ദിക്‌റിന്റെ വഴിയിലെ തടസ്സങ്ങൾ

ശമീർ മദീനി

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

ദിക്‌റിന്റെ പ്രധാന്യവും മഹത്ത്വങ്ങളും അതിലൂടെ കിട്ടാവുന്ന നേട്ടങ്ങളുമൊക്കെ അനവധിയുണ്ടെന്ന് നമുക്കറിയാമെങ്കിലും കൃത്യവും നിത്യവുമായി ദിക്‌റുകൾ നമ്മുടെ ഒരു ശീലമാക്കി മാറ്റുന്നിടത്ത് പലവിധ തടസ്സങ്ങളും നേരിടേണ്ടിവരാറുണ്ട്. ബോധപൂർവം, കുറച്ചൊരു ത്യാഗമനഃസ്ഥിതിയോടെ അത്തരം പ്രതിബന്ധങ്ങളെ നമുക്ക് മറികടക്കാൻ സാധിക്കണം. അല്ലാഹു തൗഫീക്വ് ചെയ്യട്ടെ!

പിശാചിന്റെ ഇടപെടൽ

അല്ലാഹുവിനെ സ്മരിക്കുന്നതിൽനിന്ന് തടയാൻ പലരൂപത്തിൽ പിശാച് പരിശ്രമിക്കുമെന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നു. മദ്യവും ചൂതാട്ടവും മുഖേന നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓർമിക്കുന്നതിൽനിന്നും തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നതെന്ന് ക്വുർആൻ ഓർമിപ്പിക്കുന്നു:

“പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓർമിക്കുന്നതിൽനിന്നും നമസ്‌കാരത്തിൽനിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ (അവയിൽനിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?’’ (5:91).

നമസ്‌കരിക്കാൻ നിൽക്കുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന് പലതും ഓർമിപ്പിച്ച് നമസ്‌കാരത്തിന്റെ കാതലായ ദിക്‌റിൽനിന്ന് പിശാച് ശ്രദ്ധതിരിക്കാൻ പരിശ്രമിക്കുമെന്ന് സ്വഹീഹായ ഹദീസുകളിൽ കാണാം. നമസ്‌കാര ശേഷം ദിക്ർ ചൊല്ലാനായി ഇരിക്കുന്നയാളെ പിശാച് അതിൽനിന്ന് പലവിധത്തിലും പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്നതും നബി ﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു, നബി ﷺ പറഞ്ഞു: “രണ്ട് കാര്യങ്ങൾ, ഏതൊരു സത്യവിശ്വാസി അവ ശ്രദ്ധിക്കിന്നുവോ സ്വർഗ പ്രവേശനം അയാൾക്ക് എളുപ്പമാകും. അവ ലളിതമാണെങ്കിലും ചെയ്യുന്നവർ വിരളമാണ്. ഓരോ നമസ്‌കാര ശേഷവും പത്ത് തവണവീതം ‘സുബ്ഹാനല്ലാഹ്,’ ‘അൽഹംദുലില്ലാഹ്’, ‘അല്ലാഹു അക്ബർ’ എന്ന് പറയുക. അത് നാവിൽ 150 ആണെങ്കിലും മീസാനിൽ 1500 ആണ്. അപ്രകാരം തന്നെ ഉറങ്ങാൻ കിടക്കുമ്പോൾ 34 പ്രാവശ്യം ‘അല്ലാഹു അക്ബർ’ എന്നും 33 പ്രാവശ്യം ‘അൽഹംദുലില്ലാഹ്’ എന്നും 33 പ്രാവശ്യം ‘സുബ്ഹാനല്ലാഹ്’ എന്നും പറയുക. അത് നാവിൽ 100 ആണെങ്കിലും മീസാനിൽ 1000മാണ്.’’ നബി ﷺ അവ എണ്ണം പിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സ്വഹാബത്ത് ചോദിച്ചു: ‘എങ്ങനെയാണ് റസൂലേ, അവ ലളിതവും പ്രവർത്തിക്കുന്നവർ വിരളവും എന്ന് പറഞ്ഞത്?’ നബി ﷺ പറഞ്ഞു: ‘(ഉറങ്ങാൻ കിടക്കുമ്പോൾ) നിങ്ങൾ അത് പറയേണ്ട സമയത്ത്, അത് പറയുന്നതിന് മുമ്പായി പിശാച് വന്ന് നിങ്ങളെ ഉറക്കിക്കളയും. അപ്രകാരംതന്നെ നമസ്‌കാര സമയത്തും അത് ചൊല്ലുന്നതിന് മുമ്പായി പിശാച് ഓരോ ആവശ്യങ്ങൾ നിങ്ങളെ ഓർപ്പിച്ചുകൊണ്ട് അതിൽനിന്ന് നിങ്ങളെ തടയും’’ (അബൂദാവൂദ്, തിർമുദി, നസാഈ, ഇബ്‌നു ഹിബ്ബാൻ).

ഇബ്‌നു ഹിബ്ബാന്റെ റിപ്പോർട്ടിൽ ഇത്ര കൂടിയുണ്ട്: “നബി ﷺ പറഞ്ഞു: അത് മീസാനിൽ 1500 ആണ്. നിങ്ങളിൽ ആരാണ് ഒരു ദിവസം 2500 തിൻമകൾ പ്രവർത്തിക്കുന്നത്?’’

അബദ്ധത്തിൽ ചെയ്തുപോകുന്ന തിന്മയെക്കാൾ ഇത്തരം ദിക്‌റുകളിലൂടെ പുണ്യം നേടാനും അവയെ മറികടക്കാനും കഴിയുമെന്ന് സാരം. പക്ഷേ, പിശാച് അതിനു മുന്നിൽ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. അതിനാൽ പിശാചിനെ ആട്ടിയകറ്റാനും നമുക്ക് സുരക്ഷയുറപ്പിക്കാനും പറ്റുന്ന ദുആകൾ, ദിക്‌റുകൾ, ക്വുർആൻ പാരായണം തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ നാം പ്രത്യേകം ശ്രദ്ധിക്കുകയും അവ ശീലമാക്കുകയും ചെയ്യണം.

ഭൗതിക വിഭവങ്ങളോടുള്ള അമിത താൽപര്യം

ചിലപ്പോൾ ദിക്‌റുകൾ അടക്കമുള്ള ആരാധനകൾക്ക് തടസ്സം ഇഹലോകത്തിലെ നമ്മുടെ ഇടപാടുകളും ക്രയവിക്രയങ്ങളുമായിരിക്കും. സത്യത്തിൽ അവയൊന്നും അതിന് തടസ്സമായിക്കൂടാ. നമുക്ക് ഈ സൗകര്യങ്ങൾ നൽകിയതും അവയൊക്കെ സുഗമമായി നടക്കുന്നതും റബ്ബിന്റെ ഔദാര്യം കൊണ്ടാണെന്നും ആ റബ്ബ് വിചാരിച്ചാൽ ഇവയെല്ലാം ഏത് നിമിഷവും തകിടം മറിയും എന്നുമുള്ള ചിന്ത നമ്മുടെ മനസ്സിൽ സജീവമായാൽ ഇബാദതുകൾക്കൊന്നും അത് യാതൊരു തടസ്സവുമാവുകയില്ല. ആരാധനകൾതന്നെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിർത്താൻ വേണ്ടിയാണ് എന്നാണല്ലോ നബി ﷺ പഠിപ്പിച്ചത്. അല്ലാഹു വിശ്വാസികളെ ഓർമിപ്പിക്കുന്നത്കാണുക:

“സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിൽ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർ തന്നെയാണ് നഷ്ടക്കാർ’’(63:9).

ദേഹേച്ഛകൾ

പടച്ചവനെക്കുറിച്ചുള്ള സ്മരണയിൽനിന്ന് മനുഷ്യനെ തടയുന്ന മറ്റൊന്ന് ദേഹേച്ഛയാണ്. കളിയും വിനോദങ്ങളും മറ്റു സുഖാസ്വാദനങ്ങളുമൊക്കെ ഒരു ഭാഗത്തുനിന്ന് നമ്മെ മാടിവിളിക്കുമ്പോൾ അതിനെക്കാളേറെ മികച്ചതും ഗുണകരമായിട്ടുള്ളതും റബ്ബ് വിളിക്കുന്നിടത്താണ് എന്ന് തിരിച്ചറിയാൻ സാധിക്കണം. അതിനു ശേഷം മാത്രം മതി റബ്ബ് വിലക്കാത്ത കളിയും വിനോദങ്ങളും എന്ന് തീരുമാനിക്കാൻ കഴിയുന്നെങ്കിൽ മാത്രമാണ് വിജയപാതയിൽ നമുക്ക് പാദമുറപ്പിക്കാൻ സാധിക്കുക. അല്ലാഹുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക:

“സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം; നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ. അങ്ങനെ നമസ്‌കാരം നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. അവർ ഒരു കച്ചവടമോ വിനോദമോ കണ്ടാൽ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനിൽപിൽ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു’’ (62: 9-11).

അഹങ്കാരത്തോടെ അത്തരം ദേഹേച്ഛകളുടെ പിന്നാലെ പോകുന്നവരെ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് ക്വുർആൻ ഓർമിപ്പിക്കുന്നത് ഇതാണ്:

“യാതൊരു അറിവുമില്ലാതെ ദൈവമാർഗത്തിൽനിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്. അത്തരം ഒരാൾക്ക് നമ്മുടെ വചനങ്ങൾ ഓതിക്കേൾപിക്കപ്പെടുകയാണെങ്കിൽ അവൻ അഹങ്കരിച്ചുകൊണ്ട് തിരിഞ്ഞുകളയുന്നതാണ്. അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാൽ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്തയറിയിക്കുക’’ (31:6,7)

മറവി

നൻമകളെ മറന്നുപോകുന്നത് വലിയ ദുരന്തമാണ്. അതിനെയോർത്ത് പിന്നീട് ഖേദിക്കുകയും സങ്കടപ്പെടുകയുമൊക്കെ ചെയ്യേണ്ടിവരാറുണ്ട്. നമ്മുടെ മനസ്സിൽ ഒരു കാര്യത്തിന് എത്രകണ്ട് മുന്തിയ സ്ഥാനവും പരിഗണനയും ഉണ്ടോ അതനുസരിച്ചായിരിക്കും അതിനെക്കുറിച്ചുള്ള ശ്രദ്ധയും ഓർമയും സജീവമാവുക. അതിനാൽ ദിക്‌റിന്റെ മഹത്ത്വങ്ങളും അതിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളും ശരിയായ വിധത്തിൽ മനസ്സിനെ ബോധ്യപ്പെടുത്തുക. എങ്കിൽ ഒരു പരിധിവരെ ദിക്‌റുകൾ മറക്കാതിരിക്കാൻ കഴിയും. അത്തരം ആളുകളെ കീഴ്‌പ്പെടുത്താൻ പിശാചിന് പ്രയാസമായിരിക്കും. പൈശാചികതകൾക്ക് വശംവദരായി നിന്ന് കൊടുക്കുമ്പോൾ പിശാചുക്കൾ നമ്മുടെ മനസ്സിലും മസ്തിഷ്‌കത്തിലും കൂട് കെട്ടി മുട്ടയിട്ട് അടയിരിക്കും. അത് വലിയ നഷ്ടവും പരാജയവുമായിരിക്കും സമ്മാനിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലോ.

അതിനാൽ അത്തരം മറവിയിൽനിന്നും അതുവഴിയുണ്ടാകുന്ന ദുരന്തങ്ങളിൽനിന്നും റബ്ബിനോട് രക്ഷതേടുക. നൻമയ്ക്ക് പ്രേരണയും പ്രചോദനവുമാകുന്ന സദ്‌വൃത്തരുമായി ചങ്ങാത്തം കൂടുവാനും സമയം ചെലവഴിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹു പറയുന്നു:

“പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉൽബോധനം അവർക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്റെ കക്ഷി. അറിയുക; തീർച്ചയായും പിശാചിന്റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാർ’’ (58:19).

എല്ലാറ്റിനുമുപരി ഏത് നൻമയ്ക്കും അത്യന്തികമായി നമുക്ക് വേണ്ടത് റബ്ബിന്റെ സഹായവും തൗഫീക്വുമാണ്. അതിനാൽ നിരന്തരമായി അല്ലാഹുവിനോട് അതിന് വേണ്ടി ചോദിച്ചുകൊണ്ടിരിക്കുക. നബി ﷺ യുടെ ഉപദേശവും അതാണ്.

മുആദ്(റ) പറയുന്നു: “നബി ﷺ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: ‘മുആദേ, അല്ലാഹുവാണെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു. മുആദേ, ഞാൻ നിന്നോട് വസ്വിയ്യത്ത് ചെയ്യുന്നു; ഒരു നമസ്‌കാരശേഷവും ഇപ്രകാരം പറയാൻ നീ വിട്ടുപോകരുത്: ‘അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി കാണിക്കുവാനും നിനക്ക് നല്ലരൂപത്തിൽ ആരാധനകളനുഷ്ഠിക്കുവാനും നീ എന്നെ സഹായിക്കേണമേ. (അബാദൂവൂദ്, നസാഈ, അഹ്‌മദ്).