വിയോജിക്കാം വേർപിരിയാം; മാന്യമായി

നബീൽ പയ്യോളി

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

ബന്ധങ്ങളിൽ ബന്ധിതമാണ് മനുഷ്യർ. ഞാൻ ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് ജീവിച്ചോളാം എന്ന് പറയുന്നതിൽ യാതൊരു കഴമ്പുമില്ല. ഈ ലോകത്തുള്ള മുഴുവൻ ചരാചരങ്ങളും ഏതെങ്കിലും വിധത്തിൽ പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. അത് നിലനിൽപിന് അനിവാര്യമാണ് താനും.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ പലതരത്തിലുള്ള ഇടപാടുകളും ക്രയവിക്രയങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. ജീവിതയാത്രയിൽ അനേകായിരം മനുഷ്യരുടെ ഇടപെടലുകൾ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടെന്നത് യാഥാർഥ്യം. എല്ലാവരും ഒരുപോലെയല്ല. അതുകൊണ്ട്തന്നെ ഇടപെടലുകളിലും ഇടപാടുകളിലും നമുക്ക് ഇഷ്ടമുള്ളതും ഇല്ലാത്തതും ഒക്കെയുണ്ടാവാം. അനിഷ്ടകരമാണെങ്കിൽപോലും ചില ഇടപാടുകൾ നമുക്ക് നടത്തേണ്ടിയും വരും. അനിവാര്യ ഘട്ടങ്ങളിൽ കാര്യങ്ങൾ മുന്നോട്ട് പോവാൻ അത് ആവശ്യമാണ് എന്ന തിരിച്ചറിവിൽനിന്നാണ് അത്തരം ഇടപെടൽ.

എന്നാൽ ചിലപ്പോഴെങ്കിലും അനിഷ്ടങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യേണ്ടിവരും. അത്തരം സന്ദർഭങ്ങളിൽ സമചിത്തതയോടെ ഇടപെടുകയും അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുകയുമാണ് ചെയ്യേണ്ടത്. വൈകാരികമായ എടുത്തുചാട്ടം പലപ്പോഴും വ്യക്തിത്വത്തെതന്നെ സമൂഹ മധ്യത്തിൽ കളങ്കപ്പെടുത്തിയേക്കാം.

ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പ്രധാന മാളിൽ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഉപഭോക്താവ് കടയിൽനിന്നും ദേഷ്യപ്പെട്ട് ഇറങ്ങിവരുന്നു. പിന്നാലെ വന്ന് സ്ഥാപനത്തിലെ ജീവനക്കാർ അദ്ദേഹത്തോട് കയർത്ത് സംസാരിക്കുകയും പരസ്പരം വാഗ്വാദത്തിലേർപ്പെടുകയും ചെയ്യുന്നു. വളരെ മോശമായ ഇടപെടൽ എന്നേ അതിനെ വിലയിരുത്താൻ സാധിക്കുകയുള്ളൂ. ഏതൊരു സ്ഥാപനത്തിലെ ജീവനക്കാരും അങ്ങനെ ചെയ്യാവതല്ല. ഉപഭോക്താവിന് വിയോജിക്കുവാനും വിലപേശാനുമൊക്ക അവകാശമുണ്ട്. എത്ര പ്രകോപനം സൃഷ്ടിച്ചാലും അതിനെ സംയമനത്തോടെ നേരിടുകയും രംഗം ശാന്തമാക്കുകയും ചെയ്യുക എന്നതാണ് കസ്റ്റമർ സർവീസ് രംഗത്ത് പ്രവർത്തിക്കുന്നവർ ചെയ്യേണ്ടത്. മറിച്ചായാൽ അത് സ്ഥാപനത്തിന്റെ സൽപ്പേരിനുതന്നെ കളങ്കമാവും. അത് വലിയ തിരിച്ചടികൾക്ക് കാരണമാവുകയും ചെയ്യും. അഭിപ്രായവ്യത്യാസങ്ങളിൽ മാന്യമായി വിയോജിക്കാനും പിരിയാനും സാധിക്കുക എന്നതുതന്നെയാണ് ഇത്തരം ഘട്ടങ്ങളിൽ പ്രധാനം.

ചിലപ്പോൾ സ്ഥാപനത്തിൽനിന്ന് തനിക്കുണ്ടായ ദുരനുഭവവും മാനഹാനിയും വിദ്വേഷത്തിന് കാരണമാവുകയും ആ സ്ഥാപനത്തെതന്നെ തകർക്കാവുന്നതും നാശനഷ്ടങ്ങൾ വരുത്താവുന്നതുമായ അവസ്ഥയിലേക്ക് അത് എത്തുകയും ചെയ്‌തേക്കാം. അത് ഗുരുതരമായ സാഹചര്യമാണ്. മനുഷ്യർ വ്യത്യസ്ത സ്വഭാവവും ഇഷ്ടാനിഷ്ടങ്ങളും ഉള്ളവരാണ്. അതുകൊണ്ട് വിയോജിപ്പുകൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ അതിനെ അപരന്റെ നാശത്തിലേക്ക് എത്തിക്കുന്നത് ഒരിക്കലും അംഗീകരിക്കാവതല്ല. വ്യക്തികളോടോ സ്ഥാപനങ്ങളോടോ ഉള്ള വിയോജിപ്പുകൾ അപരനെ ഇല്ലാതാക്കുന്നവിധം വളർന്ന് വരുമ്പോൾ നികത്താനാവാത്തവിധമുള്ള നഷ്ടമുണ്ടാകും. ചിലപ്പോൾ നിരവധിപേരുടെ ജീവിത മാർഗവും സമാധാനവും കൂടിയാവും ഇല്ലാതാവുന്നത്. എതിർപക്ഷത്തുള്ളവനെ ഇല്ലാതാക്കുന്നതോടൊപ്പം സ്വജീവിതം കൂടി ദുസ്സഹമാവുന്ന സാഹചര്യമാണ് അപ്പോൾ ഉണ്ടാവുക. അതുകൊണ്ട് അനാവശ്യ തർക്കങ്ങളും വിരോധങ്ങളും മാറ്റിവച്ച് മാന്യമായി വിയോജിക്കുവാൻ സാധ്യമാവണം. മറിച്ചാണെങ്കിൽ നമ്മുടെ അഭിമാനം, പണം, സമാധാനം എന്നിവയൊക്കെ നഷ്ടപ്പെട്ടേക്കാം. ശാരീരികമായ ഉപദ്രവമേൽക്കേണ്ടിവരികയോ ജയിലിലകപ്പെടുന്ന സാഹചര്യമുണ്ടാവുകയോ ചെയ്‌തേക്കാം.

ജോലിചെയ്യുന്ന സ്ഥാപനത്തിനെതിരിൽ പ്രവർത്തിക്കുന്ന സാഹചര്യം, മാനേജ്മെന്റുമായി, സ്റ്റാഫുകളുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ എന്നിവയൊക്കെ വലിയ ദുരന്തങ്ങളിലേക്ക് എത്തിച്ചേക്കാം. ബിസിനസ് മേഖലയിൽ ഉണ്ടാകുന്ന അനാരോഗ്യ പ്രവണതകളും അസൂയയുമൊക്കെ ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. മറ്റുള്ളവരെ ഇല്ലാതാക്കാനും അസൂയപ്പെടാനും നമ്മളാരുമല്ല. അപരന്റെ നാശം നമുക്ക് സമാധാനവും സന്തോഷവും നൽകും എന്ന് കരുതുന്നത് മൗഢ്യമാണ്.

വ്യക്തികൾ ഇടപെടുന്ന ഇടങ്ങളിലെല്ലാം വിയോജിപ്പുകളും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ആ മേഖലയിലും തർക്കങ്ങളും വിയോജിപ്പുകളുമുണ്ടാകും. അപരന് മാനഹാനി വരുത്താനും, ഇല്ലാതാക്കാനുമൊക്കെ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവർ മാന്യമായി വിയോജിക്കാനുള്ള ഇടങ്ങൾ നഷ്ടപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.

സ്വന്തത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കുക. പലപ്പോഴും അനാവശ്യ തർക്കങ്ങളിൽ ഏർപെട്ടിട്ടില്ലേ? അത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്ന നിരവധി സംഭവങ്ങൾ മനസ്സിലൂടെ മിന്നിമറയുന്നില്ലേ? തീർച്ചയായും മൗനം ദീക്ഷിച്ചിരുന്നെങ്കിൽ, മാന്യമായി വിയോജിച്ച് വേർപിരിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുന്ന സംഭവങ്ങളായിരിക്കും മിക്കവയും.

കുടുംബ വഴക്കിനൊടുവിൽ കുടുംബ കോടതി കയറിയിറങ്ങി പ്രയാസപ്പെടുന്ന നിരവധിപേർ നമുക്കറിയാവുന്നവരിൽ ഇല്ലേ? കുടുംബങ്ങളും മഹല്ലുകമ്മിറ്റിയുമൊക്കെ ഇടപെട്ട് മാന്യമായി പ്രശ്‌നം തീർക്കാ മായിരുന്നു. ഏതു കാര്യത്തിലും ചെറിയ വിട്ടുവീഴ്ചകൾ വേണ്ടിവരും. വേർപിരിയൽ അനിവാര്യമായ ദമ്പതിമാർക്ക് മാന്യമായി വേർപിരിയാൻ അവസരമുണ്ടാക്കിയാൽ പണം, സമയം, സമാധാനം, ജോലി, ആരോഗ്യം എന്നിവയിലെ നഷ്ടം ഒഴിവാക്കാം. നിയമ വ്യവഹാരങ്ങൾ കാലങ്ങൾ നീണ്ടുപോകും. ജീവിതം ദുസ്സഹമാവും. ഉറക്കം നഷ്ടപ്പെടും. എന്തിനിങ്ങനെയൊക്കെ എന്ന് ചിന്തിക്കണം.

കൂട്ടിച്ചേർക്കാൻ പറ്റാത്തവിധം മനസ്സുകൾ അകന്നുപോയെങ്കിൽ, വേർപിരിയാൻതന്നെയാണ് തീരുമാനമെങ്കിൽ ദമ്പതികൾ മാന്യമായി വേർപിരിയലല്ലേ നല്ലത്? സമാധാനപൂർണമായ മറ്റൊരു ജീവിതം പരസ്പരം ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്ത് സംതൃപ്തമായി പിരിഞ്ഞുകൂടേ?

കുടുംബ പ്രശ്‌നം മൂലം ഗൾഫ് യാത്രമുടങ്ങി ജോലി നഷ്ടപ്പെട്ട സുഹൃത്തിന്റെ കഥയാണ് ഓർമ വരുന്നത്. അത്തരം നഷ്ടങ്ങൾ ഒഴിവാക്കാനുള്ള വിവേകം നമുക്കുണ്ടാവണം. മാന്യന്മാരായ പലരുടെയും കുടുംബങ്ങൾ അനന്തരസ്വത്ത് തർക്കത്തിൽ തകർന്നടിഞ്ഞ കാഴ്ചയും വാർത്തകളും നമ്മളെത്രയോ കേട്ടിട്ടുണ്ട്. എന്ത് നേടി? നഷ്ടമായ മാനവും സൽപ്പേരും സമാധാനവും തിരിച്ചെടുക്കാൻ സാധിക്കുമോ?

കാരണങ്ങൾ പലതെങ്കിലും മാന്യമായി വിയോജിക്കാനും വേർപിരിയാനും മനസ്സുണ്ടായിരുന്നെങ്കിൽ പലർക്കും ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്ന് തോന്നിപ്പോകാറുണ്ട്. സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം അപരന് അതിനുള്ള അവകാശം അനുവദിച്ചുകൊടുക്കാനുള്ള സൻമനസ്സു കൂടി വേണം.

ആരോഗ്യകരമായ സംവാദങ്ങൾക്കും വിയോജിപ്പുകൾക്കും ഇടമില്ലാത്ത, അപരനെ ഇല്ലായ്മ ചെയ്യാനുള്ള പ്രവണത മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും നിലനിൽക്കുന്നുണ്ട്. ആശയസംവാദങ്ങൾക്കപ്പുറം വ്യക്തിഹത്യയും അനാവശ്യതർക്കങ്ങളും ജീവിതമാക്കിയ ചിലരുണ്ട്. എന്തു നേടി എന്ന് ചോദിക്കുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമെ ഇത്തരക്കാർക്ക് പറയാനുണ്ടാവൂ.

ധാർമികതയുടെ സർവ സീമകളും ലംഘിച്ചുകൊണ്ടാണ് പലരുടെയും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ. വിയോജിപ്പ് മാന്യമായി പ്രകടിപ്പിക്കാൻ ഇവർക്കാവില്ല. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ക്കുറിച്ച് ഇവർ ചിന്തിക്കുകയുമില്ല. അപരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവങ്ങൾ നിരവധിയുണ്ട്.

സ്വതന്ത്ര നിലപാടുകളിൽ ആകൃഷ്ടരായോ സ്വാധീനിക്കപ്പെട്ടോ വിവാഹം വേണ്ടെന്നുവച്ച് ഒരുമിച്ച് ജീവിക്കുന്നവരും ‘സുഹൃത്തിന്റെ പങ്കാളി’യാകുന്നവരും കൊല്ലപ്പെടുന്ന വാർത്തകൾ ഈയിടെയായി വർധിച്ചുവരുന്നുണ്ട്. ഇത്തരം കൊലപാതകങ്ങളിൽ ‘സുഹൃത്താണ്’ പലപ്പോഴും പ്രതിസ്ഥാനത്തുള്ളത്. അഭിപ്രായ വ്യത്യാസങ്ങളിൽ മാന്യമായി വിയോജിക്കാനുള്ള അവസരമില്ല, സുഹൃത്തിനെ ഇല്ലാതാക്കിയാൽ മാത്രമെ ശരിയാവൂ എന്ന് ചിന്തിക്കുന്ന ‘സ്വതന്ത്ര സുഹൃത്തുക്കളും’ കൂടിവരുന്നു. പ്രണയവും മറ്റും ഈ നഷ്ടക്കണക്കിലെ ഇടങ്ങളിൽ ചിലതുമാത്രം. സുഹൃത്തിനെ വനത്തിനുള്ളിൽ കൊണ്ടുപോയി ഇല്ലാതാക്കിയതും വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ ദാരുണമായി വധിച്ചതുമെല്ലാം വിയോജിപ്പുകൾ ഉൾക്കൊള്ളാൻ കഴിയാത്ത മാനസികാവസ്ഥയുടെ അന്തരഫലങ്ങളാണ്.

ഇങ്ങനെ അനേകം സംഭവങ്ങൾ ദിനേന നമ്മുടെ മുമ്പിലൂടെ മിന്നിമറയുന്നു. തന്നെപ്പോലെ മറ്റുള്ളവർക്കും അഭിപ്രായമുണ്ടെന്നും യോജിപ്പുകളും വിയോജിപ്പുകളും സ്വാഭാവികമെന്നും തിരിച്ചറിഞ്ഞേ മതിയാവൂ. ആരെയും തകർക്കാനോ ഇല്ലാതാക്കാനോ നമുക്കവകാശമില്ല. ആരോഗ്യകരമായ സംവാദങ്ങളും വിയോജിപ്പുകളും ഉണ്ടാവട്ടെ. ഇഷ്ടമില്ലാത്തിടത്ത് അത് തുറന്നുപറയാനും അത് ബോധ്യപ്പെടുത്താനും ശ്രമിക്കണം. നോ പറയാനും മാന്യമായി പിരിയാനും സാധ്യമാവണം. വിധിവിശ്വാസം ശക്തമായി മനസ്സിലുണ്ടാവണം. അതായിരിക്കണം തീരുമാനങ്ങളുടെ കാതൽ. പ്രശ്‌നങ്ങൾക്ക് പുറകെ പോകാനല്ല, പരിഹാരവഴിയിൽ സഞ്ചരിക്കാനാണ് ശ്രമിക്കേണ്ടത്. ആവശ്യത്തിന് ഇടപെടുകയും മൗനം പാലിക്കേണ്ടിടത്ത് മൗനം പാലിക്കുകയും വേണം.