ക്ലാസ് മുറികളിലെ മതസ്വാത ന്ത്യവും ജസ്റ്റിസ് ധൂലിയയുടെ നിരീക്ഷണവും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 29)

മതവിശ്വാസത്തിന്റെ ഭാഗമായി ആരെങ്കിലും വസ്ത്രം ധരിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണെന്ന് യഹോവസാക്ഷികളുടെ കേസുമായി ബന്ധപ്പെട്ട വിധിപ്രസ്താവങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ധൂലിയ സമർഥിച്ചു. ഏത് നിസ്സാര ന്യൂനപക്ഷമാണെങ്കിൽ പോലും അവരുടെ സ്വത്വം അനുസരിച്ച് ജീവിക്കാനുള്ള അവകാശം അനുച്ഛേദം 25 നൽകുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നിരീക്ഷണം.

ജസ്റ്റിസ് ധൂലിയ തുടരുന്നു

കർണാടക ഹൈക്കോടതിയുടെ ഉത്തരവിലേക്ക് മടങ്ങിവരുമ്പോൾ അംഗീകരിക്കാൻ പ്രയാസമുള്ള മറ്റൊരു കണ്ടെത്തലുണ്ട്. മുസ്‌ലിം പെൺകുട്ടികൾക്ക് ക്ലാസ് മുറിക്കുള്ളിൽ അവരുടെ മൗലികാവകാശങ്ങൾ ഉറപ്പാക്കാൻ കഴിയില്ല എന്നാണ് ഹൈക്കോടതി പറയുന്നത്. സ്‌കൂളുകൾ ‘യോഗ്യതയുള്ള പൊതുസ്ഥലങ്ങൾ’ (qualified public places) ആണെന്നും സ്‌കൂളിനുള്ളിൽ ലഭിക്കുന്ന അവകാശങ്ങൾ കേവലം ‘വ്യുത്പന്ന അവകാശം’ (Derivative Righs) ആണെന്നുമാണ് ഹൈക്കോടതിയുടെ ഭാഷ്യം.

കർണാടക ഹൈക്കോടതിയുടെ വിധിയിൽ ഇങ്ങനെ കാണാം: ‘വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്ഥാപിതമായ പൊതു ഇടങ്ങളാണ് സ്‌കൂളുകൾ എന്ന് പ്രത്യേകം പറയേണ്ടതില്ല. അത്തരം ‘യോഗ്യതയുള്ള പൊതു ഇടങ്ങളിൽ സൂക്ഷിക്കപ്പെടേണ്ട പൊതു അച്ചടക്കവും പൊതു ഭംഗിയുമുണ്ട്. അതിന് ഹാനികരമായ തരത്തിലുള്ള വ്യക്തിഗത അവകാശങ്ങളെ അത്തരം ഇടങ്ങൾ റദ്ദ് ചെയ്യുന്നു. പ്രധാനപ്പെട്ട (substantive) അവകാശങ്ങൾ പോലും അത്തരം പൊതു ഇടങ്ങളിൽ വ്യുത്പന്ന അവകാശങ്ങളായി രൂപാന്തരപ്പെടുന്നു’’ (പേജ് 100).

സ്‌കൂളുകൾ യോഗ്യതയുള്ള പൊതു ഇടങ്ങളാണ് എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ‘സ്‌കൂളുകൾ ബഹുസ്വരതയുടെ പ്രദർശന കേന്ദ്രമാണ്’ എന്ന വിദ്യാർഥിനികളുടെ അവകാശവാദത്തെ അംഗീകരിക്കാൻ നിവൃത്തിയില്ല എന്നാണ് ഹൈക്കോടതി പറയുന്നത്. ‘സാഹചര്യങ്ങൾക്ക് അനുസൃതമായാണ് ഓരോ വ്യക്തിയുടെയും അവകാശവും സ്വാതന്ത്ര്യവും നിശ്ചയിക്കപ്പെടുന്നത്. സ്ഥാനം, പദവി എന്നിവയ്ക്കനുസരിച്ചെല്ലാം അതിന് മാറ്റമുണ്ടാകും. സ്വയംഭരണത്തിന്റെ വിസ്തൃതി സ്വന്തം വീടുകളിൽ ബൃഹത്തായതായിരിക്കാം. എന്നാൽ സ്‌കൂളുകൾ, കോടതികൾ, സൈനിക കേന്ദ്രങ്ങൾ, പ്രതിരോധ ക്യാമ്പുകൾ തുടങ്ങിയ ‘യോഗ്യതയുള്ള പൊതുസ്ഥലങ്ങളിൽ’ അതാത് പ്രദേശങ്ങളുടെ അച്ചടക്കം, ഭംഗി എന്നിവയ്ക്ക് അനുസൃതമായി വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുണ്ടാകുന്നു’’ (പേജ് 104).

സ്‌കൂളുകൾ സൈനിക കേന്ദ്രങ്ങളല്ല

ഒരു സ്‌കൂളിനെ സൈനിക കേന്ദ്രങ്ങളോടോ പ്രതിരോധ കേന്ദ്രങ്ങളോടോ താരതമ്യം ചെയ്യുന്നത് വിചിത്രമാണ്. സ്‌കൂളുകൾക്ക് സൈനിക ക്യാമ്പിന്റെ അച്ചടക്കവും ചിട്ടയും ആവശ്യമില്ല. സ്വന്തം വീടിനകത്തോ മറ്റോ ലഭിക്കുന്ന സ്വാതന്ത്ര്യം പൊതുസ്ഥലങ്ങളിൽ ഉണ്ടാവില്ല എന്നത് ശരിയാണ്. ഒരു നിശ്ചിത അളവിലുള്ള അച്ചടക്കവും പരിമിതികളും പൊതുസ്ഥലങ്ങളിൽ സ്വാഭാവികമാണ്. ഇതിലൊന്നും ആർക്കും തർക്കമുണ്ടാവേണ്ടതില്ല. നമുക്ക് ഈ കേസിന്റെ വസ്തുതകൾ പരിശോധിക്കാം. നാം നിയമത്തിന്റെ ന്യായാധിപരാണ് എന്നതുപോലെ യാഥാർഥ്യത്തിന്റെ വിധികർത്താവ് കൂടിയായിരിക്കണം. ക്ലാസ് മുറികൾ പൊതുസ്ഥലമാണെങ്കിലും അവിടെ ഇപ്പോൾ ഉണ്ടായതുപോലെയുള്ള നിയന്ത്രണങ്ങൾ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം നീതീകരിക്കപ്പെടാവതല്ല.

ശിരോവസ്ത്രനീക്കം ഭരണഘടനാ ലംഘനം

സ്‌കൂൾ ഒരു പൊതു ഇടമാണെങ്കിലും സ്‌കൂളിനെയും ജയിലിനെയും സൈനിക ക്യാമ്പിനെയും സമാന്തരമായി വരക്കുന്നത് ശരിയല്ല. വിദ്യാലയങ്ങളിൽ അച്ചടക്കം അനിവാര്യമാണ്. എന്നാൽ അച്ചടക്കം മൗലിക സ്വാതന്ത്ര്യങ്ങളെയോ അവർ കരുതിവരുന്ന അന്തസ്സിനെയോ വിലക്കിക്കൊണ്ടാവാൻ പാടില്ല. ഒരു പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനിയോട് സ്‌കൂൾ കവാടത്തിൽവച്ച് ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെടുന്നത് അവളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും മേലുള്ള കടന്നുകയറ്റമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), 21 എന്നിവ പ്രകാരം അവർക്ക് നൽകിയിട്ടുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് ഇത്. അവളുടെ അന്തസ്സിനും അവളുടെ സ്വകാര്യതയ്ക്കുമുള്ള ഈ അവകാശം അവൾ സ്‌കൂൾ ഗേറ്റിനുള്ളിലോ ക്ലാസ് മുറിയിലോ ആയിരിക്കുമ്പോൾ പോലും അവൾക്ക് അവകാശപ്പെട്ടതാണ്. അത് അവളുടെ മൗലികാവകാശമാണ്, ഹൈക്കോടതി വിവരിച്ചതുപോലെ അതൊരു ‘ഡെറിവേറ്റീവ് റൈറ്റ്’ അല്ല.

വ്യക്തികളുടെ അന്തസ്സും മൗലികാവകാശം

നമ്മുടെ സ്‌കൂൾ പരിസരങ്ങളിലെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളെ ഭരണഘടനാ ജനാധിപത്യം അംഗീകരിക്കുന്ന ചില വിദേശ കോടതികളുടെ വിധിയുമായി താരതമ്യം ചെയ്തു പരിശോധിക്കാൻ ആഗ്രഹിക്കുന്നു. മറ്റ് രാജ്യങ്ങളിലെ കോടതികൾക്ക് മുമ്പിൽ വന്ന സമാനമായ ചില വിവാദങ്ങൾ പരാമർശിക്കുന്നത് ഈ അവസരത്തിൽ മൂല്യവത്താണ്. ഞാൻ ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുന്ന രണ്ട് കേസുകൾ ഉണ്ട്. ആദ്യ കേസ് ദക്ഷിണാഫ്രിക്കയിലെ ഭരണഘടനാ കോടതിയുടെ ‘മൂക്കുത്തി’ കേസും രണ്ടാമത്തേത് ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോർഡ്സിന്റെ വിധിയുമാണ്. ദക്ഷിണാഫ്രിക്കയിലെ കേസ് അവിടുത്തെ ഭരണഘടനാ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അവിടെ വ്യക്തിയുടെ അന്തസ്സ് ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് അവകാശമാണ്. വിവേചനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കേൾക്കാൻ അവിടെ പ്രത്യേക ‘സമത്വ കോടതികൾ’ സ്ഥാപിച്ചിട്ടുണ്ട്.

മൂക്കുത്തി കേസും ശിരോവസ്ത്രവും

ദക്ഷിണാഫ്രിക്കയിലെ ഡർ ബൻ ഗേൾസ് ഹൈസ്‌കൂളിൽ (ഡിജിഎച്ച്എസ്) പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു സുനാലി. സ്‌കൂളിലെ പെരുമാറ്റച്ചട്ടം സ്‌കൂളിൽ ആഭരണങ്ങൾ ധരിക്കുന്നത് നിരോധിച്ചിരുന്നു. സുനാലി പത്താം ക്ലാസിൽ പഠിക്കുമ്പോൾ, അവളുടെ അമ്മ അവൾക്ക് ധരിക്കാൻ ഒരു മൂക്കുത്തി (Nose stud)) നൽകി. ഒരു ഫാഷൻ ആയിട്ടല്ല, മറിച്ച് ഹിന്ദു-തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് സുനാലി അത് അണിഞ്ഞിരുന്നത്. മൂക്കുത്തി നീക്കം ചെയ്യാൻ സ്‌കൂൾ അധികൃതർ സുനാലിയോട് ആവശ്യപ്പെട്ടു. സുനാലി അത് വിസമ്മതിച്ചപ്പോൾ അവർ അവളുടെ അമ്മയെ വിളിച്ചു. ഇത് തങ്ങളുടെ ഹിന്ദു-തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് നീക്കം ചെയ്യാൻ കഴിയില്ലെന്നും അമ്മ അധികാരികളെ ധരിപ്പിച്ചു. സ്‌കൂൾ അധികൃതർ വഴങ്ങിയില്ല. സുനാലിക്ക് വേണ്ടി അമ്മ ‘സമത്വ കോടതി’യിൽ ഒരു ഹർജി സമർപ്പിച്ചു. കോടതി സുനാലിയുടെ ഹരജി തള്ളി. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയപ്പോൾ, അവളുടെ അപ്പീൽ അനുവദിക്കുകയും മൂക്കുത്തി നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് വിവേചനത്തിന് തുല്യമാണെന്നതുകൊണ്ട് കോടതി സുനാലിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു.

സ്‌കൂൾ വാദങ്ങളും കോടതി നിരീക്ഷണങ്ങളും

മൂക്കുത്തി സുനാലിയുടെ മതത്തിലോ സംസ്‌കാരത്തിലോ അടിസ്ഥാനവിഷയമല്ല എന്നും, മറിച്ച് അത് ഐച്ഛികമായ ഒരു ആചാരം മാത്രമാണെന്നും സ്‌കൂൾ വാദിച്ചു. എന്നാൽ അടിസ്ഥാനവിഷയമാണോ അല്ലയോ എന്നത് എങ്ങനെ തീരുമാനിക്കും? സമൂഹവുമായും വ്യക്തിയുമായും ബന്ധപ്പെട്ട ആചാരത്തിന്റെയോ വിശ്വാസത്തിന്റെയോ കേന്ദ്രീകൃതത്വം നാം അന്വേഷിക്കേണ്ടതുണ്ടോ? കോടതിയുടെ ചോദ്യത്തിന് മുമ്പിൽ സ്‌കൂൾ അധികൃതർക്ക് മറുപടി ഉണ്ടായില്ല.

വിവേചനത്തിന്റെ ന്യായാന്യായങ്ങൾ നിർണയിക്കുന്നതിൽ ഏതെങ്കിലും ഒരു മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ വിശ്വാസം പരിഗണിക്കണമെന്ന വാദം ആകർഷണീയമാണെങ്കിലും അത്തരം കാര്യങ്ങളിൽ കോടതികൾ സ്വയം ഇടപെടുമ്പോൾ പരിഹാരം കണ്ടെത്താൻ സാധിക്കാത്ത നിരവധി പ്രശ്‌നങ്ങൾ ഉയർന്നുവരും. ഇത് ഒരാളുടെ വ്യക്തിപരമായ സാമ്പ്രദായിക രീതികളിൽ ഇടപെടുന്നതിനും ഒരുവേള അവർക്കിടയിൽ നിലനിൽക്കുന്ന കയ്പേറിയ തർക്കത്തിൽ പക്ഷം പിടിക്കുന്നതിനും കാരണമാകും. ഒരു ദക്ഷിണേന്ത്യൻ തമിഴ്-ഹിന്ദു എന്ന നിലയിൽ മൂക്കുത്തി തന്റെ അടിസ്ഥാന വിശ്വാസാചാരമാണെന്ന് സുനാലി പറഞ്ഞാൽ, അവളുടെ മതവുമായോ സംസ്‌കാരവുമായോ ബന്ധമില്ലാത്ത കോടതി അവളുടെ ആചാരരീതികൾ തെറ്റാണെന്ന് പറയേണ്ടതില്ല-കോടതി നിരീക്ഷിച്ചു.

മൂക്കുത്തി ഒരു മതപരമായ അലങ്കാരമല്ല, പകരം ഒരു സാംസ്‌കാരിക അടയാളം മാത്രമാണ് എന്നും അതുകൊണ്ട് സമത്വം ലംഘിക്കപ്പെട്ടിട്ടില്ല എന്നുമായിരുന്നു സ്‌കൂളിന്റെ അടുത്ത ന്യായം. എന്നാൽ ഈ വാദം തെറ്റാണെന്ന് കോടതി വ്യക്തമാക്കി. മതപരമായ ആചാരങ്ങളെ പോലെത്തന്നെ സാംസ്‌കാരികമായ ആചാരങ്ങളും ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് ഒരുപോലെ പ്രധാനമാണ്. ഒരു ആചാരം മതപരമോ സാംസ്‌കാരികമോ ആയി വിശേഷിപ്പിക്കപ്പെടുന്നുണ്ടോ എന്നതിനെക്കാൾ പ്രധാനം പ്രസ്തുത വ്യക്തി അതിനെ എങ്ങനെ കാണുന്നു എന്നതാണ് പരിഗണിക്കപ്പെടേണ്ടതെന്നും ദക്ഷിണാഫ്രിക്കൻ കോടതി പറഞ്ഞു.

സുനാലിക്ക് സ്‌കൂൾ പെരുമാറ്റച്ചട്ടങ്ങൾ ഇഷ്ടമല്ലെങ്കിൽ മൂക്കുത്തി ധരിക്കാൻ അനുവദിക്കുന്ന മറ്റൊരു സ്‌കൂളിൽ പോകാമെന്ന സ്‌കൂൾ വാദത്തോടും യോജിക്കാൻ കഴിയില്ല. മതങ്ങളെയും സംസ്‌കാരങ്ങളെയും പാർശ്വവൽക്കരിക്കുക എന്നതാണ് ഇതുകൊണ്ടുള്ള ഫലം. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്ക് തികച്ചും വിരുദ്ധമായ സമീപനമാണത്. ഭരണഘടന വൈവിധ്യത്തെ തിന്മയായിട്ടല്ല അംഗീകരിച്ചിട്ടുള്ളത്, മറിച്ച് രാജ്യത്തിന്റെ മൗലിക നിധികളിലൊന്നായിട്ടാണ് അതിനെ സ്ഥിരീകരിക്കുന്നത്- കോടതി അസന്ദിഗ്ധമായി പറഞ്ഞു.

(അടുത്ത ലക്കത്തിൽ: മുൻകാല വിധികളും ശിരോവസ്ത്ര വിഷയവും)