അധാർമികത എങ്ങനെ ധാർമികതയാകും?

മുആദ് സി.എൻ | ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ

2023 ഫെബ്രുവരി 18, 1444 റജബ് 27

ഇസ്‌ലാംമതം പരിപൂർണമാണ്. അതിലേക്കൊന്നും തന്നെ കൂട്ടാനോ അതിൽ നിന്ന് എന്തെങ്കിലും കുറയ്ക്കാനോ ആർക്കും അവകാശമില്ല. ലോകാവസാനം വരെയുള്ള മനുഷ്യർ എങ്ങനെ ജീവിക്കണമെന്ന് വളരെ വ്യക്തമായി ഇസ്‌ലാം ലോകർക്ക് വഴികാട്ടിത്തരുന്നു. മനുഷ്യരാൽ നിർമിക്കപ്പെട്ട ഒരുപാട് നിയമവ്യവസ്ഥകൾ ലോകത്തുണ്ട്. അവയിലെല്ലാം കാലക്രമേണ മാറ്റത്തിരുത്തലുകൾ ഉണ്ടാകുന്നു. പല രാജ്യങ്ങളുടെയും ഭരണഘടനയിലേക്ക് പുതുതായി പല നിയമങ്ങളും കൂട്ടിച്ചേർക്കുകയും പഴയ ചില നിയമങ്ങൾ ഒഴിവാക്കുകയോ, അവയിൽ മാറ്റത്തിരുത്തലുകൾ വരുത്തുകയോ ചെയ്യുന്നു.

എന്നാൽ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മാറ്റത്തിരുത്തലിന്റെയോ പുതുതായി ചേർക്കുന്നതിന്റെയോ ആവശ്യകതയില്ല. അതിനു കാരണം ഇസ്‌ലാം ദൈവത്തിൽ നിന്നുള്ള സന്ദേശമാണ് എന്നതാണ്. ലോകമെത്രതന്നെ പുരോഗമിച്ചാലും മനുഷ്യരുടെ ജീവിത ശൈലിയിൽ എന്ത് മാറ്റം വന്നാലും ഇസ്‌ലാമിന്റെ നിയമങ്ങൾ മാറ്റേണ്ടിവരികയില്ല. നിത്യനൂതനത്വമാണ് ഇസ്‌ലാമിക നിയമങ്ങളുടെ ഒരു സവിശേഷത.

ഇന്ന് ലിബറൽ ചിന്തകൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് മനുഷ്യർ. തിന്മയെ നന്മയായും അധാർമികതയെ ധാർമികതയായും കാണാൻ യാതൊരു മടിയുമില്ല. സമൂഹം തെറ്റെന്ന് കാണുന്ന കാര്യങ്ങളെ ശരിയാണെന്നു വരുത്താൻ കോടതി കയറാനും മടിയില്ല. വേശ്യാവൃത്തിക്ക് സെക്‌സ് വർക്ക് എന്ന ഓമനപ്പേരിട്ട് അതിലൂടെ പണം സമ്പാദിക്കുന്നതിൽ എന്താണ് കുഴപ്പം എന്ന് ചോദിക്കാൻ പോലും മടിയില്ലാതായിരിക്കുന്നു. ഇതിനെതിരിൽ ഗുണകാംക്ഷയോടെ പ്രതികരിച്ചാൽ ‘വ്യക്തിസ്വാതന്ത്ര്യം’ നിഷേധിക്കലായി ചിത്രീകരിക്കപ്പെടുന്നു.

‘വ്യക്തി സ്വാതന്ത്ര്യം’ എന്ന പേരിൽ ഏത് തോന്നിവാസത്തെയും തന്റെ അവകാശമായി കാണുന്ന ഒരു പുതുതലമുറയെ ബോധപൂർവം വളർത്തിയെടുക്കുക എന്നതാണ് ഒരു കൂട്ടം പുരോഗമന(?)വാദികളുടെ ലക്ഷ്യം. അധാർമികതയെ ധാർമികതയായി മനുഷ്യമനസ്സുകൾ കൊണ്ട് ചിന്തിപ്പിക്കുവാൻ വേണ്ടി അവർ വിപുലമായി ഉപയോഗിക്കുന്നത് സിനിമ, സീരിയൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയെയാണ്. ഇത്തരം തലതിരിഞ്ഞ ചിന്തകൾ നമ്മിലേക്കും നമ്മുടെ മക്കളിലേക്കും നമ്മൾ പോലും അറിയാതെയാണ് കുത്തിവെച്ചുകൊണ്ടിരിക്കുന്നത്. നമുക്കും പല തിന്മകളും നിസ്സാരമായി തോന്നുന്നുവെങ്കിൽ നമ്മുടെ മനസ്സുകളെയും അവർ സ്വാധീനിച്ചുവെന്ന് നാം തിരിച്ചറിയണം. സമൂഹത്തിലെ തിന്മകളുടെ വർധനവ് നമ്മെ അത്ഭുതപ്പെടുത്തിയാലും നന്മയും തിന്മയും ഒന്നാവില്ല എന്നാണ് അല്ലാഹു നമ്മെ ഓർമപ്പെടുത്തുന്നത്.

“(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വർധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാൽ ബുദ്ധിമാൻമാരേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (ക്വുർആൻ 5:100).

എന്ത് അധാർമികമായ പ്രവൃത്തി ചെയ്താലും അതിനെ പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്ന പ്രവണത നാശത്തിലേക്കുള്ള വഴി തുറക്കലാണ്. അവനവന് ശരിയെന്ന് തോന്നുന്നതെന്തോ അതാണ് ശരി എന്ന തെറ്റായ ചിന്ത പുതുതലമുറയെ സ്വാധീനിക്കുന്നത് നാം സൂക്ഷിക്കണം. നമ്മുടെ മക്കൾ ധാർമികതയെ മുറുകെ പിടിച്ച് വളരണമെങ്കിൽ ഇസ്‌ലാമിന്റെ വെളിച്ചം അവരിലേക്ക് യഥാസമയത്ത് യഥാവിധം എത്തിക്കേണ്ടതുണ്ട്. മനുഷ്യന്റെ ഇഹപര ഗുണം നിലകൊള്ളുന്നത് സ്രഷ്ടാവ് കാണിച്ചുതന്ന ധർമാധർമങ്ങൾ മനസ്സിലാക്കി ജീവിക്കുമ്പോഴാണ് എന്ന വസ്തുത അവരെ ബോധ്യപ്പെടുത്തണം. അല്ലാത്ത പക്ഷം അരാജകത്വത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി ജീവിക്കുന്നവരായി നമ്മുടെ മക്കൾ മാറും. തിന്മകളെ തിന്മകളായിത്തന്നെ കണ്ട് ബോധപൂർവം അതിൽനിന്നും മാറി നിൽക്കാൻ ശ്രമിക്കുക.