അറബി ഭാഷ; സവിശേഷതകൾ, സാധ്യതകൾ

ഡോ. ടി. കെ യൂസുഫ്

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

ലോകത്തെ അതിപുരാതനമായ പല ഭാഷകളും കാലത്തിന്റെ ഒഴുക്കിനെ അതിജയിക്കാനാകാതെ കാലഹരണപ്പെട്ടുപോയിട്ടുണ്ട്. എന്നാൽ അറബി ഭാഷ അതിബൃഹത്തായ ക്ലാസിക്കൽ സാഹിത്യ സമ്പത്ത് ഉൾകൊള്ളുന്നതോടൊപ്പം തന്നെ ആധുനിക കാലത്ത് അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയ രംത്ത് അവഗണിക്കാനാവാത്ത പങ്കുകൂടി നിർവഹിച്ച് നിലനിൽക്കുകയാണ്. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ആറ് പ്രധാന ഭാഷകളിൽ അറബി ഭാഷക്ക് സ്ഥാനം ലഭിച്ചതിന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര അറബി ഭാഷാദിനം ആചരിക്കുന്നത്. അറബി ഭാഷയുടെ കൂടെ പിറന്നുവീണ പല ഭാഷകളും ഭൂമുഖത്തു നിന്ന് കുറ്റിയറ്റു പോയിട്ടുണ്ട്. അവയിൽ അപൂർവം ചിലതാകട്ടെ അന്ത്യശ്വാസം വലിച്ചുകൊണ്ട് നാമമാത്രമായി നിലനിൽക്കുന്നുണ്ട്. വളരെ പഴക്കമുളള ഒരു ഭാഷ എന്ന നിലയ്ക്ക് അറബി ഭാഷയുടെ വളർച്ചയുടെയും വികാസത്തിന്റെയും ഘട്ടങ്ങളിൽ ഒട്ടേറെ പദങ്ങളും പ്രയോഗങ്ങളും അന്യഭാഷകളിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ വാഹന വ്യൂഹത്തിന്റെ കൂടെ സഞ്ചരിക്കുന്നതിനുവേണ്ടി പല ഇംഗ്ലീഷ് പദങ്ങളും അറബീകരിക്കുകയും പഴയ പദങ്ങൾക്ക് പുതിയ അർഥതലങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്.

ലോകത്ത് ഇന്ന് 7151 ഭാഷകളുണ്ട്. അവയിൽ ഏറ്റവും പദസമ്പത്തുളള ഭാഷ അറബിയാണ്. 1232912 പദങ്ങൾ അറബി ഭാഷയിൽ ഉള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ലോക ഭാഷയായി ഗണിക്കപ്പെടുന്ന ഇംഗ്ലീഷിൽ ആറ് ലക്ഷം പദങ്ങളാണുള്ളത്. ഫ്രഞ്ചിൽ നാലു ലക്ഷം പദങ്ങളുമുണ്ട്. ബാക്കി ലോക ഭാഷകളിൽ ഇതിൽ കുറവ് പദങ്ങളാണുള്ളത്. അറബി ഭാഷയിലെയും ഇംഗ്ലീഷ് ഭാഷയിലെയും പുരാതന നിഘണ്ഡുക്കൾ പരിശോധിച്ചാൽ പോലും ഈ അന്തരം നമുക്ക് കണ്ടെത്താൻ കഴിയും. പര്യായപദങ്ങളുടെ ബാഹുല്യമാണ് അറബി ഭാഷയുടെ മറ്റൊരു സവിശേഷത. ചില പദങ്ങൾക്ക് നൂറോളം പര്യായപദങ്ങൾ അറബിയിൽ കാണപ്പെടുന്നുണ്ട്.

വളരെ കുറഞ്ഞ പദങ്ങൾകൊണ്ട് വലിയ ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നതും അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ്. എന്തിനേറെ പറയുന്നു, അറബി അക്ഷരമാലയിലെ അധിക അക്ഷരങ്ങൾക്കും സ്വതന്ത്രമായ അർഥങ്ങളുണ്ട്. അതുപോലെ അധിക പദങ്ങളും രണ്ടോ മൂന്നോ നാലോ അക്ഷരങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതാണ്. അപൂർവം പദങ്ങളിൽ മാത്രമെ അഞ്ച് അക്ഷരങ്ങൾ കാണപ്പെടുന്നുള്ളൂ. ഡിജിറ്റൽ ടെക്‌നോളജിയുടെ യുഗത്തിൽ ഇത് ഏറ്റവും വലിയ ഒരു നേട്ടമാണ്. ഇംഗ്ലീഷ് ഭാഷയിൽ നിഘണ്ഡുക്കളിൽ കാണപ്പെടുന്ന പദങ്ങളിൽപോലും നാൽപത്തഞ്ചോളം അക്ഷരങ്ങളുണ്ട്. സൂപ്പർ സുദീർഘ പദങ്ങളിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരം അക്ഷരങ്ങളുണ്ട്. ആ പദമാകട്ടെ ശരീരത്തിലെ ഒരു പ്രോട്ടീൻ സംയുക്തത്തെ സൂചിപ്പിക്കുന്നതാണ്. പ്രസ്തുത പദം ഉച്ചരിക്കണമെങ്കിൽ മൂന്ന് മണിക്കൂറിലധികം സമയം ആവശ്യമാണ്. ഈ പദം ഉച്ചരിക്കുന്നവർ ഗിന്നസ് ബുക്കിൽ വരെ ഇടം നേടുന്നുണ്ട്. വളരെ കുറഞ്ഞ അക്ഷരങ്ങൾകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന അറബി ഭാഷയാണ് ഈ കാലഘടത്തിന് ഏറ്റവും അനുയോജ്യമെന്ന് നമുക്ക് കാണാൻ കഴിയും.

അറബി ഭാഷയിലെ ഓരോ പദത്തിനും ഓരോ ഉച്ചാരണമാണുള്ളത്. ഉച്ചരിക്കാത്ത അക്ഷരങ്ങളോ ഉച്ചാരണം വ്യത്യാസപ്പെടുന്ന പദങ്ങളോ അറബി ഭാഷയിൽ കാണപ്പെടുന്നില്ല. സംസാരിച്ചുകൊണ്ട് അച്ചടിക്കപ്പെടുന്ന സോഫ്റ്റ് വെയറുകളിൽ ഇത് വളരെ പ്രസക്തമാണ്. അതുപോലെ ഒരേ മൂലധാതുവിൽനിന്ന് വരുന്ന സമാന അക്ഷരങ്ങളുള്ള പദങ്ങളാണ് ഒരു ആശയത്തെ ധ്വനിപ്പിക്കുന്നത്. ഉദാഹരണത്തിന്, എഴുത്ത്, പുസ്തകം, എഴുത്തുകാരൻ ലൈബ്രറി... തുടങ്ങിയ പദങ്ങളല്ലാം ഒരു ധാതുവിൽനിന്നാണ്. ഇതും അറബി ഭാഷാപഠനം എളുപ്പമാക്കുന്നതാണ്. ഇങ്ങനെ എണ്ണമറ്റ സവിശേഷതകളുള്ളതുകൊണ്ടു കൂടിയാകാം ക്വുർആൻ അറബി ഭാഷയിൽ അവതരിച്ചത്. ക്വുർആൻ അറബി ഭാഷയിൽ അവതരിപ്പിക്കുക മാത്രമല്ല, നിങ്ങൾ ചിന്തിക്കുന്നതിനു വേണ്ടി അറബി ഭാഷയിൽ അവതിരിപ്പിച്ചുവെന്നും ക്വുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

അറബി ഭാഷ പഠിക്കുന്നവർക്ക് അറബി അധ്യാപകരാകാം എന്ന ഒരു സാധ്യത മാത്രമാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. സ്‌കൂൾ, കോളേജ്, സർവകലാശാല എന്നിവിടങ്ങളിൽ അധ്യയനം നടത്തുന്നതിലുപരിയായി മദ്‌റസകളിലും മറ്റും പഠിപ്പിക്കാനും അവർക്ക് അവസരം ലഭിച്ചിരുന്നു. അതിലുപരി പള്ളികളിലെ ഇമാം, ഖത്വീബ് എന്നീ ചുമതലകളും അറബി ഭാഷ പഠിച്ചവർ തന്നെയാണ് നിർവഹിച്ചിരുന്നത്. ഭൗതികമായ നേട്ടങ്ങൾ ഒന്നും ആഗ്രഹിക്കാതെ പാരത്രിക ലക്ഷ്യത്തിനുവേണ്ടി പള്ളി ദർസുകളിലും മറ്റും പോയി അറബി പഠിക്കാൻ പലരും മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇന്ന് അറബി ഭാഷ അറിയുന്നവർക്ക് പ്രൊഫഷണൽ കോളേജുകളിൽനിന്നും മറ്റും ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് കിട്ടാൻ സാധ്യതയുള്ള ജോലിയെക്കാളും ലോകോത്തരമായ തൊഴിലവസരങ്ങളുണ്ട്.

നമ്മുടെ നാട്ടിൽ ഒട്ടനവധി കലാലയങ്ങളുണ്ട്. മെഡിക്കൽ, പാരാ മെഡിക്കൽ, എഞ്ചിനിയറിംഗ്, ഐ. ടി, ബിസിനസ് മാനേജ്‌മെന്റെ് തുടങ്ങി അവയുടെ പട്ടിക നീളുന്നതാണ്. കെമിസ്ട്രി, ഫിസിക്‌സ്, മാത് സ് തുടങ്ങിയ ശാസ്ത്ര ശാഖകളും അറബി, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം മുതലായ ഭാഷാ വിഷയങ്ങളും ഇവിടെ പ്രത്യേകം പഠിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അറബി പഠിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച്

അനന്തമായ അവസരങ്ങളുടെ വാതായനങ്ങളാണ് ഇന്ന് തുറക്കപ്പെട്ടിട്ടുളളത്. ഉദാഹരണത്തിന്, വൈദ്യശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാർഥി, അവൻ ഒന്നുകിൽ മെഡിക്കൽ കോളേജ് അധ്യാപകനാകുകയോ അല്ലെങ്കിൽ സ്വദേശത്തോ വിദേശത്തോ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയോ ചെയ്യുന്നു. മെഡിക്കൽ ഫീൽഡ് വിട്ട് മറ്റൊരു മേഖലയിൽ അവൻ സാധാരണ ഗതിയിൽ ജോലി നേടാറില്ല. മറ്റു ശാസ്ത്രങ്ങളും വിജ്ഞാനങ്ങളും പഠിക്കുന്നവരുടെ അവസ്ഥയും ഇതു തന്നെയാണ്. അവരും തങ്ങളുടെ മേഖലകളിൽ മാത്രമാണ് പ്രവർത്തിക്കാറുള്ളത്. എന്നാൽ കേരളത്തിലെ വിവിധ അറബിക് കോളേജുകളിൽ പഠിച്ചവർ അറബ് നാടുകളിൽ വളരെ ഉന്നതമായ സ്ഥാനങ്ങളിൽ ജോലി നേടുകയും വലിയ വേതനം കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. സ്വന്തം കഴിവിനും സാമർഥ്യത്തിനുമുപരിയായി അറബി ഭാഷ അറിയുന്നു എന്ന വസ്തുതയാണ് ഈ ഔന്നിത്യത്തിന് നിമിത്തമായി മാറുന്നത്.

അറബി അതിപുരാതനമായ ഒരു ഭാഷയാണ്. എ. ഡി. അഞ്ചാം നൂറ്റാണ്ടിൽ ലോകത്ത് അറബിയടക്കം വിരലിലെണ്ണാവുന്ന ഭാഷകൾ മാത്രമാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് കാലം ചെല്ലുന്തോറും പുതിയ ഭാഷകൾ പിറവിയെടുത്ത് ഇരുപത്തൊന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും ലോകത്ത് ഏഴായിരത്തോളം ഭഷകളുണ്ടായിത്തീർന്നു. ഇന്ന് ലോകത്ത് നിലവിലുളള ആയിരക്കണക്കിന് ഭാഷകളിൽ ആറു ഭാഷകൾ മാത്രമാണ് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചിട്ടുളളത്.

ലോകത്തുളള എല്ലാ വിദ്യകളും കേന്ദ്രീകരിക്കുന്നത് അല്ലാഹുവിന്റെ സൃഷ്ടിയായ പ്രപഞ്ചത്തെക്കുറിച്ചോ, അതിലെ ജീവജാലങ്ങളെക്കുറിച്ചോ, മൂലകങ്ങളെക്കുറിച്ചോ, സസ്യങ്ങളെക്കുറിച്ചോ ആയിരിക്കും. എന്നാൽ ദൈവ വചനമായ ക്വുർആനും അവന്റെ ദിവ്യബോധനമായ ഹദീസുകളും പഠിക്കാൻ അവസരം ലഭിക്കുന്നത് അറബി ഭാഷ പഠിച്ചവർക്ക് മാത്രമാണ്. ലോകോത്തരമായ ജോലി സാധ്യതകളെക്കുറിച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ ഈ സാധ്യതയും ആത്മീയനേട്ടവും ഒരിക്കലും വിലമതിക്കാനാവാത്തതാണ്.

അറബി ഭാഷയുടെ ജോലിസാധ്യത പരിശോധിക്കുകയാണെങ്കിൽ ഇതര ഭാഷകൾക്കുള്ളതുപോലെ പ്രൈമറിതലം മുതൽ സർവകലാശാലവരെയുളള എല്ലാ തലത്തിലും അധ്യാപക ജോലിക്ക് സാധ്യതയുണ്ട്. അതിനുപുറമെ സൈന്യത്തിൽ മതാധ്യാപകരാകാനുളള അവസരങ്ങളും അറബി ബിരുദം നേടിയവർ ക്കുണ്ട്. ഇന്ത്യയിലെ വിവിധ അറബ് രാജ്യങ്ങളുടെ എംബസികളിലും അറബി അറിയുന്നവർക്ക് വിവർത്തകരായി ജോലിചെയ്യാൻ അവസരങ്ങളുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിഭകൾ മാറ്റുര ക്കുന്ന ഈ മേഖലയിൽ മലയാളികളും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അറബിയും ഇതര ഭാഷകളും അറിയുന്നവർക്ക് അറബ് രാജ്യങ്ങളിലുളള ജോലി സാധ്യതകൾ എണ്ണിക്കണക്കാക്കാൻ പറ്റാത്തതാണ്. അവയിൽ ഒന്ന് അവിടങ്ങളിലെ കോടതികളാണ്. വിദേശികളായ പ്രതികൾക്ക് പറയാനുളളത് ജഡ്ജിയിലെത്തുന്നത് ഈ വിവർത്തകരിലൂടെയാണ്. യുഎയിലെ നാല് കോടതികളിൽ ഒരേസമയം കേരളത്തിലെ അറബിക്കോളേജുകളിൽ പഠിച്ചവർ വിവർത്തകരായി ജോലി ചെയ്തിരുന്നു. ഇവരിൽ ചിലർ മലയാളികളുടെ മാത്രമല്ല, ഉറുദു സംസാരിക്കുന്നവരുടെയും ന്യായവാദങ്ങൾ പരിഭാഷപ്പെടുത്തിയിരുന്നു. കോടതി വിധി പ്രസ്താവന വ്യാകരണപ്പിശകില്ലാതെ തയ്യാറാക്കാനും ഇവരെ ഏൽപിച്ചിരുന്നു എന്നതുകൂടി ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.

ഗൾഫിലെ ഒട്ടുമിക്ക കമ്പനികളിലും പിആർഒകളായും മാനേജർമാരായും കേരളത്തിൽനിന്ന് അറബി ബിരുദം നേടി പോയവർ ജോലി ചെയ്യുന്നുണ്ട്. അഡ്മിനിസ്‌ട്രേഷൻ പാടവവും അറബി പരിജ്ഞാന വുമാണ് അവർക്ക് കൈമുതലായിട്ടുള്ളത്. അതുപോലെ അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ, മന്ത്രിമാർ, നേതാക്കൾ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ പിഎമാരും സെക്രട്ടറിമാരുമാകാൻ അറബി അറിയുന്നവർക്ക് അവസരമുണ്ട്. ഇത് കേവലം സാധ്യത മാത്രമല്ല, എന്റെ അറിവിൽപെട്ട ഒട്ടേറെ ആളുകൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. യുഎഇയിലെ ഒരു ശൈഖിന്റെ പിഎ ആയി ജോലി

ചെയ്യുന്ന, എന്റെ ഒരു ശിഷ്യനായിരുന്ന വ്യക്തിക്ക് അമ്പതോളം രാജ്യങ്ങളിലെ വിസയുണ്ട്. ഈ രാജ്യങ്ങളിലെല്ലാമുളള ശൈഖിന്റെ യാത്രക്ക് അവനാണ് ചുക്കാൻ പിടിക്കുന്നത്. പഠനകാലത്ത് ഏറെ പിന്നാക്കമായിരുന്ന പല കുട്ടികളും പിൽകാലത്ത് അവിശ്വസനീയമായ സ്ഥാനങ്ങളിൽ എത്തിപ്പെട്ടതായി എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. അറബി പഠിക്കുന്നവർക്ക് ലഭിക്കുന്ന അല്ലാഹുവിന്റെ അനുഗ്രഹം എന്നല്ലാതെ എനിക്ക് ഇതിന് ഒരു വിശദീകരണം കണ്ടെത്താൻ പറ്റിയിട്ടില്ല.

അറബി-ഇംഗ്ലീഷ് വിവർത്തന പരിജ്ഞാനമുളളവർക്ക് ചെറുതും വലുതുമായ നിരവധി അവസരങ്ങ ളുണ്ട്. ചെറിയ ടൈപ്പിംഗ് സെന്ററിൽ മുതൽ വലിയ പത്രസ്ഥാപനങ്ങളിൽ പോലും അവസരമുണ്ട്. ഇത്തരക്കാർക്ക് ഇടം ലഭിക്കാത്ത കമ്പനികളും അപൂർവമാണ്. അറബ് രാജ്യങ്ങളിൽ പ്രചാരമുളള മലയാള പത്രങ്ങളിലേക്ക് അറബ് വാർത്തകൾ വിവർത്തനം ചെയ്യുന്ന ജോലിയും പലർക്കും ലഭിക്കാറുണ്ട്. അറബിയും ഇംഗ്ലീഷും കമ്പ്യൂട്ടർ പരിജ്ഞാനവുമുളള ഒരു വ്യക്തിക്ക് അറബ് രാജ്യത്ത് മെച്ചപ്പെട്ട ജോലി ലഭിക്കുമെന്നതിന് അനവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും.

അറബ് രാജ്യങ്ങളിലെ മതകാര്യാലയങ്ങളിൽ ജോലി ലഭിക്കാനും അറബി ഭാഷാപഠനം സഹായകമാണ്. ജോലി എന്നതിലുപരി മതപ്രബോധന രംഗത്ത് മഹത്തായ സംഭാവനകൾ നൽകാനും പ്രസ്തുത ജോലിയിലൂടെ സാധ്യമാകും.

അറബി അറിയുന്നവർക്ക് ജോലി ചെയ്യാൻ ഗൾഫ് രാജ്യങ്ങളിൽ പോകണം എന്ന് നിർബന്ധമില്ല. നമ്മുടെ നാട്ടിൽ നിന്നുകൊണ്ടുതന്നെ പല ജോലികളും ചെയ്യാൻ കഴിയും. ഐ.ടി മേഖല പുതിയ തൊഴിലവസരങ്ങളുടെ ഒരു ഭൂമികതന്നെ നമുക്ക് മുന്നിൽ തുറന്നിട്ടുണ്ട്. അറബി അറിയുന്നവർക്ക് ഈ രംഗത്തും അനവധി അവസരങ്ങളുണ്ട്. സോഫ്റ്റ് വെയർ വികസിപ്പിച്ചെടുക്കുമ്പോൾ അവയുടെ മാർഗ നിർദേശങ്ങൾ പ്രമുഖ ഭാഷകളിലേക്ക് എന്നപോലെ അറബിയിലേക്കും വിവർത്തനം ചെയ്യേണ്ടിവരും. സോഫ്റ്റ്‌വെയർ കമ്പനികളുമായി സഹകരിച്ച് പാർട്ട് ടൈമായി ഇത്തരം ജോലി ചെയ്യുന്നവരുണ്ട്. വെബ് പേജുകൾ പരിഭാഷപ്പെടുത്തുന്ന ജോലിയാണ് ഐടി രംഗത്തെ മറ്റൊരു സാധ്യത. ഓരോ നിമിഷവും ആഗോള വലയിൽ പുതിയ കണ്ണികൾ ചേർക്കപ്പെടുകയാണ്. മിക്കവാറും സൈറ്റുകളും അറബി പേജുകൾ ഉൾകൊള്ളുന്നതാണ്. ഈ രംഗത്തും അറബി അറിയുന്നവരെ ആവശ്യമുണ്ട്. ഇന്ത്യൻ നിർമിതമായ പല വസ്തുക്കളും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നുണ്ട്. അവിടങ്ങളിൽ അവയുടെ ഇറക്കുമതി അനുവദിക്കണമെങ്കിൽ പ്രോഡക്ടിന്റെ വിശദാംശങ്ങൾ അറബിയിൽതന്നെ നൽകേണ്ടതുണ്ട്. ഇതും ആഗോളവത്ക്കരണത്തിന്റെ ഫലമായുണ്ടായ ഒരു തൊഴിലവസരമാണ്.

വിനോദസഞ്ചാര രംഗത്തും അറബി അറിയുന്നവർക്ക് അതിന്റെതായ അവസരങ്ങളുണ്ട്. കേരളത്തിലേക്ക് അറബ് നാടുകളിൽനിന്നുളള വിനോദസഞ്ചാരികളുടെ എണ്ണം ഇപ്പോൾ വർധിച്ചുവന്നിട്ടുണ്ട്. പ്രകൃതി സൗന്ദര്യം കാണുന്നതോടൊപ്പം ആരോഗ്യരംഗത്ത് അനുഭവിക്കുന്ന ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻകൂടിയാണ് അവർ വരുന്നത്. കേരളത്തിലെ എല്ലാ ആയുർവേദ ചികിത്സ സെന്ററുകളിലും ഒരു അറബിയെങ്കിലും എപ്പോഴും ഉണ്ടാകാറുണ്ട്. ഓപ്പറേഷനുകൾക്ക് വിദേശത്ത് ചെലവ് കൂടുതലായതുകൊണ്ട് മിക്ക മോഡേൺ മെഡിസിൻ ഹോസ്പിറ്റലുകളിലും അറബികൾ എത്തുന്നുണ്ട്. കണ്ണാശുപത്രികളിലും ദന്തൽ ക്ലിനിക്കുകളിലും അവരുടെ സാന്നിധ്യം ഒട്ടും കുറവല്ല. പല ടൂർ ഓപ്പറേറ്റർമാരും മെഡിക്കൽ ടൂറിസം എന്ന ഒരു പാക്കേജ് തന്നെ നടപ്പിലാക്കുന്നുണ്ട്. ടൂറിസ്റ്റ് ഗൈഡുകൾ, ഡ്രൈവർമാർ, മെഡിക്കൽ ട്രാൻസലേറ്റർമാർ തുടങ്ങി, അറബി അറിയുന്ന കുറെ ആളുകളെ ഈ രംഗത്ത് ആവശ്യമുണ്ട്.

ഓൺലൈൻ ട്രാൻസലേഷനാണ് ഇപ്പോൾ അറബി അറിയുന്നവർക്ക് ലഭിക്കുന്ന ഒരു തൊഴിലവസരം. കന്നിക്കാരായ ആളുകൾക്ക് ഇതിൽ അവസരം കുറവാണ.് കാരണം മിക്ക കമ്പനികളും എക്‌സ്പീരിയൻസ് ചോദിക്കാറുണ്ട്. ആഗോളതലത്തിൽ കഴിവ് മാറ്റുരക്കുന്ന ഒരു വേദിയായതുകൊണ്ട് കൃത്യവും കണിശവും സൂക്ഷ്മവും കാര്യക്ഷമവുമായി ജോലി ചെയ്യുന്നവർക്ക് മാത്രമെ ഈ രംഗത്ത് ഇടിച്ചുകയറാൻ സാധിക്കുകയുള്ളൂ. അനേകം തട്ടിപ്പുകൾ അരങ്ങേറുന്ന ഒരു രംഗം കൂടിയാണിത്. അപേക്ഷയോടൊപ്പം അഡ്വാൻസ് ഫീസ് നൽകാൻ ആവശ്യപ്പെടുന്നതാണ് അതിലൊന്ന്. ഓൺലൈൻ ചതിക്കുഴികളും മുൾപടർപ്പുകളും വകഞ്ഞു മാറ്റുകയാണെങ്കിൽ ഓൺലൈൻ ട്രാൻസലേഷൻ സുരക്ഷിതമായ ഒരു വരുമാന മാർഗമാണ്.

ആധുനിക അറബിഭാഷയിൽ ആനുകാലിക വിഷയങ്ങൾ അപഗ്രഥിച്ച് ലേഖനങ്ങൾ എഴുതാൻ കഴിയുന്നവർക്ക് അറബി ആനുകാലികങ്ങളിൽ എഴുതിയാൽ നല്ല പ്രതിഫലം ലഭിക്കും. നന്നായി എഴുതാൻ കഴിയുന്നവർക്ക് പത്രപ്രവർത്തന രംഗത്തും സാധ്യതകളുണ്ട്.