ഭ്രൂണവളർച്ചയുടെ ഘട്ടങ്ങൾ

മുബാറക് ബിൻ ഉമർ

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

(മരണാനന്തര ജീവിതം സത്യമോ മിഥ്യയോ? 6)

കണ്ണുണ്ടാകുന്നതിനാവശ്യമായ ഭ്രൂണമാറ്റങ്ങൾ പതിനേഴാം ദിവസം ബ്ലാസ്റ്റോഡേമിന്റെ (BLASTODERM) മധ്യപാളിയിലുള്ള മെസോഡേം (MESODERM) കോശങ്ങളും പുറംപാളിയിലുള്ള എക്‌റ്റോഡേം (ECTODERM) കോശങ്ങളും നേത്രമുണ്ടാകുന്നതോടെ രൂപപ്പെട്ടു തുടങ്ങുന്നു. എങ്കിലും നേത്രത്തിന്റെ ബാഹ്യലക്ഷണങ്ങൾ പ്രകടമാകുന്നത് ആറാമത്തെ ആഴ്ചക്ക് ശേഷമാണ്. നേത്രസ്ഥാനങ്ങളിൽ (EYE FIELDS) നേത്രസഞ്ചികളും (OPTIC VESICLES) അവ പരിണമിച്ച് നേത്രചഷകങ്ങളും (OPTIC CUPS) ഉണ്ടാകുന്നത് അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ്. അപ്പോൾ മുതൽ റെറ്റിന(RETINA)യും ലെൻസുമൊക്കെ ഉണ്ടാകാനാരംഭിക്കുന്നു. ഭ്രൂണവളർച്ചയുടെ മുപ്പത്തിരണ്ടാം ദിവസം ലെൻസിരിക്കുന്ന സ്ഥലം വേർതിരിച്ചു മനസ്സിലാക്കാൻ കഴിയുകയും മൂന്നര ആഴ്ചകൾ കഴിയുമ്പോഴേക്ക് ലെൻസ് ജനനസമയത്തെ കൊച്ചുകണ്ണിന്റെ ലെൻസിന്റെ വലിപ്പം പ്രാപിക്കുകയും ചെയ്യും. മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസങ്ങൾക്കുള്ളിൽ കൺപോളകളുടെ അടയാളം രൂപപ്പെടും. രണ്ടാഴ്ചകൾ കഴിഞ്ഞ് അത് പൂർണവളർച്ചയെത്തും. ലെൻസിനോടൊപ്പം റെറ്റിന വളർച്ചയാരംഭിക്കും. സങ്കീർണമായ അതിന്റെ വികാസം തുടങ്ങുന്നത് ഇരുപത്തിനാലാം ആഴ്ചയും അവസാനിക്കുന്നത് കുഞ്ഞ് ജനിച്ചുകഴിഞ്ഞ് നാലാമത്തെ മാസവുമാണ്. ഒരാൾ കാഴ്ചയുള്ളവനാണോ എന്ന് നിശ്ചയിക്കുന്ന മാറ്റങ്ങൾ ഭ്രൂണത്തിലു ണ്ടാകുന്നത് ആറാഴ്ചകൾക്ക് ശേഷമാണ്.

കേൾവി അനുഭവിക്കാൻ തുടങ്ങുന്നത് കാഴ്ചക്ക് മുമ്പാണ്. ശബ്ദം സ്വീകരിക്കാനുള്ള ബാഹ്യകർണം (EXTERNAL EAR), ശബ്ദവീചികളെ നാഡീസ്പന്ദനങ്ങളാക്കിത്തീർത്ത് അനുഭവവേദ്യമാക്കു ന്ന ആന്തരകർണം (INTERNAL EAR), ബാഹ്യകർണത്തിൽനിന്ന് ആന്തരകർണത്തിലേക്ക് ശബ്ദവീചികളെ എത്തിക്കുന്ന മധ്യകർണം ഇവ ഭ്രൂണത്തിൽ വളർന്നു വരും. ഏക്റ്റോഡേമിന്റെ ഇരുവശത്തുമുള്ള പ്രതലം കട്ടിപിടിച്ച് ഒട്ടിക്പ്ലാകോഡ് (OTIC PLACODE) ഉണ്ടാകുന്ന ഇരുപത്തിരണ്ടാം ദിവസം കർണനിർമാണം ആരംഭിക്കും. പ്ലാകോഡ് ഉണ്ടായിക്കഴിഞ്ഞ് 27ാം ദിവസമാകുമ്പോഴേക്ക് അവിടെ ഒരു കർണഗർത്തം (OTIC PIC) രൂപപ്പെടുകയും നാല് ആഴ്ചകൾ കഴിഞ്ഞ് അത് കർണസഞ്ചി(OTIC VESICLE)യായിത്തീരുകയും ചെയ്യുന്നു. ഇതിൽനിന്ന് ആന്തരകർണവും മധ്യകർണവും ബാഹ്യകർണവും വളർന്ന് വികസിക്കുന്നു. ബാഹ്യകർണങ്ങളുടെ മുകുളങ്ങൾ ആറാഴ്ച കഴിഞ്ഞാൽ പ്രത്യക്ഷപ്പെടാനാരംഭിക്കുമെങ്കിലും അത് പ്രകടമാകുന്നത് ഒമ്പതാമത്തെ ആഴ്ചതൊട്ടാണ്. പതിനാറാമത്തെ ആഴ്ചയാകുമ്പോൾ ശ്രവണാവയവങ്ങൾ പൂർണമാകും. ഇരുപത്തിനാലാമത്തെ ആഴ്ചയോടെ കൃത്യമായി കേൾക്കനാരംഭിക്കുന്നു. പത്തൊമ്പതാം ആഴ്ച 500 ഹെർട്‌സ് ആവൃത്തിയുള്ള ശബ്ദവീചികൾ ശിശു കേൾക്കാനാരംഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് സാവധാനം വ്യത്യസ്ത ആവൃത്തികളിലുള്ള ശബ്ദവീചികൾ ശിശു കേൾക്കാൻ തുടങ്ങുമത്രെ.

കേൾവി ആദ്യവും പിന്നീട് കാഴ്ചയും എന്നാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. ഗർഭാശയത്തിൽ 19ാമത്തെ ആഴ്ച മുതൽ ശബ്ദവീചികൾ ശിശു അനുഭവിക്കാൻ തുടങ്ങും. 24ാം ആഴ്ച മുതൽ മാതാവ് കേൾക്കുന്നതെലാം ഏകദേശം വ്യക്തമായിത്തന്നെ കേൾക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കണ്ണിന്റെ നിർമാണം ജനനശേഷം നാലാം മാസമാണ് പൂർത്തിയാകുന്നത്. ഏഴുനിറങ്ങൾ കാണാൻ കഴിയുന്നത് ആറാം മാസത്തിലാണ്. ക്വുർആൻ പലയിടങ്ങളിലായി പറയുന്നത് “നാം അവന് കേൾവിയും കാഴ്ചയും നൽകി എന്നാണ്.’’ സൃഷ്ടിപ്പിൽ ആദ്യം കേൾവിയും പിന്നെ കാഴ്ചയും നൽകി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഗർഭകാലം മൂന്ന് ത്രൈമാസ യൂണിറ്റുകളായി (TRIMESTER) കണക്കാക്കപ്പെടുന്നു. ആദ്യ ത്രൈമാസത്തിലാണ് ഭ്രൂണത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളൊക്കെയുണ്ടാകുന്നത്. ആദ്യ മൂന്നാഴ്ചകൾ കഴിയുമ്പോൾ ഭ്രൂണം കോശങ്ങളുടെ ചെറിയൊരു ഗോളമായ ബ്ലാസ്റ്റോസൈറ്റ് മാത്രമായിരിക്കും. നാലാമത്തെ ആഴ്ചമുതൽ അവയവങ്ങളോരോന്നും വളരാനാരംഭിക്കുന്നു. ഹൃദയം മിടിക്കാനാരംഭിക്കുന്നത് അഞ്ചാമത്തെ ആഴ്ചയാണ്. ആറാമത്തെ ആഴ്ചമുതൽ കണ്ണുകളുടെയും മൂക്കിന്റെയും ആദ്യരൂപമായ മുഖക്കലകൾ രൂപപ്പെടും. കൈകാലുകൾ വളർന്ന് വിരലുകൾ കാണാൻ തുടങ്ങുന്നത് എട്ടാമത്തെ ആഴ്ചയിലാണ്. മൂക്കും മേൽചുണ്ടും അതോടൊപ്പം പ്രത്യക്ഷമാകും. ഒമ്പതാമത്തെ ആഴ്ച കണ്ണുകൾ രൂപപ്പെടുകയും കൺപോളകളാൽ മൂടപ്പെടുകയും ചെയ്യും. മാംസക്കഷ്ണമായിരുന്ന ഭ്രൂണം മനുഷ്യാകൃതിയിലുള്ളതായിത്തീരുന്നു. പത്താം ആഴ്ച ഭ്രൂണം ഗർഭസ്ഥശിശുവായിത്തീരും. തലച്ചോറ്, വൃക്കകൾ, കരൾ, കുടലുകൾ തുടങ്ങി പ്രധാന അവയവങ്ങളെല്ലാം പ്രവർത്തനക്ഷമമാകുന്നു. കൈകാൽവിരലുകളിലെ നഖങ്ങൾ രൂപപ്പെടുന്നതും അപ്പോഴാണ്. പതിനൊന്നാമത്തെ ആഴ്ചയാകുമ്പോൾ മനുഷ്യക്കുഞ്ഞ് ഏകദേശം പൂർണമായിക്കഴിഞ്ഞിരിക്കും. എല്ലുകൾ ദൃഢമാകാനാരംഭിക്കും. പതിനൊന്നാം ആഴ്ചയിൽ ലൈംഗിക അവയവങ്ങൾ രൂപപ്പെടാൻ തുടങ്ങും. പന്ത്രണ്ട് ആഴ്ചകൾ പൂർത്തിയാകുമ്പോൾ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ കഴിയും. ഒന്നാം ത്രൈമാസികത്തിൽ അഥവാ പന്ത്രണ്ടാഴ്ച കഴിഞ്ഞാൽ രണ്ട് ഇഞ്ച് വലിപ്പവും മുപ്പത് ഗ്രാം തൂക്കവുമുണ്ടായിരിക്കും അതിന്.

പതിനാലാമത്തെ ആഴ്ചമുതൽ വൃക്കകൾ മൂത്രം ഉൽപാദിപ്പിക്കാൻ തുടങ്ങുകയും അംനിയോട്ടിക് ദ്രവത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നു. പതിനാറാം ആഴ്ച കുഞ്ഞിന്റെ ലിംഗം ബാഹ്യമായി മനസ്സിലാകും. പത്തൊമ്പതാം ആഴ്ചയിൽ കുഞ്ഞ് അമ്മയുടെ ഹൃദയസ്പന്ദനം കേൾക്കാനാരംഭിക്കും. പുറത്തുനിന്നുള്ള ശബ്ദങ്ങളും അവ്യക്തമായി കേൾക്കാം. ഇരുപത്തിമൂന്നാം ആഴ്ചയോടെ ശ്രവണെന്ദ്രിയങ്ങളും കണ്ണുകളും വളരുന്ന ഘട്ടമാണ്. ഈ ഘട്ടത്തിൽ ശ്വാസകോശങ്ങൾ പ്രവർത്തനക്ഷമമാകുമെങ്കിലും പൂർണവളർച്ചയെത്തിയിരിക്കുകയില്ല. അംനിയോട്ടിക് ദ്രവത്തിൽ ശ്വാസോച്ഛ്വാസം നടത്തുകയും കൃത്യമായ ഇടവേളകളിൽ ഉറങ്ങുകയും ചെയ്യും. കണ്ണുകൾ അടക്കുകയും തുറക്കുകയും വിരൽ കടിക്കുകയും ചെയ്യുമത്രെ.

അങ്ങനെ ഗർഭസ്ഥശിശുവിന്റെ വളർച്ച പൂർണമാകുന്നു. ബീജസങ്കലനം കഴിഞ്ഞ് 265 ദിവസമാകുമ്പോൾ ഭ്രൂണം പൂർണവളർച്ചയെത്തി കുഞ്ഞിനെ പ്രസവിക്കും. ഗർഭപാത്രപേശികളുടെ സങ്കോചംകൊണ്ടാണ് പ്രസവം സംഭവിക്കുന്നത്. പത്തു ചാന്ദ്രമാസത്തോളം ശാന്തമായി കിടന്ന ഗർഭാശയം പെട്ടെന്ന് സങ്കോചിച്ചു തുടങ്ങുകയാണ്. എന്താണതിനു കാരണമെന്ന് ഇനിയും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലത്രെ! എസ്ട്രജൻ-പ്രോജസ്റ്ററോൺ അനുപാതം വർധിക്കുന്നത് മൂലമാണെന്നും ഭ്രൂണചലനം കൊണ്ടുണ്ടാകുന്ന ഉത്തേജനം മൂലമാണെന്നുമെല്ലാം അഭിപ്രായങ്ങളുണ്ട്. ഏതായിരുന്നാലും ഗർഭാശയപേശികളുടെ സങ്കോചമാരംഭിക്കുമ്പോഴാണ് പ്രസവവേദന അനുഭവപ്പെടാനാരംഭിക്കുന്നത്. തുടക്കത്തിൽ ദീർഘമായ ഇടവേളകളിൽ, അരമണിക്കൂറിലൊരിക്കൽ മാത്രമാണ് സങ്കോചിക്കുന്നതെങ്കിലും ക്രമേണ സങ്കോചിക്കുന്നത്തിന്റെ ദൈർഘ്യം കൂടുകയും ഇടവേള കുറഞ്ഞുവരികയും ചെയ്യുന്നു. സങ്കോചിക്കുമ്പോഴെല്ലാം കുഞ്ഞിന്റെ തല ഗർഭാശയ കവാടത്തിൽ ചെന്ന് മുട്ടുമ്പോൾ അവിടത്തെ പേശികൾക്ക് അയവുണ്ടാകും. അൽപാൽപമായി തുറന്നുവരും. 16 മുതൽ 18 വരെ മണിക്കൂർ നീണ്ടു നിൽക്കും. ഒടുവിൽ ഗർഭാപാത്ര കണ്ഠവും മുഖവും മുഴുവൻ തുറക്കും. അന്നേരം ഗർഭിണി ഉദരപേശികളെ ബോധപൂർവം സങ്കോചിപ്പിക്കണം. അപ്പോൾ ഗർഭാശയത്തിലെ അംനിയോൺ സഞ്ചി പൊട്ടി അതിലെ ദ്രാവകം പുറത്തേക്ക് വന്നു പ്രസവത്തെ വേഗത്തിലാക്കും. അതോടെ തല മെല്ലെ പുറത്തുവരാനാരംഭിക്കും. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞ് പുറത്തുവരും. അപ്പോൾ ഗർഭപാത്രത്തിന്റെ സങ്കോചം പാതിയായി ചുരുങ്ങും. പത്തിരുപത് മിനുട്ടിനുള്ളിൽ മറുപിള്ള, ആംനിയോൺ സഞ്ചി തുടങ്ങിയവ പുറത്തേക്ക് വരും.

ബീജവും അണ്ഡവും ഉണ്ടായി, അത് സംയോജിച്ച് ഭ്രൂണമായി പ്രസവിക്കുന്നതുവരെയുള്ള ഘട്ടങ്ങൾ സംവിധാനിച്ചിരിക്കുന്നത് എത്ര സൂക്ഷ്മമായ പ്ലാനിംഗോടുകൂടിയാണെന്ന് ചിന്തിക്കുക! അതി സങ്കീർണമായ ആസൂത്രണങ്ങൾ! സ്രഷ്ടാവിന്റെ സൃഷ്ടിമാഹാത്മ്യത്തിനുമുന്നിൽ സാഷ്ടാംഗം നമിക്കുക മാത്രമെ നമുക്ക് സാധ്യമാകൂ..

“ഗർഭാശയങ്ങളിൽ അവനുദ്ദേശിക്കുന്ന വിധത്തിൽ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ, അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അവൻ മഹാ പ്രതാപിയും യുക്തിമാനുമത്രെ’’ (ആലു ഇംറാൻ 6).

“നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും അവനുദ്ദേശിക്കുന്ന രൂപത്തിൽ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവൻ’’ (ഇൻഫിത്വാർ 7,8).

“മനുഷ്യസൃഷ്ടി കളിമണ്ണിൽനിന്ന് അവൻ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു ദ്രാവകത്തിന്റെ സത്തിൽനിന്ന് അവൻ ഉണ്ടാക്കുകയും ചെയ്തു. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവിൽനിന്ന് അവനിൽ അവൻ ഊതുകയും, നിങ്ങൾക്ക് അവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ചു മാത്രമെ നിങ്ങൾ നന്ദി ചെയ്യുന്നുള്ളൂ’’ (സജദ 7,9).

പുറത്തു വന്ന കുഞ്ഞ് കരയുന്നു. കരയുമ്പോൾ തൊണ്ട വരളാതിരിക്കുവാൻ ചില സംവിധാനങ്ങളുണ്ട്. കുഞ്ഞ് കണ്ണുകൾ അടക്കുന്നതാണ് അതിലൊന്ന്. കണ്ണിൽ പൊടിയുന്ന കണ്ണുനീർ കൺപോളകളടക്കു മ്പോൾ മൂക്കിനടുത്തുള്ള പീളക്കുഴിയിലൂടെ കണ്ണുനീർ മൂക്കിനുള്ളിലേക്ക് അരിച്ചിറങ്ങി തൊണ്ടയിലെത്തും.

മാതാവിന്റെ മുലപ്പാൽ ഒരത്ഭുതമാണ്. ഒരു സ്തനത്തിൽ പാലുൽപാദിപ്പിക്കുന്ന പതിനേഴ് യുനിറ്റുകളാണുള്ളത്. മുന്തിരികളുടെ രൂപത്തിലുള്ള ആയിരക്കണക്കിന് ആൽവിയോളസ്സുകളിൽനിന്നാണ് പാലുണ്ടാകുന്നത്. ഗർഭകാലത്ത് സ്ത്രീയുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന എസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും സ്വാധീനത്തിൽ സ്തനങ്ങൾ ഒന്നുകൂടി വളരും. ഗർഭത്തിന്റെ 27 ആഴ്ചയോടെ പിറ്റിയൂട്ടറി ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പ്രോലാക്റ്റിൻ ഹോർമോൺ ആൽവിയോളസ്സുകളെ ഉത്തേജിപ്പിക്കും. എന്നാൽ പ്ലാസന്റ സ്രവിക്കുന്ന ഹോർമോണുകൾ പാലുൽപാദനത്തെ തടഞ്ഞുനിർത്തുന്നു. പ്രസവത്തോടെ പ്ലാസന്റ പുറത്തുപോകുകയും അതോടെ പാലുൽപാദനം തുടങ്ങുകയും ചെയ്യും. കുഞ്ഞ് മുല ചപ്പാൻ തുടങ്ങുമ്പോൾ മുലക്കണ്ണിലെ നാഡികൾവഴി സന്ദേശങ്ങൾ മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിൽ എത്തുകയും അവിടെനിന്നുൽപാദിപ്പിക്കുന്ന ഹോർമോൺ പിറ്റിയൂട്ടറിയെ പ്രോലാക്റ്റിൻ സ്രവിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതോടെ മുലകൾ തുടർച്ചയായി പാലുൽപാദിപ്പിക്കുന്നു.

പ്രസവശേഷം നാലഞ്ചുദിവസം ഉണ്ടാകുന്ന പാൽ ‘കോളോസ്ട്രം’ എന്നറിയപ്പെടുന്നു. രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ നിർമിക്കാനുള്ള കഴിവ് ആർജിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇത് കുഞ്ഞിന് അത്യാവശ്യമാണ്. മുലപ്പാലിൽ ലാക്ടാബുമിൻ, ലാക്ടോഗ്‌ളോബുലിൻ തുടങ്ങിയ മാംസ്യങ്ങൾ, അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, ലവണങ്ങൾ തുടങ്ങിയവയും ആവശ്യത്തിനുണ്ട്. പെട്ടെന്ന് ദഹിക്കുന്നതുകൊണ്ട് ദഹനേന്ദ്രിയ സംബന്ധമായ രോഗങ്ങളുണ്ടാവില്ല. പുറത്തുനിന്ന് രോഗാണുക്കൾ കടക്കുവാനുള്ള സാധ്യത മുലപ്പാലിൽ ഇല്ലെന്നു പറയാം. മാതാവിന്റെ ശരീരത്തിലെ രോഗാണുക്കളുണ്ടാകാം. മാനസികവും ശാരീരികവുമായ ബന്ധം മുലയൂട്ടലിലൂടെ ശക്തമായിത്തീരും. രണ്ടുവർഷം കുഞ്ഞുക്കൾക്ക് മുലയൂട്ടുന്ന കാര്യം ക്വുർആൻ 2:233 ൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സിക്താണ്ഡമെന്ന ഒരൊറ്റ കോശം വിഭജിക്കപ്പെട്ടാണ് വളർന്ന് ശരീരമായിത്തീരുന്നത്. അങ്ങനെയാ ണ് അവയവങ്ങളും ശരീരത്തിൽ പ്രവർത്തിക്കുന്ന ഒമ്പത് വ്യവസ്ഥകളും രൂപം കൊള്ളുന്നത്. ശരീരത്തിലെ ഏറ്റവും ചെറിയ യുണിറ്റാണ് കോശം (cell). ഇഷ്ടികകളുപയോഗിച്ച് കെട്ടിടമുണ്ടാക്കുന്നതുപോലെ കോശങ്ങൾകൊണ്ടാണ് ശരീരമുണ്ടാക്കിയിരിക്കുന്നത്. സകല ജന്തുക്കളും സസ്യങ്ങളും കോശങ്ങളാൽ നിർമിക്കപ്പെട്ടവയാണ്. കോശത്തിന്റെ വലുപ്പം പത്തു മതൽ നൂറു വരെ മൈക്രോൺ ആണ്. പത്തുലക്ഷം കോശങ്ങൾ ഒരുമിച്ചുകൂട്ടിയാൽ ഒരു മൊട്ടുസൂചിയുടെ തലയോളം വരും.

കോശത്തിലുള്ളതിനെ പൊതിഞ്ഞിരിക്കുന്ന കോശസ്തരം പുറമേയുണ്ട്. മൂന്നു പാളികൾ അതിനുണ്ട്. മാംസ്യത്തിന്റെ രണ്ട് പാളികൾക്ക് നടുവിലായി ഒരു കൊഴുത്ത പാളി. കോശത്തിനകത്തേക്കും പുറത്തേക്കും കടക്കുന്ന വസ്തുക്കളെ പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം കടത്തിവിടുകയാണ് കോശസ്തരത്തിന്റെ ജോലി. കോശത്തിനുള്ളിൽ വ്യാപിച്ചുകിടക്കുന്ന ദ്രാവകമാണ് കോശദ്രവ്യം (CYTO PLASM). കോശത്തിനുള്ളിലെ മൈറ്റോകോൺട്രിയോൺ (MITO CHONDRION) ഊർജം ഉൽപാദിപ്പിക്കുന്നു. ഇവ ഒരു കോശത്തിൽ നൂറുമുതൽ ആയിരംവരെ ഉണ്ടാകും. ഭക്ഷണത്തിൽനിന്ന് കോശത്തിലെത്തുന്ന ഗ്ലൂക്കോസ് തന്മാത്രകളിലെ ഊർജം എ.ടി.പി. (അഡനോസിൽ ട്രൈഫോസ്‌ഫേറ്റ്) തന്മാത്രകളാക്കി കോശത്തിന് ഉപയോഗിക്കാൻ യോജിച്ച പാകത്തിലാക്കുന്നത് ഇവയാണ്. മനുഷ്യന് പ്രവർത്തിക്കാൻ സാധിക്കുന്നത് പേശീകോശങ്ങളുടെ സങ്കോചം മൂലമാണ്. സങ്കോചിക്കാനുള്ള ഊർജം ലഭിക്കുന്നത് എ.ടി.പിയിൽനിന്നാണ്. എ.ടി.പി തന്മാത്രകൾ മൈറ്റോകോൺട്രിയോണിന്റെ സൃഷ്ടിയാണ്.

അത്യന്തം സൂക്ഷ്മങ്ങളായ കോശത്തിനുള്ളിലെ വസ്തുക്കളിൽ ഇത്രയധികം സങ്കീർണമായ പ്രവർത്തങ്ങൾ എങ്ങനെയാണ് സംഭവിക്കുന്നത്? മഹാത്ഭുതമാണ് എന്നേ പറയാൻ കഴിയൂ.

കോശത്തിലെ ന്യൂക്ലിയസ് (NUECLEUS) ആണ് ഏറ്റവും പ്രധാനം. പാരമ്പര്യവാഹികളായ ക്രോമസോമുകൾ (CHROMOSOMES) ന്യൂക്ലിയസ്സിലെ പ്രധാന ഘടകമാണ്. ഓരോ ജീവിയെയും ആ ജീവിയാക്കുന്നത് ക്രോമസോമുകളാണ്. ക്രോമസോമുകൾ ജോഡികളായാണുള്ളത്. മനുഷ്യശരീരത്തിൽ 23 ജോഡി ക്രോമസോമുകളാണ്. ക്രോമസോമുകളിൽ ഡി.എൻ.എ. (Deoxyribonucleic acid), ആർ.എൻ.എ. (Ribonucleic Acid), ഹിസ്റ്റോൺ, പ്രോട്ടീൻ തുടങ്ങിയവയാണുള്ളത്. മനുഷ്യന്റെ ജൈവകോശങ്ങളിൽ പാരമ്പര്യസ്വഭാവത്തെ വഹിക്കുന്നത് ഡി.എൻ.എ.തന്മാത്രകളാണ്. അതിസൂക്ഷ്മമായി പാരമ്പര്യ പ്രത്യേകതകൾ എങ്ങനെ രേഖപ്പെടുത്തി എന്നത് അങ്ങേയറ്റം വിസ്മയിപ്പിക്കുന്ന ഒരു യാഥാർഥ്യമത്രെ!

പുരുഷബീജവും സ്ത്രീ അണ്ഡവും സംയോജിച്ച് ഘട്ടംഘട്ടമായി വളർന്നു വളർന്ന് മനുഷ്യക്കുഞ്ഞായി പുറത്തുവരുന്നു. കോശങ്ങൾ വളർന്നുവരുമ്പോൾ തലച്ചോറും കണ്ണും ഹൃദയവും കരളും വൃക്കകളും അതാതിന്റെ സ്ഥാനത്ത് വളന്നു വരാൻ ആരാണ് ആസൂത്രണം ചെയ്തത്? ആ ആസൂത്രകന് മരണശേഷം മനുഷ്യനെ രണ്ടാമത് പടക്കാൻ ഒരു പ്രയാസവുമില്ല എന്നാണ് ക്വുർആൻ ചൂണ്ടിക്കാണിക്കുന്നത്.

രണ്ടാമത് ശ്രദ്ധയിൽപെടുത്തുന്നത് ജനനശേഷമുള്ള മനുഷ്യന്റെ പടിപടിയായുള്ള വളർച്ചയെ പറ്റിയാണ്. ജനിച്ചു വീഴുന്ന മനുഷ്യക്കുഞ്ഞിന് ഒന്നും അറിയില്ല. തീർത്തും നിസ്സഹായനാണവൻ. ഭക്ഷണം വായിലേക്ക് വച്ചുകൊടുക്കണം. മലർന്നുകിടക്കുന്നത് മാസങ്ങളോളം. മല-മൂത്ര വിസർജനം കിടന്നിടത്തു തന്നെ. സാവധാനം ഇരിക്കാനും നിൽക്കാനും അവൻ പഠിക്കുന്നു. എന്നാൽ മൃഗങ്ങളും പക്ഷികളും എല്ലാം പഠിച്ചാണ് പിറന്നുവീഴുന്നത്. അവയ്ക്കാവശ്യമുള്ളത് ജന്മനാ അവയ്ക്കറിയാം. പക്ഷേ, ആ അറിവിനൊരു പുരോഗതിയുണ്ടാകുന്നില്ല. കാലം കഴിയുമ്പോഴും ഒരു മാറ്റവുമില്ല. പതിനായിരം കൊല്ലം മുമ്പുണ്ടാക്കിയ കൂടുതന്നെയാണ് തേനീച്ച ഇപ്പോഴുമുണ്ടാക്കുന്നത്. എന്നാൽ മനുഷ്യനോ? കാലം മുന്നോട്ട് പോകും തോറും അവൻ പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു.

അന്യരെ ആശ്രയിച്ച് എല്ലാ കാര്യങ്ങളും നടക്കുന്ന ശൈശവം കഴിഞ്ഞ് ബാല്യം കടന്നുവരുന്നു. പിന്നെ കൗമാരം; കളികളുടെ കാലമാണത്. ശേഷം പൊട്ടിത്തെറിക്കുന്ന യൗവനം; ഊർജസ്വലതയുടെ ഘട്ടം. പിന്നീട് മധ്യവയസ്‌കനായിത്തീരുന്നു. ഒടുവിൽ വാർധക്യം. വീണ്ടും അവശതകളുടെയും ബലഹീനതകളുടെയും കാലം. ഈ ഘട്ടങ്ങളിലെപ്പോഴെങ്കിലും വല്ല മാറ്റവും വരുത്താൻ മനുഷ്യന് കഴിയുമോ? എന്തെങ്കിലും നിയന്ത്രണം അവന്റെ കൈയിലുണ്ടോ? ഒന്നുമില്ല എന്നതാണ് യാഥാർഥ്യം. എല്ലാം സ്രഷ്ടാവിന്റെ നിയന്ത്രണത്തിലാണെന്നതിൽ ഒരു സംശയവുമില്ല. ആ സ്രഷ്ടാവിനു മനുഷ്യനെ വീണ്ടും സൃഷ്ടിക്കൽ നിസ്സാരമാണ്.

(തുടരും)