‘ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ?’

ഉസ്മാന്‍ പാലക്കാഴി

2023 ജൂലൈ 29 , 1444 മുഹറം 11

അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ’’ (ക്വുർആൻ 16:18).

സർവലോക രക്ഷിതാവ് മാനവസമൂഹത്തിന് ചെയ്തുതന്ന അനുഗ്രഹങ്ങളെ ഇഹലോകത്തെ ഏതെങ്കിലും ഒരു അളവുകോൽ ഉപയോഗിച്ച് അളക്കുവാൻ സാധ്യമല്ല. പരമകാരുണികനായ രക്ഷിതാവ് മനുഷ്യർക്ക് ചെയ്തുകൊടുക്കുന്ന അനുഗ്രഹങ്ങൾ ആപേക്ഷികമാണ്. ഒരാൾക്ക് ലഭിച്ച അറിവ്, സമ്പത്ത്, ആരോഗ്യം, ആയുസ്സ് തുടങ്ങി ഓരോ അനുഗ്രവും മറ്റൊരാളെ സംബന്ധിച്ചിടത്തോളം അയാൾക്ക് കുറഞ്ഞോ കൂടിയോ ഇരിക്കും. എന്നാൽ ഇസ്‌ലാം എന്ന ഏറ്റവും ഉന്നതമായ, പവിത്രമായ അനുഗ്രഹം അത് മാത്രം അല്ലാഹു മാനവകുലത്തിന് പൂർത്തിയാക്കിക്കൊടുക്കുകയുണ്ടായി. അല്ലാഹു പറയുന്നു:

“ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു’’(ക്വുർആൻ 5:3).

ആ മഹോന്നതമായ ആദർശത്തെ അറിയാനും അനുഭവിക്കാനും സാധിച്ചവരാണല്ലോ വിശ്വാസികൾ. ആ വിശ്വാസിക്ക് തന്റെ നാഥനിൽനിന്നും ലഭിച്ച മഹത്തായ ഈ അനുഗ്രഹത്തിന് എന്താണ് പകരംവയ്ക്കാനുള്ളത്?

വിശുദ്ധ ക്വുർആൻ, തങ്ങൾക്ക് ലഭിച്ച അനുഗ്രങ്ങൾക്ക് നന്ദിചെയ്യണമെന്ന് നിരവധി സ്ഥലങ്ങളിൽ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത് കാണാൻ സാധിക്കും. ചില കാര്യങ്ങൾ പറഞ്ഞതിനു ശേഷം ‘നിങ്ങൾ നന്ദിയുള്ളവരായേക്കാം,’ അതല്ലെങ്കിൽ നിങ്ങൾ ‘നന്ദിയുള്ളവരാകുന്നതിനുവേണ്ടി’ എന്നിങ്ങനെയുള്ള പ്രയോഗങ്ങളും നമുക്ക് ക്വുർആനിൽ കാണാം. നാഥൻ ചെയ്ത അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കാനുള്ള കൽപനകളും നിർദേശങ്ങളും വിശുദ്ധ ക്വുർആനിലും പ്രവാചകവചനങ്ങളിലും നിറഞ്ഞുകിടക്കുകയാണ്.

എന്താണ് നന്ദിചെയ്യുക എന്ന് പറഞ്ഞാൽ? എങ്ങനെയാണ് നന്ദികാണിക്കേണ്ടത്? മുൻഗാമികളായ പണ്ഡിതൻമാർ ‘ശുക്‌റ്’ എന്നതിന് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ വളരെ പ്രസക്തമായ ഒരു വ്യഖ്യാനം കാണുക:

“അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയെന്നത് അവന്റെ അടിമയുടെ നാവുകൊണ്ട് അല്ലാഹുവിനെ പ്രകീർത്തിക്കുകയും ലഭിച്ച അനുഗ്രഹങ്ങൾ നന്ദിപൂർവം എടുത്ത് പറയുകയും ചെയ്യലാണ്. അവന്റെ ഹൃദയംകൊണ്ട് നന്ദികാണിക്കുക എന്നത് അവൻ അതിന് സാക്ഷിയാവുകയും അതായത് അനുഭവിക്കുകയും അതിയായ ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ്. അവന്റെ അവയവംകൊണ്ട് നന്ദികാണിക്കുക എന്നത് അവൻ (സത്യത്തിൽ) ഉറച്ച് നിൽക്കുകയും (അല്ലാഹുവിനെ) അനുസരിക്കുകയും ചെയ്യുക എന്നതാണ്’’ (ഇബ്‌നുൽ ക്വയ്യിം, മദാഹിബുസ്സാബിക്വീൻ).

അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമ്പോൾ അവനെ സ്തുതിക്കുകയും ‘എനിക്ക് നാഥൻ ഇന്നയിന്ന അനുഗ്രഹങ്ങൾ നൽകി’ എന്ന് എടുത്ത് പറയുകയും ചെയ്യണം. അതാണ് ഒരാൾ നാവിലൂടെ ചെയ്യുന്ന ശുക്‌റ്. ഞാനിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എനിക്കെന്റെ റബ്ബ് ചെയ്തു തന്ന അനുഗ്രഹമാണല്ലോ എന്ന് ഓർത്ത് റബ്ബിനോട് അടങ്ങാത്ത സ്‌നേഹം വെച്ചുപുലർത്തുകയെന്നതാണ് ഹൃദയം കൊണ്ട് നന്ദികാണിക്കൽ.

റബ്ബ് പറഞ്ഞതിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാതെ ഏത് പ്രതിസന്ധിഘട്ടത്തിലും ഉറച്ചു നിൽക്കുക, അല്ലാഹു വിരോധിച്ചത് ചെയ്യാതിരിക്കുകയും അവൻ കൽപിച്ചത് എത്ര ക്ലേശമനുഭവിച്ചാലും പ്രവർത്തിക്കുകയും നിലനിർത്തുകയും ചെയ്യുക, കിട്ടിയ അനുഗ്രങ്ങൾ അല്ലാഹുവിന് ഇഷ്ടമുള്ള കാര്യങ്ങളിൽ മാത്രം വിനിയോഗിക്കുകയും ചെയ്യുക എന്നതെല്ലാം അവയവങ്ങളിലൂടെയുള്ള നന്ദി പ്രകടിപ്പിക്കലാണ്.

നമുക്ക് അല്ലാഹുവിന്റെ അടുക്കൽനിന്ന് അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്നു എന്ന ബോധമാണ് മനുഷ്യരിൽ ആദ്യമായി ഉണ്ടാവേണ്ടത്. അത് എന്റെ നാഥനിൽനിന്ന് മാത്രമാണെന്ന ബോധം ഉണ്ടാകുമ്പോഴാണ് താഴ്മയും വിനയവും സ്‌നേഹവും കാണിക്കുവാനും പരസ്പരം അംഗീകരിക്കാനും സഹകരിക്കുവാനും മനസ്സിലാക്കുവാനും മനുഷ്യന് സാധിക്കുന്നത്. ആ ബോധം നഷ്ടപ്പെടുകയും എല്ലാം തന്റെ അധ്വാനഫലമാണെന്ന മിഥ്യാധാരണ ഉണ്ടാകുകയും ചെയ്യുമ്പോഴാണ് മനുഷ്യൻ അഹങ്കാരിയും അത്യാഗ്രഹിയും പാപിയും അക്രമിയുമായി മാറുന്നത്.

നബി ﷺ യുടെ കാലത്ത് ശക്തമായ മഴകിട്ടിയപ്പോൾ ആ മഴയെ സംബന്ധിച്ച് ജനങ്ങൾ രണ്ട് നിലക്ക് സംസാരിച്ചു. അന്നേരം അല്ലാഹുവിന്റെ റസൂലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ജനങ്ങളിൽ നന്ദികാണിക്കുന്നവരും നിഷേധികളുമുണ്ട്. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അവർ (ഈമാനുള്ളവർ) പറഞ്ഞു. എന്നാൽ അവരിൽ ചിലർ മഴ ഇന്നയിന്ന കാരണങ്ങളാൽ കിട്ടിയതാണെന്ന് പറയുന്നു.’’

ഇതിൽ ആദ്യത്തെ അഭിപ്രായം നന്ദിയുടെയും രണ്ടാമത്തേത് നന്ദികേടിന്റെയുമാണ്. അല്ലാഹു പറയുന്നു: “നിന്റെ രക്ഷിതാവിന്റെ അനുഗ്രത്തെ സംബന്ധിച്ച് നീ സംസാരിക്കുക’’ (ക്വുർആൻ 93:11).

മഹാന്മാരായ മുഴുവൻ പ്രവാചകന്മാരും നന്ദികാണിക്കുന്നവരായിരുന്നു എന്ന് ക്വുർആൻ എടുത്തുപറയുന്നത് കാണാം. ഇബ്‌റാഹീം നബി(അ)യെക്കുറിച്ച് അല്ലാഹു പരിചയപ്പെടുത്തിയപ്പോൾ ‘അദ്ദേഹം വളരെയേറെ നന്ദികാണിക്കുന്ന ഒരടിമയായിരുന്നു’വെന്ന് പറഞ്ഞത് കാണാം.

നബി ﷺ രാത്രിയിൽ വളരെ ദീർഘിച്ചു നമസ്‌കരിക്കുന്നത് സംബന്ധിച്ച് മഹതി ആഇശ(റ) ചോദിച്ചപ്പോൾ ‘ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ’ എന്ന് അവിടുന്ന് പ്രതിവചിച്ചത് ശ്രദ്ധേയമാണ്.

യൂനുസ്ബ്‌നു ഉബൈദി(റഹി)ന്റെ അടുക്കൽ ഒരിക്കൽ ഒരാൾ വന്ന് ഇല്ലായ്മയെ കുറിച്ച് പരാതിപ്പെട്ടപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇവിടെ പ്രസക്തമാണ്: ‘നിങ്ങളുടെ രണ്ട് കണ്ണ് എനിക്ക് തരുമോ? ഞാൻ നിങ്ങൾക്ക് ഒരുലക്ഷം ദിർഹം തരാം. നിങ്ങളുടെ ഒരു കൈ എനിക്കു തരുമോ? ഒരു ലക്ഷം ദിർഹം തരാം. നിങ്ങളുടെ ഒരു കാലെനിക്ക് തരുമോ? ഒരു ലക്ഷം ദിർഹം തരാം.’ ഇങ്ങനെ അദ്ദേഹത്തിന്റെ അവയവങ്ങളോരോന്ന് എണ്ണിയെണ്ണി അതിനു വിലയിട്ടുകൊണ്ട് അദ്ദേഹം ചോദിച്ചു. ആഗതൻ പറഞ്ഞു: ‘ഒരിക്കലുമില്ല.’ അപ്പോൾ യൂനുസ്ബ്‌നു ഉബൈദ് (റഹി) പറഞ്ഞു: ‘ഞാൻ നിന്റെയടുക്കൽ കോടികൾ കാണുന്നു. എന്നിട്ടും ഇല്ലായ്മയെക്കുറിച്ച് ആവലാതിപ്പെടുകയോ?’

അതെ, എത്രയെത്ര അനുഗ്രഹങ്ങളാണ് റബ്ബ് നമുക്ക് കനിഞ്ഞരുളിയത്! നമ്മുടെ ശരീരം. അതിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന് വല്ല അസുഖവും ബാധിച്ചാൽ ബോധ്യമാകും ആ അവയവത്തിന്റെ വില. സർവശക്തൻ നമുക്ക് ഓരോരോ സെക്കൻഡിലും നൽകികൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കാകട്ടെ കൈയും കണക്കുമില്ല.

മനുഷ്യർ പരസ്പരം ചെയ്യുന്ന ഉപകാരങ്ങൾക്കും അന്യോന്യം നന്ദികാണിക്കേണ്ടതുണ്ട്. അതിന്റെ വാചികമായ രൂപമാണ് ‘അല്ലാഹു നിനക്ക് നന്മചെയ്യുമാറാകട്ടെ’ എന്ന പ്രവാചകൻ ﷺ പഠിപ്പിച്ച പ്രാർഥന.

നന്മ ചെയ്തുതന്നവർക്ക് പ്രത്യുപകാരം ചെയ്യുവാനും അതിനു സാധിക്കാത്ത പക്ഷം അവർക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുവാനും നബി ﷺ നിർദേശിച്ചിട്ടുണ്ട്.

നാം ജീവിക്കുന്ന രാജ്യത്തോടും സമൂഹേത്താടും നന്ദി കാണിക്കൽ നമ്മുടെ ബാധ്യതയാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. അവനവന്റെ വിശ്വാസമനുസരിച്ച് ജീവിക്കുവാനും ആരാധനകളും അനുഷ്ഠാന കർമങ്ങളും നിർവഹിക്കുവാനും അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുവാനുമെല്ലാമുള്ള സ്വാതന്ത്ര്യവും നിർഭയത്വവും നമുക്ക് നമ്മുടെ നാട്ടിലുണ്ട്. സർവശക്തനോട് അതിന് നന്ദികാണിക്കണം. രാജ്യത്തിന്റെ പൊതുനന്മക്കായി പ്രവർത്തിക്കലും മതവിരുദ്ധമല്ലാത്ത നിയമങ്ങൾ പാലിക്കലും അതിന്റെ വളർച്ചക്കാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യലുമെല്ലാം രാജ്യത്തോടു കാണിക്കുന്ന നന്ദിയാണ്. നിർഭയമായി പുറത്തിറങ്ങാൻ പോലും സാധിക്കാത്ത എത്രയെത്ര രാജ്യങ്ങൾ! സദാസമയവും കാതടിപ്പിക്കുന്ന ബോംബുവർഷവും രക്തച്ചൊരിച്ചിലുകളും മാത്രം കാണാനും കേൾക്കാനും വിധിക്കപ്പെട്ട ജനങ്ങൾ! എന്നാൽ നമുക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ അങ്ങനെയൊരവസ്ഥയില്ല. അതിനാൽ ഈ അനുകൂലാവസ്ഥയെ ഹനിക്കുന്ന വിധത്തിലുള്ള രചനയോ പ്രസംഗമോ തീവ്രവാദ ഭീകരവാദ പ്രവർത്തനങ്ങൾക്കനുകൂലമാകുന്ന ഏതെങ്കിലും രൂപത്തിലുള്ള ഇടപെടലുകളോ വിശ്വാസികളിൽനിന്ന് ഉണ്ടാകാൻ പാടില്ല.

കിട്ടിയ അനുഗ്രഹങ്ങളെ മറന്നുകളഞ്ഞ സബഅ് ദേശക്കാരായ രണ്ടുപേരെ വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തുന്നത് കാണുക:

“തീർച്ചയായും സബഅ് ദേശക്കാർക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തിൽ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത് വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങൾ. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും അവനോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും! എന്നാൽ അവർ പിന്തിരിഞ്ഞു കളഞ്ഞു. അപ്പോൾ അണക്കെട്ടിൽ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങൾക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അൽപം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങൾ നാം അവർക്ക് നൽകുകയും ചെയ്തു. അവർ നന്ദികേട് കാണിച്ചതിന് നാം അവർക്ക് പ്രതിഫലമായി നൽകിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടിയെടുക്കുമോ?’’ (ക്വുർആൻ 34:15-17).

നന്ദികേടു കാണിച്ച മറ്റൊരു നാട്ടുകാരെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

“അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തു കാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്ത് നിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോൾ അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത് നിമിത്തം വിശപ്പിന്റെയും ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിപ്പിക്കുമാറാക്കി’’ (ക്വുർആൻ 16: 112).

സ്രഷ്ടാവിനോട് നന്ദികേട് കാണിച്ച ഒരു വ്യക്തിയുടെ കഥ അല്ലാഹു പറഞ്ഞുതരുന്നത് കാണുക: “നീ അവർക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്മാർ. അവരിൽ ഒരാൾക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങൾ നൽകി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയിൽ (തോട്ടങ്ങൾക്കിടയിൽ) ധാന്യകൃഷിയിടവും നാം നൽകി. ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങൾ നൽകിവന്നു. അതിൽ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവൻ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാൾ കൂടുതൽ ധനമുള്ളവനും കൂടുതൽ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവർത്തിച്ചുകൊണ്ട് അവൻ തന്റെ തോട്ടത്തിൽ പ്രവേശിച്ചു. അവൻ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അന്ത്യസമയം നിലവിൽവരും എന്നും ഞാൻ വിചാരിക്കുന്നില്ല. ഇനി ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീർച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനെക്കാൾ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും. അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണിൽ നിന്നും അനന്തരം ബീജത്തിൽ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനിൽ നീ അവിശ്വസിച്ചിരിക്കുകയാണോ? എന്നാൽ (എന്റെ വിശ്വാസമിതാണ്:) അവൻ അഥവാ അല്ലാഹുവാകുന്നു എന്റെ രക്ഷിതാവ്. എന്റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാൻ പങ്കുചേർക്കുകയില്ല. നീ നിന്റെ തോട്ടത്തിൽ കടന്ന സമയത്ത്, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞുകൂടായിരുന്നോ? നിന്നെക്കാൾ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കിൽ, എന്റെ രക്ഷിതാവ് എനിക്ക് നിന്റെ തോട്ടത്തെക്കാൾ നല്ലത് നൽകി എന്ന് വരാം. നിന്റെ തോട്ടത്തിന്റെ നേരെ അവൻ ആകാശത്തുനിന്ന് ശിക്ഷ അയക്കുകയും അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന് വരാം. അല്ലെങ്കിൽ അതിലെ വെള്ളം നിനക്ക് ഒരിക്കലും തേടിപ്പിടിച്ച് കൊണ്ടുവരുവാൻ കഴിയാത്തവിധം വറ്റിപ്പോയെന്നും വരാം. അവന്റെ ഫലസമൃദ്ധി (നാശത്താൽ) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങൾ) അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താൻ അതിൽ ചെലവഴിച്ചതിന്റെ പേരിൽ അവൻ (നഷ്ടബോധത്താൽ) കൈ മലർത്തുന്നവനായി ത്തീർന്നു. എന്റെ രക്ഷിതാവിനോട് ആരെയും ഞാൻ പങ്കുചേർക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് അവൻ പറയുകയും ചെയ്ത്‌കൊണ്ടിരുന്നു. അല്ലാഹുവിന് പുറമെ യാതൊരു കക്ഷിയും അവന്ന് സഹായം നൽകുവാനുണ്ടായില്ല. അവന്ന് (സ്വയം) അതിജയിക്കുവാൻ കഴിഞ്ഞതുമില്ല’’ (അൽകഹ്ഫ് 32-43).

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുക എന്നത് തന്നെയാണ് ആ അനുഗ്രഹങ്ങൾ നിലനിർത്തിക്കിട്ടുന്നതിനുള്ള മാർഗം. നമുക്ക് ലഭിച്ച അറിവ്, സമ്പത്ത്, ആരോഗ്യം, ഒഴിവ് സമയം തുടങ്ങിയവയെല്ലാം വിലയേറിയ അനുഗ്രഹങ്ങളാണ്. ഏത് അനുഗ്രഹവും - ചെറുതായാലും വലുതായാലും - അതെന്റെ റബ്ബെനിക്ക് തന്നതാണെന്ന ബോധമാണ് അതിപ്രധാനം.

“നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർധിപ്പിച്ചുതരുന്നതാണ്. എന്നാൽ നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രസ്താവിച്ച സന്ദർഭം ശ്രദ്ധേയമെത്ര’’ (ക്വുർആൻ 14:7).