ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ - 3

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 36)

ന്യൂനപക്ഷാവകാശങ്ങൾക്ക് ദുർവ്യാഖ്യാനം!

സുപ്രീംകോടതിയിൽനിന്നും വന്നിട്ടുള്ള നിരവധി വിധികളിൽനിന്നുള്ള ചില വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടകയുടെ ശിരോവസ്ത്ര നിരോധനത്തെ ശരി വെക്കാൻ ശ്രമിച്ചത്. കേശവാനന്ദ ഭാരതി, ഇന്ദിരാഗാന്ധി-രാജ്നാരായണൻ, സിയാവുദ്ദീൻ ബുഖാരി, എസ്.ആർ.ബൊമ്മെ, സന്തോഷ്‌കുമാർ-എം.എച്ച്.ആർ.ഡി, അരുണാ റോയ് എന്നിങ്ങനെ നിരവധി കേസുകളാണ് അദ്ദേഹം ഉദ്ധരിച്ചത്. ഇതെല്ലം കേൾക്കുമ്പോൾ സ്വാഭാവികമായും ഇത്രയധികം കേസുകളിൽ മതന്യൂനപക്ഷങ്ങളുടെ അടയാളങ്ങൾ വ്യക്തമാക്കുന്ന വിധത്തിൽ പൊതുയിടങ്ങളിൽ പ്രവേശിക്കുന്നത് സുപ്രീംകോടതി വിലക്കിയിരിക്കുന്നു എന്നാണ് തോന്നുക. എന്നാൽ കോടതി ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി വിധിച്ച വിധികളാണിവയെല്ലാം. അവയിൽ വന്നിട്ടുള്ള ചില പരാമർശങ്ങൾക്ക് പുതുവ്യാഖ്യാനങ്ങൾ നൽകാനാണ് ഗുപ്ത ശ്രമിച്ചിട്ടുള്ളത്.

ടി.എം.എ പൈ ഫൗണ്ടേഷൻ കേസ്

മുകളിൽ സൂചിപ്പിച്ച കേസുകൾക്ക് ശേഷം അദ്ദേഹം ഉദ്ധരിച്ച കേസാണ് ടി.എം.എ പൈ ഫൗണ്ടേഷൻ/സ്റ്റേറ്റ് ഓഫ് കർണാടക കേസ്.  ഹേമന്ദ് ഗുപ്ത പറയുന്നു: “ടി.എം.എ.പൈ ഫൗണ്ടേഷൻ കേസിൽ നിന്ന് വ്യക്തമാകുന്നത്, മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ നിർമിക്കുന്നതിൽ ഭരണകൂടത്തെ തടയാൻ സാധിക്കില്ല എന്നാണ്. ആർട്ടിക്കിൾ 25(2)(എ) പ്രകാരം ഇത് അനുവദനീയമാണ്.’’

ടി.എം.എ പൈ കേസ് എന്തായിരുന്നു എന്ന് വ്യക്തമാകുമ്പോൾ ഹേമന്ദ് ഗുപ്ത നൽകുന്ന വ്യാഖ്യാനത്തിന്റെ പൊള്ളത്തരം ബോധ്യപ്പെടും. 1942ൽ ഡോ.ടി.എം.എ പൈ മണിപ്പാലിൽ സ്ഥാപിച്ച വിദ്യാഭ്യാസ സമുച്ചയമാണ് ‘അക്കാദമി ഓഫ് ജനറൽ എഡ്യുക്കേഷൻ.’ സർക്കാർഫണ്ട് ഇല്ലാതെ തീർത്തും സ്വാശ്രയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് അവ. ഫീസിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കർണാടക ഗവർണർ 1984ൽ ‘കർണാടക എഡ്യുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻസ് ഓർഡിനൻസ്’ കൊണ്ടുവന്നു. വിദ്യാർഥികളുടെ മൊത്തം അഡ്മിഷൻ എത്രയാവാം എന്ന് നിശ്ചയിക്കുകയും അതിൽ ഒരു നിശ്ചിത ശതമാനം സീറ്റുകൾ സർക്കാർ സീറ്റുകളായി ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനയുടെ അനുച്ഛേദം 30 നൽകുന്ന അവകാശത്തിന്മേൽ സ്ഥാപിതമായ ഒരു സ്വാശ്രയ സ്ഥാപനത്തിൽ സർക്കാറിന് കടന്നുകയറാൻ അവകാശമില്ല എന്നായിരുന്നു കോളേജുകാരുടെ വാദം. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രസ്തുത സ്ഥാപനങ്ങളുടെമേൽ പൂർണ സ്വയംഭരണാവകാശം ഉണ്ടെന്നും അനുച്ഛേദം 30 അത് നൽകിയിട്ടുണ്ട് എന്നുമായിരുന്നു ടി.എം.എ പൈ ഫൗണ്ടേഷന്റെ വാദം. എന്നാൽ സ്ഥാപനങ്ങൾക്ക് ഭരണഘടന നൽകിയ അവകാശം നിരുപാധികം (absolute) അല്ലെന്നും അവ ഉപാധികൾക്ക് വിധേയമാണ് എന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം.

ഒരു വിദ്യാഭ്യാസ സ്ഥാപനം കച്ചവട താൽപര്യത്തോടെ പ്രവർത്തിക്കുകയും വളരെ പാവപ്പെട്ടവരിൽ നിന്നും ക്രമാതീതമായ ഫീസ് വാങ്ങുകയും ചെയ്യുന്നതിനെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഈ ശ്രമം അക്രമത്തെ തടയുവാനും അഴിമതികളെ ഇല്ലാതാക്കുവാനും വേണ്ടിയാണ്. ന്യൂനപക്ഷാവകാശ ങ്ങളുടെ പേരിൽ ചൂഷണവും അഴിമതിയും പാടില്ല എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അനുച്ഛേദം 30 പറയുന്നത് ഇങ്ങനെയാണ്: ‘മതത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്വാതന്ത്ര്യമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്.’ എന്നാൽ ടി.എം.എ പൈ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത് അനുച്ഛേദം 30 അനുസരിച്ചല്ല; മറിച്ച് അനുച്ഛേദം 25(2)എ അനുസരിച്ചാണ്. ‘മതാചാരണവുമായി ബന്ധപ്പെടുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതൊരു പ്രവർത്തനത്തെയോ അല്ലെങ്കിൽ മതേതരമായ പ്രവർത്തനങ്ങളെയോ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമങ്ങളുണ്ടാക്കുവാൻ ഭരണകൂടത്തിന് അനുച്ഛേദം 25 ഒരു തടസ്സമല്ല’ എന്നാണ് 25(2)എ പറയുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണെങ്കിലും ഫീസ് പോലുള്ള ധനപരമായ വിഷയങ്ങളിൽ ഭരണകൂടത്തിന് ഇടപെടാമെന്നാണ് കോടതി പറഞ്ഞത്.

ഒരു സ്ഥാപനത്തിന്റെ ധനപരമായ വിഷയങ്ങളിലുള്ള പക്ഷപാതിത്വങ്ങളിലും അഴിമതികളിലും സർക്കാറിന് ഇടപെടാമെന്ന് പറഞ്ഞതിനെ എങ്ങനെയാണ് ശിരോവസ്ത്രവുമായി ബന്ധിപ്പിക്കുവാൻ സാധിക്കുക? ശിരോവസ്ത്രം വ്യക്തിയുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ടി.എം.എ പൈ ഫൗണ്ടേഷൻ കേസ് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്. ഏതൊരു വ്യക്തിയോ സ്ഥാപനമോ ക്രമരഹിതമായി പെരുമാറുമ്പോൾ അതിൽ ഭരണകൂടത്തിന് ഇടപെടാം. ഒരു സ്ഥാപനം ധനചൂഷണം നടത്തുകയാണെങ്കിൽ അപ്പോൾ അതിൽ സർക്കാറിന് ഇടപെടാമെന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഒരു വ്യക്തി ശിരോവസ്ത്രം ഉപയോഗിക്കുമ്പോൾ അവിടെ മറ്റൊരു വ്യക്തിയുടെ മേലോ സമൂഹത്തിന് മേലോ യാതൊരു തരത്തിലുമുള്ള ചൂഷണമോ അക്രമമോ സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ സർക്കാറിന് അവിടെ ഇടപെടാനുള്ള യാതൊരു അവസരവും ഉണ്ടാകുന്നില്ല.

സർക്കാർ ഉത്തരവും ന്യായീകരണങ്ങളും

ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെ ന്യായീകരിക്കാൻ ഹേമന്ദ് ഗുപ്ത കണ്ടെത്തിയ കാരണങ്ങൾ അതിശയിപ്പിക്കുന്നതാണ്. വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ കഴിവുകൾ വളർത്തിയെടുക്കുക, മതേതരവും ശാസ്ത്രീയവുമായ കാഴ്ചപാടുകൾ വികസിപ്പിക്കുക, വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനത്തിന് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനം കൽപിക്കാതിരിക്കുക തുടങ്ങിയ വളരെ മഹത്ത്വമേറിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത് എന്നാണ് അദ്ദേഹം പറയുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തെ ഒഴിവാക്കുന്ന ഒരു പരാമർശവും അതിലില്ല എന്നും ശിരോവസ്ത്രം നിരോധിച്ചു എന്ന് ഉത്തരവ് പറയുന്നില്ല എന്നും അതുകൊണ്ടുതന്നെ മതനിരപേക്ഷതയെയും ജനാധിപത്യ മൂല്യങ്ങളെയുമാണ് അത് ഉയർത്തിപ്പിടിക്കുന്നതെന്നുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഉത്തരവുമായി ബന്ധപ്പെട്ട അതിന്റെ കാലക്രമവും ചരിത്രവുമെല്ലാം അദ്ദേഹം സവിസ്തരം വിധിന്യായത്തിൽ വിശദീകരിക്കുന്നുണ്ട്.

ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയോ അല്ലെങ്കിൽ ആരും കാണാതിരിക്കാൻ ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണിൽ പൂഴ്ത്തുകയോ ചെയ്യുന്ന നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഉത്തരവിൽ ശിരോവസ്ത്രം നിരോധിച്ചു എന്ന് പറയുന്നില്ല എന്ന വാദം എത്രമാത്രം ബാലിശമാണ്. പൗരത്വ ഭേദഗതി ബില്ലിന്മേൽ ലോകസഭയിൽ നടന്ന ചർച്ചയിൽ അമിത്ഷാ പറഞ്ഞ അതേ ന്യായം! പൗരത്വ ബില്ലിൽ മുസ്‌ലിംകളെ ഒഴിവാക്കി എന്ന പരാമർശമില്ല എന്നായിരുന്നു അമിത്ഷാ പറഞ്ഞത്. സ്‌കൂൾ നിശ്ചയിക്കുന്ന യൂണിഫോം ആയിരിക്കണം ധരിക്കേണ്ടത് എന്ന് ഉത്തരവിൽ പറഞ്ഞതുകൊണ്ടാണല്ലോ സ്‌കൂൾ അധികൃതർ ശിരോവസ്ത്രം ധരിച്ചു വന്ന കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രവേശിപ്പിക്കാതിരുന്നതും അവരെ കവാടങ്ങളിൽ തടഞ്ഞതും. ശിരോവസ്ത്രം നിരോധിച്ചു എന്ന പരാമർശം ഉത്തരവിൽ ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് അതുവരെ ശിരോവസ്ത്രം ധരിച്ചുവന്ന കുട്ടികൾക്ക് മേൽ നടപടിയുണ്ടായത്? കർണാടക വിദ്യാഭ്യാസ ആക്റ്റ് മുമ്പും ഉണ്ടായിരുന്നു. അന്ന് മുസ്‌ലിം പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചായിരുന്നു സ്‌കൂളുകളിൽ വന്നിരുന്നത്. മുമ്പുണ്ടായിരുന്ന ആക്റ്റ് ഉപയോഗിച്ച് ഉണ്ടാക്കിയ പുതിയ ഉത്തരവിന്റെ പിന്നിൽ ശിരോവസ്ത്ര നിരോധനവും അതുവഴി വർഗീയ ധ്രുവീകരണവുമാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ അധികബുദ്ധിയുടെ ആവശ്യമില്ല.

(തുടരും)