സകാത്ത്; ചില അടിസ്ഥാന കാര്യങ്ങൾ

സഅ്ഫർ സ്വാസയ്യിദ്ദിഖ് മദീനി

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

(സമ്പത്തും സത്യ വിശ്വാസിയും 03)

താമസിക്കാനായി ഉണ്ടാക്കുന്ന വീട്, വസ്ത്രം, വീട്ടുപകരണങ്ങൾ, യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, ജോലിസംബന്ധമായ ഉപകരണങ്ങൾ എന്നിവയക്ക് സകാത്തില്ല. മേൽ പറയപ്പെട്ടവ കച്ചവടത്തിനായി ഒരുക്കുകയാണെങ്കിൽ കച്ചവടത്തിന് ഉദ്ദേശിച്ചതുമുതൽ ഒരു വർഷം തികയുകയാണെങ്കിൽ അതിനും സകാത്ത് നൽകേണ്ടതുണ്ട്.

അതുപോലെ വാടകക്ക് കൊടുക്കാൻ വേണ്ടിയുണ്ടാക്കുന്ന കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് സകാത്തില്ല. എന്നാൽ അതിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് സകാത്ത് നിർബന്ധമാണ്. അത് കൈവശമുള്ള തുകയുടെ സകാത്ത് കണക്ക് കൂട്ടുമ്പോൾ അതിൽ ഉൾപ്പെടും.

കടം

തിരികെ ലഭിക്കുവാനുള്ള കടങ്ങൾ, സകാത്ത് കണക്ക് കൂട്ടുന്ന സമയത്ത് തിരികെ ലഭിക്കാത്തവയാണെങ്കിൽ അവ കണക്കിൽ ഉൾപ്പെടുത്തേണ്ടതില്ല. ഇനി വീട്ടുവാനുള്ള കടങ്ങൾ സകാത്ത് കണക്ക് കൂട്ടുന്നതിന് മുമ്പായി നൽകുന്നില്ലെങ്കിൽ അവ കണക്കിൽനിന്നും കിഴിക്കുകയും ചെയ്യേണ്ടതില്ല. അഥവാ സകാത്ത് കണക്ക് കൂട്ടുന്നിടത്ത് കടം പരിഗണിക്കേണ്ട സാഹചര്യമേ വരുന്നില്ല.

സകാത്ത് കൊടുക്കുന്നതിന് മുമ്പ് മരിച്ചുപോയാൽ?

സകാത്ത് നിർബന്ധമായവൻ അത് കൊടുത്തുവീട്ടുന്നതിന് മുമ്പ് മരിച്ചുപോയാൽ അവൻ വിട്ടേച്ചു പോയ സമ്പത്തിൽനിന്ന് അത് വീട്ടേണ്ടതാണ്. മരിച്ചതുകൊണ്ട് സകാത്തിൽനിന്ന് ഒഴിവാകുകയില്ല. പ്രവാചകൻ ﷺ പറയുന്നു: “വീട്ടാൻ ഏറ്റവും അർഹതയുള്ളത് അല്ലാഹുവിന്റെ കടമാകുന്നു’’ (ബുഖാരി, മുസ്‌ലിം).

മരണപ്പെട്ടവന്റെ മേലുള്ള കടമായതിനാൽ നിർബന്ധമായും അതിൽനിന്ന് മയ്യിത്തിനെ മുക്തമാക്കേണ്ടതുണ്ട്.

സകാത്തിന്റെ അവകാശികൾ

സകാത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിധിയാണ് അതിന്റെ അവകാശികൾ ആരാണെന്ന് മതത്തിന്റെ പ്രമാണങ്ങൾക്കനുസരിച്ച് കൃത്യമായി മനസ്സലാക്കുക എന്നത്. കാരണം സകാത്ത് അതിന്റെ അവകാശികൾക്ക് മാത്രമെ അനുവദനീയമാവുകയുള്ളൂ. അവകാശികൾക്ക് കൊടുക്കുമ്പോഴാണ് സകാത്ത് കൊടുക്കുന്നവന്റെ ഉത്തരവാദിത്തം പരിപൂർണമാവുക. അല്ലാഹു സകാത്തിന്റെ അവകാശികളായി എട്ട് വിഭാഗത്തെയാണ് എണ്ണിയിട്ടുള്ളത്. അല്ലാഹു പറയുന്നു:

“ദാനധർമങ്ങൾ (സകാത്ത് നൽകേണ്ടത്) ദരിദ്രന്മാർക്കും അഗതികൾക്കും അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും (ഇസ്‌ലാമുമായി) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവർക്കും അല്ലാഹുവിന്റെ മാർഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കൽനിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ് “(തൗബ: 60).

അവർ താഴെ പറയും പ്രകാരമാകുന്നു:

1. ദരിദ്രർ: സ്വന്തം ആവ ശ്യങ്ങൾ സ്വന്തമായി നിറവേറ്റാൻ കഴിയാത്തവർ, അല്ലെങ്കിൽ കുറെ യൊക്കെ നിറവേറ്റാൻ സാധിക്കുമെങ്കിലും പൂർത്തീ കരിക്കാൻ കഴിയാ ത്തവരാകുന്നു അവർ. ഇവർ പാവപ്പെട്ടവരെ ക്കാളും കൂടുതൽ ആവശ്യമുള്ളവരാകുന്നു. അതുകൊണ്ട് തന്നെയാണ് അല്ലാഹു ആയത്തിൽ അവ രെ മുന്തിച്ചത്.

2. പാവപ്പെട്ടവർ: ഈ വിഭാഗത്തിന് സ്വന്തം ആവശ്യങ്ങൾ കുറെയൊക്കെ നിറവേറ്റാൻ കഴിയുമെങ്കിലും പരിപൂർണമായി സാധിക്കാത്തവരാണ്. ഇവർ ദരിദ്രരെക്കാളും മെച്ചപ്പെട്ടവരാണ്.

3. സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും വേണ്ടി പ്രവർത്തിക്കുന്നവർ: സകാത്ത് ശേഖരിക്കുന്നവർക്കും അത് വിതരണം ചെയ്യുന്നവർക്കും അതിനുവേണ്ടി ജോലി ചെയ്യുന്നവർക്കും സകാത്തിൽ അവകാശമുണ്ട്. അവർ ധനികരാണെങ്കിലും അവരുടെ ജോലിക്ക് സകാത്തിൽനിന്ന് ശമ്പളം പറ്റാവുന്നതാണ്. എന്നാർ ഇസ്‌ലാമിക രാജ്യം ഭരിക്കുന്ന ഭരണകർത്താക്കൾ ബൈതുൽ മാലിൽനിന്ന് അവർക്ക് വേറെ ശമ്പളം നൽകുന്നുവെങ്കിൽ സകാത്തിൽനിന്ന് യാതൊന്നും സ്വീകരിക്കാൻ പാടില്ല.

4. ഹൃദയം ഇണക്കപ്പെട്ടവർ: ഇവർ രണ്ട് വിഭാഗമാണ്; അവിശ്വാസികളും മുസ്‌ലിംകളും.

ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും മുസ്‌ലിംകൾക്ക് വരുന്ന ഉപദ്രവങ്ങൾ തടയാൻ വേണ്ടിയും സകാത്ത് വിനിയോഗിക്കാവുന്നതാണ്. മുസ്‌ലിംകളായവർക്ക് അവരുടെ വിശ്വാസം ദൃഢമാക്കാനും അവരെ ഇസ്‌ലാമിൽതന്നെ ഉറപ്പിച്ച് നിർത്താനും ഉതകുന്ന രൂപത്തിലുള്ള സഹായം അവർക്കും നൽകാവുന്നതാണ്.

5. അടിമകൾ: സ്വന്തം യജമാനന്മാരുമായി മുകാതബ(ഞങ്ങൾ ഇത്ര സമയത്തിനുള്ളിൽ നിശ്ചിതമായ സംഖ്യ തരാം, ഞങ്ങളെ മോചിപ്പിക്കണമെന്നു പറഞ്ഞ് കരാറിൽ ഏർപ്പെടുന്നവർ) എഴുതുകയും എന്നിട്ട് അത് നിറവേറ്റാൻ കഴിയാത്തവരുമായ അടിമകൾ. അവർക്ക് അത് പൂർത്തീകരിക്കുവാനാവശ്യമായത് സകാത്തിൽനിന്നും നൽകാവുന്നതാണ്. അടിമകളെ വിലയ്ക്ക് വാങ്ങി സകാത്തിൽനിന്നുള്ള വിഹിതം കൊണ്ട് അവരെ മോചിപ്പിക്കലും അനുവദനീയമാണ്. ബന്ധികളായ മുസ്‌ലിംകളെ സകാത്തിന്റെ വിഹിതം കൊണ്ട് മോചിപ്പിക്കാം.

6. കടമുള്ളവർ: വീട്ടാൻ കഴിയാത്ത കടമുള്ളവർ. അവർ രണ്ട് വിഭാഗം. ഒന്ന്: മറ്റുള്ളവർക്ക് വേണ്ടി കടബാധ്യത ഏറ്റെടുത്തവർ, വ്യക്തികൾക്കിടയിലോ ഗോത്രങ്ങൾക്കിടയിലോ ഉള്ള വൈരം തീർത്ത് യോജിപ്പിലെത്താനായി ഒരു വ്യക്തി സ്വയം എറ്റെടുക്കുന്ന കടം. അത് ചിലപ്പോൾ വളരെ വലിയ നന്മയായിരിക്കും അനന്തരമായി നൽകുന്നത്. ആയതിനാൽ അങ്ങനെ യോജിപ്പിനുവേണ്ടി സ്വയം ഏറ്റെടുത്ത കടം വീട്ടാൻ കഴിയാത്തവരെയും സകാത്തിന്റെ വിഹിതം നൽകി സഹായിക്കാവുന്നതാണ്.

രണ്ട്: സ്വന്തം കടമുള്ളവർ: സ്വന്തത്തിന് വേണ്ടി കടം വാങ്ങിയിട്ട് അത് വീട്ടാൻ സാധിക്കാത്തവർക്കും സകാത്ത് നൽകാവുന്നതാണ്.

7. അല്ലാഹുവിന്റെ മാർഗത്തിൽ: ശമ്പളക്കാരല്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിലകൊള്ളുന്ന സൈനികർക്ക് സകാത്തിൽനിന്ന് നൽകാം.

8. വഴിയാത്രക്കാർ: വിഭവങ്ങൾ നഷ്ടമായവരോ തീർന്നവരോ ആയ വഴി യാത്രക്കാർക്ക് അവരുടെ ദേശങ്ങളിലേക്കെത്താനാവശ്യമായത് സകാത്തിൽനിന്ന് നൽകാവുന്നതാണ്.

ശ്രദ്ധിക്കുക: വഴിയാത്രക്കാർ, കടമുള്ളവർ, അടിമകൾ, യുദ്ധം ചെയ്യുന്നവർ എന്നിവർ അവരുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരികയാണെങ്കിൽ അത് തിരികെ നൽകൽ നിർബന്ധമാകുന്നു. കാരണം അവർക്ക് ആവശ്യത്തിന് മാത്രമെ നൽകാവൂ, കൈവശപ്പെടുത്തുവാൻ പാടില്ല.

മേൽ വിവരിക്കാത്തവർക്ക് സകാത്തിന്റെ വിഹിതം നൽകുന്നതിന്റെ വിധി:

ആയത്തിൽ പരാമർശിക്കാത്തവർക്ക് സകാത്തിന്റെ വിഹിതം നൽകാൻ പാടില്ല. അത് പള്ളി, വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി നിർമാണം, ക്വുർആൻ വിതരണം, മയ്യിത്ത് മറമാടൽ പോലെയുള്ള നന്മയുടെയും പുണ്യത്തിന്റെ മാർഗത്തിലാണെങ്കിൽ പോലും. എന്നാൽ സ്വദഖകൾ ഇങ്ങനെയുള്ള കാര്യങ്ങൾക്കും താൻ ഇഷ്ടപ്പെടുന്നവർക്കും നൽകാവുന്നതാണ്.

മഹാനായ പണ്ഡിതൻ ഇബ്‌നുതൈമിയ്യ(റഹ്) പറയുന്നു: “സകാത്ത് കൊടുക്കേണ്ടത് അല്ലാഹുവിനെ അനുസരിക്കുന്നവർക്കാണ്. അല്ലാത്തവർക്ക് കൊടുക്കൽ അനിവാര്യമല്ല. കാരണം അല്ലാഹുവിനെ അനുസരിക്കുന്ന സത്യവിശ്വാസികൾക്ക് സഹായകമായിട്ടാണ് സകാത്ത് നിർബന്ധമാക്കിയിട്ടുള്ളത്. നമസ്‌കരിക്കാത്ത ആവശ്യക്കാർക്ക്, അവർ പശ്ചാത്തപിച്ച് നമസ്‌കരാം നിലനിർത്തുന്നതുവരെ സകാത്ത് നൽകാൻ പാടില്ല.’’

ചെലവിന് കൊടുക്കൽ ബാധ്യതയില്ലാത്ത, ആവശ്യക്കാരായ ബന്ധുക്കൾക്ക് സകാത്ത് കൊടുക്കൽ സുന്നത്താകുന്നു. അടുത്തബന്ധുക്കൾക്ക് കൊടുക്കുന്ന സ്വദഖകൾ കുടുംബബന്ധം ചേർക്കൽ കൂടിയാണ്.

സൽമാനുബ്‌നു ആമിർ(റ) നിവേദനം, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “സാധുവിന് നൽകുന്ന ദാനധർമം സ്വദഖയാണ്, അത് ബന്ധുക്കൾക്ക് നൽകുമ്പോൾ സ്വദഖയും കുടുംബബന്ധം ചേർക്കലുമാണ്. (അഹ്‌മദ്, തിർമദി, നസാഇ, ഇബ്‌നുമാജ, ദാരിമി).

ധനികനായ ഭർത്താവിന് കീഴിൽ കഴിയുന്ന ദരിദ്രയായ സ്ത്രീക്ക് സകാത്ത് കൊടുക്കൽ അനുവദനീയമല്ല. അത്‌പോലെ ധനികനായ ബന്ധു സഹായിക്കുന്ന ദരിദ്രനും അനുവദനീയമല്ല.

ചെലവിന് കൊടുക്കൽ നിർബന്ധമുള്ള ഭാര്യ, മക്കൾ, മാതാപിതാക്കൾ പോലെയുള്ള കുടുംബക്കാർക്കും സകാത്ത് കൊടുക്കാവുന്നതല്ല. കാരണം ഇവർ തന്റെ സമ്പത്തിൽ സംരക്ഷിക്കപ്പെടേണ്ടവരാണ്. അതുപോലെ ധനികനും അധ്വാനിച്ച് സമ്പാദിക്കാൻ കഴിവുള്ളവനും സകാത്ത് നൽകാവതല്ല.

ഉബൈദുല്ലാഹ് ഇബ്‌നു അദിയ്യ് ഇബ്‌നുൽ ഖായാർ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ധനികനും അധ്വാനിച്ച് സമ്പാദിക്കാൻ കഴിവുള്ളവനും അതിൽ(സകാത്തി) ഓഹരിയില്ല’’ (അബൂദാവൂദ്, നസാഇ, അഹ്‌മദ്. അൽബാനി സ്വഹീഹാണെന്ന് വിശേഷിപ്പിച്ച ഹദീസ്).

ഒരു വർഷത്തെ സകാത്ത് മുഴുവനും നേരത്തെ വിവരിച്ച എട്ടിൽ ഒരു വിഭാഗം ആളുകൾക്ക് മാത്രം വിതരണം ചെയ്യുന്നത് അനുവദനീയമാണ്. അതുപോലെ അർഹനായ ഒരു വ്യക്തിക്ക് മാത്രം കൊടുക്കലും അനുവദനീയം തന്നെ.

സകാത്ത് നൽകുന്ന വ്യക്തി സകാത്ത് വാങ്ങാൻ അർഹനായവന്നുതന്നെയാണ് ഞാൻ കൊടുക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കൊടുക്കുന്ന സമയത്ത് അവൻ അർഹനാണെന്ന് വേണ്ട രൂപത്തിൽ ഉറപ്പ് വരുത്താതെ അർഹനാണെന്ന് വിചാരിച്ച് കൊടുത്തു, പിന്നെയാണ് അർഹനല്ലായെന്ന് മനസ്സിലായതെങ്കിൽ ആ സകാത്ത് ശരിയാവുകയില്ല. എന്നാൽ അത് അവൻ മനസ്സിലാക്കിയില്ല എങ്കിൽ ആ സകാത്ത് ശരിയാവുന്നതുമാണ്. സകാത്ത് കൊടുക്കുന്ന വ്യക്തി ഇത് സകാത്താണ് എന്ന് പറഞ്ഞ് കൊടുക്കണം. കാരണം ഒരുപക്ഷേ, വാങ്ങാൻ അർഹനല്ലാത്തവർക്കാണ് കൊടുക്കുന്നതെങ്കിൽ അവന് കാര്യം പറയാമല്ലോ. കാരണം തനിക്ക് അർഹിക്കാത്ത ധനം ഒരാൾ കൈപ്പറ്റിയാൽ അയാൾ അതിലൂടെ ഹറാമാണ് തിന്നുന്നത്. അത് നരകപ്രവേശനത്തിന് കാരണമാവുകയും ചെയ്‌തേക്കാം. സകാത്ത് സ്വീകരിക്കുന്നയാൾ അതിന് അർഹനല്ലായെങ്കിൽ ഞാൻ സകാത്തിനർഹനല്ലായെന്ന് പറയൽ നിർബന്ധമാണ്.

സകാത്ത് നൽകൽ

സകാത്ത് നിർബന്ധമായ സമയത്തെ തൊട്ട് മുന്തിപ്പിക്കലും പിന്തിപ്പിക്കലും:

മുന്തിപ്പിക്കൽ: ഒരു വർഷത്തെയോ രണ്ട് വർഷത്തെയോ സകാത്ത് അതിന്റെ നിസ്വാബ് എത്തിയാൽ മുന്തിപ്പിക്കൽ അനുവദനീയമാകുന്നു. “അബ്ബാസി(റ)ൽനിന്ന് രണ്ട് വർഷത്തെ സകാത്ത് മുന്തിപ്പിക്കുകയുണ്ടായി’’ (അബൂദാവൂദ്, അഹ്‌മദ്).

പിന്തിപ്പിക്കൽ: സകാത്ത് കൊടുക്കുവാനുള്ള സമയമായാൽ അത് പിന്തിപ്പിക്കാൻ പാടില്ല. എന്നാൽ നൽകപ്പെടേണ്ട വ്യക്തികളെ കണ്ടെത്താനോ, അല്ലെങ്കിൽ സമ്പത്ത് ലഭിക്കുവാനുള്ള ചെറിയ താമസമോ വിഷയമല്ല. ഒരു നാട്ടിൽ സകാത്ത് വാങ്ങാൻ ആളുകളില്ലെങ്കിൽ അവിടുത്തെ സകാത്ത് അടുത്ത നാടുകളിലേക്ക് വിതരണം ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കുക:സകാത്ത് നൽകുന്നവന്ന് സകാത്താണ് നൽകുന്നതെന്ന നിയ്യത്ത് (ഉദ്ദേശ്യം) അനിവാര്യമാണ്. പ്രവാചകൻ ﷺ പറയുന്നു: “കർമങ്ങളെല്ലാം ഉദ്ദേശത്തിനനുസരിച്ചാകുന്നു...’’ (ബുകാരി, മുസ്‌ലിം).

മുതലിന്റെ ഉടമ തന്നെ സകാത്ത് നൽകൽ നല്ലതാണ്. എന്നാൽ മഹല്ലിൽ കൂട്ടമായി നൽകുവാനുള്ള സംവിധാനം ഉണ്ടെങ്കിൽ അവരെ ഏൽപിക്കാവുന്നതാണ്. അതുപോലെ മുസ്‌ലിംകളുടെ ഇമാമോ നേതാവോ ആ വശ്യപ്പെടുകയാണെങ്കിൽ അദ്ദേഹത്തിനോ, അതല്ലെങ്കിൽ അദ്ദേഹം ഏൽപിക്കുന്ന മറ്റു ഉദ്യോഗസ്ഥർക്കോ നൽകൽ അനിവാര്യമാണ്.

സകാത്ത് നൽകേണ്ടത് വളരെ സംതൃപ്തമായ മനസ്സോടെയാണ്. അത് നഷ്ടപ്പെട്ടുവെന്ന് വിചാരിക്കേണ്ടതില്ല. അല്ലാഹു അങ്ങനെയുള്ളവരെയാണ് പുകഴ്ത്തി പറഞ്ഞിട്ടുള്ളത്. വെറുക്കുന്ന മനസ്സോടെ, നഷ്ടബോധത്തോടെ നൽകുന്നവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയില്ല. അവരെ അല്ലാഹു ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:

“തങ്ങൾ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും നിങ്ങൾക്ക് കാലക്കേ ടുകൾ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്. അവരുടെ മേൽ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കൽ സാമീപ്യത്തിനുതകുന്ന പുണ്യകർമങ്ങളും റസൂലിന്റെ പ്രാർഥനയ്ക്കുള്ള മാർഗവും ആക്കിത്തീർക്കുകയും ചെയ്യുന്ന ചിലരും അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്. ശ്രദ്ധിക്കുക: തീർച്ചയായും അതവർക്ക് ദൈവസാമീ പ്യം നൽകുന്നതാണ്. അല്ലാഹു അവരെ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (തൗബ: 98,99).

സാധാരണ സകാത്ത് വാങ്ങുന്നയാൾക്കാണ് സകാത്ത് നൽകുന്നതെങ്കിൽ ഇത് സകാത്താണ് എന്ന് പറയേണ്ടതില്ല. ചിലപ്പോഴദ്ദേഹത്തിനത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ സാധാരണ കൊടുക്കാത്തയാളാണെങ്കിൽ അവനോടത് പറയാവുന്നതാണ്.

ഏതൊരു നാട്ടിൽനിന്നാണോ സകാത്ത് ശേഖരിക്കുന്നത് ആ നാട്ടിൽ തന്നെ ആ സകാത്ത് വിതരണം നടത്തലാണ് ഏറ്റവും ഉത്തമം. ഇനി ആ നാട്ടിൽ വാങ്ങുവാനാളില്ലെങ്കിലോ, കൂടുതൽ അർഹരായ ആളുകൾ മറ്റിടങ്ങളിൽ ഉണ്ടങ്കിലോ അവിടേക്ക് അയക്കുന്നതിലും തെറ്റില്ല അതുപോലെ മതപരമായ കാരണ ങ്ങളുണ്ടെങ്കിലും സകാത്ത് അടുത്ത രാജ്യങ്ങളിലേക്ക് നീക്കാവുന്നതാണ്.

ഇസ്‌ലാമിക രാജ്യം ഭരിക്കുന്ന ഭരണകർത്താവിന്റെ ചുമതലയിൽ പെട്ടതാണ് സകാത്തിന്റെ സമയമായാൽ അത് ഉണർത്തുവാനും പിരിച്ചെടുക്കുവാനും വേണ്ടി ആളെ ചുമതലപ്പെടുത്തൽ. കാരണം ചിലയാളുകൾ അത് പിരിച്ചെടുക്കുന്നവർ വന്നില്ലെങ്കിൽ കൊടുക്കുകയില്ല. അതുപോലെ ചുരുക്കം ചിലർക്കെങ്കിലും അതിന്റെ വിധിയെ സംബന്ധിച്ചും മറ്റും അജ്ഞതയിലാരിക്കും. അതുകൊണ്ട് തന്നെ അതൊക്കെ ഉണർത്താവുന്ന രൂപത്തിൽ ഒരാളെ നിയോഗിക്കുന്നത് വളരെ നല്ലതും ജനങ്ങൾക്ക് അത് സഹായകവുമായിരിക്കും. ഇസ്‌ലാമിക ഭരണകൂടമില്ലാത്തിടങ്ങളിൽ മുസ്‌ലിംകളുടെ പൊതുസംവിധാനമാണ് ഈ ചുമതല നിർവഹിക്കേണ്ടത്.

സകാത്ത് സെൽ

ഇസ്‌ലാമിക ഭരണകൂടമില്ലാത്ത രാജ്യങ്ങളിൽ സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സകാത്തുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങൾ കൃത്യമായി പ്രമാണബന്ധമായി പഠിച്ച പണ്ഡിതരുടെ നേതൃത്വത്തിൽ പൊതുസംവിധാനം ഉണ്ടാക്കാവുന്നതാണ്. ഈ സംവിധാനം ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ സകാത്തിന്റെ ഗൗരവവും അതിന്റെ പ്രാധാന്യവും അത് ഒരു വിശ്വാസിയുടെ ഇസ്‌ലാം പൂർണമാവുന്ന അർകാനുൽ ഇസ്‌ലാമിൽ പെട്ടതാണെന്നും ബോധ്യപ്പെടുത്തണം. വിശ്വാസികളിൽനിന്ന് സകാത്ത് സ്വീകരിക്കുകയും, ക്വുർആൻ പഠിപ്പിച്ച എട്ട് വിഭാഗം ആളുകൾക്ക് അത് വിതരണം ചെയ്യുകയും ചെയ്യുകയെന്നത് ഈ സംവിധാനത്തിലെ ഉത്തരവാദിത്തമുള്ളവരുടെ ബാധ്യതയാണ്.

സകാത്ത് വാങ്ങാൻ അർഹരായവരെ കണ്ടെത്തലും അവരെപ്പറ്റി കൃത്യമായി അന്വേഷിക്കലും, അവർക്ക് കൃത്യമായ രൂപത്തിൽ വിതരണം ചെയ്യലും ഈ സംവിധാനത്തിന്റെ നിർബന്ധ ബാധ്യതയാണ്. ഇതിൽ ഒരുതരത്തിലും വീഴ്ച വരുത്താൻ പാടില്ല. ഒരാൾ സകാത്ത് വേണ്ടപ്പെട്ട സംവിധാനത്തിന് കൈമാറുന്നത് അയാൾക്ക് സകാത്ത് നിർബന്ധമായതിന് ശേഷമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള സംവിധാനത്തിലെ ഉത്തരവാദിത്തമുള്ളവർ സകാത്ത് ദാതാവിൽനിന്ന് സകാത്ത് സ്വീകരിച്ച് അധിക സമയം കൈവശം വെക്കാതെ അതിന്റെ അവകാശികളെ കണ്ടെത്തി വിതരണം നടത്തണം. അവകാശികളെ കണ്ടെത്താനുള്ള സമയംമാത്രമെ കൈവശം വെക്കാവൂ എന്നത് ഇങ്ങനെയുള്ള സംവിധാനത്തിന്റെ ഉത്തരവാദിത്തമുള്ളവർ മനസ്സിലാക്കണം.