മനുഷ്യ മസ്തിഷ്‌കം

ഡോ. ഷാനവാസ്, ഫ്ലോറിഡ

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

(സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും 9)

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനവും സങ്കീർണവുമായ അവയവമാണ് മസ്തിഷ്‌കം. മനുഷ്യനെ മറ്റു ജീവജാലങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നതിൽ ഈ അവയവം വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.

“അവൻ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവൻ മലക്കുകൾക്ക് കാണിച്ചു. എന്നിട്ടവൻ ആജ്ഞാപിച്ചു: നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഇവയുടെ നാമങ്ങൾ എനിക്ക് പറഞ്ഞുതരൂ’’ (ക്വുർആൻ 2:31).

“നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ’’ (96:3-4).

വളരെ സങ്കീർണവും എന്തിനെയും ബുദ്ധിശക്തികൊണ്ട് തോൽപിക്കാൻ കഴിവുമുള്ള ഒരു മസ്തിഷ്‌കത്തിന് ഉടമയാണെങ്കിലും, തന്നെക്കാൾ നിസ്സാരമായ മറ്റു ജീവികളെക്കാൾ വളരെ ദുർബലനായാണ് മനുഷ്യൻ പിറന്നുവീഴുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണം അവന്റെ മസ്തിഷ്‌കമാണ്. നമ്മുടെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണല്ലോ. എപ്പോഴാണ് നാം നടക്കാനും ഓടാനുമൊക്കെയുള്ള കഴിവുകളും അറിവുകളുമെല്ലാം നേടിയത്? ഒരു നവജാത മനുഷ്യക്കുഞ്ഞിന് കരയുക, മുലപ്പാൽ നുകരുക തുടങ്ങിയ, വളരെ ചുരുക്കം കാര്യങ്ങൾ മാത്രമെ സ്വയം ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ അത് വളരുമ്പോൾ പതിയെ പതിയെ ചെരിയാനും ഇരിക്കാനും നിൽക്കാനുമൊക്കെ പഠിക്കുന്നു. നമ്മുടെ ശരീരഭാഗങ്ങൾ വളരുന്നതിനനുസരിച്ച് നമ്മുടെ മസ്തിഷ്‌കവും വളരുകയും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നതിനാലാണിത്.

മനുഷ്യന്റെ അറിവിന്റെ കാര്യവും ഇപ്രകാരം തന്നെയാണ്. അജ്ഞനായാണ് അവൻ ജനിക്കുന്നത്. ശേഷം സഹജീവികളിൽനിന്നും ഓരോ കാര്യങ്ങൾ പഠിക്കുന്നു. ഒരു കുട്ടി കൂടുതൽ ആളുകളോട് ഇടപഴകിയാണ് വളരുന്നതെങ്കിൽ, അവൻ വേഗത്തിൽ സംസാരിക്കാൻ തുടങ്ങുകയും കൂടുതൽ വസ്തുക്കളുടെ പേരുകൾ പറയുകയും ചെയ്യുന്നു. എന്നാൽ ഒറ്റപ്പെട്ടു വളരുന്ന കുട്ടികൾ സംസാരിച്ചു തുടങ്ങാൻ വൈകുന്നു. മറ്റുള്ളവരിൽനിന്നും പ്രകൃതിയിൽനിന്നും പഠിക്കുകവഴിയാണ് മനുഷ്യൻ അറിവ് നേടുന്നത് എന്നർഥം. ഇതെങ്ങനെയാണ് സാധ്യമാകുന്നതെന്നു നോക്കാം.

ഓരോ വസ്തുവിന്റെയും പേര് നമ്മൾ ആദ്യമായി കേൾക്കുമ്പോൾ തലച്ചോറിന്റെ അസോസിയേഷൻ ഭാഗം അതിനെ സൂക്ഷിച്ചുവയ്ക്കുകയാണ് ചെയ്യുക. പിന്നീട് അതേ വസ്തുവിനെ കാണുമ്പോൾ ആ കേന്ദ്രം നമുക്കത് വീണ്ടും ഓർമയിൽ കൊണ്ടുവരുന്നു.

ഉദാഹരണമായി, നമ്മൾ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഭംഗിയുള്ള ഒരു പക്ഷിയെ കണ്ടാൽ നാം എന്തു പറയും? ‘നല്ല ഭംഗിയുള്ള പക്ഷി’ എന്ന്! അല്ലേ? പിന്നീട് ഒരു മൃഗശാലയിൽവച്ച് നാം അതുപോലുള്ള ഒരു പക്ഷിയെ കാണാനിടയായി. ആ പക്ഷിയുടെ പേര് അവിടെ രേഖപ്പെടുത്തിയത് നാം ശ്രദ്ധിച്ചു. കുറെ കാലങ്ങൾക്കു ശേഷം ആ ഇനത്തിൽ പെട്ട ഒരു പക്ഷിയെ ഒരു വൃക്ഷത്തിന്റെ കൊമ്പിൽവച്ച് കാണുമ്പോൾ ആ പക്ഷിയുടെ പേര് നമ്മുടെ ഓർമയിൽ വരും. ഇത് സാധ്യമാകുന്നത് തലച്ചോറിന്റെ അസോസിയേഷൻ ഭാഗത്തിന്റെ സഹായത്തോടെയാണ്.

ഇപ്രകാരം പേരുകൾ ഓർക്കാൻ മാത്രമല്ല, നമ്മൾ പഠിച്ച പ്രവൃത്തികൾക്കും (motor association area), കാഴ്ചകൾക്കും (visual association area), കേൾവികൾക്കും (auditory association area), സ്പർശനത്തിനും (sensory association area) എല്ലാം അസോസിയേഷൻ ഭാഗങ്ങൾ ഉണ്ട്.

“നിസ്സംശയം, അവൻ വിരമിച്ചിട്ടില്ലെങ്കൽ നാം ആ കുടുമ പിടിച്ചു വലിക്കുകതന്നെ ചെയ്യും. കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ’’ (96:15,16).

തലയുടെ ഏറ്റവും മുൻഭാഗത്തെയാണ് കുടുമ എന്നു പറയാറ്. മേൽപറഞ്ഞ വചനത്തിൽ പാപം ചെയ്യുന്ന, കള്ളം പറയുന്ന ഒന്നായിട്ടാണ് കുടുമയെ വിശേഷിപ്പിച്ചത്.

നമ്മുടെ മസ്തിഷ്‌കത്തെ പ്രധാനമായും നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവ ഫ്രണ്ടൽ (frontal), പരൈറ്റൽ (Parietal), ടെമ്പറൽ (temporal), ഓക്‌സിപ്പിറ്റൽ (occipital), ഭാഗങ്ങൾ (lobes)എന്നിവയാണ്.

ഇവയിൽ ഓരോ ഭാഗത്തിനും പ്രത്യേകം പ്രത്യേകം ജോലികൾ ഉണ്ട്. ഉദാഹരണത്തിന്, ഓക്‌സിപ്പിറ്റൽ ഭാഗം കാഴ്ചയെ നിയന്ത്രിക്കുന്നു.

ഇവയിൽ മസ്തിഷ്‌കത്തിന്റെ മുൻഭാഗത്ത് കാണുന്ന ഭാഗത്തെയാണ് ഫ്രണ്ടൽ ഭാഗം (frontal lobe) എന്നു പറയുന്നത്. ഈ ഭാഗത്തെ അവയുടെ ജോലിക്കനുസരിച്ച് വീണ്ടും പലഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയിൽ മസ്തിഷ്‌കത്തിന്റെ ഏറ്റവും മുൻഭാഗത്തെ പ്രീ ഫ്രണ്ടൽ കോർട്ടേക്‌സ് (pre -frontal cortex) എന്നു വിളിക്കുന്നു. ഈ ഭാഗമാണ് ഓരോ വ്യക്തിയുടെയും പൊതു സ്വഭാവത്തെ (social behavior) നിയന്ത്രിക്കുന്നത്. അതായത് നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്.

നമ്മുടെ ഓരോരുത്തരുടെയും സ്വഭാവം വ്യത്യസ്തമാണല്ലോ. ചിലയാളുകൾ സ്ത്രീകളോട് മാന്യമായി പെരുമാറുന്നു. മറ്റു ചിലർ അവരെ ഉപദ്രവിക്കുന്നു. ഒരു മനുഷ്യന് ഒരേ വിഷയത്തിൽ മേൽപറഞ്ഞ പോലെ ഏതു രീതിയിൽ ഉള്ളവനായും മാറാൻ കഴിയും. ചിലയാളുകൾക്ക് പണം വീണുകിട്ടിയാ

ൽ വിശ്വസ്തതയോടെ ഉടമസ്ഥനെ കണ്ടത്തി ഏൽപിക്കുന്നു. ചിലർ അന്യന്റെ പണം അപഹരിക്കുന്നു. മറ്റുചിലർ പണത്തിനു വേണ്ടി ആളുകളെ കൊല്ലുന്നു. ഇങ്ങനെ വ്യത്യസ്ത സ്വഭാവമുള്ളവരാകുന്നതിൽ പ്രീ ഫണ്ടൽ കോർട്ടേക്‌സ് സുപ്രധാന പങ്ക് വഹിക്കുന്നു.

ശാസ്ത്രീയമായ പല പഠനങ്ങളിലും, കുറ്റവാളികളിൽ മസ്തിഷ്‌കത്തിന്റെ ഈ ഭാഗം കൂടുതൽ പ്രവർത്തനസജ്ജമായി കാണപ്പെട്ടിട്ടുണ്ട്. തലച്ചോറിന്റെ ഈ ഭാഗത്ത് പക്ഷാഘാതം (stroke) പിടിപെടുന്ന ആളുകളിലും അപകടം മൂലം ഈ ഭാഗത്തിന് മുറിവുകൾ സംഭവിക്കുന്നവരിലും അവരുടെ സ്വഭാവത്തിൽ (Social behaviour) സാരമായ മാറ്റങ്ങൾ വരുന്നതായും കാണപ്പെട്ടിട്ടുണ്ട്.