വിശുദ്ധ ക്വുർആൻ; നിത്യനൂതനം, പ്രായോഗികം

മിസ്ബാഹുദ്ദീൻ അൽഹികമി, കുറ്റിപ്പുറം

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

വിശുദ്ധ ക്വുർആൻ അല്ലാഹുവിന്റെ സംസാരമാണ്. അത് തീർത്തും മനുഷ്യന്റെ സംസാരത്തിൽ നിന്നും വ്യത്യസ്തമാണെന്നതിൽ സംശയമില്ല. അതിന്റെ ആശയം മനസ്സിലാക്കുമ്പോൾ പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്. കേവലം അറബി ഭാഷ പഠിച്ചതുകൊണ്ട് മാത്രം വിശുദ്ധ ക്വുർആനിന്റെ ആശയം മനസ്സിലാകണമെന്നില്ല. അതിലെ ഓരോ വചനവും അവതീർണമായതിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും പഠിക്കുകയും അതിന്റെ ആദ്യ ശ്രോതാക്കൾ മനസ്സിലാക്കിയത് പ്രകാരം നാമതിനെ മനസ്സിലാക്കുകയും വേണം.

1400ൽപരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജനങ്ങൾക്ക് പ്രയോഗവത്കരിക്കാൻ കഴിഞ്ഞ ആശയങ്ങളുള്ള ഈ ഗ്രന്ഥം ഇന്ന് ജീവിക്കുന്നവർക്കും പ്രയോഗവത്കരിക്കാൻ സാധ്യമാണ്. ഇനി വരാനിരിക്കുന്ന ജനകോടികൾക്കും അങ്ങനെ തന്നെയായിരിക്കും. ഇത് മറ്റുള്ള ഗ്രന്ഥങ്ങളിൽനിന്ന് ഈ ഗ്രന്ഥത്തെ പ്രത്യേകമാക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ജീവിതനിലവാരം എത്രകണ്ട് മെച്ചപ്പെട്ടാലും, ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര ഉയരങ്ങളിലെത്തിയാലും വിശുദ്ധ ക്വുർആനിന്റെ വചനങ്ങളിൽ വൈരുധ്യം കണ്ടെത്താൻ സാധ്യമല്ല.

വിശുദ്ധ ക്വുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല. എന്നാൽ ശരിയായ ശാസ്ത്രം ക്വുർആനിന്റെ ആശയങ്ങൾക്ക് എതിരാകില്ല. അഥവാ, ഒരു ശാസ്ത്ര വിദ്യാർഥിക്ക് ശാസ്ത്രം പഠിക്കാനുള്ള ഗ്രന്ഥമല്ല, മറിച്ച് ശാസ്ത്ര വിദ്യാർഥികൾക്കും അല്ലാത്തവർക്കും ഒരുപോലെ മതം പഠിക്കാനുള്ള ഗ്രന്ഥമാണ് ക്വുർആൻ.

മനുഷ്യൻ വിശുദ്ധ ക്വുർആനിലേക്ക് ആവശ്യക്കാരനാണ്. കാരണം അവന്റെ ഇഹപര വിജയത്തിനാവശ്യമായ ഉപദേശനിർദേശങ്ങൾ അതിലുണ്ട്. അവന്റെ ആത്മാവിനെ സംസ്‌കരിക്കുവാനും മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾക്ക് ശമനം നൽകുവാനും ഈ ഗ്രന്ഥത്തിലെ വാക്യങ്ങളെപ്പോലെ മറ്റൊന്നിനും സാധിക്കുകയില്ല. അല്ലാഹു പറയുന്നു:

“മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങൾക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു)’’ (യൂനുസ്: 57).

വേലിക്കെട്ടുകൾ തകർക്കാൻ ആഗ്രഹിക്കുന്ന പ്രകൃതമാണ് മനുഷ്യന്റെത്. എന്ത് അരുതെന്ന് പറഞ്ഞോ, അതിനോട് കൂടുതൽ താൽപര്യമായിരിക്കും. തെറ്റുകളും തോന്നിവാസങ്ങളുമൊക്കെ ചെയ്യുവാനും അതിലൂടെ ആസ്വാദനം കണ്ടെത്തുവാനും മനുഷ്യൻ ആസക്തനാണ്; അത് താൻ ഏറെ പ്രിയമുള്ളതായി കാണുന്ന തന്റെ ശരീരത്തിന് നാശം വിതക്കുന്നതാണെങ്കിൽ പോലും!

അതിനാൽതന്നെ, സ്വന്തത്തെ സംരക്ഷിക്കുവാൻ താൽപര്യമുള്ള ഒരു വിശ്വാസിക്ക് ക്വുർആനിൽ നിന്നും അകന്ന് നിൽക്കാൻ കഴിയില്ല. കാരണം, കൃത്യമായ ആദർശവും മാർഗദർശനവുമില്ലാതെ ജീവിതം ശുദ്ധീകരിക്കാൻ മനുഷ്യന് കഴിയില്ല. അല്ലാഹുവിനെയും പ്രവാചകനെയും ശരിയാംവിധം ബോധ്യപ്പെട്ട ഒരു വിശ്വാസി, അവരുടെ നിർദേശങ്ങൾ പാലിച്ചു ജീവിക്കുവാൻ തയ്യാറാകുന്ന ഒരാൾ അധർമത്തിന്റെ വഴിയിൽ സഞ്ചരിക്കുകയില്ല. അതിന് അവന്റെ മനസ്സ് അനുവദിക്കില്ല. എന്നാൽ കൃത്യമായ ആദർശവും മാർഗദർശനവുമില്ലാത്ത ഒരാൾക്ക് തെറ്റുകളെ തെറ്റായി വേർതിരിക്കാൻ കഴിയില്ല. മനുഷ്യർക്കുള്ള നിയമങ്ങൾ ന്യൂനതകളില്ലാതെ നിർമിക്കാൻ, മനുഷ്യരുടെ ഓരോ ചലനവും സ്പന്ദനങ്ങളും കൃത്യമായി അറിയുന്ന മനുഷ്യരുടെ രക്ഷിതാവിന് മാത്രമെ സാധിക്കൂ. കാരണം, ഒരാൾ ചെയ്യുന്ന കാര്യം അയാളുടെ വീക്ഷണത്തിൽ ശരിയായിരിക്കും. അതേകാര്യം വേറൊരാളുടെ വീക്ഷണപ്രകാരം തെറ്റായിരിക്കാം.

യുവത്വത്തിലെ പല ചിന്തകളും വീക്ഷണങ്ങളും പ്രവർത്തനങ്ങളും യുവത്വം പിന്നിടുമ്പോൾ തെറ്റാണെന്ന് മനസ്സിലാക്കുന്നു മനുഷ്യൻ. നൂറ്റാണ്ടുകൾക്കോ പതിറ്റാണ്ടുകൾക്കോ മുമ്പ് ഉണ്ടാക്കിയ നയങ്ങളും നിയമങ്ങളും ഭേദഗതിയില്ലാതെ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ, പിന്നെ എങ്ങനെ മനുഷ്യകുലത്തിന്നാകമാനമുതകുന്ന ന്യൂനതകളില്ലാത്ത നിയമങ്ങൾ നിർമിക്കാൻ സാധിക്കും?

ഏറ്റവും ഉന്നതമായ ചൊവ്വായ മാർഗത്തിലേക്കാണ് വിശുദ്ധ ക്വുർആൻ ക്ഷണിക്കുന്നത്. അല്ലാഹു പറയുന്നു: “തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു’’ (അൽഇസ്‌റാഅ്: 9).

ഈയൊരു ക്ഷണം സ്വീകരിക്കുവാനും നിർദേശങ്ങൾ കൃത്യമായി പാലിക്കുവാനും ഇന്നത്തെ മുസ്‌ലിംകളിൽ പോലും പലരും തയ്യാറാകാത്ത അവസ്ഥയാണുള്ളത്. സ്രഷ്ടാവിന്റെ സന്ദേശം എന്താണെന്ന് മനസ്സിലാക്കാൻ പോലും സമയം കണ്ടെത്താൻ കഴിയാത്ത ‘തിരക്കു പിടിച്ച’ ജീവിതത്തിന്റെ അന്ത്യം ഏത് അവസ്ഥയിലായിരിക്കുമെന്ന് ഇവർ ഓർക്കുന്നില്ല. മതവിഷയത്തിലെ അഭിപ്രായഭിന്നതകളിൽ ഇടപെടാനും തർക്കിക്കാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ, മതത്തിന്റെ അടിസ്ഥാനപ്രമാണമായ വിശുദ്ധ ക്വുർആൻ ആത്മാർഥമായി പാരായണം ചെയ്യുവാനും അതിന്റെ അർഥവും ആശയവും പഠിക്കുവാനും പലർക്കും താൽപര്യമില്ല. പരലോക ബോധമുള്ള വിശ്വാസിക്ക് ഇത് ഉദ്‌ബോധനം തന്നെയാണെന്ന് അല്ലാഹു ക്വുർആനിലൂടെ പലതവണ ഓർമപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു:

“അവർ പറഞ്ഞുകൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേൽ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാൽ എന്റെ താക്കീത് ഭയപ്പെടുന്നവരെ ക്വുർആൻ മുഖേന നീ ഉൽബോധിപ്പിക്കുക’’ (ക്വാഫ്: 45).

സച്ചരിതരായ മുൻഗാമികൾ വിശുദ്ധ ക്വുർആനുമായി അടുത്തിടപഴകുന്നവരായിരുന്നു. അത് പഠിക്കാനും പഠിപ്പിക്കാനും ചർച്ചകൾ നടത്താനും പരസ്പരം ഉദ്‌ബോധനം നടത്തുവാനും അതിന്റെ ആശയങ്ങൾ മനസ്സിലാക്കുവാനും അവർ സമയം കണ്ടെത്തുമായിരുന്നു. കാരണം അത് അവർ അല്ലാഹുവിന്റെ കലാമാണെന്നും തങ്ങൾ ഏറെ സ്‌നേഹിക്കുന്ന പ്രവാചകന്റെ അനന്തരമാണെന്നും തങ്ങളുടെ ജീവിതത്തിന്റെ വഴികാട്ടിയാണെന്നും അവർ തിരിച്ചറിഞ്ഞിരുന്നു.

അതെ, മതത്തിന്റെ ഓരോ അറിവും പ്രവാചകരുടെ അനന്തരമാണ്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അഅ്മശ്(റ) പറയുന്നതായി കാണാം: “ഒരിക്കൽ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തന്റെനാട്ടിലുള്ള ജനങ്ങളുടെ കൂടെയിരുന്ന് വിശുദ്ധ ക്വുർആൻ പഠിപ്പിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ അരികിലൂടെ ഒരു അഅ്‌റാബി നടന്നു പോയി. അയാൾ ഇപ്രകാരം ചോദിച്ചു: ‘എന്താണ് ഇക്കൂട്ടർ ഇവിടെ ചെയ്യുന്നത്?’ അപ്പോൾ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ‘അവർ മുഹമ്മദ് നബി ﷺ യുടെ അനന്തരം വീതം വെക്കുകയാണ്.’’

സ്വഹീഹുൽ ബുഖാരിയിലെ മറ്റൊരു ഹദീസിൽ അംറുബ്‌നു ഖൈസ് അസ്സകൂത്തി(റ) പറയുകയാണ് : “അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽആസ്വ്(റ) പറയുന്നതായി ഞാൻ കേട്ടു: ‘നിങ്ങൾ ക്വുർആനിനെ മുറുകെ പിടിക്കുക. അത് നിങ്ങൾ പഠിക്കുകയും നിങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യുക. തീർച്ചയായും അതിനെക്കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. അതിന് നിങ്ങൾക്ക് പ്രതിഫലവും ലഭിക്കും. ബുദ്ധിയുള്ളവന് ഉപദേശകനായി അതുതന്നെ മതിയായതാണ്.’’

വിശുദ്ധ ക്വുർആൻ പാരായണം ചെയ്യുന്നത് വളരെ വലിയ പ്രതിഫലമുള്ള ആരാധനയാണ്. അത് മനഃപാഠമാക്കുന്നത് അതിനെക്കാൾ വലിയ പ്രതിഫലാർഹവുമാണ്. ലോകാവസാനം വരെ നിലനിൽക്കുന്ന ഈ ഗ്രന്ഥം അത്രയും കാലം കുറെയാളുകൾ മനഃപാഠമാക്കിക്കൊണ്ടിരിക്കുക എന്നത് മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്റെ ഒരു അടയാളം തന്നെയാണ്. മറ്റുള്ള വേദഗ്രന്ഥങ്ങളിൽനിന്നും വ്യത്യസ്തമായി നിരന്തരം പാരായണം ചെയ്യപ്പെടുന്നതും മനഃപാഠമാക്കപ്പെടുന്നതുമായ ഒരേയൊരു ഗ്രന്ഥം വിശുദ്ധ ക്വുർആനാണ്. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതും എളുപ്പത്തിൽ മനഃപാഠമാക്കാൻ കഴിയുന്നതുമായ ഗ്രന്ഥം വിശുദ്ധ ക്വുർആനാണെന്ന് പഠനങ്ങൾ രേഖപ്പെടുത്തുന്നു.

വിവരണാതീതമായ ശ്രേഷ്ഠതകളുള്ള ഈ അത്ഭുതഗ്രന്ഥം നമുക്ക് മുന്നിലുണ്ടായിട്ട്, അത് പഠിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും നാം താൽപര്യം കാണിക്കുന്നില്ലെങ്കിൽ നമ്മെക്കാൾ വലിയ നഷ്ടക്കാർ വേറെയുണ്ടാകില്ല.

മറ്റുള്ള പുസ്തകങ്ങൾ വായിക്കാൻ ഒരുങ്ങുന്നതുപോലെ വിശുദ്ധ ക്വുർആൻ പാരായണം ചെയ്യാൻ ഒരുങ്ങിയാൽ അതിന്റെ മാധുര്യം നുകരാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. വിശുദ്ധ ക്വുർആൻ പഠന,പാരായണ വേളയിൽ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ സൂചിപ്പിക്കാം:

1. വിശുദ്ധ ക്വുർആനിലേക്ക് പൂർണമായും വ്യാപൃതനാവുക.

2. സാഹചര്യം അതിന്റെ പഠനത്തിനുവേണ്ടി സൗകര്യപ്രദമാക്കുക.

3. ആത്മാർഥമായ നിയ്യത്തോടെയാവുക.

4. പാരായണം ചെയ്യുന്ന വചനങ്ങളുടെ ആശയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

5. ഓരോ സൂക്തത്തിനുമുള്ള ഉത്തരങ്ങൾ നമ്മുടെ ജീവിതത്തിൽനിന്നും കണ്ടെത്തുക.

6. നമ്മുടെ ലക്ഷ്യം അതിന്റെ ആശയം നമ്മുടെ ജീവിതത്തിൽ കണ്ടെത്തലാക്കുക.

7. ഹൃദയത്തിന് സ്വാധീനമുണ്ടാക്കുന്ന വചനങ്ങൾ ആവർത്തിച്ചാവർത്തിച്ചു പാരായണം ചെയ്യുക.

8. ആയത്തുകൾ പഠിക്കുവാനും മനഃപാഠമാക്കുവാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും കഠിനമായി പ്രയത്‌നിക്കുക.

ഉത്തമരായ സ്വഹാബാക്കളുടെ ജീവിതത്തിൽ നമുക്ക് വലിയ മാതൃകയുണ്ട്. ക്വുർആനിലേക്ക് വ്യാപൃതമാകുന്നതിനെ അവർ ഒരു ആസ്വാദനമായി കണ്ടു. അതിന്റെ മൂല്യവും മഹത്ത്വവും അവർ മനസ്സിലാക്കി. വിശുദ്ധ ക്വുർആനിലെ ചരിത്രങ്ങളും സംഭവങ്ങളും തങ്ങളുടെ ജീവിതത്തിലെ തിരുത്തലുകളാക്കി മാറ്റി. സ്വന്തം വ്യക്തിത്വത്തെ വിശുദ്ധ ക്വുർആനിലൂടെ മാറ്റിയെടുക്കാൻ അവർ തയ്യാറായി. ഇസ്‌ലാമിന് മുമ്പ് തങ്ങൾക്കുണ്ടായിരുന്ന മുഴുവൻ ദുഃസ്വഭാവങ്ങളും തുടച്ചുമാറ്റി ഒരു പുതുജന്മങ്ങളായി അവർ മാറി.

അതേ രൂപത്തിൽ, വിശുദ്ധ ക്വുർആനിലേക്ക് മടങ്ങുവാനും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുവാനും നമുക്ക് സാധിക്കണമെങ്കിൽ അതിനുളള മാനസികാവസ്ഥയുണ്ടാകണം; ചില അടിസ്ഥാനപരമായ കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം:

1. അല്ലാഹുവിലേക്ക് വിനയാന്വിതരായിക്കൊണ്ട്, വിശുദ്ധ ക്വുർആൻ പഠനത്തിന് സഹായം തേടിക്കൊണ്ട് ധാരാളമായി അവനോട് പ്രാർഥിക്കുക.

2. ഓരോ ദിവസത്തിന്റെയും പ്രഭാതത്തിൽതന്നെ ക്വുർആൻ പാരായണത്തിന് പ്രാധാന്യം കൊടുക്കുക. മനഃപാഠമാക്കാനുള്ള കഴിവിന്റെ ഇന്ധനം ധാരാളമായ പാരായണമാണ്.

3. രാവിലെയും വൈകിട്ടും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴുമുള്ള പ്രാർഥനകൾ പതിവാക്കുക. അത് ഒരു വിശ്വാസിയെ അല്ലാഹുവിന്റെ അനുമതിയാൽ പിശാചിന്റെ ഉപദ്രവങ്ങളിൽനിന്ന് തടയാൻ സഹായിക്കും. കാരണം, ദിക്‌റുകൾ പിശാചിന്റെ ശത്രുവാണ്. അല്ലാഹു ഒരു മനുഷ്യനെ പിശാചിൽ നിന്ന് സംരക്ഷിച്ചാൽ അവന് ക്വുർആൻ പഠിക്കാനും മനഃപാഠമാക്കാനും എളുപ്പമാകുന്നതാണ്.

4. പണ്ഡിതന്മാരുടെ സദസ്സുകളിൽ സന്നിഹിതരാവുക. പ്രത്യേകിച്ചും ക്വുർആൻ ക്ലാസുകളിൽ. അനിവാര്യമായ കാരണങ്ങളില്ലാതെ അതിൽനിന്ന് പിന്തിരിയാതിരിക്കുക. ഇമാം മുസ്‌ലിമും അബൂദാവുദും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അബൂഹുറയ്‌റ(റ) പറയുകയാണ്: “അല്ലാഹുവിന്റെ പ്രവാചകൻ ﷺ പറഞ്ഞു: “അല്ലാഹുവിന്റെ ഭവനത്തിൽ ആരെങ്കിലും ഒരുമിച്ച് കൂടുകയും, അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, അത് പരസ്പരം ചർച്ച ചെയ്ത് പഠിക്കുകയും ചെയ്താൽ അവരുടെ മേൽ സമാധാനം ഇറങ്ങുകയും കാരുണ്യംകൊണ്ട് അവർ പൊതിയപ്പെടുകയും അവർക്ക് ചുറ്റും മലക്കുകൾ ഇറങ്ങുകയും അവരെക്കുറിച്ച് അല്ലാഹു അവന്റെയരികിലുള്ളവരോട് പറയുകയും ചെയ്യുന്നതാണ്.’’

5. അല്ലാഹുവിനെ സ്മരിക്കുവാനും വിശുദ്ധ ക്വുർആൻ പഠിക്കുവാനും നമ്മെ സഹായിക്കുകയും അതിന് നമുക്ക് പ്രേരണ നൽകുകയും ചെയ്യുന്ന വിശ്വാസിയും നല്ലവനുമായ ഒരു കൂട്ടുകാരനെ കണ്ടെത്തുക. അവനുമായി എപ്പോഴും ബന്ധം സ്ഥാപിക്കുകയും ചെയ്യുക. തീർച്ചയായും അത്തരത്തിലുള്ള ബന്ധങ്ങൾ ഏറെ മൂല്യവത്തായതുതന്നെയാണ്.

6. താൻപോരിമയിൽ നിന്നും പൊങ്ങച്ചം കാണിക്കുന്നതിൽനിന്നുമൊക്കെ ജാഗ്രത പാലിക്കുക. പൊങ്ങച്ചം കാണിക്കുവാനും അറിവില്ലാത്തവരോട് തർക്കിക്കുവാൻ വേണ്ടിയും ക്വുർആൻ പഠിക്കരുതെന്ന് നബി ﷺ താക്കീത് നൽകിയിട്ടുണ്ട്.

പ്രവാചകൻ ﷺ പറഞ്ഞു: “അറിവുള്ളവരോട് പൊങ്ങച്ചം കാണിക്കുവാനും വിഡ്ഢികളോട് തർക്കിക്കുവാനും ജനങ്ങളുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു വിടുവാനും വേണ്ടി ക്വുർആൻ പഠിച്ചാൽ അല്ലാഹു അവനെ നരകത്തിൽ പ്രവേശിപ്പിക്കുന്നതാണ്. അതിനാൽ അവൻ അല്ലാഹുവിന്റെയടുത്തുള്ളത് ആഗ്രഹിച്ചുകൊണ്ടും, ഭയഭക്തിയും സമാധാനവും പക്വതയും നേടിയെടുക്കാൻ വേണ്ടിയും അത് പഠിച്ചു കൊള്ളട്ടെ. അഹങ്കരിക്കുവാൻ വേണ്ടിയാകാതിരിക്കട്ടെ.’’

7. വൈജ്ഞാനികമായ ഏത് തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴും വിശുദ്ധ ക്വുർആനിനെ കൂടെ കൂട്ടുക. വ്യത്യസ്ത തരം അറിവുകൾ നേടിയെടുക്കാൻ ഉദ്ദേശിക്കുമ്പോൾ നാം മനസ്സിലാക്കണം; തീർച്ചയായും അറിവുകളുടെ പ്രാരംഭം വിശുദ്ധ ക്വുർആൻ തന്നെയാണെന്ന്. അതിലെ ഓരോ വചനം പാരായണം ചെയ്യുമ്പോഴും തന്റെ രക്ഷിതാവിങ്കലേക്ക് അടുപ്പിക്കുന്ന ഓരോ കവാടം തുറക്കപ്പെടുന്നതായി കാണാം. അതിലെ നിർദേശങ്ങൾക്ക് വിരുദ്ധമായ ജീവിതശൈലികൾ ജന്മമെടുക്കുമ്പോഴും, അതിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ വിജ്ഞാനശകലങ്ങൾ മനസ്സിൽ കുടിയേറുമ്പോഴും ആ കവാടങ്ങൾ പതിയെ പതിയെ കൊട്ടിയടക്കപ്പെടുന്നതായി കാണാം. അതിനാൽ, ഏതൊരു വിജ്ഞാന മേഖലയിലേക്ക് തിരിയേണ്ടിവന്നാലും വിശുദ്ധ ക്വുർആനിനെ കൂടെക്കൂട്ടുക. അതിനെക്കാൾ മൂല്യവത്തായ മറ്റൊന്നും ഇല്ലെന്ന് തിരിച്ചറിയുക.

8. ഇസ്തിഗ്ഫാറുകൾ (പാപമോചനതേട്ടങ്ങൾ) അധികരിപ്പിക്കുക. കാരണം, മനുഷ്യനെന്ന നിലക്ക് ധാരാളമായി തെറ്റുകളും കുറ്റങ്ങളും വന്നുപോയേക്കാം. അതിനാൽ, പാപമോചന തേട്ടങ്ങൾ നിരന്തരം ഉണ്ടായിരിക്കൽ അനിവാര്യമാണ്.

വിശുദ്ധ ക്വുർആനിനോട് മറവി കാണിക്കൽ പാപങ്ങളിൽ പെട്ടതാണ്. സൂറതുശ്ശൂറയിലെ 30ാമത്തെ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു കസീർ(റഹി) പറഞ്ഞു:

“ഇമാം ദ്വഹ്ഹാഖ് പറഞ്ഞു: ‘വിശുദ്ധ ക്വുർആൻ പഠിക്കുകയും പിന്നീട് മറന്നുപോവുകയും ചെയ്യുന്നത് തെറ്റായിക്കൊണ്ടല്ലാതെ നമുക്ക് പരിചയമില്ല.’ ശേഷം അദ്ദേഹം ഈ വചനം പാരായണം ചെയ്തു: ‘നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു’ (സൂറതുശ്ശൂറാ :30). അദ്ദേഹം വീണ്ടും പറഞ്ഞു: ‘വിശുദ്ധ ക്വുർആൻ മറക്കുന്നതിനെക്കാൾ വലിയ വിപത്ത് മറ്റെന്താണുള്ളത്?’’

ഇമാം ശാഫിഈ(റഹി)യുടെ കവിതാസമാഹാരത്തിൽ ഇങ്ങനെ കാണാം: “ഞാൻ (എന്റെ ഗുരുവായ) വകീഇനോട് എന്റെ മനഃപാഠമാക്കാനുള്ള കഴിവിന്റെ അശക്തതയെ കുറിച്ച് ചോദിച്ചു. അപ്പോൾ പാപങ്ങൾ ഒഴിവാക്കുവാൻ അദ്ദേഹം എനിക്ക് നിർദേശം പറഞ്ഞുതന്നു. ശേഷം, അറിവ് പ്രകാശമാണെന്നും അല്ലാഹുവിന്റെ പ്രകാശം തെറ്റുകാർക്ക് നൽകപ്പെടുകയില്ലെന്നും അദ്ദേഹം എനിക്ക് അറിയിച്ചു തന്നു.’’

അഥവാ, വിശുദ്ധ ക്വുർആൻ പഠിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിനർഥം നമ്മുടെ ജീവിതത്തിൽ വന്നുപോയ അത്യധികമായ തെറ്റുകൾ കാരണം നമ്മുടെ ഹൃദയം കറുത്തുപോയിട്ടുണ്ടെന്നാണ്. തെറ്റുകാർക്ക് അല്ലാഹു അവന്റെ പ്രകാശം കൊടുക്കുകയില്ല. തെറ്റുകളിൽനിന്നും മുക്തരാകുവാൻ പാപമോചനം തന്നെയാണ് പരിഹാരമായുള്ളത്.

9. വിശുദ്ധ ക്വുർആൻ പാരാ യണം ചെയ്യാൻ ഉദ്ദേശിക്കുമ്പോഴെല്ലാം പ്രവാചകന്റെ മാതൃകയെന്നോണം വുദൂഅ് ചെയ്ത് വൃത്തിയായി തയ്യാറാവുക. ക്വുർആൻ പാരായണത്തിന് വുദൂഅ് ചെയ്യൽ ഐച്ഛികമായ പ്രവാചകമാതൃകയാണ്.

10. വിശുദ്ധ ക്വുർആൻ മനഃപാഠമാക്കാൻ കഴിയൽ വലിയ അനുഗ്രഹം തന്നെയാണ്. അനുഗ്രഹങ്ങൾ നൽകിയ രക്ഷിതാവിനോട് നന്ദി പറയൽ അനിവാര്യമാണ്. ചെറിയ സൂക്തങ്ങളാണെങ്കിലും അത് പഠിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനോട് നന്ദി കാണിക്കൽ നമ്മുടെമേൽ ബാധ്യതയാണ്. നന്ദി കാണിക്കുന്നവർക്ക് മാത്രമെ അല്ലാഹു അധികരിപ്പിച്ചു കൊടുക്കുകയുള്ളൂ. അല്ലാഹു പറഞ്ഞു:

“നിങ്ങൾ നന്ദി കാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) വർധിപ്പിച്ചു തരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദർഭം (ശ്രദ്ധേയമത്രെ)’’ (ഇബ്‌റാഹീം: 7).

ഇപ്പറഞ്ഞ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ടതാണ്. അത് ഉണ്ടാക്കിയെടുത്താൽ വിശുദ്ധ ക്വുർആനിലേക്കടുക്കുവാനും അതിന്റെ ആശയങ്ങൾ ഗ്രഹിക്കുവാനും പ്രാവർത്തികമാക്കുവാനും എളുപ്പമാകും.

മനുഷ്യർ കൂടുതൽ വ്യവഹാരങ്ങളിലേക്കും മറ്റു തിരക്കുകളിലേക്കും വ്യാപൃതരായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്വുർആനിന്റെ ആവശ്യക്കാർ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കേവലം റമദാനിൽ മാത്രം വിശുദ്ധ ക്വുർആൻ കൈകൊണ്ട് സ്പർശിക്കുന്നവർ, ബാക്കിയുള്ള മാസങ്ങളിൽ അതിനെ ഒരു പ്രദർശന വസ്തുവായി മാത്രം കാണുന്നവർ, അതുമല്ലെങ്കിൽ കുട്ടികൾക്കും വൃദ്ധന്മാർക്കും മാത്രമുള്ള കേവല പുസ്തകമായി വിശുദ്ധ ക്വുർആനിനെ മനസ്സിലാക്കിയവർ തിരിച്ചറിയണം മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും വലിയ ബലമാണ് വിശുദ്ധ ക്വുർആൻ എന്നത്. അതിനെ പ്രദർശന വസ്തുവാക്കി മാറ്റി ഷെൽഫിൽ വെക്കാതിരിക്കുക. ദിവസവും അത് കൈയിലെടുക്കുക. പാരായണം ചെയ്യുക, പഠിക്കുക, സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുക.