള്ള വഹ്‌യ് കാണിച്ചുതന്നു. ‘“I am by Isa.’ ഞാൻ ഇംഗ്ലീഷ് അറിയുന്ന ആളെ തേടി പുറപ്പെട്ടു. രണ്ടു ഹിന്ദു ആര്യന്മാരോട് ചോദിച്ചു. അവരിൽ ആരോ ഒരാൾ പറഞ്ഞു: ‘ക്രിസ്ത്യാനികളെപ്പോലെ ഇസ്‌ലാമിനെതിരെ ആരോപണങ്ങൾ അച്ചടിച്ച് അയക്കും എന്നാണ് ഇതിന്റെ പൊരുൾ’’ (പേജ് 51).

വഹ്‌യ് നൽകിയവനെക്കാളും ലഭിച്ചവനെക്കാളും മഹാവിദ്വാൻ തന്നെ ഈ ആര്യൻ! ഇതിന്റെ പൊരുൾ വളരെ ഭംഗിയായി പറയാൻ കഴിഞ്ഞല്ലോ! മിർസാ ഖാദിയാനി കൊടുത്ത അർഥം ‘ഞാൻ ഈസായുടെ കൂടെയാണ്’ എന്നത്രെ!

ഈസായുടെ സദൃശ്യൻ, പകരക്കാരൻ, വാഗ്ദത്തം ചെയ്യപ്പെട്ട മസീഹ് തുടങ്ങി ഈസായുമായി ബന്ധപ്പെട്ട നിരവധി വാദങ്ങളാണ് മിർസാ ഖാദിയാനി മുമ്പോട്ടു വെച്ചിട്ടുള്ളത്. ഇവിടെ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഈസായോടൊപ്പം എന്നാണത്രെ വഹ്‌യ് നൽകപ്പെട്ടിട്ടുള്ളത്!

1883ലോ അതിനുമുമ്പോ ഈസായുമായി ബന്ധപ്പെട്ട ഒരു വാദവും ഇല്ലാത്ത കാലത്താണ് ഇത് പറയുന്നത്. മിർസക്ക് നേരത്തെ ലഭിച്ച ഒരു ‘വഹ്‌യ്’ God is coming by his army എന്നായിരുന്നു. withന്റെ പ്രയോഗം അറിയാത്തത് കൊണ്ടായിരിക്കാം!

മസീഹ് വായുവിൽ പറക്കുന്നു!

ഈസാനബി (അ) യുമായി ബന്ധപ്പെട്ട ‘തദ്കിറ’ യിലെ ഒരു സ്വപ്നം ഇങ്ങനെയാണ്: “1902 ഡിസംബർ 8, ഞാൻ ഒരിടത്തുനിന്ന് വുദൂഅ് ചെയ്യുകയാണ്. നിന്നിടം ചതുപ്പായതിനാൽ വലിയൊരു ഗർത്തം രൂപപ്പെടുകയും ഞാൻ അതിലേക്ക് വീഴുകയും ചെയ്തു. താഴേക്ക് പോകവേ സർവശക്തിയുമുപയോഗിച്ച് ഞാൻ മേലോട്ട് തുള്ളി. തറനിരപ്പിൽനിന്ന് വീണ്ടും മേൽപ്പോട്ട് പറന്നു. ഇവിടെനിന്ന് നവാബ് സാഹിബിന്റെ വീടിനടുത്തുവരെ വിസ്തൃതിയിൽ ഞാൻ ഗോളാകാരത്തിൽ പറന്നുകൊണ്ടിരുന്നു. അപ്പോൾ ഒരു അറ്റത്തായി സയ്യിദ് മുഹമ്മദ് അഹ്‌സൻ നിൽക്കുന്നത് കണ്ടു. നോക്കൂ, ഈസാ വെള്ളത്തിന് മുകളിലൂടെയാണല്ലോ നടന്നത്. ‘ഞാനിതാ വായുവിൽ പറക്കുന്നു. അല്ലാഹുവിന്റെ ഔദാര്യം അയാളെക്കാൾ എനിക്കാണല്ലോ ലഭിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ട് കൈയും കാലും ഇളക്കുക പോലും ചെയ്യാതെ അനായാസേന ഞാൻ പറന്നു. ഒരുമണിക്ക് 20 മിനിറ്റ് ഉള്ളപ്പോഴാണ് ഞാൻ ഈ സ്വപ്നം കണ്ടത്’’ (പേജ് 365).

സ്വപ്നത്തിൽ ആകാശത്തു പറക്കുകയും സമുദ്രത്തിൽ നീന്തുകയും ചെയ്യാത്തവർ വിരളമായിരിക്കും. അതൊന്നും പക്ഷേ, മുഅ്ജിസത്തുകളെയും കറാമത്തുകളെയും ഇകഴ്ത്താൻ മാത്രം മഹത്തരമായി ആരും പറയില്ല. ഈസാ നബി(അ)യുടെ അമാനുഷിക പ്രവർത്തനങ്ങൾ വിശുദ്ധ ക്വുർആൻ വിവരിച്ചിട്ടുണ്ട്. അവ സ്വപ്നമായിരുന്നില്ല സാധാരണക്കാർക്ക് വ്യക്തമായി അനുഭവവേദ്യമായ ദൃശ്യങ്ങളായിരുന്നു. ഖാദിയാനി പ്രവാചകന് പക്ഷേ, ഏതുകാര്യത്തിലും ഈസാനബിയെ ഒന്ന് ഞോണ്ടിയാൽ മാത്രമെ തൃപ്തി വരികയുള്ളൂ.

ഈസാ(അ)യുടെ മൂന്നാം വരവ്

തനിക്ക് ജാഗ്രദ് ദർശനങ്ങളിലൂടെ ലഭിച്ച കുറെ വിവരങ്ങൾ ഗുലാം അഹ്‌മദ് പങ്കുവച്ചിട്ടുണ്ട്. സുദീർഘമായി ഉപന്യസിച്ച ഒന്നിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ വായിക്കാം:

“ക്രിസ്ത്യൻ സമൂഹത്തിന്റെ വിഷക്കാറ്റ് ലോകത്ത് വ്യാപിച്ചു. ഈസാക്ക് ആ വിവരം ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഒരു ആത്മീയ അവരോഹണത്തിനായി സ്പന്ദിച്ചു. ഭൂമിയിൽ തന്റെ പ്രതിനിധിയും സദൃശനുമായ ഒരാൾ ചെന്ന് സമുദായത്തിന്റെ ദുശ്ചിന്തകളെ നിഷ്ഫലമാക്കണമെന്ന് ആശിച്ചു. അല്ലാഹു ഒരാളെ നിയോഗിച്ചു; മസീഹിന്റെ ധൈര്യവും ആത്മീയതയും ചര്യയും സന്നിവേശിപ്പിച്ച ഒരേ മുത്തിന്റെ രണ്ട് കഷ്ണങ്ങൾ പോലെ തന്റെ ചൈതന്യവുമായി ഒരാൾ ഇറങ്ങി...’’

“മസീഹി(അ)ന്റെ ആത്മീയത രണ്ടുതവണ സ്വന്തം പകരക്കാരന്റെ നിയോഗം ആവശ്യപ്പെട്ടിരുന്നു. തന്റെ മരണത്തിന് ആറു നൂറ്റാണ്ടായപ്പോഴാണ് ആദ്യത്തെ സംഭവം. ജൂതന്മാർ അദ്ദേഹത്തിൽ കളവും ചതിയും മാത്രമായിരുന്നില്ല ദുഷിച്ച ജന്മവും ആരോപിച്ചു, അദ്ദേഹത്തെ ക്രൂശിച്ചു. സ്വന്തം അനുയായികളാകട്ടെ, ദൈവവും ദൈവപുത്രനുമാക്കി, മാനവരാശിയുടെ പാപപരിഹാരാർഥം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കുരിശുമരണം ആഘോഷിക്കുകയും ചെയ്തു. ഈ ആരോപണങ്ങളിൽ നിന്നൊക്കെ മോചനത്തിനു വേണ്ടിയാണ് അദ്ദേഹം തന്റെ പകരക്കാരനെ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ സയ്യിദ് മസീഹ് ഖാത്തമുൽ അമ്പിയാഅ് ﷺ നിയുക്തനായത്.

തുടർന്നു മസീഹിന്റെ സമുദായത്തിൽ ദജ്ജാലിയത്ത് ശക്തിപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് വീണ്ടും തുടിച്ചു. രണ്ടാമതും തന്റെ സദൃശ്യന്റെ അവരോഹണം അദ്ദേഹം ആഗ്രഹിച്ചു. ഈ കലുഷിതാവസ്ഥയിൽ അതിശക്തമായ ആഗ്രഹപ്രകാരം ദജ്ജാലിനെ നശിപ്പിക്കാനായി സ്വന്തം ആത്മീയതയുടെ പ്രതിരൂപമായി ഒരാളെ നിയോഗിച്ചു. അദ്ദേഹം വാഗ്ദത്ത മസീഹ് എന്ന് വിളിക്കപ്പെട്ടു.

ഈ വിനീതന് ലഭിച്ച അതിസൂക്ഷ്മമായ ഒരു വിവരമനുസരിച്ച് ലോകത്ത് വീണ്ടും അക്രമവും ശിർക്കും കലാപവും നടമാടും. ചിലർ ചിലരെ കീടങ്ങളെയെന്നപോലെ തിന്നും. സൃഷ്ടിപൂജയിൽ അധിഷ്ഠിതമായ ജാഹിലിയ്യത്ത് അതിജയിക്കുകയും മസീഹ് വീണ്ടും ആരാധിക്കപ്പെടുകയും ചെയ്യും. അങ്ങനെ ക്രിസ്ത്യാനിറ്റിയുടെ എല്ലാ കലാപങ്ങളും അവസാനകാലത്ത് ലോകത്ത് വ്യാപിക്കും. അപ്പോൾ മസീഹിന്റെ ആത്മീയഭാവം ശക്തമായി പ്രകോപിതമാവുകയും തന്റെ അവരോഹണം ആഗ്രഹിക്കുകയും ചെയ്യും. അന്ന് വളരെ ഗുരുതരമായ രൂപത്തിലാവും അവരോഹണം. അതോടെ ലോകം ചുരുട്ടിവയ്ക്കപ്പെടും. മസീഹിന്റെ സമുദായത്തിന്റെ ദുഷ്‌ചെയ്തികളുടെ കാരണമായി ആത്മീയ ഭാവം മൂന്നുതവണ ഭൂമിയിലേക്ക് ഇറങ്ങുക എന്നാണ് വിധിക്കപ്പെട്ടത്’’ (പേജ്: 170,171).

ഇസ്രായേൽ സമുദായത്തിലേക്ക് നിയുക്തനായ ഈസാനബി(അ)യും ലോകാവസാനം വരെയുള്ള ജനങ്ങളിലേക്ക് നിയുക്തനായ മുഹമ്മദ് നബി ﷺ യും തമ്മിൽ ‘അവതാര ബന്ധ’മുള്ളതായി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മിർസാ ഖാദിയാനിയാവട്ടെ മൂന്നുപ്രാവശ്യം ഈസാനബി(അ) ലോകത്തേക്ക് വരുമെന്ന പുതിയ സിദ്ധാന്തമാണ് അല്ലാഹു അറിയിച്ചു എന്ന വാദത്തോടെ മുന്നോട്ടുവയ്ക്കുന്നത്. എങ്കിൽ പിന്നെ ലോകാവസാനത്തോടടുത്ത് ഈസാ നബി(അ) ഭൂമിയിലേക്ക് ഇറങ്ങുമെന്ന മുസ്‌ലിംകളുടെ വിശ്വാസത്തെ നിരാകരിക്കേണ്ട കാര്യമുണ്ടോ?

ഈസയുടെ പ്രശ്‌നം പരിഹരിച്ചു

1901 സെപ്തംബർ 30ന് രാത്രി 12 മണിക്ക്, മിർസയുടെ ഭാര്യ ‘ഉമ്മുൽ മുഅ്മിനീൻ’ ഒരു സ്വപ്‌നം കണ്ടു. ഈസായുടെ പ്രശ്‌നം പരിഹരിച്ചു. അല്ലാഹു പറഞ്ഞു: ‘എല്ലാ പ്രശ്‌നവും പരിഹരിച്ചു ഞാൻ ഈസായെ ഇറക്കുകയാണ്.’ അതിന്റെ ആശയം അവരുടെ മനസ്സിലേക്ക് ഇട്ടു കൊടുത്തത് ഇങ്ങനെ: ‘ഈസായുടെ ജനനത്തിലും മരണത്തിലും മനുഷ്യന്റെ ഒരു കൈയും ഇല്ല.’ സ്വപ്‌നത്തെക്കുറിച്ച് അവർ അപ്പോൾ തന്നെ മസീഹിനോട് പറഞ്ഞു. അപ്പോൾ അല്ലാഹു തോന്നിപ്പിച്ചു: ‘യഥാർഥത്തിൽ മരിച്ച് ആയിരം വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ജീവിപ്പിച്ചത്. അതിലും മനുഷ്യകരങ്ങൾക്ക് ഒരു പങ്കുമില്ല.’

“പിതാവില്ലാതെ ജനിച്ചപോലെ മസീഹ് മൗഊദിന് ഏതെങ്കിലും മുർഷിദോ ഉസ്താദോ ഇല്ലാതെ ആത്മീയജീവിതം നൽകുകയാണുണ്ടായത്. ഉസ്താദ് എന്നാൽ യഥാർഥത്തിൽ പിതാവ് തന്നെ ആണല്ലോ എന്നല്ല, യഥാർഥ പിതാവ് ഉസ്താദ് തന്നെയായിരിക്കും’’ (പേജ്: 424).

മിർസാ ഖാദിയാനിയെ വിദ്യാഭ്യാസം ചെയ്യിച്ചത് മൂന്ന് അധ്യാപകരായിരുന്നു എന്ന് അദ്ദേഹവും ചരിത്രകാരന്മാരും സമ്മതിക്കുന്നു. അവരൊന്നും ഉസ്താദുമാരായിരുന്നില്ലേ? ആരോട് ചോദിക്കാൻ!

(തുടരും)